തുനീഷ്യ, ഈജിപ്ത് വിപ്ലവത്തിലേക്കുള്ള മുന്നൊരുക്കങ്ങള്‍
ത്വാരിഖ് അത്വയ്യിബ് മുഹമ്മദ് അബൂ അസീസി(29 മാര്‍ച്ച് 1984- 2 ജനുവരി 2011) തന്റെ ജീവിതായോധനോപാധിയായ പച്ചക്കറി ഉന്തുവണ്ടി പിടിച്ചെടുത്ത സീദീ ബൂസൈദ് നഗരസഭാധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തിയപ്പോള്‍ നടന്ന പ്രതിഷേധ പ്രകടനത്തിലെ ആദ്യത്തെ തീപ്പൊരിയായിരുന്നു 'ദെഗേഷ്' എന്ന മുദ്രാവാക്യം. ദെഗേഷ് എന്നാല്‍ 'ഇറങ്ങിപ്പോ' എന്നര്‍ഥം. ജനമധ്യത്തില്‍ വെച്ച് തന്റെ മുഖത്തടിച്ച മുന്‍സിപ്പാലിറ്റി ഇന്‍സ്‌പെക്ടര്‍ ഫാദിയ ഹംദിക്കെതിരെ നഗരസഭയില്‍ ബൂഅസീസി പരാതിപ്പെടാന്‍ തുനിഞ്ഞപ്പോള്‍ അത് തള്ളപ്പെടുകയായിരുന്നു. നഗരസഭാ പരിശോധക അന്ന് ബൂഅസീസിയോട് പറഞ്ഞതും ഇതേ വാക്കുതന്നെയായിരുന്നു- Wagege അഥവാ 'പോ(ടാ)'. പ്രസിഡന്റ് സൈനുല്‍ ആബിദീനെതിരെ പ്രക്ഷോഭം നയിച്ചവരും തെരുവില്‍ അതേ വാക്ക് ആവര്‍ത്തിക്കുകയായിരുന്നു. അധികാരം വിട്ടുപോകാനുള്ള ഇതേ വാക്ക് (ഇര്‍ഹല്‍) പിന്നീട് പ്രക്ഷോഭം നടന്ന എല്ലാ അറബിത്തെരുവുകളിലും ആവര്‍ത്തിക്കപ്പെട്ടു.
പ്രതിഷേധ പ്രകടനങ്ങള്‍ ഒരു മാസം പിന്നിട്ടതോടെ തുനീഷ്യന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി 23 വര്‍ഷത്തെ അധികാരമൊഴിഞ്ഞ് സുഊദി അറേബ്യയില്‍ അഭയം തേടി. 'മുഹമ്മദുല്‍ ബൂ അസീസി' പ്രതിഭാസത്തെക്കുറിച്ച് വിസ്തരിക്കാന്‍ സന്ദര്‍ഭമില്ലെങ്കിലും ബൂ അസീസിയുടെ സ്മരണ നിലനിര്‍ത്താന്‍ ഒരു പ്രതിമ നിര്‍മിക്കുന്നതാണെന്ന് 2011 ഫെബ്രുവരി 4-ന് പാരിസ് മേയര്‍ ബര്‍ട്രന്റ് ഡിലാനോ നടത്തിയ പ്രഖ്യാപനം ഇവിടെ അനുസ്മരിക്കുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു. പാരീസിലെ സ്റ്റേഡിയങ്ങളിലൊന്നിന് 'അല്‍ബൂഅസീസി' എന്ന് നാമകരണം ചെയ്യാന്‍ താന്‍ ശ്രമിക്കുന്നതാണെന്നും അദ്ദേഹം പ്രഖ്യാപിക്കുയുണ്ടായി. ''കാരണം, ജനാധിപത്യത്തിനും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള തുനീഷ്യയിലെ പോരാട്ടത്തിന്റെ പ്രതീകമാണ് ഈ യുവാവ്'' അദ്ദേഹം പറഞ്ഞു. പ്രകടനങ്ങള്‍ ഈജിപ്ത്, ലിബിയ, യമന്‍, സിറിയ, ബഹ്‌റൈന്‍ തുടങ്ങി ഇതര അറബ് നാടുകളിലേക്കും വ്യാപിച്ചു. 'അറബ് വസന്തം' എന്ന് നാമകരണം ചെയ്യപ്പെട്ട ഈ പ്രതിഭാസത്തിന്റെ അനുരണങ്ങള്‍ പുട്ടിനെതിരെ നടന്ന പ്രകടനങ്ങളില്‍ റഷ്യയില്‍ പോലും ആവര്‍ത്തിക്കപ്പെട്ടു.
തുനീഷ്യ: ഇസ്‌ലാമിസ്റ്റുകള്‍
അധികാരത്തിലേക്ക്
1956-ല്‍ ഫ്രഞ്ച് അധിനിവേശാനന്തരം തുനീഷ്യയില്‍ അധികാരമേറ്റെടുത്ത ഭരണകൂടവുമായുള്ള സംഘട്ടനത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഒരുപാട് കഷ്ടതകള്‍ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. പ്രസ്ഥാനത്തിന്റെ ഉന്മൂലനാര്‍ഥം തടവും വധശിക്ഷയും നാടുകടത്തലുമടക്കം എല്ലാവിധ പീഡനങ്ങളും ഭരണകൂടം അഴിച്ചുവിട്ടു. 'ഉറവ വറ്റിക്കുന്ന നയം' എന്നാണ് പില്‍ക്കാലത്ത് ഇത് അറിയപ്പെട്ടത്. ഇസ്‌ലാമിക വിധികളോട് ശത്രുത പുലര്‍ത്തിയ ഏകാധിപതിയായ പ്രസിഡന്റ് ബൂറഖീബയുടെ കാലം മുതല്‍ ഈ പീഡനമുറകള്‍ ആരംഭിക്കുന്നു. ബൂറഖീബ സര്‍ക്കാര്‍ അന്നഹ്ദ പ്രസ്ഥാന നേതാക്കളെ വധിക്കാനും പ്രസ്ഥാന നേതാവായ റാശിദുല്‍ ഗനൂശിയെ ജീവപര്യന്തം കഠിന തടവിന് വിധേയനാക്കാനും ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. പിന്നീട് 1987-ല്‍ അധികാരത്തിലെത്തിയ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ കാലത്തും പീഡനങ്ങള്‍ തുടര്‍ന്നു. അധികാരത്തില്‍ തുടരാന്‍ ഇസ്‌ലാമിക ഭീഷണിക്കെതിരിലുള്ള യുദ്ധം എന്ന മുദ്രാവാക്യമാണ് ബിന്‍ അലി സ്വീകരിച്ചത്. ഇസ്‌ലാമിക പ്രസ്ഥാനത്തെ പല വണ ബിന് അലി കടന്നാക്രമിക്കുകയുണ്ടായി. 1989-ല്‍ അന്നഹ്ദ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. ഭരണകൂടം സമ്മതിച്ച കണക്ക് പ്രകാരം തന്നെ 20 ശതമാനം വോട്ടുകള്‍ അവര്‍ നേടി. ഇത് പ്രസ്ഥാനത്തെ ബിന്‍ അലിയുടെ പ്രതിയോഗിയാക്കി മാറ്റി. പ്രസ്ഥാനം നിയമപരമായ അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിക്കുകയും അധികാരികള്‍ അത് തള്ളിക്കളയുകയും ചെയ്തതോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചു. 1991 മേയില്‍ ഭരണം അട്ടിമറിക്കാനും പ്രസിഡന്റ് ബിന്‍ അലിയെ വധിക്കാനുമുള്ള ഗൂഢാലോചന തകര്‍ത്തതായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. തുടര്‍ന്ന് നടന്ന വ്യാപകമായ വേട്ടയില്‍ അറസ്റ്റുചെയ്യപ്പെട്ട അന്നഹ്ദ പ്രവര്‍ത്തകരുടെ എണ്ണം 1992 ആഗസ്റ്റില്‍ എട്ടായിരത്തോളമെത്തി. നേതാക്കളും അംഗങ്ങളുമായി 256 പേര്‍ക്ക് കോടതി വിധിച്ച ശിക്ഷകളില്‍ ജീവപര്യന്തം തടവു വരെ ഉണ്ടായിരുന്നു. എന്നിട്ടും, വേട്ടയും അറസ്റ്റും നിലച്ചില്ല. ഇസ്‌ലാമിസ്റ്റുകളെ വേട്ടയാടലും സമൂഹത്തിലെ എല്ലാ മതചിഹ്നങ്ങള്‍ക്കുമെതിരെ യുദ്ധം നയിക്കലും മാത്രമാണ് സര്‍ക്കാറിന്റെ ദൗത്യമെന്ന പ്രതീതി ജനിപ്പിക്കുന്നതായിരുന്നു നടപടികള്‍.
അന്നഹ്ദയുടെ ധൈഷണിക
സ്രോതസ്സുകള്‍
കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളുടെ ഒടുവിലാണ് തുനീഷ്യയില്‍ ഇസ്‌ലാമിക പ്രസ്ഥാനം ജന്മംകൊള്ളുന്നത്. ഈജിപ്തിലെ അല്‍ഇഖ്‌വാനുല്‍ മുസ്‌ലിമൂനി(മുസ്‌ലിം ബ്രദര്‍ ഹുഡ്)ല്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും അതിന്റെ സ്ഥാപകനായ ഹസനുല്‍ ബന്നയുടെ ചിന്തകള്‍ ആധാരമാക്കിയിട്ടുമായിരുന്നു പ്രസ്ഥാനം രംഗത്തുവരുന്നത്. തുര്‍ക്കിയില്‍ കമാല്‍ പാഷ ചെയ്ത മാതൃകയില്‍ ഇസ്‌ലാമിക തുനീഷ്യയെ മതേതര തുനീഷ്യയാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഹബീബ് ബൂറഖീബയുടെ നടപടികള്‍ക്കെതിരെയുള്ള തിരിച്ചടിയായിരുന്നു അത്. എണ്‍പതുകളുടെ തുടക്കം വരെ ഭരണകൂടവും ഇസ്‌ലാമിക പ്രസ്ഥാനവും തമ്മില്‍ സഹവര്‍ത്തിത്വം നിലനിന്നിരുന്നു. എണ്‍പതുകളോടെയാണ് പ്രസ്ഥാനം രാഷ്ട്രീയോന്മുഖമായത്. അതുവരെ, അതേ കാലഘട്ടത്തില്‍തന്നെ ജന്മം കൊണ്ട തബ്‌ലീഗ് ജമാഅത്തിന് സമാന്തരമായിട്ടായിരുന്നു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനം.
റാശിദുല്‍ ഗനൂശി ഒരു പ്രസ്താവനയില്‍ പറയുകയുണ്ടായി. 'തുനീഷ്യന്‍ തെരുവിനെ ഇളക്കിവിട്ടത് ഒരു പാര്‍ട്ടിയുമല്ലെന്ന് തുനീഷ്യന്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച ഏവര്‍ക്കും ബോധ്യമായിരുന്നു. ഈ ജനലക്ഷങ്ങളെ ഇളക്കിവിടാനുള്ള ശക്തി ഒരു പാര്‍ട്ടിക്കുമുണ്ടായിരുന്നില്ല; ഇസ്‌ലാമിസ്റ്റുകള്‍ക്കുമില്ല, മറ്റുള്ളവര്‍ക്കുമില്ല.'
സംഭവിച്ചത് കെട്ടിനിര്‍ത്തപ്പെട്ട രോഷത്തിന്റെ ഒരു സ്‌ഫോടനമായിരുന്നു. ബിന്‍ അലി ഭരണകൂടത്തിന്റെ പീഡന ഫലമായുണ്ടായ സ്‌ഫോടനം. ബൂഅസീസി സംഭവം വെടിമരുന്നറക്ക് തീ കൊളുത്തിയ ഒരു തീപ്പെട്ടിക്കോല്‍ മാത്രമായിരുന്നു.
ഗനൂശിയുടെ മടക്കം
ബിന്‍ അലി രാജ്യം വിട്ടപ്പോള്‍ ശൈഖ് ഗനൂശി തുനീഷ്യയില്‍ തിരിച്ചെത്തി; 1989 മുതല്‍ നീണ്ട 22 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം. അദ്ദേഹത്തിന് ലഭിച്ച ഊഷ്മളമായ സ്വീകരണം ഇസ്‌ലാമിക പ്രസ്ഥാനം രാജ്യത്തിന്റെ കടിഞ്ഞാണ്‍ കൈയേന്താന്‍ പോവുകയാണെന്നതിന്റെ ലക്ഷണമായിരുന്നു. താന്‍ പ്രസിഡന്റ് പദം ഏറ്റെടുക്കാനാഗ്രഹിക്കുന്നില്ലെന്ന പ്രസ്താവനയിലൂടെ അന്നഹ്ദയുടെ വിജയത്തിന് ശക്തിപകരുകയായിരുന്നു ഗനൂശി. 'അല്ലാഹു അക്ബര്‍' എന്ന് മുദ്രാവാക്യം മുഴക്കിയ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വിപ്ലവം തുടരാനും ജനാധിപത്യവും നീതിയും സമത്വവും സാക്ഷാത്കരിച്ചുകൊണ്ട് അതിനെ സംരക്ഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ജനാധിപത്യത്തോട് പ്രതിബദ്ധത പുലര്‍ത്തിക്കൊണ്ട് തുര്‍ക്കി ഭരിക്കുന്ന ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി സ്വീകരിച്ച ആദര്‍ശമാണ് തങ്ങള്‍ അവലംബിക്കുക എന്ന് അന്നഹ്ദ ഉറപ്പു നല്‍കിയത് തുനീഷ്യന്‍ ജനതയെ ഒട്ടൊന്നുമല്ല സമാധാനിപ്പിച്ചത്. ''രക്തസാക്ഷികളുടെ രക്തമാണ് നാടിനെ മോചിപ്പിക്കുകയും ഈ രാജ്യത്തെ ആയിരങ്ങളെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരികയും ഒറ്റപ്പെട്ടവര്‍ക്ക് വാതായനങ്ങള്‍ തുറന്നുകൊടുക്കുകയും ചെയ്തത്'' എന്ന് തിങ്ങിനിറഞ്ഞ ശ്രോതാക്കളോട് ഗനൂശി പറഞ്ഞു. ''20 വര്‍ഷത്തിനു ശേഷം ഞാന്‍ മടങ്ങിവന്നിരിക്കുന്നു. ജന്മനാട്ടിലേക്കും കുടുംബത്തിലേക്കും തിരിച്ചുവരിക എന്നത് എന്റെ അവകാശമാണ്. വ്യക്തിപരമായി എന്തെങ്കിലും സ്ഥാനപദവികള്‍ ഞാന്‍ സ്വപ്നം കാണുന്നില്ല. ശോഭനമായ സ്വതന്ത്ര തുനീഷ്യ- അത് മാത്രമാണ് എന്റെ സ്വപ്നം.'' ബലപ്രയോഗത്തിനു നിമയസാധുത ഉണ്ടായിരുന്നെങ്കില്‍ ദൈവം തന്നെ അത് നടപ്പിലാക്കുമായിരുന്നു. എന്നാല്‍, സ്വതന്ത്രനായാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. ആര്‍ക്കും അവന്‍ ബലാല്‍ക്കാരത്തിന് നിയമസാധുത നല്‍കിയിട്ടില്ല. 'മതത്തില്‍ ബലാല്‍ക്കാരമില്ല' (ഖുര്‍ആന്‍: അല്‍ബഖറ 256). മതത്തില്‍ തന്നെ ബലാല്‍ക്കാരം നിയമവിരുദ്ധമാണെങ്കില്‍ രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവുമായ തെരഞ്ഞെടുപ്പുകളിലും പ്രവര്‍ത്തനങ്ങളിലും പിന്നെ എന്തുകൊണ്ടു പാടില്ലെന്ന് പറയേണ്ടതില്ല. ജനം യഥാര്‍ഥവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പുകളിലൂടെ, അല്ലെങ്കില്‍ റഫറണ്ടത്തിലൂടെ ഒരു കാര്യം തീരുമാനിച്ചാല്‍ മറ്റൊന്നും അവരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല. അതിനാല്‍ എന്തുകൊണ്ട് പല പ്രശ്‌നങ്ങളിലും ജനഹിത പരിശോധന നടത്തിക്കൂടാ? ഭരണകക്ഷിയായ തജമ്മുഅ് പാര്‍ട്ടി (കോണ്‍സ്റ്റിറ്റിയൂഷനല്‍ ഡമോക്രാറ്റിക് റാലി) നിരോധിക്കണമോ നിര്‍ത്തണമോ എന്നത് പോലെ.''
ഗനൂശിക്ക് നല്‍കപ്പെട്ട സ്വീകരണത്തില്‍ അദ്ദേഹം ഇത്രകൂടി പറയുകയുണ്ടായി. ഇസ്‌ലാം അന്നഹ്ദ പാര്‍ട്ടിയുടെ കുത്തകാവകാശത്തിനു കീഴിലല്ല. ഇസ്‌ലാം സ്ത്രീകളുടെയോ പുരുഷന്മാരുടെയോ ഒരവകാശവും വെട്ടിക്കുറക്കുന്നില്ല. കൂടുതല്‍ അവകാശങ്ങള്‍ നല്‍കുകയാണ്. ഓരോരുത്തരുടെയും അവകാശം അത് വകവെച്ചു കൊടുക്കുന്നു. ദേശീയ സമവായത്തിലൂടെയല്ലാതെ ജനാധിപത്യം സാക്ഷാത്കരിക്കാന്‍ സാധിക്കുകയില്ല. ജനാധിപത്യത്തിലൂടെയും നീതിയിലൂടെയുമല്ലാതെ വികസനം സാധിതമാവുകയില്ല... തുനീഷ്യയുടെ ഭാവി ശോഭനമാണെന്ന വിഷയത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. ഏകാധിപത്യ ശക്തികള്‍ക്കും അവരുടെ അവശിഷ്ടങ്ങള്‍ക്കുമിടയില്‍ നിങ്ങള്‍ ഒറ്റക്കെട്ടായി ഐക്യദാര്‍ഢ്യം പുലര്‍ത്തുക.''
തുനീഷ്യന്‍ ആസ്ഥാനത്തിന്റെ പ്രാന്ത മേഖലയില്‍ ചേര്‍ന്ന ഒരു സമ്മേളനത്തില്‍, അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിയമാനുസൃത പങ്കാളിത്തത്തിനായി തന്റെ പാര്‍ട്ടിയെ (ഭരണഘടനയുടെ താല്‍പര്യങ്ങള്‍ക്ക് വിധേയമായ നിയമാനുസൃത പാര്‍ട്ടി)യാക്കാനും നേതൃത്വം യുവാക്കള്‍ക്ക് കൈമാറാനും ആഗ്രഹിക്കുന്നതായും ഗനൂശി പറഞ്ഞു.
തെരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി പദം ഏറ്റെടുത്ത ഹമാദി അല്‍ ജബാലി എഴുപതുകളിലും എണ്‍പതുകളിലും സ്വീകരിച്ച സമീപനം പ്രസ്ഥാനം ഇനി ആവര്‍ത്തിക്കുകയില്ലെന്ന് സൂചിപ്പിക്കുകയുണ്ടായി. വരുംകാലങ്ങളില്‍ തുനീഷ്യന്‍ സമൂഹത്തിലെ ഇതര ഘടകങ്ങളുമായി യോജിച്ചും സഹവര്‍ത്തിച്ചും കൊണ്ടുള്ള നയമായിരിക്കും പാര്‍ട്ടി സ്വീകരിക്കുക എന്ന് അദ്ദേഹം വ്യക്തമാക്കി.
അന്നഹ്ദയുടെ പ്രമുഖ പ്രവര്‍ത്തകനായ മുഹമ്മദ് അബ്ബാസി പറഞ്ഞത് ഇങ്ങനെയാണ്. ''ഒരു ഇസ്‌ലാമിക രാഷ്ട്രമല്ല ഞങ്ങളുടെ ഉന്നം; ഒരു ജനാധിപത്യ രാഷ്ട്രമാണ്. ജനാധിപത്യത്തിന്റെ അഭാവത്തില്‍ ഞങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ക്ക് കൈയും കണക്കുമില്ല.''
തെരഞ്ഞെടുപ്പ് പ്രകടനപത്രിക
2011 സെപ്റ്റംബറില്‍ 'ഞങ്ങള്‍ ആഗ്രഹിക്കുന്ന തുനീഷ്യ' എന്ന മുദ്രാവാക്യമുയര്‍ത്തി 'നീതിയലധിഷ്ഠിതമായ സ്വതന്ത്ര വികസിത തുനീഷ്യ'യെ ലക്ഷ്യംവെച്ച് പാര്‍ട്ടി അതിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. അതിന്റെ മുഖവുരയില്‍ ഇങ്ങനെ പറയുന്നു: ''ഒന്നര നൂറ്റാണ്ടിലേറെയായി രാജ്യത്തിന്റെ സാംസ്‌കാരിക നാഗരിക പ്രയാണം പിന്തുടരുന്ന ഒരാള്‍ക്ക് ജനങ്ങള്‍ക്കിടയിലും ഭരണ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ ബുദ്ധിജീവികള്‍ക്കിടയിലും ത്രിമാന തലത്തിലുള്ള ഒരു ബോധം കാണാന്‍ സാധിക്കും. പടിഞ്ഞാറന്‍ സമൂഹങ്ങള്‍ സാക്ഷാത്കരിച്ച പുരോഗതിയും സമൃദ്ധിയും ശക്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്ന നാഗരിക പിന്നാക്കാവസ്ഥയെക്കുറിച്ച ബോധമാണ് ഒന്ന്. മിഥ്യാധാരണകളില്‍ നിന്നുള്ള ധൈഷണിക മോചനവും ഏകാധിപത്യത്തില്‍നിന്നുള്ള മോചനവുമാണ് പടിഞ്ഞാറിന്റെ പുരോഗതിക്കടിസ്ഥാനം. ആധുനിക ശാസ്ത്രവിജ്ഞാനവും സാങ്കേതിക വിദ്യകളും നേടിക്കൊണ്ട് ഭരണ-രാഷ്ട്രീയ വികാസം സാധിച്ചു. ഈ വിടവ് നികത്തിയെടുക്കാന്‍ പരമാവധി ശ്രമിക്കേണ്ടതുണ്ടെന്ന ബോധമാണ് രണ്ടാമത്തേത്. ഇങ്ങനെ മാത്രമേ ഏകാധിപത്യത്തിന്റെ ഭീഷണി തടുത്ത് ഉല്‍പാദനോപാധികള്‍ വികസിപ്പിക്കാനും സമൃദ്ധി നേടിയെടുക്കാനും സാധിക്കുകയുള്ളൂ. സാംസ്‌കാരികവും മൂല്യനിഷ്ഠവുമായ ആധാരമായിരിക്കാനുള്ള ഇസ്‌ലാമിന്റെയും ഇസ്‌ലാമിക പൈതൃകത്തിന്റെയും പര്യാപ്തിയെക്കുറിച്ചുള്ള ദൃഢബോധ്യമാണ് മൂന്നാമത്തേത്. പുതിയ ചിന്തകളിലൂടെ(ഇജ്തിഹാദ്)യും കാലിക പ്രശ്‌നങ്ങളിലും സമകാലിക വിജ്ഞാനീയങ്ങളിലും സംവാദം ത്വരിപ്പിച്ചുകൊണ്ടും ഈ ആധുനീകരണ പരിഷ്‌കരണ പദ്ധതിക്ക് ആരൂഢം പണിയാന്‍ ഇസ്‌ലാമിന് സാധിക്കുമെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. ഞങ്ങളുടെ പരിഷ്‌കരണ പദ്ധതിയുടെ സംഗ്രഹം ഇതാണ്.''
ക്രി. 1876-ല്‍ പ്രസിദ്ധീകരിച്ച, മുസ്‌ലിം പരിഷ്‌കര്‍ത്താവായ ഖൈറുദ്ദീന്‍ അത്തൂനിസിയുടെ അഖ്‌വമുല്‍ മസാലിക് ഫീ മഅ്‌രിഫതില്‍ മമാലിക് എന്ന പുസ്തകത്തില്‍ വന്നിട്ടുള്ളതും ഇസ്‌ലാമിക ലോകം പ്രയോജനപ്പെടുത്തിയിട്ടില്ലാത്തതുമായ വിവരണങ്ങളുടെ സംഗ്രഹമാണ് വാസ്തവത്തില്‍ മുകളിലുദ്ധരിച്ച മുഖവുര.
'മതം ഇസ്‌ലാമും ഭാഷ അറബിയും വ്യവസ്ഥ ജനാധിപത്യവുമായ സ്വതന്ത്ര സ്വാശ്രയ രാജ്യമാണ് തുനീഷ്യ' എന്നതാണ് അന്നഹ്ദയുടെ പ്രകടന പത്രികയിലെ കേന്ദ്രാശയം. പ്രയോജനകരമെന്ന് സ്ഥാപിക്കപ്പെട്ട എല്ലാ മനുഷ്യാനുഭവങ്ങളോടും നവചിന്ത(ഇജ്തിഹാദ്)കളിലൂടെ സംവദിക്കുന്ന ഏറ്റവും ഉയര്‍ന്ന തലത്തില്‍ മധ്യമ നിലപാട് പുലര്‍ത്തുന്ന ആധികാരിക കേന്ദ്രം എന്ന നിലക്കാണ് ഇസ്‌ലാം ഇവിടെ പരിഗണിക്കപ്പെടുന്നത്.
''ജീവത്തായ എല്ലാ ഭാഷകളോടും വിശിഷ്യാ കിഴക്കും പടിഞ്ഞാറും ആധുനിക വിജ്ഞാനീയങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെട്ട ഭാഷകളോടും സാംസ്‌കാരിക തലത്തില്‍ സന്ധിക്കുകയും സംവദിക്കുകയും ചെയ്യുന്ന ഭാഷ'' എന്ന നിലക്കാണ് അറബിഭാഷക്കും സാഹിത്യത്തിനുമുള്ള സ്ഥാനം.
''ജനാധിപത്യ വ്യവസ്ഥ രാജ്യത്തിന്റെ സമ്പത്ത് പൊതുജന നന്മക്കായി വിനിയോഗിക്കുന്നതില്‍ ഏറെ ഉറപ്പ് നല്‍കുന്നു. തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മാന്യമായ ജീവിത സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ഏറ്റവും കൂടുതല്‍ പര്യാപ്തമാണ് ജനാധിപത്യ വ്യവസ്ഥ. വര്‍ണ-വര്‍ഗ-വിശ്വാസ ഭേദമന്യേ, സാമ്പത്തിക ഉച്ചനീചത്വങ്ങളില്ലാതെ അത് മനുഷ്യാവകാശങ്ങളെ മാനിക്കുന്നു. സമത്വത്തിലും വിദ്യാഭ്യാസം, തൊഴില്‍,പൊതുജീവിത പങ്കാളിത്തം എന്നിവയിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ജനാധിപത്യം ഉറപ്പ് നല്‍കുന്നു.'' ഇതാണ് ജനാധിപത്യ വ്യവസ്ഥക്ക് പരിഗണന നല്‍കാനുള്ള കാരണം.
'ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥ' എന്ന തലക്കെട്ടില്‍ പ്രകടനപത്രികയില്‍ ഇങ്ങനെ കാണാം: വ്യക്തി സ്വേഛാധിപത്യത്തെ വേരോടെ പിഴുതെറിയുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥിതിയാണ് തുനീഷ്യന്‍ ജനതക്ക് ഞങ്ങള്‍ നിര്‍ദേശിക്കുന്നത്.
വികസന കാഴ്ചപ്പാട്
രണ്ടാം അധ്യായത്തിലെ എട്ടാം ഖണ്ഡികയാകട്ടെ സമാധാനപരമായ അധികാരക്കൈമാറ്റത്തെയും ബഹുസ്വരതയെയും ഊന്നുന്നതാണ്.
അമ്പതുവര്‍ഷത്തിലേറെ മതരഹിതമായ, അല്ല മതവിരുദ്ധം തന്നെയായ വ്യവസ്ഥക്ക് കീഴില്‍ ജീവിക്കേണ്ടിവന്ന തുനീഷ്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം ശൈഖ് റാശിദുല്‍ ഗനൂശിയുടെ പല നിലപാടുകളും ആശ്വാസം പകരുന്നതായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ തന്റെ പാര്‍ട്ടി സ്ത്രീകളുടെ മേല്‍ പര്‍ദ അടിച്ചേല്‍പിക്കുകയില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. കാരണം, ആ ദിശയിലുള്ള എല്ലാ അറബ് രാഷ്ട്രങ്ങളുടെയും ശ്രമങ്ങള്‍ പരാജയത്തിലേ കലാശിച്ചിട്ടുള്ളൂ.
തന്റെ പ്രസ്ഥാനം രൂപവത്കരിക്കുന്ന സര്‍ക്കാറില്‍ പര്‍ദ ധരിച്ചാലും ഇല്ലെങ്കിലും സ്ത്രീകള്‍ക്ക് പങ്കാളിത്തം നല്‍കുമെന്ന് ഗനൂശി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മുഹമ്മദ് സാലിം അല്‍ റാശിദ് നടത്തിയ അഭിമുഖത്തില്‍ തുനീഷ്യന്‍ ജനത അന്നഹ്ദയെ തെരഞ്ഞെടുത്തത് വിശകലനം ചെയ്യാനാവശ്യപ്പെട്ടപ്പോള്‍ ഗനൂശി പറഞ്ഞു: ''ജനങ്ങളാണ് ഭരണാധികാരികള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉചിതമായ പകരത്തെ നിര്‍ണയിക്കുന്ന ഏക ശക്തി ജനമാണ്. ഈ ഘട്ടത്തില്‍ ജനം തെരഞ്ഞെടുത്ത രാഷ്ട്രീയ ബദല്‍ അന്നഹ്ദയാണ്.'' തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് രാഷ്ട്രീയ ഭൂപടത്തില്‍ പ്രകടമായ ഫലങ്ങളെ കുറിച്ച് ഗനൂശി പറഞ്ഞതിങ്ങനെ: ''അറബ്-ഇസ്‌ലാമിക സ്വത്വത്തെ സംരക്ഷിക്കുകയോ ഈ സ്വത്വത്തോട് ശത്രുത പുലര്‍ത്താതിരിക്കുകയോ ചെയ്ത പാര്‍ട്ടികളിലും ജനം വിശ്വാസമര്‍പ്പിക്കുകയുണ്ടായി. ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ ഭീതി സൃഷ്ടിച്ചുകൊണ്ട് ബിന്‍ അലി പാരമ്പര്യത്തെ സംരക്ഷിക്കാന്‍ തുനിഞ്ഞ കക്ഷികളെ ശിക്ഷിക്കുകയും ചെയ്തു ജനം.''
ടൂറിസത്തെ ആശ്രയിക്കുന്ന തുനീഷ്യയുടെ സാമ്പത്തിക ഭാവിയെക്കുറിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ സാമ്പത്തിക പരിപാടിയില്‍ യൂറോപ്യന്‍ യൂനിയനുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചതിനെ അനുസ്മരിച്ചുകൊണ്ട് ഗനൂശി പറഞ്ഞു: ''ഏഷ്യയിലെയും അമേരിക്കയിലെയും ആഗോള സാമ്പത്തികശക്തികളെ കൂടി ഉള്‍പ്പെടുത്തി ഈ പങ്കാളിത്തം വൈവിധ്യവത്കരിക്കേണ്ടതുണ്ട്. ഇതിലേക്ക് പശ്ചിമ അറേബ്യ(മഗ്‌രിബി)യിലെ ഞങ്ങളുടെ സഹോദരങ്ങളെക്കൂടി, അറേബ്യന്‍ കോമണ്‍ മാര്‍ക്കറ്റ് രൂപീകരിക്കുന്നതിന്റെ പ്രഥമ ചുവടുവെപ്പായി ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇതോടൊപ്പം, ആഭ്യന്തരവും വൈദേശികവുമായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതും ആവശ്യമത്രെ... വിശിഷ്യാ ഞങ്ങളുടെ സഹോദര ഗള്‍ഫ് രാജ്യങ്ങളിലെ അറബ് മൂലധനം...''
തുനീഷ്യക്കെതിരെ വിദേശ ഉപരോധ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗനൂശി പറഞ്ഞു: ''എല്ലാ സജീവ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ഒരു ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനാണ് ഞങ്ങളുടെ ആഗ്രഹം. ലോകത്തുള്ള ജനാധിപത്യവാദികളായ ആരെങ്കിലും ഞങ്ങളുടെ ജനതയുടെ തെരഞ്ഞെടുപ്പിനെ ഉപരോധിക്കാന്‍ ഉദ്യുക്തമാകുമെന്ന് ഞാന്‍ കരുതുന്നില്ല.''
ഭാവി ഭരണഘടനയെക്കുറിച്ച് അദ്ദേഹത്തിന്റെ വിശദീകരണം ഇതായിരുന്നു: ''ഭരണഘടനക്ക് രൂപം നല്‍കുന്ന സ്ഥാപക സമിതിയില്‍ ഭരണഘടനയുടെ സ്വഭാവം തനിച്ചു നിര്‍ണയിക്കാനുള്ള ഭൂരിപക്ഷമൊന്നും ഞങ്ങള്‍ക്കില്ല. സമിതിയിലെ ഞങ്ങളുടെ പങ്കാളികളുമായി യോജിച്ചുകൊണ്ടാണ് ഭരണഘടനക്ക് ഞങ്ങള്‍ രൂപം നല്‍കുക.''
അന്നഹ്ദ നേതൃത്വം എത്രമാത്രം ഉദാരമായാണ് ചിന്തിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് മേല്‍ ഉദ്ധരണികള്‍. എന്നാല്‍, എല്ലാ കാര്യങ്ങള്‍ക്കും സ്ഥിരത കൈവന്നു എന്ന് ഇതിനര്‍ഥമില്ല. അന്നഹ്ദയുടെ പ്രവര്‍ത്തനങ്ങളൊക്കെ സുഖകരമാംവിധം വിജയകിരീടമണിയുമെന്നുമല്ല. തീര്‍ച്ചയായും പ്രതിബന്ധങ്ങളുണ്ട്.
പ്രതിബന്ധങ്ങള്‍
അന്നഹ്ദയുടെ മുമ്പിലുള്ള കടമ്പകളില്‍ ചിലത് സ്വലാഹുദ്ദീന്‍ സലീം അര്‍ഖദാന്‍ സംഗ്രഹിക്കുന്നത് ഇങ്ങനെയാണ്:
പല മുദ്രാവാക്യങ്ങളും പ്രയോഗതലത്തിലെത്തുമ്പോള്‍ മരിച്ച് മണ്ണടിയുന്നതാണ് അനുഭവം. കാരണം, നമ്മുടെ മിക്ക പ്രസ്ഥാനങ്ങളും സമരത്തിന്റെ(ജിഹാദ്)യും പരീക്ഷണത്തിന്റെയും ഘട്ടത്തില്‍, ലോക കാര്യങ്ങള്‍ കൊണ്ടുനടത്തുന്നതിനേക്കാള്‍ മതത്തിന്റെ കാവലിനാണ് മുന്‍ഗണന നല്‍കുന്നത്. അതേസമയം, ഭരണം എന്ന യാഥാര്‍ഥ്യം ചിലപ്പോഴെങ്കിലും 'മതത്തിന്റെ കാവലി'നേക്കാള്‍ ലോക കാര്യങ്ങളുടെ നടത്തിപ്പിന് മുന്‍ഗണന നല്‍കാന്‍ ആവശ്യപ്പെടുന്നതത്രെ. ഇത് അവ രണ്ടിനുമിടയില്‍ ഊനം സംഭവിക്കാനിടയാക്കുന്നു. ഇത് അന്നഹ്ദക്ക് മാത്രം ബാധകമായ വിഷയമല്ല. 'മതസംരക്ഷണ'വും ലൗകിക ഭരണവും തമ്മില്‍ എങ്ങനെ സന്തുലിതത്വം പാലിക്കണമെന്നത് കണ്ണുതുറന്ന് കാണേണ്ട ഒരു മൗലിക പ്രശ്‌നമാണ്.
അന്നഹ്ദ നേതൃത്വത്തിനുമുന്നില്‍ മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. അന്നഹ്ദ നേതൃത്വവും നിര്‍ണിതമായി പറഞ്ഞാല്‍ ഗനൂശിയുടെ നേതൃത്വവും ഇറാനിയന്‍ ഇസ്‌ലാമിക നേതൃത്വങ്ങളും ഇറാനോട് മമത പുലര്‍ത്തുന്ന ശക്തികളും തമ്മിലുള്ള അടുപ്പമാണത്. ആഗോള മുസ്‌ലിം സമൂഹത്തിന്റെ ജീവിതത്തിലെ ഈ ചരിത്രമുഹൂര്‍ത്തത്തില്‍ അത്യന്തം വൈകാരികമായ ഒരു ബിന്ദുവാണിത്. കാരണം ഇരുവശത്തും മദ്ഹബീ വിഭാഗീയതക്ക് ഊര്‍ജം പകരുന്ന അവിവേകികളുണ്ട്.''
അന്നഹ്ദ പ്രസ്ഥാനത്തിന്റെ വിജയത്തിനുമുന്നില്‍ ഭീഷണി സൃഷ്ടിക്കാനിടയുള്ള മറ്റൊരു തടസ്സം പരിഷ്‌കരണ നീക്കങ്ങള്‍ക്ക് വഴങ്ങാന്‍ മടിക്കുന്ന പ്രസ്ഥാനത്തിനകത്തുതന്നെയുള്ള വികാര ജീവികളാണ്. ധൃതിപിടിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ഒരിക്കലും മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ അനുഗുണമാകില്ല. മറിച്ച് പരിഷ്‌കരണം ഇല്ലായ്മ ചെയ്യാനാണ് അത് ഇടവരുത്തുക. അര്‍ദഖദാന്‍ തന്റെ വിശകലനം ഉപസംഹരിക്കുന്നു.
ഈജിപ്ത്: ഇസ്‌ലാമിസ്റ്റുകള്‍ 2011-ല്‍
മുസ്‌ലിം ബ്രദര്‍ഹുഡ്(അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍) ഏറ്റവും ശക്തമായ പരിഷ്‌കരണ പ്രസ്ഥാനമാണ്. മിക്ക അറബ് രാജ്യങ്ങളിലും ഏറ്റവും വലിയ പ്രതിപക്ഷമായാണ് അവര്‍ പരിഗണിക്കപ്പെടുന്നത്; ഈജിപ്തില്‍ വിശേഷിച്ചും. 1928-ല്‍ ഹസനുല്‍ ബന്ന സ്ഥാപിച്ച ഈ പ്രസ്ഥാനം പ്രതിനിധാനംചെയ്യുന്ന ചിന്താഗതി വളരെ വേഗം അറബ് നാടുകളിലുടനീളം പ്രചരിതമായി.
ലക്ഷ്യവും മാര്‍ഗവും
ഇസ്‌ലാമിക വീക്ഷണകോണിലൂടെയുള്ള രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ പരിഷ്‌കരണമാണ് സംഘടനയുടെ ലക്ഷ്യമെന്ന് അതിന്റെ നിയമാവലിയും കര്‍മപരിപാടികളും പറയുന്നു.
''സ്വന്തമായ ബറ്റാലിയനുകള്‍ ഉണ്ടാക്കി 1948-ലെ ഫലസ്ത്വീന്‍ വിമോചന പോരാട്ടത്തില്‍ സംഘടന പങ്കെടുക്കുകയുണ്ടായി. അഹ്മദ് അബ്ദുല്‍ അസീസ്, അസ്സാഗ് മഹ്മൂദ് ലബീബ്, ശൈഖ് ഫര്‍ഗലി, സഈദ് റമദാന്‍, യൂസുഫ് ത്വല്‍അ എന്നിവരുടെ നേതൃത്വത്തിലാണ് ഈജിപ്തില്‍ നിന്ന് അവര്‍ പുറപ്പെട്ടത്. സിറിയയില്‍നിന്ന് ഡോ. മുസ്ത്വഫ അസ്സിബാഇയും ജോര്‍ദാനില്‍നിന്ന് അബ്ദുല്ലത്വീഫ് അബൂഫര്‍വ, കാമില്‍ ശരീഫ് എന്നിവരും ഇറാഖില്‍നിന്ന് മുഹമ്മദ് മഹ്മൂദ് സ്വവ്വാഫും നേതൃത്വം നല്‍കി.
''ഫലസ്ത്വീന്‍ യുദ്ധത്തില്‍നിന്ന് ഇവര്‍ മടങ്ങിവന്നപ്പോള്‍ അന്നത്തെ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മഹ്മൂദ് ഫഹ്മീ നഖ്‌റാശി സംഘടനയെ നിരോധിച്ചു. മാസങ്ങള്‍ക്കുശേഷം നഖ്‌റാശിയും 1948 ഫെബ്രുവരി 12 വൈകുന്നേരം ഹസനുല്‍ ബന്നയും വധിക്കപ്പെട്ടു.''
ബ്രദര്‍ഹുഡിന്റെ ഇസ്‌ലാമിക സങ്കല്‍പം
'ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാം' എന്ന ബാനറില്‍ ചേര്‍ന്ന സംഘടനയുടെ അഞ്ചാമത് കോണ്‍ഫറന്‍സില്‍ ചെയ്ത പ്രസംഗത്തില്‍ ഹസനുല്‍ ബന്ന പറയുകയുണ്ടായി: ''വിശ്വാസവും ആരാധനയും ദേശവും പൗരത്വവും ആത്മീയതയും കര്‍മവുമൊക്കെയാണ് ഇസ്‌ലാം.''
സമുദായ പരിഷ്‌കരണത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നതാണവരുടെ ചിന്ത. അത് സലഫി പ്രബോധനമാണ്. സുന്നീ സരണിയാണ്. സൂഫി പൊരുളാണ്. രാഷ്ട്രീയ വേദിയാണ്. കായിക സംഘമാണ്. വൈജ്ഞാനിക-സാംസ്‌കാരിക ശൃംഖലയാണ്. സാമ്പത്തിക കൂട്ടായ്മയും സാമൂഹിക ചിന്തയുമാണ്. താഴെ പറയുന്ന സവിശേഷതകളാല്‍ വേര്‍തിരിഞ്ഞു നില്‍ക്കുന്നതാണ് ഇഖ്‌വാന്‍ ചിന്ത.
1. അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളില്‍ നിന്ന് അകലം പാലിക്കുക.
2. വരേണ്യ വിഭാഗങ്ങളുടെ മേല്‍ക്കോയ്മയില്‍നിന്ന് അകലം പാലിക്കുക.
3. വിഭാഗീയതകളില്‍നിന്നും കക്ഷികളില്‍നിന്നും അകലം പാലിക്കുക.
4. ചുവടുവെപ്പുകളില്‍ ക്രമാനുഗതികത്വം പാലിക്കുക.
5. പ്രദര്‍ശനാത്മകവും പ്രചാരണപരവുമായ വശങ്ങളെക്കാള്‍ പ്രത്യുല്‍പാദനപരമായ കര്‍മവശത്തില്‍ ശ്രദ്ധിക്കുക.
ഫലസ്ത്വീന്‍ സമീപനം
സംഘടനയുടെ മുന്‍ മേധാവി മഹ്ദി ആകിഫ് പറയുന്നു: ഞങ്ങളുടെ വിശുദ്ധ അറബ്-ഇസ്‌ലാമിക ഭൂമികള്‍ കൈയേറിയ ഒരു അസ്തിത്വം മാത്രമാണ് സംഘടനയുടെ ദൃഷ്ടിയില്‍ ഇസ്രയേല്‍. തലയോടുകളുടെയും രക്തത്തിന്റെയും മുകളിലാണ് അത് നിലനില്‍ക്കുന്നത്. കാലമെത്ര നീണ്ടാലും ഞങ്ങളതിനെ തുടച്ചുനീക്കുക തന്നെ ചെയ്യും.
സ്ഥാപക നേതാവായ ഹസനുല്‍ ബന്ന തന്നെ സൂചിപ്പിച്ചപ്പോലെ അവര്‍ കേവലമൊരു മതപ്രബോധന സംഘമല്ല. ഇസ്‌ലാമിനെ സംബന്ധിച്ച അവരുടെ പൊതു ധാരണ പ്രകാരം ഒരു രാഷ്ട്രീയ വേദി കൂടിയാണവര്‍. സമുദായ പരിഷ്‌കരണവും ഇസ്‌ലാമികാധ്യാപനങ്ങളുടെയും വിധികളുടെയും പ്രയോഗവത്കരണവുമായി ബന്ധപ്പെട്ടുകൊണ്ടാണ് അവര്‍ രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്നത്.
ബ്രദര്‍ഹുഡും വിപ്ലവവും
സംഘടനയുടെ അഞ്ചാമത് കോണ്‍ഫറന്‍സില്‍ കാലങ്ങള്‍ക്ക് ശേഷവും നിലനില്‍ക്കുന്ന ചില വാക്കുകള്‍ ഇമാം ബന്നപറയുകയുണ്ടായി. അന്ന് അദ്ദേഹം പറഞ്ഞുവെച്ച വാക്കുകള്‍ ഇപ്പോള്‍ എഴുതിയപോലെ വായിക്കാം. ''വിപ്ലവത്തെ സംബന്ധിച്ചാണെങ്കില്‍ ഇഖ്‌വാന്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നേ ഇല്ല. ബ്രദര്‍ഹുഡ് വിപ്ലവത്തെ അവലംബിക്കുന്നില്ല. അതിന്റെ പ്രയോജനത്തിലും ഫലങ്ങളിലും വിശ്വസിക്കുന്നുമില്ല. തീര്‍ച്ചയായും ഈജിപ്ത് ഭരിച്ച എല്ലാ ഗവണ്‍മെന്റുകളോടും ഇഖ്‌വാന്‍ തുറന്നു പറയുന്നുണ്ട്- സ്ഥിതിഗതികള്‍ ഇങ്ങനെ തന്നെ തുടരുകയും ഭരണാധികാരികള്‍ അടിയന്തരമായി പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാത്തപക്ഷം അനിവാര്യമായും വിപ്ലവത്തിലേക്കാണ് അത് നയിക്കുക എന്ന്. പക്ഷേ, ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനഫലമായിരിക്കില്ല അത്, അവരുടെ ആഹ്വാന ഫലവുമായിരിക്കില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദത്തിന്റെയും പരിഷ്‌കരണ നടപടികളിലെ ഉദാസീനതയുടെയും ഫലമായിരിക്കും അത് സംഭവിക്കുക. കാലം ചെല്ലുന്തോറും സങ്കീര്‍ണവും ഗുരുതരവുമായിക്കൊണ്ടിരിക്കുന്ന ഈ പ്രശ്‌നങ്ങള്‍ ഒരു താക്കീതായി നിലനില്‍ക്കുന്നു. അതിനാല്‍, രാജ്യത്തെ രക്ഷിക്കണമെന്നാഗ്രഹിക്കുന്നവര്‍ ഉടനെ കര്‍മനിരതരാകട്ടെ.''
ഭാവിയെ ദീര്‍ഘദര്‍ശനം ചെയ്യുംമട്ടില്‍ ബന്ന പറഞ്ഞു: ''കാലം ഒരുപാട് മഹാ സംഭവങ്ങളെ ഗര്‍ഭം ധരിച്ചു നില്‍ക്കുന്നുണ്ട്. മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്കായി കാലം അവസരം പാര്‍ത്തിരിക്കുകയാണ്. ലോകം നിങ്ങളുടെ സന്ദേശത്തിനായി കാതോര്‍ത്തിരിക്കുന്നു. ലോകത്തെ അതിന്റെ പീഡാവസ്ഥയില്‍നിന്ന് മോചിപ്പിക്കുന്ന, സന്മാര്‍ഗത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചത്തിന്റെയും സന്ദേശത്തിനു വേണ്ടി ജനതകളെയും രാഷ്ട്രങ്ങളെയും നയിക്കാനുള്ള റോള്‍ നിങ്ങള്‍ക്കായി കാലം കാത്തുവെച്ചിട്ടുണ്ട്. ദൈവവചനം ഓര്‍ക്കുക: ''ആ നാളുകള്‍ നാം ജനങ്ങള്‍ക്കിടയില്‍ കറക്കിക്കൊണ്ടിരിക്കും.'' അവര്‍ക്ക് പ്രതീക്ഷയില്ലാത്തത് ദൈവത്തില്‍നിന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. അതിനാല്‍ നിങ്ങള്‍ സുസജ്ജരാവുക. ഇന്നു തന്നെ നിങ്ങള്‍ കര്‍മനിരതരാവുക. നാളെ ഒരുവേള നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.''
പീഡനങ്ങളുടെയും തടവറകളുടെയും വധശിക്ഷയുടെയും ഒറ്റപ്പെടുത്തലുകളുടെയും നീണ്ട ആറു പതിറ്റാണ്ടുകള്‍ക്കുശേഷം, ഏതൊരു നാളിനു വേണ്ടി അവര്‍ മുന്നൊരുക്കം നടത്തിയോ ആ നാള്‍ ഇന്നിതാ ഇഖ്‌വാന്റെ മുന്നില്‍ പുലര്‍ന്നിരിക്കുന്നു.
2011 ഇഖ്‌വാന്‍ ഈജിപ്ഷ്യന്‍
ഭരണത്തിലേക്ക്
2005-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 20 ശതമാനം സീറ്റുകള്‍ നേടിയ ഇഖ്‌വാന്‍ (പാര്‍ട്ടിക്ക് നിയമപരമായ അംഗീകാരമില്ലാത്തതിനാല്‍ സ്വതന്ത്രരായും മറ്റു പാര്‍ട്ടികളുടെ ബാനറിലുമാണ് ഇഖ്‌വാന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നത്-വിവ) 2007-ല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള പരിപാടികള്‍ പ്രഖ്യാപിച്ചു. പക്ഷേ, പാര്‍ട്ടിക്ക് അന്ന് നാമകരണം ചെയ്തിരുന്നില്ല. ഹുസ്‌നി മുബാറക് അധികാരമൊഴിഞ്ഞ് അല്‍പനാളുകള്‍ക്ക് ശേഷം 2011 ഫെബ്രുവരി 21-ന് ഇഖ്‌വാന്റെ പരമോന്നതാധികാരി ഡോ. മുഹമ്മദ് ബദീഅ് മുസ്‌ലിം-ക്രിസ്ത്യന്‍ ഭേദമന്യേ എല്ലാ ഈജിപ്തുകാര്‍ക്കും വാതില്‍ തുറന്നിട്ടുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. 2011 ജൂണ്‍ ആറിന് 'ഫ്രീഡം ആന്റ് ജസ്റ്റിസ്' (ഹിസ്ബുല്‍ ഹുര്‍രിയ്യ വല്‍ അദാല) എന്ന ബാനറില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വന്നതായി പ്രഖ്യാപിക്കപ്പെട്ടു. മുഹമ്മദ് മുര്‍സി പാര്‍ട്ടിയുടെ പ്രസിഡന്റും റഫീഖ് ഹബീബ് (കോപ്റ്റ് വിഭാഗത്തില്‍ പെട്ട ക്രൈസ്തവനാണ് റഫീഖ് ഹബീബ്-വിവ), ഇസ്വാം അല്‍ അര്‍യാന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും മുഹമ്മദ് സഅദ് അല്‍ കത്താത്തിനി ജനറല്‍ സെക്രട്ടറിയായും (പകരംമറ്റൊരാള്‍ വരുന്നതുവരെ) ഉസാമ യാസീന്‍ അസി. സെക്രട്ടറിയായും മുഹമ്മദ് അല്‍ ഖല്‍താജി കയ്‌റോ ശാഖയുടെ ജനറല്‍ സെക്രട്ടറിയായും അംറ് സകീ കയ്‌റോ ശാഖയുടെ അസി.സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
എഫ്.ജെ.പിയുടെ അടിസ്ഥാന
തത്ത്വങ്ങള്‍
ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി (എഫ്.ജെ.പി)യുടെ അടിസ്ഥാന തത്ത്വങ്ങള്‍ താഴെ പറയുന്നവയാണ്:
1. ജനാധിപത്യ ഇസ്‌ലാമിക ശരീഅത്ത് തത്ത്വങ്ങളായിരിക്കും നിയമനിര്‍മാണത്തിന്റെ മുഖ്യ സ്രോതസ്സ്. നിയമങ്ങളുടെ ആവിഷ്‌കാരത്തിലും അവയുടെ പ്രയോഗവത്കരണത്തിലും നീതി സാക്ഷാത്കരിക്കുന്ന രൂപത്തിലായിരിക്കും ഇത്. അതേസമയം, അമുസ്‌ലിംകള്‍ക്ക് തങ്ങളുടെ വ്യക്തിനിയമങ്ങളില്‍ അവരുടെ നിയമവ്യവസ്ഥ ബാധകമാക്കാനുള്ള അവകാശമുണ്ടായിരിക്കും.
2. ഭരണഘടനാപരവും രാഷ്ട്രീയവുമായ പരിഷ്‌കരണങ്ങള്‍ സാക്ഷാത്കരിക്കുക. പൗരസ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുക. വിശിഷ്യാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സിവില്‍ സൊസൈറ്റികളുടെയും രൂപീകരണം. സുതാര്യവും സ്വതന്ത്രവുമായി ജനസമ്മതി നേടുന്ന ഭരണഘടന പ്രകാരം അധികാരക്കൈമാറ്റം അംഗീകരിക്കുക.
3. സമൂഹമാണ് അധികാരത്തിന്റെ സ്രോതസ്സ്. ഭരണകൂടത്തെയും തങ്ങളുടെ പ്രതിനിധികളെയും തെരഞ്ഞെടുക്കാനുള്ള അധികാരം ജനഹസ്തങ്ങളില്‍ നിക്ഷിപ്തമാണ്.
4. പ്രാദേശിക തലത്തിലും അറബ് ഇസ്‌ലാമിക മേഖലയിലും ലോകതലത്തിലുമുള്ള ഈജിപ്തിന്റെ നേതൃപരമായ റോള്‍ വീണ്ടെടുക്കുക.
ഇഖ്‌വാന്റെ കണ്‍സല്‍ട്ടേറ്റിവ് കൗണ്‍സില്‍ അംഗമായ ഡോ. ഹില്‍മി അല്‍ ജസാര്‍ പറഞ്ഞതുപോലെ സംഘടനയുടെ ചിന്തയിലെ പുതിയ ആഭിമുഖ്യങ്ങളുമായി പൊരുത്തപ്പെട്ടുകൊണ്ടാണ് എഫ്.ജെ.പി രൂപീകരണത്തിന്റെ പ്രഖ്യാപനം വന്നത്.
എ. 'ഇസ്‌ലാമാണ് പരിഹാരം' എന്ന മുദ്രാവാക്യത്തിന്‍ കീഴിലല്ല സംഘടന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക.
ബി. തെരഞ്ഞെടുക്കപ്പെടുന്ന ഒരു പാര്‍ലമെന്റും ജാഗ്രത്തായ ജുഡീഷ്യല്‍ നിരീക്ഷണവുമുള്ള ഒരു രാഷ്ട്രത്തിന്റെ നിര്‍മാണമാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
സി. പാര്‍ട്ടി എല്ലാ ഈജിപ്തുകാര്‍ക്കും പ്രവേശമുള്ള മധ്യമ പാര്‍ട്ടിയായിരിക്കും. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി എല്ലാ ദേശീയ രാഷ്ട്രീയ ശക്തികളുമായും പാര്‍ട്ടി സഹകരിക്കുന്നതാണ്.
ഡി. ജനം അംഗീകരിക്കുന്ന ഒരു ഭരണഘടന ഉള്ളിടത്തോളം മതപരം, ഭൗതികം എന്നിങ്ങനെയുള്ള വൈരുധ്യത്തിന് സ്ഥാനമില്ല.
ഇസ്‌ലാമിക സംബോധനം
2010-ലെ പൊതു തെരഞ്ഞെടുപ്പ് ഇഖ്‌വാന്‍ ബഹിഷ്‌കരിച്ചതിന്റെ തൊട്ടുടനെ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഡോ. മഹ്മൂദ് ഹുസൈന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞ ഒരു കാര്യം, സംഘടന പൊതു പ്രവര്‍ത്തനത്തില്‍ ഒരിക്കലും വ്യതിചലിക്കാത്ത ചില സുസ്ഥിത തത്ത്വങ്ങളെക്കുറിച്ചായിരുന്നു. എല്ലാറ്റിലുമുപരി സംഘടന ഈജിപ്ഷ്യന്‍ സാമൂഹിക തച്ചിന്റെ സുരക്ഷിതത്വത്തിന് പരമ പ്രാധാന്യം കല്‍പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
എന്തുകൊണ്ടാണ് സംഘടന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതെന്ന ചോദ്യത്തിന് മഹ്മൂദ് ഹുസൈന്‍ പറഞ്ഞ മറുപടി ഇതായിരുന്നു: ''ഈ വിഷയം ഞങ്ങള്‍ ചിന്തിച്ചിട്ടില്ല. ഞങ്ങള്‍ക്ക് ഒരു സ്ഥാനാര്‍ഥിയുണ്ടായിരിക്കില്ല എന്നാണ് ഇതിനര്‍ഥം. ജനങ്ങള്‍ക്ക് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് ഉറപ്പു നല്‍കുന്ന ഒരു പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികളാണ് ഇപ്പോള്‍ ഞങ്ങളുടെ പരിഗണനയിലുള്ളത്. ആര് തെരഞ്ഞെടുക്കപ്പെടണം, ആര് തെരഞ്ഞെടുക്കപ്പെടരുത് എന്നതാണ് ഇപ്പോള്‍ ഞങ്ങളുടെ ചിന്താവിഷയം'' (പാര്‍ലമെന്റില്‍ ബ്രദര്‍ ഹുഡിന് ഭൂരിപക്ഷം കിട്ടിയതിനെത്തുടര്‍ന്ന് കൂച്ച് വിലങ്ങിടാന്‍ പ്രതിയോഗിയായ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള കുത്സിത നീക്കം ഉണ്ടായപ്പോള്‍ ഈ തീരുമാനത്തില്‍നിന്ന് പിന്‍വാങ്ങുകയും ഡോ. മുര്‍സിയെ സ്ഥാനാര്‍ഥിയാക്കി വിജയിപ്പിച്ചെടുക്കുകയും ചെയ്തു- വിവ).
കൂടുതല്‍ വോട്ടുകള്‍ നേടിയെടുക്കാന്‍ നിയമപരവും രാഷ്ട്രീയവുമായ വിട്ടുവീഴ്ചകള്‍ ചെയ്യുന്നതിനെക്കുറിച്ച് അഹ്മദ് ഇസ്സുദ്ദീന്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു: ഞങ്ങള്‍ സ്വന്തം കര്‍മമാര്‍ഗം മുറുകെ പിടിക്കുന്നവരാണ്. വ്യത്യസ്ത പ്രശ്‌നങ്ങളില്‍ പൊതുതാല്‍പര്യവും ഇസ്‌ലാമും നിര്‍ണയിച്ചിട്ടുള്ള മുന്‍ഗണനാ ക്രമമനുസരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുക. വിട്ടുവീഴ്ചകളെ സംബന്ധിച്ചേടത്തോളം ഞങ്ങള്‍ക്ക് അത്തരം ശൈലികള്‍ പരിചയമില്ല. എന്നാല്‍, ഞങ്ങള്‍ ജീവിക്കുന്ന സമൂഹത്തെ ശിഥിലമാക്കുംവിധം കുഴപ്പങ്ങളുടെ പിന്നാലെ പോകുന്നവരല്ല ഞങ്ങള്‍. അതേസമയം, ഞങ്ങള്‍ ഞങ്ങളുടെ മൂല്യങ്ങളും സമുദായത്തിന്റെ അവകാശങ്ങളും മുറുകെപ്പിടിക്കും. അതിലൊന്നും ഒരു വിട്ടുവീഴ്ചയുമില്ല.
ബ്രദര്‍ഹുഡ് ജനറല്‍ സെക്രട്ടറിയുടെ ഈ നിലപാട് ഇവിടെ എടുത്തോതിയത് വിപ്ലവ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരത്തെ ഉദ്ധരിച്ച ഹസനുല്‍ ബന്നയുടെ വാക്കുകളില്‍ സൂചിപ്പിച്ചപോലെ ബ്രദര്‍ഹുഡ് അരാജകശൈലികള്‍ സ്വീകരിക്കുകയില്ല എന്ന് ഊന്നിപ്പറയാനാണ്. ഹുസ്‌നി മുബാറക് പടിയിറങ്ങുകയും എഫ്.ജെ.പിക്ക് അംഗീകാരം ലഭിക്കുകയും തെരഞ്ഞെടുപ്പു കാമ്പയിന്‍ ആരംഭിക്കുകയും ചെയ്തപ്പോഴും ഈ നിലപാടില്‍ മാറ്റമൊന്നുമുണ്ടായില്ല. ഡിസംബര്‍ 10-ന് അല്‍ അഹ്‌റാം പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ സലഫി രാഷ്ട്രീയ പാര്‍ട്ടിയായ അന്നൂര്‍ പാര്‍ട്ടി ബ്രദര്‍ഹുഡുമായി സഖ്യത്തിന് ആഗ്രഹിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് എഫ്.ജെ.പി സെക്രട്ടറി ജനറല്‍ നല്‍കിയ മറുപടിയിലും ഇതേ നിലപാട് ആവര്‍ത്തിക്കുകയുണ്ടായി.'' യഥാര്‍ഥത്തില്‍ ആദര്‍ശത്തില്‍ പരിമിതമായ ഒരു സഖ്യം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എല്ലാ രാഷ്ട്രീയ വര്‍ണങ്ങളെയും ഉള്‍ക്കൊള്ളുന്ന സഖ്യമാണ് ഞങ്ങളുടെ ഉന്നം. കറാമ ദേശീയ പാര്‍ട്ടി, ലിബറല്‍ വിപ്ലവ പാര്‍ട്ടി, ഹദാറ യാഥാസ്ഥിതിക പാര്‍ട്ടി പോലുള്ള രാഷ്ട്രീയ കക്ഷികള്‍ മാത്രമുള്ള ജനാധിപത്യ സഖ്യം ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. ഞങ്ങളോട് ചേരുന്ന ആരെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു- ആദര്‍ശസഖ്യമില്ലാതെ.''
കോപ്റ്റുകളെ കുറിച്ച് അദ്ദേഹം പറഞ്ഞു: ''രാജ്യത്തെ സംബന്ധിച്ചേടത്തോളം കോപ്റ്റുകള്‍ ഞങ്ങളുടെ പങ്കാളികളാണ്. ദൈവകല്‍പന പ്രകാരം തന്നെ ശരീഅത്ത് അനുസരിച്ച് അവരുടെ അവകാശങ്ങള്‍ സുരക്ഷിതമാണ്. മുസ്‌ലിംകളാകട്ടെ അല്ലാത്തവരാകട്ടെ ആരുടെ മേലും ഞങ്ങള്‍ പര്‍ദ അടിച്ചേല്‍പിക്കാന്‍ പോകുന്നില്ല. മുസ്‌ലിം സ്ത്രീകള്‍ക്ക് ഉദ്‌ബോധനവും ഉപദേശവും നല്‍കുക മാത്രമാണ് ഞങ്ങളുടെ കടമ. എന്നാല്‍, നിയമം മുഖേന അടിച്ചേല്‍പിക്കുക എന്ന വിഷയമേ ഉദിക്കുന്നില്ല. അത് സ്വീകാര്യമായി കരുതുന്നുമില്ല.''
മദ്യപാനത്തെക്കുറിച്ച് പറഞ്ഞു: വീടുകള്‍ക്കകത്ത് വെച്ച് മദ്യപിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തില്‍ പെട്ടതാണ്. ഹോട്ടല്‍ മുറികളും സ്വകാര്യ സ്ഥലമായാണ് പരിഗണിക്കുന്നത്. അവിടവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍പെടുന്നു.
വിദേശ ബന്ധങ്ങളെക്കുറിച്ച് എഫ്.ജെ.പി നേതാവ് ഡോ. മുര്‍സി ഇങ്ങനെ വ്യക്തമാക്കി: ''ഈജിപ്ത് വലിയൊരു രാഷ്ട്രമാണ്. ചിരപുരാതനമായൊരു ചരിത്രം അതിനുണ്ട്. അന്താരാഷ്ട്രീയവും അറബ്-ഇസ്‌ലാമികവുമായ പ്രശ്‌നങ്ങളില്‍ ഈജിപ്തിന് സുപ്രധാനമായൊരു പങ്ക് വഹിക്കാനുണ്ട്. അതിനാല്‍ രാഷ്ട്രം ഒപ്പിട്ട എല്ലാ കരാറുകളും അത് മാനിക്കുന്നതാണ്.''
തെരഞ്ഞെടുപ്പില്‍ എഫ്.ജെ.പി വിജയം നേടിയ ഉടന്‍ ജര്‍മന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടി വക്താവ് മഹ്മൂദ് ഗസ്‌ലാന്‍ പറഞ്ഞു: ''ഭരണകൂട പതനത്തിനു മുമ്പ് വിപ്ലവനാളുകളില്‍ ബ്രദര്‍ഹുഡ് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിക്കുകയോ പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ മുഴക്കുകയോ ചെയ്യരുതെന്ന് ഞങ്ങള്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. കാരണം, ബഹുജനത്തിന്റെ ഒരു ഭാഗമായാണ് ഞങ്ങള്‍ ഞങ്ങളെ കാണുന്നത്. മുഴുവന്‍ ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ് വിപ്ലവം.'' കോപ്റ്റുകള്‍ക്ക് മറ്റെല്ലാ പൗരന്മാര്‍ക്കുമുള്ള എല്ലാ അവകാശങ്ങളുമുണ്ടായിരിക്കുമെന്ന് ഗസ്‌ലാന്‍ ഊന്നിപ്പറഞ്ഞു. ''അവര്‍ക്ക് വിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവുമുണ്ടാകും. അവരുടെ വ്യക്തിനിയമങ്ങള്‍ക്ക് സംരക്ഷണം നല്‍കപ്പെടും. അവരുടെ മദ്യവില്‍പനശാലയില്‍ ഏതെങ്കിലും മുസ്‌ലിം പ്രവേശിച്ച് മദ്യചഷകങ്ങള്‍ അടിച്ചുതകര്‍ത്താല്‍ നഷ്ടപരിഹാരം ഈടാക്കുകയും ശിക്ഷിക്കുകയും ചെയ്യും.'' ഇഖ്‌വാനെക്കുറിച്ച് കോപ്റ്റുകള്‍ യാതൊന്നും ഭയപ്പെടേണ്ടതില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഗസ്‌ലാന്‍ വാക്കുകള്‍ ഉപസംഹരിച്ചത്. എഫ്.ജെ.പിയുടെ ഒരു വൈസ് പ്രസിഡന്റ് കോപ്റ്റിക് ക്രൈസ്തവനാണ്.
അഹ്മദ് ഹസന്‍ അശ്ശര്‍ഖാവി നടത്തിയ അഭിമുഖത്തില്‍ ബ്രദര്‍ഹുഡ് നേതാവ് ഡോ. മുഹമ്മദ് ബദീഅ് പറഞ്ഞ വാക്കുകള്‍കൂടി ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും. ഒരു ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനിയെയോ കത്തോലിക്കാ ക്രിസ്ത്യാനിയെയോ ഉപദേഷ്ടാവായി നിയമിക്കാത്തതിനെക്കുറിച്ച് ജനസംസാരം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ശര്‍ഖാവിയോട് ബദീഅ് പറഞ്ഞു: ''ആംഗ്ലിക്കന്‍ വിഭാഗത്തിന്റെ നേതാവായ ഡോ. റഫീഖ് ഹബീബിനെ ഇഖ്‌വാന്‍ നേതാവിന്റെ ഉപദേഷ്ടാവായി നിയമിച്ചത് താങ്കള്‍ക്കറിയാവുന്നതാണല്ലോ. ഉപദേഷ്ടാവായിരിക്കാന്‍ ഏതെങ്കിലും കത്തോലിക്കനോ ഓര്‍ത്തഡോക്‌സുകാരനോ സന്നദ്ധനാണെങ്കില്‍ തീര്‍ച്ചയായും അവരെ ഞാന്‍ സ്വാഗതം ചെയ്യും. ആരെങ്കിലും തയാറുണ്ടെങ്കില്‍ താങ്കള്‍തന്നെ കൊണ്ടുവരിക. ഞാന്‍ സര്‍വാത്മാനാ അവരെ നിയമിക്കാന്‍ സന്നദ്ധനാണ്.''
തുടക്കം മുതല്‍ ബ്രദര്‍ഹുഡ് അതിന്റെ ലക്ഷ്യങ്ങളില്‍നിന്നും മുദ്രാവാക്യങ്ങളില്‍നിന്നും വ്യതിചലിച്ചിട്ടില്ല. ''ആര്‍ക്കും അയിത്തം കല്‍പിക്കാത്ത പുതിയൊരു ജനാധിപത്യവ്യവസ്ഥയുടെ നിര്‍മാണം. ഒരു പാര്‍ട്ടിക്കും സ്ഥാപനത്തിനും വേദിക്കും അതില്‍ മേല്‍ക്കോയ്മയില്ല. പൂര്‍വ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങളാണ് യഥാര്‍ഥ ഗ്യാരണ്ടി. ഭരണഘടനക്കെതിരെ അട്ടിമറി നടത്താതിരിക്കാന്‍ ആ വ്യവസ്ഥയില്‍ സൈന്യം ജാമ്യം നില്‍ക്കും. പൊതുജനങ്ങള്‍ക്ക് അതില്‍ പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരിക്കും. ഒരു വിവരവും അവരില്‍നിന്ന് മറച്ചുവെക്കപ്പെടുകയില്ല. എല്ലാവര്‍ക്കുമിടയില്‍ സംവാദരീതി നിലനില്‍ക്കുന്ന വ്യവസ്ഥ. നിയമവാഴ്ചയും ഭരണഘടനയും നിലനില്‍ക്കുന്ന രാജ്യം. ഏകഛത്രാധിപത്യത്തിന് അവിടെ സ്ഥാനമുണ്ടാവുകയില്ല. അവകാശങ്ങളിലും ബാധ്യതകളിലും എല്ലാ പൗരന്മാരും സമന്മാരായിരിക്കും.''
സലഫികളുടെ അന്നൂര്‍ പാര്‍ട്ടി
താഴെ പറയുന്ന ശീര്‍ഷകങ്ങളില്‍ കേന്ദ്രീകരിക്കുന്ന സമഗ്രവും കാലികവുമായ തെരഞ്ഞെടുപ്പ് അഭിസംബോധനയായിരുന്നു സലഫി പാര്‍ട്ടിയായ 'അന്നൂറി'ന്റേത്. സാമ്പത്തികാഴിമതി, സുരക്ഷാ വിഭാഗത്തിന്റെ അതിക്രമങ്ങള്‍, സംസ്‌കാരവും സ്വത്വവും- ഇതായിരുന്നു അന്നൂര്‍ ഊന്നിയ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍.'' സ്വത്വപ്രശ്‌നം അവഗണിക്കാനാവാത്ത അടിസ്ഥാന പ്രശ്‌നമാണ്. കാരണം, സമൂഹത്തിന്റെ സ്വത്വത്തെ വ്യതിരിക്തമാക്കി നിര്‍ണയിക്കുന്ന പ്രശ്‌നമാണത്. അതാണ് നമ്മുടെ സംസ്‌കാരത്തിന്റെ മൗലിക ലക്ഷണം. ഉന്നത സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാലിക നാഗരിക രാഷ്ട്രം കെട്ടിപ്പടുക്കുകയാണ് അന്നൂറിന്റെ ലക്ഷ്യം.
ഈജിപ്ഷ്യന്‍ സ്വത്വമെന്നാല്‍ അറബ്-ഇസ്‌ലാമിക സ്വത്വമാണ്. കാരണം, ഭൂരിപക്ഷം രാജ്യനിവാസികളുടെയും വിശ്വാസവും മതവും അതാണ്. ജനങ്ങളുടെ സംസാരഭാഷയാണ് അറബി. അതിനാല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലും യൂനിവേഴ്‌സിറ്റികളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലുമെല്ലാം ഈ സാംസ്‌കാരികത്തനിമ ദൃഢീകരിക്കേണ്ടത് രാഷ്ട്രത്തിന്റെ പ്രഥമ ബാധ്യതയത്രെ.''
''ഇസ്‌ലാമിക ശരീഅത്ത് തത്ത്വങ്ങളാണ് നിയമനിര്‍മാണത്തിന്റെ മുഖ്യ സ്രോതസ്സ് എന്ന സ്ഥിരീകരണം കോപ്റ്റുകള്‍ക്ക് മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നുണ്ട്. വ്യക്തിനിയമങ്ങളില്‍ അവര്‍ക്ക് തങ്ങളുടെ മതനിയമങ്ങള്‍ അവലംബിക്കാനുള്ള അവകാശവും അത് വകവെച്ചു നല്‍കുന്നു.'' അതൊഴികെ മറ്റെല്ലാ നിയമങ്ങളും എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കും. മനുഷ്യാവകാശങ്ങള്‍ പൊതുവെ അന്നൂര്‍ പാര്‍ട്ടിയുടെ ഊന്നലുകളില്‍ വരുന്നുണ്ട്. ഉദാ:
- ആരാണ് തങ്ങളെ ഭരിക്കേണ്ടതെന്ന് നിര്‍ണയിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ഏകാധിപത്യത്തില്‍ നിന്ന് അകലം പാലിച്ച്, ജനാധിപത്യ-ശൂറാ(കൂടിയാലോചന) ചട്ടക്കൂടില്‍നിന്നുകൊണ്ടായിരിക്കും അത് തീരുമാനിക്കുക.
- രാഷ്ട്രത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവുമായ ഭരണാവകാശങ്ങള്‍ നിര്‍ണയിക്കാനുള്ള അവകാശം സമൂഹത്തിന്റേതാണ്.
- വ്യക്തികളുടെ സ്വകാര്യ സ്വത്തുക്കളും പാര്‍പ്പിടങ്ങളും സംരക്ഷിക്കുക എന്നത് സമൂഹത്തിന്റെയും പൗരന്റെയും ബാധ്യതയാണ്.
- ഇതര വിഭാഗങ്ങളുടെ താല്‍പര്യങ്ങളെ ഹനിക്കാത്ത രീതിയില്‍ സ്വതന്ത്രവും സുതാര്യവും മാന്യവുമായ സാമ്പത്തിക മത്സരങ്ങള്‍ക്കും സ്വകാര്യതക്കും അവകാശമുണ്ടായിരിക്കും.
- എക്‌സിക്യൂട്ടിവില്‍നിന്ന് പൂര്‍ണമായും സ്വതന്ത്രമായ ജുഡീഷ്യറിയുടെ നിലനില്‍പിന്നാവശ്യമായത് ചെയ്യുന്നതാണ്.
ആരാണ് ഞങ്ങള്‍?
മേല്‍ ശീര്‍ഷകത്തില്‍ അന്നൂര്‍ പാര്‍ട്ടിയുടെ പത്രികയില്‍ പറയുന്നു: ''തങ്ങളുടെ സമൂഹത്തിന് പുതുരക്തം പ്രദാനംചെയ്ത് അതിന്റെ നേതൃശേഷിയെ പുനരുജ്ജീവിപ്പിക്കാനും 'കഴിവിന്റെ പരമാവധി സംസ്‌കരണം മാത്രമാണ് എന്റെ ഉദ്ദേശ്യം' എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ ക്രമാനുഗതമായ സംസ്‌കരണ ബാധ്യത നിര്‍വഹിക്കാനും മതവും രാഷ്ട്രവുമെന്ന നിലയില്‍ ഇസ്‌ലാമിക തത്ത്വങ്ങള്‍ സമഗ്രമായി ഉള്‍ക്കൊണ്ട് പരസ്പരം ഉടമ്പടി ചെയ്ത സ്ത്രീ പുരുഷന്മാരും യുവതീ യുവാക്കളുമാണ് ഞങ്ങള്‍. പുതിയ ഈജിപ്തിനെ കെട്ടിപ്പടുത്ത് ലോകത്തിന് അതൊരു ദീപഗോപുരമാക്കാന്‍ ഞങ്ങള്‍ ഒന്നിച്ച് ദൃഢപ്രതിജ്ഞ ചെയ്തിരിക്കുന്നു.''
തങ്ങളുടെ സങ്കല്‍പ രാജ്യത്തിന്റെ ചിത്രം എന്താണെന്ന് സംഘടനയുടെ വക്താവായ മുഹമ്മദ് നൂര്‍ വിവരിക്കുന്നു: ''സലഫിധാര പൂര്‍ണമായും സിവില്‍ രാഷ്ട്രമെന്ന സാങ്കേതിക സംജ്ഞയെ നിരാകരിക്കുന്നു. സെക്യുലര്‍ രാഷ്ട്രത്തിന്റെ പര്യായമായി അതിന്റെ വക്താക്കള്‍ ഉപയോഗിക്കുന്ന വാക്കാണിത്. ഞങ്ങള്‍ ഉദ്ദേശിക്കുന്ന രാജ്യം വിധികളിലും തത്ത്വങ്ങളിലും ലക്ഷ്യങ്ങളിലും പൂര്‍ണമായും ഇസ്‌ലാമിക ആധാരത്തിലധിഷ്ഠിതമായ രാജ്യമാണ്.''
കാരണം, ഇസ്‌ലാമിസ്റ്റ് സംബോധനരീതിയുടെയും അതിന്റെ ഫലപ്രാപ്തിയുടെയും പഠനത്തിന് ഒരു മാതൃക തെരഞ്ഞെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടെ പ്രതിപാദനം തുനീഷ്യയിലെയും ഈജിപ്തിലെയും ഇസ്‌ലാമിസ്റ്റുകളില്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. എല്ലാ അറബ് രാഷ്ട്രങ്ങളിലും ഇസ്‌ലാമിസ്റ്റ് ധാര ബഹുജന വിശ്വാസം നേടിയിരിക്കുന്നുവെന്നത് അനുഭവ യാഥാര്‍ഥ്യമാണ്. മുന്‍ ഭരണാധികാരികളില്‍നിന്ന് ഇത്രയൊക്കെ പീഡനങ്ങള്‍ നേരിട്ടിട്ടും ലോകപോലീസായി ചമയുന്ന ഇതര രാഷ്ട്രങ്ങളുടെ ശത്രുത നേടി മാധ്യമങ്ങളുടെ ഭീകരമുദ്ര പതിഞ്ഞിട്ടും ഇങ്ങനെയൊരു വിശ്വാസ്യത ലഭ്യമായിട്ടുണ്ടെങ്കില്‍ അത് എന്താണ് തെളിയിക്കുന്നത് എന്നത് ചിന്തനീയം:
1. തങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ തുടരത്തുടരെ വന്ന ഭരണകൂടങ്ങളുടെ പരാജയം.
2. ഒന്നാം ലോകയുദ്ധാനന്തരം ഫലസ്ത്വീന്‍ കവര്‍ന്ന അധിനിവേശശക്തികള്‍, ചുറ്റുമുള്ള നിരന്തര ദുരന്തങ്ങളോട് കാണിച്ച അവഗണനയും പക്ഷപാത നിലപാടും.
3. ജനാധിപത്യത്തെയും നീതിയെയും അഭിമാനപൂര്‍വമായ ജീവിതത്തെയും കുറിച്ചുള്ള പടിഞ്ഞാറന്‍ വാഗ്ദാനങ്ങള്‍ മിഥ്യയാണെന്ന ബോധ്യം. തങ്ങള്‍ എപ്പോഴൊക്കെ ഏകദൈവാദര്‍ശത്തില്‍ ഉറച്ചുനിന്നിരുന്നോ അപ്പോഴൊക്കെ പ്രതാപത്തോടെ ജീവിക്കുകയും, എപ്പോഴൊക്കെ രക്തദാഹികളായ ബാഹ്യശക്തികള്‍ക്ക് സ്വന്തം കാര്യങ്ങള്‍ ഏല്‍പിച്ചുകൊടുത്തോ അപ്പോഴൊക്കെ നിന്ദ്യരും അനാഥരുമായി മാറിയിട്ടുണ്ടെന്നുമുള്ള തിരിച്ചറിവ്.
അബൂ ഉബൈദയോട് രണ്ടാം ഖലീഫ ഉമര്‍ പറഞ്ഞ വാക്കുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ അവസ്ഥ. ''അബൂ ഉബൈദാ, അജ്ഞാനത്തിന്റെ യുഗത്തില്‍ ഇസ്‌ലാമിലൂടെ ദൈവം നമ്മെ പ്രതാപികളാക്കി. ഈ മതം ഉപേക്ഷിച്ചുകൊണ്ട് ആര്‍ പ്രതാപം തേടുന്നുവോ അവനെ ദൈവം നിന്ദ്യനാക്കാതിരിക്കില്ല.''
ഇത് വൈകാരികതലം. എന്നാല്‍, ഭൗതികയാഥാര്‍ഥ്യങ്ങളുടെ തലത്തിലെ പ്രതിബന്ധങ്ങളും പ്രയാസങ്ങളും കാണാതിരുന്നു കൂടാ:
എ). മനഃശാസ്ത്രം, സാമൂഹികശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയ മാനവിക വിജ്ഞാനീയങ്ങളില്‍ വിദഗ്ധരായവരുടെ സഹായമാണ് സൈനിക വിദഗ്ധരുടെ സഹായത്തേക്കാള്‍ ജനങ്ങളെ ദുഷിപ്പിക്കാനും മൂല്യമണ്ഡലം തകര്‍ക്കാനും ശത്രു അവലംബിക്കുന്നത്. പ്രതിരോധശക്തി ദുര്‍ബലമാക്കാനും കുടുംബത്തിലും സമൂഹത്തിലും ആഭ്യന്തര ശിഥിലീകരണത്തിനും ഇതുവഴി സാധിക്കും.
ബി). വ്യത്യസ്ത വേദികള്‍ മതവിധികള്‍ പുറപ്പെടുവിക്കുന്നതിലുള്ള ലാഘവത്വം. കൂടിയാലോചന അഭികാമ്യം മാത്രമാണെന്നും അതില്‍ നിന്ന് ഉരുത്തിരിയുന്ന നിഗമനം സ്വീകരിക്കാന്‍ ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ ബാധ്യസ്ഥരല്ലെന്നുമുള്ളതുപോലുള്ള ഫത്‌വകള്‍ കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കുന്നതാണ്.
പണ്ടേ ശീലിച്ച വിചാരപഥങ്ങളില്‍നിന്ന് മാറിസഞ്ചരിക്കാനുള്ള മടിമൂലം സാങ്കേതികവിദ്യകളിലും വ്യവസായവത്കരണത്തിലും ആസൂത്രണത്തിലും പുതിയ ഗവേഷണം നടത്തുന്നതിനുപകരം അതിഭൗതിക വിഷയങ്ങളിലാണ് മുസ്‌ലിം ധിഷണ കൂടുതല്‍ താല്‍പര്യമെടുക്കുന്നത്.
വിപ്ലവാനന്തര ലിബിയയുടെ മുമ്പില്‍ കടമ്പകളേറെയാണ്. ഗോത്ര യാഥാര്‍ഥ്യവും ഖദ്ദാഫി ഭരണകൂടത്തിന്റെ ഉന്മൂലന ഘട്ടത്തിലെ സായുധസംഘങ്ങളുടെ പെരുപ്പവുമാണ് അതില്‍ മുഖ്യം. യമനിലാകട്ടെ ഗോത്ര സ്വഭാവമാണ് വ്യവസ്ഥയുടെ വ്യതിരിക്തതതന്നെ. സിറിയയുടെ ഗതി ആഭ്യന്തരയുദ്ധത്തിലേക്കാണ്. ഇത്തരമൊരവസ്ഥയില്‍ മൂല്യവ്യവസ്ഥയും പരിവര്‍ത്തന പദ്ധതികളും ഹിംസയിലേക്കും പ്രതികാരത്തിലേക്കും വഴിമാറും എന്ന അപകടമുണ്ട്. മൊറോക്കോയില്‍ സ്ഥിതി താരതമ്യേന ശാന്തമാണ്. പ്രധാനമന്ത്രി അബ്ദുല്‍ ഇലാഹ് ബിന്‍ കീറാന്റെയും ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ മുഹമ്മദ് ആറാമന്‍ രാജാവുമായുള്ള ധാരണയോടെ ഭംഗിയായി ഭരണം നടക്കുന്നുണ്ട് അവിടെ.
(ലബനാനിലെ ജിഹാന്‍ സര്‍വകലാശാലയില്‍ ഗവേഷണ പഠന വിഭാഗം തലവനാണ് ലേഖകന്‍. വിവ: വി.എ.കെ)
Comments