Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മാറുകയാണ്‌

ഡോ. അബ്ദുസ്സലാം വാണിയമ്പലം

നവഇസ്‌ലാമിസ്റ്റുകള്‍ എന്ന പുതിയൊരു സംജ്ഞ അറബ് വസന്താനന്തരം ലോകത്ത് രൂപപ്പെട്ടു വന്നിട്ടുണ്ട്. അമേരിക്കയും യൂറോപ്പുമാണത് കൂടുതല്‍ പ്രയോഗിക്കുന്നത്. അമേരിക്കന്‍ ഫോറിന്‍ അഫേഴ്‌സ് ജേര്‍ണലിന്റെ ഇക്കഴിഞ്ഞ ഏപ്രില്‍ ലക്കത്തില്‍ ഫ്രഞ്ച് ഗവേഷകന്‍ ഒലീവ് റവ ഇസ്‌ലാമിസ്റ്റുകളെ കുറിച്ചെഴുതിയ ലേഖനത്തിന് നല്‍കിയ തലക്കെട്ട് നവഇസ്‌ലാമിസ്റ്റുകള്‍ എന്നായിരുന്നു.
യഥാര്‍ത്ഥത്തില്‍, ഒരു പുതിയ വര്‍ഗം രൂപപ്പെടുകയല്ല; പഴയത്, മുല്ലപ്പൂ ലോകത്ത് പുതിയ വര്‍ണമണിയുക മാത്രമാണ് ചെയ്തത്. ഇന്നലെ ഇസ്‌ലാമിസ്റ്റുകള്‍ തെരുവുകളിലും ജയിലുകളിലുമായിരുന്നു. ഇന്നവര്‍, അറബ് വസന്തത്തിന്റെ മുന്നില്‍നിന്ന് സ്വേഛാധിപതികളെ പിഴുതെറിഞ്ഞ് തെരഞ്ഞെടുപ്പിലൂടെ അധികാരപീഠങ്ങളിലേക്ക് ആനയിക്കപ്പെട്ടിരിക്കുന്നു.
അറബ് വസന്തത്തിന് ആരംഭം കുറിച്ച തുനീഷ്യ തന്നെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് ആദ്യവിജയം നല്‍കി. 2011 ഒക്‌ടോബറില്‍ നടന്ന ഇലക്ഷനില്‍ അന്നഹ്ദ 40 ശതമാനത്തിലധികം വോട്ട് നേടി 89 സീറ്റോടെ ഏറ്റവും വലിയ കക്ഷിയായി. തൊട്ടടുത്ത മാസം നവംബറില്‍ നടന്ന മൊറോക്കോ തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിസ്റ്റുകളുടെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി 395 ല്‍ 107 സീറ്റ് നേടി ഭരണം പിടിച്ചു. ഭരണകക്ഷിയായ ഫ്രീഡം പാര്‍ട്ടിയെ 60 സീറ്റില്‍ ഒതുക്കി. ഈജിപ്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇഖ്‌വാന്റെ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി ഒന്നാം സ്ഥാനവും സലഫികളുടെ അന്നൂര്‍ പാര്‍ട്ടി രണ്ടാം സ്ഥാനവും നേടി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ മുഹമ്മദ് മുര്‍സി 55 ശതമാനം വോട്ടോടെ വിജയം ഉറപ്പിച്ചു. ലിബിയയിലും ഇസ്‌ലാമിസ്റ്റുകള്‍ ശക്തമായ സാന്നിധ്യം തെളിയിച്ചു. ഇനി യമനിലും സിറിയയിലും ജോര്‍ദാനിലും മറിച്ചു സംഭവിക്കാന്‍ നിരീക്ഷകര്‍ സാധ്യത കാണുന്നില്ല.

രണ്ടാം ജന്മം
അറബ് വസന്തം ഈ നൂറ്റാണ്ടിന്റെ അത്ഭുതമായിരുന്നു. പുറം ലോകത്ത് നടന്ന അത്ഭുതം. എന്നാല്‍, അതിനു സമാന്തരമായി അകത്തളങ്ങില്‍ ചില അത്ഭുതങ്ങള്‍ അരങ്ങേറി. അറബ് വസന്തത്തിന് ചുക്കാന്‍ പിടിക്കുകയും അതിന്റെ അനന്തരഫലമായി അധികാരത്തിലെത്തുകയും ചെയ്ത ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കകത്ത് നടന്ന വമ്പിച്ച നയം മാറ്റങ്ങളായിരുന്നു ആ അത്ഭുതങ്ങള്‍. പ്രസ്ഥാനത്തിന്റെ പുനര്‍ രൂപീകരണം അല്ലെങ്കില്‍ രണ്ടാം ജന്മം എന്നുവരെ ആ മാറ്റങ്ങളെ ചിലര്‍ നാമകരണം ചെയ്തു. അവയെ ഇങ്ങനെ സംഗ്രഹിക്കാം:
1. തര്‍ബിയത്തിന്റെ ഉദ്ദിഷ്ട മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കുന്നവരെ മാത്രം അരിച്ചെടുത്ത് അംഗ പരിമിതിയില്‍ ആശ്വസിക്കുന്ന പ്രസ്ഥാനങ്ങളല്ല ഇപ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍. പരമാവധി ഏതു വിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന പൊതു പ്ലാറ്റുഫോമുകളാകാനും എല്ലാവരെയും തങ്ങളുടെ കുടക്കീഴില്‍ നിര്‍ത്താനും കഴിയുംവിധം അവ രാഷ്ട്രീയപാര്‍ട്ടികള്‍ രൂപീകരിച്ചിരിക്കുന്നു. അവയുടെ നേതൃസ്ഥാനത്ത് അമുസ്‌ലിംകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വനിതകള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കിയിരിക്കുന്നു. ലിബിയയിലെ ഇഖ്‌വാന്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയും ഈജിപ്തിലെ സലഫികള്‍ ഹിസ്ബുന്നൂറും അല്‍ജിഹാദുല്‍ ഇസ്‌ലാമി പീസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയും അല്‍ജമാഅ അല്‍ഇസ്‌ലാമിയ്യ കണ്‍സ്ട്രക്ഷന്‍ ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയും രൂപീകരിച്ചതാണ് വസന്തകാല സംഭവങ്ങള്‍. ഈജിപ്തിലെ ഇഖ്‌വാന്‍, വസന്തത്തിന്റെ തൊട്ടുമുമ്പ് ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി രൂപീകരിച്ചിരുന്നു.
2. 'ദൈവികഭരണത്തെ'പറ്റിയല്ല, സിവില്‍ രാഷ്ട്രത്തെപ്പറ്റിയാണ് ഇന്ന് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഈജിപ്തിലെ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി അതിന്റെ ലക്ഷ്യമായി പ്രഖ്യാപിക്കുന്നത് ശക്തമായൊരു ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയാണ്. തുനീഷ്യയിലെ അന്നഹ്ദ “അധികാരം ജനങ്ങള്‍ക്കാണ്, പാര്‍ലമെന്ററി വ്യവസ്ഥയില്‍ തെരഞ്ഞെടുക്കപ്പെട്ട സഭകളിലെ പ്രതിനിധികള്‍ വഴി അവരത് നിര്‍വഹിക്കും” എന്ന് പ്രഖ്യാപിക്കുന്നു. “ജനാധിപത്യ രാഷ്ട്രവും അഴിമതിക്കെതിരെയുള്ള പോരാട്ടവുമാണ് മൊറോക്കോയിലെ ജസ്റ്റിസ് ആന്റ് ഡവലെപ്‌മെന്റ് പാര്‍ട്ടിയുടെ ഭരണഘടന ലക്ഷ്യമിടുന്നത്.
3. സെക്യുലറിസത്തോടും ഡമോക്രസിയോടുമുള്ള അവരുടെ നിലപാട് പുനഃപരിശോധിക്കപ്പെട്ടിരിക്കുന്നു. തങ്ങള്‍ പണ്ട് എതിര്‍ത്ത താത്വിക സെക്യുലറിസവും ഡമോക്രസിയുമല്ല ഇന്ന് ലോകത്തുള്ളത് എന്ന യാഥാര്‍ഥ്യ ബോധത്തിലേക്ക് അവ എത്തിച്ചേര്‍ന്നിട്ടുണ്ട്. സ്വേഛാധിപത്യത്തിന്റെ കാരാഗൃഹങ്ങളില്‍ കഴിയേണ്ടിവന്ന കഴിഞ്ഞ ദശകങ്ങളില്‍ തന്നെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തെ ഉള്‍ക്കൊണ്ട് വരികയായിരുന്നു. ഇരുപതു വര്‍ഷം മുമ്പ് ശൈഖ് റാശിദുല്‍ ഗനൂശി സ്വേഛാധിപത്യത്തെ നേരിടാന്‍ ഏറ്റവും നല്ല മാധ്യമം ജനാധിപത്യമാണെന്നും ശരീഅത്ത് നടപ്പിലാക്കണമെന്നല്ല, ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാണ് ഇസ്‌ലാമിസ്റ്റുകള്‍ ആവശ്യപ്പെടേണ്ടതെന്നും പറഞ്ഞുവച്ചിരുന്നു. ഇന്ന് ജനാധിപത്യം വ്യവസ്ഥയല്ല, വ്യവസ്ഥയെ തീരുമാനിക്കുന്ന രീതിയോ ഉപകരണമോ മാത്രമാണ് എന്നവര്‍ മനസ്സിലാക്കുന്നു. അഭിപ്രായ സ്വാതന്ത്യത്തിന്റെ കാവല്‍ക്കാരനായി നില്‍ക്കുന്നത് ജനാധിപത്യമാണ്. സ്വേഛാധിപത്യ ലോകത്ത് ഇസ്‌ലാമിസ്റ്റുകളാണ് അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായത്. ഇക്കാലഘട്ടത്തില്‍ സെക്യുലറിസമാകട്ടെ ബഹുസ്വരതയാണ്. ബഹുസ്വരത ദൈവികനടപടിക്രമവും. ഇസ്‌ലാം അടിസ്ഥാനപരമായി ഒരു സെക്യുലര്‍ മതമാകുന്നു. അതിനാല്‍ പാശ്ചാത്യ നാഗരികതയില്‍ നിന്നതിന് അധികമായി സെക്യുലറിസത്തെ എടുത്തുപയോഗിക്കേണ്ട കാര്യമില്ല” (ഹസന്‍ ഹനഫി, ഹിവാറുല്‍ മശ്‌രിഖ് വല്‍ മഗ്‌രിബ്, പേജ്: 38) എന്ന ബലത്തിലാണ് ഇന്ന് ഇസ്‌ലാമിസ്റ്റുകള്‍.
4. ശരീഅത്ത് നടപ്പിലാക്കുന്നതിനല്ല, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് മുന്‍ഗണന എന്ന് ഇസ്‌ലാമിസ്റ്റുകള്‍ പ്രഖ്യാപിക്കുന്നു. തുനീഷ്യയില്‍ ഗനൂശിയാണത് ആദ്യം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ ജയിച്ച ഉടനെ, ടൂറിസ്റ്റുകളെ പര്‍ദയണിയിപ്പിക്കുകയോ കള്ള് നിരോധിക്കുകയോ ഇസ്‌ലാമിന്റെ ശിക്ഷാ നിയമങ്ങള്‍ നടപ്പിലാക്കുകയോ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്‌ലാമിക ശരീഅത്താണ് നിയമങ്ങളുടെ സ്രോതസ്സ് എന്ന് ഭരണഘടനയില്‍ എഴുതിവെക്കേണ്ടതില്ലെന്നാണ് അന്നഹ്ദയുടെ പക്ഷം. രാജ്യത്തിന്റെ മതം ഇസ്‌ലാമാണ് എന്ന് നിലവില്‍ ഭരണഘടനയില്‍ ഉണ്ട്, അത് മതി. ശരീഅത്തിന്റെ ആത്യന്തിക ലക്ഷ്യമാണ് (മഖാസിദു ശ്ശരീഅഃ) പരിഗണിക്കേണ്ടത്. ശരീഅത്ത് നടപ്പിലാക്കണമോ ജനതാല്‍പര്യം പരിഗണിക്കണമോ എന്ന ചോദ്യം തന്നെ പ്രസക്തമല്ല. കാരണം, ജനതാല്‍പര്യത്തിന്റെ പേരാണ് ശരീഅത്ത്. “അത് മുഴുവന്‍ നീതിയാണ്, മുഴുവന്‍ കാരുണ്യമാണ്, മുഴുവന്‍ ജനങ്ങളുടെ നന്മകളാണ്, മുഴുവന്‍ യുക്തിയാണ്.” (ഇബ്‌നുല്‍ ഖയ്യിം, ഇഅ്‌ലാമുല്‍ മുവഖിഈന്‍, 3/3)
''ഇസ്‌ലാമിക ശരീഅത്തിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമെന്നായി രാജ്യത്തെ രണ്ടായി വിഭജിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഇസ്‌ലാമില്‍ തിയോക്രാറ്റിക് സ്റ്റേറ്റ് എന്നൊന്നില്ല. പൗരന്മാര്‍ക്കുമേല്‍ ഏതെങ്കിലുമൊരു മതം അടിച്ചേല്‍പ്പിക്കാനോ അവര്‍ എന്ത് ധരിക്കണം, എന്ത് കഴിക്കണം, എന്ത് വിശ്വസിക്കണം പോലുള്ള വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാനോ സ്റ്റേറ്റിന് അധികാരമില്ല. യഥാര്‍ത്ഥ ജനാധിപത്യമാണ് നമുക്ക് വേണ്ടതെങ്കില്‍ നാം സൗഹാര്‍ദത്തിനും സമവായത്തിനും മുന്‍ഗണന നല്‍കണം, ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനുമല്ല. പൗരന്മാരില്‍ ഏതെങ്കിലുമൊരു വിഭാഗത്തിന് സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെങ്കില്‍, അതിന്റെയര്‍ഥം രാജ്യത്ത് ജനാധിപത്യം നടപ്പിലാക്കാന്‍ പറ്റുന്ന ഒരു നല്ല അന്തരീക്ഷമില്ലായെന്നാണ്. രാജ്യത്തെ എല്ലാ പൗരന്മാരും സമന്മാരാണ്. സ്ത്രീകള്‍ക്കും മുസ്‌ലിംകളല്ലാത്തവര്‍ക്കും രാജ്യത്തിന്റെ തലവന്മാരായി തെരഞ്ഞെടുക്കപ്പെടാനുള്ള അവകാശമുണ്ട്.'' (കഴിഞ്ഞ സെപ്റ്റംബറില്‍ ദോഹയില്‍ നടന്ന 'ഇസ്‌ലാമിസ്റ്റുകളും ഡമോക്രസിയും' സെമിനാറില്‍ ഗനൂശിയുടെ പ്രസംഗം).
5. ഉള്‍ക്കൊള്ളല്‍ രാഷ്ട്രീയമാണ് ഇപ്പോള്‍ ഇസ്‌ലാമിസ്റ്റുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ജാഹിലിയ്യ സമൂഹത്തിന് അയിത്തം കല്‍പ്പിച്ച,് ശ്രേഷ്ഠരായി ഉയര്‍ന്ന് മാറിനില്‍ക്കാനല്ല. അറബ് വസന്തത്തെ സമാധാനപരമാക്കുന്നതിലും ശാസ്ത്രീയമായി സംഘടിപ്പിച്ച് വിജയിപ്പിക്കുന്നതിലും ഇസ്‌ലാമിസ്റ്റുകള്‍ ഗണ്യമായ പങ്ക് വഹിച്ചെങ്കിലും അതവര്‍ അവകാശപ്പെട്ടതേയില്ല.
തെരഞ്ഞെടുപ്പ് വേളയില്‍ അവര്‍ തങ്ങളുടെ മേധാവിത്വത്തിനുവേണ്ടി ശ്രമിച്ചില്ല. ഈജിപ്തില്‍, ഭരണപങ്കാളിത്തമല്ലാതെ ഭരണനേതൃത്വം തങ്ങളുടെ ലക്ഷ്യമല്ലെന്നായിരുന്നു ഇഖ്‌വാന്റെ നിലപാട്. അതുകൊണ്ടാണവര്‍, ആദ്യം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചത്. മുന്നില്‍ നിന്നില്ലെങ്കില്‍ വിപ്ലവം അട്ടിമറിക്കപ്പെടും എന്ന് തോന്നിയപ്പോഴാണ് തീരുമാനം മാറ്റിയത്. തുനീഷ്യയിലാവട്ടെ ഒന്നാം കക്ഷിയായി നിന്ന അന്നഹ്ദ തികഞ്ഞ ഇടത് സെക്യുലര്‍ പാര്‍ട്ടികളായ കോണ്‍ഗ്രസ് ഫോര്‍ റിപ്പബ്ലിക് (CPR) മായും 'അത്തകാത്തുലു'മായും സഖ്യം ചേര്‍ന്നു. പ്രസിഡന്റ് പദവിതന്നെ സഖ്യകക്ഷിയായ സി.പി.ആറിനു നല്‍കി. ഫലപ്രഖ്യാപനത്തിനു മുമ്പുതന്നെ, ഗനൂശി തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ പോലും ഇതരകക്ഷികള്‍ക്കും പങ്കാളിത്തമുള്ള കൂട്ടുകക്ഷി ഭരണമായിരിക്കും നടത്തുക എന്ന് പ്രഖ്യാപിച്ചിരുന്നു. യമനില്‍ അല്‍ ഇസ്‌ലാഹ് പ്രഖ്യാപിച്ചിരിക്കുന്നത് അടുത്ത 15 വര്‍ഷം കൂട്ടുകക്ഷി ഭരണം മതി എന്നാണ്.
6. തങ്ങളല്ലാത്തവരുമായുള്ള ബന്ധത്തില്‍ പുനര്‍വിചിന്തനം നടത്തിയത് ആഭ്യന്തരമായി മാത്രമല്ല, വിദേശ രാജ്യങ്ങളോടും തുറന്ന സമീപനം സ്വീകരിച്ചു. അമേരിക്കയും യൂറോപ്പും ദശകങ്ങളായി സ്വീകരിച്ചു വരുന്ന ഇസ്‌ലാം വിരുദ്ധ നിലപാടുകളെ ഇത്തവണ ഇസ്‌ലാമിസ്റ്റുകള്‍ ഗൗരവത്തിലെടുത്തില്ല. അറബ് വസന്തത്തിന് ആരംഭം കുറിക്കുമ്പോള്‍ തന്നെ അവര്‍ അമേരിക്കയുമായും ബന്ധപ്പെട്ടു. ഈജിപ്തിലെ ഇഖ്‌വാന്‍ നേതൃത്വം അമേരിക്ക സന്ദര്‍ശിച്ച് ബന്ധപ്പെട്ടവരുമായി സംഭാഷണം നടത്തി. തുനീഷ്യയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ഗനൂശി അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും പര്യടനം നടത്തി തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കി. അവിടങ്ങളില്‍നിന്ന് തുനീഷ്യയിലേക്ക് വിദേശ മൂലധനം കൊണ്ടുവരാന്‍ ശ്രമമാരംഭിച്ചു.
7. അറബ് വസന്തത്തിന്റെ യുഗത്തില്‍ നയം മാറ്റങ്ങളില്‍ ആരെയും അതിശയിപ്പിക്കുന്ന ചുവടുവെപ്പുകള്‍ നടത്തിയത് സലഫികളാണ്, വിശിഷ്യ, ഈജിപ്തില്‍. ഇസ്‌ലാമിസ്റ്റുകള്‍ക്ക് മിനുക്കുപണികളേ വേണ്ടിവന്നിരുന്നുള്ളൂവെങ്കില്‍ സലഫികള്‍ക്ക് പുതിയ സാഹചര്യവുമായി സംവദിക്കുന്നതിന് കീഴ്‌മേല്‍ മറിയേണ്ടതുണ്ടായിരുന്നു. ഈജിപ്തിലെങ്കിലും അതു ചെയ്യാന്‍ അവര്‍ ശ്ലാഘനീയമായ ആര്‍ജ്ജവം കാണിച്ചു. ഇഖ്‌വാനു മുമ്പ് രൂപീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണമായും മാറിനില്‍ക്കുകയായിരുന്നു അവര്‍. നമസ്‌കാരം നിലനിര്‍ത്തുന്നിടത്തോളം ഭരണാധികാരിക്കെതിരെ തിരിയരുതെന്നും ജനാധിപത്യം കുഫ്‌റാണെന്നും അമുസ്‌ലിംകളുമായി രാഷ്ട്രീയത്തിലും സഹകരണം പാടില്ലെന്നും അത് അവരോടുള്ള 'വലാഅ്' (ഉറ്റ ചങ്ങാത്തം) എന്ന, ഖുര്‍ആന്‍ വിലക്കിയ ഗണത്തില്‍ പെടുമെന്നൊക്കെയുള്ള പരമ്പരാഗത സലഫി സിദ്ധാന്തങ്ങളാണ് അവരെ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാനും സ്വേഛാധിപതികള്‍ക്കെതിരെ മൗനം പാലിക്കാനും പ്രേരിപ്പിച്ചത്. അത് ചെയ്യുന്ന ഇസ്‌ലാമിസ്റ്റുകളെ അവര്‍ തരം കിട്ടുമ്പോഴൊക്കെ ഇകഴ്ത്തുകയും ചെയ്തു. നമസ്‌കരിക്കാന്‍ നെതന്യാഹുവും അനുവദിക്കുന്നുണ്ടെന്ന കാര്യം അവര്‍ മറന്നു.
എന്നാല്‍, അറബ് വസന്തം അവരെ മുരട്ടുതത്ത്വവാദങ്ങളില്‍ നിന്ന് പുറത്തുകടത്തി. ഹിസ്ബുന്നൂര്‍ രൂപീകരിച്ച് അവര്‍ സജീവ രാഷ്ട്രീയത്തില്‍ വന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. എന്നാല്‍, തുനീഷ്യയില്‍ സലഫികള്‍ വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. അവര്‍ക്കിപ്പോഴും ജനാധിപത്യവും തെരഞ്ഞെടുപ്പും ദഹിച്ചിട്ടില്ല. അന്നഹ്ദ അധികാരത്തില്‍ വന്നതുമുതല്‍ ശരീഅത്ത് നടപ്പിലാക്കാന്‍ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുകയാണവര്‍. അവരില്‍ ഒരു വിഭാഗം ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.
8. പരസ്പരം ആത്മാര്‍ത്ഥമായി സഹകരിക്കുവാന്‍ ഇസ്‌ലാമിസ്റ്റുകളും സലഫികളും കാണിച്ച മഹാമനസ്‌കത ഇരുകൂട്ടരുടെയും സമീപനമാറ്റങ്ങളില്‍ പ്രധാനമാണ്. ഈജിപ്താണ് അതിന്റെ മകുടോദാഹരണം സമര്‍പ്പിച്ചത്. ഇഖ്‌വാനില്ലായിരുന്നുവെങ്കില്‍ ഈജിപ്തില്‍ അറബ് വസന്തം വിജയിക്കില്ലായിരുന്നുവെന്ന് വസന്തകാലത്ത് സലഫീ നേതാക്കള്‍ നിരന്തരം പ്രസ്താവന നടത്തുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുബാറക് അവശിഷ്ടങ്ങള്‍ വിജയിക്കാതിരിക്കാന്‍ പരിമിതമെങ്കിലും പരസ്പര ധാരണയിലെത്തുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥി പുറത്തായപ്പോള്‍ ഇഖ്‌വാന്റെ മുര്‍സിയെ വോട്ടുചെയ്ത് വിജയിപ്പിക്കുന്നു. ഏറ്റവുമൊടുവില്‍ മുര്‍സി നടത്തിയ ഭരണഘടനാപ്രഖ്യാപനത്തിനെതിരെ മുബാറക് അവശിഷ്ടങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ മുര്‍സിയുടെ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയില്‍ നിന്നൊട്ടും കുറയാതെ മുര്‍സിക്ക് പിന്തുണയുമായി തെരുവിലിറങ്ങുന്നു. ബന്നാ-മൗദൂദി ചിന്താധാരയും ഇബ്‌നു തൈമിയ-മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബ് സകൂള്‍ ഓഫ് തോട്ടും ഇത്രയേറെ സമരസപ്പെട്ട ചരിത്ര മുഹൂര്‍ത്തങ്ങള്‍ വേറെയുണ്ടാവില്ല. ഈ രണ്ട് ചിന്താധാരകളുടെയും സമന്വയത്തിന്റെ അര്‍ഥം മൊത്തം ലോക മുസ്‌ലിം ജനസംഖ്യയില്‍ ഏതാണ്ട് എഴുപത് ശതമാനം ഒന്നിക്കുന്നു എന്നാണ്.
എന്തുകൊണ്ട് മാറ്റം?
എന്തുകൊണ്ട് മാറ്റം എന്ന ചോദ്യത്തിനുത്തരം വളരെ ലളിതമാണ്: ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പിറവികൊണ്ട സാഹചര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. 1924 ല്‍ ബ്രിട്ടനും ഇതര സാമ്രാജ്യത്വ ശക്തികളും ചേര്‍ന്ന് തകര്‍ത്ത ഖിലാഫത്തിന്റെ നഷ്ട നൊമ്പരങ്ങള്‍ക്കിടയിലാണ് ഇസ്‌ലാമികപ്രസ്ഥാനം രൂപപ്പെടുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിലുള്ള ഈജിപ്തിലായിരുന്നു ബന്നയുടെ നവോത്ഥാന ചിന്തകള്‍ രൂപപ്പെട്ടത്. ബ്രിട്ടീഷ് ആധിപത്യത്തില്‍ തന്നെയായിരുന്ന ഇന്ത്യയിലായിരുന്നു മൗലാനാ മൗദൂദി. ഖിലാഫത്ത് തകര്‍ന്ന 1920 കളിലാണ് ഇരുവരുടെയും രംഗപ്രവേശം. ബന്ന 1928-ല്‍ ഇഖ്‌വാന്‍ രൂപീകരിച്ചെങ്കിലും മൗദൂദി ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ചത് 1941-ലായിരുന്നു. പക്ഷേ ഇരുപതുകള്‍ തൊട്ടേ മൗദൂദി ബന്നയെപ്പോലെത്തന്നെ കര്‍മ്മഭൂമിയിലുണ്ട്. തകര്‍ന്ന ഖിലാഫത്തിന്റെ പുനഃസ്ഥാപനം അക്കാലഘട്ടത്തില്‍ ഇസ്‌ലാമിക മനസ്സാക്ഷിയുടെ അഭിലാഷമായിരുന്നു. അതിനെയായിരുന്നു ഇസ്‌ലാമികപ്രസ്ഥാനം പ്രതിനിധീകരിച്ചത്. അതിന് വിഘാതം നില്‍ക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ പ്രസ്ഥാനത്തിന്റെ ജന്മശത്രുക്കളായി. ശത്രുവിന്റെ ദര്‍ശനമായിരുന്നു സെക്യുലറിസവും ഡമോക്രസിയും. തികഞ്ഞ മതനിഷേധമായിരുന്നു അന്ന് സെക്യുലറിസം. ദൈവഹിതം നിഷേധിച്ച് മനുഷ്യന് തോന്നിവാസം കാണിക്കാനുള്ള ഗ്രീന്‍കാര്‍ഡായിരുന്നു ഡമോക്രസി. അങ്ങനെയാണ് സെക്യുലറിസത്തിനും ഡമോക്രസിക്കും കമ്യൂണിസത്തിനുമെതിരെ യുദ്ധം ചെയ്ത് ഇസ്‌ലാമിക ഖിലാഫത്തിനെ പുനഃസ്ഥാപിക്കുകയെന്ന സ്വപ്നത്തിന് ബന്നയും മൗദൂദിയും ദര്‍ശനം പണിയുന്നത്. ആ ദര്‍ശനത്തിനുമേല്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നത്. പ്രതിരോധത്തില്‍ നിന്ന് ഇസ്‌ലാമിനെ പ്രത്യാക്രമണത്തിലേക്ക് നടത്തിച്ച് ആ മഹാരഥന്മാര്‍ നടത്തിയ പോരാട്ടം കഴിഞ്ഞ എട്ട് ദശകങ്ങളില്‍ മാറി മാറി വന്ന മുസ്‌ലിം തലമുറകള്‍ക്ക് നല്‍കിയ ആവേശം ചെറുതായിരുന്നില്ല. ആ ദാര്‍ശനിക ബലത്തില്‍ ജയിലും തൂക്കുമരവും അവര്‍ക്ക് ആവേശമായി. അങ്ങനെ, സര്‍വ്വതും സഹിച്ച് നടത്തിയ എട്ട് ദശകത്തിലെ പോരാട്ടഫലമാണ് ഇന്നവര്‍ അനുഭവിക്കുന്നത്.
1928-ല്‍ നിന്ന് 2012 ലേക്കുള്ള ദൂരം ചെറുതല്ല. ഈ ദീര്‍ഘദൂര സഞ്ചാരത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ പരിവര്‍ത്തന ക്ഷമത പ്രകടിപ്പിച്ച അവസരങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. ഏകകക്ഷി സമ്പ്രദായമുള്ള ഇസ്‌ലാമിക വ്യവസ്ഥയെ കുറിച്ചായിരുന്നു ഹസനുല്‍ബന്ന സംസാരിച്ചത്. എന്നാല്‍, അറുപതുകള്‍ മുതല്‍ തന്നെ ഇഖ്‌വാന്‍ ബന്നയെ തിരുത്തി. ബഹുകക്ഷി സമ്പ്രദായത്തെ ഉള്‍ക്കൊണ്ടുവെന്നു മാത്രമല്ല, നിരോധിക്കപ്പെട്ടതിനാല്‍ വഫ്ദ്, അഹ്‌റാര്‍ പാര്‍ട്ടികളുടെ മേല്‍വിലാസത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക വരെ ചെയ്തു. പ്രസ്ഥാനം അതിന്റെ ഇടുങ്ങിയ ചട്ടക്കൂടുകള്‍ ഭേദിച്ച് പുറത്തുവന്നു. സമഗ്രപ്രസ്ഥാനമെന്ന നിലക്ക് രാഷ്ട്രീയവും കൈകാര്യം ചെയ്യുന്ന രീതിക്ക് പകരം പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി അത് സ്വതന്ത്ര രാഷ്ട്രീയപാര്‍ട്ടികള്‍ രൂപീകരിച്ചു. മൊറോക്കോയിലും അള്‍ജീരിയയിലും ജോര്‍ദാനിലും തുനീഷ്യയിലും തുര്‍ക്കിയിലും ഫലസ്ത്വീനിലും സുഡാനിലും ഇത് സംഭവിച്ചു. തുര്‍ക്കിയിലും അള്‍ജീരിയയിലും ജോര്‍ദാനിലും അത് സെക്യുലര്‍ കക്ഷികളുമായി അധികാരം പങ്കിട്ടു. തങ്ങള്‍ പുതുതായി രൂപീകരിച്ച പാര്‍ട്ടികള്‍ക്ക് ഫ്രീഡം, ജസ്റ്റിസ്, ഡവലപ്‌മെന്റ്, പീസ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ പൊതുനാമങ്ങളാണ് ഇസ്‌ലാമിക നാമങ്ങള്‍ക്ക് പകരം നല്‍കിയത് എന്നത് അവയുടെ നയം മാറ്റങ്ങളെ കുറിക്കുന്നു.
അറബ് ലോകത്ത് ഇഖ്‌വാന്‍ സ്വീകരിച്ച ഈ രൂപ പരിണാമങ്ങള്‍ക്ക് സമാനമായി ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ നയസമീപനങ്ങളെ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അതേറ്റവും പ്രതിഫലിച്ചത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലായിരുന്നു.
പ്രവാചകന്റെ പ്രവര്‍ത്തന വര്‍ഷങ്ങള്‍ ഇരുപത്തിമൂന്ന് മാത്രമാണ്. അത്രയും കുറഞ്ഞ കാലത്തിനിടയില്‍ ഇസ്‌ലാം കാലത്തോടൊപ്പം സഞ്ചരിക്കാന്‍ കാണിച്ച ഇലാസ്തികത പഠിച്ചു നോക്കുക. മക്കയിലെ 13 വര്‍ഷത്തെ ഇസ്‌ലാമും മദീനയിലെ 8 വര്‍ഷത്തെ ഇസ്‌ലാമും തമ്മിലുള്ള അന്തരം. തുടര്‍ന്ന്, മക്കാവിജയത്തോടനുബന്ധിച്ചുണ്ടായ നയം മാറ്റങ്ങള്‍. വഹ്‌യ് (ദൈവിക ബോധനം) തന്നെയും കാലാന്തരങ്ങളെ, ഇത്രയേറെ ദര്‍ശനത്തിന് നിദാനമായി സ്വീകരിക്കുന്നുവെങ്കില്‍ മനുഷ്യര്‍ രൂപം നല്‍കിയ പ്രസ്ഥാനങ്ങള്‍ക്ക് മറിച്ചാവാനാകില്ല. സ്ഥലകാല ഭേദമനുസരിച്ച് ഫത്‌വ മാറുമെന്നത് ഇസ്‌ലാമിനു ബാധകമാണെങ്കില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കത് കൂടുതല്‍ ബാധകമാണ്.
അതാണിപ്പോള്‍ പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ വ്യാഖ്യാനം. അറബ് വസന്തത്തോടെ അവ കണ്ണുതുറന്നത് പുതിയ ലോകത്തേക്കായിരുന്നു. അവര്‍ തന്നെയും പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തേയായിരുന്നു അത് സംഭവിച്ചത്. തങ്ങള്‍ കഴിഞ്ഞ എണ്‍പത് വര്‍ഷങ്ങളായി രക്തം നല്‍കിയും പീഡനമേറ്റും പാകപ്പെടുത്തിയ ഭൂമികയാണതിനെ എളുപ്പമാക്കിയത്. എന്നാല്‍ വസന്തത്തിന് തുടക്കം കുറിച്ചത് അവര്‍ മാത്രമായിരുന്നില്ല, അവരല്ലാത്ത ജനങ്ങളും അവരും കൂടിച്ചേര്‍ന്നായിരുന്നു. വിപ്ലവവിജയത്തിന്റെ ക്രെഡിറ്റ് മാത്രമല്ല, തുടര്‍ന്നുള്ള ഭരണ നേതൃത്വത്തിന്റെ ഉത്തരവാദിത്വവുമേറ്റെടുക്കാന്‍ അവര്‍ വലിയ ആവേശം കാണിച്ചിരുന്നില്ല. അതിന്നു വേണ്ടത്ര ഹോം വര്‍ക്ക് ചെയ്തിരുന്നില്ല എന്നതാണ് കാരണം. അതുകൊണ്ടുകൂടിയാണ് ഈജിപ്തില്‍ ഇഖ്‌വാന്‍ തുടക്കത്തില്‍, ഭരണനേതൃത്വമല്ല, പങ്കാളിത്തം എന്ന ആശയം മുന്നോട്ടുവെച്ചത്.
പക്ഷേ, റാശിദുല്‍ ഗനൂശി വ്യത്യസ്തനായി. വിപ്ലവത്തിന് തുടക്കം കുറിച്ചത് തുനീഷ്യയിലായത് ഭാഗ്യം. അദ്ദേഹം പോലും അത് പ്രവചിച്ചത് ഈജിപ്തിലായിരുന്നു. നേരത്തേതന്നെ പുതിയ കാലത്തെ ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും കുറിച്ച് കാലാനുസൃതമായ നിലപാടുകള്‍ രൂപപ്പെടുത്തിവന്ന അദ്ദേഹം പെട്ടെന്ന് തന്നെ വസന്തകാലത്തിനു വേണ്ടി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ദര്‍ശനം മാറ്റിവരച്ചു. ഉര്‍ദുഗാന്‍ മോഡല്‍ അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നു.
ഗനൂശിയുടെ ഇടപെടലുകള്‍ ഫലം കണ്ടു. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പൊടുന്നനെ പുതിയ വസന്തകാലവുമായി സമരസപ്പെട്ടുതുടങ്ങി. 90 ല്‍ അള്‍ജീരിയയില്‍ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിന്റെ വന്‍വിജയം അട്ടിമറിക്കപ്പെട്ടത്, സോവിയറ്റ് യൂണിയനെ കെട്ടുകെട്ടിച്ച അഫ്ഗാന്‍ വിജയം അനാഥമായത്, സുഡാനെ കരക്കെത്തിക്കുന്നതില്‍ തുറാബിയും ഉമറുല്‍ ബഷീറും പരാജയപ്പെട്ടത് തുടങ്ങി ഇസ്‌ലാമിസ്റ്റുകള്‍ക്കേറ്റ നരവധി തിരിച്ചടികള്‍ അവര്‍ക്ക് മുമ്പിലുണ്ടായിരുന്നു.
തെരുവുകളിലെ മുദ്രാവാക്യങ്ങളും ജയിലുകളില്‍ രൂപപ്പെട്ട സിദ്ധാന്തങ്ങളും മതിയാവില്ല ഭരണത്തില്‍. എന്നല്ല, അവയില്‍ ചിലത് ഭരണപീഠത്തില്‍ പ്രായോഗികമല്ലെന്നവര്‍ വേഗം തിരിച്ചറിഞ്ഞു. തങ്ങള്‍ മാത്രമുള്ള ലോകത്തെപ്പറ്റി സംസാരിക്കുകയല്ല, ബഹുസ്വര ലോകത്തിന് നേതൃത്വം നല്‍കുന്ന വലിയ ഉത്തരവാദിത്വമാണ് പൊടുന്നനെ തലയില്‍ വീണത്. മൊറോക്കോയിലെ അറുപത് ശതമാനവും ഈജിപ്തിലെ നാല്‍പത് ശതമാനവും തുനീഷ്യയിലെ മുപ്പത് ശതമാനവും വരുന്ന മുഴുപ്പട്ടിണിക്കാര്‍ക്ക് അന്നം കൊടുക്കണം. അവരോട് ശരീഅത്തിന്റെ സൗന്ദര്യം പറഞ്ഞതുകൊണ്ടായില്ല. തൊഴിലില്ലായ്മ, വികസനമുരടിപ്പ്, കുടിവെള്ള-മാലിന്യ പ്രശ്‌നങ്ങള്‍, താങ്ങാനാവാത്ത കടബാധ്യതകള്‍, അരാജകത്വം ആഘോഷിക്കുന്ന പൗരന്മാര്‍, സ്വേഛാധിപതികള്‍ എല്ലാ അര്‍ത്ഥത്തിലും നശിപ്പിച്ച രാജ്യം.
ഈ സാഹചര്യത്തെ ഒറ്റക്ക് നേരിടേണ്ടതല്ല, കൂട്ടായ ശ്രമങ്ങളാണ് ആവശ്യം എന്നറിഞ്ഞതിനാലാണവര്‍ ഉള്‍ക്കൊള്ളല്‍ ജനാധിപത്യത്തെയും (Inclusive Democracy) കൂട്ടുകക്ഷി ഭരണത്തെയും ഊന്നിപ്പറഞ്ഞത്.
തങ്ങള്‍ക്ക് സ്വാതന്ത്ര്യവും പൗരാവകാശവും തിരിച്ചുനല്‍കിയ ജനാധിപത്യത്തെ അവര്‍ക്ക് തള്ളിപ്പറയാനാകുമായിരുന്നില്ല. ഇന്നത് ഒരു ഫിലോസഫിയല്ല, ടൂള്‍ മാത്രമാണ് എന്ന് പരക്കെ അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ വിശേഷിച്ചും. അങ്ങനെ വരുമ്പോള്‍ ഡമോക്രസി, ഇസ്‌ലാമിലെ ശൂറയുടെ പുരോഗമന രൂപം മാത്രമാണ് എന്നവര്‍ കരുതുന്നു. സെക്യുലറിസമാവട്ടെ പഴയ യൂറോപ്പിന്റെ മതനിരാസമല്ല, മതസഹിഷ്ണുതയാണ് ഇന്ന്. അതുകൊണ്ട് ഇസ്‌ലാം ഒരു സെക്യുലര്‍ മതമാണ് എന്നവര്‍ക്ക് തീര്‍ത്തു പറയാനാവും. സെക്യുലറിസവും ഡമോക്രസിയും മാറി, ഇസ്‌ലാമിസ്റ്റുകളും മാറി എന്നതാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്.
ശരീഅത്ത് എന്ന് കേള്‍ക്കുന്ന മാത്രയില്‍ കൈവെട്ടും ഹദ്ദടിയും ഓര്‍മവരുന്നൊരു ലോകത്ത് ആ പ്രയോഗം വേണ്ടെന്നുവെക്കുന്നതാണ് യുക്തിയെന്ന് തുനീഷ്യയിലെ ഇസ്‌ലാമിസ്റ്റുകള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈജിപ്തില്‍ നിര്‍ദിഷ്ട ഭരണഘടനയില്‍ ശരീഅത്താണ് നിയമ സ്രോതസ്സെന്ന പരാമര്‍ശം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അമേരിക്ക ഒരു യാഥാര്‍ഥ്യമാണെന്നും ലോക രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് ഇപ്പോഴും വാഷിംഗ്ടണ്‍ തന്നെയാണെന്നും ഇസ്‌ലാമിസ്റ്റുകള്‍ക്ക് ഉള്‍ക്കൊള്ളാനാവാതെ വയ്യ. അമേരിക്ക വെറും സാമ്രാജ്യത്വം മാത്രമല്ല, ചിലപ്പോഴത് വിവേകവും കാണിക്കുമെന്ന് അറബ് വസന്തത്തോടുള്ള ഒബാമയുടെ നിലപാട് അവരെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. ഉഭയകക്ഷി താല്‍പര്യങ്ങളെ പരിഗണിച്ചുകൊണ്ടുള്ള ഒരു ധാരണ അമേരിക്കയുമായും യൂറോപ്പുമായും ഉണ്ടാക്കിയെടുക്കാന്‍ ഇസ്‌ലാമിസ്റ്റുകള്‍ നിര്‍ബന്ധിതരാണ്. തങ്ങളുടെ സമൂഹങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം വേണം, വന്‍ ശക്തികളുടെ ഫണ്ട് വേണം വിദേശ മൂലധനം രാജ്യത്തേക്ക് കൊണ്ടുവന്നെങ്കിലേ വികസനം സാധ്യമാവൂ.
ചുരുക്കത്തില്‍, ഇത്തരം സാഹചര്യങ്ങളാണ് ഇസ്‌ലാമിസ്റ്റുകളുടെ നയം മാറ്റത്തിനു കാരണം. യഥാര്‍ഥത്തില്‍ പ്രസ്ഥാനങ്ങളുടെ നയംമാറ്റം ആരംഭിച്ചിട്ടേയുള്ളൂവെന്ന് കരുതുന്നതായിരിക്കും ശരി. കാലത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്കുമുന്നില്‍ അവക്ക് ഒരിക്കലും നിശ്ചലമായി നില്‍ക്കാനാവില്ല. മുമ്പോട്ട് നടന്നേപറ്റൂ. പുതിയ നയങ്ങള്‍ അടിസ്ഥാന നയങ്ങളില്‍ നിന്നുള്ള വ്യതിയാനമോ വിട്ടുവീഴ്ചയോ തന്ത്രമോ ആയി കാണുന്ന കാലം മാറും. അവ അടിസ്ഥാന നയങ്ങള്‍ തന്നെയായി മനസ്സിലാക്കി മുന്നോട്ട് പോകേണ്ടി വരും. അറബ് വസന്തം അരങ്ങേറിയ രാഷ്ട്രങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് മാത്രം ബാധകമായ മാറ്റങ്ങളാവില്ല അവ. ഇന്ത്യയിലേതുള്‍പ്പെടെ ലോകത്തെ എല്ലാ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും അതുള്‍ക്കൊള്ളേണ്ടിവരും.
ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നയം മാറ്റങ്ങളെ തങ്ങളുടെ അഴകുഴമ്പന്‍ രാഷ്ട്രീയ നിരീക്ഷണങ്ങളെ സാധൂകരിക്കാന്‍ കേരളത്തിലെ ചിലര്‍ എടുത്തുപയോഗിക്കുന്നുണ്ട്. ഗനൂശി എന്ന ചിന്തകന്‍ മൗദൂദിയെന്ന ദാര്‍ശനികനെ നിരൂപണം ചെയ്യുമ്പോള്‍ അത് തങ്ങള്‍ വിമര്‍ശിച്ചതുപോലെയാണെന്നവര്‍ ഊറ്റം കൊള്ളുന്നു. മൗലികമായി മൗദൂദിയും ഗനൂശിയും ഒരേ ചിന്താധാരയിലാണുള്ളത്. ഗനൂശി എന്ന ചിന്തകനെ മൊത്തം വായിക്കുന്ന ആര്‍ക്കും അത് ബോധ്യപ്പെടും. കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹം അത് നേര്‍ക്കുനേരെ വിശദീകരിച്ചിട്ടുമുണ്ട്. അതേയവസരം, മൗദൂദി ചിന്താധാരയിലുള്ള പലരും അദ്ദേഹത്തോട് ചില വിഷയങ്ങളില്‍ വിയോജിച്ചതുപോലെ ഗനൂശിയും വിയോജിച്ചിട്ടുണ്ട്. ബന്നയോട് അദ്ദേഹത്തിന്റെ അനുയായികള്‍ തന്നെ വിയോജിച്ചതുപോലെ. സലഫികളെപ്പോലെ പണ്ഡിത വചനങ്ങളെ ഇസ്‌ലാമിന്റെ അവസാന വാക്കായി കാണുന്ന രീതി മൗദൂദിയും ബന്നയും അനുയായികളെ പഠിപ്പിച്ചിട്ടില്ലാത്തതു കൊണ്ടാണത്. അവരെയും മറികടന്ന് പോകേണ്ടി വരുമ്പോള്‍ അതിനുള്ള വിശാലമായൊരു ഫ്രെയിമാണ് നേരത്തേതന്നെ അവര്‍ തങ്ങളുടെ പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. അതുകൊണ്ടാണ് തുനീഷ്യയിലെ ഇഖ്‌വാനും ഈജിപ്തിലെ ഇഖ്‌വാനും ചിലപ്പോള്‍ നിലപാടുകളില്‍ വ്യത്യസ്തത പുലര്‍ത്തിക്കൊണ്ടുതന്നെ ഒരേ ചിന്താധാരയുടെ ഭാഗമായി നീങ്ങുന്നത്.
ഇഖ്‌വാനെയും ജമാഅത്തെ ഇസ്‌ലാമിയെയും പോലെത്തന്നെയാണ് ഗനൂശിയുടെ അന്നഹ്ദ അതിന്റെ ആദര്‍ശം വിശദീകരിച്ചിട്ടുള്ളത്. ചില ഉദാഹരണങ്ങള്‍:
“മാറ്റത്തിനുവേണ്ടിയുള്ള ഏതു പ്രവര്‍ത്തനവും മനുഷ്യനെയും അവന്റെ ദൗത്യത്തെയും കുറിച്ച വ്യക്തമായ കാഴ്ചപ്പാടില്‍നിന്ന് ഉരുത്തിരിഞ്ഞുവരേണ്ടതുണ്ട്. ഇസ്‌ലാമിനെ സമഗ്രമായാണത് മനസ്സിലാക്കുന്നത്. ആരാധനകളിലും വിശ്വാസങ്ങളിലും ഇസ്‌ലാം പരിമിതപ്പെടുന്നില്ല. പകരം സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വശങ്ങളെ അതുള്‍ക്കൊള്ളുന്നുണ്ട്. തദടിസ്ഥാനത്തിലാണത് അതിന്റെ അടിസ്ഥാനങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്”. അല്ലാഹുവിലുള്ള വിശ്വാസത്തെ കുറിച്ച്: ''നിരുപാധികമായ ഭരണാധികാരം (ഹാകിമിയ്യത്ത്) അവനല്ലാതെ മറ്റാര്‍ക്കുമില്ലായെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.'' ഇബാദത്തിനെ പരാമര്‍ശിക്കവെ: ''ദൈവിക കല്‍പനപ്രകാരം നിര്‍വഹിക്കുന്ന ഏതു കാര്യവും ഇബാദത്താണ്.'' തൗഹീദിന്റെ നിര്‍വചനം: ''ഇസ്‌ലാമിക സങ്കല്‍പത്തിലുള്ള തൗഹീദ് ജീവിത വഴികാട്ടിയാണ്. നാഗരികത കെട്ടിപ്പടുക്കുവാനും സാമൂഹിക നീതി സാക്ഷാത്കരിക്കുവാനുമുള്ള മാര്‍ഗമാണത്. അത് വെറുമൊരു ബുദ്ധിപരമായ കാഴ്ചപ്പാടല്ല, തത്ത്വശാസ്ത്രമല്ല, പ്രാപഞ്ചിക, സാമൂഹിക ബന്ധങ്ങളെ ബാധിക്കാത്ത, നാവുകള്‍ ഉരുവിടുന്ന വെറും വാക്കുമല്ല.''
''ഈ അടിസ്ഥാനത്തില്‍ അല്ലാഹുവിലേക്ക് ആരാധനകളുമായി തിരിയുന്നതിനും അവനില്‍ നിന്ന് നിയമങ്ങള്‍ സ്വീകരിക്കുന്നതിനുമിടയില്‍ ഞങ്ങള്‍ വ്യത്യാസം കല്‍പ്പിക്കുന്നില്ല. കാരണം അത് രണ്ടും ഉലൂഹിയ്യത്തും ഹാകിമിയ്യത്തും അല്ലാഹുവിന് മാത്രമാണന്ന തൗഹീദിന്റെ തേട്ടങ്ങളില്‍ പെട്ടതാണ്.''
മേല്‍ അടിസ്ഥാനാദര്‍ശങ്ങളില്‍ നിന്നുകൊണ്ട് തന്നെയാണ് ഗനൂശിയും അന്നഹ്ദയും പുതിയ കാലഘട്ടത്തിനും ഇസ്‌ലാം ഫിറ്റാണ് എന്ന് തെളിയിച്ചത്. വളരെ നിഷ്പ്രയാസം ഈ സമന്വയം സാധിച്ചു എന്നതിലാണവരുടെ സാമര്‍ഥ്യം. മാറ്റത്തെ തലയില്‍ മുണ്ടിട്ട് ചെയ്യേണ്ട കുറ്റകൃത്യമായല്ല, ആഘോഷിക്കപ്പെടേണ്ട സല്‍കര്‍മമായി കാണുന്നു എന്നതാണ് അവരുടെ വിജയം.
[email protected]

Comments

Other Post