ലിബിയ വിപ്ലവത്തില്‍നിന്ന് രാഷ്ട്രത്തിലേക്ക്
''ഞങ്ങള്‍ കീഴടങ്ങുകയില്ല; ഒന്നുകില്‍ വിജയം അല്ലെങ്കില്‍ മരണം.'' ഇറ്റലിക്കെതിരെ പൊരുതി വീരമൃത്യുവരിച്ച ലിബിയന്‍ പോരാളി ഉമറുല്‍ മുഖ്താറിന്റെ ഈ വാക്കുകളാണ് വിപ്ലവനാളുകളില്‍ ലിബിയയുടെ ചുമരുകളില്‍ ജ്വലിച്ചുനിന്നത്. ഒരു പുരുഷാരം വിപ്ലവസ്വപ്നങ്ങള്‍ നെഞ്ചിലേറ്റി പൊരുതാനിറങ്ങിയപ്പോള്‍ ചരിത്രം അതിന്റെ ഗതിമാറ്റി ജനാഭിലാഷത്തിന്റെ നേര്‍വഴിയില്‍ ചരിക്കുന്ന അത്ഭുത കാഴ്ചയാണ് ലിബിയയില്‍ നാമിപ്പോള്‍ കാണുന്നത്.
പലതവണ വൈദേശികാധിപത്യത്തിന് വിധേയമായ ആഫ്രിക്കന്‍ കൊച്ചു രാജ്യമാണ് ലിബിയ. ഇറ്റലിയും ബ്രിട്ടനും ഫ്രാന്‍സും അവരെ അടക്കിഭരിച്ചു. 1969 സെപ്റ്റംബര്‍ 1-ന് കേണല്‍ മുഅമ്മര്‍ അല്‍ ഖദ്ദാഫി പട്ടാള അട്ടിമറിയിലൂടെ ലിബിയയുടെ അധികാരം കൈയടക്കിയതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് സൈന്യം ലിബിയ വിട്ടു എന്നത് നേരാണ്. എന്നാല്‍, തികഞ്ഞ ഏകാധിപതിയും കോമാളിയുമായ ഖദ്ദാഫിയെ സഹിക്കാനായിരുന്നു 42 വര്‍ഷം ലിബിയക്കാരുടെ വിധി.
സാമ്രാജ്യത്വ-സയണിസ്റ്റ് ശക്തികളോട് ഖദ്ദാഫി കര്‍ശന നിലപാട് പുലര്‍ത്തിയിരുന്നു. വൈദേശികാധിപത്യത്തിന് വിധേയമാക്കപ്പെട്ട ഒരു രാജ്യത്തിന്റെ പൊതുവികാരം പരിഗണിച്ചുള്ള സ്വാഭാവിക പ്രതികരണമായിരുന്നു ഇത്. ഈജിപ്തിനെയും സിറിയയെയും കൂട്ടി ഒരു അറബ് ഐക്യ ഡമോക്രാറ്റിക് സഖ്യം രൂപപ്പെടുത്താനും 1971-ല്‍ ഖദ്ദാഫി ശ്രമം നടത്തി. ഇസ്രയേല്‍-ഈജിപ്ത് യുദ്ധത്തോടെ അത് പൊളിഞ്ഞു. ആഫ്രിക്കന്‍ ഐക്യനാടുകളുടെ രാജാവാകാനായിരുന്നു പിന്നെ ശ്രമം. എന്നാല്‍, 1988-ലെ ലോക്കര്‍ബി വിമാന ദുരന്തവും 1989-ലെ ഫ്രാന്‍സിന്റെ യു.ടി.ഐ വിമാന പൊട്ടിത്തെറിയും അമേരിക്കയുടെയും ഫ്രാന്‍സിന്റെയും മറ്റു യൂറോപ്യന്‍ നാടുകളുടെയും ശത്രുത ക്ഷണിച്ചുവരുത്തിയെങ്കിലും ഖദ്ദാഫിയുടെ ലിബിയ പിന്നീട് അവരുടെയെല്ലാം ഉറ്റ മിത്രമാകുന്നതാണ് കണ്ടത്. 2008-ല്‍ അന്നത്തെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് ട്രിപ്പളി സന്ദര്‍ശിച്ച് ചരിത്രത്തിലെ പുതിയ 'സൗഹൃദാധ്യായം' പ്രഖ്യാപിച്ചതോടെ ഖദ്ദാഫി പൂര്‍ണമായി പടിഞ്ഞാറന്‍ പക്ഷത്തേക്ക് ചാഞ്ഞു.
സ്വന്തം ജനതയുടെ താല്‍പര്യങ്ങളെ എന്നും ബലികൊടുത്ത ചരിത്രമാണ് ഖദ്ദാഫിക്കുള്ളത്. 'ഹരിത ഗ്രന്ഥം' പോലെ സ്വന്തം വൈകൃത തിയറികള്‍ ജനതയുടെ മേല്‍ അടിച്ചേല്‍പിക്കാനായിരുന്നു ശ്രമം. പലപ്പോഴും ഭ്രാന്തന്‍ നിയമങ്ങളായിരുന്നു നടപ്പാക്കിയിരുന്നത്. എതിര്‍ശബ്ദങ്ങളെ ഭയപ്പെട്ട ഖദ്ദാഫി ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ക്രൂരമായി പീഡിപ്പിച്ചു. എതിരാളികളെ 'വഴിപിഴച്ച പട്ടികള്‍' എന്ന് വിളിച്ച് തല്ലിക്കൊല്ലാനായിരുന്നു ആഹ്വാനം. സ്വാതന്ത്ര്യ ദാഹികളായ നൂറുകണക്കിനു ചെറുപ്പക്കാരുടെ കൂട്ടക്കശാപ്പു നടത്തിയ 'ബൂസലിം' പോലുള്ള തടങ്കല്‍ പാളയങ്ങള്‍ ലിബിയക്കാരുടെ പേടിസ്വപ്നമായിരുന്നു. കേണല്‍ ഖദ്ദാഫിയെ ഭീതിയോടെയാണ് ലിബിയന്‍ ജനത സഹിച്ചിരുന്നതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വിപ്ലവനാളുകളില്‍ ഈ ക്രൂരത കൂടുതല്‍ കടുത്തു. വ്യാപകമായ കൊലകള്‍ അരങ്ങേറി. ആഫ്രിക്കന്‍ കൂലിപ്പട്ടാളത്തെ ഇറക്കി ഖദ്ദാഫി നടത്തിയ കൂട്ടക്കൊലകള്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി. ബലാത്സംഗം ഒരു യുദ്ധതന്ത്രമായി അവലംബിച്ചതായി പരാതി ഉയര്‍ന്നു.
കേണല്‍ ഖദ്ദാഫിയുടെ സ്വേഛാധിപത്യത്തിനും ക്രൂരതക്കുമെതിരായി ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ നേരത്തെതന്നെ ഉണ്ടായിട്ടുണ്ട്. 1975-ല്‍ ബിന്‍ഗാസിയില്‍ നടന്ന വിദ്യാര്‍ഥി പ്രകടനം ഇതില്‍ ശ്രദ്ധേയമായിരുന്നു. അതേവര്‍ഷം തന്നെ ഖദ്ദാഫി ഭരണകൂടത്തെ മറിച്ചിടാനുള്ള ശ്രമം നടന്നു. '81-ല്‍ ഖദ്ദാഫി വിരുദ്ധ പക്ഷം ലിബിയയുടെ മോചനം ലക്ഷ്യമിട്ട് ദേശീയ സഖ്യം രൂപീകരിച്ചു. വിദേശരാജ്യങ്ങളില്‍ കുടിയേറിയ ലിബിയക്കാരും ഖദ്ദാഫിയെ പുറന്തള്ളാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 1949-ല്‍ ലിബിയയില്‍ രൂപീകൃതമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ രാജ്യത്തെ ഇസ്‌ലാമിക ദിശയില്‍ നയിക്കാന്‍ ആസൂത്രിത ശ്രമങ്ങളാണ് നടത്തിയത്. എന്നാല്‍, തുറന്ന പ്രവര്‍ത്തനം ഖദ്ദാഫിയുടെ ലിബിയയില്‍ സാധ്യമായിരുന്നില്ല. ക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇഖ്‌വാന്‍ പ്രവര്‍ത്തകര്‍ വിധേയരായി.
2011-ല്‍ തുനീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പൂ വിപ്ലവവും തുടര്‍ന്ന് ഈജിപ്തില്‍ അലയടിച്ച ജനരോഷവും ലിബിയന്‍ മണ്ണിലും അനുരണനങ്ങള്‍ സൃഷ്ടിച്ചു. 2011 ഫെബ്രുവരി 17-ന് ബിന്‍ഗാസിയില്‍ അരങ്ങേറിയ വിപ്ലവ പ്രകടനങ്ങള്‍ നാടൊട്ടുക്കും പടര്‍ന്നു പിടിച്ചു. ശക്തമായ പ്രതിഷേധക്കൊടുങ്കാറ്റായി അത് രൂപം പ്രാപിച്ചു. വിവിധ കക്ഷികളും ഗോത്രങ്ങളും പാര്‍ട്ടികളും വിപ്ലവ പാതയില്‍ അണിനിരന്നു. തുനീഷ്യയിലും ഈജിപ്തിലും ഇഖ്‌വാന്‍ വിപ്ലവത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ചപോലെ ലിബിയന്‍ മണ്ണിലും ഇഖ്‌വാന്‍ സജീവമായി ഇടപെട്ടു. ഖദ്ദാഫി ഭരണകൂടത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പീഡനത്തിനിരയായ ഇഖ്‌വാന്‍ സംഘം വിപ്ലവാനന്തരം ശക്തമായി രംഗത്തു വന്നു. അര നൂറ്റാണ്ടിനു ശേഷം 2011 നവംബര്‍ 17-ന് സംഘടിപ്പിച്ച പൊതുസമ്മേളനം വന്‍ വിജയമായി. ലിബിയന്‍ ഇഖ്‌വാന്‍ അധ്യക്ഷന്‍ സുലൈമാന്‍ അബ്ദുല്‍ ഖാദിറിനു പുറമെ തുനീഷ്യയില്‍ നിന്ന് ആധുനിക ഇസ്‌ലാമിക വിപ്ലവത്തിന്റെ ശില്‍പികളില്‍ ഒരാളായ റാശിദുല്‍ ഗനൂശി ഈ സമ്മേളനത്തെ അഭിസംബോധന ചെയ്തു. വിപ്ലവാനന്തരം ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ഡോ. യൂസുഫുല്‍ ഖറദാവിയുടെ സാന്നിധ്യം സമ്മാനിച്ച വിപ്ലവാവേശത്തിനു തുല്യമായ ആവേശത്തിരയിളക്കമാണ് ലിബിയന്‍ ജനതക്ക് ഗനൂശിയുടെ സാന്നിധ്യം പകര്‍ന്നു നല്‍കിയത്. തൊട്ടടുത്ത ഡിസംബറില്‍ 'ജസ്റ്റിസ് ആന്റ് കണ്‍സ്ട്രക്ഷന്‍ പാര്‍ട്ടി' രൂപവത്കരിച്ച് ഇഖ്‌വാന്‍ രാഷ്ട്രീയ പ്രവേശം നടത്തി.
വിപ്ലവകാരികള്‍ ചേര്‍ന്ന് രൂപീകരിച്ച 'ദേശീയ പരിവര്‍ത്തന സമിതി'(എന്‍.ടി.സി)യാണ് പിന്നീട് കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഖദ്ദാഫി പക്ഷത്തു നിന്ന് നിരവധി പ്രമുഖര്‍ കൂറുമാറി വിപ്ലവപാതയില്‍ അണിനിരന്നത് പ്രക്ഷോഭകാരികള്‍ക്ക് ആവേശം പകര്‍ന്നു. വിപ്ലവം അരങ്ങേറിയ മറ്റു രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി വിദേശ സൈനിക സഹായത്തെ ആശ്രയിക്കേണ്ടിവന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ദശകങ്ങളായുള്ള അടിച്ചമര്‍ത്തല്‍ കാരണത്താല്‍ പ്രതിരോധശക്തി നന്നേക്കുറഞ്ഞ ഒരു ജനത മരണവക്രത്തില്‍നിന്ന് രക്ഷപ്പെടാന്‍ നടത്തിയ അനിവാര്യമായ സഹായം തേടലായേ അതിനെ വ്യാഖ്യാനിക്കാന്‍ കഴിയൂ. 'നാറ്റോ'യും മറ്റു പാശ്ചാത്യ വൈദേശിക ശക്തികളും ഖദ്ദാഫിയെ വീഴ്ത്താന്‍ തങ്ങളെ സഹായിച്ചു എന്ന് സമ്മതിക്കുന്ന പ്രക്ഷോഭകാരികള്‍ പക്ഷേ, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്ത് നിന്നുള്ള ആരുടെയും ഇടപെടല്‍ അനുവദിക്കുകയില്ലെന്ന് ഉറപ്പിച്ച് പറയുന്നു. നാറ്റോ സൈന്യം പൂര്‍ണമായും ലിബിയന്‍ മണ്ണില്‍നിന്ന് പിന്‍വാങ്ങിയതായും വെളിപ്പെടുത്തുന്നു.
2011 ജൂലൈ 15-ന് തുര്‍ക്കിയില്‍ ഉര്‍ദുഗാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്പര്‍ക്ക ഗ്രൂപ്പിന്റെ യോഗത്തില്‍ മുപ്പതോളം രാജ്യങ്ങളും ഒട്ടേറെ ലോക വേദികളും എന്‍.ടി.സിയെ അംഗീകരിച്ചതോടെ പ്രവര്‍ത്തനത്തിന് വേഗം കൂടി. ഖത്തര്‍ അടക്കമുള്ള അറബ് രാജ്യങ്ങളും സഹായത്തിനെത്തി.
പോരാട്ട വീര്യമുറങ്ങുന്ന ബിന്‍ഗാസിയില്‍ തുടക്കമിട്ട വിജയഭേരി ലിബിയന്‍ നഗരങ്ങളെ ഒന്നൊന്നായി കീഴടക്കുന്നതാണ് പിന്നീട് കണ്ടത്. ഖദ്ദാഫിയുടെ ഭീകര തടവറകള്‍ തുറന്ന് തുറുങ്കിലടച്ചവരെ മോചിപ്പിച്ചത് വിപ്ലവ നീക്കങ്ങള്‍ക്ക് ആവേശം പകര്‍ന്നു. ഖദ്ദാഫിസേനയുടെ കനത്ത പ്രതിരോധങ്ങള്‍ക്കിടയില്‍ ആയിരങ്ങള്‍ രക്തസാക്ഷികളായി. എന്നാല്‍, അവരുടെ ബലിദാനം വെറുതെയായില്ല. അവസാനം ട്രിപ്പളിയും പിടിച്ച് വിപ്ലവസേന വിജയം പൂര്‍ത്തിയാക്കുകതന്നെ ചെയ്തു. അരനൂറ്റാണ്ടുകാലം വീണ്ടുവിചാരമില്ലാതെ സ്വന്തം ജനതയെ അടക്കിവാണ കേണല്‍ മുഅമ്മര്‍ ഖദ്ദാഫി അവസാനം പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടുന്നതിനിടെ പിടിക്കപ്പെട്ടു. മരണഭയത്താല്‍ പൊത്തിലൊളിച്ച ഖദ്ദാഫി നിഷ്ഠുരം വധിക്കപ്പെട്ടു. സ്വന്തം സുരക്ഷാ സേന തന്നെയാണ് അദ്ദേഹത്തെ ചതിച്ചതും വധിച്ചതുമെന്ന് അഭിപ്രായമുണ്ട്. പൊതുജനം തന്നെയാണ് ഖദ്ദാഫിയോട് പതിറ്റാണ്ടുകളുടെ പകതീര്‍ത്ത് കൊല ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിടിക്കപ്പെട്ട ഖദ്ദാഫി പുത്രന്‍ സൈഫുല്‍ ഇസ്‌ലാം വിചാരണ നേരിടുകയാണ്.
വിപ്ലവാനന്തരം ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിച്ച് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ലിബിയന്‍ വിപ്ലവകാരികള്‍ക്ക് സാധിച്ചു. ഖദ്ദാഫി വീണ് എട്ടു മാസം പിന്നിട്ട് 2012 ജൂലൈയില്‍ താല്‍ക്കാലിക പാര്‍ലമെന്റിലേക്കുള്ള ഇലക്ഷന്‍ നടന്നു. 21 വിദേശ പ്രതിനിധികള്‍ നിരീക്ഷകരായെത്തിയിരുന്നു. കിഴക്കന്‍ ഭാഗത്ത് സ്വതന്ത്ര ഭരണം ആവശ്യപ്പെടുന്ന ചില ഫെഡറല്‍ ഗ്രൂപ്പുകളും ഒറ്റപ്പെട്ട തീവ്ര ഗ്രൂപ്പുകളും നടത്തിയ അക്രമങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പ് ശാന്തമായിരുന്നു. 200 അംഗ പാര്‍ലമെന്റിലേക്ക് 80 സീറ്റുകളാണ് ഔദ്യോഗിക രാഷ്ട്രീയ കക്ഷികള്‍ക്ക് നീക്കിവെച്ചിരുന്നത്. ബാക്കിയുള്ള 120 സീറ്റുകള്‍ ഗോത്രങ്ങളും വ്യക്തികളുമടങ്ങുന്ന സ്വതന്ത്രര്‍ക്കായിരുന്നു. ജനാധിപത്യ പരീക്ഷണത്തിന്റെ ആദ്യ തെരഞ്ഞെടുപ്പ് ഗോദയില്‍ നൂറിലധികം പാര്‍ട്ടികളില്‍ നിന്നായി 3702 സ്ഥാനാര്‍ഥികള്‍ മത്സരത്തിനിറങ്ങി. ഇതില്‍, 585 പേര്‍ വനിതാ സ്ഥാനാര്‍ഥികളായിരുന്നു. 1554 വോട്ടിംഗ് കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. പൊതുവെ ശാന്തമായി നടന്ന ചരിത്ര തെരഞ്ഞെടുപ്പില്‍ 65 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
200 അംഗ പൊതു ദേശീയ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അംഗീകൃത പാര്‍ട്ടികള്‍ക്ക് നീക്കിവെച്ച 80 സീറ്റുകളിലേക്ക് പ്രധാനമായും മത്സരിച്ചത് മൂന്ന് പാര്‍ട്ടികളാണ്. ഇതില്‍ പ്രക്ഷോഭക്കാലത്ത് ഇടക്കാല സര്‍ക്കാറില്‍ പ്രധാനമന്ത്രി പദം വഹിച്ചിരുന്ന മഹ്മൂദ് ജിബ്‌രീലിന്റെ നാഷ്‌നല്‍ ഫോഴ്‌സ് അലയന്‍സ് (എന്‍.എഫ്.എ) 39 സീറ്റുകള്‍ നേടിയപ്പോള്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ജസ്റ്റിസ് ആന്റ് കണ്‍സ്ട്രക്ഷന്‍ പാര്‍ട്ടി 17 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. സലഫി ഗ്രൂപ്പായ ഹിസ്ബുല്‍ വത്വന്‍ മൂന്ന് സീറ്റാണ് നേടിയത്. എന്നാല്‍, ബാക്കിയുള്ള സ്വതന്ത്രരുടെ 120 സീറ്റുകള്‍ക്കായിരുന്നു ലിബിയയുടെ ഭാവി തീരുമാനിക്കാനുള്ള നിയോഗം. ഇതില്‍ ഭൂരിഭാഗവും ഇഖ്‌വാന്‍ ചായ്‌വുള്ളവരാണെന്ന കാര്യം ജസ്റ്റിസ് ആന്റ് കണ്‍സ്ട്രഷ്‌കന്‍ പാര്‍ട്ടിക്ക് ആശ്വാസം പകര്‍ന്നു.
തെരഞ്ഞെടുപ്പിന് ശേഷവും ലിബിയയില്‍ കാര്യങ്ങള്‍ സുതാര്യമായാണ് പുരോഗമിച്ചത്. 2012 ആഗസ്റ്റ് ആദ്യവാരത്തില്‍ 'ഇടക്കാല ദേശീയ പരിവര്‍ത്തന സമിതി' അധികാരം, തെരഞ്ഞെടുക്കപ്പെട്ട 'പൊതു ദേശീയ അസംബ്ലി'ക്ക് കൈമാറി. 200 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജനറല്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ലമെന്റാകട്ടെ മുസ്‌ലിം ബ്രദര്‍ ഹുഡുമായി ഉറ്റബന്ധം പുലര്‍ത്തുന്ന ഇസ്‌ലാമിക കക്ഷി (നാഷ്‌നല്‍ ഫ്രന്റ് പാര്‍ട്ടി) നേതാവ് ഡോ. മുഹമ്മദ് അല്‍ മഖ്‌രീഫിനെ ദേശീയ അസംബ്ലിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. മുഹമ്മദ് അല്‍ മഖ്‌രീഫ്, നിരവധി തവണ ഖദ്ദാഫി ഭരണകൂടത്തെ താഴെയിറക്കാന്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയ പ്രമുഖനാണ്. സര്‍വസമ്മതനായ ഈ ഇസ്‌ലാമിസ്റ്റ് നേതാവിന് എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള പ്രാഗത്ഭ്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ലിബിയയിലെ എല്ലാ കക്ഷികളും ഇസ്‌ലാമിനോട് ആത്മാര്‍ഥമായ ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്. ലിബിയയില്‍ പാര്‍ലമെന്ററി ഭരണരീതിയായിരിക്കുമെന്നും എല്ലാവരോടും തുല്യദൂരം പാലിക്കുമെന്നും നിയുക്ത പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രദര്‍ ഹുഡിന്റെ സ്വാലിഹ് അല്‍ മഖ്‌സൂമും മസറാത്തില്‍ നിന്നുള്ള സ്വതന്ത്രന്‍ ജുമുഅ അത്വീഖയുമാണ് വൈസ് പ്രസിഡന്റുമാര്‍.
രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ സെപ്റ്റംബറില്‍ ദേശീയ അസംബ്ലിയില്‍ നടന്ന കടുത്ത മത്സരത്തില്‍ ഇഖ്‌വാന്‍-സലഫീ ഗ്രൂപ്പുകളുടെ പൂര്‍ണ പിന്തുണയോടെ 'നാഷ്‌നല്‍ സഖ്യ'ത്തിന്റെ സ്ഥാനാര്‍ഥി മുസ്ത്വഫ അബൂശാക്കൂര്‍ വിജയം കണ്ടു. പ്രക്ഷോഭകാലത്ത് ഇടക്കാല സര്‍ക്കാറില്‍ പ്രധാനമന്ത്രി പദം വഹിക്കുകയും നാഷ്‌നല്‍ അസംബ്ലിയിലേക്കുള്ള മത്സരത്തില്‍ 39 സീറ്റുകള്‍ നേടിയ ലിബറല്‍ കക്ഷിയായ എന്‍.എഫ്.എയെ നയിക്കുകയും ചെയ്ത മഹ്മൂദ് ജിബ്‌രിലിനെ തോല്‍പിച്ചാണ് മുസ്ത്വഫ അബൂശാക്കൂര്‍ പ്രധാനമന്ത്രി പദത്തിലെത്തിയത്. ഇടക്കാല സര്‍ക്കാറില്‍ ഉപപ്രധാനമന്ത്രിയായിരുന്ന അബൂശാക്കൂര്‍, എഴുപതുകള്‍ തൊട്ട് ഖദ്ദാഫിയുടെ കടുത്ത എതിരാളിയും ഇസ്‌ലാമിക പക്ഷത്തെ സമുന്നത നേതാവുമായിരുന്നു. പക്ഷേ, അദ്ദേഹത്തിന് ദിവസങ്ങളേ തല്‍സ്ഥാനത്ത് തുടരാനായുള്ളൂ. അദ്ദേഹം രാജിവെച്ച ഒഴിവില്‍ പ്രമുഖ നയതന്ത്രജ്ഞാനയ അലി സൈദാനാണ് തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജസ്റ്റിസ് ആന്റ് കണ്‍സ്ട്രക്ഷന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മുഹമ്മദുല്‍ ഹരീരിയെ നേരിയ ഭൂരിപക്ഷത്തിന് (85-നെതിരെ 93 വോട്ടുകള്‍ക്ക്) അദ്ദേഹം മറികടന്നത്.
സ്വതന്ത്ര ലിബിയയുടെ ഭരണഘടന രൂപപ്പെടുത്തുക എന്നതാണ് 'നാഷ്‌നല്‍ അസംബ്ലി'യുടെ മുന്നിലുള്ള പ്രഥമ ദൗത്യം. 60 വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന സംഘം 120 ദിവസം കൊണ്ട് ഭരണഘടന തയാറാക്കി സമര്‍പ്പിക്കണം. 30 ദിവസത്തിനുള്ളില്‍ അഭിപ്രായ സ്വരൂപണം നടത്തി ഭരണഘടന അംഗീകരിക്കുകയും പൊതുവിജ്ഞാപനത്തിലൂടെ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും വേണം.
ഏതായാലും ലിബിയ വിപ്ലവത്തില്‍നിന്ന് രാഷ്ട്ര രൂപീകരണത്തിന്റെ വഴിയില്‍ ത്വരിതഗതിയില്‍ മുന്നോട്ടു ഗമിക്കുകയാണ്. നീണ്ട ഏകാധിപത്യ വാഴ്ചയില്‍ സ്തംഭിച്ചുനിന്ന ഒരു രാജ്യത്തെ ജനാധിപത്യ പാതയിലേക്ക് തിരിച്ചെത്തിക്കാന്‍ ഇനിയും കാലമെടുക്കുമെന്ന കാര്യം ഉറപ്പ്. സൈന്യത്തിന്റെ പൂര്‍ണമായ നിയന്ത്രണവും ആഭ്യന്തര സുരക്ഷാ ക്രമീകരണങ്ങളും പുതിയ ഭരണകൂടത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട മേഖലകളാണ്. ഖദ്ദാഫിക്കെതിരെ പോരാടാന്‍ നല്‍കിയ ആയുധങ്ങള്‍ തിരിച്ചേല്‍പിക്കാത്തവരും ചില മിലീഷ്യാ ഗ്രൂപ്പുകളും സ്വയം ഭരണാധികാരം ആവശ്യപ്പെടുന്ന ഫെഡറല്‍ സംഘങ്ങളും ഗോത്രങ്ങളും ഇപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അമേരിക്കയില്‍ കോണ്‍സുലേറ്റില്‍ നടന്ന ആക്രമണവും തുടര്‍ സംഭവങ്ങളും നവജാത രാഷ്ട്രത്തിന്റെ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. പ്രാദേശികവും വൈദേശികവുമായ ഇത്തരം വെല്ലുവിളികളെ അതിജീവിച്ചാണ് ലിബിയക്ക് പുതിയ വഴിവെട്ടേണ്ടത്.
Comments