പരാജയത്തിന്റെ പുസ്തകത്തില്‍നിന്ന്
ആത്മമിത്രമേ,
മൃതിയടഞ്ഞിരിക്കുന്നു
പഴയ വാക്കുകളും പുസ്തകങ്ങളും...
തേഞ്ഞ പാദുകങ്ങളായ് ഞങ്ങളുടെ മൊഴിയടയാളങ്ങള്‍
മരിച്ച മനസ്സുകള്‍ പരാജയത്തിന്റെ ഗോവണികളാണ്.
ഞങ്ങളുടെ കവിതകളും രാത്രികളും
ജാലക വിരികളും സോഫകളും
അവളുടെ മുട്ടിഴയുന്ന കാര്‍കൂന്തലും
ഒക്കെയും മധുരം വെടിഞ്ഞ് കയ്പുറ്റതായിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട രാജ്യത്തിരുന്ന്,
പ്രണയ കവിതകളെഴുതിയ എന്നെ
ക്ഷണനേരം കൊണ്ട് നിങ്ങള്‍
രക്ത നദികളെക്കുറിച്ചെഴുതിച്ചു.
ഞങ്ങളുടെ വികാരങ്ങളിന്ന്
വാക്കുകള്‍ക്കതീതമാണെന്നറിയുക.
ഞങ്ങളിപ്പോള്‍,
നഷ്ടപ്പെട്ട ആ കവിതകളെക്കുറിച്ച് ലജ്ജിക്കുകയാണ്.
ഭൂമി തുരക്കപ്പെട്ട ബോംബു വര്‍ഷത്താല്‍
ക്ഷോഭിച്ചുണര്‍ന്ന ഞങ്ങള്‍
അന്തറയുടെ കവിതകളാല്‍ പ്രചോദിക്കപ്പെട്ട്
ഉയരങ്ങളിലേക്ക് പറന്നിരുന്നു.
ഞങ്ങളുടെ അലര്‍ച്ച
പര്‍വ്വതങ്ങളെ ചുംബിച്ചിരുന്നു.
കയ്യിലേന്തിയ വാളുകള്‍
ഞങ്ങളേക്കാള്‍ ഉയരംവെച്ചിരുന്നു.
സംസ്‌കാരത്തിന്റെ തൊപ്പി ധരിച്ചിരുന്നുവെങ്കിലും
ഞങ്ങളുടെ ആത്മാവ് ശിലായുഗത്തിലായിരുന്നു.
അതിനാലോര്‍ക്കുക,
നമ്മള്‍ക്കൊരിക്കലും ജയിക്കാനാവില്ല ഒരു യുദ്ധത്തെ
ഒരു പുല്ലാങ്കുഴല്‍കൊണ്ട്!
ഞങ്ങളുടെ അക്ഷമ
അന്‍പതിനായിരത്തിലേറെ അഭയാര്‍ഥി
ക്യാമ്പുകളുണ്ടാക്കി
അതിനാല്‍, ഒരിക്കലും സ്വര്‍ഗത്തെ
കുറ്റപ്പെടുത്തരുതേ,
അത് നിങ്ങളെ കയ്യൊഴിഞ്ഞെങ്കില്‍!
സന്ദര്‍ഭങ്ങളെയും പഴിചാരാതിരിക്കുക.
എന്തെന്നാല്‍,
വിജയം ദൈവത്തിന്റെ കൈകളിലാണ്.
വേദനാജനകമാണ്
പ്രഭാത വാര്‍ത്തകള്‍.
ഓരിയിടുന്ന നായ്ക്കളുടെ അലര്‍ച്ചകളും.
ശത്രുക്കള്‍ക്കാവില്ല,
ഞങ്ങളുടെ അതിര്‍ത്തികളെ മുറിച്ചുകടക്കാന്‍
അവര്‍ ഉറുമ്പുകളെപോലെ ഇഴഞ്ഞിഴഞ്ഞ്
ഞങ്ങളുടെ ദൗര്‍ബല്യങ്ങളെ മറികടക്കുന്നു.
വന്നു കാണൂ,
അയ്യായിരം വര്‍ഷങ്ങള്‍കൊണ്ട്
ഈ ഗുഹാമുഖങ്ങള്‍ക്ക് താടി മുളച്ചത്...
അറിയപ്പെടാത്ത ഞങ്ങളുടെ നാണയങ്ങള്‍
ഈച്ചകള്‍ കൂടുകെട്ടിയ ഞങ്ങളുടെ കണ്ണുകള്‍
സഹോദരാ,
വാതിലുകള്‍ തകര്‍ക്കുക.
അലക്കിവെളുപ്പിക്കുക ഉടുപ്പുകള്‍;
പുതുക്കിവെക്കുക തലച്ചോറുകള്‍
വായിക്കുക പുതുഗ്രന്ഥങ്ങള്‍,
എഴുതിത്തെളിയുക പുസ്തകങ്ങള്‍
മുന്തിരിവള്ളികളെപോലെ
നട്ടു നനക്കുക വാക്കുകള്‍.
മഞ്ഞും തണുപ്പുമുള്ള ഇടങ്ങളിലേക്ക്
തുഴയുക നീ നിന്റെ നൗകകള്‍.
ആരും അറിയാത്ത നിന്റെ ഗുഹകളില്‍നിന്ന്
പലതരം വിത്തുകളായ് മുളച്ചു പടരുക.
ആത്മീയതയില്ലെങ്കില്‍,
തൊലിവെളുപ്പ് കൊണ്ടെന്തു കാര്യം?
കളിച്ചും ഉറങ്ങിയും നാളുകള്‍ നീക്കുമ്പോള്‍
ദൈവമെങ്ങനെ നമ്മെ അനുഗ്രഹിക്കും?
ഒരു രാജ്യമെങ്ങനെ തലയുയര്‍ത്തും?
നമ്മുടെ കുഴിച്ചെടുക്കുന്ന ഇന്ധനം
ജ്വലിക്കും ആയുധമാകേണ്ടതുണ്ട്.
ഒറ്റു കൊടുക്കരുതേ
നമ്മുടെ പിതാമഹന്മാരെ
ഉറങ്ങിക്കിടക്കുന്നവരെ വലിച്ചിഴച്ച്
തെരുവിലേക്കിറങ്ങൂ നിങ്ങള്‍.
എല്ലാ വാതിലുകളും ബന്ധനങ്ങളും
തച്ചുടച്ച് മുന്നോട്ടു കുതിക്കൂ
പുകഴ്ത്തിപ്പാടൂ ദേശഗീതങ്ങള്‍
ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ ധീരയോദ്ധാക്കള്‍.
എഴുതപ്പെടട്ടെ കവിതകള്‍, പഴഞ്ചൊല്ലുകള്‍.
എന്നിട്ട്,
വിജയത്തിനായ് പ്രാര്‍ഥിക്കൂ.
നിന്റെ ശത്രു മുട്ടുമടക്കാതിരിക്കില്ല.
എനിക്കറിയാമായിരുന്നെങ്കില്‍,
കൊട്ടാരത്തില്‍ ചെന്ന് ഞാന്‍ സുല്‍ത്താനെ കാണും.
തീര്‍ച്ചയായും
ഞാന്‍ അയാളോട് പറയും
അവന്റെ കാവല്‍ നായ്ക്കള്‍
എന്റെ ഉടുവസ്ത്രങ്ങള്‍ കീറിയത്.
അവന്റെ ചാരന്‍മാര്‍ വേട്ടനായ്ക്കളായി
എന്നെ പിന്തുടര്‍ന്നത്.
എന്റെ കിടപ്പറയെ ചൂഴ്ന്നു നോക്കിയത്.
എന്റെ സൗഹൃദങ്ങളുടെ കണക്കെടുത്തത്.
സുല്‍ത്താന്‍,
ഞാന്‍ നിന്റെ വാതില്‍ക്കലോളം വന്ന്
എന്റെ സങ്കടങ്ങളുടെ കെട്ടഴിച്ചിരുന്നു.
എനിക്ക് നിന്റെ കാവല്‍ഭടന്മാരുടെ കാല്‍തൊഴിയേല്‍ക്കേണ്ടി വന്നു.
അവരെന്നെക്കൊണ്ട് ബൂട്ടുകള്‍ തീറ്റിച്ചു.
മറക്കേണ്ട സുല്‍ത്താന്‍,
നീ രണ്ട് യുദ്ധങ്ങള്‍ തോറ്റു.
നീയറിയുന്നുണ്ടോ സുല്‍ത്താന്‍
നമ്മുടെ പ്രജകളില്‍ പകുതിയോളം
ശബ്ദം നഷ്ടപ്പെട്ടവരാണ്.
നാവില്ലാത്തവരെക്കൊണ്ടെന്തു പ്രയോജനം?
ശേഷിക്കുന്നവര്‍,
എലികളായും ഉറുമ്പുകളായും
മതിലുകള്‍ക്കുള്ളില്‍ അടക്കപ്പെട്ടവരാണ്.
തീര്‍ച്ചയായും,
ഞാന്‍ സുല്‍ത്താനോട് പറയുന്നു.
''നീ രണ്ട് യുദ്ധങ്ങള്‍ തോറ്റവനാണ്.
നീ കുട്ടികളുടെ സ്‌നേഹം കാണാത്തവനാണ്.''
ഒന്നോര്‍ക്കുക;
നാം നമ്മുടെ ഐക്യം കുഴിച്ചുമൂടിയില്ലായെങ്കില്‍
തോക്കിന്‍ പാത്തിക്കു മുന്നില്‍
യുവത്വത്തെ ഒറ്റുകൊടുത്തില്ലായെങ്കില്‍
നാം നമ്മുടെ കാതുകള്‍ അടച്ചുവെച്ചില്ലെങ്കില്‍
നമ്മുടെ മാംസം ഒരു വേട്ടപ്പട്ടിയും രുചിച്ചു നോക്കില്ല.
നമുക്ക് വേണ്ടതിന്ന്
ക്ഷോഭിക്കുന്ന യുവത്വമാണ്.
അവരാണ്
ആകാശത്തില്‍ വിതക്കേണ്ടവര്‍;
ചരിത്രം രചിക്കേണ്ടവര്‍,
ചിന്തയില്‍ അഗ്നി പടര്‍ത്തേണ്ടവര്‍.
നമുക്കിന്ന് വേണ്ടത്
ഒരു പുതിയ തലമുറയാണ്.
തെറ്റുകള്‍ക്ക് മാപ്പ് കൊടുക്കാത്തവര്‍.
ആരുടെ മുമ്പിലും തലകുനിക്കാതെ
നെഞ്ചു വിരിച്ച് നടക്കേണ്ടുന്നവര്‍.......
എല്ലാറ്റിനുമുയരെ,
ഭീമാകാരം പൂണ്ട
ഒരു യുവതലമുറ ഞാന്‍ സ്വപ്നം കാണുന്നു.
എന്റെ അറബ് കുട്ടികളേ,
ഭാവിയുടെ വിത്തുകള്‍ വിതക്കൂ.
പൊട്ടിച്ചെറിയൂ ചങ്ങലകള്‍.
തലച്ചോറിനെ മയക്കുന്ന ഓപ്പിയത്തെ
വലിച്ചെറിയൂ മടിയാതെ,
എന്റെ അറബ് കുട്ടികളേ,
വായിക്കല്ലേ നിങ്ങള്‍
ജാലകമില്ലാത്ത എന്റെ തലമുറയെ.
ഞങ്ങള്‍ പ്രതീക്ഷകെട്ടവരായിരുന്നു.
സ്വീകരിക്കാതിരിക്കൂ
നേരുകെട്ട ഞങ്ങളുടെ രാജ്യത്തെ
എന്റെ അറബ് കുട്ടികളേ,
പെയ്തിറങ്ങൂ നിങ്ങള്‍ മഴയായ്.
ഭാവിയുടെ വിത്തുകളാവട്ടെ നിങ്ങള്‍.
നിങ്ങളുടെ തലമുറ,
എനിക്കുറപ്പാണ്
എല്ലാ പരാജയങ്ങളെയും തരണംചെയ്യും
തീര്‍ച്ച, തീര്‍ച്ച.
സ്വതന്ത്ര മൊഴിമാറ്റം:
അബ്ദുല്ല പേരാമ്പ്ര
Comments