Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

വിപ്ളവം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടാതിരിക്കാന്‍

ആസിഫ് ബയാത്ത്‌

ഈജിപ്തിലും തുനീഷ്യയിലും പരാജിതരായ ഉപരിവര്‍ഗത്തില്‍നിന്ന് ഉണ്ടാവാനിടയുള്ള അട്ടിമറിയെക്കുറിച്ച് ഈയിടെ പലരും കാര്യമായി ഉല്‍കണ്ഠപ്പെടുന്നുണ്ട്. സാവധാനമെങ്കിലും സംഭവിക്കാനിടയുള്ള ഒരു പ്രതിവിപ്ലവത്തെക്കുറിച്ച സംസാരം ജനാധിപത്യ-വിപ്ലവാനുകൂല വൃത്തങ്ങളിലെല്ലാം സജീവമാണ്. അതില്‍ അത്ഭുതമൊന്നുമില്ലതാനും. മൗലികമായ മാറ്റത്തിനുവേണ്ടിയുള്ള തീക്ഷ്ണമായ പോരാട്ടമാണ് വിപ്ലവങ്ങളോരോന്നും എന്നതിനാല്‍തന്നെ ഏതൊരു വിപ്ലവവും സൂക്ഷ്മമോ സ്പഷ്ടമോ ആയ പ്രതിവിപ്ലവങ്ങളെ പ്രതീക്ഷിക്കുന്നുണ്ട്. ഫ്രാന്‍സിലും റഷ്യയിലും ചൈനയിലും നിക്കരാഗ്വേയിലും ഇറാനിലുമെല്ലാം നടന്ന വിപ്ലവങ്ങളെല്ലാം സുദീര്‍ഘമായ ആഭ്യന്തര കലാപങ്ങളെയോ ലോകയുദ്ധങ്ങളെത്തന്നെയോ അഭിമുഖീകരിച്ചിട്ടുണ്ട്. പ്രതിവിപ്ലവത്തിന്റെ ഭീഷണി പ്രതീക്ഷിക്കേണ്ടതുണ്ടോ എന്നതിലുപരി, പുനരുദ്ധാരണത്തിന്റെ സ്വാഭാവിക നാശനഷ്ടങ്ങള്‍ നികത്താന്‍മാത്രം വിപ്ലവാത്മകമായിരുന്നോ ഈ വിപ്ലവങ്ങള്‍ എന്ന ചോദ്യമാണ് പ്രസക്തം. പ്രതിവിപ്ലവങ്ങളാല്‍ പെട്ടെന്ന് ക്ഷതമേല്‍പിക്കപ്പെടാവുന്ന സവിശേഷമായൊരു സ്വഭാവം അറബ് വിപ്ലവങ്ങള്‍ക്ക് പൊതുവായുണ്ട്. രാഷ്ട്രീയ മാറ്റത്തിന്റെ വിരോധാഭാസകരമായ സഞ്ചാരപഥങ്ങളില്‍ പ്രകടമാവുന്ന അവയുടെ ഘടനാപരമായ ക്രമരാഹിത്യമാണത്.
ചരിത്രപരമായി, പ്രയോഗതലത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള മൂന്നിനം രാഷ്ട്രീയ-ഭരണകൂട മാറ്റങ്ങള്‍ കണ്ടെത്താനാവും. പരിഷ്‌കരണമാറ്റം (Reformist Change) ആണ് ഒരിനം. ഇത്തരം സാഹചര്യങ്ങളില്‍ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിരന്തര പ്രചാരണങ്ങള്‍ വഴി നിലവിലെ ഭരണകൂട സംവിധാനങ്ങളിലൂടെത്തന്നെ പരിഷ്‌കരണങ്ങള്‍ നടപ്പില്‍വരുത്താന്‍ ഭരണകൂടത്തില്‍ സുസംഘടിതമായി സമ്മര്‍ദം ചെലുത്തുന്നു. മറ്റൊരു ഭാഷയില്‍, തങ്ങളുടെ സാമൂഹ്യ ശക്തിയാല്‍-അടിസ്ഥാന വര്‍ഗങ്ങളെ സംഘടിപ്പിച്ചുകൊണ്ട്-പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ വരേണ്യവര്‍ഗത്തെ സ്വയം പരിഷ്‌കരിക്കാനും നിലവിലെ നിയമസംവിധാനങ്ങളിലും സ്ഥാപനങ്ങളിലും പരിഷ്‌കരണങ്ങള്‍ നടപ്പാക്കാനും നിര്‍ബന്ധിക്കുന്നു. പലപ്പോഴും ചില സാമൂഹിക ഉടമ്പടികളിലൂടെയാണ് അതു സാക്ഷാത്കരിക്കപ്പെടാറ്. അങ്ങനെ, നിലവിലെ രാഷ്ട്രീയ വ്യവസ്ഥയുടെ ചട്ടക്കൂടിനകത്തുതന്നെ ഒതുങ്ങിക്കൊണ്ടുള്ള ഒരു മാറ്റമാണ് സംഭവിക്കുന്നത്.1980-കളില്‍ ബ്രസീല്‍, മെക്‌സിക്കോ പോലുള്ള രാജ്യങ്ങളില്‍ ജനാധിപത്യത്തിലേക്കുണ്ടായ പരിവര്‍ത്തനം ഈ സ്വഭാവത്തിലുള്ളതായിരുന്നു. ഇറാനിലെ ഗ്രീന്‍ മൂവ്‌മെന്റിന്റെ നേതൃത്വം ഇതേ പരിഷ്‌കരണ രീതിയാണ് ഇപ്പോള്‍ അനുവര്‍ത്തിക്കുന്നത്.
ഇത്തരം പരിവര്‍ത്തനങ്ങളില്‍ പരിഷ്‌കരണത്തിന്റെ ആഴവും പരപ്പും ഭിന്നമായിരിക്കും. മാറ്റങ്ങള്‍ പലപ്പോഴും ഉപരിപ്ലവമായിരിക്കുമെങ്കിലും രാഷ്ട്രീയവും സാംസ്‌കാരികവും നിയമപരവും സ്ഥാപനപരവുമായ തുടര്‍ പരിഷ്‌കരണങ്ങളുണ്ടാവുകയാണെങ്കില്‍ ഇത്തരം വിപ്ലവങ്ങളും കൂടുതല്‍ ആഴത്തിലുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കും.
രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ രണ്ടാമതൊരു രീതി പ്രക്ഷോഭങ്ങളുടേതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്‍പം കാലദൈര്‍ഘ്യമുണ്ടായാലും ഒരു വിപ്ലവപ്രസ്ഥാനം രൂപപ്പെട്ടുവരികയാണ് ചെയ്യുന്നത്. അതോടൊപ്പം, ഭാവി രാഷ്ട്രീയ ഘടനയുടെ രൂപരേഖയുമായി അംഗീകൃതമായൊരു സംഘടനയും നേതൃത്വവും രൂപപ്പെട്ടുവരികയും ചെയ്യുന്നു. നിലവിലെ ഭരണകൂടം പോലീസിനെയും സൈനിക സംവിധാനങ്ങളെയുമുപയോഗിച്ച് ചെറുത്തുനില്‍പ് തുടരുമെങ്കിലും അതിന്റെ അടിത്തറക്ക് ക്രമേണ വിള്ളലേറ്റു തുടങ്ങുന്നു. അങ്ങനെ, വിപ്ലവ പാര്‍ട്ടികള്‍ മുന്നേറ്റം തുടരുകയും നിലവിലെ ഭരണകൂടത്തില്‍നിന്നും കൂറുമാറിയവര്‍ അവരില്‍ ആകൃഷ്ടരാവുകയും അങ്ങിനെ ഒരു ബദല്‍ ഭരണകൂടം സ്ഥാപിച്ചുകൊണ്ട് ബദല്‍ അധികാരത്തിന്റെ ചില മൗലിക സംവിധാനങ്ങളുടെ നിര്‍മിതിയാരംഭിക്കുകയും ചെയ്യുന്നു. അതിനിടെ, നിലവിലെ ഭരണകൂടത്തിന്റെ അധികാരം കയ്യാളുന്ന ഒരു ദ്വന്ദ്വാധികാര (Dual power) സാഹചര്യം സംജാതമാവുകയും ചെയ്യുന്നു. തുടര്‍ന്ന് ഒരു സായുധ വിപ്ലവത്തിലൂടെ വിപ്ലവകാരികള്‍ ഭരണകൂടത്തെ കീഴ്‌പെടുത്തുകയും പഴയ അധികാര സംവിധാനങ്ങളെ ബലപ്രയോഗത്തിലൂടെ തൂത്തെറിഞ്ഞ് പുതിയവ സ്ഥാപിക്കുകയും ചെയ്യുമ്പോഴാണ് ഈ ദ്വന്ദ്വാധികാര അവസ്ഥക്ക് വിരാമമാവുന്നത്. പുതിയ പ്രത്യയശാസ്ത്രവും ഭരണരീതിയും ഭാരവാഹികളുമെല്ലാമായി നിലവിലെ ഭരണകൂടത്തിന്റെ സമഗ്രമായൊരു അഴിച്ചുപണിതന്നെയാണ് ഇവിടെ സംഭവിക്കുന്നത്. 1979ലെ ഇറാന്‍ വിപ്ലവവും നിക്കരാഗ്വയിലെ സാന്ദിനിസ്റ്റ് വിപ്ലവവും 1952ലെ ക്യൂബന്‍ വിപ്ലവവുമെല്ലാം ഈ ഗണത്തില്‍ പെട്ടവയായിരുന്നു.
നിലവിലെ ഭരണകൂടത്തിനകത്തുതന്നെയുള്ള പൊട്ടിത്തെറിയാണ് മൂന്നാമതൊരു സാധ്യത. വിപ്ലവ പ്രസ്ഥാനങ്ങള്‍ ജനകീയ സമരങ്ങളിലൂടെയോ സായുധ പ്രക്ഷോഭത്തിലൂടെയോ നിലവിലെ ഭരണകൂടത്തെ വലയം ചെയ്യുകയും ഒടുവില്‍ അതിനകത്തുതന്നെ സ്‌ഫോടനങ്ങള്‍ സംഭവിച്ച് അതു തകര്‍ന്നു വീഴുകയും ചെയ്യുന്നു. അതോടെ തല്‍സ്ഥാനത്ത് ബദല്‍ അധികാര സംവിധാനവും സ്ഥാപനങ്ങളും ഉയര്‍ന്നുവരുന്നു.1989-ല്‍ റുമാനിയയിലെ ചെഷസ്‌ക്യൂ ഭരണകൂടം തകര്‍ന്നുവീണത് നാടകീയമായൊരു രാഷ്ട്രീയ അട്ടിമറിയിലൂടെയായിരുന്നെങ്കിലും ഒടുവില്‍, പുതുതായി സ്ഥാപിതമായ 'നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട്' എന്ന രാഷ്ട്രീയ പാര്‍ട്ടിക്കു കീഴില്‍ തികച്ചും വ്യതിരിക്തമായൊരു രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയുടെ നിര്‍മിതിയിലാണ് അതു പര്യവസാനിച്ചത്. രാഷ്ട്രീയ മാറ്റത്തിന്റെ 'പരിഷ്‌കരണ രീതി'യില്‍നിന്നും ഭിന്നമായി, മറ്റു രണ്ടിനം വിപ്ലവങ്ങളിലും നിലവിലെ ഭരണകൂട സ്ഥാപനങ്ങളിലൂടെയല്ല, മറിച്ച്, അതിന്റെ ഘടനക്ക് തികച്ചും ബാഹ്യമായ സംവിധാനങ്ങളിലൂടെയാണ് രാഷ്ട്രീയ ഘടനയെ പരിഷ്‌കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
എന്നാല്‍, തുനീഷ്യയിലെയും ഈജിപ്തിലെയും വിപ്ലവങ്ങളെ ഇപ്പറഞ്ഞ ഒരു രീതിയോടും ചേര്‍ത്തുവെക്കാനാവില്ല. ഈ രണ്ടിടങ്ങളിലും ശക്തമായ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ വര്‍ത്തമാന കാലഘട്ടത്തിലെ ഏറ്റവും വേഗമേറിയ വിപ്ലവങ്ങളിലേക്ക് നയിക്കുകയായിരുന്നു. കേവലം ഒരൊറ്റ മാസംകൊണ്ടു തുനീഷ്യക്കാര്‍ക്കും, പതിനെട്ടു ദിവസം കൊണ്ട് ഈജിപ്തുകാര്‍ക്കും ദീര്‍ഘകാലം സ്വേഛാധിപതികളായി വാണ ഭരണകര്‍ത്താക്കളെ സ്ഥാനഭ്രഷ്ടരാക്കാന്‍ കഴിഞ്ഞു. സ്വേഛാധിപതികളെ മാത്രമല്ല, അവരുടെ സ്വേഛാധിപത്യത്തിന്റെ ഭാഗമായിരുന്ന പാര്‍ട്ടികളെയും നിയമനിര്‍മാണ സംവിധാനങ്ങളെയും മന്ത്രിസഭകളെയുമെല്ലാം തകര്‍ത്തുകളയാനും രാഷ്ട്രീയ-ഭരണഘടനാ പരിഷ്‌കാരങ്ങള്‍ വാഗ്ദാനംചെയ്യാനും അവര്‍ക്കു കഴിഞ്ഞു. ജനപങ്കാളിത്തത്തോടെ സമാധാനപരമായും എന്നാല്‍ അതിവേഗത്തിലുമാണ് ഈ നേട്ടങ്ങളെല്ലാം കൈവരിക്കാനായത് എന്നതാണ് ഏറെ ശ്രദ്ധേയം. എന്നാല്‍, അത്ഭുതകരമാംവിധം വേഗത്തില്‍ ലക്ഷ്യംകണ്ട ഈ വിപ്ലവങ്ങള്‍ പുതിയ ഭരണകൂടത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ പര്യാപ്തമായ സമാന്തര സംവിധാനങ്ങള്‍ നിര്‍മിച്ചെടുക്കാനുള്ള സാവകാശം സൃഷ്ടിച്ചിരുന്നില്ല. മറിച്ച്, ഭരണഘടനാ പരിഷ്‌കരണം, സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തല്‍, പൂര്‍ണപ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സാഹചര്യമൊരുക്കല്‍, അതുവഴി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജനാധിപത്യ ഭരണം സുസ്ഥാപിക്കല്‍ തുടങ്ങി വിപ്ലവത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുംവിധമുള്ള പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ നിലവിലെ ഭരണകൂട സ്ഥാപനങ്ങളോടുതന്നെ ആവശ്യപ്പെടുകയാണ് ചെയ്തത്. ഈജിപ്തില്‍ വിപ്ലവകാരികള്‍ സൈന്യത്തോടാവശ്യപ്പെട്ടതും ഇതുതന്നെയായിരുന്നു. ഇത്തരം വിപ്ലവങ്ങളുടെ കാര്യമായൊരു പോരായ്മയും ഇതുതന്നെയാകുന്നു. അതിവിപുലമായ സാമൂഹ്യ ശക്തിയാര്‍ജിക്കുന്ന വിപ്ലവപക്ഷക്കാര്‍ക്കു പക്ഷേ, ഭരണാധികാരം ലഭിക്കുന്നില്ല. പ്രകടമായ ആധിപത്യം നേടാനാവുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ ഭരണം നടത്താനാവുന്നില്ല. അങ്ങനെ, വിപ്ലവത്തിന്റെ ലക്ഷ്യങ്ങളെ മൂര്‍ത്തവത്കരിക്കുന്ന പുതിയ ഭരണരീതിയോ ഭരണകൂടമോ ഭരണസംവിധാനമോ ഇല്ലാതെ, വിപ്ലവപൂര്‍വ ഭരണകൂടങ്ങള്‍ തല്‍സ്ഥാനത്തുതന്നെ തുടരുന്ന സ്ഥിതിവിശേഷമുണ്ടാവുന്നു.
അറബ് വിപ്ലവങ്ങളെപ്പോലെ, 1990കളിലെ കിഴക്കന്‍ യൂറോപ്യന്‍ വിപ്ലവങ്ങളും അഹിംസാത്മകവും ജനകീയവും ത്വരിതവുമായിരുന്നു. കിഴക്കന്‍ ജര്‍മനിയിലെ വിപ്ലവം കേവലം പത്തു ദിവസംകൊണ്ടാണ് യാഥാര്‍ഥ്യമായത്. പക്ഷേ, തുനീഷ്യയില്‍നിന്നും ഈജിപ്തില്‍നിന്നും ഭിന്നമായി, നിലവിലെ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥകളെ അടിമുടി മാറ്റിപ്പണിയാന്‍ അവക്കു കഴിഞ്ഞിരുന്നു. ആന്തരിക ശൈഥില്യം ബാധിച്ച കിഴക്കന്‍ ജര്‍മന്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് നിലവിലുണ്ടായിരുന്ന പശ്ചിമ ജര്‍മന്‍ ഭരണസംവിധാനത്തില്‍ എളുപ്പത്തില്‍ ലയിച്ചുചേരാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. ഇത്തരമൊരു ഭരണകൂടവും, അവരാഗ്രഹിച്ചിരുന്ന ഉദാര ജനാധിപത്യവും കമ്പോള സമ്പദ്‌വ്യവസ്ഥയും മൗലികാര്‍ഥത്തില്‍ തന്നെ ഭിന്നമായിരുന്നതിനാല്‍ മാറ്റത്തിന്റെ സഞ്ചാരപഥങ്ങള്‍ തീര്‍ത്തും വിപ്ലവാത്മകമായിരുന്നു. ഉപരിപ്ലവമായ 'റിഫോമിസ്റ്റ്' വിപ്ലവങ്ങളെ എളുപ്പത്തില്‍ തിരിച്ചറിയാനും ചെറുക്കാനും സാധിക്കും. എന്നാല്‍ അറബ് വിപ്ലവങ്ങളില്‍ സ്ഥിതി ഭിന്നമാണ്. അവയിലുന്നയിക്കപ്പെടുന്ന, ''മാറ്റം, സ്വാതന്ത്ര്യം, സാമൂഹ്യനീതി'' തുടങ്ങിയ ആശയങ്ങള്‍ പ്രതിവിപ്ലവകാരികള്‍ക്കുകൂടി ഉന്നയിക്കാനാവുംവിധം അസ്പഷ്ടവും വിശാലവുമാണ്. ഈയര്‍ഥത്തില്‍ ജോര്‍ജിയയിലെ റോസാപ്പൂ വിപ്ലവത്തെയും (2003) ഉക്രൈനിലെ ഓറഞ്ച് റവല്യൂഷനെയുമാണ് അറബ് വിപ്ലവങ്ങള്‍ അനുസ്മരിപ്പിക്കുന്നത്. രണ്ടിടങ്ങളിലും വന്‍ ജനാവലി അണിനിരന്ന നിരന്തര ജനകീയ പ്രതിഷേധങ്ങള്‍ നിലവിലെ വഞ്ചക ഭരണകൂടങ്ങളെ താഴെയിറക്കുകയായിരുന്നു. ഇത്തരം വിപ്ലവങ്ങളില്‍ മാറ്റത്തിന്റെ ദിശ കൃത്യമായിപ്പറഞ്ഞാല്‍, വിപ്ലവാത്മകം (റവല്യൂഷനറി) എന്നതിലുപരി പരിഷ്‌കരണാത്മക(റിഫോമിസ്റ്റ്)മായിരുന്നു.
പക്ഷേ, ഇപ്പോഴത്തെ അറബ് രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷാവഹമായൊരു വശമുണ്ട്. ഉക്രൈനിലെയും ജോര്‍ജിയയിലെയും വിപ്ലവങ്ങളെക്കാളെല്ലാം അറബ് വിപ്ലവങ്ങളെ ഗംഭീരമാക്കുന്ന ശക്തമായൊരു 'റെവല്യൂഷണറി മോഡ്' ഇപ്പോഴത്തെ അറബ് മുന്നേറ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വസ്തുത അനിഷേധ്യമാണ്. തുനീഷ്യയിലെയും ഈജിപ്തിലെയും സ്വേഛാധിപതികളുടെയും അവരുടെ മര്‍ദനോപകരണങ്ങളുടെയും തകര്‍ച്ച രാജ്യത്തെ പൗരന്മാര്‍ക്ക്, വിശേഷിച്ചും പാര്‍ശ്വവല്‍കൃതര്‍ക്ക്, സ്വന്തം സമൂഹത്തിന്റെ വീണ്ടെടുപ്പിനുള്ള അഭൂതപൂര്‍വമായ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്ന മിക്ക വഴിത്തിരിവുകളിലും സംഭവിക്കാറുള്ളപോലെ പൊതുസമൂഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് അസാമാന്യമായ ഊര്‍ജം പകരാന്‍ വിപ്ലവങ്ങള്‍ക്കു കഴിഞ്ഞു. നിരോധിക്കപ്പെട്ടിരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ മുഖ്യധാരയില്‍ പ്രവേശിക്കുകയും പുതിയ പാര്‍ട്ടികള്‍ രൂപീകരിക്കപ്പെടുകയും ചെയ്തു. ഈജിപ്തില്‍ ഇപ്പോള്‍ തൊഴിലാളികള്‍ പീഡന ഭയമില്ലാതെ, ഇക്കാലമത്രയും തങ്ങള്‍ക്കു നിഷേധിക്കപ്പെട്ടിരുന്ന അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയാണ്. സ്വതന്ത്ര തൊഴിലാളി യൂനിയനുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണവര്‍. മാറ്റം, സ്വാതന്ത്ര്യം, സാമൂഹ്യനീതി എന്നീ വിപ്ലവതത്ത്വങ്ങളുടെ സാക്ഷാത്കാരത്തിനായി 'ജനുവരി 25ലെ വിപ്ലവകാരികളുടെ സഖ്യം' എന്ന പേരിലൊരു യൂനിയനും രൂപീകരിക്കപ്പെട്ടു കഴിഞ്ഞു. ഗ്രാമങ്ങളിലെ പത്ത് സെന്റില്‍ താഴെ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ സ്വതന്ത്ര സിന്റിക്കേറ്റുകളായി സ്വയം സംഘടിക്കുകയാണ്. മറ്റുള്ളവര്‍ ഉയര്‍ന്ന വേതനത്തിനും തൊഴില്‍സാഹചര്യങ്ങള്‍ക്കുമായി പോരാട്ടം തുടരുകയാണ്. ഈയിടെ രൂപംകൊണ്ട കയ്‌റോയിലെ ചേരിനിവാസികളുടെ സംഘടനയായ ഒ.ആര്‍.സി.എ അഴിമതിക്കാരായ ഗവര്‍ണര്‍മാരെ മാറ്റണമെന്നും സ്വേഛാധിപത്യ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്തിരുന്ന പ്രാദേശിക കൗണ്‍സിലുകളെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. ചേരിപ്രദേശങ്ങള്‍ ശുചീകരിച്ചുകൊണ്ടും സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായിക്കൊണ്ടും അഭിമാനം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് യുവാക്കള്‍. പാഠ്യപദ്ധതിയില്‍ മാറ്റം വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ തെരുവിലേക്കൊഴുകുകയാണ്. വിഭാഗീയതയെ ശക്തിപ്പെടുത്തും വിധമുള്ള ഊഹാപോഹങ്ങളെ പ്രതിരോധിക്കാനായി കോപ്റ്റുകളും മുസ്‌ലിംകളും യോജിച്ചു നീങ്ങാന്‍ തീരുമാനിച്ച കാര്യം നമുക്കാദ്യമേ അറിയാമല്ലോ. 'തഹ്‌രീര്‍ റവ്യൂഷനറി ഫ്രണ്ടാ'വട്ടെ, പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേഗത കൂട്ടാനായി സേനാ മേധാവികള്‍ക്കുമേല്‍ നിരന്തരം സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. അഭൂതപൂര്‍വമായ ജനകീയ ഇടപെടലുകളെയാണ് ഇതെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍, ഇതിലെല്ലാമുപരി, അത്യസാധാരണമായ വിമോചനബോധവും ആത്മസാക്ഷാല്‍ക്കാരത്തിനുള്ള ദാഹവും, പുതുനീതിക്രമത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുമെല്ലാമാണ് ഈ വിപ്ലവങ്ങളുടെ ആത്മാവ്. പുതിയതിനോടുള്ള വിപ്ലവാത്മകമായ മോഹത്തിനും, പഴയതില്‍ അഭയം തേടുന്നതിലേക്ക് നയിക്കുംവിധമുള്ള ഒരു 'റിഫോമിസ്റ്റ് സ്ട്രാറ്റജി'ക്കുമിടയിലെ വൈരുധ്യമാണ് ഈ വിപ്ലവങ്ങളിലെ ഒരു പ്രധാന ക്രമക്കേട്. അത് പ്രകടമാക്കുന്നുണ്ടെങ്കിലും ഈ വഴിത്തിരിവുകളിലെല്ലാം സ്വന്തം രാഷ്ട്രീയ ഉപരിവര്‍ഗത്തേക്കാള്‍ ഒരുപാടു മുമ്പേ നടക്കാന്‍ അറബ് ജനതക്ക് കഴിഞ്ഞു.
എങ്കില്‍, അറബ് നാടുകളില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ വിപ്ലവങ്ങളെ നാം എവ്വിധം നിര്‍വചിക്കും എന്ന പ്രശ്‌നമുയരുന്നു. സ്വയമൊരു വിപ്ലവത്തിന്റെ സ്വഭാവവും ഈ വിപ്ലവങ്ങള്‍ക്കില്ല. അതേസമയം, കേവലം ചില പരിഷ്‌കരണ നടപടികളായി ഇവയെ ഒതുക്കാനുമാവില്ല. നമുക്കീ പ്രക്ഷോഭങ്ങളെ Refo-lutions എന്നു വിളിക്കാം. അഥവാ, നിലവിലെ ഭരണകൂട സ്ഥാപനങ്ങളിലൂടെതന്നെ പരിഷ്‌കരണങ്ങള്‍ (Reforms) ലക്ഷ്യം വെച്ചുകൊണ്ടുള്ള വിപ്ലവങ്ങള്‍ (Revolutions). തത്വത്തില്‍ പരിപോഷിപ്പിക്കപ്പെടേണ്ടതും അതേസമയം ക്ഷയോന്മുഖവും ദുര്‍ബലവുമായ തലങ്ങള്‍ ഉള്‍ക്കൊള്ളുന്ന വൈരുധ്യാത്മകമായ പ്രക്രിയകളെയാണ് Refo-lutions പ്രതിനിധീകരിക്കുന്നത്. വിപ്ലവങ്ങളുടെ അനിവാര്യ അനുബന്ധങ്ങളായ അക്രമങ്ങളെയും നശീകരണങ്ങളെയും അരാജകത്വത്തെയുമൊഴിവാക്കി ക്രമാനുഗതമായ പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നു എന്നതാണ് ഇവയുടെ ഗുണവശം. അതേസമയം വിപ്ലവാനുബന്ധങ്ങളായി വരാറുള്ള ഭീതിയുടെ വാഴ്ച, ബഹിഷ്‌കരണം, പ്രതികാരം, വിചാരണകള്‍, കഴുമരങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാനും സാധിക്കും. സാമൂഹ്യ ഉടമ്പടികളിലൂടെയുള്ള അകൃത്രിമമായ പരിവര്‍ത്തനങ്ങള്‍ക്കും സാധ്യതയുണ്ട്. പക്ഷേ, അടിസ്ഥാന ജനവിഭാഗങ്ങളും സിവില്‍സമൂഹ സംഘടനകളും സാമൂഹ്യ പ്രസ്ഥാനങ്ങളും തുടര്‍ന്നും ജാഗരൂകരാവുകയും ഒന്നിച്ചു നിന്ന് സമ്മര്‍ദം തുടരുകയും ചെയ്താല്‍ മാത്രമേ അതു സാധ്യമാവൂ. അതല്ലാത്തപക്ഷം, ഭരണകൂട അധികാരത്തിന്റെ സുപ്രധാന സ്ഥാപനങ്ങളില്‍ കാര്യമായ വിപ്ലവമൊന്നും നടക്കാത്തതിനാല്‍ Refo-lutions എപ്പോഴും പ്രതിവിപ്ലവത്തിന്റെ ഭീഷണി പേറുന്നുണ്ട്. ജനകീയ പ്രക്ഷോഭങ്ങളുടെ കാഠിന്യത്താല്‍ മുറിവേറ്റ സ്ഥാനഭ്രഷ്ടര്‍ പുനഃസംഘടിക്കാനും അട്ടിമറിക്കു കോപ്പുകൂട്ടാനും എതിര്‍ പ്രചാരണങ്ങള്‍ ശക്തിപ്പെടുത്താനും സാധ്യതയുണ്ട്. സ്ഥാനഭ്രഷ്ടരായ ഉന്നതോദ്യോഗസ്ഥരും പഴയ പാര്‍ട്ടി നേതാക്കളും മുഖ്യ പത്രാധിപന്‍മാരും വമ്പന്‍ ബിസിനസുകാരും മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്മാരും സൈനിക മേധാവികളുമെല്ലാം അധികാരത്തിന്റെയും പരസ്യപ്രചാരണങ്ങളുടെയും കേന്ദ്രങ്ങളിലേക്ക് നുഴഞ്ഞുകയറുകയും കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുകയും ചെയ്‌തേക്കും. വിപ്ലവാവേശം ശമിക്കുകയും സാധാരണ ജീവിതം പുനഃസ്ഥാപിതമാവുകയും പുനര്‍നിര്‍മാണത്തിന്റെ തിക്തയാഥാര്‍ഥ്യങ്ങള്‍ പ്രകടമാവുകയും ചെയ്ത് സാധാരണക്കാര്‍ വിപ്ലവാവേശത്തിന്റെ മോഹവലയത്തില്‍നിന്ന് മോചിതരാവുകയും ചെയ്താല്‍ അപകടം സുനിശ്ചിതമാണ്. Refo-lution നെ റവല്യൂഷനായി മാറ്റിയെടുക്കാത്തിടത്തോളം, അര്‍ഥവത്തായ ഒരു പരിവര്‍ത്തനത്തെക്കുറിച്ചുള്ള പ്രതീക്ഷ അസ്ഥാനത്തായിരിക്കും.
(ഇറാനിയന്‍ വംശജനായ ആസിഫ് ബയാത്ത് ഇലനോയിഡ് സര്‍വകലാശാലയിലല്‍ മധ്യ പൗരസ്ത്യ പഠന വിഭാഗത്തില്‍ അധ്യാപകനാണ്)
[email protected]
വിവര്‍ത്തനം: വി. ബഷീര്‍

Comments

Other Post