മുസ്‌ലിം സ്ത്രീ പ്രമാണങ്ങളിലും സമ്പ്രദായങ്ങളിലും
ഇസ്‌ലാമിക ശരീഅത്തിന്റെ പരിപ്രേക്ഷ്യത്തില്‍ പ്രമാണങ്ങളിലെയും സമ്പ്രദായങ്ങളിലെയും മുസ്‌ലിം സ്ത്രീയുടെ പദവി വ്യത്യാസങ്ങള്‍ ഇഴകീറിപ്പരിശോധിക്കുവാനും, വ്യാഖ്യാനിക്കാനുള്ള പഴുതുകളുള്ളത്രയും ഉപയോഗപ്പെടുത്തി ശരീഅത്തിന്റെ വിശാലവൃത്തത്തില്‍ നിന്നുകൊണ്ട് മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെട്ട വിഷയങ്ങളെ അപഗ്രഥിക്കുവാനുമുള്ള ശ്രമമാണ് കെ. അബ്ദുല്ല ഹസന്റെ 'മുസ്‌ലിം സ്ത്രീ പ്രമാണങ്ങളിലും സമ്പ്രദായങ്ങളിലും' എന്ന കൃതിയില്‍.
പൊതുമണ്ഡലത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിധേയമായ മുസ്‌ലിം സ്ത്രീസംബന്ധിയായ വിഷയങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രസ്തുത വിഷയങ്ങള്‍ പണ്ഡിതോചിതവും ആധികാരികവുമായ തെളിവുകളുദ്ധരിച്ചുകൊണ്ടാണ് ഗ്രന്ഥകര്‍ത്താവ് സമര്‍ഥിക്കുന്നത്. മുസ്‌ലിം സമുദായത്തിനകത്ത് പോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാവുന്ന വിഷയങ്ങളെ വളരെ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാനുള്ള ശ്രമം പുസ്തകത്തിലുടനീളം കാണാം.
സ്ത്രീവിമോചനത്തിന്റെ പേരില്‍ അരാജകത്വം സൃഷ്ടിക്കുന്ന ആധുനിക വനിതാ വിമോചന പ്രസ്ഥാനങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി അവ സ്ത്രീയെ അപടകങ്ങളിലേക്കാണ് കൊണ്ടെത്തിക്കുന്നതെന്നും സ്ത്രീക്ക് യഥാര്‍ഥ വിമോചനപാത തുറന്നുകൊടുത്തത് ഇസ്‌ലാമാണെന്നും ചരിത്രസാക്ഷ്യങ്ങളുടെ പിന്‍ബലത്തോടെ സമര്‍ഥിക്കുകയാണ് ആദ്യ അധ്യായങ്ങളില്‍.
ഇന്നും മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന, സ്ത്രീയുടെ മുഖം മറയ്ക്കല്‍ പ്രശ്‌നം സവിസ്തരം ചര്‍ച്ച ചെയ്യുന്ന പുസ്തകം പ്രവാചക കാലഘട്ടത്തിലെ തന്നെ വിശ്വാസ്യ യോഗ്യമായ ചില സംഭവങ്ങള്‍ തെളിവായുദ്ധരിച്ചുകൊണ്ട്, ഇസ്‌ലാമിക ശരീഅത്ത് മുഖം മറയ്ക്കാന്‍ സ്ത്രീയോട് ആവശ്യപ്പെടുന്നില്ലെന്നും മുഖവും മുന്‍കൈയുമൊഴികെയുള്ള ശരീര ഭാഗങ്ങള്‍ മറച്ചാല്‍ മതിയെന്നും സമര്‍ഥിക്കുന്നു. ''അവര്‍ തങ്ങളുടെ ശിരോവസ്ത്രം മാറിടങ്ങളിലേക്ക് താഴ്ത്തിയിടട്ടെ'' എന്ന ഖുര്‍ആന്‍ സൂക്തം മുഖം മറയ്ക്കാനല്ല, മാറിടം മറയ്ക്കാനാണ് ആവശ്യപ്പെടുന്നതെന്ന് ഇബ്‌നു ഉമര്‍(റ), ഇബ്‌നു അബ്ബാസ്(റ) ഇമാം ഇബ്‌നുഹസം, തുടങ്ങിയ പല പ്രമുഖ സ്വഹാബികളും ത്വാബിഉകളും ഇമാമുകളും അഭിപ്രായപ്പെട്ടതും കൂട്ടത്തില്‍ തെളിവായുദ്ധരിക്കുന്നു. മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുവന്ന സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ഖിമാര്‍, ജില്‍ബാബ് എന്നീ രണ്ടു പദങ്ങളും മുഖവും മുന്‍കൈയും മറയ്ക്കുന്നതാവാന്‍ ഇടയില്ലെന്നും, സ്ത്രീകള്‍ തങ്ങളുടെ തലയിലിടുന്ന നീളമുള്ള തട്ടമാണവകൊണ്ടുദ്ദേശിക്കുന്നതെന്നുമുള്ള നിരീക്ഷണവും പുസ്തകത്തിലുണ്ട്. സൂറത്തുല്‍ അഹ്‌സാബും സൂറത്തുന്നൂറും അവതരിച്ചശേഷവും സാധാരണ മുസ്‌ലിം സ്ത്രീകള്‍ മുഖവും മുന്‍കൈയും മറയ്ക്കാതെ നബിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട സംഭവങ്ങളും ഇതിനോട് ചേര്‍ത്തു വായിക്കാം.
ഇസ്‌ലാം സ്ത്രീയോട് അനീതി കാണിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നവര്‍ അതിന് തെളിവായുദ്ധരിക്കുന്ന പ്രശ്‌നമാണ് ഇസ്‌ലാമിലെ അനന്തരാവകാശ നിയമം. എന്നാല്‍ ഇസ്‌ലാമിക ശരീഅത്തനുസരിച്ച് സ്ത്രീക്ക് പുരുഷന്റെ പാതി സ്വത്ത് എന്ന വാദത്തെ തന്നെ ഗ്രന്ഥകാരന്‍ തള്ളിക്കളയുന്നു. പിതാക്കളുടെ സ്വത്തുക്കള്‍ ആണ്‍-പെണ്‍ മക്കള്‍ ഒരുമിച്ച് അനന്തരമെടുക്കുന്നത് പോലുള്ള ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ പുരുഷന്റെ പാതി സ്വത്ത് സ്ത്രീക്ക് എന്ന നിയമം വരുന്നുള്ളൂ. മഞ്ഞക്കണ്ണുള്ളവര്‍ക്ക് കാണാന്‍ കഴിയാത്ത യുക്തി അതിടലടങ്ങിയിട്ടുമുണ്ട്. സ്വത്ത് ഓഹരി ലഭിക്കുമ്പോള്‍ ഇരട്ടി വിഹിതം ലഭിക്കുന്ന മകന്‍ മാതാവും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യാസന്തതികളുടെയും താമസം, ഭക്ഷണം, വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങി എല്ലാ ചെലവുകളും നിറവേറ്റാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ തന്റെ പകുതി വിഹിതം ലഭിച്ച മകള്‍ അവളുടെ സ്വത്തില്‍നിന്ന് ഒന്നും ചെലവഴിക്കാന്‍ ബാധ്യസ്ഥയുമല്ല.
ഒരടി കൂടി മുന്നോട്ടുകടന്ന് ഗ്രന്ഥകാരന്‍ സ്ത്രീക്കും പുരുഷനും തുല്യമായ വിഹിതം ലഭിക്കുന്ന അവസരങ്ങളും, പുരുഷനെക്കാള്‍ കൂടുതല്‍ സ്ത്രീക്ക് സ്വത്ത് ഓഹരി ലഭിക്കുന്ന സന്ദര്‍ഭങ്ങളും ധാരാളമാണെന്ന് തെളിവുകളുദ്ധരിച്ച് സമര്‍ഥിക്കുന്നു. ഈ ഭാഗം സസൂക്ഷ്മം വായിക്കുന്ന ആര്‍ക്കും ബോധ്യമാവും സ്വത്തവകാശത്തില്‍ ഇസ്‌ലാം സ്ത്രീയോട് അന്യായം കാണിച്ചിട്ടില്ലെന്നും, സ്ത്രീയോട് അനീതി കാണിക്കുന്നുവെന്നത് അടിസ്ഥാനരഹിതവും ഖുര്‍ആനിക നിയമങ്ങളുടെ അന്തസ്സത്തക്ക് നിരക്കാത്തതുമായ ആരോപണമാണെന്നും. അതിനാല്‍ ഇസ്‌ലാമിക ശരീഅത്ത് വിധികള്‍ക്കെതിരെ വാളോങ്ങുന്നവര്‍ അത്തരം ഭാഗങ്ങള്‍ നിഷ്പക്ഷബുദ്ധ്യാ തുറന്ന മനസ്സോടെ വായിക്കേണ്ടതുണ്ട്.
നമസ്‌കാരത്തിലുള്ള സ്ത്രീകളുടെ ഇമാമത്ത് എന്ന വിഷയം കൈകാര്യം ചെയ്തതില്‍ അല്‍പം വ്യക്തത ആവശ്യമുള്ളത് പോലെ തോന്നി. സ്ത്രീകളുടെ നമസ്‌കാരത്തിന്ന് സ്ത്രീകള്‍ക്ക് ഇമാമത്ത് നിര്‍വഹിക്കാമെന്നത് ഇമാം മാലിക് ഒഴികെയുള്ള എല്ലാ ഇമാമുമാരും അംഗീകരിച്ചതാണ്. ഹസ്രത്ത് ആഇശ(റ) ഉമ്മുസല്‍മ(റ) തുടങ്ങിയ മഹതികള്‍ സ്ത്രീകളുടെ ജമാഅത്ത് നമസ്‌കാരത്തിന് ഇമാമത്ത് നിര്‍വഹിച്ചിരുന്നുവെന്നത് ഹദീസുകളില്‍ വന്നതുമാണ്. എന്നാല്‍ ഇതെല്ലാം അംഗീകരിക്കാന്‍ ചിലര്‍ക്ക് ഇന്നും മടിയാണ്. സ്ത്രീകള്‍ മയ്യിത്ത് നമസ്‌കരിക്കുന്ന സ്ഥലങ്ങളിലേക്ക് പുരുഷകേസരികള്‍ വലിഞ്ഞുകയറി ഇമാമത്ത് നിര്‍വഹിക്കുന്നത് കാണുമ്പോള്‍ വല്ലാത്ത ഒരു പുരുഷാധിപത്യ മനസ്സ് എന്നു ചിന്തിച്ചുപോവാറുണ്ട്. സ്ത്രീകളുടെ ജമാഅത്ത് നമസ്‌കാരത്തിന് സ്ത്രീകള്‍ക്ക് നേതൃത്വം നല്‍കാം. അതിനുമപ്പുറം പുരുഷന്മാരും സ്ത്രീകളുമടങ്ങുന്നവരുടെ ജമാഅത്ത് നമസ്‌കാരത്തിന് പോലും സ്ത്രീകള്‍ക്ക് നേതൃത്വം നല്‍കാമെന്നാണ് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നത്. തന്റെ വീട്ടുകാര്‍ക്ക് ഇമാമായി നമസ്‌കരിക്കാന്‍ ഉമ്മുവറഖക്ക് നബി(സ) അനുവാദം നല്‍കിയ സംഭവമാണ് അതിന് തെളിവ്.
അതോടൊപ്പം ഈ വിഷയകമായി ഇമാം അഹ്മദ്ബ്‌നു ഹമ്പലില്‍ നിന്ന് ഇമാം നവവിയുടെ ഉദ്ധരണിയും ചേര്‍ത്തിരിക്കുന്നു. ''പ്രത്യേകം ആവശ്യം വരികയാണെങ്കില്‍ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ഇമാമത്ത് നില്‍ക്കുന്നത്, അഹ്മദില്‍ നിന്നുള്ള വിശ്രുതമായ അഭിപ്രായമനുസരിച്ച് അനുവദിച്ചിരിക്കുന്നു. ഉദാഹരണമായി പുരുഷന്മാര്‍ ഖുര്‍ആന്‍ അറിയാത്തവരും സ്ത്രീ ഖുര്‍ആന്‍ അറിയുന്നവരുമാണെങ്കില്‍ ആ പുരുഷന്മാര്‍ക്ക് ഇമാമായി സ്ത്രീക്ക് തറാവീഹ് നമസ്‌കരിക്കാം. തന്റെ വീട്ടുകാര്‍ക്ക് ഇമാമായി നമസ്‌കരിക്കാന്‍ ഉമ്മുവറഖക്ക് നബി അനുവാദം നല്‍കിയത് പോലെ.''
എന്നാല്‍ ഈ ഹദീസില്‍ വന്ന ഉമ്മുവറഖയുടെ സംഭവത്തില്‍നിന്ന് നന്നെക്കവിഞ്ഞാല്‍ സ്ത്രീകള്‍ക്ക് സുന്നത്ത് നമസ്‌കാരങ്ങളിലും തറാവീഹ് നമസ്‌കാരത്തിലും മാത്രമേ പുരുഷന്മാരും സ്ത്രീകളുമടങ്ങിയ ഒരു വിഭാഗത്തിന്റെ നേതൃത്വമേറ്റെടുക്കാവൂ എന്നാണ് പല പണ്ഡിതന്മാരും നിര്‍ധാരണം ചെയ്തിട്ടുള്ളത്. അല്‍പം കൂടി മുന്നോട്ടുകടന്ന് പുരുഷന്മാരും സ്ത്രീകളുമടങ്ങിയ കുടുംബാംഗങ്ങള്‍ക്കും സ്ത്രീക്ക് നേതൃത്വം നല്‍കാമെന്നുവരാം. ഈ വിഷയം ഇനിയും വിശദമായ ചര്‍ച്ച അര്‍ഹിക്കുന്നുണ്ട്.
ഈ കൃതിയിലെ അവസാനത്തെ ശീര്‍ഷകം 'സ്ത്രീകളുടെ പുറംജോലിയും കുടുംബബന്ധങ്ങളും' എന്നതാണ്. ഈ തലക്കെട്ട് തന്നെ സകല കുടുംബത്തകര്‍ച്ചക്കും കാരണം സ്ത്രീയുടെ പുറംജോലിയാണെന്ന് ധ്വനിപ്പിക്കുംപോലെയുണ്ട്! സ്ത്രീകളുടെ അനന്തര സ്വത്ത്, രാഷ്ട്രീയ പങ്കാളിത്തം, നമസ്‌കാരത്തിലെ ഇമാമത്ത് തുടങ്ങിയ വിഷയങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിന്റെ അതിവിശാലമായ പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് വളരെ ആര്‍ജവത്തോടുകൂടി കൈകാര്യം ചെയ്തപ്പോള്‍, സ്ത്രീകളുടെ പുറംജോലി അത്രതന്നെ ആവേശത്തോടുകൂടി അദ്ദേഹം കൈകാര്യം ചെയ്തിട്ടില്ല എന്ന് തോന്നുന്നു. സ്ത്രീക്ക് അനിവാര്യ ഘട്ടത്തില്‍ മാന്യമായ ഏത് ജോലിയും ആകാമെന്നു തന്നെയാണ് ഗ്രന്ഥകാരന്റെ നിലപാടെങ്കിലും സ്ത്രീകളുടെ പുറംജോലിയെക്കുറിച്ച് അല്‍പം ആശങ്ക ഉള്ളതുപോലെ തോന്നി.
സ്ത്രീയുടെ പ്രഥമ ബാധ്യത കുടുംബത്തോടാണ്. എന്നാല്‍ കുടുംബത്തോടുള്ള ബാധ്യതകള്‍ക്ക് കോട്ടം തട്ടാത്തവിധം സ്ത്രീ വിചാരിച്ചാല്‍ അവള്‍ക്ക് ധാരാളം ജോലികളും സേവനങ്ങളും ചെയ്യാന്‍ കഴിയും. സ്ത്രീകള്‍ ധാരാളമായി പഠിക്കുന്നുണ്ട്. അവര്‍ പല മേഖലകളിലും ഏറെ വളര്‍ന്നിട്ടുണ്ട്. ഒരുപാട് കഴിവുകളുടെ ഉടമകളാണവര്‍. എന്നാല്‍ അതംഗീകരിച്ചുകൊടുക്കാന്‍ സമൂഹം തയാറല്ല. അവരുടെ കഴിവുകള്‍ സമൂഹത്തിന്റെ നന്മയുടെ മാര്‍ഗത്തില്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ല. സ്ത്രീകളുടെ പ്രകൃതിക്കിണങ്ങിയ ധാരാളം തൊഴില്‍ മേഖലകള്‍ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്.
സ്ത്രീക്ക് പുറംജോലി മുഖേന ഇരട്ടി ഭാരമാണ് വരുന്നതെന്ന ആശങ്ക പുസ്തകത്തില്‍ കാണാം. ശരിയാണ്. അതിന് പരിഹാരം സ്ത്രീ ജോലിക്ക് പോവാതിരിക്കുകയെന്നത് മാത്രമല്ല, ജീവിത പങ്കാളി എന്ന നിലക്ക് പുരുഷന്‍ അടുക്കളയില്‍ സഹകരിക്കുകയാണെങ്കില്‍ സ്ത്രീക്ക് ജോലി ഇരട്ടി ഭാരമല്ല. പുരുഷന്മാരുടെ സഹകരണമില്ലെങ്കില്‍ പുറംജോലിയില്ലെങ്കിലും അടുക്കളപ്പണിയും കുട്ടികളെ നോക്കലും പോലും ഇരട്ടി ഭാരമാണ്. അത്തരം നിര്‍ദേശങ്ങള്‍ കൂടി പുസ്തകത്തിലുള്‍പ്പെടുത്താമായിരുന്നു.
ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഈ കൃതി തീര്‍ച്ചയായും മുസ്‌ലിം സ്ത്രീയുടെയും ഇസ്‌ലാമിക ശരീഅത്തിന്റെയും മഹത്വം ഉറക്കെപ്പറയുന്നുണ്ട്.
Comments