അറബികളാണ് ജനാധിപത്യത്തിന്റെ പുതിയ മുന്നണിപ്പോരാളികള്‍
മധ്യപൗരസ്ത്യദേശത്തും വടക്കെ ആഫ്രിക്കയിലും പടര്‍ന്നുപിടിക്കുന്ന പ്രക്ഷോഭത്തെ സംബന്ധിച്ചേടത്തോളം നിരീക്ഷകര്‍ക്ക് മുന്നിലുള്ള വെല്ലുവിളി, ജനാധിപത്യത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും വഴിതെളിക്കുന്ന പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ അവ സാധ്യമാക്കുമോ എന്നതാണ്.
അറബ് രാഷ്ട്രീയത്തെ ഇരുണ്ടകാലത്തേക്ക് പറഞ്ഞുവിടുമെന്ന 'നാഗരികതകളുടെ സംഘട്ടന'ത്തിലെ വംശീയ ബോധ്യങ്ങളെയാണ് ഈ പ്രക്ഷോഭങ്ങള്‍ പ്രത്യയ ശാസ്ത്ര ശുദ്ധീകരണം നടത്തിയത്. തുനീഷ്യയിലെയും കയ്‌റോവിലെയും ബെന്‍ഗാസിയിലെയും ജനസമൂഹം, മതേതര ഏകാധിപത്യത്തിനും മതഭ്രാന്തിനും ഇടയില്‍ മറ്റൊരു സാധ്യത ഇല്ലെന്നുള്ള രാഷ്ട്രീയ മാതൃകകളെയാണ് തകര്‍ത്തത്.
തൊഴിലില്ലായ്മ എന്ന പ്രശ്‌നത്തെ മുന്‍നിര്‍ത്തിയാണ് ഈ കലാപം ജ്വലിച്ചത്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവാക്കളും മോഹഭംഗം സംഭവിച്ച അഭിലാഷങ്ങളുമായിരുന്നു ഈ പ്രക്ഷോഭത്തിന്റെ കേന്ദ്രം. ലണ്ടനിലെയും റോമിലെയും പ്രതിഷേധിക്കുന്ന യുവാക്കളെപ്പോലെ അറബ് ലോകത്ത് നടന്ന വിപ്ലവത്തിന്റെ പ്രഥമ ആവശ്യം സ്വേഛാധിപത്യം അവസാനിപ്പിക്കുക എന്നതായിരുന്നെങ്കിലും ഇതിനു പിന്നിലുള്ള വികാരം പരാശ്രയത്വവും ദാരിദ്ര്യവും ഇല്ലാതാക്കുകയും ഭരണം, കഴിവുള്ള ആളുകള്‍ക്ക് കൈമാറുകയും ചെയ്യുക എന്നതാണ്. അതോടൊപ്പംതന്നെ, തൊഴിലും ജീവിക്കാനുള്ള അവസരവും നല്‍കുക എന്നതും ഒരു സാമൂഹിക ആവശ്യമായി ഉയര്‍ന്നിരുന്നു. സൈനുല്‍ ആബിദീന്‍ ബിന്‍ അലിയും ഹുസ്‌നി മുബാറകും മുഅമ്മര്‍ ഖദ്ദാഫിയും അധികാരമൊഴിയുക എന്നത് ആദ്യപടി മാത്രമാണ്.
കലാപത്തിന്റെ സംഘാടനം സിയാറ്റില്‍ മുതല്‍ ബ്യൂണസ് അയേഴ്‌സ് വരെയും അതുപോലെ ഘാന, കൊചാംബാംബ, ബൊളീവിയ പോലെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു പതിറ്റാണ്ടു മുമ്പ് നമ്മള്‍ കണ്ടതിന് സമാനമാണ്, ഒരു കേന്ദ്രീകൃത നേതാവില്ലാത്ത തിരശ്ചീനമായ ഒരു സംഘം. പരമ്പരാഗതമായ പ്രതിപക്ഷ സംഘടനകള്‍ ഈ കൂട്ടായ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്നുവെങ്കിലും അവര്‍ക്കിത് നയിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, പുറംലോകത്ത് നിരീക്ഷകര്‍ മുഹമ്മദ് അല്‍ ബറാദഇയെയോ അല്ലെങ്കില്‍ ഗൂഗിളിന്റെ മാര്‍ക്കറ്റിംഗ് തലവന്‍ വാഇല്‍ ഗുനൈമി(Wael Ghonim)നെയോ ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ നേതാവായി അവരോധിക്കാന്‍ ശ്രമിച്ചു. മുസ്‌ലിം ബ്രദര്‍ഹുഡോ അതല്ലെങ്കില്‍ മറ്റു സംഘടനകളോ ഈ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുക്കുമെന്നവര്‍ ഭയന്നു. ഈ കേന്ദ്രത്തിന്റെ സഹായമില്ലാതെ ആള്‍ക്കൂട്ടത്തിന് സ്വയം തന്നെ നിയന്ത്രിക്കാന്‍ കഴിയുമെന്ന കാര്യം എന്തുകൊണ്ടോ അവര്‍ മനസ്സിലാക്കിയില്ല. അവര്‍ക്കുമേല്‍ ഒരു നേതാവിനെ അവരോധിക്കുന്നതും അതല്ലെങ്കില്‍ ഏതെങ്കിലും സാമ്പ്രദായിക സംഘടനയുടെ സഹായമുണ്ടെന്ന് പറയുന്നതും അവരുടെ ശക്തിയെ താഴ്ത്തിക്കാണിക്കുന്ന പ്രവൃത്തിയാണ്. ഈ കലാപത്തില്‍ പങ്കുവഹിച്ച സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂ ട്യൂബ് തുടങ്ങിയവ എല്ലാം തന്നെ ഈ കലാപത്തിന്റെ അടയാളങ്ങളാണ്, അല്ലാതെ കാരണങ്ങളല്ല. ഇതെല്ലാം തന്നെ വിവേകമുള്ള ജനങ്ങള്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുമുപയോഗിച്ച ഉപകരണങ്ങളാണ്.
അറബ് ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന പോരാട്ടങ്ങള്‍ ലാറ്റിന്‍ അമേരിക്കയിലേതു പോലെ മേഖലയിലെ മൊത്തം രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ക്കും പ്രചോദനമാകുമെന്ന് നാം വിചാരിക്കുന്നു. കലാപങ്ങള്‍ പരാജയപ്പെട്ടേക്കാം, സ്വേഛാധിപതികള്‍ ക്രൂരമായ മര്‍ദനങ്ങള്‍ കെട്ടഴിച്ചുവിട്ടേക്കാം. പട്ടാള ഭരണകൂടം അധികാരത്തില്‍ തന്നെ തുടര്‍ന്നേക്കാം. പ്രതിപക്ഷ കക്ഷികള്‍ ഈ മുന്നേറ്റത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചേക്കാം. അതുപോലെ, മതകീയഭരണകൂടങ്ങള്‍ ഇതിന്റെ നിയന്ത്രണം ഏറ്റെടുത്തേക്കാം. പക്ഷേ, അവര്‍ പുറത്തുവിട്ട രാഷ്ട്രീയ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒരിക്കലും മരിക്കുന്നില്ല. അതുപോലെത്തന്നെ തങ്ങളുടെ ഇടം ഉപയോഗപ്പെടുത്തുന്നതിന് അനുയോജ്യമായ മറ്റൊരു ജീവിതത്തിനുവേണ്ടിയുള്ള വിവേകമതികളായ പുതിയ തലമുറയുടെ പ്രകടനങ്ങളും.
ആവശ്യങ്ങളും ആഗ്രഹങ്ങളും നിലനില്‍ക്കുകതന്നെ ചെയ്യും. അതുപോലെ, പോരാട്ടങ്ങള്‍ തുടരുകയും ചെയ്യും. പക്ഷേ, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മേലുള്ള ഈ പുതിയ പരീക്ഷണം അടുത്ത പതിറ്റാണ്ടില്‍ ലോകത്തെ എന്ത് പഠിപ്പിക്കും എന്നുള്ളതാണ് ചോദ്യം.
(നെഗ്രി ഇറ്റലിയിലെ മാര്‍ക്‌സിസ്റ്റ് സാമൂഹിക ശാസ്ത്രജ്ഞനും ഹാര്‍ട്ട് കാലിഫോര്‍ണിയയിലെ ഫിനിക്‌സ് യൂനിവേഴ്‌സിറ്റിയില്‍ ചരിത്രാധ്യാപകനുമാണ്)
Comments