പൊതു സ്വീകാര്യമായ രാഷ്ട്രം ഞങ്ങളുടെ ലക്ഷ്യം
തുനീഷ്യയില്‍ 'അന്നഹ്ദ' ഗവണ്‍മെന്റ് രൂപീകരിച്ച് മാസങ്ങള്‍ പിന്നിട്ടു. സെക്യുലറിസ്റ്റുകളെയടക്കം കൂട്ടുപിടിച്ചുള്ള ഭരണം എങ്ങനെ മുന്നോട്ടു പോകുന്നു?
വിപ്ലവാനന്തര രാഷ്ട്രരൂപീകരണത്തിന്റെ പാതയിലാണ് ഞങ്ങളിപ്പോള്‍. വിപ്ലവം നയിച്ചവര്‍ ഭരണാധികാരികളായി മാറുന്ന ഘട്ടമാണിത്. തുടര്‍ചലനങ്ങളുണ്ടായിക്കൊണ്ടിരിക്കുന്ന ഭൂകമ്പം പോലെയാണ് വിപ്ലവം. തെരുവുകളിലും മറ്റും കണ്ടുകൊണ്ടിരിക്കുന്ന ചെറിയ പ്രതിഷേധങ്ങളെ അങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്. ഭയത്തില്‍ ജീവിച്ചിരുന്ന രാജ്യമായിരുന്നു തുനീഷ്യ. ശക്തമായ പോലീസ്‌രാജായിരുന്നു അതിനെ ഭരിച്ചിരുന്നത്. ജനകീയവിപ്ലവം ഭയം ഇല്ലാതാക്കി. ഇന്നാരും പോലീസിനെ ഭയപ്പെടുന്നില്ല എന്നു മാത്രമല്ല, പോലീസ് ജനങ്ങളെ പേടിക്കുന്ന അവസ്ഥയാണുള്ളത്. പൗരസ്വാതന്ത്ര്യമുള്ള രാജ്യമാണ് എല്ലാവരും തേടുന്നത്. ഖിലാഫത്തുറാശിദക്കു ശേഷം മുസ്‌ലിംകളുടെ സ്വാതന്ത്ര്യ, ജനാധിപത്യ അനുഭവങ്ങള്‍ വളരെ നേര്‍ത്തതാണ്. അധികാരഹുങ്കില്‍ നിലനിന്നിരുന്ന ഭരണകൂടങ്ങളെ 'ഉപദ്രവിക്കാന്‍ ശക്തിയുള്ളവനെ അനുസരിക്കുക' എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകരിച്ച് പോരുകയായിരുന്നു നാം. ജനങ്ങളുടെ തൃപ്തിയും സ്വീകാര്യതയുമുള്ള രാഷ്ട്രമാണ് ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്.
രാഷ്ട്ര പുനര്‍നിര്‍മാണത്തിന് സമയമെടുക്കും. അതിന് ത്യാഗവും ക്ഷമയും അനിവാര്യമാണ്. ഫ്രഞ്ച്‌വിപ്ലവം കഴിഞ്ഞ് 100 വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ് ഫ്രാന്‍സ് ഇന്ന് നാം കാണുന്ന അവസ്ഥയിലെത്തിയത്. മുന്‍ വിപ്ലവങ്ങളുടെ ചരിത്രവും അങ്ങനെത്തന്നെ. ഫ്രാന്‍സില്‍ രാജവ്യവസ്ഥ മാറിയശേഷവും രാജഭരണം നിലനിന്നു, പിന്നീട് ഏകാധിപത്യവും. ഫ്രാന്‍സ് ഇന്നത്തെ അവസ്ഥയിലെത്തുന്നത് 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ മാത്രമാണ്. ഇത്രയും സുദീര്‍ഘമായ കാലം തനീഷ്യക്കും വേണ്ടി വരും എന്നു കരുതുന്നില്ല. കാരണം, കാലം പുരോഗമിച്ചു, ജനങ്ങളുടെ ജനാധിപത്യബോധം വളര്‍ന്നു. ജനാധിപത്യ മാതൃകകള്‍ ഇന്ന് എവിടെയും ലഭ്യമാണ്. അമേരിക്കക്കാരുടെയും ഫ്രഞ്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും പോലെ മുന്‍മാതൃകയില്ലാതെയല്ല നാം പ്രവര്‍ത്തിക്കുന്നത്. പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണ് നാമിപ്പോള്‍. ഒരു വര്‍ഷത്തിലധികമത് നീണ്ടുപോവുകയില്ല എന്ന് പ്രത്യാശിക്കാം. അടുത്ത മാര്‍ച്ചോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ.
കൃത്യമായ പ്രവര്‍ത്തന പരിപാടികളോടെ പുതിയ ഘട്ടത്തിലേക്ക് ശാന്തമായി മുന്നേറുകയാണ് ഞങ്ങള്‍. പുതിയ ഭരണകൂടം സാമ്പത്തിക, സാമൂഹിക മേഖലകളിലേക്കാവശ്യമായ പരിപാടികള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. അതിന്റെ പ്രതിഫലനമെന്നോണം ടൂറിസം, നിക്ഷേപം, കയറ്റുമതി തുടങ്ങിയ മേഖലകളില്‍ പുത്തനുണര്‍വ് പ്രകടമാണ്. കഴിഞ്ഞ കാലഘട്ടത്തിന്റെ പരാധീനതകള്‍ മൂലം വിപ്ലവത്തിന്റെ ആദ്യ വര്‍ഷം തൊഴിലില്ലായ്മയും സാമ്പത്തികഭാരങ്ങളും വര്‍ധിച്ചു. വളര്‍ച്ചയുടെ പാതയിലേക്ക് ശാന്തമായി സഞ്ചരിക്കാന്‍ പുതിയ ഭരണകൂടത്തിന് അവസരം നല്‍കണം.
തുടക്കത്തിലുള്ള അസ്വാസ്ഥ്യങ്ങള്‍ക്കിടയിലും താങ്കള്‍ ഭാവിയെകുറിച്ച് വളരെ ശുഭപ്രതീക്ഷയിലാണെന്നാണ് താങ്കളുടെ സംസാരം വ്യക്തമാക്കുന്നത്. പ്രതീക്ഷക്ക് ഭംഗം വരുത്തുന്ന വല്ലതും ഇപ്പോഴത്തെ ചലനങ്ങളിലുണ്ടോ?
ഇലക്ഷനില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാത്തവരും തീരെ മോശം പ്രകടനം കാഴ്ചവെച്ചവരും തങ്ങളുടെ ദൗര്‍ബല്യം തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അവര്‍ അംഗീകരിച്ചെങ്കിലും ഭരണചക്രത്തെ പിറകോട്ടു വലിക്കാന്‍ ശ്രമിക്കുകയാണവര്‍. പഴയ വ്യവസ്ഥയുടെ ആളുകളാണ് നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കുന്നത്. വിപ്ലവത്തെയും വിപ്ലവാനന്തരം നിലവില്‍വന്ന ജനാധിപത്യ ഭരണകൂടത്തെയും അവര്‍ മറക്കുന്നു. ഇത്തരം ചലനങ്ങളെ നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് കഴിയുമെങ്കിലും വിമര്‍ശനങ്ങളെ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇവിടെയാണ് പഴയ ഏകാധിപത്യ വ്യവസ്ഥയും നിലവിലെ ജനാധിപത്യ സംവിധാനവും തമ്മിലുള്ള വ്യത്യാസം. ഈയിടെ ആഭ്യന്തരമന്ത്രിയുടെ നിരോധമുണ്ടായിട്ടും ബൂറഖീബ തെരുവില്‍ പ്രതിഷേധ പ്രകടനം നടക്കുകയുണ്ടായി. ബിന്‍ അലിയുടെ കാലത്തായിരുന്നെങ്കില്‍ എത്രയോ പേരുടെ ജീവന്‍ നഷ്ടപ്പെടാനും കുറെപേര്‍ ജയിലിലകപ്പെടാനും ഇതു തന്നെ ധാരാളം. ഒരാള്‍ക്ക് പോലും ഒരു പോറലും ഏല്‍ക്കാതെയാണ് ആ പ്രകടനം അവസാനിച്ചത്. ജനാധിപത്യ സംവിധാനത്തിന്റെ അനുഭവം കുറഞ്ഞ ഞങ്ങള്‍ക്ക് പുതിയ സംവിധാനത്തെ നല്ലനിലയില്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ രണ്ടാം വര്‍ഷത്തിലാണ് ഞങ്ങളിപ്പോള്‍.
അന്നഹ്ദ ഇപ്പോഴനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി പരിചയക്കുറവിന്റേതല്ലേ?
തുനീഷ്യന്‍ വിപ്ലവം ജന ജീവിതത്തെ തടസ്സപ്പെടുത്തിയിട്ടില്ല. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന അര മില്യന്‍ പൗരന്മാര്‍ യഥാര്‍ഥത്തില്‍ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. വിപ്ലവത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് അത് രാജ്യനടത്തിപ്പിനെ ബാധിച്ചില്ല എന്നതാണ്. വിപ്ലവത്തിന്റെ നാളുകളില്‍ പോലും അത് കൃത്യമായി നടന്നിരുന്നു. വൈദ്യുതി, വെള്ളം തുടങ്ങിയ സേവനങ്ങളോ ഉദ്യോഗസ്ഥരുടെ ശമ്പളമോ ഒരു ഘട്ടത്തിലും നിലച്ചില്ല. ഒരു വ്യവസ്ഥ മാറുകയും മറ്റൊന്ന് വരികയും ചെയ്തപ്പോള്‍ പൊതുജനത്തെയും അവശ്യ സേവനങ്ങളെയും തീരെ ബാധിച്ചില്ല എന്നത് പിന്നീടുള്ള കാര്യങ്ങള്‍ എളുപ്പമാക്കി. കഴിഞ്ഞ ഭരണത്തില്‍ ഒരുപാട് അപാകതകള്‍ ഉണ്ടായിരുന്നുവെന്നത് ശരിതന്നെ. പരിവര്‍ത്തന ഘട്ടത്തിലെ ഏറ്റവും വലിയ തടസ്സവും അതാണ്. പഴയ വ്യവസ്ഥയില്‍ ഉദ്യോഗസ്ഥ മേഖല നല്ല അളവില്‍ രാഷ്ട്രീയവത്കരിക്കപ്പെട്ടിരുന്നു. സര്‍ക്കാറുദ്യോഗം ലഭിക്കണമെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നതിനാല്‍ എല്ലാവരും സുരക്ഷാ അന്വേഷണത്തിന് വിധേയരാകേണ്ടതുണ്ടായിരുന്നു. പരിവര്‍ത്തന ഘട്ടത്തില്‍ ഉദ്യോഗസ്ഥ മേഖലയിലെ വലിയ തടസ്സവും ഇതു തന്നെ. എന്നാല്‍, ഭരണനൈരന്തര്യത്തിന് പഴയ ഉദ്യോഗസ്ഥര്‍ അനിവാര്യമാണ്. അതിനാല്‍, അവരെ പുതിയ ഭരണകൂടം ആശ്രയിക്കുകയും അവരുടെ അനുഭവവും പരിചയവും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പുതിയ ഭരണാധികാരികള്‍ ഉയര്‍ന്ന യോഗ്യതയുള്ളവരും ഉന്നത വിദ്യാഭ്യാസം നേടിയവരുമാണ്. നിയമമന്ത്രി അഭിഭാഷകനും ആരോഗ്യമന്ത്രി ഡോക്ടറും വിദ്യാഭ്യാസമന്ത്രി അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റി പ്രഫസറുമാണ്. ഓരോരുത്തര്‍ക്കും അവരുമായി ബന്ധപ്പെട്ട മേഖലയിലാണ് ചുമതല. ബിന്‍ അലിയുടെ ആളുകളുടെ പരിചയമൊക്കെയും അഴിമതിയിലായിരുന്നു. ഞങ്ങളുടെ കൈകള്‍ ശുദ്ധമാകണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. അതിന് വേണ്ടിയാണല്ലോ നാം വിപ്ലവം നയിച്ചത്. ഭരണപരിചയമുണ്ടെന്ന കാരണത്താല്‍ അഴിമതിക്കാരെ ഭരണത്തില്‍ നിലനിര്‍ത്തുന്നത് ന്യായമല്ലല്ലോ.
രാജ്യത്തെ പല ഉദ്യോഗസ്ഥ വിഭാഗത്തെയും തുടച്ചുനീക്കാന്‍ പദ്ധതിയുള്ളതായി കേള്‍ക്കുന്നുണ്ടല്ലോ?
നിലവിലെ ഭരണകൂടത്തിലുള്ള ഒരാള്‍ പോലും 'തുടച്ചുനീക്കുക' എന്ന വാക്കു പോലും ഉപയോഗിച്ചിട്ടില്ല. വിപ്ലവത്തിന്റെ ഭാഗമായി ഒരുതരത്തിലുമുള്ള കലാപവുമുണ്ടായിട്ടില്ല. പഴയ വ്യവസ്ഥയുടെ എത്രപേര്‍ ഇന്ന് ജയിലിലുണ്ടെന്നറിയുമോ? അത് കേവലം പതിനഞ്ചോ പതിനാറോ പേര്‍ മാത്രമാണ്. വിപ്ലവത്തിന്റെ പേരില്‍ കൂട്ടക്കൊലകള്‍ അരങ്ങേറിയിട്ടില്ല. 50 കൊല്ലം നീണ്ട പഴയ ഭരണത്തിലെ 15 പേര്‍ മാത്രമാണ് തടവറയില്‍ കഴിയുന്നത്. അവര്‍ വിചാരണ നേരിടുന്നത് സാധാരണ കോടതിയില്‍ ആണെന്നതും സൈനിക കോടതിയില്‍ അല്ല എന്നുള്ളതും ശ്രദ്ധേയമാണ്. മേഖലയിലെ ഏറ്റവും ശാന്തമായ വിപ്ലവമായിരുന്നു തുനീഷ്യയിലേത്.
തങ്ങള്‍ക്കനുയോജ്യമായ ആളുകളെ ഭരണത്തിന്റെ തലപ്പത്തിരുത്തുക എന്നുള്ളത് ഏതൊരു ഭരണകൂടത്തിന്റെയും അവകാശമാണ്. വലിയ ജനാധിപത്യ പാരമ്പര്യമുള്ള അമേരിക്കയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന് രാജ്യത്തെ മുവായിരത്തിലധികം വരുന്ന ഉദ്യോഗസ്ഥരെ മാറ്റാനുള്ള അവകാശമുണ്ട്. ഓരോ രാജ്യത്തിനും അതിന്റെ ഐഡിയോളജിക്കനുസരിച്ച നയതന്ത്ര ഉദ്യോഗസ്ഥരെ നിയമിക്കാം. പുതിയ ഭരണകൂടം നിലവില്‍ വന്നപ്പോള്‍ ആളുകളെ മാറ്റുകയോ നിലനിര്‍ത്തുകയോ അല്ല ചെയ്തത്. മറിച്ച്, നിലവിലെ ഭരണകൂടത്തിന്റെ നയനിലപാടുകളെ നടപ്പിലാക്കാത്തവരോ, തടസ്സപ്പെടുത്തുന്നവരോ പഴയ സംവിധാനത്തോട് ഇപ്പോഴും കൂറ് വെച്ചുപുലര്‍ത്തുന്നവരോ ആയ ഉദ്യോഗസ്ഥരെ സ്ഥാനം മാറ്റുകയാണുണ്ടായത്. അതിനെ ആരും ചോദ്യം ചെയ്തിട്ടില്ല. എന്നാല്‍, ഉദ്യോഗസ്ഥരെ ജോലിയില്‍നിന്ന് പൂര്‍ണമായും തുടച്ചുനീക്കാന്‍ ഭരണകൂടത്തിന് അവകാശമില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തതായി തെളിയിക്കപ്പെടുന്നതുവരെ തന്റെ ജോലിയില്‍ തുടരാനുള്ള അവകാശം ഓരോ ഉദ്യോഗസ്ഥനുമുണ്ട്.
'അന്നഹ്ദ'ക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുള്ളതായി കേള്‍ക്കുന്നല്ലോ?
ശരിയാണ്. അന്നഹ്ദ പോലെയുള്ള വലിയ സംഘടനകളിലത് സ്വാഭാവികമാണ്. ഒരു ശൈഖിനു ചുറ്റും കറങ്ങുന്ന സൂഫി സംഘടനയല്ല അന്നഹ്ദ. ഞങ്ങളുടേത് ജനാധിപത്യ സംഘടനയാണ്.
അനുസരണമടക്കമുള്ള സംഘടനാ അച്ചടക്കം ഇല്ലെന്നാണോ?
അനുസരണം തീര്‍ച്ചയായുമുണ്ട്. പക്ഷേ, അത് പ്രശ്‌നാധിഷ്ഠിതമാണ്. സംഘടനാ സംവിധാനത്തോടാണ് അനുസരണം. ഒരു വിഷയം വിശദമായ ചര്‍ച്ചക്കുശേഷം പരിഹാരത്തിനായി ഉന്നതാധികാര സമിതിക്ക് വിടും. 99 ശതമാനം പേരും അനുകൂലിക്കുന്ന വിഷയങ്ങളല്ല പലപ്പോഴും ഉണ്ടാവാറുള്ളത്. 51 ശതമാനം പേര്‍ അനുകൂലിക്കുകയും 49 ശതമാനം പേര്‍ എതിര്‍ക്കുകയും ചെയ്യുന്ന വിഷയങ്ങളുണ്ടാവാറുണ്ട്. തീരുമാനമായിക്കഴിഞ്ഞാല്‍ എല്ലാവരും ആ തീരുമാനത്തിന് അനുകൂലമായി നിലകൊള്ളും. ഉദാഹരണത്തിന്, ഭരണഘടനയിലെ രാജ്യത്തിന്റെ ഔദ്യോഗിക മതത്തെ കുറിച്ച പരാമര്‍ശവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍, പഴയ ഭരണഘടനയിലേതു പോലെ 'രാജ്യത്തിന്റെ ഔദ്യോഗിക മതം ഇസ്‌ലാമായിരിക്കും' എന്ന പ്രയോഗം തന്നെ മതി എന്നഭിപ്രായപ്പെട്ടവരും 'ശരീഅത്ത് നിയമങ്ങള്‍ക്കനുസരിച്ച് നിലകൊള്ളും' എന്നു കൂട്ടിച്ചേര്‍ക്കണം എന്ന അഭിപ്രായമുള്ളവരുമുണ്ടായിരുന്നു. ഈ വിഷയം ഉപദേശക സമിതിയില്‍ ചര്‍ച്ചചെയ്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സ്വീകാര്യത നിലവിലെ പ്രയോഗമാണെന്ന് ചൂണ്ടിക്കാട്ടി സമിതിയംഗങ്ങളിലെ മൂന്നില്‍ രണ്ടു ഭാഗവും നിലവിലെ പ്രയോഗം തന്നെ മതി എന്നഭിപ്രായപ്പെട്ടു. നിലവിലെ പ്രയോഗത്തിന്റെ വിശദീകരണമായി നിയമനിര്‍മാണത്തിന്റെ അടിസ്ഥാന സ്രോതസ്സ് ശരീഅത്തായിരിക്കുമെന്നു കൂടി കൂട്ടിച്ചേര്‍ക്കണമെന്നായിരുന്നു ബാക്കിയുള്ളവരുടെ അഭിപ്രായം. സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം വോട്ടെടുപ്പിലൂടെ ഒരു തീരുമാനത്തിലെത്തിയതോടെ എല്ലാവരും ആ നിലപാടിന്റെ വക്താക്കളായി മാറി.
അധികാരത്തിലെത്തിയതോടെ നിയമനിര്‍മാണത്തിന്റെ സ്രോതസ്സുമായി ബന്ധപ്പെട്ട് മുമ്പ് നിങ്ങള്‍ പറഞ്ഞതില്‍ നിന്നൊക്കെ പിറകോട്ടു പോയി എന്ന വിമര്‍ശനത്തെക്കുറിച്ചെന്തു പറയുന്നു?
അടിസ്ഥാനമില്ലാത്ത വിമര്‍ശനമാണത്. തെരഞ്ഞെടുപ്പില്‍ പ്രവേശിച്ച അന്നഹ്ദയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചവര്‍ക്കറിയാം, 1959- ലെ തുനീഷ്യന്‍ ഭരണഘടനയുടെ ആദ്യ ഖണ്ഡികയില്‍ ഒരു മാറ്റവും ഞങ്ങള്‍ വരുത്തിയിട്ടില്ല. 'തുനീഷ്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്, അതിന്റെ ഭാഷ അറബിയും മതം ഇസ്‌ലാമുമാണ്' എന്ന പ്രയോഗം രാജ്യത്തിന്റെ ഐഡന്റിറ്റി വ്യക്തമാക്കുന്നതാണ്. പഴയ ഭരണഘടനപ്രകാരം തന്നെ തുനീഷ്യ ഇസ്‌ലാമികമാണ്, സെക്യുലര്‍ അല്ല. ഇതില്‍ എല്ലാ വിഭാഗങ്ങള്‍ക്കും യോജിപ്പാണ്. എന്നാല്‍, ശരീഅത്തിന്റെ വിഷയത്തിലാണ് ചിലര്‍ക്കുള്ള ആശങ്ക. അതിനാല്‍ എല്ലാവരും യോജിക്കുന്ന പ്രയോഗം തന്നെ മതി എന്ന തീരുമാനത്തിലെത്തി. കാരണം, ഭരണഘടനയില്‍ അഭിപ്രായ ഐക്യം അനിവാര്യമാണ്.
ശരീഅത്തിന് 51 ശതമാനത്തിന്റെ പിന്തുണ കിട്ടുമായിരുന്നു. പക്ഷേ, അപ്പോള്‍ ബാക്കിയുള്ള 49 ശതമാനത്തെ നാം എങ്ങനെ സമീപിക്കും എന്നതാണ് പ്രശ്‌നം. അവര്‍ നമ്മുടെ ശത്രുക്കളല്ലല്ലോ. ഇസ്‌ലാമിനെ അംഗീകരിക്കുന്ന അവരെ നാം എങ്ങനെ ശത്രുക്കളായി കാണും? ഇസ്‌ലാമും ശരീഅത്തും വേര്‍തിരിക്കേണ്ടതുണ്ടോ? ശരീഅത്ത്് ഇസ്‌ലാമിനു പുറത്തുള്ള കാര്യമല്ലല്ലോ. ഇസ്‌ലാമിന്റെ ഭാഗം തന്നെയല്ലേ? ഇസ്‌ലാമിനെ മൊത്തമായി അംഗീകരിക്കുന്നവരോട് ശാഖാപരമായ വിഷയങ്ങളില്‍ കലഹിക്കേണ്ടതുണ്ടോ?
ഉമറി (റ) ന്റെ കാലത്ത് ബനീ തഗ്‌ലബ് ഗോത്രക്കാരായ ക്രിസ്ത്യാനികള്‍ കപ്പം നല്‍കുന്നതിനു പകരം തങ്ങള്‍ സകാത്ത് നല്‍കാമെന്ന് പറയുകയുണ്ടായി. കപ്പം നല്‍കുന്നത് അവര്‍ക്ക് കുറച്ചിലായി അനുഭവപ്പെട്ടതാണ് കാരണം. അതംഗീകരിച്ചുകൊണ്ട് ഉമര്‍ പറഞ്ഞത് ഇപ്രകാരമാണ്: 'അവര്‍ ഇസ്‌ലാമിന്റെ ആശയത്തെ സ്വീകരിച്ചു, പേരിനെ നിരാകരിച്ചു'. ഈ സമൂഹവും ഇസ്‌ലാമിനെ സ്വീകരിക്കുന്നവരും ശരീഅത്തിനെ നിരാകരിക്കുന്നവരുമാണ്. ഇസ്‌ലാമിനോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നതല്ല ശരീഅത്ത്. ശരീഅത്തിനെ കുറിച്ച് അടിസ്ഥാന രഹിതമായ ആശങ്ക സൃഷ്ടിക്കുകയാണ് ചിലര്‍. അഫ്ഗാനിസ്താനിലും മറ്റും കണ്ട ശരീഅത്തിന്റെ തെറ്റായ പ്രയോഗവത്കരണമാണ് അതിനു കാരണം. അതോടെ, ചിലര്‍ ഇസ്‌ലാമിനെ സ്വീകരിക്കുമ്പോഴും ശരീഅത്തിനെ നിരാകരിക്കുന്നവരായി മാറി. അവര്‍ ഇസ്‌ലാമിനെ അംഗീകരിക്കുന്നു എന്നതാണ് മുഖ്യം. അല്ലാഹു പറയുന്നു: 'ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്കു മികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. ഇസ്‌ലാമിനെ നിങ്ങള്‍ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു'. അല്ലാഹു പറയുന്നു: 'ഉറപ്പായും അല്ലാഹുവിങ്കല്‍ മതമെന്നാല്‍ ഇസ്‌ലാം തന്നെ'.
ഇസ്‌ലാമെന്ന മേല്‍ക്കൂര എല്ലാവര്‍ക്കും സ്വീകാര്യമാണെങ്കില്‍, അതിന്റെ പ്രായോഗിക രൂപവുമായി ബന്ധപ്പെട്ട് അറിവില്ലായ്മയോ അതിന്റെ തെറ്റായ പ്രയോഗവത്കരണമോ കാരണം ശരീഅത്തിനെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ഒരു വിഭാഗം പൗരന്മാരോട് അതിന്റെ പേരില്‍ എന്തിന് കലഹിക്കണം? ഇസ്‌ലാമിക സേവനത്തിനായി ഇറങ്ങിത്തിരിച്ച ഇസ്‌ലാമിക പ്രസ്ഥാനമാണ് ഞങ്ങളുടേത്. അതെന്നും അങ്ങനെ തന്നെയായിരിക്കും. ഇസ്‌ലാമിന്റെ വിഷയത്തിലല്ല അഭിപ്രായ വ്യത്യാസമുള്ളത്. അതിന്റെ പ്രയോഗവത്കരണവുമായി ബന്ധപ്പെട്ടാണ്. അത് തീരുമാനിക്കുന്നത് സാമൂഹികാവസ്ഥകളും, പ്രാദേശിക- അന്തര്‍ദേശീയ സംഭവങ്ങളുടെ വായനയും അത് സ്വീകരിക്കാനുള്ള ജനങ്ങളുടെ സന്നദ്ധതയുമാണ്. ഇസ്‌ലാമിന്റെ വിധിവിലക്കുകളില്‍ നമുക്ക് അഭിപ്രായാന്തരമില്ല. അടിസ്ഥാനങ്ങളില്‍ പിറകോട്ടുമില്ല.
ശഹീദ് സയ്യിദ് ഖുത്വ്ബ് പറയാറുണ്ടായിരുന്നു: ''ഇസ്‌ലാമിനെ പൂര്‍ണമായും സ്വീകരിക്കുക, അല്ലെങ്കില്‍ അതിനെ പൂര്‍ണമായും വെടിയുക''. ഈ പ്രയോഗം ഒരര്‍ഥത്തില്‍ ശരിയും മറ്റൊരര്‍ഥത്തില്‍ തെറ്റുമാണ്. വിശ്വാസകാര്യങ്ങളില്‍ ഇത് ശരിയാകുമെങ്കിലും പ്രയോഗവത്കരണവുമായി ബന്ധപ്പെടുമ്പോള്‍ സാധിക്കുന്ന അളവിലാണ് അത് എടുക്കേണ്ടത് എന്നതാണ് ശരി. 'നിങ്ങളിലൊരാള്‍ ഒരു തിന്മ കണ്ടാല്‍ അതിനെ കൈ കൊണ്ട് തടയണം, അല്ലെങ്കില്‍ നാവുകൊണ്ട്....' എന്നാണല്ലോ ഹദീസ്. സ്വാതന്ത്ര്യത്തിനു വേണ്ടി മുദ്രാവാക്യമുയര്‍ത്തിയാണ് തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം രാഷ്ട്രീയത്തിലിടപെട്ടത്. ഇസ്‌ലാമിനെ സമര്‍പ്പിക്കാന്‍ നാട്ടില്‍ സ്വാതന്ത്ര്യം അനിവാര്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഇസ്‌ലാം പ്രകൃതിമതമാണ്. അത് ശരിയായ രൂപത്തില്‍ തുനീഷ്യന്‍ ജനതയുടെ മുമ്പില്‍ അവതരിപ്പിക്കപ്പെട്ടാല്‍ അവര്‍ ഇസ്‌ലാമിനു വേണ്ടി നിലകൊള്ളും. അവര്‍ക്ക് ഇസ്‌ലാം ബോധ്യപ്പെടണമെങ്കില്‍ അവരുടെ പൗരാവകാശം തിരിച്ചുപിടിക്കുന്നതില്‍ കുറഞ്ഞ ഒന്നുകൊണ്ടും അത് സാധ്യമല്ലായിരുന്നു.
അന്നഹ്ദയെ മീഡിയ വല്ലാതെ
കടന്നാക്രമിക്കുന്നില്ലേ?
തീര്‍ച്ചയായും നാഷ്‌നല്‍ മീഡിയ ഇപ്പോഴും പഴയ ഭരണവ്യവസ്ഥയുടെ ആളുകളുടെ കൈയിലാണ്. പുതിയ ഭരണകൂടത്തോട് പ്രതികാര ബുദ്ധിയോടെയാണവര്‍ സമീപിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരാണ് അവര്‍ക്ക് കൂട്ട്. പുതിയ ഭരണം മുമ്പത്തേക്കാള്‍ മോശമാണെന്നും നാട്ടിലെങ്ങും അരാജകത്വമാണെന്നും പ്രചരിപ്പിച്ച് സാമ്പത്തിക ഉണര്‍വ് തടസ്സപ്പെടുത്താനാണ് ശ്രമം. അന്നഹ്ദ നയിക്കുന്ന രാഷ്ട്രീയ സംഘം രാജ്യത്ത് സാമ്പത്തിക നേട്ടം കൈവരിക്കുന്നതില്‍ വിജയിച്ചാല്‍ അത് ദീര്‍ഘകാലത്തേക്ക് രാജ്യത്ത് ചെലുത്തുന്ന സ്വാധീനം അവര്‍ തിരിച്ചറിയുന്നു. അതുകൊണ്ട്, അതിനെ മുളയിലേ നുള്ളിക്കളയേണ്ടത് അവരുടെ ആവശ്യമായി വരുന്നു.
അന്നഹ്ദക്ക് ഭാവിയില്‍ ലഭിക്കാവുന്ന സ്വീകാര്യതക്ക് തടയിടാനുള്ള അവസാന അവസരമിതാണെന്നവര്‍ മനസ്സിലാക്കുന്നു. മീഡിയയെ സ്വകാര്യവല്‍ക്കരിക്കണമെന്ന ചിന്ത ഇന്ന് വളരെ സജീവമാണ്. ആധുനിക ജനാധിപത്യം ഔദ്യോഗിക മീഡിയയില്‍ പരിമിതപ്പെടുന്നതെന്തിനാണ്?
ജനങ്ങളെന്തിന് ഈ മാധ്യമത്തിന് പണം നല്‍കണം? ദേശീയ ടെലിവിഷന് ഓരോ പൗരനും പണം കൊടുക്കേണ്ടതുണ്ട്. ഇപ്പോഴവര്‍ ചോദിക്കുന്നത് ഞങ്ങളെ രാപകല്‍ ദ്രോഹിക്കുന്ന മീഡിയക്ക് ഞങ്ങളെന്തിന് പണം മുടക്കണം എന്നാണ്. മീഡിയാ സംവിധാനങ്ങളുടെ നേതൃത്വത്തെ നിങ്ങളെന്തുകൊണ്ട് മാറ്റുന്നില്ല എന്നവര്‍ ചോദിക്കുന്നു. മീഡിയയെ സ്വകാര്യവത്കരിച്ച് അതിന്റെ ഫണ്ട് സ്വയം കണ്ടെത്താന്‍ അവരെ വിട്ടുകൂടേ എന്ന് ചേദിക്കുന്നവരുമുണ്ട്.
തങ്ങള്‍ ചെയ്യുന്നതിന്റെ ഗൗരവം പലപ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ മനസ്സിലാക്കുന്നില്ല. സ്വന്തം ജനതയെയും അവര്‍ നയിച്ച വിപ്ലവത്തെയും വെല്ലുവിളിക്കുകയാണവര്‍. ജനാധിപത്യ മാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റാണിത്. തെരഞ്ഞെടുപ്പില്‍ യാതൊരുവിധ അട്ടിമറിയും നടന്നതായി ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. മുഴുവന്‍ മീഡിയയും എന്ന് ഞാന്‍ പറയില്ല, എന്നാല്‍ മിക്ക മീഡിയയും ജനങ്ങളുടെ തീരുമാനത്തെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ ഈ ഭരണകൂടത്തെ തെരഞ്ഞെടുത്തത് തെറ്റായി എന്നാണ് മീഡിയ ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ പ്രതിഷേധങ്ങള്‍ കൊണ്ടൊന്നും ഗവണ്‍മെന്റ് കുലുങ്ങില്ല. സമാനമായ പ്രകടനങ്ങള്‍ ബൂറഖീബയുടെയും ബിന്‍ അലിയുടെയും കാലത്തുണ്ടായപ്പോള്‍ നൂറു കണക്കിന് ആളുകളുടെ മരണത്തിന് അത് കാരണമായിട്ടുണ്ട്. 1984 -ല്‍ ബൂറഖീബയുടെ ഭരണത്തില്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത 700 പേരുടെ ജീവനാണ് പൊലിഞ്ഞത്. ബിന്‍ അലിയുടെ കാലത്തായിരുന്നെങ്കില്‍ ഒരു പ്രകടനം മതി ജയില്‍ നിറയാനും വ്യാപക അക്രമങ്ങള്‍ക്കും.
വിദേശ ഇടപെടല്‍ ഇല്ലാതെ വിപ്ലവങ്ങള്‍ വിജയിക്കില്ല എന്നാണ് പറയുന്നത്. തുനീഷ്യയില്‍ വിപ്ലവം നയിച്ചവര്‍ക്ക് വിദേശ ബന്ധം ഉണ്ടായിരുന്നോ?
തുനീഷ്യന്‍ വിപ്ലവത്തിന് കാരണക്കാരനായ മുഹമ്മദ് ബൂഅസീസി എന്ന ചെറുപ്പക്കാരന്‍ സി.ഐ.എ ഏജന്റായിരുന്നില്ല. ആയിരുന്നുവെങ്കില്‍ തന്റെ ഉന്തുവണ്ടിയോടൊപ്പം കത്തിയെരിഞ്ഞ് ജീവനൊടുക്കേണ്ട കാര്യമില്ലായിരുന്നു. ജയിലില്‍ കുത്തിനിറക്കപ്പെട്ട ആയിരക്കണക്കിന് പൗരന്മാരോ തോക്കിന്‍ കുഴലുകളുടെ നിഴലില്‍ ജനകീയ പ്രക്ഷോഭത്തിനിറങ്ങിയ പതിനായിരങ്ങളോ ഒരു വിദേശ രാജ്യത്തിന്റെയും ഏജന്റുമാരല്ല. കാരണം, ഏജന്റുമാര്‍ നാടിനുവേണ്ടി ജീവന്‍ കൊടുക്കില്ല. തുനീഷ്യയിലെയും ഈജിപ്തിലെയും വിപ്ലവങ്ങള്‍ ഒരു വിദേശ ഇടപെടലും ഇല്ലാതെ തന്നെ അവസാനിക്കുന്നതാണ് നാം കണ്ടത്. ആദ്യത്തേത് മൂന്ന് ആഴ്ചയും രണ്ടാമത്തേത് രണ്ടാഴ്ചയുമാണ് നീണ്ടുനിന്നത്.
ബിന്‍ അലി പടിഞ്ഞാറിന്റെ ഏജന്റാണെന്ന് പറഞ്ഞാല്‍ ആരും അത്ഭുതപ്പെടില്ല. മൂന്ന് എപ്പിസോഡുകളിലായി ദേശീയ മാധ്യമം പ്രക്ഷേപണം ചെയ്ത അഴിമതി രാഷ്ട്രം എന്ന പേരിലുള്ള ഡോക്യുമെന്ററി ഫിലിമില്‍ ആദ്യത്തേത് ബിന്‍ അലി മൊസാദിന്റെ സഹകാരി എന്നല്ല, അതിലെ ഒരംഗമാണ് എന്ന സത്യം വെളിപ്പെടുത്തുന്നുണ്ട്. മുബാറക്കിന്റെ ഇസ്രായേല്‍ ബന്ധവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. എന്നിട്ടാണ് അറബ് വിപ്ലവത്തിന്റെ പിന്നിലെ വിദേശ ശക്തികളെ കുറിച്ച് പലരും വാചാലരാവുന്നത്. വിപ്ലവത്തിന്റെ മൂന്നാം ആഴ്ച ഫ്രഞ്ച് പ്രസിഡന്റ് അവരുടെ അസംബ്ലിയില്‍ പറഞ്ഞത് ബിന്‍ അലിക്ക് അനുകൂലമായി ഫ്രാന്‍സ് അതിന്റെ മുഴുവന്‍ സുരക്ഷാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തും എന്നായിരുന്നു. അറബ് വിപ്ലവങ്ങള്‍ക്കു പിന്നില്‍ വിദേശ ഏജന്റുമാരുണ്ടെന്ന് പറയാന്‍ പിന്നെയെങ്ങനെ കഴിയും?
വിപ്ലവാനന്തര ഭരണകൂടങ്ങളുമായി പരസ്പര സഹകരണത്തിനാണല്ലോ പടിഞ്ഞാറ് ശ്രമിക്കുന്നത്?
കാര്യം വളരെ വ്യക്തമാണ്. ഈ രാജ്യങ്ങളില്‍ പടിഞ്ഞാറിന് താല്‍പര്യങ്ങളുണ്ട്. തങ്ങളുടെ ഏജന്റുമാര്‍ നിലംപതിച്ചു എന്നവര്‍ തിരിച്ചറിയുന്നു. തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനുതകുന്ന വിധത്തില്‍ പുതിയ ഭരണാധികാരികളുമായി സഹകരണത്തിന് ശ്രമിക്കുന്നത് തികച്ചും സ്വാഭാവികം. തങ്ങളുടെ ആളുകളായി നിന്നവരുടെ പതനത്തില്‍ ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിക്കാത്ത, അഭയം നല്‍കാത്ത ഇവരുടെ സമീപനത്തില്‍ നിന്നു തന്നെ ഇവര്‍ താല്‍പര്യങ്ങളുടെ ആളുകളാണെന്ന് വ്യക്തമാണല്ലോ. പടിഞ്ഞാറ് ഇസ്‌ലാമിസ്റ്റുകളെ തേടിവരികയായിരുന്നു. അല്ലാതെ, ഞങ്ങള്‍ അവരെ സമീപിച്ചതല്ല. പടിഞ്ഞാറിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചിരുന്ന ആളുകള്‍ നിഷ്‌കാസിതരായപ്പോള്‍, പാശ്ചാത്യര്‍ അവരുടെ തന്നെ നേട്ടങ്ങള്‍ക്കായി ഞങ്ങളെ സമീപിക്കുന്നു എന്നര്‍ഥം.
എന്ത് വാഗ്ദാനമാണ് നിങ്ങള്‍ പടിഞ്ഞാറിന് നല്‍കാന്‍ പോകുന്നത്? അവരുടെ ഏജന്റുമാര്‍ നല്‍കിയിരുന്ന അതേ വാഗ്ദാനമാണോ?
പരസ്പര താല്‍പര്യങ്ങളുണ്ടല്ലോ. പടിഞ്ഞാറിനു മേല്‍ യുദ്ധത്തിന്റെ കൊടി ഉയര്‍ത്തണമെന്ന് ഇസ്‌ലാമിസ്റ്റുകള്‍ പറയുന്നില്ല. മത, രാഷ്ട്രീയ ബഹുസ്വരതയെ അംഗീകരിക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ പരസ്പര സഹകരണത്തെ കുറിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. നന്മയിലും ദൈവഭക്തിയിലും പരസ്പരം സഹകരിക്കുക എന്നാണല്ലോ ഖുര്‍ആനിന്റെ അധ്യാപനം. ഞങ്ങളുടെ പൗരന്മാരുടെ സ്വാതന്ത്ര്യവും സഹകരണത്തിന്റെ തുടര്‍ച്ചയുമാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. സംവാദത്തെയോ നാടിന്റെ ഭാവിക്കായി മറ്റുള്ളവരുമായുള്ള സഹകരണത്തെയോ ഇസ്‌ലാം വിലക്കുന്നില്ല.
അന്നഹ്ദയും സലഫികളും തമ്മിലുണ്ടാകാന്‍ പോകുന്ന സംഘട്ടനത്തെക്കുറിച്ച് പറഞ്ഞു കേള്‍ക്കുന്നുണ്ടല്ലോ?
ഞങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനാഗ്രഹിക്കുന്നവരുടെ വര്‍ത്തമാനമാണത്. സലഫികളും തുനീഷ്യന്‍ പൗരന്മാരാണ്. അവര്‍ക്കും അവകാശങ്ങളും ബാധ്യതകളുമുണ്ട്. അവരില്‍ പല തരക്കാരുമുണ്ട്. തീവ്ര അഭിപ്രായമുള്ളവരുമുണ്ട്. സംവാദത്തിലൂടെയാണ് അവരോട് ഇടപെടുന്നത്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുദ്ദേശിക്കുന്നവരെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ജനങ്ങള്‍ അവരെ തെരഞ്ഞെടുക്കുന്ന പക്ഷം അവര്‍ക്ക് ഭരിക്കാം. എല്ലാം പൗരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.
ഇസ്‌ലാമിക ശരീഅത്തിന്റെ ദുരുപയോഗം സൃഷ്ടിച്ച തെറ്റിദ്ധാരണകളെ കുറിച്ച് താങ്കള്‍ പരാമര്‍ശിച്ചല്ലോ. അന്നഹ്ദ എങ്ങനെയാണ് ശരിയായ രീതിയില്‍ അത് നടപ്പാക്കാനുദ്ദേശിക്കുന്നത്?
സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടാണ് അന്നഹ്ദ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഇസ്‌ലാമിക ശരീഅത്തിന്റെ മഹത്തായ ലക്ഷ്യങ്ങളിലൊന്നാണ് സാതന്ത്ര്യം. മനുഷ്യ വിമോചനത്തിനും മനസ്സിന്റെയും ശരീരത്തിന്റെയും സ്വാതന്ത്ര്യത്തിനുമാണ് ഇസ്‌ലാം രംഗത്തു വന്നത്. അപകടകരമായ സാമ്പത്തിക സിദ്ധാന്തങ്ങളില്‍ നിന്നുള്ള മോചനവും ശരീഅത്തിന്റെ ലക്ഷ്യമാണ്. അതുകൊണ്ടുതന്നെ, ഇസ്‌ലാമിക വിപ്ലവം സമഗ്രമായിരുന്നു. പ്രകൃതിമതമായ ഇസ്‌ലാമിന് സ്വാതന്ത്ര്യം അനിവാര്യമാണ്.
ഏകാധിപത്യ വ്യവസ്ഥയിലാണ് ഇസ്‌ലാം ഏറ്റവും കൂടുതല്‍ പ്രയാസങ്ങളനുഭവിക്കുന്നത്. കമ്യൂണിസ്റ്റ് ഏകാധിപത്യത്തിലും അറബ് നാടുകളിലെ സ്വേഛാധിപത്യത്തിലും ഇസ്‌ലാം അനുഭവിച്ച വീര്‍പ്പുമുട്ടലുകളും പാശ്ചാത്യ ജനാധിപത്യത്തില്‍ ഇസ്‌ലാമിനുണ്ടായ അഭിവൃദ്ധിയും നാം കണ്ടതാണ്. ഇസ്‌ലാമിന്റെ പേരില്‍ നാടു ഭരിച്ചിരുന്ന അറബ് ഏകാധിപതികളുടെ കാലത്ത് സ്വാതന്ത്ര്യത്തിനായി മുസ്‌ലിം നാടുകളില്‍ നിന്ന് പാശ്ചാത്യ നാടുകളിലേക്ക് പലായനം ചെയ്തിരുന്നവരെ നമുക്കറിയാം.
ജനങ്ങള്‍ക്കുമേല്‍ ഇസ്‌ലാം അടിച്ചേല്‍പിക്കുകയല്ല ഭരണകൂടത്തിന്റെ ചുമതല. ദൈവത്തില്‍ നിന്നവതരിച്ചതാണ് ഇസ്‌ലാം. ഉത്തരവാദിത്വമുള്ള വ്യക്തികളോടാണ് ഇസ്‌ലാം സംവദിക്കുന്നത്, ഭരണകൂടത്തോടല്ല. രാഷ്ട്രത്തിന്റെ ചുമതല സമൂഹത്തെ പ്രതിനിധീകരിക്കുകയും അവരുടെ വക്താവാകുകയും ചെയ്യുക എന്നുള്ളതാണ്. സമൂഹത്തിന്റെ ഇസ്‌ലാമിക ബോധവും ബോധ്യവുമാണ് രാഷ്ട്രത്തില്‍ പ്രതിഫലിക്കുന്നത്. ജനാധിപത്യ രീതിയിലൂടെ മുന്നോട്ടു പോകുമ്പോള്‍, ഇസ്‌ലാമിനെ എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കേണ്ടത് പൊതുജനാഭിപ്രായമാണ്.
മദീനയില്‍ ഇസ്‌ലാം അവതരിച്ചതും നടപ്പാക്കിയതും ഘട്ടം ഘട്ടമായാണ്. ഇന്ന് നാം അത് നടപ്പാക്കേണ്ടതും അങ്ങനെത്തന്നെ. മദ്‌റസ, പള്ളി, സംഘടനകള്‍, സേവനങ്ങള്‍, മീഡിയ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളില്‍ പൗരസമൂഹം വ്യാപൃതരാവട്ടെ. നമ്മുടെ മഹത്തായ നാഗരികതയുടെ ക്രെഡിറ്റ് ഒരിക്കലും രാഷ്ട്രത്തിനല്ല. മറിച്ച്, ഇസ്‌ലാമിക സമൂഹത്തിനാണ്. വിദ്യാഭ്യാസം, അനാഥ-അഗതികള്‍, പണ്ഡിതര്‍ തുടങ്ങിയവരുടെ സേവനത്തിന് വേണ്ടിയായിരുന്നു നമ്മുടെ വിപ്ലവം എന്ന് വിശേഷിപ്പിക്കാം. രാഷ്ട്രം അതിന്റെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചാലും സമൂഹത്തില്‍ ഇസ്‌ലാമിന്റെ ചിഹ്നങ്ങളായ വഖ്ഫും സകാത്തും മറ്റു പ്രവര്‍ത്തനങ്ങളും നിലനില്‍ക്കും. അതിനാല്‍ ഇസ്‌ലാമിനു ലഭിക്കുന്ന ക്രെഡിറ്റ് ഇസ്‌ലാമിക സമൂഹത്തിനുള്ളതാണ്, രാഷ്ട്രത്തിനല്ല.
ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പാക്കാന്‍ നിങ്ങള്‍ ശ്രമിക്കില്ല എന്നാണോ അതിനര്‍ഥം ?
ഇസ്‌ലാമിനോട് ശത്രുതയില്ലാത്ത, പൗരന്മാരെ മാനിക്കുന്ന, സമൂഹത്തെ ബുദ്ധിമുട്ടിക്കാത്ത ഒരു രാഷ്ട്രമുണ്ടാവുക എന്നതുതന്നെ വലിയ കാര്യമാണ്. രാജ്യസുരക്ഷ, നിയമപാലനം, ക്രമസമാധാനം, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണം, വിദ്യാഭ്യാസം, വഖ്ഫ് മുതലായ സംവിധാനങ്ങളുടെ മേല്‍നോട്ടം തുടങ്ങിയവയാണ് രാഷ്ട്രത്തിന്റെ ചുമതല. സമൂഹത്തില്‍ നിന്ന് ശക്തമായ ആവശ്യമുയരുന്നത് വരെ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പിക്കേണ്ടതില്ല. ഇസ്‌ലാമിന്റെ മദീനാ കാലഘട്ടത്തില്‍ 'അവര്‍ നിന്നോടു ചോദിക്കുന്നു' (യസ്അലൂനക) എന്ന് തുടങ്ങുന്ന ഖുര്‍ആനിക സൂക്തങ്ങള്‍ അവതരിച്ചതായി കാണാം. സമരാര്‍ജിത സമ്പത്തിന്റെ വിനിയോഗം, അനാഥ സംരക്ഷണം, ചെലവഴിക്കല്‍ എന്നിവയെക്കുറിച്ചൊക്കെ ജനം ചോദിച്ചുകൊണ്ടിരുന്നു. അതിനര്‍ഥം സമൂഹമായിരുന്നു നിയമനിര്‍മ്മാണം ആവശ്യപ്പെട്ടിരുന്നത് എന്നാണ്. മറിച്ച് ഭരണകൂടം പൗരന്മാരെ പിന്തുടര്‍ന്ന് അടിച്ചേല്‍പിക്കുകയല്ല.
പ്രവാചകന്റെ കാലഘട്ടത്തില്‍ ശരീഅത്ത് ശിക്ഷ നടപ്പിലാക്കിയത് വളരെ വിരളമായിരുന്നു എന്നത് ശ്രദ്ധേയമാണ്. കുറ്റകൃത്യങ്ങള്‍ക്കുള്ള വഴികള്‍ തടഞ്ഞു കൊണ്ടാണത് സാധ്യമായത്. മുഴുവന്‍ ജനങ്ങള്‍ക്കും വിദ്യാഭ്യാസവും സുരക്ഷിതത്വവും തൊഴിലും ഉറപ്പുവരുത്തിയാല്‍ മോഷണമില്ലാതാകും. നല്ല ശിക്ഷണം നല്‍കാനും വിവാഹം നടത്തിക്കൊടുക്കാനും ഭരണകൂടത്തിനായാല്‍ ആളുകള്‍ വ്യഭിചാരത്തിലേക്ക് അടുക്കില്ല. കുറ്റകൃത്യങ്ങളുടെ അടിത്തറ തന്നെ തകര്‍ക്കുക എന്നതാണ് മുഖ്യം. മറിച്ച്, കുറ്റവാളിയെ എങ്ങനെ ശിക്ഷിക്കാം എന്നതല്ല. ജനങ്ങള്‍ പേടിക്കേണ്ട ആരാച്ചാരുടെ പേരല്ല ശരീഅത്ത്. മറിച്ച് അത് കാരുണ്യവും നീതിയും നന്മയുമാണ്. ഒരംശം പോലും അത് ശിക്ഷാനിയമങ്ങളെയല്ല പ്രതിനിധീകരിക്കുന്നത്. സമൂഹത്തെ സംരക്ഷിക്കുന്ന മതിലാണത്. നമുക്ക് ആദ്യം സമൂഹത്തെ സൃഷ്ടിക്കാം, എന്നിട്ടാവാം ചുറ്റുമതിലിനെ കുറിച്ച ചിന്തകള്‍.
അന്നഹ്ദ ഇസ്‌ലാമിക ബാങ്കുകള്‍ ആരംഭിക്കാന്‍ പോവുകയാണെന്നും പാരമ്പര്യ ബാങ്കുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നുവെന്നും കേള്‍ക്കുന്നുണ്ടല്ലോ?
സ്വാതന്ത്ര്യത്തിന്റെ മാര്‍ഗമാണ് അന്നഹ്ദ സ്വീകരിക്കുക. തുനീഷ്യയില്‍ ഇസ്‌ലാമിസ്റ്റുകളും സെക്യുലരിസ്റ്റുകളുമുണ്ട്. പള്ളിയില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്ക് അതാവാം, പള്ളിയല്ലാത്തിടത്ത് പോകേണ്ടവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഞങ്ങള്‍ ഇസ്‌ലാമിക ബാങ്കുകള്‍ തുറക്കാന്‍ പോവുകയാണ്. അതുമായി ഇടപാട് നടത്താനാഗ്രഹിക്കുന്നവര്‍ക്ക് സ്വാഗതം. മറ്റ് ബാങ്കുകളില്‍ സമീപിക്കേണ്ടവര്‍ക്ക് അതിനും സ്വാതന്ത്ര്യമുണ്ട്. ഇസ്‌ലാമും അല്ലാത്തതും തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കപ്പെട്ടാല്‍ അവര്‍ ഇസ്‌ലാം തെരഞ്ഞെടുക്കുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ട്. കാരണം, ഇസ്‌ലാം പ്രകൃതി മതമാണ്. മുസ്‌ലിംകളല്ലാത്തവരെ പോലും ആകര്‍ഷിക്കാന്‍ ഇസ്‌ലാമിക ബാങ്കുകള്‍ക്ക് സാധിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് നന്മ കൊണ്ടുവരിക എന്നതാണ് ഇസ്‌ലാമിക സംവിധാനങ്ങളുടെ ലക്ഷ്യം.
വിപ്ലവാനന്തരം ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലെത്തുന്നതാണല്ലോ എല്ലാ നാടുകളിലും കാണുന്നത് ?
അത് സ്വാഭാവികം മാത്രമാണ്. ജനങ്ങള്‍ ഇസ്‌ലാമിസ്റ്റുകളെ തെരഞ്ഞെടുത്തില്ലെങ്കില്‍, അവര്‍ക്കും തെരഞ്ഞെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തിനുമിടക്ക് എന്തോ തടസ്സമുണ്ടെന്നാണര്‍ഥം. അതുകൊണ്ടാണ് സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള ആദ്യ അവസരത്തില്‍ തന്നെ അവര്‍ ഇസ്‌ലാമിസ്റ്റുകളെ തെരഞ്ഞെടുക്കുന്നത്. ഇത്രയും കാലം ഭരണകൂടം അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അനുവദിക്കാതെ പേടിപ്പിച്ച് നിര്‍ത്തുകയായിരുന്നു. സമൂഹം ഇസ്‌ലാമിസ്റ്റുകളല്ലാത്തവരെ തെരഞ്ഞെടുത്താല്‍, അതിനു കാരണം ഒന്നുകില്‍ ഇസ്‌ലാം അവരുടെ മുന്നില്‍ കൃത്യമായി സമര്‍പ്പിക്കപ്പെട്ടിട്ടില്ല എന്നതാണ്. ഇത്തരം സന്ദര്‍ഭത്തില്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
ഇസ്‌ലാമിനെ തെറ്റായി അവതരിപ്പിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാതിരിക്കുന്നതുമാണ് മറ്റൊരു കാരണം. ഉദാഹരണത്തിന്, ഏകാധിപത്യത്തിനു കീഴില്‍ കഴിയുന്ന ജനതയുടെ ഏറ്റവും വലിയ പ്രശ്‌നമാണ് സ്വാതന്ത്ര്യം എന്ന് മനസ്സിലാക്കാതെയാണ് പുതിയ പ്രശ്‌നങ്ങളുയര്‍ത്തുക. ദീനിന്റെ ആളുകളായതുകൊണ്ടു മാത്രം തങ്ങള്‍ ഭരിക്കാന്‍ യോഗ്യരാണെന്ന് ഇസ്‌ലാമിസ്റ്റുകള്‍ തെറ്റിദ്ധരിക്കരുത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മൗലികമായ പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയുമ്പോഴാണ് അവരതിന് അര്‍ഹരാവുന്നത്. അതിനു സാധിക്കുന്നത് സെക്യുലരിസ്റ്റുകള്‍ക്കാണെങ്കില്‍ ജനങ്ങള്‍ അവര്‍ക്ക് വോട്ടു ചെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറിയ ഈജിപ്ത്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ വല്ല കോര്‍ഡിനേഷനുമുണ്ടോ?
തീര്‍ച്ചയായും. ഞങ്ങളെല്ലാം ഒരേ പാഠശാലയിലെ സഹപാഠികളാണ്. 'ഇസ്‌ലാമിക മിതവാദ പാഠശാല' എന്നാണ് ശൈഖ് യൂസുഫുല്‍ ഖറദാവി അതിനെ കുറിച്ച് പറഞ്ഞത്. നാടുകളും പാര്‍ട്ടികളും വ്യത്യാസമുണ്ടെങ്കിലും അടിസ്ഥാനപരമായി എല്ലാം ഒന്നാണ്.
തുര്‍ക്കി പരീക്ഷണം തുനീഷ്യയില്‍ എത്രത്തോളം ഫലവത്താണ്?
തുര്‍ക്കിയിലെ അനുഭവങ്ങള്‍ പ്രധാനമാണ്. ഞങ്ങളുടേതിന് സമാനവുമാണ്. ഞങ്ങള്‍ പരസ്പരം സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. അവരുടെ ഏഴു പുസ്തകങ്ങള്‍ അറബിയിലേക്കും എന്റെ പുസ്തകം തുര്‍ക്കി ഭാഷയിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. അവിടെ എന്റെ പുസ്തകം തുനീഷ്യയിലേതിനേക്കാള്‍ പ്രശസ്തമാണ്. ഇരു രാജ്യങ്ങളും തമ്മിലെ ചരിത്രപരമായ സാമ്യതകള്‍ പരസ്പര കൈമാറ്റം അനിവാര്യമാക്കുന്നു.
സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന സിറിയന്‍ പ്രക്ഷോഭത്തെക്കുറിച്ച് താങ്കളെന്തു പറയുന്നു?
22 വര്‍ഷം നീണ്ട പ്രവാസത്തിനു ശേഷമാണ് ഞങ്ങള്‍ തുനീഷ്യയില്‍ തിരിച്ചെത്തിയത് എന്നത് എല്ലാ പീഡിത സമൂഹങ്ങള്‍ക്കും ശുഭപ്രതീക്ഷക്ക് വകനല്‍കുന്നതാണ്. വിജയം വിദൂരത്തല്ല എന്നും വിജയവഴിയില്‍ സഹനം അനിവാര്യമാണ് എന്നുമാണ് അത് നല്‍കുന്ന സന്ദേശം. ദമസ്‌കസും സ്വതന്ത്രമാകും എന്നു തന്നെയാണ് എന്റെ ഉറച്ച വിശ്വാസം.
വിവര്‍ത്തനം: നാജി ദോഹ
[email protected]
Comments