Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 20

ഭര്‍ത്താവിനും കാമുകനുമിടയില്‍ ഒരു ദുരന്ത ജീവിതം

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

         ആ പെണ്‍കുട്ടിക്ക് ഒരു യുവാവിനോട് കലശലായ പ്രേമമാണ്. അയാള്‍ അവളെ വിവാഹം കഴിക്കാന്‍ മുന്നോട്ടുവന്നെങ്കിലും അവളുടെ ഉമ്മ ആവശ്യം നിരസിച്ചു. പെണ്‍കുട്ടിയുടെ പിതൃവ്യ പുത്രനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധം പിടിച്ചു. അതേ കുടുംബത്തിലെ ധനികപുത്രനാണ് യുവാവെന്നതായിരുന്നു ഉമ്മയുടെ നിര്‍ബന്ധത്തിന് കാരണം. തന്റെ ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്നും അയാള്‍ ഒരു ലുബ്ധനാണെന്നും വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ യുവതിക്ക് മനസ്സിലായി. പരസ്ത്രീ ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യമൊക്കെ നിഷേധിക്കാന്‍ നോക്കിയെങ്കിലും പിന്നെ സമ്മതിക്കാന്‍ നിര്‍ബന്ധിതനായി. തന്റെ അനിഷ്ടം പ്രകടിപ്പിച്ച അവളോട് അയാള്‍: ''എനിക്ക് ആനന്ദം നല്‍കുന്നവയാണ് ഈ ബന്ധങ്ങള്‍. നിനക്ക് വേണമെങ്കില്‍ ഇതെല്ലാം കണ്ടും സഹിച്ചും എന്നോടൊപ്പം നില്‍ക്കാം. അല്ലെങ്കില്‍ വിവാഹ മോചനം തരാം.'' ഉമ്മയോടു ഈ കാര്യം പറഞ്ഞെങ്കിലും ജനങ്ങളുടെ പരിഹാസോക്തികള്‍ ഭയന്ന് വിവാഹമോചനമെന്ന ആവശ്യം അവര്‍ നിരാകരിച്ചു. പത്ത് കൊല്ലത്തോളം അവള്‍ ഭര്‍ത്താവിനെ ഈവിധം പൊറുപ്പിച്ചു. സഹിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. തന്റെ ഭര്‍ത്താവിനെക്കുറിച്ച് ആശയറ്റ ആ പെണ്‍കുട്ടി, തന്നെ വിവാഹത്തിന് മുമ്പു പ്രേമിച്ച യുവാവിന്റെ അടുത്തേക്ക് തിരിച്ചുചെന്നാലോ എന്ന ആലോചനയുമായാണ് എന്നെ സമീപിച്ചത്. ഞാന്‍ ആ പെണ്‍കുട്ടിയെ ഉപദേശിച്ചു: ''ഒരു തെറ്റിനെ അതുപോലുള്ള മറ്റൊരു തെറ്റ് കൊണ്ടല്ല തിരുത്തേണ്ടത്. നിങ്ങളുടെ ചുവടുവെപ്പുകള്‍ സൂക്ഷിച്ചുവേണം. നിങ്ങളുടെ ചിന്ത അല്ലാഹുവിന്റെ കോപം ക്ഷണിച്ചുവരുത്തുന്നതാണ്. മുന്‍കാമുകനിലേക്ക് തിരിച്ചുപോകാനുള്ള ചിന്ത നിങ്ങളുടെ മനസ്സില്‍ സജീവമായ നിലക്ക്, നിങ്ങള്‍ ഇപ്പോഴുള്ള ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടി യുവാവിനെ ഭര്‍ത്താവായി വരിക്കുകയാണ് കരണീയം. അവളുടെ പ്രതികരണം: ''ഞാന്‍ പ്രേമിച്ച ആ യുവാവ് എന്നോടുള്ള ഇഷ്ടത്താല്‍ ഇന്നും അവിവാഹിതനായി തുടരുകയാണ്. വരുന്ന എല്ലാ വിവാഹാലോചനകളും അയാള്‍ നിരാകരിക്കുകയാണ്.'' ''എങ്കില്‍ നിങ്ങള്‍ വിവാഹമോചനം നേടണം. അതാണ് നിങ്ങളുടെ ഭാവിക്ക് നല്ലത്.'' ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു. ആ കൂടിക്കാഴ്ച അങ്ങനെ കഴിഞ്ഞു.

രണ്ട് വര്‍ഷം കഴിഞ്ഞു വീണ്ടും എന്നെ സമീപിച്ച അവര്‍: ''ഒരു കാര്യം തുറന്നുപറയാനാണ് ഞാന്‍ വന്നത്. ഞാന്‍ എന്റെ പഴയ കാമുകനുമായി ബന്ധപ്പെടുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി എല്ലാ വാരാന്ത്യങ്ങളിലും ഞങ്ങള്‍ ഒന്നിച്ചു പുറത്ത് പോകും. ഞങ്ങള്‍ ഒന്നിച്ചു ഭക്ഷണം കഴിക്കും. എനിക്കദ്ദേഹം സമ്മാനങ്ങള്‍ വാങ്ങിത്തരും.''

''നിങ്ങളും ഭര്‍ത്താവും തമ്മില്‍ വിവാഹ മോചനം നടക്കുകയുണ്ടായോ?''

ഞാന്‍ തിരക്കി. അവള്‍ മൗനിയായി. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അവള്‍: ''ഇല്ല, ഭര്‍ത്താവിനോടും കാമുകനോടുമുള്ള ബന്ധം ഞാന്‍ തുടരുന്നു.''

''സംഘട്ടനം തുടങ്ങിക്കഴിഞ്ഞു'' ഞാന്‍.

''എന്ന് വെച്ചാല്‍?'' അവള്‍.

''നിങ്ങള്‍ ഈ കൊടുംപാപത്തില്‍ ഏര്‍പ്പെടുകവഴി അല്ലാഹുവിനോടുള്ള യുദ്ധത്തിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്.''

''ഞാനെന്ത് ചെയ്യാനാണ്? ജനങ്ങളുടെയും എന്റെ കുടുംബാംഗങ്ങളുടെയും സംസാരം എന്നെ ഭയപ്പെടുത്തുകയാണ്. അവര്‍ക്ക് എന്നെക്കുറിച്ച് പറയാനുണ്ടാവുക ഇതാണ്: ''വിവാഹമോചനം നേടിയിരിക്കുന്നു അവള്‍. ഭ്രാന്തി. നല്ല പണവും പദവിയും സ്ഥാനമാനങ്ങളുമുള്ള ഭര്‍ത്താവിനെ വേണ്ടെന്ന് വെച്ച് പോന്ന പൊട്ടിപ്പെണ്ണ്! രണ്ടു മക്കളുടെ ജീവിതവും അവള്‍ അവതാളത്തിലാക്കി.'' ഞാന്‍ ഒന്നും മിണ്ടിയില്ല.

അവള്‍ സംസാരം തുടര്‍ന്നു: ''സമൂഹത്തിന്റെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ ഞാന്‍ എന്റെ ഭര്‍ത്താവുമായുള്ള ബന്ധം തുടരുന്നു. ഞങ്ങളിരുവരും ഞങ്ങളുടെ സ്വകാര്യ ബന്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുമില്ല.''

''പക്ഷേ സമൂഹത്തിനും ജനസംസാരത്തിനുമാണ് സ്രഷ്ടാവായ അല്ലാഹുവിന്റെ വചനങ്ങളെക്കാള്‍ നിങ്ങള്‍ പ്രാമുഖ്യം കല്‍പിക്കുന്നത്. നിങ്ങളുടെ ഭര്‍ത്താവിനെ അല്ലാഹു ശിക്ഷിച്ചുകൊള്ളും. വ്യഭിചാരികള്‍ക്ക് എന്താണ് ശിക്ഷ എന്ന് നിങ്ങള്‍ക്കറിയാം. 'അഗ്നികുണ്ഠങ്ങളില്‍ അവര്‍ വേവിക്കപ്പെടും, കരിക്കപ്പെടും' എന്നെല്ലാം ഇസ്‌റാഅ്-മിഅ്‌റാജ് യാത്രയെത്തുടര്‍ന്നു നബി(സ) വ്യഭിചാരികളെക്കുറിച്ച് പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ. ഭര്‍ത്താവിനുണ്ടാവുന്ന ഈ ദുരവസ്ഥ നിങ്ങള്‍ക്കും വന്നുപെടാതെ നോക്കണം.'' അങ്ങനെ ആ കൂടിക്കാഴ്ചയും കഴിഞ്ഞു.

അഞ്ച് വര്‍ഷം കഴിഞ്ഞ് അലമുറയിട്ടു കരഞ്ഞ് കൊണ്ടാണ് അവര്‍ എന്നെ സമീപിച്ചത്. കരച്ചിലടക്കാന്‍ പാടുപെട്ട് അവര്‍ ഇത്രയും പറഞ്ഞൊപ്പിച്ചു: ''എന്റെ ഒരു മകന്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു. ഏറ്റവും പ്രിയപ്പെട്ട മകനാണ് എനിക്ക് നഷ്ടമായത്-ഇനി ഒരു മകനേയുള്ളൂ എനിക്ക്.'' ഞാനൊന്നും മിണ്ടിയില്ല. വീണ്ടും യുവതിയാണ് സംസാരത്തിന് തുടക്കമിട്ടത്: ''അങ്ങ് എന്താണ് പറയാന്‍ പോകുന്നത് എന്ന് എനിക്കറിയാം. പഴയ കാമുകനുമായി അവിഹിത ബന്ധം പുലര്‍ത്തുക വഴി നീ അല്ലാഹുവുമായുള്ള ഒരു യുദ്ധത്തിലാണ് ഏര്‍പ്പെട്ടിട്ടുള്ളത് എന്നല്ലേ അങ്ങ് പറഞ്ഞ് കൊണ്ടുവരുന്നത്?''

ഞാന്‍: ''മകന്റെ വേര്‍പാടില്‍ വേദനിക്കുന്ന നിങ്ങള്‍ക്ക് അല്ലാഹു ആശ്വാസം പകരട്ടെ. അവന്‍ നിങ്ങള്‍ക്ക് മതിയായ പ്രതിഫലവും തരട്ടെ. അല്ലാഹു ഓരോ വ്യക്തിക്കും അയാളുടെ അശ്രദ്ധയില്‍ നിന്നുണരാനും അവനിലേക്ക് മടങ്ങാനുമായി ചില വ്യംഗ്യസന്ദേശങ്ങള്‍ അയക്കും. ആ സന്ദേശം ഒന്നുകില്‍ സാമ്പത്തിക നഷ്ടമാവാം, അതല്ലെങ്കില്‍ രോഗമാവാം, അതുമല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ മരണമാവാം, മറ്റെന്തെങ്കിലും വിപത്തുമാവാം. ഇവയെല്ലാം ദൈവികമായ ചില സന്ദേശങ്ങളാണ്. ഞാന്‍ എന്റെ ഉപദേശം ആവര്‍ത്തിക്കുകയാണ്. 'നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടണം. നിങ്ങളുടെ പഴയ കാമുകനെ വിവാഹം ചെയ്യണം.' അതാണ് നിങ്ങളുടെ ഇഹ-പര ജീവിതത്തിന് ഗുണകരം.''

''അപ്പോള്‍ സമൂഹത്തെ ഞാന്‍ എങ്ങനെ അഭിമുഖീകരിക്കും? ജനങ്ങളോട് ഞാന്‍ എന്തുപറയും? സമൂഹത്തില്‍ ഞങ്ങള്‍ക്കുള്ള സ്ഥാനവും ഇടവും അങ്ങേക്ക് അറിയാമല്ലോ. രാജ്യത്തെ ഉന്നത പദവികള്‍ വഹിക്കുന്നവരാണ് ഞങ്ങളുടെ കുടുംബം എന്നതിനാല്‍ വിവാഹ മോചന വാര്‍ത്തക്ക് ഏറെ പ്രചാരവും വേഗത്തില്‍ കിട്ടും.'' അവരുടെ മറുപടി.

''പക്ഷേ നിങ്ങളുടെ ആരോഗ്യവും വിശ്വാസത്തിന്റെ പരിരക്ഷയും മനഃസമാധാനവും ആണ് ഈ പറഞ്ഞതിനെക്കാളെല്ലാം മുഖ്യമായിട്ടുള്ളത്. പിന്നെ വിവാഹമോചനം. ഈ വിവാഹ മോചനം നിങ്ങളുടെ കുടുംബത്തില്‍ ആദ്യത്തേതായിരിക്കില്ലല്ലോ. ജനങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാല്‍ തന്റേടത്തോടെ അവരെ നേരിടുക. 'നിഷിദ്ധകൃത്യ'ത്തിലേര്‍പ്പെട്ടു അല്ലാഹുവുമായി ഒരു ഏറ്റുമുട്ടലിന് മുതിരരുത്.'' ഞാന്‍ ഓര്‍മിപ്പിച്ചു. അങ്ങനെ ആ കൂടിക്കാഴ്ചയും കഴിഞ്ഞു. മൂന്ന് വര്‍ഷം കഴിഞ്ഞ് വിഷാദവും ദുഃഖവും നിരാശയും നിഴലിട്ട മുഖഭാവത്തോടെ അവര്‍ എന്റെ ഓഫീസില്‍ കയറിവന്നു: ''മാരകമായ രോഗം പിടിപെട്ടിരിക്കുന്നു എനിക്ക്. ചികിത്സാര്‍ഥം വിദേശത്ത് പോയേപറ്റൂ. എന്റെ ഭര്‍ത്താവ് എന്നെ കൈയൊഴിഞ്ഞു. അയാള്‍ എന്റെ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ തയാറല്ലെന്ന് തീര്‍ത്തു പറഞ്ഞു.''

''അപ്പോള്‍ ഇനി നിങ്ങളെന്ത് ചെയ്യും?''

''എന്റെ ചികിത്സാ ചെലവുകള്‍ വഹിച്ചുകൊള്ളാമെന്ന് എന്റെ പൂര്‍വ കാമുകന്‍ എനിക്ക് വാക്ക് തന്നിട്ടുണ്ട്.''

''അപ്പോള്‍ നിങ്ങള്‍ ഇപ്പോഴും അയാളുമായുള്ള ബന്ധം തുടരുന്നു എന്നാണോ?'' മൗനത്തിലാണ്ട അവളുടെ മനസ്സ് വായിക്കാന്‍ എനിക്ക് കഴിഞ്ഞു. ''മറുപടി നിങ്ങള്‍ പറയാതെ തന്നെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇപ്പോഴും എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടുക. ജനങ്ങളെന്ത് പറയുന്നു എന്നോര്‍ത്ത് വിഷമിക്കാതിരിക്കുക. ജനങ്ങളുടെ തൃപ്തി നിങ്ങള്‍ക്ക് നേടാനാവാത്ത ലക്ഷ്യമാണ്. പക്ഷേ അല്ലാഹുവിന്റെ തൃപ്തി നിങ്ങള്‍ക്ക് നേടാവുന്നതേയുള്ളൂ.''

അവര്‍ ഇരുന്ന് കരയാന്‍ തുടങ്ങി. ''അങ്ങയുടെ ഉപദേശം ഞാന്‍ പണ്ടേ കൈക്കൊണ്ടിരുന്നുവെങ്കില്‍!''

ഞാന്‍: ''ഇനിയും സമയമുണ്ട്. വൈകിയിട്ടില്ല. നിങ്ങളുടെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാനുള്ള ഉറച്ച തീരുമാനം നിങ്ങള്‍ എടുക്കുകയാണ് മുഖ്യം. നിങ്ങളുടെ പൂര്‍വകാമുകനെ വിവാഹം കഴിച്ചു അയാളോടൊപ്പം വിദേശത്ത് പോയി അയാളുടെ ചെലവില്‍ ചികിത്സ പൂര്‍ത്തിയാക്കുക.''

''അദ്ദേഹവും അത് തന്നെയാണ് എന്നോടു പറഞ്ഞത്'' അവര്‍.

ആ കൂടിക്കാഴ്ചയും കഴിഞ്ഞു.

കഥയുടെ പര്യവസാനം എന്തായി എന്ന് വായനക്കാരായ നിങ്ങള്‍ ഇപ്പോള്‍ ചോദിക്കുമെന്നെനിക്കറിയാം. അതെനിക്കും അറിഞ്ഞുകൂടാ. അവരുടെ ചികിത്സ തുടരുന്നു എന്നറിയാം. അല്ലാഹു അവര്‍ക്ക് രോഗശാന്തി പ്രദാനം ചെയ്യട്ടെ. അവരുടെ പശ്ചാത്താപം സ്വീകരിച്ചു ഒരു പുതിയ ജീവിതം അവര്‍ക്ക് കനിഞ്ഞേകട്ടെ എന്ന് പ്രാര്‍ഥിക്കാം. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 109-112
എ.വൈ.ആര്‍