അബ്ദുല്‍ ഇലാഹ് ബിന്‍ കീറാന്
മൊറോക്കോയിലെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി (പി.ജെ.ഡി) സെക്രട്ടറി ജനറലായ അബ്ദുല്‍ ഇലാഹ് ബിന്‍ കീറാന്‍ 1954ല്‍ തലസ്ഥാന നഗരമായ റിബാത്തിലെ അല്‍അക്കാരി ഗ്രാമത്തില്‍ ജനിച്ചു. വിവാഹിതനും ആറ് മക്കളുടെ പിതാവുമാണ്. പിതാവില്‍ നിന്ന് മതവിദ്യാഭ്യാസം നേടിയ അദ്ദേഹം 1979ല്‍ ഫിസിയോളജിയില്‍ ബിരുദം കരസ്ഥമാക്കി. അല്‍ഇസ്‌ലാഹ്, അര്‍റായ, അത്തജ്ദീദ് എന്നീ പത്രങ്ങളുടെ മേധാവിയായിട്ടുണ്ട്. റിബാത്തില്‍ അധ്യാപക കോഴ്‌സ് നടത്തുന്ന ഹയര്‍ സ്‌കൂള്‍ പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ച് തവണ മൊറോക്കോ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ തുടര്‍ച്ചയായി മൂന്ന് തവണയും വടക്കന്‍ തീരനഗരമായ സിലായില്‍ നിന്നാണ്. 2008 ജൂലൈയില്‍ സഅ്ദുദ്ദീന്‍ അല്‍ഉസ്മാനിയുടെ പിന്‍ഗാമിയായാണ് പി.ജെ.ഡിയുടെ സെക്രട്ടറി ജനറല്‍ സ്ഥാനം ഏറ്റെടുത്തത്. പാര്‍ട്ടിക്ക് പൊതുജന സ്വീകാര്യതയും മാധ്യമങ്ങളില്‍ അര്‍ഹമായ അംഗീകാരവും നേടിയെടുക്കാന്‍ ബിന്‍ കീറാന് കഴിഞ്ഞു.
മൊറോക്കോയുടെ സാമ്പത്തിക തലസ്ഥാനമായ കാസബ്ലാങ്കയില്‍ 2003ല്‍ നടന്ന തീവ്രവാദ ആക്രമണത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം പി.ജെ.ഡിക്കാണെന്ന് ആരോപിച്ച് പ്രതിയോഗികള്‍ പാര്‍ട്ടിയെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തിയത് ബിന്‍ കീറാന്റെ നയതന്ത്രപരമായ സമീപനത്തിലൂടെ മറികടക്കാന്‍ സാധിച്ചു. ഇസ്‌ലാമിക സംഘടനയിലും പാര്‍ട്ടിയിലും എത്തിച്ചേരുന്നതിന് മുമ്പ് മൊറോക്കോയിലെ നിരവധി സോഷ്യലിസ്റ്റ് പാര്‍ട്ടികളിലൂടെ ബിന്‍ കീറാന്‍ കടന്നുപോയിട്ടുണ്ട്. ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷ്‌നല്‍ യൂനിയന്‍ എന്നീ പാര്‍ട്ടികളിലൂടെ സഞ്ചരിച്ചാണ് 1976ല്‍ അദ്ദേഹം 'ഇസ്‌ലാമിക് യൂത്തി'ല്‍ എത്തിപ്പെട്ടത്. ഈ സന്ദര്‍ഭത്തിലാണ് സോഷ്യലിസ്റ്റ് നേതാവായ ഉമര്‍ ബിന്‍ ജലൂന്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് ഇസ്‌ലാമിക് യൂത്ത് നേതാവായിരുന്ന അബ്ദുല്‍ കരീം മുതീഅ് ലിബിയയിലേക്ക് നാടുവിട്ടത്. അതോടെ പാര്‍ട്ടി നേതാക്കളായ അബ്ദുല്‍ ഇലാഹ് ബിന്‍ കീറാനും സഅ്ദുദ്ദീന്‍ അല്‍ഉസ്മാനിയും മറ്റും പാര്‍ട്ടി ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായി. ചിന്താപരമായ ഭിന്നത കാരണം 'ഇസ്‌ലാമിക് യൂത്ത്' വിട്ട് ബിന്‍ കീറാനും കൂട്ടുകാരും 1981ല്‍ 'ജമാഅഃ ഇസ്‌ലാമിയ്യ' എന്ന സംഘടനക്ക് രൂപം നല്‍കി. 86-ല്‍ ബിന്‍ കീറാന്‍ സംഘടനയുടെ നേതൃത്വത്തിലെത്തി. ഇതേ സംഘടന പില്‍കാലത്ത് ആദ്യം 'തജ്ദീദ് വല്‍ ഇസ്‌ലാഹ്'’എന്ന പരിഷ്‌കരണ സംഘടനയായും ശേഷം 'തൗഹീദ് വല്‍ ഇസ്‌ലാഹ്'’എന്ന ആദര്‍ശ സംഘടനയായും അറിയപ്പെട്ടു. സംഘടനയുടെ ദേശീയ സഭയാണ് 1998ല്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കിയത്.
തുര്‍ക്കിയിലെ ഉര്‍ദുഗാന്‍ നേതൃത്വം നല്‍കുന്ന എ.കെ പാര്‍ട്ടി ഇതേ പേരാണ് സ്വീകരിച്ചിട്ടുള്ളതെങ്കിലും അറബ്, ഇസ്‌ലാമിക ലോകത്ത് ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി എന്ന പേരില്‍ ആദ്യമായി രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നവര്‍ തങ്ങളാണെന്നാണ് ബിന്‍ കീറാന്‍ അവകാശപ്പെടുന്നത്. രാജഭരണത്തിനു കീഴില്‍ ഇസ്‌ലാമിക വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന മൊറോക്കോയിലെ പി.ജെ.ഡിയും തുര്‍ക്കിയിലെ സെക്യുലര്‍ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന എ.കെ പാര്‍ട്ടിയും ഏറെ സമാനതകളുണ്ടെങ്കിലും വ്യത്യസ്തമായ ഭൂമികയിലാണ് പ്രവര്‍ത്തിക്കുന്നത്.
[email protected]
Comments