ചില നോണ്‍വെജിറ്റേറിയന്‍ വര്‍ത്തമാനങ്ങള്‍
കൊച്ചിയില്‍ കച്ചവടത്തിനു പോകുന്ന
ഗുജറാത്തിയെ ട്രെയിനില്‍ വെച്ച് ഞാന്‍ പരിചയപ്പെട്ടു.
'താങ്കളുടെ ശുഭനാമമെന്താകുന്നു?' അയാള്‍ ചോദിച്ചു.
'രാമകൃഷ്ണന്‍! റാം കിശന്‍! റാം റാം'
എന്നഭിനന്ദിച്ചുകൊണ്ട് അയാള്‍
എന്നിലേക്കേറെ അടുത്തിരുന്നു.
'താങ്കള്‍ മാംസഭുക്കാണോ?' അയാള്‍ ചോദിച്ചു.
'അങ്ങനെയൊന്നുമില്ല'
'താങ്കളോ?' ഞാന്‍ ചോദിച്ചു.
'ഞങ്ങള്‍ വൈഷ്ണവജനത ശുദ്ധസസ്യഭുക്കുകളാണ്'
തെല്ലഭിമാനത്തോടെ അയാള്‍ പറഞ്ഞു.
'നിങ്ങളില്‍ ചില പുല്ലുതീനികള്‍ പൂര്‍ണഗര്‍ഭിണിയുടെ
വയറുകീറി കുട്ടികളെ വെളിയിലെടുത്തു തിന്നതോ?
തള്ളയേയും' ഞാന്‍ പെട്ടെന്ന് ചോദിച്ചുപോയി.
ഒരു വികൃതജന്തുവായി രൂപം മാറിയ അയാള്‍
കോമ്പല്ലുകള്‍ കാട്ടി പുരികത്തില്‍ വില്ലുകുലച്ചുകൊണ്ട്
എന്റെ നേരെ മുരണ്ടു 'ക്യാ?'
- കടമ്മനിട്ട
ഹിറ്റ്‌ലര്‍ ഒരു സസ്യഭുക്കായിരുന്നു. നരമാംസത്തിന് പുല്ലുവില കല്‍പ്പിച്ച പുല്ലുതീനിയെന്നും പറയാം. മാംസാഹാരികള്‍ ക്രൂരരും സസ്യാഹാരികള്‍ സമാധാനപ്രിയരുമായിരിക്കുമെന്ന ബ്രാഹ്മണിക്കല്‍ ശ്രേഷ്ഠവാദത്തിന് ചരിത്രം നല്‍കുന്ന മികച്ച വെജിറ്റേറിയന്‍ പാഠഭേദമാണ് ഹിറ്റ്‌ലര്‍. സസ്യാഹാരവാദത്തിന്റെ മറവില്‍ ബ്രാഹ്മണിക്കല്‍ സാമൂഹിക ശുദ്ധതാസങ്കല്‍പം വീണ്ടുമുയര്‍ത്തുകയാണ് ഗോവധനിരോധവും മാംസാഹാരവിരോധവുമെല്ലാം. വിശുദ്ധ പശു മതത്തിന്റെ പുണ്യസങ്കല്‍പ്പമെന്നതിനപ്പുറം ഫാഷിസത്തിന് ഒരു രാഷ്ട്രീയ ആയുധമാണ്. മിത്തും വിശ്വാസവും കൂട്ടിക്കലര്‍ത്തിയ ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്തതാണ് ഫാഷിസത്തിന്റെ ചരിത്രം. രാമജന്മഭൂമി വാദമുയര്‍ത്തി ബാബരി മസ്ജിദ് തകര്‍ക്കുന്നതിലൂടെ അധികാരത്തില്‍ വരെയെത്താനുള്ള വളര്‍ച്ച ഫാഷിസ്റ്റുകള്‍ നേടിയെടുത്തത് അതിന്റെ മികച്ച ഇന്ത്യന്‍ അനുഭവമാണ്. ഫാഷിസ്റ്റുകള്‍ക്ക് ലഭിച്ച ഒരു രാഷ്ട്രീയ ഇന്ധനമായിരുന്നു രാമജന്മഭൂമി. അത്തരം മിത്തും വിശ്വാസവും വിളക്കിച്ചേര്‍ത്ത മറ്റൊരു ചിഹ്‌നമാണ് 'വിശുദ്ധ പശു.' പശുവിനെ ആരാധിക്കുന്നവരും അതിനെ തിന്നുന്നവരുമെന്ന രണ്ട് വിഭാഗങ്ങളെ സൃഷ്ടിക്കാന്‍ ഈ ഗോരാഷ്ട്രീയത്തിന് സാധിക്കുന്നുണ്ട്. ബ്രാഹ്മണിക്കല്‍ സാമൂഹിക ശുദ്ധതാ സങ്കല്‍പ്പമനുസരിച്ച് പശുവിനെ ആരാധിക്കുന്നവര്‍ സംസ്‌കരണചിത്തരായ നായകന്മാരും അതിനെ ഭക്ഷിക്കുന്നവര്‍ വില്ലന്മാരുമാണ്. പശുവിനെ ഒരു രാഷ്ട്രീയായുധമാക്കുമ്പോള്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ദലിതരുമാണ് പ്രതിസ്ഥാനത്ത് വരിക. അതുതന്നെയാണ് പശുവിനെയും മാംസാഹാര നിരോധത്തെയും രാഷ്ട്രീയായുധമാക്കുന്നവരുടെ ലക്ഷ്യവും.
മാംസാഹാരം കഴിക്കുന്ന വിദ്യാര്‍ഥികളെ കോളേജ് കാന്റീനുകളില്‍ പ്രത്യേക ഇടത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസില്‍ നിന്ന് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സര്‍കുലറയച്ചത് ഈയിടെയാണ്. ശങ്കര്‍ ജെയിന്‍ എന്ന സംഘ്പരിവാറുകാരന്റെ കത്തിന്റെയടിസ്ഥാനത്തിലാണ് മന്ത്രിയുടെ മേല്‍നടപടി. ശങ്കര്‍ ജെയിന്റെ കത്തിലെ ചില വരികള്‍ ഇങ്ങനെയാണ്: ''മാംസ ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ അവരുടെ ഇരുണ്ട സ്വഭാവം കാരണം രക്ഷിതാക്കളെ വ്യാകുല ചിത്തരാക്കുന്നു. ഇന്ത്യയുടെ സാംസ്‌കാരിക മൂല്യബോധത്തില്‍ നിന്നും അവര്‍ വ്യതിചലിക്കുന്നു. കാരണം, കഴിക്കുന്ന ഭക്ഷണത്തിന് ചിന്തകളുമായി പ്രത്യക്ഷ ബന്ധമുണ്ട്. മാംസ ഭക്ഷണം പാശ്ചാത്യ സംസ്‌കൃതിയുടെ ഭാഗമാണ്. അത് ഭാരതീയ സംസ്‌കൃതിക്ക് നിരക്കുന്നതല്ല.'
അപ്പോള്‍ അതാണ് വിഷയത്തിന്റെ മര്‍മം. ഭാരതീയ ബ്രാഹ്മണിക്കല്‍ സംസ്‌കൃതിക്ക് എതിരാണ് മാംസാഹാരം. അപ്പോള്‍ പിന്നെ ആ ദര്‍ശനത്തെ പ്രതിനിധീകരിക്കുന്നവര്‍ ഭരിക്കുമ്പോള്‍ മാംസം കഴിക്കുന്നത് രാജ്യദ്രോഹകുറ്റമായി വരെ പ്രഖ്യാപിക്കണ്ടേ. അത് കഴിച്ചത് കൊണ്ടാണല്ലോ ദലിതര്‍ അക്രമാസക്തരാകുന്നത്! മുസ്‌ലിംകള്‍ തീവ്രവാദികളും ബോംബ് വെക്കുന്നവരുമാകുന്നത്! അങ്ങനെ വരുമ്പോള്‍ മാംസം കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. മുഴുവന്‍ മാംസാഹാരികളെയും തുറുങ്കിലടക്കണം. രാജ്യദ്രോഹികളെയും തീവ്രവാദികളെയും മുളയിലേ ഇല്ലാതാക്കാനുള്ള എളുപ്പവഴിയാണത്. ആയതിനാല്‍ മാംസം കഴിക്കുന്നവരെ കണ്ടാല്‍ രാജ്യസ്‌നേഹികള്‍ ഉടനെ ഭരണകൂടത്തെ അറിയിക്കുക. അവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും പിന്നെ പൂര്‍ണ വെജിറ്റേറിയന്‍ ആകാനുള്ള നല്ല നടപ്പും വിധിക്കും. എന്നിട്ടും ആര്‍ഷഭാരത സംസ്‌കാരത്തിന് അവര്‍ മെരുങ്ങിയില്ലെങ്കില്‍ പിന്നെയെന്ത് ചെയ്യണമെന്ന് ഗുജറാത്തും മുസഫര്‍ നഗറുമൊക്കെ പരീക്ഷിച്ച ഞങ്ങള്‍ പുല്ലുതീനികള്‍ക്ക് ശരിക്കറിയാം. അതാവര്‍ത്തിക്കാന്‍ മാംസം കഴിക്കണമെന്നില്ല. മനസ്സിലായോ..........
Comments