Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

വിപ്ലവം ഇസ്‌ലാമികമാണെന്നതിന് നാല് ന്യായങ്ങള്‍

സൈദ് ഹസന്‍

പലരും നിരന്തരം ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ സ്വഭാവമെന്താണ്? മുസ്‌ലിം ലോകത്ത് നടക്കുന്ന മൊത്തം മാറ്റങ്ങളുടെ ദിശാസൂചനകള്‍ എന്താണ്? അമേരിക്കക്ക് ആ മാറ്റങ്ങള്‍ നല്‍കുന്ന സന്ദേശമെന്താണ്? നാമൊരു 'ഇസ്‌ലാമിക വിപ്ലവ'ത്തിനാണോ സാക്ഷികളാവുന്നത്? ഒരിക്കല്‍ കൂടി 1979 ലെ ഇറാന്‍ തിരിച്ചുവരികയാണോ? ജിമ്മി കാര്‍ട്ടര്‍ക്കുണ്ടായ ഗതി തന്നെയാവുമോ ബറാക് ഒബാമക്കും?
മനസ്സറിഞ്ഞ് ഈജിപ്ഷ്യന്‍ പ്രക്ഷോഭകരെ അമേരിക്ക പിന്തുണച്ചിട്ടില്ലെന്നതാണ് സത്യം. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന പിടികിട്ടായ്മയാണ് ഇതിന് കാരണം. അറബ് ജനാധിപത്യം എന്തായിത്തീരുമെന്ന ഭീതി. അതുകൊണ്ടാണ് ഒബാമ 2002ല്‍, അധിനിവിഷ്ട ഫലസ്ത്വീനില്‍ ഹമാസ് ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തില്‍ വരുന്നതിനെ എതിര്‍ത്തത്. ഇസ്രയേലിനെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ കൂട്ടായ്മയാണ് ഹമാസ് എന്നതായിരുന്നു എതിര്‍ക്കാനുള്ള ന്യായം.
സമാനമായതോ അതിനേക്കാള്‍ സങ്കീര്‍ണമായതോ ആയ ഒരു രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കാണ് ഈജിപ്ഷ്യന്‍ സമകാലിക സംഭവവികാസങ്ങള്‍ അമേരിക്കയെയും മറ്റു പാശ്ചാത്യ ഭരണകൂടങ്ങളെയും കൊണ്ടെത്തിച്ചിരിക്കുന്നത്. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പിലൂടെ 'റാഡിക്കല്‍' ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍ അമേരിക്കന്‍ താല്‍പര്യങ്ങളോട് (ഇസ്രയേലീ താല്‍പര്യങ്ങളോട് എന്നും പറയാം) ശത്രുത പുലര്‍ത്തുന്ന വിദേശനയം സ്വീകരിച്ച് മേഖലയെ 'അസ്ഥിരപ്പെടുത്തു'മോ എന്നവര്‍ ഭയക്കുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മിക്ക രാഷ്ട്രീയ നിരീക്ഷകരും വിപ്ലവത്തിന് ഇസ്‌ലാമിക മാനങ്ങളില്ല എന്ന് കരുതുന്നവരാണ്. ഞാന്‍ ആ നിരീക്ഷണത്തെ ചോദ്യംചെയ്യുന്നു. നാലു ന്യായങ്ങളാണ് എനിക്കതിന് നിരത്താനുള്ളത്.
1. ഇസ്‌ലാമിന്റെ രാഷ്ട്രീയ സാന്നിധ്യം വളരെ സജീവമാണ് ഈജിപ്തില്‍. തെരുവുകളില്‍ 'അല്ലാഹു അക്ബര്‍' മുഴങ്ങുന്നില്ലല്ലോ എന്ന് നിരീക്ഷകര്‍ പറയുന്നത് ശരിയാണ്. അതുകൊണ്ട് മാത്രം വിപ്ലവത്തിന്റെ മുഴുവന്‍ ക്രെഡിറ്റും 'ഫേസ്ബുക്ക് തലമുറ'ക്ക് ആയിത്തീരുമോ? പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചത് ഫേസ്ബുക്ക് തലമുറയാണെങ്കിലും, ഇവരെ മാത്രം ഉയര്‍ത്തിക്കാട്ടുന്നവര്‍ അവഗണിക്കുന്ന വലിയൊരു സത്യമുണ്ട്. ജനസംഖ്യാപരമായി നോക്കിയാല്‍ ഈ ഫേസ്ബുക്ക് തലമുറ സമൂഹത്തിലെ 'കുലീനര്‍' ആണ്. രണ്ട് ഡോളറിന് താഴെ ദിവസ വരുമാനമുള്ള ഈജിപ്തിലെ ബഹുഭൂരിപക്ഷവും 'ട്വിറ്ററി'ല്‍ കയറിവരില്ല എന്നുറപ്പാണല്ലോ. തഹ്‌രീര്‍ സ്‌ക്വയറില്‍ കണ്ടതെല്ലാം കൂട്ടിവായിച്ചാലും, ഫേസ്ബുക്ക് തലമുറ (ഏപ്രില്‍ 6 യുവജന കൂട്ടായ്മ ഉള്‍പ്പെടെ) ഗൗരവപൂര്‍ണമായ ഒരു രാഷ്ട്രീയ സംഘാടനത്തെ പ്രതിനിധീകരിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഫേസ്ബുക്ക് ഉല്‍പന്നമല്ലാത്ത മുസ്‌ലിം ബ്രദര്‍ഹുഡിനാണ് കയ്‌റോയിലെ ചേരികളില്‍ വലിയ ജനകീയ പിന്‍ബലമുള്ളത്.
ഈജിപ്തിലെ സ്വയാധികാരമുള്ള ഏറ്റവും വലിയ ശക്തിയാണ് ഇന്ന് ബ്രദര്‍ഹുഡ്. ഒരു സാമൂഹിക പ്രസ്ഥാനമായാണ് ആരംഭിച്ചതെങ്കിലും, ഔദ്യോഗിക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനുള്ള ബ്രദര്‍ഹുഡിന്റെ വിമുഖത 2005-ഓടെയാണ് അത് മാറ്റിയെടുത്തത്. 'കിഫായ' തെരുവ് പ്രക്ഷോഭങ്ങളില്‍ അവര്‍ ഭാഗഭാക്കായി. രാഷ്ട്രീയ പരിഷ്‌കരണത്തിന് വേണ്ടിയുള്ള സംവാദങ്ങളില്‍ പങ്കാളിത്തം വഹിച്ചു. തുടര്‍ന്നുവന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 444 അംഗസമിതിയില്‍ 88 സീറ്റുകള്‍ നേടുകയും ചെയ്തു (150 സീറ്റുകളിലേ അവര്‍ മത്സരിച്ചിരുന്നുള്ളൂ). ഒരു നിരീക്ഷകന്‍ അഭിപ്രായപ്പെട്ടതുപോലെ, 'ചരിത്രത്തില്‍ ബ്രദര്‍ഹുഡ് നേടിയ സാമൂഹിക പ്രസ്ഥാനം എന്ന സ്ഥാനത്തെ ഗൗരവതരമായി രാഷ്ട്രീയം കൈയാളുന്ന പുതിയൊരു സ്വരൂപവുമായി വെച്ച് മാറാന്‍ അത് തീരുമാനിച്ചു'.
ഒരു റാഡിക്കല്‍ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടി എന്ന് ബ്രദര്‍ഹുഡിനെ വിളിക്കാന്‍ കഴിയില്ല. അതിന്റെ അടുത്തകാല വ്യവഹാരങ്ങളില്‍ ഇസ്‌ലാമിക രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍ അത്ര പ്രധാനമായി കടന്നു വരുന്നില്ല. അവയൊക്കെയും കൈയൊഴിച്ചു എന്നതിന് അര്‍ഥവുമില്ല. 80 മില്യന്‍ മുസ്‌ലിംകള്‍ താമസിക്കുന്ന രാജ്യമാണ് ഈജിപ്ത്. ഒരേസമയം അവിടത്തെ ഏറ്റവും മികച്ച രീതിയില്‍ സംഘടിപ്പിക്കപ്പെട്ട പാര്‍ട്ടി തന്നെയാണ് ബ്രദര്‍ഹുഡ്. ഇക്കാര്യമങ്ങനെ തള്ളിക്കളയാവുന്ന ഒന്നല്ല.
2. ഇറാന്‍ വിപ്ലവത്തിന്റെ വിജയപരാജയങ്ങളൊന്നും ഈജിപ്തിനെ വിലയിരുത്താന്‍ കൊള്ളുകയില്ല. 1979-ലെ ഇറാനല്ല 2011-ലെ ഈജിപ്ത് എന്നും, ബ്രദര്‍ഹുഡിന് ഖുമൈനിയെപ്പോലുള്ള ഒരു അതികായനില്ല എന്നുമുള്ള മറുവാദങ്ങളൊന്നും ഈ വിപ്ലവത്തെ തൃപ്തികരമായി വിശദീകരിക്കാന്‍ പര്യാപ്തമല്ല.
അറബ് ഏകാധിപത്യ ഭരണകൂടങ്ങള്‍ അനക്കം തട്ടാതെ നില്‍ക്കുന്ന സമയത്ത് ഉയര്‍ന്നുവന്ന ചര്‍ച്ച, ഇവര്‍ക്കെന്താ ലിബറല്‍ ഡെമോക്രസി പരീക്ഷിച്ചു കൂടേ എന്നായിരുന്നു. അത്തരം ചര്‍ച്ചകളൊക്കെ ഇപ്പോള്‍ നിന്നിരിക്കുന്നു. അതിനുപകരം ഉയര്‍ന്നു വരുന്നത് ഈ ചോദ്യങ്ങളാണ്: ഏത് ദിശയിലേക്കാണ് മുസ്‌ലിം ലോക രാഷ്ട്രീയം നീങ്ങുന്നത്? ആ രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ ഇസ്‌ലാമിന്റെ പങ്ക് എന്തായിരിക്കും? സത്യം പറഞ്ഞാല്‍ ഇതിന്റെ കൃത്യമായ ഉത്തരം ആര്‍ക്കുമറിഞ്ഞുകൂടാ. ഇതുപോലെ സന്ദിഗ്ധമായ ഒരു സന്ദര്‍ഭം മുമ്പുണ്ടായിട്ടില്ല. തീര്‍ത്തും വ്യത്യസ്തമായ വര്‍ണം സ്വീകരിച്ച ഒരു ഇസ്‌ലാമിക വിപ്ലവമാകാം വരാന്‍ പോകുന്നത്. ഗൗരവ പരിഗണനയര്‍ഹിക്കുന്ന ഒരു സാധ്യത തന്നെയാണത്, നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. സകലതും അടിമുടി മാറിക്കഴിഞ്ഞ ഒരു സന്ദര്‍ഭത്തില്‍, ഭാവിക്ക് വഴികാട്ടാന്‍ ഭൂതകാലം മതിയാവുകയില്ല. ഈ വിപ്ലവത്തെ നിര്‍വചിക്കാന്‍ നാം പഴയകാല ഏടുകള്‍ പരതാതിരിക്കുക.
3. ഇസ്‌ലാമിസത്തിന്റെ എന്തെന്ത് ഊര്‍ജ്ജങ്ങളാണ് പ്രസരിക്കാനിരിക്കുന്നതെന്ന് നമുക്ക് ശരിക്കും അറിഞ്ഞുകൂടാ. മറ്റേതൊരു രാഷ്ട്രീയ സംവിധാനത്തേക്കാളും പാശ്ചാത്യ മോഡല്‍ ജനാധിപത്യം എന്തുകൊണ്ടാണ് കൂടുതല്‍ കാര്യക്ഷമമായിരിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതില്‍ ഇസ്‌ലാമിക രാഷ്ട്രീയ തത്ത്വചിന്ത ഇതുവരെ പരാജയപ്പെടുകയാണ് ചെയ്തത്. പക്ഷേ, തുനീഷ്യ, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ പോലുള്ള നാടുകളെ ഇളക്കിമറിച്ച മാറ്റങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രീയ തത്ത്വചിന്തയുടെ പുതിയ തരംഗങ്ങള്‍ ഉയര്‍ത്തിവിടും എന്നുതന്നെ നാം പ്രതീക്ഷിക്കണം.
ഇസ്‌ലാമികരായ റോള്‍സുകളുടെ (John Rawls-രാഷ്ട്രമീമാംസയില്‍ നിരവധി രചനകള്‍ നടത്തിയ അമേരിക്കന്‍ തത്ത്വചിന്തകന്‍, 1921-2002) ഉയിര്‍ത്തെഴുന്നേല്‍പ് നമുക്ക് കാണാനായേക്കും. അവര്‍ ഇസ്‌ലാമിക രാഷ്ട്രീയ തത്ത്വചിന്തക്കൊന്നാകെ നവോന്മേഷം പകരും. സാമൂഹിക സംഘാടനത്തില്‍ ഇസ്‌ലാമിന്റെ പങ്ക് ചര്‍ച്ചചെയ്യുന്നതോടൊപ്പം, പുതിയ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്കും വേദി ഒരുക്കപ്പെട്ടേക്കാം. രാഷ്ട്രീയ ഇസ്‌ലാമല്ലേ, അതെനിക്കറിയാം എന്ന് ഇനിമേല്‍ ആര്‍ക്കും ജ്ഞാനിഭാവം നടിക്കാനാവുകയില്ല. കാരണം, ആ രാഷ്ട്രീയ ചിന്ത നിമിഷം വെച്ച് മാറുകയും പുതിയ ആവിഷ്‌കാരങ്ങള്‍ ആര്‍ജ്ജിച്ചുകൊണ്ടിരിക്കുകയുമാണ്. മേഖലയിലുടനീളം ഉയര്‍ന്നുവരുന്ന പഴയതും പുതിയതുമായ പഠനഗവേഷണ കേന്ദ്രങ്ങള്‍ അവയുടെ മാറ്റ് തെളിയിക്കുന്നത്, അവിടങ്ങളിലെ യുവഗവേഷകരുടെ ഇത്തരം വിഷയങ്ങളിലെ ഗവേഷണപ്രബന്ധങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാവും.
4. എന്താണ് രാഷ്ട്രീയം എന്ന് നിര്‍വചിച്ചിരുന്നത് ഇതുവരെ പാശ്ചാത്യരാണ്. മുസ്‌ലിം ലോകത്തിന് അതത്രയും മടുത്തിരിക്കുന്നു. രാഷ്ട്രീയം എന്താണെന്ന് മുസ്‌ലിം ലോകം സ്വയം നിര്‍വചിക്കുന്ന നിമിഷമായിരിക്കില്ലേ ഒരു പക്ഷേ ആഗതമായിരിക്കുന്നത്?
കിസ്സിഞ്ചര്‍-നിക്‌സണ്‍ ജോഡിയുടെ അവസരവാദ രാഷ്ട്രീയ (Real politik) മാണ് അന്താരാഷ്ട്ര ബന്ധങ്ങളിലെ അമേരിക്കന്‍ വിദേശനയത്തെ പതിറ്റാണ്ടുകളോളം നിര്‍ണ്ണായകമായി സ്വാധീനിച്ചത്. പുറമേക്ക് അമേരിക്ക ജനാധിപത്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും വലിയ ഗീര്‍വാണങ്ങള്‍ നടത്തും. പക്ഷേ, യഥാര്‍ഥത്തില്‍ അനുഭവിച്ചുകൊണ്ടിരുന്നത്, സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി ജനാധിപത്യത്തെ കുരുതി കൊടുക്കലായിരുന്നു. ചിലപ്പോള്‍ എണ്ണക്ക് വേണ്ടിയായിരിക്കും, മറ്റു ചിലപ്പോള്‍ ഇസ്രയേലിന് വേണ്ടിയും.
ഈ രാഷ്ട്രീയ നാടകങ്ങളിലെല്ലാം മുസ്‌ലിംകള്‍ക്കെതിരെയായിരുന്നു ഒട്ടുമിക്ക സന്ദര്‍ഭങ്ങളിലും പാശ്ചാത്യര്‍ നിലയുറപ്പിച്ചത്. അഫ്ഗാനില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള ചിത്രങ്ങള്‍ നിരന്തര ചതിയുടെ ഇമേജുകളാണ് മുസ്‌ലിം മനസ്സുകളില്‍ കോറിയിട്ടത്. അമേരിക്കയെയോ മറ്റു പാശ്ചാത്യശക്തികളെയോ അവര്‍ വിശ്വാസത്തിലെടുക്കുന്നില്ല. മാറിയ പരിതസ്ഥിതിയില്‍ ഈ വഞ്ചനാത്മക അവസരവാദ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക് പേടിയും പരിഭ്രമവും ഉണ്ടാവുക സ്വാഭാവികം.
പടിഞ്ഞാറ് നിരന്തരം വഞ്ചിച്ചു കൊണ്ടിരുന്ന ഈ ജനവിഭാഗങ്ങളാണ് ഇപ്പോള്‍ സ്വന്തമായി രാഷ്ട്രീയ ഇടം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതും അത് നേടിക്കൊണ്ടിരിക്കുന്നതും. കഴിഞ്ഞ 50 വര്‍ഷത്തെ പാശ്ചാത്യ-അമേരിക്കന്‍ നയങ്ങളെക്കുറിച്ച് അവര്‍ക്ക് നല്ലതൊന്നും പറയാനില്ല. ഈ ജനതകള്‍ക്കു മുമ്പില്‍ രണ്ട് ചോയ്‌സാണ് ഉള്ളത്. ഒന്നുകില്‍ അവര്‍ക്ക് അമേരിക്കയെപ്പോലെ തന്നെ അവസരവാദ രാഷ്ട്രീയം തിരിച്ചും കളിക്കാം. അല്ലെങ്കില്‍ നീതി പുലരുന്ന ഒരു അന്താരാഷ്ട്ര നിയമവ്യവസ്ഥക്കുവേണ്ടി പണിയെടുക്കാം.
ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ പക്വത പുതിയൊരു രാഷ്ട്രീയത്തിലേക്കുള്ള ദിശാസൂചനയായി എടുക്കാവുന്നതാണ്. ബഹുഭൂരിപക്ഷം മുസ്‌ലിംകള്‍ക്കും ഇസ്‌ലാം എന്നാല്‍ സംഘര്‍ഷമല്ല, സമാധാനവും സത്യത്തോടുള്ള പ്രതിബദ്ധതയുമാണ്. ഇപ്പോള്‍ തുറന്നുവിട്ടിരിക്കുന്ന ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയുടെ പുതിയ ഊര്‍ജ്ജപ്രവാഹങ്ങള്‍ മുസ്‌ലിംകള്‍ക്ക് അവരുടെ സമുന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഇക്കാര്യത്തില്‍ മുസ്‌ലിമേതര വിഭാഗങ്ങളുടെ പിന്തുണ തേടാനും സന്ദര്‍ഭമൊരുക്കിയിരിക്കുകയാണ്. ഇങ്ങനെ വരുമ്പോള്‍ അവരെക്കുറിച്ച് പ്രചരിപ്പിച്ചിട്ടുള്ള വാര്‍പ്പുമാതൃകകളെയും പേടിപ്പിക്കലുകളെയും എളുപ്പത്തില്‍ മറികടക്കാന്‍ അവര്‍ക്ക് കഴിയേണ്ടതാണ്. നാം ചിന്തിക്കണം, ഒരു പക്ഷേ, ഈജിപ്തിനെ സംബന്ധിച്ചേടത്തോളം ഒരു ഇസ്‌ലാമിക വിപ്ലവം അത്ര മോശം സംഗതിയാവണമെന്നില്ല.
മുസ്‌ലിംകളുടെ ചരിത്ര ദൗത്യത്തെക്കുറിച്ച് കരന്‍ ആംസ്‌ട്രോങ്ങിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം.
''ചരിത്രത്തിലുടനീളം മുസ്‌ലിംകള്‍ അന്വേഷിച്ചിരുന്നത് ദൈവത്തെ ആയിരുന്നു. അവരുടെ വിശുദ്ധ വേദമായ ഖുര്‍ആന്‍ അവര്‍ക്കൊരു ചരിത്ര ദൗത്യം നല്‍കിയിട്ടുണ്ട്. അവരുടെ മുഖ്യ ചുമതല നീതിപൂര്‍ണമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതായിരുന്നു. ആ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവര്‍ വരെ അങ്ങേയറ്റത്തെ മാന്യതയോടെ പരിഗണിക്കപ്പെടണം. അത്തരമൊരു സമൂഹത്തെ നിര്‍മിക്കുക എന്നതും അതിന്റെ ഭാഗമായി ജീവിക്കുക എന്നതുമാണ് അവര്‍ക്ക് ദൈവസാമീപ്യത്തിനുള്ള വഴി. അപ്പോഴേ ദൈവേഛ അനുസരിച്ച് ജീവിക്കുന്നവരായി അവര്‍ മാറുന്നുള്ളൂ. ഒരു മുസ്‌ലിം ചരിത്രത്തെ വിമോചിപ്പിക്കേണ്ടതുണ്ട്. രാഷ്ട്രകാര്യങ്ങളെ ആത്മീയതയില്‍ നിന്ന് അകറ്റുകയല്ല, അവ മതത്തിന്റെ തന്നെ കാര്യങ്ങളായി മാറുകയാണ് ചെയ്യുന്നത് എന്നര്‍ഥം. രാഷ്ട്രീയമായി സുസ്ഥിതിയിലാവുക എന്നത് ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള കാര്യമാണ്. പക്ഷേ, ഏതൊരു മതകീയ ആശയവും പോലെ, ചരിത്രത്തിന്റെ ദുരന്തമുഹൂര്‍ത്തങ്ങളില്‍ ഈ ആശയവും പ്രയോഗവല്‍ക്കരിക്കുക പലപ്പോഴും അസാധ്യം തന്നെ ആയിത്തീരും. എന്നാലും, ഓരോ പരാജയത്തിനു ശേഷവും മുസ്‌ലിം എഴുന്നേല്‍ക്കുകയും തന്റെ ജോലി വീണ്ടും തുടങ്ങുകയും ചെയ്യേണ്ടതുണ്ട്''.

(പ്രമുഖ മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകനാണ് സൈദ് ഹസന്‍. ഇപ്പോള്‍ ലണ്ടനില്‍ താമസം)

Comments

Other Post