Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

അറബ് വസന്തത്തിന്റെ ഭാവിയും രാഷ്ട്രീയ ഇസ്‌ലാമിന്റെ പുനര്‍നിര്‍വചനവും

എ.പി കുഞ്ഞാമു

ലോക ചരിത്രത്തില്‍, ഇതേവരെയുണ്ടായ വിപ്ലവങ്ങള്‍ക്കെല്ലാം പിന്‍ബലം നല്‍കാന്‍ വിവിധ തത്ത്വദര്‍ശനങ്ങളുണ്ടായിരുന്നു എന്നതൊരു വസ്തുതയാണ്. ഏകാധിപത്യവാഴ്ചയില്‍ അധിഷ്ഠിതമായ ലോകക്രമത്തിന്നെതിരില്‍ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ആശയങ്ങളുയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഫ്രഞ്ച് വിപ്ലവം ചരിത്രത്തിന്റെ ഗതി മാറ്റിയത്. റഷ്യയില്‍ തുടക്കം കുറിക്കുകയും ലോകത്തുടനീളം വേരുകളാഴ്ത്തുകയും ചെയ്ത ഒക്‌ടോബര്‍ വിപ്ലവത്തിന് പ്രചോദനം നല്‍കിയത് കമ്യൂണിസമാണ്. ഇറാന്‍ വിപ്ലവം പാശ്ചാത്യവും പൗരസ്ത്യവുമായ ആശയകല്‍പനകളെ നിരാകരിച്ചുകൊണ്ട് ഇസ്‌ലാം എന്ന ജീവിത പദ്ധതി ഉദ്‌ഘോഷിച്ചു. ഇങ്ങനെ ലോകത്തുടനീളം സംഭവിച്ച, ദേശീയവും പ്രാദേശികവും ആഗോള സ്വഭാവമുള്ളതുമായ എല്ലാ തകിടംമറിച്ചിലുകളും ആശയതലങ്ങളില്‍ വേരുകളുള്ളവയാണ് എന്ന് കാണാവുന്നതാണ്. പിടിച്ചു നില്‍ക്കാന്‍ ഈ വിപ്ലവങ്ങളെ പ്രാപ്തമാക്കിയത് അവയുടെ ദാര്‍ശനിക അടിത്തറ തന്നെയാണ്. പിന്നീട്, ഈ വിപ്ലവങ്ങള്‍ പല അവസ്ഥാന്തരങ്ങള്‍ക്കും വിധേയമായി; സാമാന്യേന ആധുനിക ജനാധിപത്യ വ്യവസ്ഥയുടെ തുറവികള്‍ക്ക് അവ അവസരമൊരുക്കിയിട്ടുണ്ട് എന്ന് പറയാവുന്നതാണ്. ചിലയിടങ്ങളില്‍ അതിന് കുറേ കാലമെടുത്തു. ചില അവസ്ഥകളില്‍, ദര്‍ശനങ്ങള്‍ കാലികമായ മാറ്റങ്ങള്‍ക്ക് വഴങ്ങിക്കൊടുത്തു. എങ്കിലും വിപ്ലവങ്ങളുടെ ആശയപരമായ അടിത്തറ വളരെ പ്രധാനമായി വര്‍ത്തിച്ചു.
അറബ് വസന്തമെന്ന് വിളിക്കപ്പെട്ടുപോരുന്ന മധ്യേഷ്യയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ഇങ്ങനെയൊരു ആശയപരമായ അടിത്തറയുണ്ടോ? ഇസ്‌ലാമികമാണ് മുല്ലപ്പൂ വിപ്ലവത്തിന്റെ പ്രചോദന സ്രോതസ്സ് എന്ന് പൊതുവെ നിരീക്ഷിക്കപ്പെടാറുണ്ട്. ഇസ്‌ലാമിസ്റ്റുകള്‍ക്ക് അങ്ങനെയൊരു ആഹ്ലാദവുമുണ്ട്. തുനീഷ്യയിലാണല്ലോ അറബ് വസന്തത്തില്‍ ആദ്യത്തെ പൂ വിടര്‍ന്നത്. തുനീഷ്യയിലെ ഇസ്‌ലാമിക ചിന്തകനായ റാശിദുല്‍ ഗനൂശിയുടെ ആശയങ്ങളാണ് അതിനെ പ്രചോദിപ്പിച്ചത് എന്നു തീര്‍ച്ച. ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയെ അധികാരത്തില്‍ അവരോധിക്കാന്‍ വിപ്ലവസംരംഭങ്ങളെ പ്രാപ്തമാക്കിയത് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ജനപിന്തുണയാണ് എന്നതിലും തര്‍ക്കമില്ല. ഇസ്‌ലാമിക നവോത്ഥാനത്തെക്കുറിച്ചുള്ള ജമാലുദ്ദീന്‍ അഫ്ഗാനിയുടെ ആശയങ്ങള്‍ അറബ് വസന്തത്തെ ആവേശിച്ചിട്ടുണ്ടെന്നാണ് സാമാന്യേന നിഗമിക്കപ്പെടുന്നതും. അതായത് അറബ് ലോകത്ത് ജനാധിപത്യ മുന്നേറ്റത്തിന്റെ ഭാഗമായാണ് മുല്ലപ്പൂ വിപ്ലവം അരങ്ങേറിയതെങ്കിലും അതിനു അടിത്തറയായി വര്‍ത്തിച്ച ആശയങ്ങളില്‍ പ്രബലമായിത്തന്നെ ഇസ്‌ലാമുണ്ട്. കുറച്ചുകൂടി തെളിച്ചു പറഞ്ഞാല്‍ ഇസ്‌ലാമിന്റെ വിമോചന മാനങ്ങളുണ്ട്. ഇറാനിലെ ഇസ്‌ലാമിക വിപ്ലവം എന്ന പൂര്‍വ മാതൃക അതിന്റെ സാധ്യതയെ കുറച്ചുകൂടി എളുപ്പമാക്കുകയും ചെയ്തു.
എന്നാല്‍, ഇസ്‌ലാം മാത്രമാണ് അറബ് വസന്തത്തെ പ്രചോദിപ്പിച്ചത് എന്നുപറയുന്നത് മൗഢ്യമായിരിക്കും. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരായ യുവജന മുന്നേറ്റം എന്ന നിലയിലാണ് അറബ് വസന്തം പ്രായോഗിക തലത്തില്‍ ആവിഷ്‌കരിക്കപ്പെട്ടത്. മുല്ലപ്പൂ വിപ്ലവം ഏറെക്കുറെ വിജയം കണ്ടെത്തിയ ഉത്തര ആഫ്രിക്കയിലെ രാജ്യങ്ങളിലെല്ലാം ഏകാധിപത്യവാഴ്ചകളായിരുന്നു ഫലത്തില്‍. കര്‍ക്കശമായ നടപടികളിലൂടെയാണ് ഈ ഭരണകൂടങ്ങള്‍ ജനജീവിതത്തിനുമേല്‍ ആധിപത്യം സ്ഥാപിച്ചത്. എന്നാല്‍, സൈബര്‍ ലോകത്ത് ആഞ്ഞുവീശിയ തുറവിയുടെ കാറ്റ് ഈ ഭരണകൂട നിയന്ത്രണങ്ങളുടെ അടിതെറ്റിച്ചു. ഷെയര്‍ മാര്‍ക്കറ്റ് വന്നതോടെ കണ്ണാല്‍ കാണുന്ന മുതലാളി ഇല്ലാതായി എന്നും അത് കമ്യൂണിസ്റ്റ് വ്യവസ്ഥയെ തകിടം മറിച്ചു എന്നും പറയുന്നതുപോലെയായി കാര്യങ്ങള്‍. ഇന്റര്‍നെറ്റിലൂടെ ഭരണകൂട കാര്‍ക്കശ്യത്തിനെതിരായി ഒരു യുദ്ധമുന്നണി രൂപപ്പെട്ടു. യുവാക്കളുടെ ഈ പോരാട്ടത്തെ നയിച്ചത് ആധുനിക ജനാധിപത്യ മൂല്യങ്ങളാണ്. ഇസ്‌ലാമിന്റെ വിമോചനാശയങ്ങളെ ഈ ജനാധിപത്യ മുന്നേറ്റങ്ങളും ജനാധിപത്യത്തിന്റെ ആശയങ്ങളെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും പരസ്പരം ഉപയോഗപ്പെടുത്തുകയായിരുന്നു; കൃത്യമായ ഒരു ആദര്‍ശാടിത്തറ അറബ് വസന്തത്തിന് ഇല്ല. ഇറാനിലേതുപോലെ ഒരു ഇസ്‌ലാമിക വിപ്ലവമല്ല അത്. അതുകൊണ്ടാണ് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പോലെയുള്ള തീവ്രഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങള്‍, തങ്ങളുടെ കടുത്ത നിലപാടുകള്‍ കൈയൊഴിഞ്ഞതും, അധികാര രാഷ്ട്രീയത്തിന്റെ തലങ്ങളില്‍ കൂടുതല്‍ 'മതേതരവും ആധുനികവും ജനാധിപത്യോന്മുഖവുമാവാന്‍' തീരുമാനിച്ചതും. ഇരുകൂട്ടരും ചെയ്ത വിട്ടുവീഴ്ചകളാണ് അറബ് വസന്തത്തെ രാഷ്ട്രീയ യാഥാര്‍ഥ്യമാക്കിയത്.
ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം എടുത്തുപറയേണ്ടതുണ്ട്. അറബ് വസന്തത്തിന്റെ ഭാഗമായി വിപ്ലവ മുന്നേറ്റങ്ങള്‍ വിജയിച്ചത് പേരിലെങ്കിലും 'ജനാധിപത്യ മതേതര'മായ ആഫ്രിക്കന്‍ വന്‍കരയിലെ രാജ്യങ്ങളിലാണ്. ലിബിയയും ഈജിപ്തും തുനീഷ്യയുമൊക്കെ, അവയുടേതായ രീതിയില്‍ ജനാധിപത്യ, മതേതര സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളായിരുന്നു. വ്യത്യസ്ത രൂപങ്ങളില്‍ ഒരുപക്ഷേ നാമമാത്രമായിട്ടാണെങ്കിലും ജനാധിപത്യം അവിടെയെല്ലാം പുലരുന്നുണ്ടായിരുന്നു. അതായത് ജനാധിപത്യം പരീക്ഷിച്ചുനോക്കുന്നതിനുള്ള മണ്ണ് ഒരുക്കപ്പെട്ട പ്രദേശങ്ങളിലാണ് അറബ് വസന്തം സാധ്യമായത്. ഇസ്‌ലാമിന്റെ വിമോചനാശയങ്ങള്‍ക്ക് ഒരു പരീക്ഷണത്തിന് സാധ്യതയുണ്ടായത്, ജനാധിപത്യം നേരത്തെ തന്നെ അതിനുള്ള സാധ്യതകള്‍ തുറന്നിട്ടത് കൊണ്ടാണ്; രാജാധികാരം പുലരുന്ന ഇതര ഗള്‍ഫ് നാടുകളില്‍ ഒരു മുന്നേറ്റവുമുണ്ടായില്ല. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അവിടെയും ശക്തമാണ്. യൂസുഫുല്‍ ഖറദാവിയെപ്പോലെയുള്ള ലിബറല്‍ ഇസ്‌ലാമിക ചിന്തകര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനവുമുണ്ട്. എന്നാല്‍, മധ്യേഷ്യയില്‍ അറബ് വസന്തത്തിന്റെ പൂക്കള്‍ വിരിഞ്ഞില്ല. അതിന്റെ അര്‍ഥം, ജനാധിപത്യ പരീക്ഷണങ്ങള്‍ക്കു വേണ്ട മണ്ണൊരുക്കങ്ങള്‍ അവിടെയൊന്നും നടന്നിട്ടില്ലെന്നാണ്. ഇതെല്ലാം വെച്ചുനോക്കുമ്പോള്‍ സൂക്ഷ്മാര്‍ഥത്തില്‍ ഒരു വസ്തുത വ്യക്തമാവുന്നു-ആധുനിക ജനാധിപത്യ, ലിബറല്‍ പരീക്ഷണങ്ങള്‍ക്കുവേണ്ടി കുറച്ചെങ്കിലും സജ്ജമായേടത്തു മാത്രമേ, അറബ് വസന്തത്തിന്റെ ജനകീയ മുന്നേറ്റത്തിന് സാധ്യതയുണ്ടായിട്ടുള്ളൂ. ഇസ്‌ലാമിന്റെ വിമോചന മാനങ്ങള്‍ പരീക്ഷണ വിധേയമാകാന്‍, നേരത്തെതന്നെ നിലവിലുണ്ടായിരുന്ന ആധുനിക ജനാധിപത്യ ആശയങ്ങള്‍ വഴിയൊരുക്കുകയായിരുന്നു എന്നാണ് ന്യായമായും നാം അനുമാനിക്കേണ്ടത്. ഈ സത്യം തിരിച്ചറിഞ്ഞു വേണം ഇസ്‌ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അറബ് വസന്തത്തെ എങ്ങനെയാണ് മുന്നോട്ടുകൊണ്ടു പോകാനാകും എന്ന് ആലോചിക്കേണ്ടത്. വിപ്ലവത്തിന് തികച്ചും ഇസ്‌ലാമികമായ ആശയതലം നല്‍കുകയും പ്രയോഗത്തില്‍ ഇസ്‌ലാമിക രാഷ്ട്രങ്ങളായി (എത്ര തന്നെ ഉദാരത പുലര്‍ത്തിക്കൊണ്ടായാലും) വിപ്ലവാനന്തര ഭരണകൂടങ്ങളെ നയിക്കുകയും ചെയ്യാന്‍ മതദര്‍ശനങ്ങള്‍ക്കാവുമോ എന്നതാണ് ചോദ്യം. നിലവിലുള്ള സാഹചര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍, അത് ദുഷ്‌കരമായിത്തീരാനാണ് സാധ്യത. അതിനു കാരണം ഇസ്‌ലാമികമായ ആശയങ്ങള്‍ക്കൊപ്പം, ഈ ജനകീയ മുന്നേറ്റങ്ങളെ പ്രചോദിപ്പിച്ച മറ്റു ഘടകങ്ങളും ശക്തമാണ് എന്നതുതന്നെ. യുവജനങ്ങളാണ് എല്ലാ രാജ്യങ്ങളിലും ഏകാധിപതികളെ കടപുഴക്കിയെറിയാന്‍ രംഗത്തിറങ്ങിയത്; അവര്‍ പൂര്‍ണമായും ഇസ്‌ലാമിസ്റ്റുകളല്ല, എന്നുമാത്രമല്ല ഇടതുപക്ഷ ചിന്താഗതിക്കാര്‍, ജനാധിപത്യവാദികള്‍, പ്രഫഷണലുകള്‍, ടെക്ക്‌റപ്പുകള്‍, സ്വാതന്ത്ര്യവാദികള്‍ തുടങ്ങിയവരടങ്ങുന്ന ഒരു ബഹുസ്വരസമൂഹമാണത്. മറ്റെന്തു കുറവുകളുണ്ടായാലും അവര്‍ക്ക് ഒരുതരം ജനാധിപത്യ വ്യക്തിത്വമുണ്ട്. വിപ്ലവാനന്തര രാജ്യങ്ങളില്‍ അധികാരത്തിലേറിയ ഇസ്‌ലാമിക രാഷ്ട്രീയ കക്ഷികള്‍ക്ക് ഈ 'ജനാധിപത്യബോധ'ത്തോട് തീര്‍ത്തും പൊരുത്തപ്പെടാനാവുകയില്ല. അതിനാല്‍, ഭരണരംഗത്ത് മുന്നോട്ടു പോകുമ്പോള്‍ കര്‍ക്കശമായ നിയമങ്ങള്‍ക്ക് പ്രസ്തുത ഭരണകൂടങ്ങള്‍ തുനിഞ്ഞിറങ്ങാനാണ് സാധ്യത. ഈജിപ്തില്‍ മുര്‍സി കൈക്കൊണ്ട ചില നടപടികള്‍ ഉദാഹരണമായി എടുത്തു കാട്ടാം. അവ ജനാധിപത്യവാദികളില്‍ അസംതൃപ്തി സൃഷ്ടിച്ചു. ഫ്രഞ്ച് വിപ്ലവം നെപ്പോളിയനില്‍ അവസാനിച്ചതുപോലെ, അറബ് വസന്തം കര്‍ക്കശമായ 'ഇസ്‌ലാമിക ബോണപ്പാര്‍ട്ടിസ'ത്തിലെത്തുമോ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ആശങ്കപ്പെടുന്നത് അതുകൊണ്ടാണ്. ജനാധിപത്യ മുന്നേറ്റങ്ങളെ കര്‍ക്കശമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇസ്‌ലാമിക രാജ്യങ്ങള്‍ എന്ന സ്ഥിതിയിലേക്ക് ഈജിപ്തും ലിബിയയും തുനീഷ്യയുമൊക്കെ പരിവര്‍ത്തിക്കപ്പെട്ടു എന്നു വരാം. ഈ പരിവര്‍ത്തനം വിരുദ്ധാശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ പ്രദേശങ്ങളാക്കി ഈ രാജ്യങ്ങളെ മാറ്റി എന്നും വരാം. ഇപ്പോള്‍ തന്നെ ലിബിയയില്‍ ഖദ്ദാഫിക്കും ഈജിപ്തില്‍ മുബാറക്കിനും ധാരാളം അനുയായികളുണ്ട്. അവര്‍ പ്രതിനിധാനം ചെയ്യുന്നത് ഇഖ്‌വാനും അന്നഹ്ദയും കൊണ്ടുനടക്കുന്നതില്‍നിന്നു വ്യത്യസ്തങ്ങളായ മൂല്യങ്ങളെയാണ്. അതിനാല്‍ കുറേക്കൂടി ജനാധിപത്യപരമാവുക എന്നതായിരിക്കും മുല്ലപ്പൂ വിപ്ലവം അരങ്ങേറിയ നാടുകളുടെ ഭരണാധികാരികള്‍ക്ക് മുമ്പാകെയുള്ള പ്രായോഗിക ഓപ്ഷന്‍. എത്രത്തോളം ജനാധിപത്യപരമാവാനും ആധുനികമായ രാഷ്ട്രസങ്കല്‍പങ്ങള്‍ തെരഞ്ഞെടുക്കാനും കഴിയുന്നുവോ, അത്രകണ്ടു ഈ പരീക്ഷണങ്ങള്‍ക്ക് അതിജീവന സാധ്യതയുണ്ട്. അല്ലാത്തപക്ഷം ഈജിപ്തില്‍ മുര്‍സിക്കുണ്ടായതുപോലെയുള്ള പ്രതിസന്ധികള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ വളരെയേറെയാണ്. ഇത്തരം പ്രതിസന്ധികള്‍ വീണ്ടും ഏകാധിപത്യ സമീപനങ്ങള്‍ക്ക് വഴിയൊരുക്കിക്കൂടായ്കയില്ല. മത രാഷ്ട്രീയം ഒരു വശത്തും മതേതര ശക്തികള്‍ മറുവശത്തും നില്‍ക്കുന്ന സംഘര്‍ഷ ഭൂമിയായി ഈജിപ്‌തോ ലിബിയയോ ഒക്കെ മാറിയാല്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ ലക്ഷ്യങ്ങള്‍ പരാജയപ്പെടുക എന്നതായിരിക്കും അതിന്റെ പരിണതി.
ഈ അവസ്ഥയില്‍, ഇസ്‌ലാമിക രാഷ്ട്രീയം എങ്ങനെയായിരിക്കും അതിന്റെ മുന്‍ഗണനകള്‍ നിര്‍ണയിക്കുക എന്നതാണ് പ്രധാനം. തുനീഷ്യയിലുണ്ടായ വിപ്ലവത്തിന്റെ താത്ത്വിക പ്രചോദനം റാശിദുല്‍ ഗനൂശിയാണ്. 'ജനാധിപത്യ ഇസ്‌ലാമിസ്റ്റ്' എന്ന് സ്വയം അവകാശപ്പെടുന്ന അദ്ദേഹം പാശ്ചാത്യ മതേതരത്വത്തെ നിരാകരിക്കുന്നുവെങ്കിലും മുസ്‌ലിംകള്‍ക്ക് ആധുനികത ആവശ്യമാണ് എന്ന് കരുതുന്ന വ്യക്തിയാണ്. ഇസ്‌ലാമിനും ജനാധിപത്യത്തിനുമിടയില്‍ അദ്ദേഹം യാതൊരു പൊരുത്തക്കേടും കാണുന്നില്ല. ഈ അര്‍ഥത്തിലോ അതിലേറെയോ ആയി, ആധുനിക ജനാധിപത്യ സങ്കല്‍പങ്ങള്‍ക്കനുസരിച്ച് ഇസ്‌ലാമിനെ പുനര്‍നിര്‍ണയിക്കുന്നതിനുള്ള ആത്മബലം വിപ്ലാവനന്തര രാഷ്ട്രങ്ങള്‍ക്ക് ഉണ്ടായെങ്കില്‍ മാത്രമേ, അറബ് വസന്തത്തിന് അതിന്റെ സാധ്യതകള്‍ സഫലീകരിക്കാനാവുകയുള്ളൂ. അത് എളുപ്പമാണോ എന്നത് യഥാര്‍ഥത്തില്‍ കുഴക്കുന്ന ചോദ്യമാണ്. ഒരുപക്ഷേ, അറബ് വസന്തം അരങ്ങേറിയ രാജ്യങ്ങളിലെല്ലാം, അതിന് ശക്തിപകര്‍ന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആശയങ്ങളില്‍ കാര്യമായ പൊളിച്ചെഴുത്ത് നടത്തിക്കൊണ്ടു മാത്രമേ ഈ ആധുനികവല്‍ക്കരണ പ്രക്രിയ പൂര്‍ത്തിയാക്കാനാവുകയുള്ളൂ. ഇഖ്‌വാനും അന്നഹ്ദയും അതിനു എത്രമാത്രം സജ്ജമായിട്ടുണ്ട്? ഒറ്റയടിക്ക് ഉത്തരം പറയാനാവുന്ന ചോദ്യമല്ല അത്.
മുല്ലപ്പൂ വിപ്ലവം അരങ്ങേറിയ രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ക്കെല്ലാം, യഥാര്‍ഥത്തില്‍ മൂന്നു വ്യക്തിത്വങ്ങളുണ്ട്. ഇസ്‌ലാമികപൂര്‍വം, ഇസ്‌ലാമികം, പാശ്ചാത്യം എന്നിങ്ങനെ അവയെ വേര്‍തിരിക്കാം. ഓരോ രാജ്യത്തിന്റെയും പാരമ്പര്യത്തില്‍ അധിഷ്ഠിതമാണ് ഇസ്‌ലാമിക പൂര്‍വ വ്യക്തിത്വം. ഇസ്‌ലാമിക വ്യക്തിത്വം ആശയപരമായ ചട്ടക്കൂടുകള്‍ക്കുള്ളിലൊതുങ്ങി നില്‍ക്കുന്ന ഒന്നാണ്. പാശ്ചാത്യമായ വ്യക്തിത്വം അവരെ ആധുനിക ലോകത്തോട് ചേര്‍ത്തുനിര്‍ത്തുന്നു. തീര്‍ച്ചയായും വിപ്ലവാനന്തര അറബ് സമൂഹം ഈ മൂന്ന് വ്യക്തിത്വ രൂപങ്ങളെയും സാര്‍ഥകമായി സമന്വയിപ്പിക്കേണ്ടതുണ്ട്. ഈ സമന്വയം രാഷ്ട്രീയ ഇസ്‌ലാം എത്രത്തോളം അനുവദിച്ചു കൊടുക്കും എന്നത് പ്രശ്‌നം തന്നെയാണ്. ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നത് ആഗോള തലത്തില്‍ ഇസ്‌ലാം നേരിടുന്ന വെല്ലുവിളികളുടെ സ്വഭാവമാണ്. അമേരിക്കയുടെ നേതൃത്വത്തില്‍ ഇസ്‌ലാമിനെതിരായി നടന്ന യുദ്ധപ്രഖ്യാപനം നിലനില്‍ക്കുന്ന അവസ്ഥയില്‍ സ്വന്തം നിലപാടുകളില്‍ ഇസ്‌ലാമിക സമൂഹം കൂടുതല്‍ കര്‍ക്കശമായിത്തീരുകയേയുള്ളൂ. ഒരുവശത്ത് മുസ്‌ലിം സമൂഹം അതിന്റെ മൗലിക സ്രോതസ്സുകളിലേക്ക് കൂടുതല്‍ ഉള്‍വലിയുമ്പോള്‍ ജനാധിപത്യ മൂല്യങ്ങളോട് കൂടുതല്‍ ആഭിമുഖ്യം കാണിക്കുകയും ആധുനികവത്കരിപ്പെടുകയും ചെയ്യുന്നത് ആന്തരിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിക്കൂടെന്നില്ല. ഇസ്‌ലാമിന് ഇന്ന് ഏകസ്വരതയില്ല; വളരെ 'പാസിഫിസ്റ്റ്' ആയ ഇസ്‌ലാമും വളരെ 'അഗ്രസ്സീവ്' ആയ ഇസ്‌ലാമും രണ്ടറ്റങ്ങളില്‍ വര്‍ത്തിക്കുന്നു. അതിനിടയില്‍ മതപരമായ ധാരാളം ആവിഷ്‌കാര രൂപങ്ങള്‍ നിലനില്‍ക്കുന്നു. അതിനാല്‍ കൂടുതല്‍ ജനാധിപത്യവത്കരിക്കപ്പെടുകയും ആധുനികവത്കരിക്കപ്പെടുകയും ചെയ്യുന്നതിനോട് പൊരുത്തപ്പെടാത്ത ഇസ്‌ലാമിക രാഷ്ട്രീയത്തിന് ഈ രാജ്യങ്ങളില്‍ സാധ്യതയേറെയാണ്. ഇവയെയെല്ലാം ഏകോപിപ്പിച്ചുകൊണ്ടുപോകാന്‍ എങ്ങനെ സാധിക്കും എന്നതിനെ ആശ്രയിച്ചു നില്‍ക്കും മുല്ലപ്പൂ വിപ്ലവാനന്തര അറബ് ലോകത്തിന്റെ ഭാവി.
കൊളോണിയല്‍ വാഴ്ചക്കെതിരില്‍ ഉത്തരാഫ്രിക്കയില്‍ പൊരുതിയതിലും നാട്ടുകാരുടെ ഭരണം സ്ഥാപിച്ചതിലും മതരാഷ്ട്രീയത്തിനെന്നപോലെ മതേതര രാഷട്രീയത്തിനും നല്ല പങ്കുണ്ട്. മതേതര രാഷട്രീയം പാശ്ചാത്യ മാതൃകയിലുള്ള ഭരണകൂടങ്ങളാണ് അവിടെയൊക്കെ സ്ഥാപിച്ചത്. എന്നാല്‍, എഴുപതുകളാവുമ്പോഴേക്കും മതേതര ആശയങ്ങള്‍ തങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല എന്ന തോന്നല്‍ ജനങ്ങളില്‍ പ്രബലമായി. അങ്ങനെയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രസ്തുത രാജ്യങ്ങളില്‍ ജനകീയ നേതൃത്വത്തിലേക്കെത്തിയത്. അതായത് ഇസ്‌ലാമിന്റെ 'പുനരുത്ഥാനം' ഒരു രാഷ്ട്രീയ പ്രക്രിയ എന്ന നിലക്ക് കൂടിയാണ് സംഭവിച്ചത്. അതു ഇപ്പോഴത്തെ സാമൂഹികാവസ്ഥയിലും ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍, തങ്ങളുടെ ഭൗതിക ആവശ്യങ്ങളോട് നീതിപുലര്‍ത്തുന്നില്ല എന്ന തോന്നല്‍ സംജാതമാവുമ്പോള്‍ ജനങ്ങള്‍ ഘടികാരത്തിന്റെ സൂചി തിരിച്ചിട്ടുകൂടായ്കയില്ല. ഇത് കണക്കിലെടുക്കുമ്പോള്‍, അറബ് വസന്തം ഇസ്‌ലാമിക വിപ്ലവമായി നിലനില്‍ക്കാന്‍ സാധ്യത കുറവാണെന്ന് തന്നെയാണ് കരുതേണ്ടത്. അതേസമയം വിപ്ലവം അരങ്ങേറിയ രാജ്യങ്ങള്‍ക്കെല്ലാം പൊതുവായുള്ള 'ഇസ്‌ലാമിക വ്യക്തിത്വം' സമ്പൂര്‍ണമായി പടിഞ്ഞാറന്‍ ആധുനികതയുടെ ഭാഗമായി നില്‍ക്കാന്‍ ആ നാടുകളെ അനുവദിക്കുകയുമില്ല. ഇസ്‌ലാമിനെ പുനര്‍നിര്‍വചിക്കുകയും കൂടുതല്‍ ജനാധിപത്യവത്കരിക്കുകയും കൂടുതല്‍ ആധുനികവത്കരിക്കുകയുമാവും മുല്ലപ്പൂ വസന്തത്തിന്റെ സാധ്യതകളെ സഫലീകരിക്കുവാനുള്ള ഏറ്റവും നല്ലവഴി. അതിനു പാകപ്പെട്ടിട്ടുണ്ടോ രാഷ്ട്രീയ ഇസ്‌ലാം എന്നതിനെ ആശ്രയിച്ചു നില്‍ക്കുന്നു അറബ് വസന്തത്തിന്റെ ഭാവി.

Comments

Other Post