Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

വസന്തം വിളിച്ചു പറയുന്നത് ഇസ്‌ലാമിന്റെ അതിജീവനശേഷി

എ.ആര്‍

ഇരുപതാം നൂറ്റാണ്ടിന്റെ പ്രഭാതവേളയില്‍ അറബ് മുസ്‌ലിംനാടുകള്‍ പൊതുവെ യൂറോപ്യന്‍ ശക്തികളുടെ കോളനികളോ സംരക്ഷിത പ്രദേശങ്ങളോ ആയിരുന്നു. സ്‌പെയിന്‍ മൊറോക്കോയിലും, ഫ്രാന്‍സ് തുനീഷ്യയിലും ലബനാനിലും സിറിയയിലും, ഇറ്റലി ലിബിയയിലും, ബ്രിട്ടന്‍ ഈജിപ്തിലും സുഡാനിലും ഇറാഖിലും അറേബ്യന്‍ ഗള്‍ഫിലും സ്വാധീനമുറപ്പിച്ചിരിക്കെ തദ്ദേശീയരായ ഭരണാധികാരികള്‍ വെറും പാവകള്‍ മാത്രമായിരുന്നു. ഈ രാജ്യങ്ങളിലെല്ലാം ദേശീയ വിമോചന പോരാളികള്‍ അധിനിവേശ ശക്തികള്‍ക്കെതിരെ സായുധ ചെറുത്തുനില്‍പ്പുകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും എല്ലാം വ്യക്തികേന്ദ്രീകൃതങ്ങളായിരുന്നു. വ്യവസ്ഥാപിതവും സുശിക്ഷിതവുമായ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളോ ഇസ്‌ലാമിക സംഘടനകളോ ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളില്‍ രംഗപ്രവേശം ചെയ്തിരുന്നില്ല. ഒട്ടുമിക്ക രാജ്യങ്ങളിലും പരമ്പരാഗതമായി നിലനിന്നത് രാജഭരണവും ഗോത്രവര്‍ഗ രാഷ്ട്രീയവും ഫ്യൂഡല്‍ സമ്പ്രദായവുമായിരുന്നു. ഉമവിയ്യ, അബ്ബാസിയ്യ രാജവംശങ്ങളുടെ പതനത്തെത്തുടര്‍ന്ന് ഖിലാഫത്തിന്റെ കടിഞ്ഞാണ്‍ സെല്‍ജൂഖ് തുര്‍ക്കികള്‍ കൈയേന്തുകയും തുര്‍ക്കി ആസ്ഥാനമാക്കിയ ഉസ്മാനിയാ സാമ്രാജ്യം മുസ്‌ലിം ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്ത ശേഷം നാനാവിധ ഉപജാപങ്ങളാല്‍ അത് ബലഹീനമായിക്കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. നൂറ്റാണ്ടുകള്‍ നീണ്ട കുരിശുയുദ്ധങ്ങളുടെ പ്രേതം ക്രൈസ്തവ യൂറോപ്പിനെ വിട്ടുമാറിപ്പോയില്ലെന്നതിനാല്‍ ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ഇറ്റലിയും ഉസ്മാനിയാ സാമ്രാജ്യത്തെ കടപുഴക്കാന്‍ നിഗൂഢ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുവരികയായിരുന്നു. ഒരുവശത്ത് തുര്‍ക്കിയില്‍ തന്നെ പ്രാദേശിക ത്വൂറാനി ദേശീയത വളര്‍ത്തിയെടുക്കാന്‍ സര്‍വ ശ്രമവും നടത്തിയതോടൊപ്പം മറുവശത്ത് ഉസ്മാനിയാ ഖിലാഫത്തിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്ന അറബ് ലോകത്ത് അറബ് ദേശീയത ഉയര്‍ത്തിക്കൊണ്ടുവരാനും നീക്കങ്ങള്‍ ആരംഭിച്ചു. ഖിലാഫത്തിനാല്‍ ബന്ധിതമായ മുസ്‌ലിം ലോകൈക്യവും തദ്വാരാ ഇസ്‌ലാമിക ശാക്തീകരണവും തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ഫ്രഞ്ച് അധിനിവേശത്തിന്റെ സൃഷ്ടിയായ ലബനാനില്‍ 50:50 അനുപാതത്തില്‍ ക്രൈസ്തവ, മുസ്‌ലിം ജനസംഖ്യയുടെ വിഭജനം ക്രൈസ്തവ പശ്ചാത്തലമുള്ള അറബ് ദേശീയതയുടെ വളര്‍ച്ചക്ക് കളമൊരുക്കി. 1875-ല്‍ ബൈറൂത്തിലെ പ്രൊട്ടസ്റ്റന്‍സ് കോളേജിലെ അഞ്ചു ക്രൈസ്തവ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപം നല്‍കിയ രഹസ്യ സംഘടനയാണ് ഫ്രീ മെയ്‌സന്‍ ക്ലബ്ബിന്റെ സഹകരണത്തോടെ അറബ് ദേശീയതക്ക് ബീജാവാപം ചെയ്തത് എന്നത് ഈയവസരത്തില്‍ ഓര്‍ക്കാതെ വയ്യ. പില്‍ക്കാലത്ത് ഇറാഖിലും സിറിയയിലും ഭരണം പിടിച്ചുപറ്റിയ ബഅ്‌സ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ബീജാവാപം ചെയ്തതും ക്രൈസ്തവനായ മൈക്കല്‍ അഫ്‌ലക് ആയിരുന്നല്ലോ.
ഇതെല്ലാം ഒരുവശത്ത് ആസൂത്രിതമായി നടക്കെ കൂടുതല്‍ അപകടകാരിയും വിനാശകാരിയുമായ സയണിസ്റ്റ് പ്രസ്ഥാനം ഫലസ്ത്വീനില്‍ വേരുറപ്പിക്കാന്‍ വഴിതേടുന്നുണ്ടായിരുന്നു. ലോകത്തെങ്ങുമുള്ള ജൂതന്മാര്‍ക്ക് ജറൂസലം ആസ്ഥാനമായുള്ള ഇസ്രയേല്‍ രാഷ്ട്രം എന്ന തിയോഡര്‍ ഹെര്‍സലിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ആണവശക്തിയുടെ ഉപജ്ഞാതാവായി ചരിത്രത്തില്‍ ഇടം നേടിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ മുതല്‍ സകലമാന ജൂത ബുദ്ധിജീവികളും വ്യവസായ-വാണിജ്യ ലോബിയും രംഗത്തിറങ്ങിയത് ഇരുപതാം ശതകത്തിന്റെ ആദ്യ ദശകങ്ങളിലാണ്. നീതിമാനും ധീരനുമായിരുന്ന ഉസ്മാനിയാ ഖലീഫ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് ശത്രുക്കളുടെ നിരന്തരമായ ഉപജാപങ്ങളും യുദ്ധങ്ങളും കാരണമായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തക്കം നോക്കി ഒരുന്നത സയണിസ്റ്റ് പ്രതിനിധി സംഘം അദ്ദേഹത്തെ വന്നു കണ്ടു. ഉസ്മാനിയാ ഖിലാഫത്തിന്റെ മുഴുവന്‍ കടവും വീട്ടിക്കൊടുക്കാമെന്ന ഓഫറിനു പകരമായി ആണ്ടിലൊരിക്കല്‍ ജറൂസലേമില്‍ തീര്‍ഥാടനത്തിനെത്തുന്ന യഹൂദര്‍ക്ക് ഏതാനും ആഴ്ചക്കാലം അവിടെ തങ്ങാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട സംഭവം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. 'ഖലീഫ ഉമര്‍ ഇസ്‌ലാമിനു വേണ്ടി ജയിച്ചടക്കിയ പുണ്യപുരാതന നഗരം ചില്ലിക്കാശിന് യഹൂദര്‍ക്ക് വിറ്റവന്‍ എന്ന അപഖ്യാതിയുമായി ചരിത്രത്തില്‍ ഇടം നേടാന്‍ താന്‍ തയാറില്ലെന്ന്' തുറന്നടിച്ച സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് സയണിസ്റ്റ് ഉപജാപകരെ ഇറക്കിവിടുകയായിരുന്നു. അന്നു മുതല്‍ അമേരിക്കയുടെയും യൂറോപ്യന്‍ കോളനി ശക്തികളുടെയും പൂര്‍ണ പിന്തുണയോടെ ലോക സയണിസ്റ്റ് പ്രസ്ഥാനം ഉസ്മാനിയാ ഖിലാഫത്തിനെ കഥാവശേഷമാക്കാന്‍ നടത്തിയ ആസൂത്രിത ഗൂഢാലോചനയാണ്, ഒടുവില്‍ മുസ്ത്വഫാ കമാല്‍ അത്താതുര്‍ക്ക് നയിച്ച തീവ്ര മതേതര വിപ്ലവത്തിന്റെ അരങ്ങേറ്റത്തിലും ഖിലാഫത്തിന്റെ അന്ത്യത്തിലും കലാശിച്ചതെന്നതും മറച്ചുവെക്കപ്പെട്ട ചരിത്രമാണ്.
മുസ്‌ലിം ലോകത്തിന്റെ ഏകീഭാവം തകര്‍ക്കാനും മുസ്‌ലിം ജനതയെ ദേശീയതയുടെയും മതേതരത്വത്തിന്റെയും പേരില്‍ ശിഥിലമാക്കാനും സര്‍വോപരി സാമ്രാജ്യശക്തികളുടെ പാവഭരണകൂടങ്ങളെ അറബ് രാജ്യങ്ങളില്‍ കുടിയിരുത്താനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുമ്പോള്‍തന്നെ ലിബിയയില്‍ സനൂസികളും ഉമര്‍ മുഖ്താറും മൊറോക്കോയില്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം ഖത്താബിയും ഫലസ്ത്വീനില്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഹുസൈനിയും ഇസ്‌ലാമിക ജിഹാദീ സ്പിരിറ്റ് ഉള്‍ക്കൊണ്ട മറ്റു സമരനായകരും സാമ്രാജ്യത്വത്തിനും പാശ്ചാത്യ മതനിരാസ ചിന്തകള്‍ക്കുമെതിരെ ധീരോദാത്തമായ ചെറുത്തുനില്‍പ് സംഘടിപ്പിച്ചിരുന്നു. ജമാലുദ്ദീന്‍ അഫ്ഗാനി (1839-1896), ശൈഖ് മുഹമ്മദ് അബ്ദു(1849-1905) പോലുള്ളവര്‍ മുന്നോട്ടുവെച്ച പാന്‍ ഇസ്‌ലാമിസവും ഇസ്‌ലാമിക ലോകത്തിന്റെ പുനരേകീകരണ ചിന്തയും മുസ്‌ലിം രാജ്യങ്ങളില്‍ ആവേശത്തിരകളുയര്‍ത്തിയിരുന്നു. രണ്ടാം ലോക യുദ്ധം അവസാനിക്കുമ്പോഴേക്ക് കോളനിവാഴ്ചക്കെതിരെ, ജിഹാദ്-ദേശാഭിമാന വികാരങ്ങളാല്‍ ആവേശഭരിതമായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ അറബ് നാടുകളെ ഇളക്കി മറിച്ചു. കോളനികള്‍ ഒന്നൊന്നായി സ്വതന്ത്രമാവുന്നതാണ് പിന്നെ കണ്ടത്. പത്തു ലക്ഷം പേരെ രക്തസാക്ഷികളാക്കി 1962-ല്‍ ഫ്രഞ്ചാധിപത്യത്തില്‍നിന്ന് മോചനം നേടിയ അള്‍ജീരിയയാണ് ഒടുവില്‍ സ്വതന്ത്രമായ അറബ് മുസ്‌ലിം രാജ്യം. കനത്ത വില നല്‍കേണ്ടിവന്ന ഈ സ്വാതന്ത്ര്യസമരങ്ങളിലൊന്നും ക്യാപിറ്റലിസമോ സോഷ്യലിസമോ മതനിരാസ പ്രസ്ഥാനങ്ങളോ ഒരു പങ്കും വഹിച്ചിട്ടില്ലെന്നതിന് ചരിത്രം സാക്ഷി. പകരം, ജനങ്ങളുടെ വിശ്വാസമാര്‍ജിച്ച ഇസ്‌ലാമിക പണ്ഡിതന്മാരുടെ വിശുദ്ധ സമരത്തെക്കുറിച്ച ഉദ്‌ബോധനങ്ങളും ആഹ്വാനങ്ങളുമാണ് സ്വാതന്ത്ര്യ രണാങ്കണങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിച്ചതും നയിച്ചതും.
പക്ഷേ, ഗതികെട്ടപ്പോള്‍ കെട്ടുകെട്ടിയ സാമ്രാജ്യശക്തികള്‍ സ്വന്തം തട്ടകങ്ങളിലേക്ക് ഉള്‍വലിയേണ്ടിവന്നപ്പോഴും ഒരു കാര്യം ഉറപ്പാക്കിയിരുന്നു. തങ്ങളുടെ മസ്തിഷ്‌ക പ്രക്ഷാളനത്തിനിരയായ, തങ്ങളോട് നൂറ് ശതമാനവും കൂറു പുലര്‍ത്തുന്ന അരുമ ശിഷ്യരെത്തന്നെ ഭരണമേല്‍പിക്കുകയായിരുന്നു അത്. സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കാളികളായ ചിലരെ ഇതിനായി തെരഞ്ഞുപിടിക്കാനും സാധ്യമല്ലാത്തിടങ്ങളില്‍ തങ്ങള്‍ പരിശീലിപ്പിച്ചെടുത്ത പട്ടാളത്തെ ഭരണം പിടിച്ചെടുക്കുന്ന ദൗത്യമേല്‍പിക്കാനും അവര്‍ക്ക് കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ വേണം തീവ്ര മതേതരനായ ഹബീബ് ബുറഖീബ തുനീഷ്യയിലും സോഷ്യലിസ്റ്റ് നാട്യങ്ങളുള്ള ബൂമെദീന്‍ അള്‍ജീരിയയിലും അറബ് സോഷ്യലിസത്തിന്റെ തലതൊട്ടപ്പനായ ജമാല്‍ അബ്ദുന്നാസിര്‍ ഈജിപ്തിലും ബഅ്‌സ് സോഷ്യലിസത്തിന്റെ മേല്‍വിലാസത്തില്‍ ഏകാധിപത്യം അടിച്ചേല്‍പിച്ച ഹാഫിദുല്‍ അസദ് സിറിയയിലും സദ്ദാം ഹുസൈന്‍ ഇറാഖിലും പതിറ്റാണ്ടുകളോളം വാണരുളിയതിനെ നോക്കിക്കാണാന്‍. മൊറോക്കോ രാജാവ് ഹസനും ജോര്‍ദാന്‍ രാജാവ് ഹുസൈനും ചായ്‌വ് പാശ്ചാത്യ മുതലാളിത്തത്തോടായിരുന്നു. അമേരിക്കന്‍ ചേരിയിലോ സോവിയറ്റ് ചേരിയിലോ നിലയുറപ്പിച്ച അറബ് രാജ്യങ്ങള്‍ ഒരുപോലെ യോജിച്ച കാര്യം, രാഷ്ട്രീയ-ഭരണകാര്യങ്ങളില്‍ ഇസ്‌ലാമിനെ അകറ്റിനിര്‍ത്തുകയായിരുന്നു. എല്ലായിടത്തെയും ജനങ്ങള്‍ പക്ഷേ, ഇസ്‌ലാമിന്റെ സമഗ്ര കാഴ്ചപ്പാടിനെക്കുറിച്ചോ ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ചോ കൃത്യമായ അറിവും ബോധ്യവും ഇല്ലാതിരുന്നിട്ടു കൂടി അവര്‍ ഭരണാധികാരികളുടെ സ്വേഛാ വാഴ്ചയും ഇസ്‌ലാംവിരുദ്ധ സമീപനങ്ങളും അനിസ്‌ലാമിക ചിന്താധാരകളോടുള്ള ആഭിമുഖ്യവും ഇഷ്ടപ്പെടുകയോ അംഗീകരിക്കുകയോ ഉണ്ടായില്ല. യഥാര്‍ഥ ജനാധിപത്യം നടപ്പാക്കിയാല്‍ നേരിടാവുന്ന തിരിച്ചടികളോര്‍ത്ത് തന്നെയാണ് അറബ് ലോകത്തെ ഭരണാധികാരികള്‍ ഒരിക്കലും ആ 'മണ്ടത്തരത്തി'നു മുതിരാതിരുന്നതും. അറബ് സോഷ്യലിസ്റ്റ് യൂനിയനിലൂടെ ജമാല്‍ അബ്ദുന്നാസിറും ഖദ്ദാഫിയും ബഅ്‌സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ ഹാഫിദുല്‍ അസദും സദ്ദാം ഹുസൈനും ഏക കക്ഷി ഭരണം സ്വന്തം ജനതയുടെ മേല്‍ അടിച്ചേല്‍പിച്ചപ്പോള്‍, ആദര്‍ശപരവും പ്രത്യയശാസ്ത്രപരവുമായ നാട്യങ്ങള്‍ക്കപ്പുറത്ത് കേവലം വ്യക്തിപരമായ അധികാരപ്രമത്തതയും ഇസ്‌ലാംവിരക്തിയുമാണ് പ്രകടമായത്. ഇവര്‍ക്കു ശേഷം ഇവരുടെ സിംഹാസനങ്ങളിലിരുന്നവര്‍ മുന്‍ഗാമികളുടെ പേര് നന്നാക്കുന്നതിലാണ് മികവ് തെളിയിച്ചത്. സൈനുല്‍ ആബിദീന്‍ ബിന്‍ അലി, ഹുസ്‌നി മുബാറക്, ബശ്ശാറുല്‍ അസദ് തുടങ്ങിയവരൊക്കെ ജനദ്രോഹത്തില്‍ റെക്കോര്‍ഡിട്ട ഭരണാധികാരികളാണ്.
ഇസ്‌ലാമിനെ ഒന്നാം നമ്പര്‍ ശത്രുവായിക്കണ്ട മുതലാളിത്ത, സോഷ്യലിസ്റ്റ് ചേരികള്‍ ഈ ഏകാധിപതികളെ അവരുടെ എല്ലാവിധ ജനദ്രോഹ നടപടികളോടുമൊപ്പം സര്‍വാത്മനാ പിന്തുണക്കുകയും ചെയ്തു. ഈജിപ്ത്, ലിബിയ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം തടയപ്പെട്ടിട്ടുകൂടി അവിടങ്ങളിലെ ഏകാധിപതികളെ സംരക്ഷിക്കാന്‍ സോവിയറ്റ് യൂനിയന്‍ ധൃഷ്ടമായതിന്റെ പിന്നില്‍ ഇസ്‌ലാംഭീതിയല്ലാതെ മറ്റൊന്നുമായിരുന്നില്ല. അറുപിന്തിരിപ്പന്‍ സ്വേഛാധിപത്യത്തിന്റെ നീണ്ട കാലഘട്ടത്തിന് അന്ത്യം വരുത്തി ജനാധിപത്യശക്തികള്‍ അറബ് ലോകത്തിന്റെ സിരാകേന്ദ്രങ്ങളില്‍ ജനകീയ വാഴ്ച പുനഃസ്ഥാപിക്കുന്ന ഈ ഘട്ടത്തില്‍ പോലും അവരോടൊപ്പം നില്‍ക്കാന്‍ പാശ്ചാത്യ-പൗരസ്ത്യ മേല്‍ക്കോയ്കള്‍ക്ക് സാധിക്കാതെ പോവുന്നതിന്റെ പിന്നില്‍ അവര്‍ പൊതുവായി പങ്കിടുന്ന ഇസ്‌ലാംഭീതിയാണെന്ന കാര്യത്തില്‍ സംശയമില്ല.
ഇസ്‌ലാമിക ഖിലാഫത്ത് നേരിട്ട വന്‍തിരിച്ചടിയുടെയും അതേത്തുടര്‍ന്ന് അറബ് ലോകത്തെ പങ്കിട്ടെടുത്ത യൂറോപ്യന്‍ കോളനിവാഴ്ചയുടെയും സുദീര്‍ഘമായ കാലയളവില്‍ ഇസ്‌ലാമിന്റെ സാമൂഹിക, രാഷ്ട്രീയ മാനങ്ങളും സ്വാധീനവും താത്ത്വികമായും പ്രായോഗികമായും ഇല്ലാതാക്കാന്‍ ആസൂത്രിതവും നിരന്തരവുമായ ശ്രമങ്ങളാണ് നടന്നിരുന്നത്. ഇസ്‌ലാം വിശ്വാസാചാര ബന്ധിതമായ കേവലം ഒരു മതമാണെന്നും മനുഷ്യജീവിതത്തിന്റെ അതിപ്രധാനമായ രംഗങ്ങളിലോ പ്രശ്‌നങ്ങളിലോ ഇടപെടാന്‍ അതിന് കരുത്തില്ലെന്നും ശാസ്ത്ര-സാങ്കേതിക വിദ്യയുടെ വിസ്മയാവഹമായ പുരോഗതിയോടൊപ്പം ചലിക്കാന്‍ അതിന് ശേഷിയില്ലെന്നും ബഹുസ്വര സമൂഹങ്ങളില്‍ എങ്ങനെ കഴിഞ്ഞുകൂടണമെന്ന പ്രാഥമിക വിവരം പോലും മുസ്‌ലിംകള്‍ക്കില്ലെന്നും അനുസ്യൂതമായ മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ മുസ്‌ലിം ബുദ്ധിജീവികളെപ്പോലും വിശ്വസിപ്പിക്കുന്നതില്‍ മതേതര ബൗദ്ധിക കേന്ദ്രങ്ങള്‍ ഒട്ടൊക്കെ വിജയിച്ചു. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും കാലോചിതമായി വ്യാഖ്യാനിക്കുക എന്ന വ്യാജേന മുച്ചൂടും അനിസ്‌ലാമികമായ ചിന്തകള്‍ മുസ്‌ലിം സമൂഹത്തിലേക്ക് കടത്തിവിടാനും അവര്‍ ശ്രമം നടത്തി. അറബ്ഭാഷയുടെയും സാഹിത്യത്തിന്റെയും കളിത്തൊട്ടിലില്‍ ഫ്രഞ്ചും ഇംഗ്ലീഷും സ്പാനിഷും മുന്തിയ പരിഗണനയോടെ പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ മാത്രമല്ല, പുരോഗമനത്തിന്റെ കുത്തക പ്രസ്തുത ഭാഷകള്‍ക്ക് ചാര്‍ത്തിക്കൊടുക്കാനും യത്‌നം നടന്നു. ബഹുമുഖങ്ങളായ ഈയാക്രമണങ്ങള്‍ക്കെതിരെ മുസ്‌ലിം ജനസാമാന്യത്തിന്റെ രോഷവും പ്രതിഷേധവും ഉയരാതിരിക്കാന്‍, അരാഷ്ട്രീയവത്കൃത ഇസ്‌ലാമിന്റെ വക്താക്കളായ സൂഫികള്‍ വിശുദ്ധിയുടെ അവതാരങ്ങളായി കെട്ടി എഴുന്നള്ളിക്കപ്പെട്ടു. അന്ധവിശ്വാസ ജടിലമായ മത കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും സര്‍വവിധേനയും പ്രോത്സാഹിപ്പിച്ചു. മറുവശത്ത് ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാത്ത മതപുരോഹിതന്മാരുടെയും മത കൂട്ടായ്മകളുടെയും ദീര്‍ഘദൃഷ്ടി തൊട്ടുതീണ്ടിയിട്ടില്ലാത്തതും നിരുത്തരവാദപരവുമായ ചെയ്തികള്‍ ശത്രുക്കളുടെ ദൗത്യം അനായാസകരമാക്കുകയാണ് ഫലത്തില്‍ ചെയ്തത്. അങ്ങേയറ്റം വൈകാരികമായ പ്രശ്‌നങ്ങളില്‍ ആത്യന്തികമായി പ്രതികരിക്കുക വഴി തീവ്രവാദികളും ബുദ്ധിശൂന്യരുമാണ് ഈ സമൂഹമെന്ന അപഖ്യാതിയും നേടിയെടുത്തു.
തികച്ചും പ്രതികൂലമായ ഈ പശ്ചാത്തലത്തില്‍ അറബ് വസന്തം എന്ന് വിളിക്കപ്പെട്ട ജനാധിപത്യ സംസ്ഥാപന പോരാട്ടം തുനീഷ്യയിലും ഈജിപ്തിലും ഐതിഹാസികമായി വിജയം കണ്ടതും ലിബിയയില്‍ രക്തരൂഷിത ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതിവീണെങ്കിലും ഒടുവില്‍ ഖദ്ദാഫി ഗളഹസ്തം ചെയ്യപ്പെട്ടതും മൊറോക്കോയില്‍ സമാധാനപരമായ ജനാധിപത്യവത്കരണത്തില്‍ സംഭവങ്ങള്‍ കലാശിച്ചതും യമനില്‍ ഏകാധിപതി അലി അബ്ദുല്ല സ്വാലിഹ് സ്ഥാനമൊഴിയേണ്ടിവന്നതും എന്തുകൊണ്ട്? ഈ ചോദ്യത്തിന് ഉത്തരം കാണാന്‍ രാഷ്ട്രീയ നിരീക്ഷകരും മാധ്യമ ലേഖകരും വിവിധ പ്രത്യയശാസ്ത്ര വിശകലന വിദഗ്ധരും ശ്രമിച്ചിട്ടുണ്ട്, ഇപ്പോഴും ശ്രമിക്കുന്നുമുണ്ട്. സ്വാഭാവികമായും നിലപാടുകളിലെ വൈരുധ്യവും വൈവിധ്യവും നിഗമനങ്ങളിലും പ്രതിഫലിക്കുന്നു. എന്നാല്‍, സുസ്ഥാപിതമെന്ന് പറയേണ്ട ചില സത്യങ്ങളുണ്ട് അറബ് വസന്തത്തിന്റെ അടിയൊഴുക്കുകളില്‍.
ഒന്ന്, മുസ്‌ലിം-അറബി സമൂഹത്തെ ഇസ്‌ലാമില്‍ നിന്ന് അന്യവത്കരിക്കാന്‍ നടേ പറഞ്ഞ ആസൂത്രിത ശ്രമങ്ങളൊക്കെ ശത്രുക്കളുടെ ഭാഗത്ത് നിന്നുണ്ടായിട്ടും, സ്വന്തക്കാരെന്ന് അവകാശപ്പെടുന്നവര്‍ തന്നെ അതിന് കൂട്ടുനിന്നിട്ടും ഖുര്‍ആനോടും ഇസ്‌ലാമിനോടുമുള്ള ഹൃദയബന്ധം മുസ്‌ലിം ജനസാമാന്യം ചരിത്രത്തിലുടനീളം ഏതോ തരത്തിലും തലത്തിലും അഭംഗുരം നിലനിര്‍ത്തിവന്നിട്ടുണ്ട്. സറാ നം ഹോതോ യെ മിഠീ ബഡീ സര്‍ഖീസ് ഹെ, സാഖി (അല്‍പം നനവ് തട്ടിയാല്‍ ഈ മണ്ണ് ഏറെ ഫലപുഷ്ടമാണ്, സഖേ!) എന്ന് മഹാ കവി ഇഖ്ബാല്‍ പാടിയപോലെ, ഒരല്‍പം നനവ് തട്ടിയപ്പോള്‍ പിടഞ്ഞെഴുന്നേല്‍ക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത മുസ്‌ലിം സമൂഹത്തെയാണ് മധ്യ പൗരസ്ത്യ നാടുകളില്‍ ലോകം കണ്ടത്. തീര്‍ച്ചയായും സ്വേഛാ വാഴ്ചകളുടെ ഘനാന്ധകാരത്തില്‍ ശ്വാസംമുട്ടിയ ജനാധിപത്യ പ്രേമികളായ മതേതരവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം ഈ ജനകീയ വിസ്‌ഫോടനത്തില്‍ അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ മുഖ്യ ചാലകശക്തി കോളനി യജമാനന്മാര്‍ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായിത്തീര്‍ന്ന ഇസ്‌ലാമിക ജിഹാദ് തന്നെയായിരുന്നെന്ന് പ്രക്ഷോഭാനന്തര തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചു. നാഷ്‌നലിസ്റ്റുകളെയും സെക്യുലരിസ്റ്റുകളെയും ക്യാപിറ്റലിസ്റ്റുകളെയും പുറംതള്ളി ഇസ്‌ലാമിക ശക്തികള്‍തന്നെ ജനപിന്തുണ ഉറപ്പാക്കിയപ്പോള്‍ ചാരക്കൂമ്പാരത്തിന്നടിയില്‍ എരിഞ്ഞടങ്ങാതെ അവശേഷിച്ച കനലായിരുന്നു ഇസ്‌ലാമിന്റെ രാഷ്ട്രീയശക്തി എന്ന് ലോകം മനസ്സിലാക്കേണ്ടിവന്നു. 1928-ല്‍ ഈജിപ്തില്‍ ശൈഖ് ഹസനുല്‍ ബന്നാ സ്ഥാപിച്ച ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഉന്മൂലനത്തിന്റെ നിതാന്ത ഭീഷണികളെ നേരിട്ട് ജനഹൃദയങ്ങളില്‍ ജീവിക്കുകയായിരുന്നു എന്ന് അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടു.
രണ്ട്, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അംഗീകൃത രീതികളും ചട്ടക്കൂടും നിഷേധിക്കപ്പെട്ട രാജ്യങ്ങളില്‍ ഹിംസയുടെയും സായുധ ചെറുത്തുനില്‍പിന്റെയും മാര്‍ഗം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന സാര്‍വത്രിക ധാരണ തിരുത്തപ്പെട്ടു. ബാലറ്റിനും ബുള്ളറ്റിനുമപ്പുറം ജനകീയ പ്രക്ഷോഭത്തിന്റെയും തെരുവ് ക്ഷോഭത്തിന്റെയും മൂന്നാമതൊരു മാര്‍ഗം കൂടി മാറ്റത്തിന്റെ മാധ്യമമായുണ്ട് എന്ന് സമകാലിക ലോകം കണ്ടെത്തേണ്ടിവന്നു.
മൂന്ന്, നവ മുതലാളിത്തവും നവകമ്യൂണിസവും ഒരുപോലെ വെറുക്കുകയും ഭയക്കുകയും ചെയ്യുന്ന ഇസ്‌ലാമിന് സ്വന്തം കാലില്‍ നിലയുറപ്പിച്ചുതന്നെ ജനങ്ങള്‍ക്ക് വിമോചനപാതയൊരുക്കാനും മൂന്നാം ശക്തിയായി വളരാനും ശേഷിയുണ്ടെന്ന യാഥാര്‍ഥ്യം തെളിയിക്കപ്പെട്ടു. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളില്‍ ഫലപ്രദമായി ഇടപെടാനുള്ള ഇസ്‌ലാമിന്റെ ശേഷി തെളിഞ്ഞുവരവെ, മതത്തിന്റെ സാമ്പ്രദായിക പരികല്‍പനകളുമായി ഇസ്‌ലാമിനെ സമീപിച്ച യാഥാസ്ഥിതിക മത, പണ്ഡിത സംഘടനകളുടെ ഭൂമിക ശക്തമായി പിടിച്ചുലക്കപ്പെടുകയും ഇളകുകയും ചെയ്തു. ഇതഃപര്യന്തമുള്ള അവരുടെ മാപ്പു സാക്ഷിത്വ സമീപനങ്ങളുടെയും ഭീരുത്വത്തിന്റെയും അടിത്തറയാണ് തകര്‍ന്നിരിക്കുന്നത്.
അറബ് വസന്തവും അത് ഉല്‍പാദിപ്പിച്ച മാറ്റങ്ങളുടെ കാറ്റും ഭദ്രവും സുസ്ഥിരവുമായ പരിണതിയിലെത്തണമെങ്കില്‍ ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കേണ്ടിവന്നേക്കാം, കനത്ത ഭീഷണികളും വെല്ലുവിളികളും അട്ടിമറി ശ്രമങ്ങള്‍ തന്നെയും അണിയറയില്‍ രൂപം കൊള്ളുന്നുണ്ടാവാം, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന ശക്തിയായി ഇസ്‌ലാം രംഗപ്രവേശം ചെയ്യുന്നതില്‍ രോഷവും ഭീതിയും പങ്കിടുന്ന മതവിശ്വാസികളും മതേതരവാദികളും ഒരുപോലെ മുഖ്യശത്രുവിനെതിരെ കൈകോര്‍ക്കാം. എല്ലാം നിരാകരിക്കാനാവാത്ത സാധ്യതകളായിരിക്കെത്തന്നെ ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇസ്‌ലാം ഒരിക്കല്‍ കൂടി അതിന്റെ അതിജീവനശേഷി ലോകത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നു. കാരണം ലളിതം: സര്‍വജ്ഞനും സര്‍വശക്തനുമായ അല്ലാഹു തന്റെ ദാസന്മാരുടെ സമ്പൂര്‍ണ മാര്‍ഗദര്‍ശനത്തിനായി മഹാന്മാരായ പ്രവാചകന്മാരിലൂടെ മുഴുവന്‍ മനുഷ്യര്‍ക്കും നല്‍കിയ ആദര്‍ശവും പ്രത്യയശാസ്ത്രവും തന്നെയാകുന്നു അത്.

Comments

Other Post