Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 20

ഗോവധ നിരോധത്തിലെ രാഷ്ട്രീയം

റഹ്മാന്‍ മധുരക്കുഴി /കുറിപ്പ്

         ഗോവധം നിരോധിച്ച മഹാരാഷ്ട്രയില്‍ ഗോമാംസം കൈവശം വെക്കുന്നതും വില്‍ക്കുന്നതും കയറ്റുമതി ചെയ്യുന്നതും, അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിച്ചിരിക്കുന്നു. ഒരു പൗരന്‍ എന്തു ഭക്ഷിക്കണം, ഏത് വസ്ത്രം ധരിക്കണം എന്നിത്യാദി കാര്യങ്ങള്‍ ഭരണകൂടം തീരുമാനിക്കുകയെന്നത് ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ നിഷേധവുമാണ് എന്നതാണ് യാഥാര്‍ഥ്യം.

മതപരമല്ല

ഗോവധ നിരോധ വാദത്തിന്റെ ന്യായ ശാസ്ത്രം മതപരമെന്ന് പറയാവതല്ല. ഹൈന്ദവ വേദത്തിലോ പുരാണങ്ങളിലോ ഗോവധം അരുതെന്ന് അനുശാസിക്കുന്നില്ല. പ്രാചീന കാലങ്ങളില്‍ ഹൈന്ദവര്‍ നടത്തിയിരുന്ന പല യാഗങ്ങളിലും പശുക്കളെയും കാളകളെയും ബലിയര്‍പ്പിക്കുക പതിവായിരുന്നു. ബലി നടത്താന്‍ പശുക്കള്‍ ബ്രഹ്മത്താല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും ബലി നടത്തിയാല്‍ മാലോകരെല്ലാം മോക്ഷം പ്രാപിക്കുമെന്നും ആകയാല്‍ ആ യജ്ഞത്തിലെ അനുഷ്ഠാനമായ പശുബലി ഹിംസയല്ല എന്നുമാണ് മനുസ്മൃതി ഉദ്‌ഘോഷിക്കുന്നത് (5:39). 'അതിഥിയായി എത്തുന്ന വേദ പണ്ഡിതനായ ബ്രാഹ്മണനെ, കാളയെയോ ആടിനെയോ മാനിനെയോ കൊന്ന് നല്ല രുചിയോടെ പാകം ചെയ്ത് പീഠത്തിലിരുത്തി, നല്ല വാക്കുകള്‍ പറഞ്ഞ് മതിയാവോളം ഭുജിപ്പിക്കണം' എന്നല്ലേ യാജ്ഞവത്കൃതസ്മൃതി ഉദ്‌ഘോഷിക്കുന്നത്! ഇനി, ഗോവധ നിരോധത്തിന് പ്രേരകം, മൃഗസ്‌നേഹവും ജീവകാരുണ്യ വികാരവുമാണെന്നാണ് വാദമെങ്കില്‍, ജീവകാരുണ്യം ആട്, മാന്‍, മുയല്‍, കോഴി തുടങ്ങിയ ജീവികളുടെ കാര്യത്തിലില്ലാതെ പശുവില്‍ മാത്രം പരിമിതപ്പെടുത്തുന്നതിലെ യുക്തി എന്താണ്?

മുസ്‌ലിംകള്‍ മാത്രമല്ല, ഒട്ടു വളരെ ഹിന്ദുക്കളും പ്രത്യേകിച്ച് താഴ്ന്ന ജാതിക്കാരെന്ന് പറയപ്പെടുന്നവരും ദലിതരും പതിവായി ഗോമാംസം കഴിക്കുന്നവരാണെന്നാണ് സര്‍വേകള്‍ വെളിപ്പെടുത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേകള്‍ വ്യക്തമാക്കുന്നത് ആകെ ഗോമാംസത്തിന്റെ നാലില്‍ മൂന്ന് ഭാഗവും ഭക്ഷിക്കുന്നത് മുസ്‌ലിമേതര സമുദായങ്ങളാണെന്നാണ്. വടക്കു കിഴക്കന്‍ മേഖലയിലെ മലയോര ജനതയുടെ മുഖ്യ ആഹാരം ഗോമാംസമാണെന്നാണ് മുന്‍ മേഘാലയ മുഖ്യമന്ത്രി പറയുന്നത്. ഗോമാംസവും പന്നിമാംസവും തങ്ങളുടെ ഭക്ഷണ ശീലങ്ങളുടെ ഭാഗമാണെന്ന് മുന്‍ മിസോറാം മുഖ്യമന്ത്രിയും പറയുന്നു. 1958-ല്‍ അന്നത്തെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് യു.പി, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നടപ്പാക്കിയ ഗോവധ നിരോധ നിയമം പുനഃപരിശോധനാ വിധേയമാക്കവെ, രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ഭക്ഷണമാണ് പശുവിന്റെയും പോത്തിന്റെയും മാംസമെന്നും, ഉപയോഗശൂന്യമായ മൃഗങ്ങളെ അറുക്കുന്നത് വിലക്കാനാവില്ലെന്നും പ്രഖ്യാപിച്ചതിന്റെ യാഥാര്‍ഥ്യവും മറ്റൊന്നല്ല.

കൊല്ലാക്കൊല ചെയ്യപ്പെടുന്ന പശുക്കള്‍!

ഉപയോഗമില്ലാത്ത പശുക്കളെ സംരക്ഷിക്കാന്‍ കഴിയാതെ, അവയുടെ ഉടമകള്‍ അവയെ ഇറക്കിവിടുമ്പോള്‍ ആ പാവങ്ങള്‍ വിശന്ന് വലഞ്ഞ് വഴിയരികില്‍ മറിഞ്ഞുവീഴുന്ന കാഴ്ച ഗോവധ നിരോധം നിലവിലുള്ള ഉത്തരേന്ത്യയില്‍ പരക്കെ ദൃശ്യമാണ്. അവയുടെ മേല്‍ ഒട്ടേറെ കഴുകന്മാര്‍ പറന്നു വന്നിരിക്കുകയും അവയുടെ മാംസം ജീവനോടെ കൊത്തിപ്പറിച്ചു തിന്നുകയും ചെയ്യുന്ന ദാരുണ ദൃശ്യം നമ്മുടെ ഗോ പ്രേമികളില്‍ യാതൊരു മനഃപ്രയാസവും സൃഷ്ടിക്കാറില്ല. 

ഗോവധം നിരോധിക്കുന്നതിനായി  മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ അണിയറ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നല്ലോ കര്‍ണാടകയിലെ കൊപ്പാള്‍ കൃഷ്ടകി ദുര്‍ഗമ്മ ദേവീ ക്ഷേത്രത്തില്‍ ഒറ്റ രാത്രി കൊണ്ട് പതിനായിരത്തോളം പശുക്കളെ കുരുതി കഴിച്ച വാര്‍ത്തയും വന്നത്. മൃഗസ്‌നേഹികളുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു കൂട്ടക്കുരുതിക്ക് ദേവീ ക്ഷേത്രം വേദിയായത്! ഗോക്കളെ വധിക്കുന്നതിനെതിരെ കര്‍ണാടകയിലെ 'പ്രാണി ദയാ സംഘ്' രംഗത്ത് വന്നെങ്കിലും പോലീസ് - റവന്യൂ അധികൃതരുടെ അനുമതിയോടെ കൃത്യനിര്‍വഹണം യഥാവിധി അരങ്ങേറുക തന്നെ ചെയ്തു. ഗോക്കളെ അറുത്ത് വില്‍പന നടത്തുന്നവരുടെ കൈ വെട്ടുമെന്ന് ഭീഷണി മുഴക്കിയ ബജ്‌റംഗ്ദള്‍-ശ്രീരാമ സേന നേതാക്കള്‍ ഈ ഗോഹത്യക്കെതിരെ അവലംബിച്ചത് അര്‍ഥഗര്‍ഭ മൗനം!

രാജ്യത്തെ കശാപ്പ് ശാലയുടെ നടത്തിപ്പുകാരില്‍ ഭൂരിപക്ഷവും മുസ്‌ലിംകളോ ക്രിസ്ത്യാനികളോ അല്ല; ഹിന്ദുക്കളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കശാപ്പുശാലയായ ഹൈദരാബാദിലെ 'അല്‍ കബീറി'നെതിരെ ഹിന്ദു മുന്നണിക്കാര്‍ സമരത്തിനിറങ്ങി ബഹളം വെച്ചത് ഓര്‍ക്കുന്നില്ലേ? മുസ്‌ലിം നാമധേയത്തിലറിയപ്പെടുന്ന ഈ കശാപ്പുശാല ഒരു സവര്‍ണ ഹിന്ദുവിന്റേതാണെന്നറിഞ്ഞപ്പോള്‍ 'ഗോഭക്തരായ' പ്രക്ഷോഭകാരികള്‍ സമരം നിര്‍ത്തി സ്വന്തം പാട്ടിന് പോയത് 'ഗോഭക്തി'യുടെ കപടമുഖമല്ലേ അനാവരണം ചെയ്യുന്നത്. ''നാം പശുക്കളെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. എന്നാല്‍, 90 ശതമാനം ഗോവധ കേന്ദ്രങ്ങളുടെ ഉടമസ്ഥരും നടത്തിപ്പുകാരും ഹിന്ദുക്കളാണ്.'' ഹിന്ദുത്വ വാരികയായ കേസരി (2003 ഏപ്രില്‍ 20)യിലൂടെ തരുണ്‍ വിജയ് നടത്തിയ ഈ സ്വയം വിമര്‍ശനം ഗോവധ നിരോധത്തിന് വേണ്ടി മുറവിളി കൂട്ടുന്നവരുടെ കാപട്യമല്ലേ വ്യക്തമാക്കുന്നത്? 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 109-112
എ.വൈ.ആര്‍