Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

മുര്‍സി മീറ്ററും മിസ്‌രി മീറ്ററും

പി.വി സഈദ് മുഹമ്മദ്

ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥിയായ മുഹമ്മദ് മുര്‍സി പ്രസിഡന്റായ 2012 ജൂണ്‍ 30 മുതല്‍ നൂറു ദിവസത്തിനകം സാധിച്ചെടുക്കേണ്ട കാര്യങ്ങള്‍ അദ്ദേഹം അക്കമിട്ട് പറഞ്ഞു; അക്കം അല്‍പം കൂടിപ്പോയതാണ് ആദ്യത്തെ കുഴപ്പം. ഒരു വിപ്ലവത്തിനു ശേഷം ഒരു ഭരണാധികാരിയും ലക്ഷ്യമിടാന്‍ പാടില്ലാതിരുന്ന അത്ര, എന്നുവെച്ചാല്‍ അറുപത്തിനാല്. മാത്രമല്ല ചിലര്‍ അതിലെത്ര നേടി എന്ന് അളക്കാന്‍ ഒരു മീറ്ററും ഘടിപ്പിച്ചു, ഇന്റര്‍നെറ്റില്‍. അതാണ് മുര്‍സിമീറ്റര്‍ ഡോട്ട് കോം. മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ സ്ഥാനമേറ്റെടുത്തപ്പോള്‍ നേട്ടങ്ങള്‍ അളന്നു കുറിക്കാന്‍ തുടങ്ങിയ ഒബാമീറ്റര്‍ ഡോട്ട് കോമിന്റെ അതേ മാതൃകയില്‍. ഈജിപ്തില്‍ നിലവില്‍ വന്നത് ഒരിസ്‌ലാമിക ശക്തിയായതു കൊണ്ടുതന്നെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഏതു നീക്കത്തിലും വിമര്‍ശനപരമായ കണ്ണുമായി അതിന്റെ (മത) രാഷ്ട്രീയം വിശകലന വിധേയമായി. പക്ഷേ, ഇതാദ്യമായി ബ്രദര്‍ഹുഡ് ഭരണത്തിലെത്തുമ്പോഴേക്കും (കൃത്യമായി അങ്ങനെ പറയാന്‍ കഴിയില്ല; പ്രസിഡന്റ് മാത്രമേ ബ്രദര്‍ഹുഡുള്ളൂ. അവര്‍ക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് തല്‍ക്കാലം പിരിച്ചുവിട്ട അവസ്ഥയിലാണ്. തന്റേതായ ഒരു പാര്‍ലമെന്ററി സംഘമോ സ്വതന്ത്രമെന്നു പറയാവുന്ന ഒരു ജുഡീഷ്യറിയോ സ്വന്തമായി തെരഞ്ഞെടുത്ത മന്ത്രിസഭയോ ഇനിയും നിലവില്‍ വന്നിട്ടില്ല) സംഗതി വെറും രാഷ്ട്രീയ പ്രചാരണത്തിലോ, പ്രതിപക്ഷ പ്രവര്‍ത്തനത്തിലോ ഒതുങ്ങാതായി. അഥവാ കലങ്ങിയ ഈജിപ്തില്‍നിന്ന് രായ്ക്കു രാമാനം ഒരു തെളിഞ്ഞ ഈജിപ്ത് സൃഷ്ടിച്ചു കാണിച്ചു കൊടുക്കല്‍ മുര്‍സിയുടെ ബാധ്യതയായി. ഒത്തു നോക്കിയ അറുപത്തിനാലില്‍ നാലെണ്ണത്തില്‍ മാത്രമേ ഭാഗികമായെങ്കിലും വിജയം വരിച്ചുള്ളൂ എന്നാണ് മുര്‍സിമീറ്ററിന്റെ നിഗമനം (വിജയം ഭാഗികമായാലും തരക്കേടില്ല, അദ്ദേഹത്തെ ഒന്ന് കേരളത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കാന്‍ തോന്നും പ്രസ്തുത അജണ്ടയിലെ ഇനങ്ങള്‍ കണ്ടാല്‍!). ക്രമസമാധാനം പാലിക്കുന്നതില്‍ വിജയം വരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും പ്രതിഫലവും നല്‍കല്‍, റോഡുകളിലെയും പൊതുവഴികളിലെയും തടസ്സങ്ങള്‍ നീക്കം ചെയ്യല്‍, രാജ്യത്ത് ശുചിത്വമുള്ള പരിസരം സൃഷ്ടിക്കുന്നതിനുള്ള ബോധവല്‍ക്കരണ പ്രചാരണങ്ങള്‍ നടത്തല്‍, തെരുവുകളിലെ മാലിന്യങ്ങള്‍ നീക്കി ശുചിയാക്കുന്നതിനു തുടക്കം കുറിക്കുകയെങ്കിലും ചെയ്യല്‍ എന്നിവയാണ് വിജയം എടുത്ത് പറഞ്ഞ ഇനങ്ങള്‍.
മുര്‍സി മീറ്റര്‍ മുഖ്യമായും ശ്രദ്ധിച്ചത് ട്രാഫിക്, ആഭ്യന്തര സുരക്ഷ, ഇന്ധനം, ഭക്ഷ്യം, ആവാസ ശുദ്ധി എന്നിവയിലായിരുന്നു. ഓരോന്നിലും ഇനം തിരിച്ച് വിജയമാപിനികള്‍ നിശ്ചയിക്കുകയും ചെയ്തിരുന്നു. സത്യം പറഞ്ഞാല്‍ കാര്യങ്ങള്‍ അത്രയൊന്നും മെച്ചപ്പെട്ടിട്ടില്ല. നൂറു ദിവസം കൊണ്ട് എന്ത് മാറ്റം കാണാന്‍? പക്ഷേ വ്യത്യാസം ചില മുഖ്യ വസ്തുതകളിലാണ്. ഒന്ന്, മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്ന ദൃഢനിശ്ചയം ഉണ്ടായിരിക്കുന്നു. രണ്ട്, ഭരണനേതൃത്വത്തിന് മുബാറക് യുഗത്തിലെന്ന പോലെ സ്വന്തമായോ കുടുംബത്തിനോ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ മോഹമില്ല. മൂന്ന്, പ്രസിഡന്റിന് താരതമ്യേനയെങ്കിലും മൂല്യ പ്രതിബദ്ധതയുള്ള ഒരു ജനവിഭാഗത്തിന്റെ പിന്തുണയും സഹകരണവുമുണ്ട്. നാല്, കാര്യം നന്നായില്ലെങ്കില്‍ അത് വിളിച്ചു പറയാന്‍ ജനങ്ങള്‍ക്കിന്നു കഴിയും. അതുകൊണ്ടാണ് ഈയിടെ ഉണ്ടായ രസകരമായ ഒരു സംഭവത്തില്‍ രണ്ടും ഉണ്ടെന്ന് പറയാവുന്നത്. ഈജിപ്ത് ഇന്റിപെന്റന്റ് എന്ന ഇംഗ്ലിഷ് പത്രത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ ആണതുള്ളത്. ഒരാള്‍ പോലീസില്‍ പരാതി ഫയല്‍ ചെയ്തിരിക്കുന്നു, പ്രസിഡന്റ് തന്റെ നൂറു നാള്‍ പ്രതിജ്ഞ പൂര്‍ത്തീകരിച്ചില്ല എന്ന്. പ്രസിഡന്റ് പരാജയം എന്നതു വാര്‍ത്തയല്ലായിരിക്കാം. എന്നാല്‍, അത് പറയാന്‍ ഒരു പൗരനു വാ പൊങ്ങി എന്നത് തീര്‍ച്ചയായും വാര്‍ത്ത തന്നെ.
പറഞ്ഞു തുടങ്ങിയത് സാമ്പത്തിക രംഗത്തും ഭരണരംഗത്തും ഈജിപ്തിന്റെ കിടപ്പിനെക്കുറിച്ചാണ്. ഏകാധിപത്യത്തില്‍ അമര്‍ന്ന മറ്റു പല വികസ്വര രാജ്യങ്ങളെയും പോലെ ഈജിപ്തിനും രണ്ട് കാര്യങ്ങളുടെ കുറവുണ്ടായിരുന്നു. ജനസംഖ്യക്കനുസരിച്ചുള്ള സമ്പത്തിന്റെ ലഭ്യതയും ഉള്ള സമ്പത്ത് സാമൂഹികനീതിയോടെ വിതരണം നടക്കുന്ന ഒരു വ്യവസ്ഥയും. ഇതില്‍ ഏതെങ്കിലും ഒന്നില്‍ മാറ്റം വരുത്താന്‍ ഇഛാശക്തിയും അര്‍പ്പണവും ജനങ്ങളോട് ഉത്തരം പറയേണ്ട ബാധ്യതയുമുള്ള ഭരണകൂടത്തിന്റെ അഭാവം വേറെയും. ഇപ്പറഞ്ഞ അവസാനത്തേതില്‍ മാത്രമാണ് മാറ്റമുണ്ടായത്.
ഇതില്‍ ഒന്നാമത്തേത്, മുര്‍സിക്ക് സാമ്പത്തികവും പ്രത്യയശാസ്ര്തപരവുമായ പരീക്ഷണവും വെല്ലുവിളിയുമാണ്. മുബാറക് യുഗത്തില്‍ രാജ്യം അവലംബിച്ചിരുന്ന ഒരു മുഖ്യ സാമ്പത്തിക സ്രോതസ്സാണ്, അമേരിക്കയുടെ ഒന്നര ബില്യന്‍ ഡോളര്‍ വരുന്ന വാര്‍ഷിക സഹായം. രാഷ്ട്രീയമായി അമേരിക്കന്‍ വിധേയത്വം സ്വീകരിക്കാന്‍ പറ്റാത്ത ബ്രദര്‍ഹുഡിന് ഇതെങ്ങനെ പെട്ടെന്ന് നിര്‍ത്തലാക്കാന്‍ പറ്റുമെന്നത് വെല്ലുവിളി തന്നെ. പുറമെ അന്തര്‍ദേശീയ നാണയ നിധി (ഐ.എം.എഫ്)യില്‍ നിന്ന് ഈജിപ്ത് എടുക്കാന്‍ പാകമായ 4.8 ബില്യന്‍ ഡോളര്‍ വായ്പ മുബാറക്‌വിരുദ്ധ പ്രക്ഷോഭം നടക്കുന്ന അവസരത്തില്‍ തന്നെ ചര്‍ച്ചയില്‍ ഉണ്ടായിരുന്നതാണ്. ഇടക്കാല ഭരണകൂടം നിലവില്‍ വന്നപ്പോള്‍ ഒരു സ്ഥിര ഭരണം വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ തല്‍ക്കാലം അത് മാറ്റി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍, ഇന്ന് രാജ്യത്തിന്റെ പല ഭരണ പരിഷ്‌കാരങ്ങള്‍ക്കും സാമ്പത്തികമായ ആശ്വാസ നടപടികള്‍ക്കും (ഉദാഹരണമായി വേതന വര്‍ധന, മെച്ചപ്പെട്ട റേഷന്‍ വിതരണം, ഗതാഗത പരിഷ്‌കരണങ്ങള്‍) വന്‍തോതില്‍ ഫണ്ട് ലഭ്യമായേ പറ്റൂ. ബ്രദര്‍ഹുഡിന്റെ പലിശയോടുള്ള ആദര്‍ശപരമായ എതിര്‍പ്പോ അമേരിക്കന്‍ വിധേയത്വത്തിരസ്‌കാരമോ അനുവദിക്കാത്ത ഒത്തുതീര്‍പ്പുകളെന്ന നിലയില്‍ പ്രായോഗിക വെല്ലുവിളികളുയര്‍ത്തുന്നു രണ്ടും. എന്നു മാത്രമല്ല, ഇസ്രയേലുമായി ഈജിപ്തിനുള്ള ഉടമ്പടികള്‍ നിലനില്‍ക്കെ അവയില്‍ നിന്ന് വ്യത്യസ്തമായ നയസമീപനങ്ങള്‍ മുര്‍സി ഭരണകൂടത്തിന് സ്വീകരിക്കാനും പറ്റാത്ത അവസ്ഥയാണ്. അത് മറ്റെന്തിനേക്കാളും മുമ്പേ അമേരിക്കയുമായി തെറ്റിപ്പിരിയാന്‍ ഇടവരുത്തും. തല്‍ക്കാലം മുര്‍സി ഭരണകൂടം അതിനൊരുങ്ങിയിട്ടില്ല. എല്ലാ യുദ്ധമുഖങ്ങളിലും ഒരുപോലെ പടവെട്ടാന്‍ പാകത്തിലല്ല തന്റെ ഭരണകൂടം എന്നതാവും കാരണം. അതുകൊണ്ടാണ,് മുര്‍സി മീറ്ററിനു പുറമെ ഈജിപ്ത് എങ്ങോട്ട് പോകുന്നു എന്ന് വിവിധ കോണുകളില്‍ നിന്ന് നിരീക്ഷിക്കുന്നവരുടെ ഒരു മിസ്‌രിമീറ്ററും അതോടൊപ്പം പ്രവര്‍ത്തിക്കുന്നത്.
അതിലൊന്നാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ഐ.എം.എഫ് വായ്പ തുടങ്ങിയ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ന്യൂയോര്‍ക് ടൈംസ് കോളമിസ്റ്റും അറിയപ്പെട്ട ജൂതപക്ഷ എഴുത്തുകാരനുമായ തോമസ് ഫ്രീഡ്മാനെപ്പോലുള്ള ഒരാള്‍ എഴുതുന്നത് അറബ് വസന്തം നടന്ന അറബ് മുസ്‌ലിം രാജ്യങ്ങളില്‍ പറ്റുമെങ്കില്‍ കാര്യങ്ങള്‍ ശരിപ്പെടുത്താന്‍ അയക്കേണ്ടത് അമേരിക്കന്‍ വിദ്യാഭ്യാസ സെക്രട്ടറി ആണ്‍ ഡങ്കനെ ആണെന്നാണ്. അഥവാ, ചിന്തകളില്‍ തന്നെ പുതു തലമുറയെ തങ്ങള്‍ ഇഛിക്കുന്ന രീതിയില്‍ വാര്‍ത്തെടുക്കണമെന്നാണ്. അപ്പോള്‍ പണം നല്‍കുമ്പോഴുള്ള കാര്യം പറയണോ? അതുകൊണ്ട്, സാമ്പത്തിക പിന്തുണ നല്‍കുമ്പോള്‍ അതിന്റെ സന്തത സഹചാരിയായ ചരടുകള്‍ ഉണ്ടാവും. ആ ചരട് ബാലന്‍സ് തെറ്റാതെ നടക്കാനുള്ള ഒരു ഞാണിന്മേല്‍ നടത്തത്തിനു മുര്‍സിയെ നിര്‍ബന്ധിക്കുന്നു. അതിനിടയിലാണ്, എപ്പോഴും തന്റെ പേരിനോടൊപ്പം ലോക മാധ്യമങ്ങള്‍ ചേര്‍ക്കുന്ന 'ഇസ്‌ലാമിസ്റ്റ്' എന്ന വിശേഷണം അതിന്റെ തേട്ടങ്ങളനുസരിച്ചുള്ള നയങ്ങള്‍ പിന്തുടരുന്നുണ്ടോ എന്ന് ലോകം വീക്ഷിക്കുന്നുണ്ട് എന്ന തിരിച്ചറിവ് മുര്‍സിക്കും സഹകാരികള്‍ക്കും നല്‍കുന്നത്. ഇത് ബാഹ്യസമ്മര്‍ദമാണെങ്കില്‍, ആഭ്യന്തരമായി തന്റെ സംഘടനയോടൊപ്പം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും വിപ്ലവത്തിന്റെ സജീവ സാന്നിധ്യമായി വര്‍ത്തിക്കുകയും ചെയ്ത സെക്യുലര്‍ ഇടതുപക്ഷ ഗ്രൂപ്പുകളുടെ ചിന്താധാരകളും മറ്റൊരു വശത്ത്.
ഇത്തരം സമ്മര്‍ദങ്ങള്‍ക്കിടയില്‍ രണ്ട് കാര്യങ്ങളില്‍ മുര്‍സിക്ക് വ്യക്തിപരമായും സംഘടനാപരമായും ഉള്ള ബോധ്യങ്ങളില്‍ ചിലതിലെങ്കിലും പരിവര്‍ത്തന ദശയിലെ അനിവാര്യതയെന്ന നിലയില്‍ താല്‍ക്കാലികമായ വിട്ടുവീഴ്ച ചെയ്‌തേ പറ്റൂ എന്നായിരിക്കുന്നു. ഐ.എം.എഫ് ലോണ്‍ തന്നെ ഉദാഹരണം. വര്‍ധിക്കുന്ന തൊഴിലില്ലായ്മ, കുത്തനെ ഉയര്‍ന്ന ബജറ്റ് കമ്മി എന്നിവ കാര്യമായ ഫണ്ട് സമാഹരണം അനിവാര്യമാക്കിത്തീര്‍ത്തു. പ്രക്ഷോഭ കാലത്തെ അനിശ്ചിതത്വത്തിനിടയില്‍ സാമ്പത്തിക വളര്‍ച്ചയും വിദേശനാണ്യവരുമാനവും ഗണ്യമായി കുറഞ്ഞു. ചില ഫണ്ട് സമാഹരണ സമ്മേളനങ്ങളില്‍ ആശ്വാസമാകുന്ന തുകകള്‍ വാഗ്ദത്തം ലഭിച്ചിരുന്നു. എങ്കിലും അത് മതിയാവില്ല. ഒപ്പുവെക്കുമെന്നു കരുതപ്പെടുന്ന ഐ.എം.എഫ് വായ്പ ഉടമ്പടി, യൂറോ മേഖലക്ക് പുറത്ത് അവര്‍ ഒപ്പുവെക്കുന്ന ഏറ്റവും ഭീമമായ തുകക്കായിരിക്കുമത്രെ-4.8 ബില്യന്‍ ഡോളര്‍.
അറബ് വസന്തം സംഭവിച്ച രാജ്യങ്ങളുടെ അടിയന്തര സാമ്പത്തിക സഹായം നല്‍കുന്ന ഐ.എം.എഫിന് ഈ രംഗത്തെക്കുറിച്ചുള്ള പരീക്ഷണ ശാലയായിട്ടാണ് ഈ വായ്പയെ പല പാശ്ചാത്യ നിരീക്ഷകരും കാണുന്നത്. കാരണം, പുതു ജനാധിപത്യങ്ങള്‍ സാമ്പത്തിക മാനേജ്‌മെന്റ് എവ്വിധം നിര്‍വഹിക്കുന്നു എന്നത് അതിലൂടെയാണ് തെളിഞ്ഞുവരുന്നത്. 94 മില്യന്‍ ഡോളറിന്റെ ഒരു തുക യമനിനു നല്‍കിയിരിക്കുന്നു. കൂടാതെ, അത്ര വലുതല്ലെങ്കിലും ഭരണകൂടങ്ങള്‍ അട്ടിമറിക്കപ്പെട്ടില്ലെങ്കിലും ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടി പ്രക്ഷോഭം നടന്ന ജോര്‍ദാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലും ഐ.എം.എഫ് വായ്പാ കരാര്‍ ഒപ്പു വെച്ചിരിക്കുന്നു. എന്നാല്‍, ഈജിപ്തിന്റെ കാര്യത്തില്‍ ഐ.എം.എഫ് വായ്പ എടുക്കുന്നതു തന്നെ ബാഹ്യ ലോകത്തിനു നല്ല സൂചനയാണെന്നാണ് ധനകാര്യമന്ത്രി മുംതാസ് അല്‍സെയ്ദ് അഭിപ്രായപ്പെട്ടത്. പക്ഷേ, അതോടൊപ്പം രാജ്യത്തിന്റെ ബജറ്റ് കമ്മി കുറക്കല്‍, ഒട്ടും ജനപ്രിയമാവാന്‍ സാധ്യതയില്ലാത്ത സബ്‌സിഡി വെട്ടിക്കുറക്കല്‍ എന്നിവയും വേണ്ടിവരും. കൂടാതെ, ഈജിപ്ഷ്യന്‍ പൗണ്ട് സ്വതന്ത്ര വിപണിയില്‍ കൂടുതല്‍ വിപണിഘടകങ്ങള്‍ക്കനുസരിച്ച് ലഭ്യമാക്കുകയും ചെയ്യണം, ഐ.എം.എഫിനെ തൃപ്തിപ്പെടുത്താന്‍.
ഈജിപ്തിന്റെ ബജറ്റ് കമ്മി മൊത്തം ദേശീയോല്‍പാദനത്തിന്റെ 11 ശതമാനം എന്ന ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. അത് കുറക്കണമെങ്കില്‍ സബ്‌സിഡി ഗണ്യമായി കുറക്കണം. അതാണെങ്കില്‍ ഭക്ഷ്യവസ്തുക്കളെ തൊട്ടുള്ള കളിയുമാണ്. സര്‍ക്കാറിന്റെ ചെലവിനത്തില്‍ കാല്‍ഭാഗം വരുമത്രെ സബ്‌സിഡി. അതില്‍ ഭക്ഷ്യവും പെട്രോള്‍ വിലയും പെടും. വിപ്ലവത്തിന്റെ ജനകീയ അന്തരീക്ഷത്തില്‍ ആര്‍ക്കും അത്ര ധൈര്യത്തില്‍ തൊട്ടു കളിക്കാന്‍ പറ്റാത്ത ഇനങ്ങള്‍. അതിനാല്‍ ആലോചിക്കുന്ന പോംവഴി സബ്‌സിഡി ഏറ്റവും താഴ്ന്ന വരുമാനക്കാര്‍ക്കായി പരിമിതപ്പെടുത്തുക എന്നതാണ്. 2011-ലെ വളര്‍ച്ചാ നിരക്കായ 2.5 ശതമാനത്തിനു പകരം ഈ വര്‍ഷം അത് 4 ശതമാനമാവും എന്ന് ഈജിപ്ത് ഭരണകൂടവും 3 ശതമാനമാവുമെന്ന് ഐ.എം.എഫും പ്രതീക്ഷിക്കുന്നു. തൊഴിലില്ലായ്മ ഇപ്പോഴുള്ള 12.7 ശതമാനത്തില്‍ നിന്നു 13.5 ശതമാനമായി ഉയരുമെന്ന് കണക്കുകൂട്ടുന്നു. എന്നാല്‍, നാണ്യനിധിയില്‍ നിന്ന് കടമെടുക്കുന്നത് ദേശീയ നേതൃത്വത്തിനും പാര്‍ലമെന്റിനും ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. സാമ്പത്തിക നയങ്ങളില്‍ പുറത്തു നിന്നുള്ള നിയന്ത്രണം വരുന്നതു തന്നെ കാരണം. ഇതിനു മുമ്പ് 3.2 ബില്യന്‍ ഡോളറിന്റെ വായ്പയെ തന്നെ സൈനിക ഭരണകൂടം തള്ളിയതായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സാമ്പത്തിക സഹായം അതിനു പകരം മതിയാവുമെന്ന് കരുതിയായിരുന്നു അത്. മൂന്ന് ബില്യന്‍ വരുമെന്ന് കരുതിയ ആ സഹായം ഇതുവരെ വന്നു കഴിഞ്ഞിട്ടില്ല. അങ്ങനെയാണ് മനമില്ലാമനസ്സോടെ 4.8 ബില്യന്‍ സഹായത്തിനു മുര്‍സി ഭരണകൂടം അപേക്ഷിച്ചത്. പലിശക്ക് കടം വാങ്ങുന്ന ഈ ഏര്‍പ്പാടിനു നില്‍ക്കുന്നതു തന്നെ ശരീഅ പ്രതിബദ്ധതയുള്ള ബ്രദര്‍ഹുഡ് പക്ഷത്തിനു പ്രതിസന്ധിയായിരുന്നു. വളരെ താഴ്ന്ന പലിശ നിരക്ക് (1.1 ശതമാനം) ആണ് ഐ.എം.എഫ് ഈടാക്കുക. ഒരതിര് വരെ പലിശ വിഷയത്തില്‍ പിടിച്ചുനില്‍ക്കാനും മുര്‍സി ഈ താഴ്ന്ന ശതമാനം ഉപയോഗിച്ചുവെന്ന് സൂചിപ്പിക്കുന്ന ചില പരാമര്‍ശങ്ങളും മുര്‍സിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. കാരണം, പ്രാദേശിക ബാങ്കുകള്‍ ഈടാക്കുന്നതാകട്ടെ 16 ശതമാനവും. എന്നാല്‍, ഡോളറില്‍ കണക്കാക്കുന്ന വിദേശ വായ്പയുടെ കാര്യത്തില്‍ ഈജിപ്ഷ്യന്‍ പൗണ്ടിന്റെ ഭാവി മൂല്യവുമായും ബന്ധമുണ്ട്.
ഈജിപ്തിന്റെ വിദേശനാണ്യ വരുമാനത്തിന്റെ മുഖ്യ സ്രോതസ്സായ വിദേശ സഞ്ചാരികളില്‍നിന്ന് കിട്ടുന്ന വിദേശ നാണയ ശേഖരമാകട്ടെ വിപ്ലവത്തിന്റെ പ്രക്ഷുബ്ധത കാരണം സ്വാഭാവികമായി ഡിസംബര്‍ 2010ലെ 36 ബില്യണില്‍ നിന്ന് 2012 ജനുവരി ആകുമ്പോഴേക്കും 16.3 ബില്യന്‍ ആയി കുറഞ്ഞു എന്നാണ് കണക്ക്. ഈയിടെയായി വിദേശ നാണയത്തിന്റെ വരവില്‍ ശ്രദ്ധേയമായ വര്‍ധന ഉണ്ടായിരിക്കുന്നുവെന്നതാണ് ഇവ്വിഷയകമായ ആശ്വാസം. രാഷ്ട്രീയമായ ലക്ഷ്യബോധവും അച്ചടക്കവും സാമ്പത്തിക രംഗത്തും ഉണര്‍വുണ്ടാക്കുന്നുണ്ടെന്നാണ് നിഷ്പക്ഷ നിരീക്ഷകര്‍ കരുതുന്നത്. അത്തരം ഉണര്‍വിനോടൊപ്പം 'പ്രത്യയശാസ്ര്തപരമായ' പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാതിരുന്നാല്‍ അമേരിക്ക നല്‍കാനിരുന്ന ഒരു ബില്യന്‍ ഡോളര്‍ സഹായവും ലഭിച്ചേക്കും എന്നുമാണ് ശുഭപ്രതീക്ഷക്കാര്‍ പറയുന്നത്. ഒരര്‍ഥത്തില്‍ ഏകാധിപത്യത്തിന് അമേരിക്ക നല്‍കിവന്ന സഹായം ജനാധിപത്യ ഈജിപ്തിനു നിഷേധിക്കുന്നത് (അതിനു പറയത്തക്ക രാഷ്ട്രീയ ന്യായങ്ങള്‍ കാണിക്കാനില്ലാതിരിക്കുവോളം) അമേരിക്കയുടെ തന്നെ പബ്ലിക് റിലേഷന്‍സിനും ദോഷം ചെയ്യുമെന്നതും സത്യമാണ്.
എന്നാല്‍, ഈജിപ്തില്‍ സര്‍ക്കാറിനു കിട്ടേണ്ട പണം ലഭിക്കാതാവുന്നതിനു മുഖ്യ കാരണം കൊടിയ അഴിമതി തന്നെ. ബക്ഷിഷ് എന്ന് വിളിക്കപ്പെടുന്ന കോഴയും കൈക്കൂലിയുമില്ലാതെ ഒന്നും നടക്കാത്തതും അതുണ്ടെങ്കില്‍ എന്തും നടക്കുന്നതുമായ ഒരു രാജ്യമെന്ന ഖ്യാതി ആ നാട്ടിനുണ്ട്. ആ സഞ്ചിത ഭരണശീലത്തില്‍ നിന്ന് മുക്തമായി സത്യസന്ധമായ സര്‍ക്കാര്‍ സേവനം നടത്താന്‍ നിര്‍ബന്ധിക്കുന്ന നടപടികളും അന്തരീക്ഷവും വൈയക്തിക സ്വഭാവനിലവാരവും ഉണ്ടായെങ്കില്‍ മാത്രമേ ഇതിലെന്തെങ്കിലും മാറ്റം ഉണ്ടാവൂ. മാത്രമല്ല, പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങളുടെ കാര്യത്തില്‍ ഈജിപ്തിനു സല്‍പേരല്ല ഉള്ളത്. ലോക ബാങ്കിന്റെ കണക്കനുസരിച്ച് 183 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഈജിപ്തിന് ഇക്കാര്യത്തില്‍ നൂറ്റിപ്പത്താം സ്ഥാനമാണ്. ഒരര്‍ഥത്തില്‍ അച്ചടക്കമുള്ള കേഡറിന്റെ കാര്യത്തില്‍ സര്‍വരും എടുത്തുപറയുന്ന ബ്രദര്‍ഹുഡ് നേതൃത്വത്തില്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടന്നാലും ജനസംഖ്യയില്‍ മൊത്തം അത് പ്രതിഫലിക്കാന്‍ സമയമെടുക്കും.
സത്യം പറഞ്ഞാല്‍ ഈജിപ്തിന്റെ കൈയില്‍ അപാരമായ ആസ്തികള്‍ ഉണ്ട്. അത്ര എളുപ്പത്തില്‍ ഒതുങ്ങാത്ത ഒരു ജനതയാണെങ്കിലും, ദൂരക്കാഴ്ചയുള്ള നേതൃത്വവും അര്‍പ്പണമുള്ള ഭരണകൂട സംവിധാനവുമുണ്ടെങ്കില്‍ അതെല്ലാം ലാഭകരമാക്കി തീര്‍ക്കാവുന്നതാണ്. ഗള്‍ഫ് രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും പണിയെടുക്കുന്ന പ്രവാസി തൊഴില്‍ സേന ഒരു ഭാഗത്ത്. സാമാന്യം മോശമല്ലാത്ത കൃഷി വിഭവങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള സാധ്യതകള്‍ വേറെ. എന്നാല്‍, പിരമിഡുകളും പുരാതന സ്മാരകങ്ങളും ഒപ്പം സമുദ്രതീര വിനോദങ്ങള്‍ക്ക് പറ്റിയ സഞ്ചാരി കേന്ദ്രങ്ങളും ചേര്‍ന്ന അനന്തമായ വിനോദ സഞ്ചാര സാധ്യതകള്‍ തന്നെ മുഖ്യം. അതോടൊപ്പം, ഈയിടെയായി ഈജിപ്ത് ചര്‍ച്ചചെയ്തുവരുന്ന ഒന്നാണ് സൂയസ് കനാല്‍ തീര പ്രദേശങ്ങളെ വ്യവസായ കേന്ദ്രമായി വികസിപ്പിക്കാനുള്ള പദ്ധതികള്‍. ഏഷ്യക്കും യൂേറാപ്പിനുമിടയില്‍ സമുദ്ര സഞ്ചാരം നടക്കണമെങ്കില്‍ ഇന്ന് സൂയസ് വേണം. അതുകൊണ്ടുതന്നെ, വമ്പിച്ച കപ്പല്‍ വരുമാന സാധ്യതകളാണവിടെയുള്ളത്. ഇതേ സമുദ്ര സഞ്ചാര സൗകര്യം തന്നെ വ്യവസായങ്ങള്‍ക്ക് വലിയ തോതില്‍ ആദായകരമായ ഒരു ഘടകമായി വര്‍ത്തിക്കും. 160 കിലോമീറ്റര്‍ നീളത്തില്‍ പരന്നു കിടക്കുന്ന ഒരു സാമ്പത്തിക മേഖലക്കുള്ള സൗകര്യമാണ് ഈജിപ്തിന്റെ കൈകളിലുള്ളത്. കനാലിനു ഇരുപുറവുമായുള്ള മരുഭൂമിയായി പരന്നു കിടക്കുന്ന പ്രദേശമാണ് തൊണ്ണൂറുകളില്‍ തന്നെ ആലോചിച്ചു തുടങ്ങിയ ഇത്തരം ഒരു പദ്ധതിക്ക് നിര്‍ദേശിക്കപ്പെട്ടത്. ലോക വ്യാപാരത്തില്‍ സമുദ്രം വഴി കയറ്റി അയക്കപ്പെടുന്ന വസ്തുക്കളില്‍ പത്തു ശതമാനവും ഇതുവഴിയാണത്രെ കടന്നുപോകുന്നത്. അതിന്റെ കണക്കാക്കപ്പെടുന്ന വാര്‍ഷിക മൂല്യം 1.6 ട്രില്യന്‍. ജലമാര്‍ഗം ഇത് കടന്നുപോകുമ്പോള്‍ ഈജിപ്തിന് ഒരു വര്‍ഷം ലഭിക്കുന്നത് ജലഗതാഗതക്കരമായി നല്‍കുന്ന 5.4 ബില്യന്‍ മാത്രം. ഈ ദീര്‍ഘ പാതയില്‍ അവിടവിടെയായി നിര്‍ത്താനും അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യങ്ങളും ആയി ലോജിസ്റ്റിക്‌സ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ തന്നെ നൂറ് ബില്യന്‍ ഡോളറിന്റെ വരുമാനം വര്‍ഷത്തില്‍ നേടാനാവുമെന്ന് കനാല്‍ പദ്ധതിയുടെ ഗവണ്‍മെന്റ് കോ-ഓര്‍ഡിനേറ്ററായ അബ്ദുല്‍ ഗഫ്ഫാര്‍ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.
ഹുസ്‌നി മുബാറക്കിന്റെ കാലത്ത് തന്നെ കനാലിന്റെ വടക്കെ അറ്റത്ത് പോര്‍ട്ട് സെയ്ദില്‍ അതുവഴി കടന്നു പോകുന്ന ഭീമന്‍ ചരക്കു കപ്പലുകളില്‍ നിന്ന് വലിയ ചരക്കുകള്‍ ചെറിയ കപ്പലുകളിലേക്ക് കൈമാറുന്ന ഒരു പദ്ധതി ആവിഷ്‌കരിച്ചിരുന്നു. തെക്കെ അറ്റത്തെ സുഖ്‌ന തുറമുഖം കയ്‌റോവിനുള്ള മുഖ്യ ചരക്ക് തുറമുഖമായി കഴിഞ്ഞിരിക്കുന്നു. പ്രത്യേകം നിര്‍മിതമായ ഹൈവേയില്‍ അവിടന്ന് 120 മിലോമീറ്റര്‍ ആണ് കയ്‌റോവിലേക്കുള്ള ദൂരം. സുഖ്‌നക്കടുത്തായ വ്യവസായ മേഖലയില്‍ ഇതിനകം തന്നെ വിവിധ വ്യവസായങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. കനാലിന്റെ മധ്യത്തിലായി ഇസ്മാഈലിയ്യ നഗരത്തില്‍ ടെക്‌നോളജി വാലി എന്ന പേരില്‍ മറ്റൊരു മേഖലയും സര്‍ക്കാന്‍ വികസിപ്പിക്കാന്‍ തുടങ്ങുന്നു. അവിടെ മുഖ്യ ശ്രദ്ധ ഉന്നത സാങ്കേതിക വ്യവസായത്തിനും ഒരു സര്‍വകലാശാലക്കുമാണ്.
ഇതിനുപുറമെ, സൂയസ് കനാലിന്റെ അടിയിലൂടെ മുറിച്ച് കടന്നുപോകുന്ന രണ്ടാമത്തെ ഒരു ടണലും കനാലിന്റെ വടക്കു ഭാഗത്ത് കപ്പലുകള്‍ക്കായി ഒരു രണ്ടാം ചാനല്‍ കീറുന്ന പദ്ധതിയും വിവിധ ടെര്‍മിനലുകളുടെ പൂര്‍ത്തീകരണവും വികസനവും സൂയസ് മേഖലയെ സജീവമാക്കാന്‍ പാകത്തിലുള്ളതാണ്. വമ്പിച്ച നിക്ഷേപ സാധ്യതകള്‍ ഇവയിലെല്ലാം ഉണ്ടെന്നാണ് കണ്‍സല്‍ട്ടന്റുകളും വിശ്വസിക്കുന്നത്.
മുതലാളിത്ത രാജ്യങ്ങളുടെ ചേരുവകള്‍ തന്നെയാണ് ഈജിപ്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അസ്ഥിവാരങ്ങളായുള്ളത്. സ്വതന്ത്ര വിപണി, നിക്ഷേപങ്ങള്‍ക്ക് സ്വാതന്ത്ര്യം, ഓഹരി വിപണിയും അതിലെ ഊഹാധിഷ്ഠിത പ്രവര്‍ത്തനങ്ങളും, ട്രഷറി ബോണ്ട് തുടങ്ങിയ പലിശയിലധിഷ്ഠിതമായ വായ്പാരീതികള്‍ എല്ലാം. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച സങ്കല്‍പങ്ങള്‍ ഇവയെല്ലാറ്റിന്റെയും മറുപക്ഷത്തുമാണ്.
ഒരര്‍ഥത്തില്‍ ഈജിപ്തില്‍ നാം കാണുന്നത് ജനാധിപത്യത്തിന്റെ പുനഃസ്ഥാപനം മാത്രമാണ്. സൈനിക മേധാവിത്വത്തിന്റെ തിരസ്‌കാരവും ഏകാധിപത്യത്തിന്റെ തൂത്തെറിയലും ഒപ്പം നടന്നു. മുര്‍സി തന്നെ ബ്രദര്‍ഹുഡിന്റെ 'ഒറിജിനല്‍' പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നില്ല എന്നോര്‍ക്കേണ്ടതുണ്ട്. ബ്രദര്‍ഹുഡിന്റെ ആദ്യ സ്ഥാനാര്‍ഥി ഖൈറാത്ത് അല്‍ശാതിറിന് അയോഗ്യത കല്‍പിക്കപ്പെട്ടപ്പോള്‍ ഒരു നിയോഗം പോലെ അത് അദ്ദേഹത്തിന്റെ കൈയില്‍ വന്നതാണ്. വെള്ളിയാഴ്ചകളില്‍ പള്ളികള്‍ മാറിമാറി ജുമുഅ പ്രസംഗങ്ങള്‍ നിര്‍വഹിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ ശ്രമിക്കുന്ന മുര്‍സിക്ക് പക്ഷേ പരുപരുത്തതും സങ്കീര്‍ണവുമായ സാമൂഹിക സാമ്പത്തിക സമസ്യകളെയാണ് ഒന്നിച്ച് കൈകാര്യം ചെയ്യാനുള്ളത്. തങ്ങളുടെ ജീവിതം ആയാസരഹിതമായോ എന്ന് ഈജിപ്ഷ്യന്‍ തെരുവിലെ പൗരന്‍ ചിന്തിക്കുമ്പോള്‍ മുര്‍സിയുടെ നയമെങ്ങോട്ട് എന്ന ദൃഷ്ടികളുമായി നോക്കുന്നവരാണ് ചുറ്റുമെമ്പാടും.
എല്ലാം ചേര്‍ത്തു പറഞ്ഞാല്‍ മിസ്‌രി മീറ്റര്‍ കറങ്ങുന്നു. മുര്‍സി ഉറങ്ങുന്നില്ല.
[email protected]

Comments

Other Post