അറബ് സ്ത്രീകളെക്കുറിച്ച ധാരണകള്‍ തിരുത്തിക്കുറിച്ച വിപ്ലവം
സൈദ സദൗനി അറബ് വിപ്ലവകാരികളെക്കുറിച്ച പതിവു ഫ്രെയ്മുകളില്‍ ഒതുങ്ങുകയില്ല. തുനീഷ്യന്‍ വിപ്ലവത്തിലെ അതിനിര്‍ണായക സംഭവം ഖസ്ബാ ധര്‍ണയാണ്. അത് മുഹമ്മദ് ഗനൂശിയുടെ ഇടക്കാല ഗവണ്‍മെന്റിനെ അട്ടിമറിച്ചു. അതിനു നേതൃത്വം നല്‍കിയത് എഴുപത്തേഴുകാരിയായ സൈദ സദൗനിയാണ്. ധര്‍ണയെ അഭിസംബോധനചെയ്ത് അവര്‍ പറഞ്ഞു: ''ഫ്രഞ്ച് അധിനിവേശത്തെ നാം ചെറുത്തു. ബൂറഖീബയുടെയും ബിന്‍ അലിയുടെയും ഏകാധിപത്യത്തെ തടഞ്ഞു. നാം നടത്തിയ പോരാട്ടങ്ങള്‍ അതിന്റെ ലക്ഷ്യത്തിലെത്തുന്നതുവരെ ഞാന്‍ അടങ്ങിയിരിക്കില്ല.'' ആധുനിക തുനീഷ്യയുടെ വിമോചനത്തിനുവേണ്ടി പോരാടിയ സൈദ സദൗനി തുനീഷ്യന്‍വിപ്ലവത്തിന്റെ മാതാവായാണറിയപ്പെടുന്നത്.
പൊളിറ്റിക്കല്‍ ആക്ടിവിസത്തിന്റെ നീണ്ടകാല ചരിത്രമുള്ള തുനീഷ്യയിലെ പഴയ തലമുറയില്‍പെട്ട സ്ത്രീകളുടെ പ്രതിനിധിയാണവര്‍. പുതുതലമുറയില്‍ പെട്ടവരില്‍ ഭൂരിഭാഗവും ഇരുപതും മുപ്പതും വയസ്സുള്ളവരാണ്. നല്ല രാഷ്ട്രീയ ബോധ്യമുണ്ടെങ്കിലും പ്രത്യേകിച്ച് ഒരു പാര്‍ട്ടിയോടും വലിയ വിധേയത്വമൊന്നും അവര്‍ പുലര്‍ത്തുന്നില്ല. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈജിപ്തിലെ ഏപ്രില്‍ 6 മൂവ്‌മെന്റിലൂടെ രംഗത്ത് വന്ന അസ്മ മഹ്ഫൂദ്. 2008-ല്‍ ഗവണ്‍മെന്റ് തലത്തിലെ അഴിമതിക്കെതിരെ നടന്ന ധര്‍ണയില്‍ പങ്കെടുത്തുകൊണ്ടാണ് ഇരുപത്താറുകാരിയായ അസ്മാ മഹ്ഫൂദിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കുന്നതില്‍ പങ്കുവഹിച്ച പോരാട്ടങ്ങളുടെ മുന്‍നിരയില്‍ അസ്മയുണ്ടായിരുന്നു.
തികഞ്ഞ യാഥാസ്ഥിതിക മനോഭാവം നിലനില്‍ക്കുന്ന യമനില്‍ പ്രസിഡന്റിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വംനല്‍കിയത് യുവതിയായ തവക്കുല്‍ കര്‍മാനാണ്. 2007 മുതല്‍ ഭരണകൂടത്തിനെതിരെ സമരരംഗത്തുള്ള തവക്കുലിനെ 2011 ജനുവരിയില്‍ ഭരണകൂടം അറസ്റ്റ്‌ചെയ്തിരുന്നു. അവരുടെ അറസ്റ്റിനെത്തുടര്‍ന്ന് സന്‍ആയില്‍ വന്‍ പ്രതിഷേധമുയരുകയും അത് തവക്കുലിനെ ജയില്‍മോചിതയാവാന്‍ സഹായിക്കുകയും ചെയ്തു. രാജ്യത്തെങ്ങും അലയടിക്കുന്ന മാറ്റത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളാണ് ഈ സ്ത്രീകളെ മുന്നിട്ടിറങ്ങാന്‍ പ്രചോദിപ്പിച്ചത്.
അറബ് വിപ്ലവം ഏകാധിപതികളെ വിറപ്പിക്കുക മാത്രമല്ല, ദശാബ്ദങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന മിഥ്യാധാരണകളെ തകര്‍ക്കുകകൂടിയാണ് ചെയ്തത്. അതില്‍ പ്രധാനമായത്, അധികാരമില്ലാത്ത, അടിച്ചമര്‍ത്തപ്പെട്ട, നിശ്ശബ്ദരായ, അദൃശ്യരായ സ്ത്രീകളാണ് അറബ് സമൂഹങ്ങളിലുള്ളതെന്ന വാദമാണ്. എന്നാല്‍, ഇത്തരം ആരോപണങ്ങളെ തുനീഷ്യയിലെയും ഈജിപ്തിലെയും യമനിലെയും സ്ത്രീകള്‍ തിരുത്തി. പ്രക്ഷോഭത്തില്‍ പങ്കെടുക്കുക മാത്രമല്ല, നേതൃത്വം തന്നെ അവര്‍ ഏറ്റെടുക്കുകയായിരുന്നു. സ്ത്രീ നേതൃത്വമായിരുന്നു പോരാട്ടത്തിന്റെ അകവും പുറവും രൂപപ്പെടുത്തിയത്. അങ്ങനെ അറബ് സ്ത്രീകള്‍ അടച്ചിട്ട മുറികളിരുന്ന് വിരാമമില്ലാത്ത തര്‍ക്കങ്ങളിലേര്‍പ്പെടുന്നതിനുപകരം രണഭൂമിയില്‍ ഇറങ്ങുകയായിരുന്നു.
തെരുവീഥികളിലെ തുറന്ന രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു ഈ വിപ്ലവം. മത-വര്‍ഗ-ലിംഗ-പ്രായ-പാര്‍ട്ടി ഭേദമന്യേ ജനങ്ങള്‍ സംഘടിച്ചു. തെരുവിലെ തുറന്ന പാര്‍ലമെന്റില്‍ ജനങ്ങള്‍ സമ്മേളിക്കുകയും രാഷ്ട്രീയ വീക്ഷണങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കുകയുംചെയ്തു. അതിലൂടെ ഒരു കൂട്ടായ്മാ വ്യക്തിത്വം രൂപപ്പെടുകയായിരുന്നു. നിഷ്‌ക്രിയത്വത്തിന്റെയും വിധേയത്വത്തിന്റെയും പ്രതീകമാണെന്ന ഇസ്‌ലാമിക ശിരോവസ്ത്രത്തെക്കുറിച്ച വാര്‍പ്പുമാതൃകകളെ ഇത്തരം കൂട്ടായ്മകള്‍ തിരുത്തി. പോരാട്ടത്തില്‍ അണിനിരന്ന ഭൂരിഭാഗം വനിതാ പ്രവര്‍ത്തകരും ഹിജാബ് ധരിച്ചിരുന്നത് ശ്രദ്ധേയമായിരുന്നു. തല മറയ്ക്കാത്ത സഹോദരിമാരില്‍നിന്ന് വിഭിന്നമായി ആത്മവിശ്വാസമില്ലാത്തവരോ വ്യക്തിത്വമില്ലാത്തവരോ അല്ല തങ്ങള്‍ എന്ന പ്രഖ്യാപനം കൂടി അതിലുണ്ടായിരുന്നു.
ഈ പുതിയ സ്ത്രീ നേതൃത്വം രണ്ടുതരം ആഖ്യാനങ്ങളെ വെല്ലുവിളിക്കുന്നു.
ഒന്ന്, ജീവിതകാലം മുഴുവന്‍ സന്താന പരിപാലനത്തിലും പിതാവിന്റെയോ സഹോദരന്റെയോ ഭര്‍ത്താവിന്റെയോ നിയന്ത്രണത്തില്‍ ഒതുങ്ങേണ്ടവളാണ് സ്ത്രീ എന്ന യാഥാസ്ഥിതിക മുസ്‌ലിം കൂട്ടായ്മകളില്‍ പ്രചാരത്തിലുള്ള കാഴ്ചപ്പാട്. ഇത് തറവാടിത്തത്തെയും ലൈംഗിക പരിശുദ്ധിയെയും കുറിച്ചുള്ള പാരമ്പര്യ സങ്കുചിത മത വ്യാഖ്യാനങ്ങളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്.
രണ്ട്, അജ്ഞതയുടെയും അവഹേളനത്തിന്റെയും ദുരിതക്കയത്തില്‍നിന്ന് അറിവിന്റെയും പുരോഗതിയുടെയും പൂന്തോപ്പിലേക്ക്, രാഷ്ട്രീയ-പട്ടാള-ധൈഷണിക ഇടപെടലിലൂടെ അറബ് വനിതകളെ മോചിപ്പിക്കുകയാണെന്ന യൂറോ അമേരിക്കന്‍ നവ ഉദാരവാദം. അറബ് സ്ത്രീകള്‍ മുസ്‌ലിം സമുദായത്തില്‍നിന്നേറ്റ അവഹേളനത്തെയും ഒറ്റപ്പെടലിനെയും അതിജയിച്ചതോടൊപ്പം തന്നെ, കൊച്ചു കുഞ്ഞുങ്ങളെ പോലെ ലിബറലുകളുടെ കൈയും പിടിച്ച് വിമോചിതയാവണമെന്ന യൂറോ-അമേരിക്കനിസത്തെ നിരസിക്കുകയും ചെയ്തു. അവര്‍ സ്വന്തം വിമോചനം, സ്വന്തം ആവശ്യമനുസരിച്ച്, സ്വന്തം കൈകളാല്‍ നിര്‍മിച്ചെടുക്കുകയായിരുന്നു.
സ്വേഛാധിപത്യത്തില്‍നിന്ന് രാജ്യത്തെ സ്വതന്ത്രമാക്കിയതുപോലെ, തങ്ങളുടെ വിമോചനം നിര്‍വചിക്കാനും താല്‍പര്യങ്ങള്‍ നിര്‍ണയിക്കാനും സ്വയം പ്രാപ്തരാണെന്ന് അറബ് വനിതകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. ഇത്തരം വിമോചന ശ്രമത്തിന് തിരിച്ചടികളും പ്രതിസന്ധികളും ഏറെയുണ്ട്. തഹ്‌രീര്‍ സ്‌ക്വയറില്‍ തന്നെ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടിരുന്നു. പഴയ ഭരണകൂടത്തെ ഉന്മൂലനംചെയ്യുന്നതില്‍ പങ്കാളികളായ സ്ത്രീകളടക്കമുള്ളവര്‍ പുതിയ ഭരണക്രമം രൂപപ്പെടുത്തുന്നതിലും മുന്‍പന്തിയിലുണ്ടാവും. കസ്ബാ-തഹ്‌രീര്‍ സ്‌ക്വയറുകള്‍ അറബ് സ്ത്രീ മനസ്സിലുള്‍ച്ചേര്‍ത്തുകഴിഞ്ഞു. അത് അവരുടെ ദീര്‍ഘനാളായുള്ള വിമോചന സ്വപ്നങ്ങളെയാണ് സാക്ഷാത്കരിച്ചത്.
വിവ: പി.പി ഉമ്മുല്‍ ഫായിസ
(സുമയ്യ ഗനൂശി (ലണ്ടന്‍ യൂനിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ (എസ്.ഒ.എ.എസ്) ഗവേഷകയും അല്‍ ജസീറ, ഗാര്‍ഡിയന്‍ എന്നിവയില്‍ കോളമിസ്റ്റുമാണ്)
Comments