Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

ഇസ്‌ലാമിക് ഫിനാന്‍സിന് നവോന്മേഷം

വി.വി ശരീഫ് സിംഗപ്പൂര്‍

അറബ് വസന്തം സംഭവിച്ചത് ഇസ്‌ലാമിക് ഫിനാന്‍സ് ശ്രദ്ധേയമായ ഒരു വഴിത്തിരിവിലെത്തി നില്‍ക്കുന്ന ഘട്ടത്തിലായത് തികച്ചും യാദൃഛികമാവാം. പാശ്ചാത്യ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ ധനകാര്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാമൂഹിക ഉത്തരവാദിത്വത്തിന്റെയും ധാര്‍മികതയുടെയും അടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കണമെന്ന നിര്‍ദേശം പാശ്ചാത്യ സാമ്പത്തിക വിദഗ്ധരില്‍ നിന്നുതന്നെ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ്, ഉത്തരാഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ ഇസ്‌ലാമികാഭിമുഖ്യമുള്ള ഭരണകൂടങ്ങള്‍ നിലവില്‍ വരുന്നത്. ഈ മാറ്റം ഇസ്‌ലാമിക് ഫിനാന്‍സിന്റെ അടുത്ത ഘട്ട കുതിപ്പിന് ഇന്ധനമാകുമെന്ന് തീര്‍ച്ച.
ലോക പ്രശസ്ത സാമ്പത്തിക കണ്‍സല്‍ട്ടന്‍സിയായ ഏണസ്റ്റ് യംഗി (Earnest Young)ന്റെ കണക്കുകൂട്ടലിനനുസരിച്ച് ഉത്തരാഫ്രിക്കന്‍ മിഡില്‍ ഈസ്റ്റ് മേഖലകളിലെ ഇസ്‌ലാമിക ഫിനാന്‍സിന്റെ വളര്‍ച്ച 2015 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികമാവുമെന്നാണ്. വിപ്ലവാനന്തരം ഈജിപ്തിന്റെയും തുനീഷ്യയുടെയും നേതൃത്വത്തില്‍ ആഫ്രിക്കയില്‍ മൊത്തത്തില്‍ തന്നെ ഇസ്‌ലാമിക് ഫിനാന്‍സ് വന്‍ വളര്‍ച്ച നേടുമെന്ന് തന്നെയാണ് ആഫ്രിക്കന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ റിപ്പോര്‍ട്ടും പറയുന്നത് (African Development Report 2011). അറബ് വസന്തം വഴി മാറ്റം സംഭവിച്ച ഈജിപ്ത്, തുനീഷ്യ, ലിബിയ, മൊറോക്കോ എന്നീ നാലു രാജ്യങ്ങളുടെയും ലോക ഇസ്‌ലാമിക് ഫിനാന്‍സ് മേഖലയിലെ സാന്നിധ്യം വെറും ഒരു ശതമാനം മാത്രമാണ്!
ഈജിപ്തില്‍ ഇസ്‌ലാമിക് ഫിനാന്‍സിന്റെ പുനഃപ്രവേശമാണ് അറബ് വസന്തം വഴി സാധ്യമായത്. 1963-ല്‍ ഈജിപ്തുകാരനായ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഹമദ് നജ്ജാര്‍ ലോകത്തെ ആദ്യത്തെ ഇസ്‌ലാമിക ബാങ്ക് സ്ഥാപിച്ചപ്പോള്‍, ഇസ്‌ലാമിക് ഫിനാന്‍സ് ലോകമെമ്പാടും പടരുമെന്നും അതിന്റെ നേതൃത്വം ഈജിപ്തിനായിരിക്കുമെന്നുമാണ് പ്രതീക്ഷിച്ചത്. പക്ഷേ ഏകാധിപതികളുടെ ഭരണത്തിലമര്‍ന്ന ഈജിപ്തില്‍ സകല പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു. ഇസ്‌ലാമിക് ഫിനാന്‍സ് വ്യാപകമായാല്‍ അത് ഇസ്‌ലാമിസ്റ്റുകള്‍ക്ക് മേല്‍ക്കൈ നല്‍കും എന്ന ഭയമാണ് നാസറിനും സാദാത്തിനും മുബാറക്കിനും ഈ മേഖലയെ തളര്‍ത്തിയിടാന്‍ പ്രേരണയായത്. ഇസ്‌ലാമിക് ഫിനാന്‍സിനോട് കണിശമായ നിലപാടെടുത്തത് കാരണം അതിന്റെ വളര്‍ച്ചയും മുരടിച്ചുതന്നെ നിന്നു. 1979-ല്‍ തുടങ്ങിയ സൗദി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫൈസല്‍ ഇസ്‌ലാമിക് ബാങ്കും ബഹ്‌റൈനിലെ അല്‍ ബറകാ ബാങ്കും തന്നെയാണ് ഇപ്പോഴും ഈജിപ്തിലെ പ്രമുഖ ഇസ്‌ലാമിക് ബാങ്കുകള്‍. ഇവ രണ്ടും മുഖ്യമായും ഗവണ്‍മെന്റ് പ്രോജക്റ്റുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണ്. മറ്റു പരീക്ഷണങ്ങളൊക്കെ സര്‍ക്കാറിന്റെ കര്‍ശന നിയന്ത്രണവും നിരുത്സാഹപ്പെടുത്തലും കാരണം പരാജയപ്പെടുകയാണുണ്ടായത്.
മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം ഇസ്‌ലാമിക് ഫിനാന്‍സിന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് മുളപ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക ഘടനയില്‍ ഇസ്‌ലാമിക് ഫിനാന്‍സിനെ സജീവമാക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇസ്‌ലാമിക് ഫിനാന്‍സ് നിലവിലെ നാല് ശതമാനത്തില്‍ നിന്ന് 35 ശതമാനമായി വളര്‍ത്തുമെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് പ്രഖ്യാപിക്കുകയുണ്ടായി. വളരെ ശ്രമകരമായ ദൗത്യമാണിത്. ഈജിപ്തിനെ സാമ്പത്തികമായി തകര്‍ത്തുകൊണ്ടാണ് മുബാറക് പടിയിറങ്ങിയത്. മുബാറക്കിനെതിരെയുള്ള സമരത്തിന് മുഖ്യകാരണവും സാമ്പത്തികത്തകര്‍ച്ച തന്നെയായിരുന്നു. മുര്‍സിയുടെ ഭരണത്തിലേക്ക് വന്ന ഈജിപ്തിന്റെ സാമ്പത്തികരംഗം ഇതാണ്: ജൂണ്‍ 2012 വരെ കുമിഞ്ഞ് കൂടിയ ബജറ്റ് കമ്മി വക ബാധ്യത 29 ബില്യന്‍ ഡോളര്‍. ഈ വര്‍ഷത്തെ ബജറ്റ് കമ്മി മാത്രം 21 ബില്യന്‍ ഡോളര്‍. രാജ്യത്തിന്റെ പൊതുകടമോ? 230 ബില്യന്‍ ഡോളര്‍. ഈ കടത്തിന് വര്‍ഷാന്തം കൊടുക്കേണ്ട പലിശ 21 ബില്യന്‍ ഡോളര്‍. ഈ തിക്ത യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുതന്നെയാണ് മുര്‍സിയും ബ്രദര്‍ഹുഡും കരുക്കള്‍ നീക്കുന്നത്. വൈകാരിക വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കാതെ ഇത്തരത്തിലുള്ള അടിസ്ഥാന പ്രശ്‌നങ്ങളിലാണ് പ്രസിഡന്റ് മുര്‍സി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. സമ്പദ്ഘടനയെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള തന്ത്രപ്രധാനമായ നീക്കങ്ങള്‍ പ്രസിഡന്റ് പദവിയിലെത്തിയ ഉടന്‍തന്നെ മുര്‍സി നടത്തിയിരുന്നു. സമ്പന്ന ഗള്‍ഫ് രാജ്യങ്ങളായ സുഊദിയില്‍നിന്നും ഖത്തറില്‍നിന്നും വന്‍ നിക്ഷേപങ്ങള്‍ ഉറപ്പുവരുത്തി. സുഊദി ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്കില്‍ നിന്ന് രണ്ടര ബില്യന്‍ ഡോളര്‍ കടമെടുക്കാന്‍ തീരുമാനിച്ചു. ഖത്തറില്‍ നിന്നും 18 ബില്യന്റെ നിക്ഷേപം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ലഭ്യമാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതില്‍ നല്ലൊരു ഭാഗം ഇസ്‌ലാമിക് ഫിനാന്‍സ് വകയിലാണ്.
ഇസ്‌ലാമിക് കടപത്രത്തിലൂടെ വന്‍തോതില്‍ ധനസമാഹാരം നടത്തുകയാണ് സാമ്പത്തികരംഗം ഉത്തേജിപ്പിക്കാന്‍ എടുത്ത മറ്റൊരു തീരുമാനം. ഇത്തരത്തിലുള്ള നിക്ഷേപ കടപത്രങ്ങള്‍ ഈജിപ്ഷ്യന്‍ പ്രവാസികളെയും എണ്ണ സമ്പന്ന ഗള്‍ഫ് രാജ്യങ്ങളെയുമാണ് ലക്ഷ്യമിടുന്നത്. ഈജിപ്തിന്റെ 82 ബില്യന്‍ ഡോളര്‍ വിലമതിക്കുന്ന വഖഫ് സ്വത്തുക്കള്‍ ഇസ്‌ലാമിക് ഫിനാന്‍സിന്റെ വളര്‍ച്ചക്ക് ഉപയോഗപ്പെടുത്താനും ഗവണ്‍മെന്റ് നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇതുവഴി കുത്തഴിഞ്ഞു കിടക്കുന്ന വഖ്ഫ് സ്വത്തുക്കളുടെ വരുമാനം വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. രാജ്യത്ത് ഇസ്‌ലാമിക് ഫിനാന്‍സ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സെന്‍ട്രല്‍ ബാങ്കിന്റെ പ്രത്യേക വിഭാഗത്തെയും ചുമതലപ്പെടുത്തും. ഇസ്‌ലാമിക് ഫിനാന്‍സിനെ സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ വളര്‍ത്തിയെടുക്കുന്നതിന് നിയമ നിര്‍മാണം നടത്താന്‍ ഭരണകക്ഷിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി നീക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. വിപ്ലവത്തിന് ശേഷം രൂപംകൊണ്ട ഇസ്‌ലാമിക് ബാങ്കിംഗ് അസോസിയേഷന്‍ സാരഥി ഹെഗാസി പറയുന്നു: ''ഭരണകക്ഷിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി രാജ്യത്തുള്ള ഇസ്‌ലാമിക് ഫിനാന്‍സുമായി ബന്ധപ്പെട്ട വിദഗ്ദ്ധരെ പലഘട്ടങ്ങളിലായി ചര്‍ച്ചക്ക് വിളിക്കുന്നുണ്ട്. ഇസ്‌ലാമിക് ഫിനാന്‍സിന്റെ വളര്‍ച്ചയില്‍ എല്ലവരുടെയും നിര്‍ദേശങ്ങളും പങ്കാളിത്തവും ഉറപ്പുവരുത്താന്‍ അവര്‍ ശ്രമിക്കുന്നുണ്ട്.'' അദ്ദേഹം തുടരുന്നു...''മുര്‍സിയുടെ വിജയം ഈജിപ്തിന് ആദ്യത്തെ ജനകീയ പ്രസിഡന്റിനെ സമ്മാനിച്ചു എന്നതോടൊപ്പം തന്നെ ഇസ്‌ലാമിക് ഫിനാന്‍സിന് പുനര്‍ജന്മം നല്‍കുക കൂടി ചെയ്തു.'' തുനീഷ്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഇസ്‌ലാമിക് മ്യൂച്വല്‍ ഫണ്ടിന് ഇക്കഴിഞ്ഞ ജൂണ്‍ അവസാനം തുനീഷ്യന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ തുടക്കം കുറിച്ചത് വിപ്ലവാനന്തരം ഇസ്‌ലാമിക് ഫിനാന്‍സ് വ്യാപകമാകുമെന്നതിന്റെ സൂചനയാണ്. ഈ വര്‍ഷത്തെ സപ്ലിമെന്ററി ബജറ്റില്‍ ഇസ്‌ലാമിക് ഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങുന്നവര്‍ക്ക് നികുതിയിളവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിട്ടുണ്ട്. ഇസ്‌ലാമിക് ഫിനാന്‍സിന്റെ വളര്‍ച്ചക്കും സുതാര്യത ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നിയമനിര്‍മാണം നടത്തുന്നതിനും സര്‍ക്കാറിന് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഏഴോളം കമ്മിറ്റികളാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇസ്‌ലാമിക് ഫിനാന്‍സ് വിദഗ്ധര്‍ ചേര്‍ന്ന് കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് ഫിനാന്‍സ് തുനീഷ്യ എന്ന ഒരു എന്‍.ജി.ഒയും രൂപവല്‍ക്കരിച്ചിട്ടുണ്ട്. കൃത്യമായ നിയമചട്ടക്കൂട് രൂപപ്പെടുത്തുകയാണ് ആദ്യം വേണ്ടത്.
ഇസ്‌ലാമികമായ എന്തിനെയും ഭയത്തോടെ കണ്ടിരുന്ന ബിന്‍ അലിയുടെ ഭരണത്തില്‍ നീണ്ട കാലം കഴിഞ്ഞ തൂനീഷ്യക്കാര്‍ക്ക് ഇസ്‌ലാമിക് ഫിനാന്‍സിനെക്കുറിച്ച് ധാരണ തന്നെ കുറവെന്നാണ് 'കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് തുനീഷ്യ'യുടെ സാരഥി മുഹമ്മദ് ഗനൂശി പറയുന്നത്, ഈ വിഷയകമായി ബോധവല്‍ക്കരണം അനിവാര്യമാണെന്നാണ്. തുനീഷ്യയിലെ ഏക ഇസ്‌ലാമിക് ബാങ്കായ 'സൈതൂന്‍' ബാങ്ക് തുടങ്ങിയത് 2010-ല്‍ ആണ്. അതാകട്ടെ ബിന്‍ അലിയുടെ കുടുംബക്കാരുടെ ഉടമസ്ഥതയിലും! ഇതുകൊണ്ട് തന്നെ ജനങ്ങള്‍ അതില്‍ നിന്നും അകലം പാലിച്ചു. രാജ്യത്ത് ഇസ്‌ലാമിക് ഫിനാന്‍സിന്റെ തുടക്കമായി ഇതിനെ ആരും കണ്ടിരുന്നുമില്ല. വിപ്ലവാനന്തരം ഈ ബാങ്കിന്റെ ഉടമസ്ഥത സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം ഇടപാടുകളില്‍ വന്‍ വര്‍ധന ഉണ്ടായതായി ബാങ്കധികൃതര്‍ പറയുന്നു.
ലിബിയന്‍ വിപ്ലവത്തിന്റെ വിജയപ്രഖ്യാപന സമ്മേളനത്തില്‍ വിപ്ലവത്തിന് നേതൃത്വം വഹിച്ച മുസ്തഫാ അബ്ദുല്‍ ജലീല്‍ ഭാവി ലിബിയന്‍ സാമ്പത്തിക ഘടന ഇസ്‌ലാമിക് ശരീഅത്തനുസരിച്ചായിരിക്കും എന്ന് പ്രഖ്യാപിക്കുകയുണ്ടായി. വന്‍ കരഘോഷത്തോടെയാണ് ജനം ആ പ്രഖ്യാപനത്തെ വരവേറ്റത്. ലിബിയയിലെ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണകക്ഷിയും ഈ പ്രഖ്യാപനത്തിന് ജീവന്‍ നല്‍കുമെന്ന് കരുതാനാണ് ന്യായം. ഈജിപ്ത്, തുനീഷ്യ, മൊറോക്കോ എന്നീ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഇസ്‌ലാമിസ്റ്റ് കക്ഷികള്‍ ലിബറല്‍ കക്ഷികളെ പരാജയപ്പെടുത്തിയതിനു വിപരീതമായി ലിബിയയില്‍ 'ലിബറല്‍' കക്ഷികള്‍ ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ വിജയിച്ചു എന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെങ്കിലും ലിബിയയില്‍ വിജയം കൊയ്ത മുഹമ്മദ് അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തിലുള്ള ലിബിയന്‍ നാഷണല്‍ അലയന്‍സ് അത്ര 'ലിബറല്‍' അല്ല. ഈ പാര്‍ട്ടിയും അവരുടെ പ്രഖ്യാപനത്തില്‍ പറയുന്നത് (വിജയത്തിന് ശേഷവും) ലിബിയ ഇസ്‌ലാമിക് ശരീഅത്തിനാല്‍ നയിക്കപ്പെടുന്ന രാജ്യമായിരിക്കുമെന്നാണ്; രാജ്യത്തിന്റെ നിയമ സ്രോതസ്സ് ഇസ്‌ലാമിക നിയമമായിരിക്കുമെന്നും നൂറു ശതമാനം ഇസ്‌ലാമിക വിശ്വാസികളായതിനാല്‍ ഇത് പ്രയാസകരമല്ലെന്നുമാണ്. മുഹമ്മദ് ജലീല്‍ ഉദാഹരണമായി പറയുന്നു: ''ലിബിയയില്‍ മദ്യനിരോധം പൂര്‍ണാര്‍ഥത്തില്‍ നിലവിലുണ്ട്. ഇത് തുടരുകയേ വേണ്ടൂ.'' മുസ്‌ലിം ബ്രദര്‍ഹുഡിനെപോലുള്ള പാര്‍ട്ടികളെയും കൂട്ടി ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് വിജയിച്ച കക്ഷി താല്‍പര്യം പ്രകടിപ്പിക്കുന്നതും. ഇങ്ങനെ നോക്കുമ്പോള്‍ ലിബിയയിലും ഇസ്‌ലാമിക് ഫിനാന്‍സിന് ശോഭനമായ ഭാവിയാണുള്ളത്.
മൊറോക്കോയില്‍ ഇക്കഴിഞ്ഞ ജൂലായില്‍ നടന്ന ഒരു സര്‍വേപ്രകാരം, 90% പേരും ഇസ്‌ലാമിക് ധനകാര്യസ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷേ, ഇവിടത്തെ നിലവിലുള്ള നിയമം ഇസ്‌ലാമിക് ധനകാര്യസ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുവാദം നല്‍കുന്നില്ല. മുഖ്യധാരാ ബാങ്കുകള്‍ക്ക് (പലിശാധിഷ്ഠിതം) വളരെ പരിമിതമായ തോതില്‍ ഇസ്‌ലാമിക് ഫിനാന്‍സുമായി സേവനങ്ങള്‍ നല്‍കാനുള്ള അനുവാദം മാത്രമാണുള്ളത്. പക്ഷേ ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വന്നതോടെ അവിടെയും ചിത്രം മാറുകയാണ്. പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ബാങ്കിംഗ് ബില്ലില്‍ ഇസ്‌ലാമിക് ഫിനാന്‍സുമായി ബന്ധപ്പെട്ട ഒരു അധ്യായം തന്നെയുണ്ട്. ബില്ല് പാസാകുന്നതോടെ അവിടെ ഇസ്‌ലാമിക് ഫിനാന്‍സ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുങ്ങും. പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത ദിവസം തന്നെ ബന്‍കീറാന്‍ ഖത്തര്‍ ഇസ്‌ലാമിക് ബാങ്കിന്റെ തലവന്‍ ഖാലിദ് അല്‍ഥാനിയെ സ്വീകരിക്കുകയും മൊറോക്കോയിലെ ഇസ്‌ലാമിക് ഫിനാന്‍സ് മേഖല വികസിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുകയുമുണ്ടായി. ഖത്തര്‍ ഈ മേഖലയില്‍ വന്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍, അറബ് വസന്ത രാജ്യങ്ങളില്‍ ഇസ്‌ലാമിക് ഫിനാന്‍സിന് പുതിയൊരു കുതിപ്പ് നടത്താനുള്ള സാഹചര്യമൊരുങ്ങിയിരിക്കുകയാണ്.
[email protected]

Comments

Other Post