വിപ്ലവം വിവര സാങ്കേതിക വിദ്യയിലൂടെ
ഈജിപ്ഷ്യന്‍ ബ്ലോഗ് ലോകത്തെ ട്വിറ്റര്‍, ഫേസ്ബുക് സംവിധാനങ്ങളിലൂടെ പ്രവര്‍ത്തിച്ചിരുന്ന വിവിധ രാഷ്ട്രീയധാരയിലെ ആക്ടിവിസ്റ്റുകള്‍ വളരെ മുമ്പ്, 2000-ല്‍ തന്നെ ഇപ്പോഴത്തെ അത്ഭുതകരമായ ജനകീയ സംഘാടനത്തിന് വിത്ത് പാവുകയും സൂക്ഷ്മമായി വളര്‍ത്തുകയും ചെയ്തിരുന്നു. അക്കാലംവരെ മതേതര ലിബറലുകള്‍ക്കും ഇസ്‌ലാമിക സംഘങ്ങള്‍ക്കുമിടയില്‍ (സുപ്രധാനമായും മുസ്‌ലിം ബ്രദര്‍ഹുഡ്) ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയാന്തരീക്ഷത്തിന്റെ വ്യവസ്ഥാപിത അതിര്‍വരമ്പുകളെ ഈ മാധ്യമങ്ങളുപയോഗിച്ച് ആക്ടിവിസ്റ്റുകള്‍ രൂപപ്പെടുത്തിയ നവരാഷ്ട്രീയ ഭാഷ ഭേദിക്കുകയായിരുന്നു. 1970-കളില്‍ ഇസ്‌ലാമികധാരയുടെ കടന്നുവരവോടെ രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക ഭാവിക്കകത്തെ മതാധികാരത്തിന്റെ സ്ഥാനത്തെക്കുറിച്ച വീക്ഷണ വ്യത്യാസങ്ങളില്‍ ഈജിപ്തിന്റെ രാഷ്ട്രീയ പ്രതിപക്ഷം വിഭജിക്കപ്പെട്ടു. ഒരുഭാഗത്ത്, മതേതരവത്കരണം പ്രധാന അപകടമാണെന്നും, മറുഭാഗത്ത് രാഷ്ട്രീയമാനമുള്ള മതം വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും അപായകരമാണെന്നും നിരീക്ഷിച്ചു. രാഷ്ട്രീയ വാദകോലാഹലങ്ങള്‍ക്കും രാഷ്ട്രീയ വൈരത്തിനും ഇടവരുത്തിയ ഈ ധ്രുവീകരണ പ്രക്രിയയെയാണ് ഒരു ദുര്‍ബല പ്രതിപക്ഷത്തെ ഉറപ്പിക്കുന്നതിനായി മുബാറക് ഭരണകൂടം കഴിഞ്ഞ 30 വര്‍ഷം പ്രോത്സാഹിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തത്. മധ്യപൗരസ്ത്യദേശത്തെയും ചുറ്റുവട്ടത്തെയും രാഷ്ട്രീയ വ്യവഹാരങ്ങളെ ഭരിച്ചിരുന്ന മതേതരവത്കരണത്തിന്റെയും മതമൗലികവാദത്തിന്റെയും പ്രശ്‌നാധിഷ്ഠിത മേഖലയില്‍നിന്ന് സ്വതന്ത്രമായ ഒരു രാഷ്ട്രീയ ഭാവിക്ക് കാരണമായി എന്നതാണ് കഴിഞ്ഞ എഴു വര്‍ഷത്തോളമായി വികസിച്ചുവന്ന ഈജിപ്ഷ്യന്‍ ബ്ലോഗ് ലോകത്തെക്കുറിച്ച അതിശയകരമായ കാര്യം.
1990-ന്റെ അവസാനത്തില്‍ തുടക്കം കുറിച്ചിരുന്ന പ്രക്രിയക്ക് 2004-'05 വര്‍ഷത്തില്‍ ഈജിപ്തില്‍ പലവിധേന രംഗപ്രവേശംചെയ്ത ബ്ലോഗ് ലോകം ഒരു പുതിയ സാഹചര്യം ഒരുക്കുകയായിരുന്നു. ഇടത് മതേതര സംഘടനകള്‍ക്കും ഇസ്‌ലാമിസ്റ്റുകള്‍ക്കും (പ്രത്യേകിച്ച് മുസ്‌ലിം ബ്രദര്‍ഹുഡ്) ഇടയിലെ പരസ്പര സഹകരണത്തിന്റെയും ഐക്യത്തിന്റെയും പ്രായോഗിക വികാസമായി അതിനെ കാണാവുന്നതാണ്. '90കളുടെ അവസാനത്തോടെ ഇസ്‌ലാമിസ്റ്റുകളും ഇടതുപക്ഷക്കാരുമായ അഭിഭാഷകര്‍ ഭരണകൂടപീഡനങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ ഒരുമിച്ച് കൈകാര്യംചെയ്യാം എന്ന് ധാരണയായി. അന്നേവരെ ഒരു വിഭാഗത്തിന്റെ അഭിഭാഷകര്‍ മറു വിഭാഗത്തിലെ പരാതിക്കാരെ പരസ്യമായി പിന്തുണക്കാറുണ്ടായിരുന്നില്ല.
2004-ല്‍ 'കിഫായ' പ്രസ്ഥാനത്തിന്റെ രംഗപ്രവേശമാണ് ഈജിപ്ഷ്യന്‍ രാഷ്ട്രീയ ഭൂമികയിലെ ഏറ്റവും വിജയകരമായ പരീക്ഷണം. മുബാറക് ഭരണകൂടത്തിന് അന്ത്യം കുറിക്കുക, പിതാവിനുശേഷം പ്രസിഡന്റാവാനുള്ള ജമാല്‍ മുബാറകിന്റെ ശ്രമത്തിന് തടയിടുക എന്നീ പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി ഇസ്‌ലാമിസ്റ്റുകള്‍, മുസ്‌ലിം ബ്രദര്‍ഹുഡ്, കമ്യൂണിസ്റ്റുകള്‍, ലിബറലുകള്‍, മതേതര ഇടതുപക്ഷക്കാര്‍ എന്നിവരെ ഒന്നിച്ച് അണിനിരത്തി ഈ രാഷ്ട്രീയ നിര്‍മിതി (political formation). 2004-നും 2007-നുമിടയില്‍ പ്രതിഷേധ പരമ്പരകള്‍ സംഘടിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായിരുന്നു 'കിഫായ'. അതുവരെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന പ്രസിഡന്റിന്റെ രാജി ആദ്യമായി തുറന്ന് ആവശ്യപ്പെടുകയായിരുന്നു 'കിഫായ' പ്രസ്ഥാനം. അതുവരെ പ്രസിഡന്റിന്റെയും അദ്ദേഹത്തിന്റെ കുടുബത്തിന്റെയും പ്രവൃത്തികള്‍ ചോദ്യംചെയ്യാന്‍ പാടില്ലാത്ത വിധം പവിത്രമാക്കുകയും വിമര്‍ശനങ്ങള്‍ക്ക് സ്റ്റേറ്റിന്റെ ഭാഗത്തുനിന്ന് കഠിനമായ പ്രതികാര നടപടികള്‍ ഉണ്ടാവുകയും ചെയ്യുമായിരുന്നു. ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ വിവിധ വിഭാഗങ്ങളിലെ ഒട്ടനവധിയാളുകളെ തെരുവിലിറക്കി പ്രതിഷേധിക്കുക മാത്രമല്ല, ഇന്റര്‍നെറ്റിന്റെ സാധ്യതകളെ ചൂഷണം ചെയ്ത്, എണ്ണമറ്റ ബ്ലോഗ് സൈറ്റുകള്‍ രാഷ്ട്രീയ സമരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഏകീകരിക്കുന്നതിനും ഉപയോഗപ്പെടുത്തിയ ആദ്യ രാഷ്ട്രീയ ഇടപെടലായിരുന്നു 'കിഫായ'. 2004-ന്റെ അവസാനത്തില്‍ നടന്ന 'കിഫായ'യുടെ ആദ്യത്തെ പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുത്ത അനുഭവം ഒരുപാട് ബ്ലോഗ് രചയിതാക്കള്‍ തങ്ങളുടെ ബ്ലോഗില്‍ എഴുതുകയും ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ ബ്ലോഗുകളുടെ എണ്ണം നൂറായി. ഇന്ന് ആയിരക്കണക്കിന് ബ്ലോഗുകള്‍ അടിസ്ഥാന ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തെരുവ് രാഷ്ട്രീയവുമായും ഐക്യദാര്‍ഢ്യ കാമ്പയിനുകളുമായും സജീവമാണ്. 'കിഫായ' പ്രസ്ഥാനത്തിന്റെ പ്രചാരണത്തിന് സഹായിച്ച ബ്ലോഗേഴ്‌സ് ആണ് ഈജിപ്ഷ്യന്‍ സംഭവവികാസങ്ങളില്‍ മുഖ്യപങ്കുവഹിച്ചത്.
ഈജിപ്തിലെ ബ്ലോഗിങ്ങിന്റെ രാഷ്ട്രീയ ഊര്‍ജം വെളിച്ചത്ത് കൊണ്ടുവരികയും ഈജിപ്ഷ്യന്‍ രാഷ്ട്രീയ ജീവിതത്തിനകത്ത് ഈ പ്രയോഗത്തിന്റെ പുതിയതും വിശാലവുമായ പങ്ക് ഉറപ്പിക്കാന്‍ സഹായിക്കുകയും ചെയ്ത ഒരു സംഭവം നടക്കുകയുണ്ടായി. ഈജിപ്ഷ്യന്‍ ഭരണകൂടം ജയില്‍പുള്ളികളെയും തടവുകാരെയും നിരന്തരമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമായിരുന്നു (അതുകൊണ്ടാണ് കുറ്റവാളികളെ കൈമാറാന്‍ യു.എസ് ഈജിപ്തിനെ തെരഞ്ഞെടുത്തത്). എന്നാല്‍, ഭരണകൂടം എല്ലായ്‌പ്പോഴും ഇത്തരം അധിക്ഷേപങ്ങളെയും നിയമപരമായ ഇടപെടലിനാവശ്യമായ തെളിവുകളെയും നിരന്തരം നിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ സമ്മര്‍ദങ്ങള്‍ക്കാകട്ടെ ഭരണകൂടത്തിന്റെ ഔദ്യോഗിക നിലാപാടിനെ ഫലപ്രദമായി വെല്ലുവിളിക്കാനും കഴിഞ്ഞിരുന്നില്ല. ഇതിന് മാറ്റം വന്ന സംഭവം വാഇല്‍ അബ്ബാസ് (Wael Abbas) എന്ന ബ്ലോഗര്‍ മറ്റൊരു ബ്ലോഗര്‍ വഴി ലഭിച്ച, കയ്‌റോ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഒരു പൗരനെ ശാരീരികമായും ലൈംഗികമായും ദുരുപയോഗം ചെയ്യുന്നതിന്റെ മൊബൈല്‍ ഫോണ്‍ റെക്കോഡഡ് വീഡിയോ തന്റെ ബ്ലോഗില്‍ പരസ്യപ്പെടുത്തിയതാണ്. മറ്റു സഹതടവുകാരെ മാനസികമായി പീഡിപ്പിക്കുന്നതിനുവേണ്ടി ബോധപൂര്‍വം ചിത്രീകരിച്ചതായിരുന്നു ആ ക്ലിപ്. അല്‍-വഅ്‌യുല്‍ മിസ്വ്‌രി(Egyptian Awareness) എന്നായിരുന്നു അദ്ദേഹത്തിന്റെ ബ്ലോഗിന്റെ പേര്.
ഈ വീഡിയോ ക്ലിപ്പ് യൂടൂബില്‍ പരസ്യപ്പെടുത്തിയതോടെ ഈജിപ്തിലെ ബ്ലോഗ് ലോകത്താകെ ഇത് പൊടുന്നനെ പ്രചരിക്കുകയായിരുന്നു. പ്രതിപക്ഷ പത്രങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുക്കുകയും ബ്ലോഗുകളെ തങ്ങളുടെ സ്രോതസ്സുകളായി ഉദ്ധരിക്കുകയുമുണ്ടായി. ഇര ആരെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒരു മനുഷ്യാവകാശ ഏജന്‍സി അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് അതിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കേസുകൊടുക്കുകയും ചെയ്തു. ഒടുവിലവര്‍ കുറ്റസമ്മതവും നടത്തി. ഈജിപ്തിന്റെ ആധുനിക ചരിത്രത്തില്‍ അപ്രതീക്ഷിതമായ സംഭവമായിരുന്നു ഇത്. ആ വര്‍ഷം ഉടനീളം ഈ കേസ് വിചാരണക്ക് വിധേയമാവുകയും ബ്ലോഗെഴുത്തുകാര്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ പോലീസിന്റെയും ജുഡീഷ്യറിയുടെയും നീക്കങ്ങള്‍ സൂക്ഷ്മമായി പിന്തുടരുകയും ചെയ്തു. ഭരണകൂട നടപടികളുടെ ഈ നിരന്തര നിരീക്ഷണം പ്രതിപക്ഷ പത്രങ്ങളുടെ സ്രോതസ്സുകളായി മാറി. കേസുമായി ബന്ധപ്പെട്ട ഗവണ്‍മെന്റുദ്യോഗസ്ഥരോട് സംവദിക്കാന്‍ സാറ്റലൈറ്റ് ടി.വി ടോക്ക് ഷോകളില്‍ ബ്ലോഗേഴ്‌സിനെ ക്ഷണിച്ചു. എല്ലാറ്റിനുമുപരി ഒരു മാസത്തിനകം പോലീസ് സ്റ്റേഷനുകളില്‍ കേസ് അന്വേഷണവുമായും പ്രതിഷേധപ്രകടനങ്ങളുമായും ബന്ധപ്പെട്ടു നടക്കുന്ന ഭരണകൂട അതിക്രമങ്ങള്‍, പീഡനങ്ങള്‍ എന്നിവയുടെ സെല്‍ഫോണ്‍ ചിത്രങ്ങള്‍ വാഇല്‍ അടക്കമുള്ള ബ്ലോഗര്‍മാര്‍ വ്യാപകമായി തങ്ങളുടെ വെബ്‌സൈറ്റുകളിലൂടെ പ്രചരിപ്പിച്ചു.
ബ്ലോഗര്‍മാരും ഇതര മാധ്യമ രൂപങ്ങള്‍ക്കുമിടയിലെ ബന്ധങ്ങള്‍ ഇപ്പോഴൊരു പ്രത്യേക സംവിധാനമായി മാറിയിരിക്കുന്നു. തങ്ങളുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ പ്രതിപക്ഷ പത്രങ്ങള്‍ക്ക് ബ്ലോഗര്‍മാരെ ആശ്രയിക്കേണ്ടിവന്നു എന്നു മാത്രമല്ല, ഗവണ്‍മെന്റിന്റെ പീഡനങ്ങള്‍ കാരണം ജേണലിസ്റ്റുകള്‍ക്ക് തങ്ങളുടെ വാര്‍ത്തകള്‍ പേരുവെച്ച് അച്ചടിക്കാന്‍ പോലും സാധിച്ചിരുന്നില്ല. മുബാറകിന്റെ പിന്മുറക്കാരനെക്കുറിച്ച ചോദ്യവുമായി ബന്ധപ്പെട്ട പ്രശ്‌നം തന്നെ ഉദാഹരണം. അന്വേഷണ പത്രപ്രവര്‍ത്തകര്‍ വഴി ഇത്തരം വാര്‍ത്തകള്‍ ആദ്യം ബ്ലോഗര്‍മാര്‍ക്കാണ് ലഭിച്ചിരുന്നത്. ഒരിക്കല്‍ അവ ഇന്റര്‍നെറ്റില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ ജേണലിസ്റ്റുകള്‍ ഇവ തങ്ങളുടെ പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നുള്ളൂ. സ്വയം കണ്ടെത്തിയ വാര്‍ത്തകളാണെന്ന ആരോപണത്തെ ഒഴിവാക്കാന്‍ ബ്ലോഗുകളെ സ്രോതസ്സുകളായി ഉദ്ധരിക്കുക വഴി അവര്‍ക്ക് സാധിച്ചു. ഇതുപോലെ ഒട്ടനവധി യുവാക്കള്‍ സെല്‍ഫോണ്‍ കാമറകള്‍ തെരുവുകളില്‍ ഉപയോഗപ്പെടുത്തുന്ന പ്രക്രിയ ഏറ്റെടുക്കുകയും ബ്ലോഗേഴ്‌സ് തുടര്‍ച്ചയായി അജ്ഞാതസ്രോതസ്സുകള്‍ എന്നുദ്ധരിച്ച് ഈ മൊബൈല്‍ ചിത്രങ്ങള്‍ തങ്ങളുടെ ബ്ലോഗുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഈജിപ്തിന്റെ മാധ്യമലോകത്തിന് മേല്‍ ബൂലോക(Blogosphere)ത്തിനുള്ള അധീശസ്ഥാനം രൂപപ്പെടുത്തുന്നതില്‍ ഈ മാറ്റം വലിയ പങ്കുവഹിച്ചു. കാരണം ഭരണകൂട അടിച്ചമര്‍ത്തലിന്റെയും രാഷ്ട്രീയ അതിക്രമത്തിന്റെയും, അതേസമയം ജനകീയ പ്രതിരോധത്തിന്റെയും രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും പ്രഥമ ഇടമായി വിളിക്കപ്പെട്ടിരുന്ന 'തെരുവു'മായി നേരിട്ടുള്ള ബന്ധം നിലനിര്‍ത്താനുള്ള ഇടനിലക്കാരായി ബ്ലോഗര്‍മാരുടെ പങ്ക് അവര്‍ മനസ്സിലാക്കിയിരുന്നു. വളരെ വ്യക്തമായും പരസ്യമായും സംവദിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ പ്രക്രിയ അവര്‍ ആവിഷ്‌കരിച്ചു. മറ്റു മാധ്യമ ശൃംഖലകള്‍ക്കു മേലുള്ള സെന്‍സര്‍ഷിപ്പ്, നിരന്തര ദ്രോഹം, അറസ്റ്റ് തുടങ്ങിയവ ഉയോഗിച്ച് ഭരണകൂടം ഈജിപ്ഷ്യന്‍ ജനതയുടെ മേല്‍ നടത്തുന്ന നിഷ്ഠുര മര്‍ദനം അത്ര എളുപ്പം പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല. പോലീസിന്റെ മര്‍ദനങ്ങളും പീഡനങ്ങളും മാത്രമല്ല, ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കുന്ന പതിവ് അക്രമങ്ങളും ഉള്‍പ്പെടുന്നു. ഉദാഹരണത്തിന് പൊതുഗതാഗത സംവിധാനത്തില്‍ നടക്കുന്ന വിവേചനം, തെരുവുകളില്‍ നടക്കുന്ന ലൈംഗിക അതിക്രമം, അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പീഡനം എന്നിവ ഒരുവശത്തും കടുത്ത ദാരിദ്ര്യം, പരിസ്ഥിതി മലിനീകരണം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവ സൃഷ്ടിച്ച സാമൂഹികാന്തരീക്ഷത്തില്‍ മനംനൊന്ത് കഴിയുന്ന ഒട്ടനവധി വേദനാജനകമായ മുഖങ്ങളെക്കുറിച്ച് മറുവശത്തും ബ്ലോഗുകളില്‍ റിപ്പോര്‍ട്ടുകള്‍ നിരന്തരം വന്നു തുടങ്ങി.
2008-ല്‍ ബൂലോക(Blogosphere)ത്തോട് മറ്റുചില ശക്തമായ മാധ്യമശൃംഖലകള്‍ കൂടി കണ്ണിചേരുകയുണ്ടായി. ഇതേ വര്‍ഷം ഏപ്രില്‍ ആറിന് ഈജിപ്തില്‍ ജനകീയ സമരം നടന്നു. ഈ സമരത്തില്‍ സ്‌കൂളുകളില്‍ നിന്നും ജോലിസ്ഥലങ്ങളില്‍നിന്നും വിട്ടുനിന്ന എണ്ണമറ്റ ജോലിക്കാരും വിദ്യാര്‍ഥികളും താന്താങ്ങളുടെ വീടുകളില്‍ ഒത്തുചേരുകയുണ്ടായി. വര്‍ഷങ്ങള്‍ക്കുശേഷം ഈജിപ്തില്‍ നടന്ന ഏറ്റവും വലിയ ഭരണകൂട വിരുദ്ധമായ ഈ സമരം 'മഹല്ല ടെക്‌സ്റ്റൈല്‍ ഫാക്ടറി'യിലെ ജോലിക്കാരാണ് തുടക്കം കുറിച്ചത്. മെച്ചപ്പെട്ട ജോലി സാഹചര്യം, മാന്യമായ ശമ്പളം എന്നിവ ഉയര്‍ത്തിപ്പിടിച്ച് അവര്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. സമരത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ ഫാക്ടറി ജോലിക്കാരുടെ പരിമിത ആവലാതികളുടെ പുറത്തേക്ക് സമരത്തിന്റെ ലക്ഷ്യങ്ങള്‍ വികസിച്ചു.
ഫേസ്ബുക്കില്‍ ഒരു കൂട്ടം പോരാളികളുടെ ശ്രമഫലമായി സമരം, മുബാറക് ഭരണകൂടത്തിന്റെ അഴിമതിക്കെതിരെ പ്രത്യേകിച്ചും വിലക്കയറ്റത്തിന്റെയും ശമ്പള നിരോധനത്തിന്റെയും പശ്ചാത്തലത്തില്‍, ഭരണകൂടത്തെ പൂര്‍ണമായും നിര്‍വീര്യമാക്കുന്ന ദേശീയ പ്രതിഷേധദിനമായി ഇതിനെ മാറ്റി. ഒരു സമരപ്രവര്‍ത്തക എന്ന നിലയില്‍ കുറഞ്ഞ അനുഭവ സമ്പത്ത് മാത്രമുള്ള, കയ്‌റോവിന്് പുറത്ത് താമസിച്ചിരുന്ന ഇസ്ര അബ്ദുല്‍ ഫത്താഹ് എന്ന യുവതി ടെക്‌സ്റ്റൈല്‍ ജോലിക്കാരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സമരത്തിനാഹ്വാനം ചെയ്ത് ഫേസ്ബുക്കില്‍ ഒരു ഗ്രൂപ്പിന് തുടക്കം കുറിക്കുകയുണ്ടായി. രണ്ടാഴ്ചകള്‍ക്കകം 70,000 ഫേസ്ബുക് മെമ്പര്‍മാര്‍ അതില്‍ പങ്കാളികളായി. രാഷ്ട്രീയ ബ്ലോഗര്‍മാരും ഈ സമരത്തെ പിന്തുണച്ചു. ഏപ്രില്‍ തുടക്കത്തോടെ തന്നെ മിക്ക രാഷ്ട്രീയ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തിറങ്ങി തങ്ങളുടെ മണ്ഡലങ്ങളിലെ ആളുകളെ സംഘടിപ്പിക്കാന്‍ തുടങ്ങി. ആറാമത്തെ ആഴ്ചയായപ്പോഴേക്കും ദശകങ്ങള്‍ക്കുശേഷം നടന്ന ഏറ്റവും നാടകീയമായ ജനകീയ സംഘാടനത്തിന് ഈജിപ്ത് സാക്ഷിയായി. ഈ സംഭവം മുസ്‌ലിം ബ്രദര്‍ഹുഡ് മെമ്പര്‍മാരെ മുതല്‍ വിപ്ലവ സോഷ്യലിസ്റ്റുകളെ വരെ ഒന്നിച്ച് അണിനിരത്തിച്ചു.
ഈജിപ്ഷ്യന്‍ രാഷ്ട്രീയ ജീവിതത്തില്‍ 'കിഫായ' പ്രസ്ഥാനം രൂപപ്പെടുത്തിയ പൊതു രാഷ്ട്രീയ പ്ലാറ്റ്‌ഫോം ഈജിപ്ഷ്യന്‍ ഫേസ്ബുക് ആക്ടിവിസ്റ്റുകളും ബ്ലോഗേഴ്‌സും ഏറ്റെടുത്ത് വികസിപ്പിച്ചു. അതേ പ്ലാറ്റ്‌ഫോം തന്നെയാണ് സമരത്തിന്റെ നാളുകളില്‍ മില്യന്‍ കണക്കിന് ഈജിപ്തുകാരെ തെരുവിലിറക്കിയത്. നാല് പ്രശ്‌നങ്ങളാണ് ഈ പൊതു പ്ലാറ്റ്‌ഫോമിനെ രൂപപ്പെടുത്തിയത്.
1. മുബാറക് ഭരണത്തോടുള്ള ശക്തമായ വിയോജിപ്പും അതവസാനിപ്പിക്കാനുള്ള ആഹ്വാനവും.
2. പിതാവിന്റെ പിന്‍ഗാമിയായി മകന്‍ ജമാല്‍ മുബാറക് പ്രസിഡന്റാകുന്നതിനെതിരെയുള്ള പ്രതിഷേധം.
3. നീതിയുക്തവും ജനാധിപത്യപരവുമായ സംവിധാനങ്ങള്‍ വളര്‍ത്തിയെടുത്ത് രാഷ്ട്രീയ സ്വാതന്ത്ര്യം വികസിപ്പിക്കാനുള്ള താല്‍പര്യം.
4. നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ഭരണകൂട ഭീകരതയോടുള്ള അമര്‍ഷം.
ഇസ്‌ലാമിക ആക്ടിവിസ്റ്റുകളിലും മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരിലും മാറിയ അജണ്ട മൗലിക മാറ്റത്തിനാണ് വഴിയെരുക്കിയത്. രാജ്യത്തിന്റെ ദേശീയ നിയമവ്യവസ്ഥയായി ശരീഅത്തിനെ സ്വീകരിക്കണമെന്ന വാദത്തെ കുറച്ചുകാലം മുമ്പുവരെ ഉയര്‍ത്തിപ്പിടിച്ചവരായിരുന്നു ഇസ്‌ലാമിസ്റ്റുകള്‍. ഇസ്‌ലാമിക സമൂഹത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് പാശ്ചാത്യ സംസ്‌കാരത്തിന്റെ രീതികളെയും ശീലങ്ങളെയും എതിര്‍ക്കണമെന്ന ന്യായമായിരുന്നു അതിന് കാരണം. 1980-കളുടെ മധ്യത്തോടെ രൂപം കൊണ്ട ഇസ്‌ലാമിക രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട ഒരു നവ ബൗദ്ധിക തലമുറ ജനാധിപത്യപരമായ രാഷ്ട്രീയ പരിഷ്‌കരണങ്ങളുടെ അനിവാര്യതയെ ഊന്നിപ്പറയുകയുണ്ടായി. ഫഹ്മീ ഹുവൈദി, അബ്ദുല്‍ വഹാബ് അല്‍ മസീരി, താരിഖുല്‍ ബിശ്‌രി തുടങ്ങിയ പുതിയ ഇസ്‌ലാമിക എഴുത്തുകാര്‍ ഈജിപ്തിന്റെ രാഷ്ട്രീയ സംവിധാനങ്ങളില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന അഴിമതിക്ക് അന്ത്യം കുറിക്കാനും പ്രാതിനിധ്യ ഭരണവ്യവസ്ഥക്കായുള്ള ശക്തമായ അടിത്തറ രൂപപ്പെടുത്താനുമായി ഒരു പ്രസ്ഥാനം തന്നെ കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു. പക്ഷേ, അവരുടെ കാഴ്ചപ്പാടുകള്‍ ആധുനിക ഇസ്‌ലാമിക രാഷ്ട്രീയത്തിനകത്ത് പൊതുവെ പാര്‍ശ്വവത്കരിക്കപ്പെടുകയും ഭരണകൂടത്താല്‍ വ്യാപകമായി തുരങ്കം വെക്കപ്പെടുകയുമുണ്ടായി.
ഇസ്‌ലാമിക പ്രവര്‍ത്തകരുടെ പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നവരെ സംബന്ധിച്ച്, ഈജിപ്തിന്റെ നശിച്ച ആധിപത്യവ്യവസ്ഥയെ പരിഷ്‌കരിക്കാന്‍ സാധിക്കുന്ന സ്വഭാവത്തില്‍ ഒരു വികസിത ഇസ്‌ലാമിക സമൂഹത്തിന്റെ രൂപീകരണമായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ, അത്തരം രാഷ്ട്രീയ വ്യവഹാരങ്ങളുടെ വികാസം ഈ ലക്ഷ്യം കരസ്ഥമാക്കാനുതകുന്നതാകണമെന്നും അവര്‍ ആഗ്രഹിച്ചു. അറിയപ്പെടുന്ന ബ്ലോഗറും മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പുതുതലമുറയിലെ ശ്രദ്ധേയ ശബ്ദവുമായ ഇബ്‌റാഹീം ഹുദൈബി ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ പ്രസ്താവനയില്‍ ഈ രാഷ്ട്രീയ പുനഃക്രമീകരണം കാണാവുന്നതാണ്. സംഘടനയുടെ ഭാവിയെക്കുറിച്ച് ബ്രദര്‍ഹുഡ് മെമ്പര്‍മാരുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഹുദൈബി ഇപ്രകാരം നിര്‍ദേശിച്ചു: ''ബ്രദര്‍ഹുഡിന്റെ മുദ്രാവാക്യമായിരുന്ന 'ഇസ്‌ലാമാണ് പരിഹാരം' എന്നത് മതപരമായി ചായ്‌വില്ലാത്ത 'ഈജിപ്ത് എല്ലാ ഈജിപ്തുകാര്‍ക്കും' എന്ന കുറെക്കൂടി നിഷ്പക്ഷമായ നിലപാടാക്കി മാറ്റണം.'' ഇത് തീര്‍ച്ചയായും ഈജിപ്തിന്റെ തെരുവോരങ്ങളില്‍ നിന്നുയരുന്ന ആഹ്വാനമാണ്.
തഹ്‌രീര്‍ സ്‌ക്വയറിലേക്ക് വഴി തെളിച്ചതിലും കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഈജിപ്ഷ്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ മാറ്റിമറിക്കുന്നതിലും ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകള്‍ മുഖ്യപങ്കു തന്നെയാണ് വഹിച്ചത്. ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിന്റെ നിഷ്ഠുരവും ക്രൂരവുമായ അടിച്ചമര്‍ത്തലിന്റെ സന്ദര്‍ഭത്തില്‍ ഒരു പുതിയ രാഷ്ട്രീയ കര്‍തൃത്വത്തെ അവര്‍ വികസിപ്പിച്ചെടുത്തു. ഈജിപ്തിന്റെ സമകാലിക രാഷ്ട്രീയ ഭൂമികയെ രൂപപ്പെടുത്തുന്ന വ്യത്യസ്ത മത-സാമൂഹിക സംവിധാനങ്ങളെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ വിമര്‍ശനങ്ങളുടെയും സംവാദങ്ങളുടെയും പുതിയ രൂപത്തിന് അവര്‍ വഴി കാണിക്കുകയുണ്ടായി.
വിവ: ജസീം പി.പി
(കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയില്‍ സോഷ്യോ കള്‍ച്ചറല്‍ ആന്ത്രോപോളജിയില്‍ അസോസിയേറ്റ് പ്രഫസറാണ് ലേഖകന്‍)
Comments