Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

'മധ്യപൗരസ്ത്യ'ത്തെ ഇളക്കി മറിക്കുന്ന ജനകീയ വിപ്ലവം

ഇര്‍ഫാന്‍ അഹ്മദ്‌

1789-ലെ ഫ്രഞ്ച് വിപ്ലവത്തില്‍ പങ്കാളികളായവര്‍ ജനതയുടെ രണ്ടു ശതമാനത്തിലും കുറവായിരുന്നു. 2011-ലെ ഈജിപ്ഷ്യന്‍ വിപ്ലവത്തില്‍ അതിനേക്കാള്‍ വളരെ കൂടുതല്‍ ശതമാനം ജനങ്ങള്‍ പങ്കാളിത്തം വഹിച്ചിട്ടുണ്ടെന്നുറപ്പ്. അടുത്തകാലത്ത് 'മധ്യപൂര്‍വ'ദേശങ്ങളില്‍ (ആദ്യം തുനീഷ്യയില്‍, പിന്നീട് ലിബിയയില്‍) ഉണ്ടായ ഇളക്കങ്ങളെക്കൂടി പ്രതീകവത്കരിക്കുന്ന ഈജിപ്ത് വിപ്ലവം അതിനാല്‍ ചരിത്രപ്രധാനമാകുന്നു. മുസ്‌ലിം രാജ്യങ്ങളില്‍ ഒന്നിനു പിറകെ ഒന്ന് എന്ന മട്ടില്‍ ഒരു ജനായത്തക്കൊടുങ്കാറ്റ് ഈയിടെ വീശിയടിക്കുന്നുണ്ട്. വിവിധങ്ങളായ സ്ഥലങ്ങളില്‍ നടക്കുന്ന ഈ കൊടുങ്കാറ്റുകളുടെ അന്തിമഫലമെന്താവുമെന്ന് ഇപ്പോള്‍ നമുക്കറിയില്ല- അവ തീര്‍ന്നുകഴിഞ്ഞിട്ടില്ലല്ലോ. എന്നല്ല, ഈ വന്‍ സംഭവങ്ങള്‍ തുടക്കങ്ങള്‍ മാത്രമാണെന്നു തന്നെ പറയാം; അവയുടെ പരിണതി എങ്ങനെയുമാകാം. അതു മാത്രമല്ല, ഇപ്പറഞ്ഞ ഫലം നിര്‍ണയിക്കുക പ്രാദേശിക ഘടകങ്ങളെ മാത്രം ആശ്രയിച്ചായിരിക്കില്ല, മറിച്ച് യു.എസ്സും ബ്രിട്ടനും ഫ്രാന്‍സും യൂറോപ്യന്‍ യൂനിയനും പോലുള്ള ആഗോള ഘടകങ്ങളെ ആശ്രയിച്ചായിരിക്കും. അവര്‍ക്ക് ഈ മേഖലയില്‍ നൂറ്റാണ്ട് പഴക്കമുള്ള താല്‍പര്യങ്ങളുണ്ട്.
ഈ ലേഖനത്തിന്റെ വിഷയം 'മധ്യപൂര്‍വ' മേഖലയുടെ ഭാവിയെന്ത് എന്നതല്ല. പോലീസില്‍ നിന്നുള്ള പതിവ് അപമാനത്തിനെതിരെ പ്രതിഷേധിച്ച്, തുനീഷ്യയിലെ തെരുവുകച്ചവടക്കാരനായ മുഹമ്മദ് ബൂ അസീസി എന്ന ചെറുപ്പക്കാരന്‍ 2010 ഡിസംബര്‍ 17-ന് മുനിസിപ്പല്‍ ഓഫീസിനു മുമ്പാകെ പരസ്യമായി ആത്മാഹുതി ചെയ്തതില്‍ പിന്നീട് ആ പ്രദേശത്ത് അനാവൃതമാകുന്ന നാടകീയ സംഭവങ്ങള്‍ മനസ്സിലാക്കിയെടുക്കാനുള്ള ശ്രമം മാത്രമാണിത്. ഈ മാറ്റത്തിന് നാമെന്ത് പേരിടും? 'ഖണ്ഡിത വിപ്ലവം' എന്നു വിളിക്കാനാണ് എനിക്ക് തോന്നുന്നത്. സൈദ്ധാന്തിക 'ഖണ്ഡങ്ങള്‍' ചേര്‍ന്നത് എന്ന് ഒരര്‍ഥം; നിരുപാധികവും കണിശവും എന്ന് മറ്റൊരര്‍ഥം.
സൈദ്ധാന്തിക 'ഖണ്ഡങ്ങള്‍' പെട്ടെന്ന് പൊട്ടിവീഴുന്നതല്ല; കുറെ പതിറ്റാണ്ടുകളായി രൂപപ്പെട്ടുവരുന്ന മുന്‍വിധികള്‍ അക്കൂട്ടത്തിലുണ്ട്- ഇസ്‌ലാമും ജനായത്തവും പ്രകൃത്യാ പരസ്പരം ചേരാത്തവയാണ് എന്ന ധാരണ ഉദാഹരണം. 'മധ്യപൗരസ്ത്യ' മേഖലയിലെ സംഭവങ്ങള്‍ ഇതിനെ തീര്‍ത്തും തകര്‍ത്തിട്ടില്ലെങ്കില്‍ തന്നെ കാര്യമായി ഉലച്ചിട്ടുണ്ട്. ഇതു മാത്രമല്ല, സത്യമെന്ന ഭാവത്തില്‍ തയാറിപ്പു ചെയ്തിറക്കിയിരുന്ന മറ്റൊരുപാട് നുണകളും മിഥ്യകളും പിഴുതെറിയപ്പെട്ടിരിക്കുന്നു.
സമീപകാല സംഭവങ്ങള്‍ 'ഖണ്ഡിത'മാവുന്നത് നിരുപാധികം എന്ന അര്‍ഥത്തില്‍ കൂടിയാണ്. ടി.വിയിലും ഇന്റര്‍നെറ്റിലും പത്രങ്ങളിലും മാത്രമല്ല, ലോകത്തെങ്ങുമുള്ള സര്‍വകലാശാലാ പാഠ്യപദ്ധതികളിലും നിലനില്‍ക്കുന്ന, ഇസ്‌ലാമും ജനായത്തവും പരസ്പര വിരുദ്ധമാണെന്ന സാര്‍വത്രിക ധാരണയെ ഖണ്ഡിതമായും കണിശമായും അവ ചോദ്യംചെയ്യുന്നുണ്ട്. യു.എസോ യൂറോപ്യന്‍ യൂനിയനോ പോലുള്ള ഏതെങ്കിലും ബാഹ്യ പ്രായോജകരുടെ ഇടപെടലിലൂടെയല്ലാതെ മുസ്‌ലിംകള്‍ക്ക് സ്വന്തം നിലക്ക് ജനാധിപത്യം കൈവരുത്താനാവില്ല എന്ന തീര്‍പ്പാണിവിടെ തകരുന്നത്. ശരിയാണ്, ഒരല്‍പം വൈകി ബറാക് ഒബാമ വൈമനസ്യത്തോടെയാണെങ്കിലും 'അറബ് വസന്ത'ത്തിന്മേല്‍ അവകാശം സ്ഥാപിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. പക്ഷേ, പടിഞ്ഞാറിന്റെ വിശേഷിച്ച് അമേരിക്കയുടെ പ്രേരണയാലല്ല, മറിച്ച് അതിനോടുള്ള വിപ്രതിപത്തിയില്‍ നിന്നുതന്നെയാണ് ഈ വസന്തം വിരിഞ്ഞത്.
മറ്റൊരര്‍ഥത്തിലും ഈ സംഭവങ്ങള്‍ ഖണ്ഡിതമാണ്-ജനാധിപത്യത്തെ പുനര്‍നിര്‍വചിക്കണമെന്ന് അവ ആവശ്യപ്പെടുന്നു. 'ദേശീയതാല്‍പര്യങ്ങളു'ടെയും 'ജിയോ പൊളിറ്റിക്‌സി'ന്റെതുമായ സാര്‍വത്രിക ഭാഷ സംസാരിക്കുന്ന ജനാധിപത്യം ചോദ്യം ചെയ്യപ്പെടുകയാണ്. ആഗോള രാഷ്ട്രീയത്തിന്റെ പരമ ആദര്‍ശമായ ഈ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയത്തിനും എതിരായി മുസ്‌ലിം ലോകം ഒരു വ്യത്യസ്ത ഭാഷയുമായി രംഗത്തെത്തിയിരിക്കുന്നു- ധാര്‍മികതയിലും അന്തസ്സിലും ഊന്നുന്ന പുതിയൊരു രാഷ്ട്രീയത്തിന്റെ ഭാഷ.
ഈ ഖണ്ഡിത വിപ്ലവം നിരാകരിച്ച രണ്ട് പ്രധാന മിഥ്യകളെപ്പറ്റി പറയാം. ആദ്യം പദാവലിയെപ്പറ്റി. പാശ്ചാത്യ ലോകം പറയുന്ന ഈ 'മിഡില്‍ ഈസ്റ്റ്' എന്താണ്? പാശ്ചാത്യ ഭാവന അതേപ്പറ്റി മനസ്സിലാക്കുന്നതെന്താണ്?
കഴിഞ്ഞ നൂറ്റാണ്ടുകളില്‍ 'മധ്യപൗരസ്ത്യ' മേഖലയെ പലതരം ഖണ്ഡങ്ങള്‍ ഭരിച്ചിട്ടുണ്ട്. അവയിലൊന്ന്, 'മധ്യപൗരസ്ത്യ'മെന്ന പ്രയോഗം തന്നെ. അവിടത്തുകാരല്ല ഈ പേര് കണ്ടെത്തിയത്-ബാഹ്യശക്തികളാണ്. മേഖലക്കു പുറത്തുപോലും അത് വ്യാപകമല്ല താനും. ഇന്ത്യക്കാര്‍ പൊതുവെ അത് പ്രയോഗിക്കാറില്ലല്ലോ- അവര്‍ പശ്ചിമേഷ്യ എന്നാണ് ഏറെയും പറയാറ്. അപ്പോള്‍ 'മധ്യ പൗരസ്ത്യം' എന്തിന്റെ 'പൗരസ്ത്യ'ഭാഗമാണ്? പാശ്ചാത്യ ലോകത്തെ ലോകത്തിന്റെ കേന്ദ്രമാക്കിക്കൊണ്ടുള്ളതാണ് ഈ പദപ്രയോഗമെന്ന് വ്യക്തം. 19-ാം നൂറ്റാണ്ടിലാണ് അത് ആദ്യം ഉപയോഗിക്കപ്പെട്ടത്. അമേരിക്കന്‍ നാവിക സേനയിലെ ആല്‍ഫ്രഡ് മാഹന്‍ കണ്ടുപിടിച്ചതാണ് അത്, The Influence of Sea Power Upon History 1600-1783 എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍. പിന്നീട് ഹാല്‍ഫഡ് മക്കിന്‍സര്‍ എന്ന ബ്രിട്ടീഷുകാരന്‍ അതിന് പ്രചാരം നല്‍കുകയും ചെയ്തു.
മിഡിലീസ്റ്റ് എന്ന പദം പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം സാമൂഹിക, സാംസ്‌കാരിക വൈവിധ്യം നിറഞ്ഞ അവിടത്തെ ജനാവലികളെ കുറിക്കുന്നതല്ല; മറിച്ച്, ഒരു വസ്തു അത്രമാത്രം. തങ്ങള്‍ക്ക് ചൂഷണം ചെയ്യാവുന്ന വിഭവങ്ങളുടെയും സൈനിക പ്രാധാന്യത്തിന്റെയും ആസ്ഥാനം. ഈ മേഖലയിലടക്കം ഉദ്യോഗം വഹിച്ച പ്രമുഖ യു.എസ് വിദേശകാര്യ വിദഗ്ധനായ റോബര്‍ട്ട് ഡബ്ല്യു സ്റ്റൂക്കി തന്റെ ഗ്രന്ഥത്തിന്റെ (War, Revolution and Peace, 1984) അവതാരികയില്‍ കുറിച്ചത് ഇങ്ങനെ: ''നമ്മുടെ ദേശീയ താല്‍പര്യങ്ങളെ സംബന്ധിച്ച സാമ്പത്തിക, സൈനിക പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ അറേബ്യന്‍ ഉപഭൂഖണ്ഡം പൊതുജനത്തിന് വേണ്ടത്ര പരിചിതമല്ല.'' അങ്ങനെ, അമേരിക്കന്‍ താല്‍പര്യത്തിന്റെ ചട്ടക്കൂട്ടില്‍ അദ്ദേഹം അവര്‍ക്കത് 'പരിചയപ്പെടുത്തി'ക്കൊടുക്കുന്നു. 'കമ്യൂണിസ്റ്റിതര ലോകത്തെ എണ്ണ ശേഖരങ്ങളുടെ നാലിലൊന്ന് സുഊദി അറേബ്യയിലാണ്' എന്നത് ഉദാഹരണം. സുഊദി അറേബ്യയും കുവൈത്തും 'എണ്ണ സമ്പന്നം'; രണ്ട് യമനുകള്‍ 'എണ്ണരഹിതം' -ഇത്ര ലളിതമാണ് സ്റ്റൂക്കിയുടെ വിശേഷണം.
മുമ്പ് ആംഗ്ലോ-ഫ്രഞ്ച് സഖ്യശക്തികള്‍ പറഞ്ഞുവെച്ച സാമ്രാജ്യത്വ വിവരണത്തിന്റെ തുടര്‍ച്ചയാണിത്. എണ്ണ സമ്പന്നമെന്നും എണ്ണ ദരിദ്രമെന്നുമുള്ള വിശേഷണം 'മിഡിലീസ്റ്റി'ന് പതിച്ചു കിട്ടുന്നതിനും മുമ്പ് ഈജിപ്തിനെ യൂറോപ്യര്‍ സുപ്രധാനമായി ഗണിച്ചത് അവിടത്തെ വെള്ളവും ഭൂമിയും കണ്ടാണ്- മനുഷ്യ സമൂഹത്തെ കണ്ടിട്ടല്ല. 1869-ല്‍ സൂയസ് കനാല്‍ തുറന്നപ്പോള്‍ ഫ്രഞ്ച് ചക്രവര്‍ത്തിനി യൂജനിയായിരുന്നു മുഖ്യാതിഥി. ബ്രിട്ടീഷ് സാഹിത്യകാരന്മാര്‍ കനാലിനെ 'ഉജ്വല'മെന്ന് വിളിച്ചു- 'പുരോഗതി'യുടെ പ്രതീകമായിരുന്നു കനാല്‍. ആര്‍ക്ക്? ബ്രിട്ടീഷ് ജനതക്ക്! ഈജിപ്ത് ജനതയേ കണക്കിലില്ല! അവര്‍ മനുഷ്യര്‍ പോലുമല്ല- വെറും ജന്തുക്കള്‍. 1894-ല്‍ ഏതാനും നാള്‍ ഈജിപ്തില്‍ താമസിച്ചിരുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേള്‍ ഈജിപ്ഷ്യരെ വര്‍ണിച്ചത് 'പൊളിഞ്ഞ സ്മാരകങ്ങള്‍ക്കിടയില്‍ ഓടിനടക്കുന്ന ഗൗളി വര്‍ഗം' എന്നായിരുന്നു. സൂയസ് കനാല്‍ തുറന്നതുകൊണ്ട് ലഭ്യമാകുന്ന (അതെ, ഇംഗ്ലണ്ടിനും യൂറോപ്പിനും ലഭ്യമാകുന്ന) കനത്ത നേട്ടങ്ങളെച്ചൊല്ലി എഞ്ചിനീയറും എഴുത്തുകാരനുമായിരുന്ന വില്യം ജോര്‍ജ് ഹാംലി (മരണം 1893) ഊറ്റം കൊണ്ടു. കനാല്‍ നിര്‍മാണത്തിനിടെ പത്തു വര്‍ഷം കൊണ്ട് 1,20,000 ഈജിപ്ത് തൊഴിലാളികള്‍ കൊല്ലപ്പെട്ടത് അവര്‍ക്ക് വിഷയമായില്ല. യൂറോപ്പിനും ഏഷ്യക്കുമിടയില്‍ (പ്രത്യേകിച്ച് ഇന്ത്യയിലേക്ക്) 'പ്രധാന മാര്‍ഗം' തുറന്നു എന്നതായിരുന്നു പടിഞ്ഞാറന്‍ മേലാളര്‍ക്ക് കാര്യം. യൂറോപ്പ്-ഏഷ്യ പാതയില്‍ 3,000 കിലോമീറ്ററിന്റെ ലാഭം എന്നതു മാത്രമായിരുന്നു ഈജിപ്തിന്റെ പ്രാധാന്യം. വെറുതെയല്ല, പ്രസിഡന്റ് നാസിര്‍ സൂയസ് കനാല്‍ ദേശസാത്കരിച്ചപ്പോള്‍ (1956) ഫ്രഞ്ച് പത്രങ്ങള്‍ അദ്ദേഹത്തെ 'പുതിയ ഹിറ്റ്‌ലര്‍' എന്ന് അലറിവിളിച്ചത്. ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹം 'മറ്റൊരു മുസ്സോളിനി'യും 'മറ്റൊരു ഹിറ്റ്‌ലറും' 'പേനായ'യുമൊക്കെയായി.
അഫ്ഗാനിസ്താനോടുള്ള പടിഞ്ഞാറന്‍ സമീപനം മറ്റൊരു ഉദാഹരണമാണ്. ഭൂമിശാസ്ത്രപരമായി പ്രാധാന്യമുള്ള കുറെ വെറും ഭൂമിയായിരുന്നു അത്. ബ്രിട്ടനും സാറിസ്റ്റ് റഷ്യയും തമ്മില്‍ മധ്യേഷ്യക്കും ഇന്ത്യക്കും മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ നടത്തിയ വടംവലിയില്‍ സഹായക ഘടകം. 9/11 നു ശേഷം അമേരിക്കന്‍ യൂനിവേഴ്‌സിറ്റികളിലെ പുസ്തകങ്ങളില്‍ അഫ്ഗാനിസ്താന്‍ മാത്രമല്ല പാകിസ്താന്‍ പോലും 'മിഡിലീസ്റ്റി'ന്റെ (തെക്കനേഷ്യയുടേയല്ല!) ഭാഗമായി ഗണിക്കപ്പെട്ടത് അതുകൊണ്ടാണ്. ഇത്തരം ഭൂമിശാസ്ത്രപരവും വിഭവപരവുമായ പ്രാധാന്യം മാത്രമുള്ള(മനുഷ്യ സമൂഹങ്ങള്‍ പരിഗണിക്കപ്പെടുകയേ ചെയ്യാത്ത) ഒരു 'മിഡിലീസ്റ്റ്' അതേപടി നിലനില്‍ക്കേണ്ടത് സ്വാഭാവികമായും പടിഞ്ഞാറിന്റെ ആവശ്യമായി. 'മധ്യപൗരസ്ത്യ'ദേശത്തിന്റെ 'സുസ്ഥിരത' പാശ്ചാത്യ ശക്തികള്‍ക്ക് അവരുടെ സ്വന്തം 'ദേശീയ താല്‍പര്യങ്ങള്‍' പരിരക്ഷിക്കാന്‍ വേണ്ടതുണ്ടായിരുന്നു. 'മധ്യപൗരസ്ത്യ'ത്തിന്റെ രണ്ടാം അര്‍ഥം തന്നെയായി ഈ സുസ്ഥിരത/ അസ്ഥിരത. അസ്ഥിരത ഒഴിവാക്കാന്‍ നിരന്തര ഇടപെടലും നിയന്ത്രണവും നടപ്പിലാക്കി. പടിഞ്ഞാറിന് കൈകാര്യം ചെയ്യാനും മാനേജ് ചെയ്യാനുമുള്ള ഇടമായി മിഡിലീസ്റ്റ്-അവര്‍ക്കവള്‍ അവരുടെ പൗരുഷത്തിന് യാചിക്കുന്ന, നമ്രമുഖിയായ വധുവായി. പുരുഷ കേന്ദ്രിതമായ ഈ അപമാനവീകരണത്തിന്റെ ചിത്രം ബര്‍ണാഡ് ലൂയിസ് തന്റെ ആദ്യ സന്ദര്‍ശനത്തിന്റെ വിവരണത്തില്‍ നല്‍കുന്നുണ്ട്: ''ഇതുവരെ കണ്ടിട്ടില്ലാത്ത പൗരസ്ത്യ വധുവിന്റെ മുഖപടം ആദ്യമായി അഴിച്ചുമാറ്റുന്ന വരന്റെ വികാരവായ്പിലായിരുന്നു ഞാന്‍.''
ഇപ്പോള്‍ ഈ മിഡിലീസ്റ്റില്‍ അങ്ങോളമിങ്ങോളം മുഴങ്ങുന്ന ജനകീയ പ്രതിഷേധങ്ങള്‍ ഈ മനോഭാവത്തെ തിരസ്‌കരിക്കുന്നു. ഈ ജനായത്ത പ്രക്ഷോഭങ്ങള്‍ ഉറക്കെ വിളിച്ചുപറയുന്നത്, മിഡിലീസ്റ്റെന്നാല്‍ ആദ്യമായി അവിടത്തെ ജനതയാണ് എന്നത്രെ- എണ്ണ സമൃദ്ധം, എണ്ണ ദരിദ്രം, മുഖ്യ മാര്‍ഗം തുടങ്ങിയ വിശേഷണങ്ങള്‍ പഴമ്പുരാണമായി തള്ളണമെന്നും.
ഇസ്‌ലാം ജനാധിപത്യത്തിന്റെ ശത്രു?
ഇസ്‌ലാമും ജനാധിപത്യവും പരസ്പരം ചേരില്ലെന്ന ധാരണക്ക് കുറെ പഴക്കമുണ്ടെങ്കിലും 1990-ല്‍ അവസാനിച്ച 'ജനാധിപത്യത്തിന്റെ മൂന്നാം തരംഗ'ത്തിന്റെ തുടര്‍ച്ചയായി അത് വീണ്ടും ശക്തിപ്പെട്ടു. ഹണ്ടിംഗ്ടണ്‍ 'കത്തോലിക്കാ തരംഗ'മെന്നു വിളിച്ച ഈ കാലഘട്ടത്തില്‍ 30 രാജ്യങ്ങള്‍ ജനാധിപത്യത്തിലേക്ക് ചുവടുമാറി. എന്നാല്‍, 1980-'91 കാലത്ത് ലോകത്തുണ്ടായിരുന്ന 37 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ രണ്ടെണ്ണം മാത്രമായിരുന്നു ജനാധിപത്യ രാജ്യങ്ങള്‍. 2005ലാകട്ടെ, ലോകത്തെ ജനാധിപത്യേതര രാജ്യങ്ങളുടെ 55 ശതമാനം മുസ്‌ലിം നാടുകളായിരുന്നു. 'മുസ്‌ലിം ലോക'ത്തെ ഈ ജനാധിപത്യമില്ലായ്മയെപ്പറ്റി വിശദീകരണങ്ങള്‍ പലതുമുണ്ടായിട്ടുണ്ട്. ഹണ്ടിംഗ്ടണ്‍ എഴുതി: ''അധികാരത്തിലിരിക്കെ ജനാധിപത്യവാദിയെന്ന നിലക്ക് പേരെടുത്ത ഒറ്റ മുസ്‌ലിം നേതാവിനെ കാണുക ദുസ്സാധ്യം. എന്തുകൊണ്ടിങ്ങനെ? ആ സംസ്‌കാരത്തിന്റെ നേര്‍ക്കാണ് വിഷയം ചെന്നുകൊള്ളുന്നത്.''
കൂടുതല്‍ മുസ്‌ലിംകള്‍ സമം കുറവ് ജനാധിപത്യം എന്ന വിപരീതാനുപാതമാണ് ഹണ്ടിംഗ്ടണ്‍ കണ്ടെത്തുന്നത്. ''മുസ്‌ലിംകള്‍ ലബനാനില്‍ ഭൂരിപക്ഷമായതോടെ ലബനീസ് ജനാധിപത്യം തകര്‍ന്നു'' (സാമുവല്‍ ഹണ്ടിംഗ്ടണ്‍, 'Democracy's Third Wave', Journal of Democracy2, 1991). സദ്കൃത്യങ്ങളെക്കാള്‍ വിശ്വാസത്തിന് ഖുര്‍ആന്‍ കല്‍പിക്കുന്ന പ്രാമുഖ്യമാണ് ഇസ്‌ലാമിന് മതഭ്രാന്തും ജനാധിപത്യവിരുദ്ധതയും പകര്‍ന്നതെന്ന് ഹണ്ടിംഗ്ടണെപ്പോലെ ടോക്‌വീലും അഭിപ്രായപ്പെടുന്നു (Christopher Kelly, 'Tocqueville on Hinduism and Islam', History of European Ideas). ഇസ്‌ലാമിനെ മതം, നാഗരികത, രാഷ്ട്രീയം, എന്നിങ്ങനെ വേര്‍തിരിച്ചുകൊണ്ട് ബര്‍ണാഡ് ലൂയിസ് (Journal of Democracy 7, 1996) പറയുന്നു: ''ഇതിലെ രാഷ്ട്രീയം ശരിക്കും ജനാധിപത്യ വിരുദ്ധം. മതവും രാഷ്ട്രവും ഇസ്‌ലാമില്‍ പരസ്പരം കെട്ടിപ്പിണഞ്ഞുകിടക്കുന്നു.'' ക്രിസ്തുമതം പോലൊരു മതമല്ല ഇസ്‌ലാം: ''തുടക്കം മുതലേ ഇസ്‌ലാം അധികാരത്തിന്റെ മതമാണ്.'' ഇതിലൊരു രസമുണ്ട്: ഇസ്‌ലാമിനെ അധികാരത്തോട് സമീകരിച്ചുകൊണ്ടുള്ള ഈ അഭിപ്രായം ഉയര്‍ന്നുവന്ന ഇതേ കാലത്ത് മധ്യപൗരസ്ത്യ മേഖലയുടെ അധികാരമത്രയും പാശ്ചാത്യ ലോകം സ്വന്തം കൈപ്പിടിയിലാക്കിയിരുന്നു.
മതമെന്ന നിലക്ക് ഇസ്‌ലാമിന്റെ പ്രത്യേകതയാണ് മധ്യപൗരസ്ത്യ ദേശങ്ങളില്‍ ജനാധിപത്യമില്ലാതിരിക്കാന്‍ കാരണം എന്നാണല്ലോ പറയുന്നത്. ഇത് ശരിയെങ്കില്‍, ഇപ്പോള്‍ അവിടങ്ങളില്‍ കാണുന്ന ജനാധിപത്യത്തള്ളിച്ചയെ എങ്ങനെ വിശദീകരിക്കും? തെരുവുകള്‍ തോറും പ്രകടനം നടത്തുകയും ജനാധിപത്യത്തിനു വേണ്ടി ജീവത്യാഗം വരെ ചെയ്യുകയും ചെയ്യുന്നവര്‍ മുസ്‌ലിംകളല്ലെന്നല്ലേ അപ്പോള്‍ കരുതേണ്ടിവരിക? ആശ്ചര്യം- അതുതന്നെയാണത്രെ കാര്യം! മധ്യപൗരസ്ത്യം ജനാധിപത്യത്തിനു വേണ്ടി ഉയിര്‍ത്തപ്പോളിതാ മിക്ക നിരീക്ഷകരും തങ്ങളുടെ വിശദീകരണം പൊടുന്നനെ മാറ്റിയിരിക്കുന്നു!
ഈജിപ്തിലും തുനീഷ്യയിലും യമനിലുമെല്ലാം വീശിയ ജനാധിപത്യക്കൊടുങ്കാറ്റിനെ അവര്‍ ഇപ്പോള്‍ വ്യാഖ്യാനിക്കുന്നത് ഇസ്‌ലാമിന്റെ അടിത്തറയിലല്ല, സാങ്കേതിക വിദ്യ ചൂണ്ടിക്കാട്ടിയാണ്. ഫേസ്ബുക്, യുവത, തൊഴിലില്ലായ്മാ നിരക്ക്... അങ്ങനെയങ്ങനെ വ്യാഖ്യാനങ്ങള്‍ നീളുന്നു. 'ഫേസ്ബുക് സ്വാതന്ത്ര്യ സേനാനി' എന്ന തലക്കെട്ടില്‍ ന്യൂസ് വീക്ക് (2011 ഫെബ്രുവരി 21) ലേഖനമെഴുതി. പ്രസിഡന്റ് ഹുസ്‌നി മുബാറക് സ്ഥാനമൊഴിയേണ്ടിവന്നപ്പോള്‍ അതിനു കാരണം ജനകീയ പ്രക്ഷോഭത്തേക്കാള്‍ മുബാറക്കിന്റെ പേരക്കുട്ടിയുടെ മരണമാണെന്നു വരെ എഴുതിയവരുണ്ട്. ''പന്ത്രണ്ടുകാരനായ പൗത്രന്‍ മുഹമ്മദ് മരിച്ചതോടെ ആ വൃദ്ധന്റെ കണ്ണുകള്‍ക്ക് തിളക്കം നഷ്ടപ്പെട്ടിരുന്നു'' (ന്യൂസ് വീക്ക്, ഡിക്കിയുടെ ലേഖനം). അതെ, വിശദീകരണത്തിന്റെ അളവുകോല്‍ മാറിയിരിക്കുന്നു- ഇസ്‌ലാം ഉള്ളതുകൊണ്ടായിരുന്നു ജനായത്തം ഇല്ലാതിരുന്നത്; പക്ഷേ, ഇസ്‌ലാം ഉണ്ടായിട്ടുപോലും ജനായത്തം വന്നത് മറ്റു കാരണങ്ങളാലാണ്. പ്രക്ഷോഭകര്‍ 'അല്ലാഹു അക്ബര്‍' എന്നു വിളിച്ചു പറഞ്ഞതോ അവരുടെ നോട്ടീസുകളിലും ബാഡ്ജുകളിലും ഖുര്‍ആന്‍ സൂക്തങ്ങളുണ്ടായിരുന്നതോ വിഷയമല്ല.
തെറ്റിദ്ധരിക്കണ്ട- ഈ ഖണ്ഡിത വിപ്ലവത്തിന്റെ മുഖ്യ പ്രമേയം ഇസ്‌ലാമാണ് എന്നല്ല എന്റെ വാദം. പ്രക്ഷോഭകര്‍ക്കെല്ലാം ഒരേ നിറവും ആദര്‍ശവുമാണ് എന്നുമല്ല- അവരില്‍ സന്ദേഹവാദികളും മാര്‍ക്‌സിസ്റ്റുകളും മുന്‍ മാര്‍ക്‌സിസ്റ്റുകളും നിരീശ്വരവാദികളും അമുസ്‌ലിംകളും എല്ലാമുണ്ട്. പറയാനുള്ളത് ഇത്രമാത്രം: ഇസ്‌ലാം ജനാധിപത്യത്തിനെതിരാണ് എന്ന ധാരണയെപിച്ചിച്ചീന്തിക്കൊണ്ട്, വലിയൊരു ഭാഗം ജനങ്ങള്‍ വിപ്ലവത്തില്‍ ഭാഗഭാക്കായത് ജനാധിപത്യത്തെയും മനഷ്യന്റെ അന്തസ്സിനെയും സംബന്ധിച്ച ഇസ്‌ലാമിന്റെ സന്ദേശത്താല്‍ പ്രചോദിതരായിട്ടാണ്.
പക്ഷേ, ജനാധിപത്യം ഇല്ലാത്തപ്പോള്‍ പഴി ഇസ്‌ലാമിന്, അത് വീണ്ടെടുക്കപ്പെടുമ്പോള്‍ അതിന്റെ ബഹുമതി മറ്റു പലതിനും എന്നത് തെറ്റാണെന്നു മാത്രമല്ല, പാശ്ചാത്യ നിരീക്ഷകരുടെ ഇരട്ടത്താപ്പിനു തെളിവുകൂടിയാണ്. ഇരട്ടത്താപ്പെന്നല്ല പറയേണ്ടത്, പല താപ്പ് എന്നാണ്.
മിഡിലീസ്റ്റിലൂടെ ജനാധിപത്യക്കാറ്റ് ആഞ്ഞടിക്കാന്‍ കാരണം ഫേസ്ബുക്കോ യുവാക്കളിലെ അശാന്തിയോ മാത്രമല്ല. നിരീക്ഷകര്‍ നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിനെക്കാളും വളരെ പഴക്കമുള്ള ജനായത്ത വാഞ്ഛയുടെ തുടര്‍ച്ചയായിരുന്നു അത്. വാസ്തവത്തില്‍ മിഡിലീസ്റ്റ് ജനത ഒരുപാടു കാലമായി ജനാധിപത്യം കാംക്ഷിക്കുന്നു. അതിനെ നിരന്തരം അട്ടിമറിക്കുകയും പൊളിക്കുകയും ചെയ്തത് മറ്റാരുമല്ല- പടിഞ്ഞാറന്‍ ശക്തികളാണ്. ഇസ്‌ലാമും ജനാധിപത്യവും ഒത്തുപോവുമോ എന്നതല്ല ചോദ്യം. കാരണം, ആദ്യമേ കപടമാണ് ആ ചോദ്യം (ഇര്‍ഫാന്‍ അഹ്മദിന്റെ 'Democracy and Islam' കാണുക - Philosophy and Social Criticism, 37). മനസ്സിലാക്കാനുള്ളത് മറ്റൊന്നാണ്: പാശ്ചാത്യര്‍ എപ്രകാരമാണ് മിഡീലിസ്റ്റിനെ അപജനാധിപത്യവത്കരിച്ചത് എന്ന്. രണ്ട് ഉദാഹരണങ്ങള്‍ പരിശോധിക്കാം.

ഇറാനും ബഹ്‌റൈനും
1953-ല്‍ ഇറാനിലെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മുസദ്ദിഖിനെ മറിച്ച് താഴെയിട്ടത് യു.എസ്-ബ്രിട്ടീഷ് സഖ്യത്തിന്റെ കാര്‍മികത്വത്തിലാണ്. അന്നദ്ദേഹം കൊണ്ടുവന്ന ദേശസാത്കരണ പരിപാടിക്ക് ഇറാന്‍ പാര്‍ലമെന്റിന്റെ പിന്തുണയുണ്ടായിരുന്നു. ഇറാനില്‍ ജനാധിപത്യം തകര്‍ത്ത നടപടിയെ ന്യായീകരിച്ച് അന്ന് യു.എസ് അംബാസഡര്‍ പറഞ്ഞു: ''മുസദ്ദിഖ് വന്‍തോതില്‍ ജനപിന്തുണ ആര്‍ജിച്ചതിനാല്‍ സാധാരണ ഭരണഘടനാനുസൃത രീതിയില്‍ അദ്ദേഹത്തെ ഭരണത്തില്‍ നിന്നിറക്കാന്‍ ആര്‍ക്കും കഴിയില്ലായിരുന്നു'' (Ervand Abrahmian, A History of Modern Iran, OUP, 2008).
യു.എസ് -യു.കെ സഖ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇറാനിലെ ജനാധിപത്യത്തെ തകര്‍ത്തുകളഞ്ഞു അവര്‍. മറ്റൊരു ഉദാഹരണം 1974-2002 കാലത്ത് ബഹ്‌റൈനെ അപജനാധിപത്യവത്കരിച്ചതാണ്. ബ്രിട്ടന്റെ ആശ്രിത രാജ്യമായിരുന്നു ബഹ്‌റൈന്‍. 1971-ല്‍ അത് സ്വാതന്ത്ര്യം നേടി. 1973-ല്‍ തെരഞ്ഞെടുപ്പു നടത്തി പാര്‍ലമെന്റ് നിലവില്‍ വന്നു. 1783 മുതല്‍ രാജ്യം ഭരിച്ചുവന്ന അല്‍ ഖലീഫ കുടുംബത്തന്റെ അനിയന്ത്രിതമായ അധികാരത്തെ പാര്‍ലമെന്റ് ചോദ്യം ചെയ്തു. പാര്‍ലമെന്റിന്റെ ഒരു ആവശ്യം ബഹ്‌റൈനിലെ യു.എസ് നാവികത്താവളം എടുത്തുമാറ്റണം എന്നതായിരുന്നു. എന്നാല്‍, ഭരണം നടത്തുന്ന അല്‍ഖലീഫ 1975-ല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. പിന്നെ 2002 വരെ അവിടെ ജനാധിപത്യ സ്ഥാപനമൊന്നും ഉണ്ടായിട്ടില്ല. ട്രേഡ് യൂനിയനുകളെയും മറ്റും അടിച്ചമര്‍ത്തി. ഇവിടെയും അമേരിക്കക്ക് പ്രശ്‌നം ബഹ്‌റൈനി ജനതയുടെ ഹിതമായിരുന്നില്ല; മറിച്ച് നാവികത്താവളം അവിടെ നിലനിര്‍ത്തുകയെന്ന അവരുടെ സ്വന്തം താല്‍പര്യമായിരുന്നു. മിഡിലീസ്റ്റിനെ അപജനാധിപത്യവത്കരിച്ചതിന്റെ മറ്റൊരു ഉദാഹരണം.
പടിഞ്ഞാറ് അവരുടെ ദേശീയതാല്‍പര്യങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യുന്നതിനെയാണ് ഫരീദ് സകരിയ്യയെപ്പോലുള്ള ബുദ്ധിജീവികള്‍ 'ഭരണഘടനാധിഷ്ഠിത ഉദാരനയം' (constitutional liberalism) മതി, രാഷ്ട്രീയ ജനായത്തം (Political democracy) ആവശ്യമില്ല എന്ന് വാദിച്ച് പിന്താങ്ങുന്നത് (Fareed Zakaria, 'Islam, Democracy and Constitutional Liberalism', Political Science Quarteryl, 119(1), 2004). ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുകയും ജനാധിപത്യത്തെ താഴ്ത്തിക്കെട്ടുകയും ചെയ്യുന്നത് ഈജിപ്തില്‍ ഹുസ്‌നി മുബാറക് നടത്തിയതുപോലുള്ള അന്യായ തടങ്കലുകളെയും പീഡനമുറകളെയും ന്യായീകരിക്കാനേ ഉതകൂ. അറബ് ലോകത്തിന് ജനായത്തമല്ല ഭണഘടനാധിഷ്ഠിത സംവിധാനമാണ് വേണ്ടതെന്ന് പറയുന്നതിലൂടെ, മിഡിലീസ്റ്റിനെ അപജനാധിപത്യവത്കരിക്കുകയെന്ന പാശ്ചാത്യനയം ഇനിയും തുടരാന്‍ സൗകര്യം ചെയ്തുകൊടുക്കുകയാണ് ഫരീദ് സകരിയ്യ ചെയ്യുന്നത്.
2011-ല്‍ തുടങ്ങിയ അറബ് വിപ്ലവങ്ങള്‍ തുടരുന്നു; അവയെപ്പറ്റി തീര്‍പ്പ് പറയാറായില്ല (1789-ല്‍ നടന്ന ഫ്രഞ്ച് വിപ്ലവത്തെപ്പറ്റി ഇരുപതാം നൂറ്റാണ്ടില്‍ ചൈനീസ് ചെയര്‍മാന്‍ മാവോ സെതുങ് പറഞ്ഞത്രെ, അതിനെ വിലയിരുത്താന്‍ സമയമായില്ലെന്ന്). പക്ഷേ, 'വരാനിരിക്കുന്ന ജനായത്തം' എന്ന് ഴാക് ദറീദ വിളിച്ച ഒന്നിന്റെ ഘടകങ്ങള്‍ ഈ ഖണ്ഡിത വിപ്ലവത്തിലുണ്ട്. തന്റെ ആശയം വിശദീകരിക്കാന്‍ ദറീദ 'ചെന്നായും ആട്ടിന്‍ കുട്ടിയും' എന്ന ആ പഴയ കഥ ഉദ്ധരിക്കുന്നു. ആട്ടിന്‍കുട്ടിയെ കൊല്ലാന്‍ നേരത്തേ തീരുമാനിച്ചുറച്ച ചെന്നായ അതിന് ന്യായം കണ്ടെത്താന്‍ ശ്രമിക്കുന്നു. ആട്ടിന്‍ കുട്ടി പുഴയില്‍ നിന്ന് വെള്ളം കുടിച്ചപ്പോള്‍ വെള്ളം കലങ്ങി എന്ന് ആരോപിക്കുന്നു. പക്ഷേ, ചെന്നായ നില്‍ക്കുന്നിടത്തു നിന്നും 20 അടി താഴെയാണല്ലോ താന്‍ എന്ന് ആട്ടിന്‍ കുട്ടി. പക്ഷേ, ചെന്നായ ആരോപണം ആവര്‍ത്തിക്കുന്നു. യുക്തിക്ക് നിരക്കാത്ത വേറെയും ആരോപണങ്ങളുന്നയിക്കുന്നു. ആട്ടിന്‍കുട്ടി എല്ലാറ്റിനും യുക്തിസഹമായി മറുപടി നല്‍കുന്നു. എന്തു കാര്യം? ശക്തനായ ചെന്നായ തന്നെ എപ്പോഴും വിജയിക്കുന്നു. ആട്ടിന്‍കുട്ടിയെ കൊന്ന് തിന്നുന്നു.
ഈ കഥ വെച്ച് ദറീദ ജനായത്ത രൂപങ്ങളെ അപനിര്‍മാണം നടത്തുന്നു. ഉദാഹരണത്തിന്, ജനായത്തമെന്ന പാവത്തെ ദേശവും ദേശീയ സ്വാര്‍ഥ താല്‍പര്യങ്ങളും ബന്ദിയാക്കി പിടിച്ചിരിക്കുകയാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. ജനാധിപത്യമെന്ന ജനകീയ ആവശ്യം നിവര്‍ത്തിക്കാന്‍ അപര്യാപ്തമായ നിലവിലെ 'ജനാധിപത്യ'ത്തിനു പകരം ശരിയായ ജനായത്തം വരണം. അതിനെ ദറീദ 'വരാനിരിക്കുന്ന ജനാധിപത്യം' (Democracy to come) എന്നു വിളിക്കുന്നു.
ചെന്നായ എന്ന പരമാധികാരത്തെ എതിരിട്ട് എങ്ങനെ അന്തസ്സും നീതിയും നേടിയെടുക്കാമെന്നാണ് മിഡിലീസ്റ്റിലെ ജനായത്തക്കൊടുങ്കാറ്റ് കാണിച്ചുതരുന്നത്. ജനകോടികളുടെ അഭിലാഷങ്ങള്‍ക്ക് തിരികൊളുത്താന്‍ മുഹമ്മദ് ബൂ അസീസിയുടെ ആത്മബലിക്ക് സാധിച്ചു. തഹ്‌രീര്‍ ചത്വരത്തെപ്പറ്റി കൂടി രണ്ടു വാക്ക്. തഹ്‌രീര്‍ എന്ന വാക്കിന് അര്‍ഥം വിമോചനം, സ്വാതന്ത്ര്യം, മുക്തി എന്നൊക്കെ. മറ്റൊരര്‍ഥം, ലിഖിതം എന്ന്- എഴുത്ത്, കുറിപ്പ്, സന്ദേശം. എഴുത്തിന്റെ ലക്ഷ്യം മോചിപ്പിക്കലാണ്. വ്യക്തിയെ മാത്രമല്ല, സമൂഹത്തെത്തന്നെ. ദേശത്തെ മാത്രമല്ല, മനുഷ്യകുലത്തെ തന്നെ. പക്ഷേ, ഇന്ന് പല എഴുത്തും നമ്മുടെ മനസ്സുകളെ മോചിപ്പിക്കുന്നതിനു പകരം അടിമകളാക്കുന്നതായി തോന്നുന്നു.
തുനീഷ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യമന്‍ തുടങ്ങി പല രാജ്യങ്ങളിലും വീശുന്ന ജനായത്തക്കാറ്റ് അരനൂറ്റാണ്ടിലേറെയായി ആധിപത്യം വാഴുന്ന മുന്‍വിധികളെയും ഭാഷയെയും കടപുഴക്കുകയാണ്.
വിവ: യാസീന്‍ അശ്‌റഫ്

(ഇന്ത്യന്‍ വംശജനായ ഇര്‍ഫാന്‍ അഹ്മദ് ആസ്‌ത്രേലിയയിലെ മൊണാഷ് യൂനിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ ആന്റ് സോഷ്യല്‍ എന്‍ക്വയറി വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു)

Comments

Other Post