തവക്കുല്‍ കര്മാന്
സ്ത്രീകളുടെ പങ്കാളിത്തമില്ലായിരുന്നുവെങ്കില്‍ അറബ് വിപ്ലവങ്ങള്‍ ലക്ഷ്യത്തിലെത്തുമായിരുന്നില്ല. തുനീഷ്യയിലും യമനിലും ഈജിപ്തിലും നിരവധി അറബ് വനിതകള്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അതില്‍, ലോകശ്രദ്ധ നേടിയ വനിതകളിലൊരാളാണ് തവക്കുല്‍ കര്‍മാന്‍. 2011 ഒക്‌ടോബറില്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടതോടെയാണ് തവക്കുല്‍ കര്‍മാന്‍ എന്ന അറബ് വനിത ആഗോള സമൂഹത്തിന്റെ ശ്രദ്ധാ കേന്ദ്രമാകുന്നത്. മുല്ലപ്പൂ വിപ്ലവത്തിനും അറബ് സ്ത്രീകള്‍ക്കും ലഭിച്ച ലോക ജനതയുടെ അംഗീകാരവും പിന്തുണയും കൂടിയായിരുന്നു അത്. ഇപ്പോഴും പോരാട്ടങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന യമനില്‍, വിപ്ലവത്തിന്റെ മാതാവ്, ഉരുക്കു വനിത എന്നീ അപരനാമങ്ങളിലും കര്‍മാന്‍ അറിയപ്പെടുന്നു.
ജനനം, കുടുംബം, വിദ്യാഭ്യാസം
1979 ഫെബ്രുവരി ഏഴിന് യമനിലെ തൈസിലാണ് കര്‍മാന്‍ ജനിച്ചത്. യമനിലെ മൂന്നാമത്തെ വലിയ പട്ടണമായ തൈസ്, പ്ലെയ്‌സ് ഓഫ് ലേണിംഗ് (Place of learning) ആയാണ് അറിയപ്പെടുന്നത്. പ്രസിഡന്റ് സ്വാലിഹിനെതിരായുള്ള നീക്കത്തിനു പിന്നില്‍ തൈസിലെ ബുദ്ധിജീവികളും മധ്യവര്‍ഗ നേതാക്കളുമാണ് തുടക്കമിട്ടതെന്നു പറയപ്പെടുന്നു. അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ അബ്ദുസ്സലാം ഖാലിദ് കര്‍മാനാണ് പിതാവ്. സ്വാലിഹിന്റെ ഗവണ്‍മെന്റില്‍ നിയമവകുപ്പ് മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് ഭരണകൂടത്തിലെ അഴിമതിക്കെതിരെ അതില്‍നിന്ന് രാജിവെച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചു. സഹോദരന്‍ താരിഖ് കവിയാണ്. സഹോദരി സഫ അല്‍ജസീറയില്‍ ജോലിചെയ്യുന്നു. മൂന്ന് മക്കളുടെ മാതാവായ കര്‍മാന്‍, ഭര്‍ത്താവ് മുഹമ്മദിനോടൊപ്പം മാസങ്ങളോളം സന്‍ആയിലെ ടെന്റില്‍ താമസിച്ചുകൊണ്ടാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. മക്കളെ പരിചരിക്കാന്‍ ഇനിയും സമയം ലഭിക്കും, ഇപ്പോള്‍ പ്രധാനപ്പെട്ടത് രാജ്യത്തിന്റെ ഭാവി കൂടിയാണ് എന്നതായിരുന്നു കര്‍മാന്റെ നിലപാട്. സന്‍ആ സര്‍വകലാശാലയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. മഹാത്മാ ഗാന്ധി, നെല്‍സണ്‍ മണ്ടേല, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് എന്നിവരാണ് തനിക്ക് സമാധാനത്തിലൂന്നിയ പോരാട്ടം നയിക്കാന്‍ പ്രേരകമായതെന്ന് കര്‍മാന്‍ പറഞ്ഞു.
'ചങ്ങലകളില്ലാതെ വനിതാ പത്രപ്രവര്‍ത്തകര്‍' (Women Journalists Without Chains)
2005-ല്‍ അറബ് വനിതാ പത്രപ്രവര്‍ത്തകരുമായി ചേര്‍ന്ന് കര്‍മാന്‍ രൂപവത്കരിച്ച സംഘടനയാണ് 'ചങ്ങലകളില്ലാതെ വനിതാ പത്രപ്രവര്‍ത്തകര്‍'(WJWC). പ്രധാനമായും ജനാധിപത്യ അവകാശങ്ങള്‍ക്കും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. 'അതിരുകളില്ലാതെ വനിതാ റിപ്പോര്‍ട്ടര്‍മാര്‍' എന്ന പേരിലാണ് സംഘടന ആദ്യം രൂപവത്കരിച്ചത്. പിന്നീട് ഗവണ്‍മെന്റ് അംഗീകാരത്തിനുവേണ്ടി പേര് മാറ്റുകയായിരുന്നു. ഈ സംഘടന രാജ്യത്ത് എസ്.എം.എസ് ന്യൂസ് സേവനം പുനഃസ്ഥാപിക്കാന്‍വേണ്ടി വാദിച്ചു. ഈ സേവനം നിരോധിച്ചുകൊണ്ടുള്ള നിയമം പുനഃപരിശോധിച്ച ഭരണകൂടം ഡബ്ല്യു.ജെ.ഡബ്ല്യു.സിയുടെ കീഴിലുള്ള 'ബിലാ ഖുയൂദ്' (Bila Koyood) ഒഴികെ ബാക്കിയുള്ളവക്കെല്ലാം തുടര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കി. ഇതിനെതിരെ കര്‍മാന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ സമരപരിപാടികള്‍ നടന്നു. അതിന്റെ പേരില്‍ അധികാരികളില്‍നിന്ന് ഭീഷണിയുണ്ടായിരുന്നതായി കര്‍മാന്‍ പറഞ്ഞു. അല്‍ ഥൗറഃ (Al- thowrah) പത്രത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് അവര്‍ ഡബ്ല്യുജെ.ഡബ്ല്യു.സി സ്ഥാപിക്കുന്നത്. യമന്‍ പത്രപ്രവര്‍ത്തക സംയുക്ത സമിതിയില്‍ അംഗമാണ് തവക്കുല്‍ കര്‍മാന്‍.
രാഷ്ട്രീയ പ്രവര്‍ത്തനം
യമനിലെ അല്‍ ഇസ്‌ലാഹ് പാര്‍ട്ടി അംഗമാണ് കര്‍മാന്‍. ഇസ്‌ലാമിക സംഘടനയായ അല്‍ ഇസ്‌ലാഹ്, 2005-ല്‍ പ്രസിഡന്റിനെതിരായ രോഷം ശക്തമായതിനു ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടിയായി അറിയപ്പെടാന്‍ തുടങ്ങിയത്. ചില കാര്യങ്ങളില്‍ പാര്‍ട്ടിയില്‍നിന്ന് വ്യത്യസ്തമായ നയങ്ങളാണ് കര്‍മാന്‍ സ്വീകരിച്ചത്. പതിനേഴ് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതില്‍നിന്ന് തടയാനുള്ള നിയമത്തിനുവേണ്ടി വാദിച്ചതും അഴിമതിക്കെതിരെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും പാര്‍ട്ടിയിലെ യാഥാസ്ഥിതികരില്‍ നിന്ന് കര്‍മാനെതിരെ വിമര്‍ശനമുയരാന്‍ കാരണമാക്കിയിരുന്നു. എങ്കിലും, സ്ത്രീകള്‍ക്കു വേണ്ടി തുറന്നുകിടക്കുന്ന പാര്‍ട്ടിയാണ് ഇസ്‌ലാഹെന്ന് അവര്‍ പറയുന്നു.
പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ താന്‍ സ്വതന്ത്രയാണെന്ന് കര്‍മാന്‍ പറയുന്നു: ''അല്‍ ഇസ്‌ലാഹ് പാര്‍ട്ടിയെ ഞാന്‍ പ്രതിനിധീകരിക്കുന്നില്ല. അതിലെ സ്ഥാനങ്ങളൊന്നും ഞാന്‍ അലങ്കരിക്കുന്നില്ല. എന്റെ വിശ്വാസങ്ങളാണ് എന്റെ വഴികള്‍ നിര്‍ണയിക്കുന്നത്. അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനുവേണ്ടി ഞാന്‍ ആരുടെയും സമ്മതം ചോദിക്കാറില്ല.'' പാശ്ചാത്യ ഇടപെടലുകളില്‍നിന്ന് വിമുക്തയാണെന്നും അവര്‍ പ്രഖ്യാപിക്കുന്നു. ''അമേരിക്കയിലെ മനുഷ്യാവകാശ സംഘടനകളുമായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചില ഉദ്യോഗസ്ഥരുമായും അംബാസഡര്‍മാരുമായും നയതന്ത്ര ബന്ധമുണ്ട്. യൂറോപ്പിലും അറബ് രാഷ്ട്രങ്ങളിലുമുള്ള സന്നദ്ധ പ്രവര്‍ത്തകരുമായും ബന്ധമുണ്ട്. പക്ഷേ, എല്ലാവരുമായും തത്തുല്ല്യ ബന്ധം നിലനിര്‍ത്തുന്നു. ഞാന്‍ ആരുടെയും കീഴിലല്ല പ്രവര്‍ത്തിക്കുന്നത്.''
2007 മുതല്‍ പ്രസിഡന്റിനെതിരെ സമരരംഗത്തുള്ള തവക്കുല്‍ കര്‍മാനെ, 2010-ലെ സമരത്തിനിടയില്‍ ഒരു സ്ത്രീ വകവരുത്താന്‍ ശ്രമിച്ചു. കൂടെയുണ്ടായിരുന്നവരാണ് കര്‍മാനെ രക്ഷിച്ചത്. 2011-ലും അവര്‍ക്ക് ഫോണിലും കത്തിലുമൊക്കെയായി നിരന്തര ഭീഷണികള്‍ ഉണ്ടായിരുന്നതായി സഹോദരന്‍ താരിഖ് പറയുന്നു.
2011-ലെ സമരങ്ങള്‍
2011 ജനുവരിയില്‍ പ്രസിഡന്റിനെതിരെ അവര്‍ വിദ്യാര്‍ഥിറാലികള്‍ സംഘടിപ്പിച്ചു. ജനുവരി 22-ന് ഭര്‍ത്താവിനോടൊപ്പം യാത്രചെയ്തുകൊണ്ടിരിക്കെ അവരെ പോലീസ് അറസ്റ്റ് ചെയ്തു. അതിനെക്കുറിച്ച് അവര്‍ എഴുതി: ''2011-ല്‍ സമരം തുടങ്ങി ഒരാഴ്ചക്കു ശേഷം ഞാന്‍ സുരക്ഷാ സേനയുടെ തടവിലായി. അതായിരുന്നു യമന്‍ വിപ്ലവത്തിലെ നിര്‍ണായക നിമിഷം. മാധ്യമങ്ങള്‍ എന്റെ തടവിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികളും രാഷ്ട്രീയക്കാരും പൗരാവകാശ സംഘടനകളും സമരപരിപാടികളുമായി രംഗത്തെത്തി. അറസ്റ്റിനെതിരെ ഗവണ്‍മെന്റിനു മേലുള്ള സമ്മര്‍ദം അതിശക്തമായിരുന്നു. അങ്ങനെ 36 മണിക്കൂറിനു ശേഷം ഞാന്‍ ജയില്‍ മോചിതയായി. അതുവരെ വനിതാ ജയിലില്‍ എന്നെ ചങ്ങലയില്‍ ബന്ധിച്ചിട്ടുണ്ടായിരുന്നു.''
ജനുവരി 29-ന് അവര്‍ മറ്റൊരു ധര്‍ണ നടത്തി. പ്രതിഷേധം തുടരുന്നതിനിടെ മാര്‍ച്ച് 17-ന് ഭരണകൂടം അവരെ വീണ്ടും അറസ്റ്റ് ചെയ്തു. മുന്നേറ്റത്തിന്റെ ഭാഗമായുള്ള സംസാരത്തില്‍ അവര്‍ പറഞ്ഞു: ''സ്വാലിഹിന്റെ ഭരണം അവസാനിക്കുന്നതുവരെ ഞങ്ങള്‍ സമരം തുടരും. തെക്ക് സതേണ്‍ മൂവ്‌മെന്റും വടക്ക് ഹൂതി റിബല്‍സും പാര്‍ലമെന്റില്‍ പ്രതിപക്ഷവും നമുക്കുണ്ട്. എങ്കിലും ഇപ്പോള്‍ പ്രധാനപ്പെട്ടത് മുല്ലപ്പൂ വിപ്ലവമാണ്.''
വടക്ക് സുഊദിയും കിഴക്ക് ഒമാനും പടിഞ്ഞാറ് ചെങ്കടലും തെക്ക് അറബിക്കടലുമുള്ള ഭൂപ്രദേശമായ യമന്‍, അറേബ്യയിലെ ഏറ്റവും ദരിദ്ര രാഷ്ട്രമാണ്. കാലങ്ങളായി തുടരുന്ന ഏകാധിപത്യവും അഴിമതിയും ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് ജനങ്ങളെ ഇത്തരമൊരു മുന്നേറ്റത്തിന് പ്രേരിപ്പിച്ചത്. അതേസമയം, സ്വാലിഹിന്റെ ഭരണം നിലനിര്‍ത്താന്‍ ശ്രമിച്ചതിനും അഴിമതി ഭരണത്തിന് കൂട്ടുനിന്നതിനും സുഊദിയെയും യു.എസിനെയും കര്‍മാന്‍ കുറ്റപ്പെടുത്തി. 'വാര്‍ ഓണ്‍ ടെറര്‍' ആണ് യമനിലെ അമേരിക്കന്‍ ഇടപെടലിന് കാരണമായത്. എന്നാല്‍, യമനിലെ മനുഷ്യാവകാശ സംഘടനകള്‍ക്കോ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കോ ഇതൊരു ഗുണവും ചെയ്തില്ല- കര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
സമരക്കാര്‍ക്കെതിരെ നടക്കുന്ന ഗവണ്‍മെന്റിന്റെ അതിക്രമത്തിനെതിരെ സ്ത്രീകള്‍ തങ്ങളുടെ മുഖമക്കന കത്തിച്ചുകൊണ്ട് പ്രതിഷേധം പ്രകടിപ്പിച്ചു. തങ്ങളെ പിന്തുണക്കാനും സഹായിക്കാനും വേണ്ടി വസ്ത്രങ്ങള്‍ കത്തിച്ച് സഹജീവികളോട് ആവശ്യപ്പെടുന്നത് യമനിലെ ഒരു രീതിയാണ്. ആ സമയത്ത് വാഷിംഗ്ടണിലായിരുന്ന കര്‍മാന്‍, അവിടെവെച്ച് പറഞ്ഞു: ''സ്വാലിഹിന്റെ ഭരണകൂടം അടിച്ചേല്‍പിക്കുന്ന അനീതികളെയും അതിക്രമങ്ങളെയും മുഖമക്കന കത്തിച്ചുകൊണ്ട് യമനിലെ സ്ത്രീകള്‍ പ്രതിഷേധിക്കുകയാണ്. യമനീ സ്ത്രീകള്‍ക്ക് ഇതൊരു പുതിയ അധ്യായമാണ്. കാരണം അവര്‍ ചുവരുകള്‍ക്കു പിറകില്‍ മറഞ്ഞിരുന്നില്ല.''
നോബല്‍ പുരസ്‌കാരം
2011 ഒക്‌ടോബറില്‍ നോബല്‍ സമ്മാനം പ്രഖ്യാപിക്കുമ്പോള്‍ തവക്കുല്‍ കര്‍മാന്‍ സന്‍ആയിലെ മാറ്റത്തിന്റെ ചത്വരത്തില്‍ പ്രസിഡന്റിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു. പുരസ്‌കാരത്തിന് തന്റെ പേര് നിര്‍ദേശിക്കപ്പെട്ടത് അറിഞ്ഞിരുന്നില്ലെന്ന് അവര്‍ പിന്നീട് പറയുകയുണ്ടായി. ലൈബീരിയന്‍ പ്രസിഡന്റ് എലന്‍ ജോണ്‍സണ്‍ സിര്‍ലീഫ്, സമാധാന പ്രവര്‍ത്തക ലെയ്മഹ് ജി. ബോവി എന്നിവരോടൊപ്പമാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം കര്‍മാന്‍ പങ്കിട്ടത്. യമന്‍ വിപ്ലവത്തിലെ സംഭാവനകള്‍ പരിഗണിച്ചാണ് അവര്‍ക്ക് അവാര്‍ഡ് ലഭിച്ചത്. അറബ് വസന്തത്തിലും അതിനു മുമ്പും യമനിലെ നിര്‍ണായകമായ രാഷ്ട്രീയ സാഹചര്യത്തില്‍ തവക്കുല്‍ കര്‍മാന്‍ വളരെ വലിയ പങ്ക് നിര്‍വഹിച്ചു. പ്രധാനമായും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും യമനിലെ ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടിയാണ് അവര്‍ പോരാടിയത് എന്ന് നൊബേല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇതുവരെ സമാധാന നൊബേല്‍ സമ്മാനം നേടിയ 15 വനിതകളില്‍ ഒരാളും ആദ്യ അറബ് വനിതയും രണ്ടാമത്തെ മുസ്‌ലിം വനിതയും അഞ്ചാമത്തെ മുസ്‌ലിമുമാണ് കര്‍മാന്‍. ഇവര്‍ക്കു മുമ്പ് 2003-ല്‍ ഇറാനിലെ അഭിഭാഷകയായ ഷിറിന്‍ എബാദിയാണ് പുരസ്‌കാരം നേടിയ മുസ്‌ലിം വനിത.
''ഇത് ലോകമെമ്പാടുമുള്ള അറബികളുടെയും അറബ് വനിതകളുടെയും ഞങ്ങളുടെ സമാധാനത്തിലൂന്നിയ വിപ്ലവത്തിന്റെയും വിജയമാണ്. ഞാന്‍ വളരെ സന്തോഷവതിയാണ്'' നോബല്‍ സമ്മാന പ്രഖ്യാപനത്തിനു ശേഷം കര്‍മാന്‍ പ്രതികരിച്ചു. തുനീഷ്യ, ഈജിപ്ത്, ലിബിയ, സിറിയ, യമന്‍ എന്നിവിടങ്ങളില്‍ വിപ്ലവത്തിനുവേണ്ടി പൊരുതിയ മുഴുവന്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും രക്തസാക്ഷികള്‍ക്കും മുറിവേറ്റവര്‍ക്കും അവര്‍ പുരസ്‌കാരം സമര്‍പ്പിച്ചു.
പുരസ്‌കാര പ്രഖ്യാപനത്തിനുശേഷം വെബ്‌സൈറ്റില്‍വന്ന പ്രതികരണം ഇതായിരുന്നു: ഇത് യമന്‍ സ്ത്രീകള്‍ക്കുള്ള ബഹുമതിയും അംഗീകാരവും മാത്രമല്ല, മൊത്തം അറബ് സ്ത്രീകള്‍ക്കും ഇസ്‌ലാമിക മുഖമക്കനക്കും ലഭിച്ച അംഗീകാരം കൂടിയാണ്.
നൊബേല്‍ സമ്മാനത്തിനുശേഷം
സ്വരാജ്യത്ത് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) മധ്യസ്ഥതയില്‍നടന്ന അധികാരക്കൈമാറ്റ ഉടമ്പടിയെ കര്‍മാന്‍ വിമര്‍ശിച്ചു. ഉടമ്പടിയിലൂടെ രാജ്യത്തെ ജനങ്ങളെ കൊന്നൊടുക്കിയ ഏകാധിപതിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതായും അറബ് നേതാക്കള്‍ തന്നെ സ്വാലിഹിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കണമെന്നും കര്‍മാന്‍ ആവശ്യപ്പെട്ടു. സിറിയയിലും യമനിലും സൈനികാക്രമണങ്ങള്‍ തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ അറബ് ലോകത്തെ സംഭവങ്ങള്‍ സോവിയറ്റ് പതനത്തിനു ശേഷമുള്ള യൂറോപ്പിനെ ഓര്‍മിപ്പിക്കുന്നതായി കര്‍മാന്‍ നിരീക്ഷിച്ചു. സമരപരിപാടികളുടെ ഭാഗമായി അവര്‍ ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിനെയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനെയും സന്ദര്‍ശിച്ചിരുന്നു. യഥാര്‍ഥ പൊട്ടന്‍ഷ്യലില്‍ എത്തിക്കാനുള്ള ഒരേയൊരു വഴി ഇതു മാത്രമാണ്.
യമനിലെ സ്ത്രീകളില്‍ ഭൂരിപക്ഷവും മുഖവും ശരീരവും മുഴുവന്‍ മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളാണ് ധരിക്കാറ്. 2004-ലെ മനുഷ്യാവകാശ പരിപാടിയിലാണ് കര്‍മാന്‍ ആദ്യമായി മുഖം കാണിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്നത്. പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുകയോ മറ്റു ആക്ടിവിസങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയോ ചെയ്യുന്ന സ്ത്രീകള്‍ക്ക് മുഖം മറക്കുന്ന മക്കന യോജിക്കില്ലെന്ന് താന്‍ മനസ്സിലാക്കിയതായി കര്‍മാന്‍ പറഞ്ഞു. മുമ്പ് കറുപ്പ് നിറത്തിലുള്ള മൂടുപടം ധരിച്ചിരുന്ന കര്‍മാന്‍, അതിനു ശേഷം വ്യത്യസ്ത നിറങ്ങളിലുള്ള ഹിജാബ് ധരിക്കാന്‍ തുടങ്ങി.
കര്‍മാന് നോബല്‍ പുരസ്‌കാരം നല്‍കിയതിനു പിന്നിലെ പാശ്ചാത്യ-രാഷ്ട്രീയ അജണ്ടകളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, കാലങ്ങളായി അവഗണിക്കപ്പെട്ടിരുന്ന ഒരു വിഭാഗത്തിനു ലഭിച്ച അംഗീകാരമാണിത്. മുമ്പ് ഷിറിന്‍ എബാദി എന്ന മുസ്‌ലിം സ്ത്രീക്ക് അവാര്‍ഡ് ലഭിച്ചിരുന്നെങ്കിലും ഹിജാബും പര്‍ദയും ധരിച്ച, പ്രത്യക്ഷത്തില്‍ മുസ്‌ലിം വ്യക്തിത്വമുള്ള ഒരു സ്ത്രീ ആദ്യമായാണ് ഈ പദവി അലങ്കരിക്കുന്നത്. അതിനാല്‍, ഹിജാബ് ധരിക്കുന്ന ആഗോള മുസ്‌ലിം സ്ത്രീകള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയാണിത്.
തവക്കുല്‍ കര്‍മാന്റെ നേട്ടത്തെ ആഗോള മുസ്‌ലിം സമൂഹം വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴും രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന യമനില്‍, വിപ്ലവത്തിന്റെ മുഴുവന്‍ ലക്ഷ്യങ്ങളും നിറവേറ്റുന്നതുവരെ അടങ്ങിയിരിക്കില്ലെന്ന തന്റെ പ്രതിജ്ഞ കര്‍മാന്‍ ഫേസ്ബുക്കിലൂടെ ആവര്‍ത്തിച്ചു. ''സമാധാനത്തിലൂന്നിയ വിപ്ലവത്തിന്റെ ഭാഗമായ യുവത്വത്തിനും അതില്‍ രക്തസാക്ഷികളായവര്‍ക്കും പിന്തുണച്ചവര്‍ക്കും ഞാന്‍ നല്‍കിയ കരാര്‍/വാഗ്ദാനവും എന്റെ പ്രതിജ്ഞയും ഞാന്‍ പുതുക്കുന്നു. വിപ്ലവത്തിന്റെ മുഴുവന്‍ ലക്ഷ്യങ്ങളും നിറവേറ്റുന്നതുവരെ ഏതു നിലയിലും ഞാന്‍ അടങ്ങിയിരിക്കില്ല. അല്ലാഹുവാണ് എന്റെ സാക്ഷി.''
Comments