ജോര്‍ദാനും അള്‍ജീരിയക്കും തടയാനാകുമോ?
അറബ് വസന്തം മേഖലയിലെ വന്‍തോക്കുകളെ നിലംപരിശാക്കുമ്പോള്‍ ജോര്‍ദാനും അള്‍ജീരിയക്കും പിടിച്ച് നില്‍ക്കാനാവുമോ? ഇല്ലെന്നാണ് ഒരു പക്ഷം നിരീക്ഷകര്‍ പറയുന്നത്. ഇപ്പോഴത്തെ നിശ്ശബ്ദത കൊടുങ്കാറ്റിന്റെ മുമ്പുള്ള ശാന്തതയാണെന്നും അവര്‍ കരുതുന്നു. ജോര്‍ദാനിലെ അബ്ദുല്ല രാജാവിനും അള്‍ജീരിയയിലെ അബ്ദുല്‍ അസീസ് ബൂത്ഫലീഖക്കും അറബ് വസന്തത്തെ അതിജയിക്കാനാവുമെന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്.
ജോര്‍ദാനിലെ ഭാഗികമായ പാര്‍ലമെന്ററി ജനാധിപത്യമാണ് അറബ് വസന്തത്തെ തടഞ്ഞുനിര്‍ത്തുന്ന മുഖ്യഘടകങ്ങളിലൊന്ന്. പ്രതിപക്ഷ നീക്കങ്ങളുടെ ബലഹീനതയാണ് രണ്ടാമത്തെ ഘടകം. ജോര്‍ദാനിലെ സാമൂഹിക ഘടനയും പ്രധാനമാണ്. കിഴക്കന്‍ ജോര്‍ദാനിലെ അടിസ്ഥാനവര്‍ഗം നീണ്ടകാലമായി രാജഭക്തിയില്‍ ഊട്ടപ്പെട്ട വിനീതവിധേയരും നിലവിലെ ഹാശിമി ഭരണത്തില്‍ സംതൃപ്തരുമാണ്. ഭരണ സിരാകേന്ദ്രങ്ങളിലും പോലീസിലും സൈന്യത്തിലും രഹസ്യാന്വേഷണ വിഭാഗത്തിലും അവര്‍ക്കാണ് പിടിപാട്. പാര്‍ലമെന്റ് മണ്ഡലങ്ങളും സ്ഥാനമാനങ്ങളും അവര്‍ക്കായി നീക്കിവെച്ചിരിക്കുന്നു. ആനുകൂല്യങ്ങള്‍ വേണ്ടത്ര ലഭിക്കാത്ത അസംതൃപ്ത വിഭാഗമാണ് പരിഷ്‌കരണങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നവരില്‍ ഒരു വിഭാഗം. ഫലസ്ത്വീനില്‍നിന്ന് കുടിയേറിയവരും ഇസ്‌ലാമിസ്റ്റുകളുമാണ് മാറ്റത്തിനായി വാദിക്കുന്ന മുഖ്യചാലകശക്തികള്‍. പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാന്‍ സര്‍ക്കാര്‍ പല വടികളും ചുഴറ്റുന്നു. അസ്ഥിരതയും അരാജകത്വവും പറഞ്ഞ് പേടിപ്പിക്കല്‍, അങ്കിള്‍ സാം വെച്ചുനീട്ടുന്ന സഹായങ്ങള്‍ നിന്നുപോവുമെന്ന ഭീഷണിപ്പെടുത്തല്‍ മുതലായവ.
വസന്തക്കാറ്റ് ആഞ്ഞുവീശിയിട്ടില്ലെങ്കിലും വിപ്ലവങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണ് ജോര്‍ദാന്‍. അമ്മാനിലും കര്‍കിലും ചില യുവാക്കള്‍ സ്വയം തീ കൊളുത്തി വിപ്ലവത്തിന് തിരി കൊളുത്താന്‍ ശ്രമിച്ചത് കാണാതിരുന്നു കൂടാ. റംസ പട്ടണത്തിലെ ഏതാനും ഉദ്യോഗസ്ഥര്‍ സ്വയം തീകൊളുത്തിയതും സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് തീ വെച്ചതും വിപ്ലവത്തിന്റെ തീപ്പന്തവുമായി വിദ്യാര്‍ഥികള്‍ രംഗത്തുവന്നതും സ്‌കൂള്‍ അധികാരികള്‍ക്കെതിരെ സര്‍ക്കാരിന് നടപടിയെടുക്കേണ്ടിവന്നതും കേണല്‍ ഖദ്ദാഫിയെക്കുറിച്ച പരിഹാസോക്തികള്‍ കുട്ടികള്‍ ഏററുപാടിയതും ഇതോടൊപ്പം ചേര്‍ത്തുവായിക്കുക. അമ്മാന്‍ യൂനിവേഴ്‌സിററിയിലെ സാമൂഹികശാസ്ത്രജ്ഞനായ പ്രഫസര്‍ ഇസ്മത് ഹുസു ചൂണ്ടിക്കാണിച്ചതുപോലെ, സമൂഹത്തിന്റെ വിപ്ലവമനസ്സാണ് കുട്ടികളിലൂടെ പുറത്തുവരുന്നത്. ഇപ്പോള്‍ നടക്കുന്ന എതൊരു പ്രതിഷേധ്രപകടനത്തിലും പ്രകടനക്കാരുടെ എണ്ണം കുറക്കാന്‍ സര്‍ക്കാര്‍ പാടുപെടുന്നു. പ്രതിഷേധകരില്‍ മുന്‍നിരയില്‍ നിലകൊള്ളുന്നത് ഇസ്‌ലാമിസ്റ്റുകളാണെന്നത് സര്‍ക്കാറിനെ ഏറെ അലോസരപ്പെടുത്തുന്നു. ജോര്‍ദാനിലെ ശക്തമായ പ്രതിപക്ഷമാണ് ഇഖ്‌വാന്‍.
ബശ്ശാറിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ എന്നോ സ്ഥാനത്യാഗം ചെയ്യുമായിരുന്നു എന്ന് പ്രഖ്യാപിച്ച അബ്ദുല്ല രാജാവ് എല്ലാ തലത്തിലും പരിഷ്‌കരണങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ആവശ്യപ്പെട്ടതും പ്രധാനമന്ത്രിയെ മാറി മാറി പരീക്ഷിക്കുന്നതും പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും അറബ് വസന്തത്തെ പ്രതിരോധിക്കാനുള്ള അടവുകള്‍ തന്നെ. സമഗ്രപരിഷ്‌കരണം നടപ്പാക്കാത്തപക്ഷം ഇലക്ഷന്‍ ബഹിഷ്‌കരിക്കുമെന്ന ഇഖ്‌വാന്റെ രാഷ്ട്രീയ വിഭാഗമായ ഇസ്‌ലാമിക് ആക്ഷന്‍ ഫ്രന്റിന്റെ ഭീഷണി നിലനില്‍ക്കുകയാണ്. നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഈജിപ്ത് ആവര്‍ത്തിക്കുമെന്ന് ഭരണകൂടവും ഭയപ്പെടുന്നുണ്ട്.
* * *
ഒരു മില്യന്‍ രക്തസാക്ഷികളെ നല്‍കി ഫ്രഞ്ച് കൊളോണയലിസത്തില്‍നിന്ന് മോചനം നേടിയ അള്‍ജീരിയക്ക് അറബ്‌വസന്തത്തില്‍ നിന്ന് പുറം തിരിഞ്ഞ് നില്‍ക്കാനാവുമോ? പൂര്‍ണ സ്വാതന്ത്ര്യത്തിനായി അള്‍ജീരിയന്‍ ജനത അറബ് വസന്തത്തെ വാരിപ്പുണരുമോ? രാഷ്ട്രീയ നിരീക്ഷകരെ കുഴക്കുന്ന ചോദ്യങ്ങളാണിത്. 1954-ല്‍ തിരികൊളുത്തിയ അള്‍ജീരിയന്‍ വിപ്ലവത്തിന് 1962 ജൂലൈ 5 വരെ കാത്തുനില്‍ക്കേണ്ടിവന്നു, 132 വര്‍ഷം നീണ്ട ഫ്രഞ്ച് കൊളോണിയലിസത്തെ കടപുഴക്കിയെറിയാന്‍. വിപ്ലവ പാരമ്പര്യമുള്ള അള്‍ജീരിയക്ക് ചുറ്റുവട്ടത്തെ ജനാധിപത്യമാററങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവുമോ? 2012 മെയ് 10ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണപക്ഷം പകുതി സീറ്റുകളും തൂത്തൂവാരുകയും ഇസ്‌ലാമിസ്റ്റുകള്‍ പിന്നാക്കംപോവുകയും ചെയ്ത പശ്ചാത്തലത്തില്‍ അള്‍ജീരിയക്കാര്‍ അറബ് വസന്തത്തെ തിരസ്‌കരിച്ചുവെന്ന് കൊട്ടിഘോഷിക്കുന്നവരുണ്ട്.
ഈജിപ്തിലെയും തുനീഷ്യയിലെയും പ്രകടനം അള്‍ജീരിയയില്‍ ആവര്‍ത്തിക്കാനായില്ലെന്നത് ശരിയാണ്. കാരണം മറ്റൊന്നല്ല. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കിപ്പോഴും അള്‍ജീരിയയില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യമില്ല. കൊട്ടിഘോഷിച്ച തെരഞ്ഞെടുപ്പില്‍ 35 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് ബൂത്തിലെത്തിയത്. യുവജനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അവിശ്വാസം രേഖപ്പെടുത്തി മാറിനില്‍ക്കുകയായിരുന്നു. 48 ശതമാനം സീററ് നേടിയ ഭരണപക്ഷത്തിന് കിട്ടിയ വോട്ടിന്റെ ശതമാനമെത്രയെന്നോ, വെറും 17. അള്‍ജീരിയയിലെ മൊത്തം വോട്ടര്‍മാരുടെ കണക്കെടുക്കുമ്പോള്‍ 6 ശതമാനത്തിന്റെ വോട്ടു മാത്രമാണ് നാഷനല്‍ ലിബറേഷന്‍ ഫ്രന്റിന് നേടാനായത്.
തുനീഷ്യ, ഈജിപ്ത്, ലിബിയ എന്നീ രാജ്യങ്ങളിലെ ഭരണമാറ്റ അനിശ്ചിതത്വത്തിന്റെ നടുവിലാണ് അള്‍ജീരിയക്കാര്‍ പോളിംഗ്ബൂത്തിലെത്തുന്നത്. ലിബിയയിലെയും യമനിലെയും രാഷ്ട്രീയ അരാജകത്വവും നിലക്കാത്ത വെടിയൊച്ചയും വോട്ടര്‍മാരെ സ്വാധീനിച്ച ഘടകമാണ്. കൂടാതെ, 1992-ലെ തെരഞ്ഞെടുപ്പില്‍ ഭരണത്തോടടുത്ത സാല്‍വേഷന്‍ ഫ്രന്റിനെ അട്ടിമറിച്ച ഗവണ്‍മെന്റ് നടപടിയെ തുടര്‍ന്ന് ഒരു ദശാബ്ദം നീണ്ടുനിന്ന രക്തപങ്കിലമായ പോരാട്ടങ്ങള്‍ അള്‍ജീരിയന്‍ ജനത ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍, ഭരണകൂടത്തെ അതിന്റെ സകലമാന ജീര്‍ണതകളും സഹിച്ച് അള്‍ജീരിയന്‍ ജനത നിലനിര്‍ത്താന്‍ തീരുമാനിച്ചാലും അതിലത്ഭുതമില്ല.
അതേസമയം, തെരഞ്ഞെടുപ്പില്‍ വന്‍ കൃത്രിമം കാണിച്ചും കള്ളവോട്ട് ചെയ്തും അധികാരദുര്‍വിനിയോഗം നടത്തിയുമാണ് ബൂതഫ്‌ലീഖയുടെ പാര്‍ട്ടി വിജയം ഉറപ്പിച്ചതെന്ന പ്രതിപക്ഷാരോപണം പ്രസക്തമാണ്. ആരോപണം ഉന്നയിച്ചത് 15 പാര്‍ട്ടികളുടെ കോണ്‍ഫെഡറേഷനായ ജീഹശശേരമഹ എൃീി േഎീൃ ജൃീലേരശേീി ീള ഉലാീരൃമര്യ ആണ്. പ്രതിപക്ഷ നേതാക്കളിലൊരാളായ അബൂജര്‍റ സുല്‍ത്താനിയുടെ വാക്കുകള്‍ കേള്‍ക്കൂ. ''തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നതില്‍ ഒരു സംശയവും വേണ്ട. ലക്ഷ്യം ഇസ്‌ലാമിസ്റ്റുകളെ ഭരണത്തില്‍ നിന്നകറ്റലാണ്. നിലവില്‍ അള്‍ജീരിയയിലെ വലിയ പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചവരുടേതാണ്. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചവര്‍ രണ്ടാംസ്ഥാനത്തും.''2012-ലെ തെരഞ്ഞെടുപ്പില്‍ വസന്തം വിരിഞ്ഞില്ലെങ്കിലും അമീര്‍ അബ്ദുല്‍ഖാദിര്‍ അല്‍ജസാഇരി ജീവിച്ച മണ്ണ് വിപ്ലവങ്ങള്‍ക്ക് വളക്കൂറുള്ളതാണെന്ന കാര്യം പ്രതീക്ഷക്ക് വക നല്‍കുന്നു.
Comments