ശാക്തിക സമവാക്യങ്ങള്‍ മാറിമറിയുമ്പോള്‍
കമ്യൂണിസ്റ്റ് കിഴക്കന്‍ യൂറോപ്പ് രണ്ടു പതിറ്റാണ്ടു മുമ്പ് പൊടുന്നനെ ജനാധിപത്യം പുല്‍കിയതുപോലെ അറബ് ലോകത്തും അത് സംഭവിക്കുമെന്ന് ആരും സ്വപ്നം കണ്ടിരുന്നില്ല. എന്നാല്‍, ഏകാധിപതികള്‍ ഭരണത്തില്‍ അടയിരിക്കുന്നത് സാധാരണ കാഴ്ചയായ മേഖലയില്‍ ആരംഭിച്ച വിപ്ലവത്തിന്റെ കാറ്റ് അതിവേഗമാണ് അയല്‍രാജ്യങ്ങളിലേക്ക് അടിച്ചുവീശിയത്. ഇതിന്റെ ഫലമായി ചുരുങ്ങിയത് നാലു രാജ്യങ്ങളിലെങ്കിലും അഴിമതിയോ കൃത്രിമത്വമോ ഇല്ലാതെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കുകയും പ്രതീക്ഷിച്ചതുപോലെ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തിലെത്തുകയും ചെയ്തു.
വിപ്ലവാനന്തര മിഡിലീസ്റ്റിനെ മൂന്നായി തിരിക്കാം. തുനീഷ്യയും ഈജിപ്തും ലിബിയയും യമനും സിറിയയുമാണ് ആദ്യ പട്ടികയില്‍. ആദ്യത്തെ നാലിടങ്ങളിലും ഏകാധിപതികള്‍ നിഷ്‌കാസനം ചെയ്യപ്പെട്ടു. ഒരാള്‍ (ഖദ്ദാഫി) ജനരോഷം ഏറ്റുവാങ്ങി ക്രൂരമായി വധിക്കപ്പെട്ടപ്പോള്‍ ഈജിപ്തിലെയും (ഹുസ്‌നി മുബാറക്) തുനീഷ്യയിലെയും (ബിന്‍ അലി) യമനിലെയും (സ്വാലിഹ്) ഏകാധിപതികള്‍ റുമാനിയയിലെ ചെഷസ്‌ക്യൂ മോഡല്‍ ജനകീയ വിചാരണയില്‍നിന്ന് രക്ഷപ്പെട്ടുവെന്നു മാത്രം. പതിറ്റാണ്ടുകളോളം ഇവര്‍ തട്ടകങ്ങളാക്കിയ രാജ്യങ്ങളില്‍ ഭരണമാറ്റമുണ്ടാവുകയും ജനകീയ സര്‍ക്കാര്‍ നിലവില്‍വരികയും ചെയ്തു. യമനില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് നടക്കാതെ ഭരണമാറ്റമുണ്ടായത്. അടുത്ത ഊഴം സിറിയയുടേതാണ്.
രണ്ടാമത്തെ പട്ടികയില്‍ പെടുന്നത് ഗള്‍ഫ് രാജ്യങ്ങളും മൊറോക്കോയും ജോര്‍ദാനും. ഗള്‍ഫ് രാജ്യങ്ങളില്‍ ബഹ്‌റൈനും ഒമാനുമാണ് ജനകീയ പ്രക്ഷോഭങ്ങള്‍ നേരിട്ടത്. പക്ഷേ, വ്യക്തമായ ചില കാരണങ്ങളാല്‍ അവ വിജയം കണ്ടില്ല. മറ്റിടങ്ങളില്‍ ഭരണാധികാരികള്‍ ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചതിനാല്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായില്ല. മൊറോക്കോയില്‍ സാമ്പത്തിക, ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്ക് രാജാവ് തയ്യാറാവുകയും തെരഞ്ഞെടുപ്പില്‍ ജയിച്ച് ഇസ്‌ലാമിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍, ജോര്‍ദാന്‍ തീര്‍ത്തും സുരക്ഷിതമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മൂന്നു പ്രധാനമന്ത്രിമാരാണ് അവിടെ സ്ഥാനമേറ്റത്. അബ്ദുല്ല രാജാവിന്റെ പരിഷ്‌കരണ പ്രഖ്യാപനങ്ങള്‍ മുഖ്യ പ്രതിപക്ഷമായ ഇസ്‌ലാമിക് ആക്ഷന്‍ ഫ്രണ്ടിന്റെ വിശ്വാസ്യത നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. 2013ലെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നാണ് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അള്‍ജീരിയ, ഇറാഖ്, ലബനാന്‍, ഇറാന്‍, സുഡാന്‍ എന്നിവയാണ് മൂന്നാമത്തെ വിഭാഗം. ആഭ്യന്തര കലാപങ്ങള്‍, ജനകീയ വിപ്ലവങ്ങള്‍, സൈനിക അട്ടിമറികള്‍ എന്നിവ അനുഭവിച്ച പാരമ്പര്യമുള്ള ഈ രാജ്യങ്ങള്‍ വലിയ ജാഗ്രതയോടെയാണ് നീങ്ങുന്നത്.
അറബ് വസന്തം മേഖലയിലെ ചില രാജ്യങ്ങൡ ഘടനാപരമായ മാറ്റമുണ്ടാക്കിയതുപോലെ മധ്യപൗരസ്ത്യദേശത്തെ ശാക്തിക സന്തുലനത്തിലും ശ്രദ്ധേയമായ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, അറബ് സംസ്‌കാരവുമായി നേരിട്ടു ബന്ധമില്ലാത്തതും അറബി ഔദ്യോഗിക സംസാരഭാഷയല്ലാത്തതുമായ തുര്‍ക്കി, ഇറാന്‍, ഇസ്രയേല്‍ എന്നീ മധ്യപൗരസ്ത്യ രാജ്യങ്ങളെയാണ് അറബ് വസന്തത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും പരോക്ഷമായി സ്വാധീനിക്കാന്‍ പോകുന്നത്.
അറബ് വസന്തത്തിനുശേഷം അധികാരത്തിലെത്തിയ ഇസ്‌ലാമിസ്റ്റുകള്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും രാഷ്ട്രാന്തരീയ തലത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇസ്‌ലാമിസ്റ്റ് ഭരണകൂടങ്ങളുമായി രമ്യതയില്‍ കഴിയണമെന്ന നിലപാടാണ് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ആറു കൊല്ലം മുമ്പ് ഫലസ്ത്വീന്‍ തെരഞ്ഞെടുപ്പില്‍ ഹമാസ് അധികാരത്തിലെത്തിയപ്പോള്‍ സ്ഥിതി ഇതായിരുന്നില്ല. സയണിസ്റ്റ് താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായി ഹമാസ് ഭരണകൂടത്തെ ഞെരിച്ചുകൊല്ലാന്‍ അമേരിക്കയും ബ്രിട്ടനും സഖ്യകക്ഷികളും കൈകോര്‍ക്കുകയായിരുന്നു. അന്ന് ഹമാസിനുവേണ്ടി വാദിക്കാന്‍ ആരുമുണ്ടായിരുന്നില്ലെങ്കില്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. അറബ് ലോകത്തെ ഏറ്റവും വലിയ രാജ്യവും സൈനിക ശക്തിയുമായ ഈജിപ്തില്‍ ഇസ്‌ലാമിസ്റ്റുകളാണ് അധികാരത്തില്‍. മാത്രമല്ല, ഫലസ്ത്വീന്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ തുര്‍ക്കിയിലെ ഇസ്‌ലാമിസ്റ്റ് അനുകൂല ഭരണകൂടവും ശക്തമായി ഇടപെടാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനൊക്കെ പുറമെ, ജനകീയ വിപ്ലവങ്ങളാണ് അറബ് വസന്തത്തിന്റെ കാതലായി വര്‍ത്തിച്ചത്. അതിനാല്‍, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അപക്വമായ ഇടപെടല്‍ മേഖലയില്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് വന്‍ ആഘാതമാണ് വരുത്തിവെക്കുക.
തുര്‍ക്കിയിലെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി(എ.കെ പാര്‍ട്ടി)യുടെ മാതൃകയിലുള്ള ഭരണം ഈജിപ്തിലെയും തുനീഷ്യയിലെയും ലിബിയയിലെയും ഇസ്‌ലാമിസ്റ്റ് ഭരണകൂടങ്ങള്‍ പിന്തുടരുന്നതാണ് പടിഞ്ഞാറുമായി 'ഏറ്റുമുട്ടലുകള്‍' ഇല്ലാതാക്കുന്ന മറ്റൊരു ഘടകം. ഈജിപ്തില്‍ ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലെത്തിയാല്‍ ഇസ്രയേലുമായുള്ള ക്യാമ്പ് ഡേവിഡ് കരാര്‍ റദ്ദാക്കുമെന്നാണ് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍, തല്‍ക്കാലം അത്തരം കടുത്ത നീക്കങ്ങള്‍ക്ക് മുര്‍സി ഭരണകൂടം തുനിഞ്ഞിട്ടില്ല. ഈജിപ്തിന് ഏറ്റവും ആവശ്യമുള്ള കാര്യങ്ങളാണ് ആദ്യ നൂറുദിനത്തില്‍ ചെയ്യുകയെന്ന് പ്രഖ്യാപിച്ച മുര്‍സി അഞ്ചിന പരിപാടിയും പരസ്യപ്പെടുത്തിയിരുന്നു. അവയില്‍ പലതും പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മുബാറക് യുഗത്തില്‍ നിലനിന്നിരുന്ന, സിവിലിയന്മാരെ പട്ടാളക്കോടതിയില്‍ വിചാരണ ചെയ്യുന്ന നടപടികള്‍ അവസാനിപ്പിക്കാനും ഇസ്‌ലാമിസ്റ്റ് ഭരണത്തിനു കഴിഞ്ഞിട്ടുണ്ട്. സുചിന്തിതമായ തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമെന്ന് പുതിയ ഭരണകൂടത്തിന് നല്ല ബോധ്യമുെണ്ടന്നു ചുരുക്കം. ക്യാമ്പ് ഡേവിഡ് കരാറില്‍ ഒപ്പുവെച്ചതിന്റെ പേരില്‍ ജീവന്‍ ബലികൊടുക്കേണ്ടിവന്ന അന്‍വര്‍ സാദാത്തിന്റെ ചരമദിനത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ മുര്‍സി എത്തിയതും, കരാര്‍ റദ്ദാക്കില്ലെന്ന് അതിനു കാര്‍മികത്വം വഹിച്ച മുന്‍ യു.എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഇസ്രയേലി അധികൃതര്‍ക്ക് ഉറപ്പുനല്‍കിയതും ശരി തന്നെ. എന്നാല്‍, ആറു പതിറ്റാണ്ടിലേറെയായി ഇസ്രയേലിനെ മുഖ്യശത്രുവായി കണ്ടിരുന്ന മുസ്‌ലിം ബ്രദര്‍ഹുഡ് അവസരമൊത്തുവന്നാല്‍ ക്യാമ്പ് ഡേവിഡ് കരാര്‍ റദ്ദാക്കില്ലെന്ന് ഉറപ്പുപറയാന്‍ നിരീക്ഷകര്‍ തയാറല്ല. ഇസ്രയേലിനെ ഭീതിയിലാക്കുന്ന ഒരു കാര്യം ഇതാണ്.
തുര്‍ക്കിയില്‍ ഇസ്‌ലാമിസ്റ്റുകള്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് അധികാരത്തിലെത്തുന്നത്. 2001 ആഗസ്റ്റില്‍ രൂപം കൊണ്ട എ.കെ പാര്‍ട്ടി 2002-ല്‍ മത്സരത്തിനിറങ്ങി. ആദ്യ തെരഞ്ഞെടുപ്പില്‍ 34.26 ശതമാനം വോട്ടുകളാണ് ലഭിച്ചിരുന്നതെങ്കില്‍ മൂന്നാമൂഴത്തില്‍ വോട്ടുശതമാനം 49.83 ആയി ഉയര്‍ന്നിരിക്കുന്നു. അര്‍ബകാന്റെ കാലം മുതല്‍ ഇസ്‌ലാമിസ്റ്റ് ഭരണത്തിന് എന്നും തലവേദനയായി നിലകൊണ്ടിരുന്ന സൈന്യത്തിന്റെ മേല്‍ക്കോയ്മ അവസാനിപ്പിക്കാനും ഭരണകൂടത്തെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന സൈനിക മേധാവികളെപ്പോലും വിചാരണചെയ്ത് ശിക്ഷിക്കാനുമുള്ള മേധാവിത്വമാണ് തുര്‍ക്കിയില്‍ ഇസ്‌ലാമിസ്റ്റുകള്‍ നേടിയത്. അതേസമയം, അയല്‍ക്കാരുമായുള്ള 'സീറോ പ്രോബ്ലം' പോളിസി എടുത്തുപറഞ്ഞിരുന്ന തുര്‍ക്കി വിദേശകാര്യ മന്ത്രി അഹ്മദ് ദാവൂദ് ഒഗ്‌ലുവിന് ഇപ്പോള്‍ ജോലി വര്‍ധിച്ചിരിക്കുന്നു. സിറിയ, ഇറാഖ്, ഇറാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുമായുള്ള തുര്‍ക്കിയുടെ ബന്ധങ്ങള്‍ സുഖത്തിലല്ല. നാറ്റോ മിസൈല്‍ പ്രതിരോധ പദ്ധതിയുടെ ഭാഗമായി റഡാറുകള്‍ സ്ഥാപിക്കാന്‍ സമ്മതിച്ചതോടെ തുര്‍ക്കിയുമായി അകല്‍ച്ചയിലായ ഇറാന്‍, സിറിയന്‍ പ്രശ്‌നത്തോടെ കൂടുതല്‍ അകന്നിരിക്കുന്നു.
തുര്‍ക്കിയും ഇസ്രയേലും
ഇസ്രയേലുമായി തുര്‍ക്കിക്ക് വര്‍ഷങ്ങളായി നയതന്ത്ര ബന്ധമുണ്ട്. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പ്രസ്തുത ബന്ധം എത്തിപ്പെട്ടിരിക്കുന്നു. 37 രാജ്യങ്ങളില്‍നിന്നുള്ള 663 ആക്റ്റിവിസ്റ്റുകളുമായി ഗസ്സയിലേക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പോയ ആറു കപ്പലുകളില്‍ ഒന്നായ മാവി മര്‍മറക്കു നേരെ 2010 മേയ് 31-ന് ഇസ്രയേല്‍ നടത്തിയ സൈനിക നടപടിയാണ് ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാക്കിയത്. കപ്പലിലുണ്ടായിരുന്ന ഒമ്പത് തുര്‍ക്കി പൗരന്മാരെ നിഷ്ഠുരം വധിച്ച ഇസ്രയേല്‍ മാപ്പു പറയുകയും നഷ്ടപരിഹാരം നല്‍കുകകയും ചെയ്യണമെന്നായിരുന്നു അങ്കാറയുടെ ആവശ്യം. ഇത് അംഗീകരിക്കാത്തതിനാല്‍ ഇസ്രയേലുമായുള്ള സൈനിക സഹകരണം നിര്‍ത്തിവെക്കുന്നതായി 2001 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച തുര്‍ക്കി പിന്നീട് അംബാസഡറെ പുറത്താക്കി. ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാന്‍ അഭ്യര്‍ഥിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ദൂതുമായി കോടീശ്വരനായ ഒരു അമേരിക്കന്‍ ജൂതന്‍ തന്നെ കണ്ടിരുന്നുവെന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഫോബ്‌സ് മാസികയുടെ കോടീശ്വരന്മാരുടെ ലിസ്റ്റിലുള്ള അമേരിക്കന്‍ ജൂത നേതാവ് റൊണാള്‍ഡ് ലോഡറാണ് ഈ ദൂതന്‍. എന്നാല്‍, തുര്‍ക്കിയുടെ ആവശ്യം അംഗീകരിക്കാന്‍ നെതന്യാഹു ഒരുക്കമല്ലാത്തതിനാല്‍ അനുരഞ്ജന നീക്കം വിജയിച്ചില്ല. 1998-ല്‍ അന്നത്തെ സിറിയന്‍ പ്രസിഡന്റ് ഹാഫിദുല്‍ അസദിന്റെയടുത്ത് അനുരഞ്ജന ദൗത്യവുമായി നെതന്യാഹു അയച്ചതും ലേഡറെ തന്നെയായിരുന്നു.
ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ വേറെയുമുണ്ട്. മെഡിറ്ററേനിയനിലെ ലെവന്റര്‍ ബേസിനില്‍ കണ്ടെത്തിയ വമ്പിച്ച പ്രകൃതി വാതക ശേഖരങ്ങള്‍ സ്വന്തമാക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുന്നുണ്ടെങ്കിലും തുര്‍ക്കിയും ഫലസ്ത്വീന്‍ അതോറിറ്റിയും സൈപ്രസുമൊക്കെ അവകാശവാദമുന്നയിച്ചിട്ടുണ്ട്. തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പെടുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ആഴക്കടല്‍ വാതകശേഖരമെന്നാണ് നാലു രാജ്യങ്ങളും അവകാശപ്പെടുന്നത്. അതിനിടെ സൈപ്രസുമായി ഇസ്രയേല്‍ കരാറിലെത്തിയതിനെ ചോദ്യം ചെയ്ത് തുര്‍ക്കി രംഗത്തുവന്നിരിക്കുകയാണ്.
സിറിയയില്‍ ശീഈ അലവി വിഭാഗക്കാരനായ ബശ്ശാറുല്‍ അസദിന്റെ പതനം ദിവസങ്ങളുടെ മാത്രം പ്രശ്‌നമാണെന്നും അവിടെ നിലവില്‍ വരാന്‍ പോകുന്ന സുന്നി ഭരണകൂടവുമായി ഇസ്രയേലിനെ ബന്ധിപ്പിക്കാന്‍ തുര്‍ക്കിയുടെ ഇടപെടല്‍ അനിവാര്യമാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സിറിയന്‍ വിമോചന പോരാളികള്‍ക്ക് പണവും ആയുധങ്ങളും വേദിയും ഒരുക്കിയ തുര്‍ക്കിയുടേത് തന്നെയാകും ബശ്ശാറില്ലാത്ത സിറിയയില്‍ അവസാന വാക്ക്. അതേസമയം, പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മുസ്‌ലിം ബ്രദര്‍ഹുഡിന് മുന്‍തൂക്കമുള്ള ഗവണ്‍മെന്റാണ് ഈജിപ്തിലേതു പോലെ സിറിയയില്‍ വരികയെന്നതും ഏറക്കുറെ ഉറപ്പാണ്. ഇസ്രയേലുമായി സന്ധിചെയ്യേണ്ട ആവശ്യം ബ്രദര്‍ഹുഡിനില്ല. സിറിയക്കും ഇസ്രയേലിനുമിടയില്‍ അന്താരാഷ്ട്ര ഉടമ്പടികള്‍ ഇല്ലെന്നതു മാത്രമല്ല, സിറിയയുടെ അവിഭാജ്യ ഘടകമായ ജൂലാന്‍ കുന്നുകള്‍ (ഗോലാന്‍ ഹൈറ്റ്‌സ്) കഴിഞ്ഞ 45 കൊല്ലമായി ഇസ്രയേല്‍ കൈയടക്കിവെച്ചിരിക്കുകയുമാണ്. തങ്ങളുമായി അതിരു പങ്കിടുന്ന ഈജിപ്തിലും സിറിയയിലും ഇസ്‌ലാമിസ്റ്റ് സര്‍ക്കാറുകള്‍ ഉണ്ടാവുന്നതും ലബനാനില്‍നിന്നും ഗസ്സയില്‍നിന്നും യഥാക്രമം ഹിസ്ബുല്ലയുടെയും ഹമാസിന്റെയും ഭീഷണികള്‍ നേരിടേണ്ടിവരുന്നതും ഇസ്രയേലിനെ അസ്വസ്ഥമാക്കുന്ന ഘടകങ്ങളാണ്. ഒക്‌ടോബര്‍ ആദ്യവാരം നഗേവ് മരുഭൂമിയില്‍ ഇസ്രയേല്‍ വെടിവെച്ചുവീഴ്ത്തിയ ആളില്ലാ വിമാനം തങ്ങള്‍ അയച്ചതാണെന്ന് ഹിസ്ബുല്ല സമ്മതിക്കുകയുണ്ടായി. ഇറാനിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ലബനാനില്‍ നിര്‍മിച്ച ഡ്രോണുകള്‍ക്ക് ഹിസ്ബുല്ല നല്‍കിയത് അവരുടെ ഒരു രക്തസാക്ഷിയായ അയ്യൂബിന്റെ പേരാണ്. ആളില്ലാ വിമാനം എന്തിനാണ് അയച്ചതെന്ന് ഹിസ്ബുല്ല വ്യക്തമാക്കിയില്ലെങ്കിലും തങ്ങളുടെ ഡിമോണ ആണവ റിയാക്ടറിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന സംശയത്തിലാണ് ഇസ്രയേല്‍. 2006 ആഗസ്റ്റിനുശേഷം 20,468 തവണ ലബനാന്റെ വ്യോമാതിരുകള്‍ ഇസ്രയേല്‍ ലംഘിച്ചെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ സയ്യിദ് ഹസന്‍ നസറുല്ല കണക്കുകള്‍ നിരത്തുമ്പോള്‍ അതിനര്‍ഥം ഇനിയും ഇത്തരം ഡ്രോണുകള്‍ ലക്ഷ്യം തേടിപ്പോകുമെന്നു തന്നെയാണ്.
ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത ഇറാന്റെ അണുബോംബ് ഭീഷണി ഉയര്‍ത്തിക്കാട്ടി ആ രാജ്യത്തെ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ നീക്കം പാളിയിരിക്കുന്നു. ഇറാഖിലെ ഓസിറാക് ആണവ കേന്ദ്രം ബോംബിട്ടു തകര്‍ത്തതുപോലെ ഇറാനെതിരെ പൊടുന്നനെ ആക്രമണം നടത്താന്‍ ഇസ്രയേലിന് കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പലവട്ടം ഭീഷണി മുഴക്കിയ നെതന്യാഹു ഏറ്റവുമൊടുവില്‍ യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗം പ്രസ്തുത നിലപാടില്‍നിന്ന് പിന്‍വലിഞ്ഞതിന്റെ സൂചനയാണ്. ഇറാനെ ആക്രമിക്കുന്നത് വിഡ്ഢിത്തമായിരിക്കുമെന്ന് മൊസാദിന്റെ മുന്‍ തലവന്‍ മെയ്ര്‍ ദാഗാന്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. മാത്രമല്ല, അമേരിക്കയുടെ പിന്തുണ നേടുന്നതിലും ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹു പരാജയപ്പെട്ടിരിക്കുന്നു. ഇസ്രയേലിന്റെ ചരിത്രത്തില്‍ ഒരു ഭരണാധികാരിയും അനുഭവിച്ചിട്ടില്ലാത്ത ഒറ്റപ്പെടലിലാണ് ഒബാമയുടെ ഭരണത്തില്‍ നെതന്യാഹുവിന്. പ്രസിഡന്റ് പദവിയില്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ഒബാമ ഒരിക്കല്‍ പോലും ഇസ്രയേല്‍ സന്ദര്‍ശിക്കാതിരുന്നതും നെതന്യാഹുവിന് തിരിച്ചടിയായി. സെനറ്റ് പിരിച്ചുവിട്ട് 2013 ഒക്‌ടോബറില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് പത്തു മാസം നേരത്തെ (ജനുവരി 22ന്) യാക്കിയ നെതന്യാഹു വീണ്ടും അധികാരത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈജിപ്തുമായുള്ള സീനായ് അതിര്‍ത്തിയില്‍ ഇരുമ്പുവേലികള്‍ പണിയാന്‍ തുടങ്ങിയതും ഗസ്സയില്‍നിന്നുള്ള റോക്കറ്റുകള്‍ തടുക്കാനുള്ള മിസൈല്‍ വേധ ഉപകരണങ്ങള്‍ സ്ഥാപിച്ചതും എടുത്തുകാട്ടിയാണ് നെതന്യാഹു പ്രചാരണം തുടങ്ങിയതുതന്നെ. അതേസമയം, ഭീഷണി മുഴക്കുകയല്ലാതെ യുദ്ധം ചെയ്യാനുള്ള മനോധൈര്യമൊന്നും നെതന്യാഹുവിന് ഇല്ലെന്നാണ് ഇസ്രയേലിലെ സംസാരം. ഇറാന്റെ അണുഭീഷണി തടയാന്‍ മുമ്പൊന്നുമില്ലാത്ത സജ്ജീകരണങ്ങള്‍ ഇപ്പോഴുണ്ടെന്നും തൊണ്ണൂറുകളുടെ ഒടുവില്‍ രണ്ടു തവണയും 2009 മാര്‍ച്ച് മുതലുള്ള കാലയളവിലും താന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ യുദ്ധം വേണ്ടിവന്നില്ലെന്നും പറഞ്ഞതിലൂടെ എതിരാളിയാവാന്‍ സാധ്യതയുള്ള യഹൂദ് ഒല്‍മര്‍ട്ടിനെയാണ് നെതന്യാഹു ലക്ഷ്യമിടുന്നത്. ഒല്‍മര്‍ട്ട് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് 2006-ല്‍ ലബനാനെതിരെയും 20082009-ല്‍ ഗസ്സയില്‍ ഹമാസിനെതിരെയും യുദ്ധം നയിച്ചത്.
വിപ്ലവാനന്തര ഇറാനിലെ പുരോഹിതക്കുപ്പായം അണിയാത്ത ആദ്യത്തെ പ്രസിഡന്റാണ് മഹ്മൂദ് അഹ്മദീ നിജാദ്. പടിഞ്ഞാറിന്റെ ഇറാന്‍ ഫോബിയയുടെ അടിസ്ഥാന കാരണം സയണിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വിരോധിയായ അഹ്മദീ നിജാദാണ്. ഒന്നാമൂഴത്തില്‍ നാലു വര്‍ഷം പ്രസിഡന്റ് പദവിയിലിരുന്നപ്പോള്‍ ഇസ്രയേലിനും വളര്‍ത്തമ്മയായ അമേരിക്കക്കും എതിരെ അന്താരാഷ്ട്ര വേദികളില്‍ ആഞ്ഞടിച്ച അഹ്മദീ നിജാദ് വീണ്ടും പ്രസിഡന്റാവരുതെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയായി മത്സരിച്ച മുന്‍ പ്രധാനമന്ത്രി മീര്‍ ഹുസൈന്‍ മൂസവിയെ പരിഷ്‌കരണവാദിയായി വേഷംകെട്ടിച്ച് അവര്‍ എഴുന്നള്ളിക്കുകയും ചെയ്തു. നിജാദിനെപ്പോലെ വിപ്ലവത്തിന്റെ സന്തതിയും ആണവ പദ്ധതിയുടെ അനുകൂലിയുമാണ് മൂസവിയെന്ന സത്യം അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഈ അഭ്യാസം. ഇസ്രയേലിനെതിരെ മൂസവി ആക്രോശിച്ചില്ലെന്നും ഹോളോകാസ്റ്റിനെ തള്ളിപ്പറഞ്ഞില്ലെന്നും അമേരിക്കയുമായി നല്ല ബന്ധത്തിനു ശ്രമിക്കുമെന്ന് പ്രസ്താവിച്ചതും തങ്ങളുടെ നിലപാടിന് ന്യായമായി അവര്‍ കണ്ടെത്തി. എന്നാല്‍, വിവാദമായ തെരഞ്ഞെടുപ്പിനുശേഷം രണ്ടാമൂഴം അധികാരത്തിലെത്തിയ അഹ്മദീ നിജാദിന് കടുത്ത ആഭ്യന്തര പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടിവന്നെങ്കിലും വന്‍ ശക്തികളുടെ കുതന്ത്രങ്ങളെ നേരിടുന്നതില്‍ കാല്‍തെറ്റിയില്ല.
ടെസ്റ്റ് ഡോസ്
അറബ് വസന്തത്തിന്റെ ആരംഭത്തില്‍ നന്നായി നേട്ടം കൊയ്തതും ഇറാനായിരുന്നു. എന്നാല്‍, വസന്തം സിറിയയിലെത്തിയതോടെ ടെഹ്‌റാന് ഒരു ടെസ്റ്റ് ഡോസായി മാറി. ബഹ്‌റൈനില്‍ ശീഈ ഭൂരിപക്ഷത്തെ അടിച്ചമര്‍ത്തുന്നുവെന്ന് ആരോപിച്ച ഇറാന്‍, സിറിയയിലെ ഏകാധിപത്യ ഭരണകൂടം നടത്തിവരുന്ന മനുഷ്യവേട്ടയെക്കുറിച്ച് മിണ്ടിയില്ലെന്നു മാത്രമല്ല മര്‍ദകനു സ്തുതി പാടുകയാണ് ചെയ്തത്. സിറിയയെ ഉപയോഗിച്ചാണ് അറബ് മേഖലയില്‍ സ്വാധീനം ചെലുത്താന്‍ ഇറാന്‍ ശ്രമിച്ചിരുന്നത്. ഇസ്രയേലിനും അമേരിക്കക്കും എതിരായ ഇരു രാജ്യങ്ങളുടെയും പൊതു നിലപാട് ബന്ധങ്ങള്‍ കൂടുതല്‍ സുദൃഢമാക്കി. ലെബനാനില്‍ ഹരീരി സര്‍ക്കാറിനെ മറിച്ചിട്ട് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഗവണ്‍മെന്റിനെ സ്ഥാപിക്കുന്നതില്‍ ഇറാന്‍ അനുകൂല ശീഈ വിഭാഗമായ ഹിസ്ബുല്ല വിജയം കൊയ്തതും ഈജിപ്തില്‍ അമേരിക്കന്‍ അനുകൂല ഹുസ്‌നി മുബാറക് ജനകീയ പ്രക്ഷോഭത്തില്‍ പുറത്തായതും മേഖലയില്‍ ഇറാന് മേല്‍ക്കൈ നല്‍കിയ ഘടകങ്ങളായിരുന്നു. സയണിസ്റ്റ് അധിനിവേശത്തിനെതിരെ പോരാടുന്ന ശീഈ, സുന്നി ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങള്‍ക്ക് (ഹിസ്ബുല്ലയും ഹമാസും) സാമ്പത്തികവും സൈനികവുമായ സഹായങ്ങള്‍ നല്‍കിവന്നിരുന്നത് ഇറാനാണ്. എന്നാല്‍, സിറിയയുടെ പേരില്‍ ഹമാസുമായി ഇറാനുള്ള ബന്ധങ്ങളില്‍ കാര്യമായ വിള്ളലുണ്ടായിരിക്കുന്നു. ഹമാസിനെ മറ്റ് അറബ് രാജ്യങ്ങള്‍ അടുപ്പിക്കാതിരുന്ന ഘട്ടത്തില്‍ ആസ്ഥാനം അനുവദിച്ചത് സിറിയ ആയിരുന്നെങ്കിലും ജനകീയ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന അസദ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഹമാസ് ശബ്ദമുയര്‍ത്തിയതാണ് ഈ വിള്ളലിനു കാരണം. തുര്‍ക്കിയില്‍ എ.കെ പാര്‍ട്ടി സെപ്റ്റംബറില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത് പൊരുതുന്ന സിറിയന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച ഹമാസ് നേതാവ് ഖാലിദ് മിശ്അലിനെതിരെ സിറിയയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. പുതിയ സാഹചര്യത്തില്‍ ഹമാസ് ആസ്ഥാനം ഖത്തറിലേക്ക് മാറ്റിയേക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഫണ്ടിംഗ് നിര്‍ത്തിവെക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയെന്നാണ് വാര്‍ത്ത. സിറിയന്‍ ഭരണകൂടവുമായുള്ള ബന്ധം ആദര്‍ശപരമല്ല, രാഷ്ട്രീയപരമാണെന്ന് ഹമാസ് നേരത്തേ വ്യക്തമാക്കിയതാണ്. ഇസ്രയേലിനെതിരായ പോരാട്ടത്തിലെ സഹകാരികള്‍ എന്ന നിലയിലാണ് ഈ ബന്ധം മുന്നോട്ടുപോകുന്നതെന്നും ഹമാസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ബഹ്‌റൈനിലെ ശീഈ പ്രക്ഷോഭങ്ങളെ ഇറാന്‍ പരസ്യമായി പിന്തുണക്കുമ്പോഴും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള ടെഹ്‌റാന്റെ നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നാണ് മുഖ്യ ശീഈ പ്രതിപക്ഷ പാര്‍ട്ടിയായ അല്‍ വിഫാഖിന്റെ നേതാക്കള്‍ പറയുന്നത്. എണ്‍പതുകളില്‍ ഇറാനിലെ പ്രശസ്തമായ ഖും സെമിനാരിയില്‍ വിദ്യാഭ്യാസം നേടിയ ആളാണ് വിഫാഖിന്റെ നേതാവ് അലി സല്‍മാന്‍ എന്നതും ശ്രദ്ധേയമാണ്. യമനിലെ ഹൂതി റിബലുകളെ ഇറാന്‍ സഹായിക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്.
മുബാറക്ക് ഭരണകൂടത്തെ പിന്തള്ളിയ ഈജിപ്തിനു തന്നെയാണ് അറബ് വസന്തത്തിന്റെ സല്‍ഫലങ്ങള്‍ ശരിയായ രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുകയെന്ന നിരീക്ഷണമാണ് കുടുതല്‍ ശരിയെന്ന് തോന്നുന്നു. അറബ് ലോകത്തെ കത്തിനില്‍ക്കുന്ന ഫലസ്ത്വീന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതില്‍ ഈജിപ്തിന് വഹിക്കാനുള്ള പങ്ക് സുപ്രധാനമാണ്. അതേസമയം, മുസ്‌ലിം ബ്രദര്‍ഹുഡ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിപ്ലവം കയറ്റിയയക്കുകയാണെന്ന തരത്തില്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ജനകീയ മുന്നേറ്റങ്ങളെ ഇല്ലാതാക്കാനും ജനാധിപത്യ നീക്കങ്ങളെ തളര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്ക് താക്കീതാവുന്ന പ്രക്ഷോഭസമരങ്ങളാണ് അറബ് വസന്തം സമ്മാനിച്ചതെന്ന യാഥാര്‍ഥ്യത്തിനുനേരെ കണ്ണടക്കാനാവില്ല.
[email protected]
Comments