ചെറുപ്പക്കാര്‍ അവരുടെ തത്ത്വശാസ്ത്രങ്ങളും സംസ്‌കാരവും മാറ്റിയെഴുതുമ്പോള്‍
അറബ് വസന്തം നിരവധി വാര്‍പ്പു മാതൃകകളെ കടപുഴക്കിയെറിയുന്നതായിരുന്നു. ആഫ്രിക്കയെയും അറബ് മുസ്‌ലിം ലോകത്തെയും കുറിച്ച യൂറോ-അമേരിക്കന്‍ കേന്ദ്രീകൃത തീര്‍പ്പുകളെയാണ് മുല്ലപ്പൂ വസന്തം തോല്‍പിച്ചുകളഞ്ഞത്. ആഫ്രിക്ക ഇരുണ്ട ദേശവും അറബ് മുസ്‌ലിംകള്‍ അപരികൃഷ്തരുമെന്ന വൈജ്ഞാനിക, രാഷ്ട്രീയ വിധിയെഴുത്തുകള്‍ക്കെതിരെയുള്ള സുഗന്ധപൂരിതമായ കലാപം. ശേഷിയില്ലായ്മയുടെ മതമായി കരുതപ്പെട്ട ഇസ്‌ലാം തന്നെയാണ് ഈ വിപ്ലവത്തിന്റെ കരുത്തായി വര്‍ത്തിച്ചതെന്ന് പറയുമ്പോള്‍ 'ലിബറല്‍' വ്യവഹാരങ്ങള്‍ക്ക് പരിഭ്രാന്തിയുണ്ടാവുക സ്വാഭാവികമാണ്. അമേരിക്ക യജമാനനും ലോകം അടിമയുമായ ദ്വന്ദ്വം സൃഷ്ടിച്ച് ഗ്രന്ഥം രചിച്ച ഫുകുയാമയുടെ (The End of History) വാദങ്ങളെ ഉത്തരാഫ്രിക്കയിലെയും മധ്യേഷ്യയിലെയും ചെറുപ്പം ചോദ്യം ചെയ്തു. ജോര്‍ജ് ഡബ്ല്യു ബുഷ് പ്രസ്താവിച്ചത് 'ഒന്നുകില്‍ അമേരിക്കയുടെ കൂടെ, അല്ലെങ്കില്‍ ഭീകരരുടെ കൂടെ' എന്നായിരുന്നു. അത് രണ്ടുമല്ലാത്ത സാധ്യതകളാണ് മുല്ലപ്പൂ വിപ്ലവം പടര്‍ത്തിയത്. ചെറുപ്പത്തെക്കുറിച്ച് 'ഒന്നിനും കൊള്ളാത്തവര്‍' എന്ന് നമ്മുടെ നാട്ടിലെ ചായക്കടയില്‍ നിന്നും പരിതപിക്കുന്ന മുതിര്‍ന്ന തലമുറ മുതല്‍ ലോക പ്രശസ്ത ചരിത്രകാരന്മാര്‍ വരെയുള്ളവര്‍ക്കും അമ്പരപ്പിക്കുന്ന മാറ്റമാണ് പശ്ചിമേഷ്യയിലെ ചെറുപ്പം നല്‍കിയത്. ലോക വിപ്ലവ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ജനകീയ പങ്കാളിത്തമാണ് അറബ് വസന്തത്തിലുണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവമായി കരുതപ്പെടുന്ന ഫ്രഞ്ച് വിപ്ലവത്തില്‍ 2.5 ശതമാനം പേര്‍ മാത്രമാണ് പങ്കെടുത്തത്. എന്നാല്‍, തഹ്‌രീര്‍ സ്‌ക്വയറില്‍ മാത്രം 27 ശതമാനം ജനങ്ങള്‍ പങ്കെടുത്തു. ഇതില്‍, 80 ശതമാനവും മുപ്പത് വയസ്സിനു താഴെയുള്ളവരായിരുന്നു. ഹുസ്‌നിമുബാറകും ഖദ്ദാഫിയും ബിന്‍അലിയും വളര്‍ത്തിയെടുത്ത അതേ തലമുറ തന്നെ തെരുവില്‍ പോരാട്ടത്തിലേര്‍പ്പെടുകയും ഏകാധിപതികളെ തുരത്തിയോടിക്കുകയും ചെയ്തു.
കേണല്‍ മുഅമ്മര്‍ ഖദ്ദാഫി ലിബിയയില്‍ എല്ലാ കോളേജുകളിലും സ്‌കൂളുകളിലും പഠിപ്പിച്ചിരുന്ന പുസ്തകമായിരുന്നു ഗ്രീന്‍ ബുക് (അല്‍ കിതാബുല്‍ അഖ്ദര്‍). ഖദ്ദാഫിയുടെ വികസന സങ്കല്‍പങ്ങളും അപദാനങ്ങളുമടങ്ങിയ ഈ പുസ്തകം പാഠശാലകളില്‍ നിന്ന് മനഃപാഠമാക്കിയ യുവാക്കള്‍ തന്നെയാണ് ഖദ്ദാഫിയുടെ അന്തകരായത്. എലിയെ വേട്ടയാടുന്നത് പോലെ ഇസ്‌ലാമിസ്റ്റുകളെ വേട്ടയാടുമെന്ന് വിളംബരംചെയ്ത അതേ ഭരണാധികാരിയെയാണ് ലിബിയയിലെ വിദ്യാര്‍ഥികളും യുവാക്കളും ചേര്‍ന്ന് എലിയെ പിടിക്കുന്നതുപോലെ ഓടയില്‍നിന്ന് പിടികൂടി വധിച്ചത്.
മുല്ലപ്പൂ വിപ്ലവത്തിന് നിമിത്തമായത് മുഹമ്മദ് ബൂ അസീസി എന്ന ചെറുപ്പക്കാരനാണ്. ബിരുദധാരിയായ ഈ യുവാവിന്റെ ആത്മഹത്യയാണ് അറബ് വസന്തമായി പടര്‍ന്നുകയറിയത്. അമേരിക്കയിലും ബ്രിട്ടനിലും ഫ്രാന്‍സിലും വെള്ളക്കാരായ ചെറുപ്പക്കാര്‍ക്കുപോലും ജീവിതം സാധ്യമാക്കുന്നതിന് 'അപരിഷ്‌കൃതരായ' ആഫ്രിക്കയിലെയും അറേബ്യയിലെയും യുവാക്കളുടെ ചങ്കൂറ്റത്തെ അനുകരിക്കേണ്ടിവന്നു. തൊഴിലില്ലായ്മയും ദാരിദ്ര്യവും അനുദിനം വര്‍ധിച്ചുവരുന്ന അമേരിക്കയിലും സഖ്യരാഷ്ട്രങ്ങളിലും 'വാള്‍സ്ട്രീറ്റ്' പ്രക്ഷോഭം ശക്തിപ്പെട്ടത് അറബ് മുല്ലപ്പൂവിന്റെ പരാഗണത്തിലൂടെയായിരുന്നു. ജനാധികാരത്തിന്റെ പാഠങ്ങള്‍ പശ്ചിമേഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്ന പാശ്ചാത്യ രാഷ്ട്രങ്ങളുടെ അടുക്കളയിലും അരമനയിലും ജനാധിപത്യ പോരാട്ടങ്ങള്‍ ശക്തിപ്പെട്ടു വരുന്നതിലെ വൈരുധ്യവും ഇതിലൂടെ കാണാന്‍ കഴിയും.
അറബ് വസന്തം ചാക്രികമായ സ്വഭാവത്തിലൂടെ ലോകത്തെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുകയാണ്. ഒരു കൂട്ടം ചെറുപ്പക്കാര്‍ രോഷാകുലരായി തെരുവിലേക്കിറങ്ങിയപ്പോള്‍ യാദൃഛികമായി സംഭവിച്ചതല്ല ഈ ചരിത്രപരമായ ഗതിമാറ്റങ്ങള്‍. മറിച്ച്, തത്ത്വശാസ്ത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ക്രിയാത്മക പരിവര്‍ത്തനങ്ങളാണ് ഇവിടെ അരങ്ങേറിയത്. കമ്മ്യൂണിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്കും മുതലാളിത്തത്തില്‍നിന്ന് മാര്‍ക്‌സിസത്തിലേക്കുമുള്ള പഴകിയ മാറ്റങ്ങളെ മാത്രം സ്വീകരിച്ചിരുന്ന ലോകക്രമത്തിന് ഈ ഭൗതിക രാസഘടനയില്‍നിന്ന് മോചനം സാധ്യമാക്കുന്ന ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തെയാണ് അറബ് വിപ്ലവം പരീക്ഷിച്ചത്. മതത്തിന്റെ പൊതുപ്രവേശത്തെ ഭീതിയോടെയും ആശങ്കയോടെയും മാത്രം വിലയിരുത്തിയവര്‍ക്കും അതിനെ 'ഭീകരവാദമാക്കി ചെറുതാക്കിയവര്‍ക്കുമുള്ള താക്കീതുകൂടിയായിരുന്നു തഹ്‌രീര്‍ സ്‌ക്വയറും തഗ്‌യീര്‍ സ്‌ക്വയറും മുല്ലപ്പൂ വിപ്ലവവും മൂവ് ആസാദി സ്‌ക്വയറും നല്‍കിയത്. പ്രതികരണശേഷിയുള്ള ചെറുപ്പത്തിന്റെ ട്രന്‍ഡ് സെറ്റ് ചെയ്യാന്‍ ഇസ്‌ലാമിനു സാധിച്ചത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയാണ്.
യുവത്വം അവരുടെ തത്ത്വശാസ്ത്രവും സംസ്‌കാരവും മാറ്റിയെഴുതിയതാണ് അറബ് വസന്തം. യുവാക്കളുടെ വര്‍ദ്ധിച്ച പങ്കാളിത്തം മാത്രമല്ല ഈ വിപ്ലവത്തെ സവിശേഷമാക്കുന്നത്. യുവാക്കളുടെ സംസ്‌കാരവും വസന്തത്തില്‍ ആഘോഷപൂര്‍വം പങ്കാളിത്തം വഹിച്ചു. ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, മൊബൈല്‍, ഇ-മെയില്‍ തുടങ്ങി വിവര കൈമാറ്റ ഉപകരണങ്ങള്‍, സംഗീതം, തമാശകള്‍, നൃത്തങ്ങള്‍ തുടങ്ങി യുവത്വത്തിന്റെ എല്ലാ സംസ്‌കാര പ്രതീകങ്ങളും ഇതില്‍ പങ്കുവഹിച്ചു. ഏപ്രില്‍ 6 മൂവ്‌മെന്റ് എന്ന ചെറുപ്പക്കാരുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പാണ് തഹ്‌രീര്‍ സ്‌ക്വയറിന് തുടക്കമിട്ടത്. ഇതിനു നേതൃത്വം നല്‍കിയത് വാഇല്‍ ഗുനൈം എന്ന ഇരുപത്തഞ്ചുകാരനായ ചെറുപ്പക്കാരനും. ഫേസ് ബുക്കിലൂടെയും ട്വിറ്ററിലൂടെയും ആരംഭിച്ച വെര്‍ച്വല്‍ സ്‌ക്വയറിന് ശേഷമാണ് കയ്‌റോ നഗരത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ഒരുമിച്ചുകൂടിയത്. വിപ്ലവത്തിന്റെ തുടക്കത്തില്‍ ഹുസ്‌നി മുബാറക് ചാനലുകളുടെ സാറ്റലൈറ്റ് പ്രക്ഷേപണം നിരോധിച്ചിരുന്നു. പുറംലോകം ഈജിപ്തിന്റെ മാറ്റത്തിനുവേണ്ടിയുള്ള മുഴക്കം അറിയാതിരിക്കാന്‍ പത്രലേഖകരെ തുറുങ്കിലടച്ചു. ഈ സമയത്ത് പുറംലോകത്തേക്ക് വിപ്ലവത്തിന്റെ വാര്‍ത്തകളും പടങ്ങളും മൊബൈലുകള്‍ വഴി പ്രചരിച്ചു. യുവാക്കള്‍ അവരുടെ 3G മൊബൈലുകള്‍ വിവരക്കൈമാറ്റത്തിന്റെ ഏറ്റവും വലിയ ഉപാധിയാക്കി മാറ്റി. അല്‍ജസീറയുടെ ഓഫീസിലേക്ക് കിലോമീറ്ററുകള്‍ ക്യൂ നിന്ന് ബ്ലൂടൂത്ത് വഴിയാണ് തഹ്‌രീര്‍ സ്‌ക്വയറിന്റെ ദൃശ്യങ്ങള്‍ കൈമാറിയത്. തലതിരിഞ്ഞ ചെറുപ്പത്തിന്റെ ഉദാഹരണങ്ങളായി നമ്മള്‍ ആഘോഷപൂര്‍വം പ്രഭാഷിക്കുന്ന മൊബൈലും സോഷ്യല്‍ മീഡിയകളുമാണ് മൂന്ന് പതിറ്റാണ്ട് നീണ്ട ഏകാധിപതിയെ നിഷ്പ്രയാസം സ്ഥാനഭ്രഷ്ടനാക്കിയത്. അവര്‍ സാങ്കേതിക വിദ്യകള്‍ അറിഞ്ഞ് ഉപയോഗിക്കുകയായിരുന്നു. ഹുസ്‌നിമുബാറക്കിന്റെയും ബിന്‍അലിയുടെയും ക്രൂരതകള്‍ വ്യക്തമാക്കുന്ന പ്രമോവീഡിയോകള്‍ സന്ദേശ പ്രചാരണത്തിനുപയോഗിക്കുകയും ചെയ്തു.
അറബ് വസന്തത്തിലെ ഏറ്റവും വലിയ ആയുധം സംഗീതമായിരുന്നു. ബോംബുകളും വെടിയുണ്ടകളും അപ്രസക്തമായ, വയലിനും ഗിറ്റാറും ദഫുമെല്ലാം അരങ്ങുവാണ സംഗീത വിപ്ലവമായിരുന്നു തുനീഷ്യയിലും യമനിലും ഈജിപ്തിലും സംഭവിച്ചത്. മുന്‍കാലങ്ങളില്‍ സ്വാതന്ത്ര്യ സമരത്തിന് ഗറില്ലാ മുറകളും, പാശ്ചാത്യര്‍ നടത്തിയ യുദ്ധത്തിന് അണുബോംബുകളുമൊക്കെയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, തുറന്ന പോരാട്ടങ്ങളായിരുന്നു ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും നടന്നത്. ഇസ്‌ലാമിക ലോകത്ത് സംഗീതം ഹറാമോ ഹലാലോ എന്ന് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്ന മതപണ്ഡിതര്‍ക്കിടയിലൂടെ സംഗീതത്തിന്റെ മാസ്മര വീചികള്‍ പ്രയോഗിച്ച് ചരിത്രം മാറ്റിയെഴുതാന്‍ അറബ് യുവത്വം തന്റേടം കാണിച്ചു. ഹാശിം രിഫാഇയുടെയും മഹ്മൂദ് ദര്‍വീശിന്റെയും കവിതകളും സാമി യൂസുഫിന്റെയും മഹര്‍സെയിന്റെയും ഇസ്‌ലാമിക് റോക്കുകളും ഏകാധിപത്യത്തിനെതിരെ ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും പ്രചുരപ്രചാരം സിദ്ധിച്ച റെബല്‍ സംഗീതങ്ങളും അറബ് യുവത അവരുടെ നാടിന്റെ മോചനത്തിന് ആയുധങ്ങളായി ഉപയോഗിച്ചു. സെയിന്‍ബെക്ക്, അഹ്മദ് ബുഖാരി, ഹംസ റോബട്‌സന്‍ തുടങ്ങിയവരുടെ റോക്കുകളും പോസ്റ്റുകളും വിപ്ലവം ചൊരിഞ്ഞ മൈതാനത്തിന് ആവേശമേകി. ഈജിപ്തിലെ ജാസ് സംഗീതത്തിന്റെ രാജാവെന്നറിയപ്പെടുന്ന മുഹമ്മദ് മുനീര്‍ തഹ്‌രീര്‍ സ്‌ക്വയറിലെ സജീവസാന്നിധ്യമായിരുന്നു. നിമിഷ കവിതകളും സ്വയം രചിച്ച ഭരണാധികാരികള്‍ക്കെതിരെയുള്ള ഗാനങ്ങളും കൈകൊട്ടിപ്പാടി നൃത്തം ചെയ്തു.
വിഖ്യാത ഫ്രഞ്ച് എഴുത്തുകാരന്‍ ഒലീവറോയല്‍ പ്രസ്താവിച്ചത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ യുവതയാണ് അറബ് നാടുകളിലേതെന്നായിരുന്നു. അവര്‍ രോഷാകുലരായിരുന്നെങ്കിലും ആയുധങ്ങളില്‍ അഭയം തേടിയില്ല. മറ്റൊന്ന് ഈ വിപ്ലവത്തില്‍ വ്യാപകമായത് ഭരണാധികാരികള്‍ക്കെതിരെയുള്ള ഫലിതങ്ങളായിരുന്നു. യുവാക്കള്‍ കൂട്ടംകൂടി നിന്ന് സൊറ പറയുന്നതുപോലെ ഇവിടെ കൂട്ടംകൂടിയ ചെറുപ്പക്കാര്‍ അവരുടെ സൊറകളും തമാശകളും ഭരണാധികാരികള്‍ക്കെതിരെയുള്ള സമരമാക്കി മാറ്റി. ഹുസ്‌നി മുബാറക്കിന് അദ്ദേഹത്തിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് കൊടുത്തു തഹ്‌രീര്‍ സ്‌ക്വയറിന് പിന്നില്‍ ഫേയ്‌സ്ബുക്്, ട്വിറ്റര്‍ എന്നീ രണ്ട് വ്യക്തികളാണ്. അപ്പോള്‍ തന്നെ ഈ രണ്ട് വ്യക്തികളെയും അറസ്റ്റ് ചെയ്യൂ എന്ന് ഹുസ്‌നി മുബാറക് വാറണ്ട് പുറപ്പെടുവിച്ചു. തഹരീര്‍ സ്‌ക്വയറില്‍ പ്രചരിപ്പിച്ച ധാരാളം ഫലിതങ്ങളില്‍ ഒന്നു മാത്രമാണിത്. ഇങ്ങനെ, നവയുവത്വത്തിന്റെ വര്‍ണാഭമായ വസന്തമായിരുന്നു അറബ് നാടുകളില്‍ വിജയിച്ച മഹാവിപ്ലവങ്ങള്‍.
തഹ്‌രീര്‍ സ്‌ക്വയറിനെയും തഗ്‌യീര്‍ സ്‌ക്വയറിനെയും നിയന്ത്രിച്ചിരുന്ന കമ്മിറ്റികളില്‍ മുപ്പത് വയസ്സിനു മുകളിലുള്ളവര്‍ രണ്ടോ മൂന്നോ മാത്രമായിരുന്നു. തുടക്കത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡടക്കമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വിപ്ലവത്തിന്റെ നിരീക്ഷകരായിരുന്നു. എന്നാല്‍, ബ്രദര്‍ഹുഡിന്റെ യുവജന വിഭാഗം തഹ്‌രീര്‍ സ്‌ക്വയറിലേക്ക് ഇറങ്ങാന്‍ തയാറായി. യുവജനവിഭാഗം വിപ്ലവത്തില്‍ പങ്കാളികളായി നാളുകള്‍ കഴിഞ്ഞാണ് മുസ്‌ലിം ബ്രദര്‍ഹുഡ് വിപ്ലവത്തിലേക്ക് പ്രവേശിച്ചത്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രംഗപ്രവേശത്തോടെ വിപ്ലവത്തിന്റെ റൂട്ടുകള്‍ കുറെകൂടി കൃത്യമായി. എല്ലാ രാഷ്ട്രീയ സംഘടനകളിലെയും മതസംഘടനകളിലെയും യുവാക്കളാണ് തഹ്‌രീര്‍ സ്‌ക്വയറിലാദ്യമെത്തിയത്. കോപ്റ്റിക് സഭയിലെ യുവാക്കള്‍ മുതിര്‍ന്നവര്‍ എത്തുന്നതിനു മുമ്പേ വിപ്ലവത്തില്‍ ഭാഗഭാക്കായി. പിന്നീടാണ് കോപ്റ്റിക് പുരോഹിതരും മാതൃ പ്രസ്ഥാനങ്ങളും ഇതിനു പിന്തുണയേകി വിപ്ലവത്തില്‍ പങ്കാളികളാവുന്നത്.
തഹ്‌രീര്‍ സ്‌ക്വയറിലും തുനീഷ്യയിലും തഗ്‌യീര്‍ സ്‌ക്വയറി(യമന്‍)ലും ആദ്യം പങ്കാളികളായതും ഏറെ സാന്നിധ്യമറിയിച്ചതും യുവാക്കളും യുവതികളും അവരുടെ കൂട്ടായ്മകളും സംഘടനകളുമായിരുന്നു. വിപ്ലവാനന്തരം എഫ്.ജെ.പിയെയും അന്നഹ്ദയെയും അധികാരത്തിലേറ്റിയതും യുവാക്കളും യുവതികളുമായിരുന്നു. വോട്ടിംഗ് ശതമാനം വിശകലനവിധേയമാക്കിയപ്പോള്‍ പുതിയതായി വോട്ടവകാശം ലഭിച്ച യുവാക്കളായിരുന്നു മധ്യവയസ്‌കരെയപേക്ഷിച്ച് കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. നിഷ്പക്ഷമായി നടന്ന തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാന്‍ ശ്രമം നടന്നപ്പോള്‍ വീണ്ടും വിപ്ലവത്തിന് ആഹ്വാനം ചെയ്തതും ചെറുപ്പക്കാര്‍ തന്നെയായിരുന്നു. വര്‍ധിച്ച പെണ്‍സാന്നിധ്യം (വിദ്യാര്‍ഥിനികള്‍) ഏറെ ശ്രദ്ധിക്കപ്പെട്ടു. യമനില്‍ തഗ്‌യീര്‍ സ്‌ക്വയറിനെ നയിക്കുന്നത് തന്നെ തവക്കുല്‍ കര്‍മാന്‍ എന്ന മുപ്പത്തി മൂന്ന് വയസ്സുകാരിയാണ്. മുസ്‌ലിം സ്ത്രീയെക്കുറിച്ചും ശിരോവസ്ത്രത്തെ കുറിച്ചുമുള്ള ധാരണകളെ നിശിതമായി ചോദ്യം ചെയ്യുന്നതായിരുന്നു ഈ പങ്കാളിത്തം. വിപ്ലവ ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ സ്ത്രീകളെ വിജയിപ്പിച്ചെതെന്നറിഞ്ഞപ്പോള്‍ പടിഞ്ഞാറ് ലിബറല്‍ വാദക്കാരും അന്തംവിട്ടു നിന്നുപോയി. അറബ് യുവത്വം സ്വന്തം നാടിന്റെ ദുഷിച്ചു നാറിയ അധികാരത്തെ മാത്രമല്ല ലോകക്രമത്തില്‍ തന്നെ നിര്‍ണായകമായ മാറ്റം വരുത്തി. അമേരിക്കയുടെയും ഇസ്രായേലിന്റേയും അപ്രമാദിത്വത്തെ പരാജയപ്പെടുത്തുന്നതില്‍ അറബ് വസന്തം വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചത് 'ഒന്നുകില്‍ ഞങ്ങളുടെ കൂടെ അല്ലെങ്കില്‍ ഭീകരരുടെ കൂടെ' എന്ന നവ ലോകക്രമത്തെയാണ് അറബ് വിപ്ലവം മാറ്റിയെഴുതിയത്.
മൂന്നാമതൊരിടം ഉത്തരാഫ്രിക്കയിലെയും മധ്യേഷ്യയിലേയും യുവാക്കള്‍ നെയ്‌തെടുത്തു. യൂറോ-അമേരിക്കന്‍ കേന്ദ്രീകൃതമായ എല്ലാ ജ്ഞാനാധികാരങ്ങളെയും രാഷ്ട്രീയ മേധാവിത്വത്തെയും തകര്‍ത്ത്, പുതിയ ലോകക്രമത്തില്‍ ഉള്ളടങ്ങിയ ജനാധിപത്യ വിരുദ്ധതക്കുപകരം കൂടുതല്‍ ശേഷിയും കരുത്തുമുള്ള ലോക സാഹചര്യത്തെ കൂടിയാണ് അറബ് വസന്തം സാധ്യമാക്കിയത്. ഫലസ്ത്വീനിനോട് അറബ് രാഷ്ട്രങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ മാറി. ഖത്തര്‍ ഭരണാധികാരി തന്നെ നേരിട്ട് ഗസ്സയിലെത്തി. ഈജിപ്തിന്റെ ഫലസ്ത്വീന്‍ അതിര്‍ത്തികള്‍ തുറന്നു കൊടുത്തു. ഫലസ്ത്വീന്റെ യു.എന്‍ അംഗത്വത്തെ എതിര്‍ക്കുമെന്ന അമേരിക്കയുടെ ഭീഷണിക്ക് മുമ്പത്തെയപേക്ഷിച്ച് പിന്തുണയില്ലാതായി. അറേബ്യന്‍ ഉപദ്വീപിനെയും ഈജിപ്തിനെയും കേന്ദ്രമാക്കി ഇസ്രായേല്‍ കിനാവ് കണ്ട ജൂതരാഷ്ട്രത്തിന് പകല്‍ കിനാവിന്റെ ആയുസ്സു മാത്രമായി. മറ്റു രാജ്യങ്ങളില്‍ നടന്ന മാറ്റങ്ങളേക്കാള്‍ തന്ത്രപ്രധാനമേറിയത് ഈജിപ്തിലെ അധികാര മാറ്റമാണ്. അറബ്, ആഫ്രിക്കന്‍ മേഖലയിലെ സാഹിത്യത്തിലും സംസ്‌കാരത്തിലും രാഷ്ട്രീയത്തിലും വലിയ സ്വാധീനം ചെലുത്തുന്ന രാഷ്ട്രമാണ് ഈജിപ്ത്. അതുകൊണ്ടുതന്നെ തഹ്‌രീര്‍ സ്‌ക്വയറിന് ഇതര വിപ്ലവ മൈതാനങ്ങളേക്കാള്‍ പ്രസക്തിയുണ്ട്. പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും കറുത്തിരുണ്ട അധികാര ക്രമത്തെ ഓരോന്നായി അഴിച്ചെടുക്കുന്നതില്‍ ഈജിപ്ത് ഇനിയും സ്വാധീനമായി മാറും.
ലോകത്തെ ഏറ്റവും വലിയ ജനകീയ വിപ്ലവത്തിന് പ്രതികരണ ശേഷി നഷ്ടപ്പെടാത്ത യുവത്വമാണ് തീകൊളുത്തിയത്. അറബ് ദേശീയതയും ബഅസ് സോഷ്യലിസവും പുരോഗമനവും പരിഷ്‌കാരവുമായി എഴുന്നള്ളിച്ച അറബ് യുവത ഗതിമാറ്റത്തിലാണ്. ഉണ്ടുറങ്ങി കഫേകളിലും നിശാ ക്ലബ്ബുകളിലും ജീവിതം തീര്‍ക്കുന്നവര്‍ സ്വന്തം ജീവിതം കൊണ്ട് നെറികേടിനെതിരെ കലഹിച്ചുകൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ സ്വന്തം ദേശത്തെ പാവ ഭരണാധികാരികള്‍ക്കെതിരെ മാത്രമല്ല അവരെ പ്രതിഷ്ഠിച്ച അമേരിക്കക്കും യൂറോപ്പിനുമെതിരെ തന്നെയായിരുന്നു അവര്‍ കലഹിച്ചത്. ഏറ്റവും ചെറിയ ആയുധം കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകളെ കൊല്ലുന്നതിന് ഗവേഷണം നടത്തുന്ന ലോക രാജാക്കന്മാര്‍ക്ക് ഒരായുധവുമില്ലാതെ, ഒരാളെയും കൊല്ലാതെ പരിമളം പരത്തുന്ന വിപ്ലവം അസാധ്യമാണ്. പടിഞ്ഞാറിനും അവരുടെ തത്ത്വശാസ്ത്രങ്ങള്‍ക്കും അസാധ്യമായതാണ് ലോകത്ത് 'അപരിഷ്‌കൃത'രായ ജനത ഏറ്റവും പരിഷ്‌കൃതമായ രീതിയില്‍ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിച്ചെടുത്തത്. അതിനുശേഷം അവര്‍ വാരിപ്പുണര്‍ന്ന ജനാധിപത്യസംഹിത പടിഞ്ഞാറിന്റെ ഭാഷയില്‍ ഏറ്റവും 'ബാര്‍ബേറിയനായ' ഒരു ദര്‍ശനവുമാണ്! തങ്ങളുടെ നാട്ടിലെ വികസനത്തിനും തൊഴിലില്ലായ്മ പരിഹരിക്കാനും ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാനും സോഷ്യലിസത്തിനും മുതലാളിത്തത്തിനും സാധ്യമായിട്ടില്ലെന്നും, ഇനിയവ സാധ്യമാക്കുന്നത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണെന്നുമായിരുന്നു അറബ് യുവത്വം പ്രഖ്യാപിച്ചത്. അതുകൊണ്ടാണ്, ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ അവര്‍ രണ്ട് കൈ നീട്ടി സ്വീകരിച്ചത്; മുഹമ്മദ് മുര്‍സിയുടെയും റാശിദ് ഗനൂശിയുടെയും പടമുള്ള ടീ ഷര്‍ട്ടുകളും ബാഗുകളും ചെറുപ്പക്കാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്; ജനിക്കുന്ന കുഞ്ഞിന് ഫേസ് ബുക്കെന്നും ട്വിറ്ററെന്നും പേരിടാന്‍ തുടങ്ങിയത്. അതേ അറബ് യുവത്വം ഇപ്പോഴും തെരുവില്‍ നിന്ന് പിന്മാറിയിട്ടില്ല. അവര്‍ വര്‍ണം വിതറി ഇതിനെ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. റാശിദ് ഗനൂശിയുടെയും യൂസുഫുല്‍ ഖറദാവിയുടെയും തിരിച്ചുവരവ് മാത്രമല്ല അവര്‍ കൊണ്ടാടുന്നത്. മറിച്ച്, തങ്ങളുടെ തന്നെ പ്രായത്തിന്റെയും പ്രതിബദ്ധതയുടെയും തിരിച്ചുവരവുകളെയാണ്.
[email protected]
Comments