Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 20

കോടതികളിലൂടെയല്ലാതെ മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചനത്തിന് സാധുതയുണ്ടോ?

ഇല്‍യാസ് മൗലവി

ഭര്‍ത്താവിന്റെ പെരുമാറ്റ ദൂഷ്യം കാരണം ഭാര്യ ഏകപക്ഷീയമായി വിവാഹബന്ധം വേര്‍പ്പെടുത്തുന്നു എന്ന് പരസ്യം ചെയ്യുന്നത് ഇസ്‌ലാമിക ശരീഅത്ത് അനുവദിക്കുന്നുണ്ടോ? അങ്ങനെ ചെയ്യുന്നതിന് (ഫസ്ഖ്) വല്ല അടിസ്ഥാനവും ഉണ്ടോ? ഈ വിഷയകമായി നിലവിലെ വ്യക്തി നിയമവും ഇസ്‌ലാമിക ശരീഅത്തും എന്താണ് പറയുന്നത്? അവ തമ്മില്‍ പൊരുത്തക്കേടുണ്ടോ?

ദുര്‍ബലപ്പെടുത്തുക, വേര്‍പ്പെടുത്തുക എന്നൊക്കെയുള്ള അര്‍ഥമാണ് ഭാഷാപരമായി ഫസ്ഖ് എന്ന പദത്തിന്. സാങ്കേതികമായി, നിലവില്‍ വന്ന ഉടമ്പടിയോ കരാറോ ദുര്‍ബലപ്പെടുത്തുകയോ, അങ്ങനെയൊന്ന് നിലവില്‍ വന്നിട്ടേയില്ല എന്ന് കണക്കാക്കുകയോ ചെയ്യുന്നതിനാണ് ഫസ്ഖ് എന്ന് പറയുക.

വിവാഹ ബന്ധത്തിന്റെ കാര്യത്തില്‍ ഫസ്ഖ് രണ്ട് വിധത്തിലാണ്. ഒന്ന്, സ്വാഭാവികമായി ദുര്‍ബലപ്പെടുക. ദമ്പതികള്‍ മുലകുടി ബന്ധത്താലോ മറ്റോ പരസ്പരം വിവാഹം നിഷിദ്ധമായവരാണ് എന്ന് തെളിയുക ഉദാഹരണം.

എന്നാല്‍, കോടതി മുഖേന മാത്രം ബന്ധം ദുര്‍ബലപ്പെടുത്തുന്നതാണ് മറ്റൊരു വിധം. ഉദാഹരണമായി, ഷണ്ഡനായ ഒരാള്‍ സന്താനലബ്ധി അസാധ്യമായ ന്യൂനത മറച്ചുവെച്ച് വിവാഹം ചെയ്യുക. ഇവിടെ സ്ത്രീക്ക് ഫസ്ഖിനുള്ള അവകാശമുണ്ട്. അതുപോലെ സന്മാര്‍ഗിയാണെന്ന ഭാവത്തില്‍ വിവാഹം ചെയ്യുകയും പിന്നീട് തെമ്മാടിയാണെന്ന് തെളിയുകയും ചെയ്താലും അങ്ങനെത്തന്നെ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫസ്ഖ് ചെയ്യാനുള്ള അവകാശം സ്ത്രീക്കുണ്ട്. അതുപക്ഷേ കോടതി മുഖേന മാത്രമേ സാധുവാകുകയുള്ളൂ. സ്ത്രീക്ക് പരാതിയൊന്നുമില്ലെങ്കില്‍ ബന്ധം തുടരുന്നതിന് തടസ്സവുമില്ല.

പുരുഷന് വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള അവകാശമാണ് ത്വലാഖ്. എന്നാല്‍ അനിവാര്യമായ കാരണങ്ങളാല്‍ ഭാര്യക്ക് വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള അവകാശം ഇസ്‌ലാം വകവെച്ചു കൊടുക്കുന്നുണ്ട്. അതിനാണ് 'ഖുല്‍അ്' എന്ന് പറയുന്നത്. അതുപക്ഷേ ത്വലാഖ് പോലെയല്ല. പ്രത്യുത ഭര്‍ത്താവിന് മഹ്ര്‍ തിരിച്ചുകൊടുത്തുകൊണ്ട് ഭാര്യ വിവാഹ മോചനം ആവശ്യപ്പെടുകയാണ്. അങ്ങനെ വരുമ്പോള്‍ അത് സ്വീകരിച്ച് വിവാഹബന്ധം വേര്‍പ്പെടുത്തിക്കൊടുക്കേണ്ട ബാധ്യത ഭര്‍ത്താവിനുണ്ട്. ഭര്‍ത്താവ് അത് നിര്‍വഹിക്കാന്‍ കൂട്ടാക്കാത്തപക്ഷം ഖാദിയെ (കോടതിയെ) സമീപിക്കുകയാണ് വേണ്ടത്. അങ്ങനെ വന്നാല്‍ ഖാദി വിഷയം പഠിച്ച് ന്യായമായ കാരണങ്ങളാലാണ് ഭാര്യ ബന്ധം വേര്‍പ്പെടുത്താനാവശ്യപ്പെടുന്നതെന്ന് ബോധ്യപ്പെട്ടാല്‍ അത് പരിഗണിച്ച് ഭര്‍ത്താവിനോട് ഉടനെ ബന്ധം വേര്‍പ്പെടുത്തിക്കൊടുക്കാനാവശ്യപ്പെടുകയും അയാളത് നിരസിച്ചാല്‍ ഖാദി തന്റെ അധികാരമുപയോഗിച്ച് ആ വിവാഹബന്ധം വേര്‍പ്പെടുത്തിയതായി വിധി പുറപ്പെടുവിക്കുകയും ചെയ്യും.

ഇമാം ഇബ്‌നു ഖുദാമ പറയുന്നു: ''പുരുഷന്റെ സ്വഭാവം, ആകൃതി, ദീന്‍, വാര്‍ധക്യം, ബലഹീനത എന്നീ കാര്യങ്ങളാല്‍ സ്ത്രീ അയാളെ വെറുക്കുകയും, ഭര്‍ത്താവിനെ അനുസരിക്കുന്നതില്‍ അല്ലാഹുവിന്റെ അവകാശം പൂര്‍ത്തീകരിക്കുകയില്ലെന്ന് ഭയപ്പെടുകയും ചെയ്താല്‍, ധനം നല്‍കി അയാളില്‍ നിന്ന് മോചനം നേടാന്‍ അവള്‍ക്ക് അവകാശമുണ്ട്. അല്ലാഹു പറയുന്നു: ''...അങ്ങനെ അവര്‍ക്ക് (ദമ്പതികള്‍ക്ക്) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉത്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ തന്റെ ഭര്‍ത്താവിന് വല്ലതും വിട്ടുകൊടുത്ത് സ്വയം മോചനം നേടുന്നതില്‍ ഇരുവര്‍ക്കും കുറ്റമില്ല'' (അല്‍ ബഖറ 229- അല്‍ മുഗ്‌നി).

ഹദീസില്‍ ഇപ്രകാരം കാണാം: സാബിത്തുബ്‌നു ഖൈസിന്റെ ഭാര്യ നബി(സ)യോട് പറഞ്ഞു: ''പ്രവാചകരേ, ഞാന്‍ അയാളുടെ സ്വഭാവവും ദീനുമല്ല വെറുക്കുന്നത്. പക്ഷേ, ഇസ്‌ലാമില്‍ ഞാന്‍ കുഫ്ര്‍ വെറുക്കുന്നു.'' അപ്പോള്‍ നബി പറഞ്ഞു: ''നീ അയാളുടെ തോട്ടം തിരിച്ചു കൊടുക്കുമോ?'' അവള്‍ അതേ എന്ന് മറുപടി പറഞ്ഞു. അങ്ങനെ അവള്‍ തോട്ടം തിരിച്ചു കൊടുത്തു. നബി അയാളോട് അവളുമായുള്ള ബന്ധം വിഛേദിക്കാനും കല്‍പിച്ചു. വേറൊരു റിപ്പോര്‍ട്ട് പ്രകാരം നബി അയാളോട്: 'നീ നിന്റെ തോട്ടം തിരിച്ചുവാങ്ങുകയും അവളെ ഒരു പ്രാവശ്യം ത്വലാഖ് ചൊല്ലുകയും ചെയ്യുക' എന്നുമുണ്ട് (ബുഖാരി).

ഇതിനെ ഖുല്‍അ് എന്ന് പറയുന്നു. സ്ത്രീ തന്നില്‍ നിന്ന് ഭര്‍ത്താവെന്ന വസ്ത്രം ഊരിക്കളയുകയാണ്. അല്ലാഹു പറയുന്നു: ''അവര്‍ നിങ്ങള്‍ക്കും നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു.'' ഇതിന് ഇഫ്തിദാഅ് എന്ന് പറയും. കാരണം, അവള്‍ ധനം ചെലവഴിച്ച് സ്വന്തത്തെ വേര്‍പ്പെടുത്തുകയാണ്. അല്ലാഹു പറയുന്നു: ''അവള്‍ വല്ലതും വിട്ടുകൊടുത്തു കൊണ്ട് സ്വയം മോചനം നേടുന്നതില്‍ കുറ്റമില്ല'' (അല്‍ബഖറ 229).

ത്വലാഖ് ചൊല്ലുന്നതില്‍ ഇസ്‌ലാം പുരുഷന്റെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും അതിന് ചില പരിധികള്‍ നിശ്ചയിക്കുകയും ചെയ്തു; ത്വലാഖിന്റെ സമയത്തിലും രൂപത്തിലും എണ്ണത്തിലുമെല്ലാം. പക്ഷേ, സ്ത്രീക്ക് ഖുല്‍അ് ചെയ്യാനുള്ള അവസരം വിശാലമാക്കി. ആര്‍ത്തവ കാലത്തും ശാരീരിക ബന്ധമുണ്ടായ ശുദ്ധി കാലത്തും ത്വലാഖ് ചൊല്ലുന്നത് ബിദ്അത്തും അസാധുവുമാണ്. പക്ഷേ, ഈ അവസ്ഥകളില്‍ ഖുല്‍അ് ചെയ്യുന്നതില്‍ കുഴപ്പമില്ല.

ദമ്പതിമാര്‍ക്കിടയില്‍ ബന്ധം വഷളാവുകയും സ്ത്രീ ഭര്‍ത്താവിനെ വെറുക്കുകയും അതേസമയം ഭര്‍ത്താവ് അവളെ ത്വലാഖ് ചൊല്ലാന്‍ വിസമ്മതിക്കുകയും ചെയ്താല്‍ അവള്‍ക്ക് അയാളോട് ഖുല്‍അ് ചോദിക്കാനവകാശമുണ്ട്. അപ്പോള്‍ അവള്‍ അയാളില്‍ നിന്ന് കൈപ്പറ്റിയ വസ്തുക്കള്‍ തിരിച്ചു നല്‍കണം. അയാള്‍ അതിലധികം ആവശ്യപ്പെടരുത്. അയാളത് സ്വീകരിക്കുന്നതോടെ അവര്‍ തമ്മിലുള്ള ബന്ധം ദുര്‍ബലപ്പെടും.

എന്നാല്‍, ഇന്ന് പലരും ധരിച്ചുവശായ പോലെ ഭര്‍ത്താവിന്റെ ഉപദ്രവം, പീഡനം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് താന്‍ ഭര്‍ത്താവുമായുള്ള ബന്ധം 'ഫസ്ഖ്' ചെയ്തിരിക്കുന്നു എന്ന് പറയുന്ന രീതിക്ക് ഇസ്‌ലാമിക ശരീഅത്തില്‍ യാതൊരടിസ്ഥാനവുമില്ല. അങ്ങനെ ഏതെങ്കിലും ഒരു കാര്യം പറയുകയോ രേഖാമൂലം പ്രഖ്യാപിക്കുകയോ പത്ര മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയോ തുടങ്ങി ഇന്ന് സാധാരണ കാണപ്പെടുന്ന രീതിയില്‍ ചെയ്യുന്ന ഫസ്ഖിന് ഇന്ത്യയിലെ വ്യക്തി നിയമത്തിലും വകുപ്പില്ല. 

ഏകപക്ഷീയമായ ഫസ്ഖിലൂടെയും, അതിനു മുന്നോടിയായ പത്രമാധ്യമങ്ങളിലൂടെയുള്ള ഫസ്ഖ് പരസ്യത്തിലൂടെയും മറ്റും വിവാഹമോചനം നേടാമെന്നാണ് പലരും തെറ്റായി ധരിച്ചുവെച്ചിരിക്കുന്നത്. ഇങ്ങനെ നീതിന്യായ കോടതികളെ സമീപിക്കാതെ ഏകപക്ഷീയമായി ഫസ്ഖിലൂടെ വിവാഹമോചനം നടത്തി പുനര്‍ വിവാഹിതയായ സ്ത്രീയും അവളുടെ രണ്ടാം ഭര്‍ത്താവും പുനര്‍ വിവാഹത്തിന് കൂട്ടുനില്‍ക്കുകയും വിവാഹകാര്‍മികത്വം വഹിക്കുകയും ചെയ്ത മതപണ്ഡിതനുമടക്കം എല്ലാവരും കോടതി കയറേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. 

അതുകൊണ്ട് മുസ്‌ലിം സ്ത്രീയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമത്തെ സംബന്ധിച്ചും, പ്രശ്‌നം നിയമപരമായി കൈകാര്യം ചെയ്യേണ്ട രീതിയെപ്പറ്റിയും ജനങ്ങളെ ബോധവത്കരിക്കേണ്ട ഉത്തരവാദിത്തം സമുദായ നേതൃത്വത്തിനും പണ്ഡിതന്മാര്‍ക്കും ഉണ്ട്.

ഇന്ത്യയില്‍ നിലവിലുള്ള വ്യക്തി നിയമത്തിലെ മുസ്‌ലിം വിവാഹ ഭഞ്ജന ആക്ട് രണ്ടാം വകുപ്പില്‍, മുസ്‌ലിം സ്ത്രീക്ക് ഭര്‍ത്താവില്‍നിന്ന് കോടതി മുഖേന വിവാഹ മോചനം ലഭിക്കുന്നതിന് ന്യായമായ ചില കാരണങ്ങള്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലത് ഇങ്ങനെ സംഗ്രഹിക്കാം:

1. നാലോ അതില്‍ കൂടുതലോ വര്‍ഷം ഭര്‍ത്താവിനെക്കുറിച്ച് ഭാര്യക്ക് യാതൊരറിവും ഇല്ലാതിരിക്കുക.

2. രണ്ടോ അതില്‍ കൂടുതലോ വര്‍ഷം ഭര്‍ത്താവ് ഭാര്യക്ക് ചെലവിന് നല്‍കാതിരിക്കുകയോ ഭാര്യയെ മനഃപൂര്‍വം അവഗണിക്കുകയോ ചെയ്യുക.

3. ഏഴു വര്‍ഷമോ അതില്‍ കൂടുതലോ കാലം ഭര്‍ത്താവിനെ ജയില്‍ ശിക്ഷക്ക് വിധിക്കുക.

4. ശരിയായ കാരണങ്ങളില്ലാതെ മൂന്നോ അതില്‍ കൂടുതലോ വര്‍ഷം ഭാര്യയോടുള്ള ദാമ്പത്യ ബാധ്യത ഭര്‍ത്താവ് നിര്‍വഹിക്കാതിരിക്കുക.

5. വിവാഹ സമയത്തും പിന്നീടും ഭര്‍ത്താവ് ഷണ്ഡന്‍ ആയിരിക്കുക.

6. രണ്ടോ അതിലധികമോ വര്‍ഷം ഭര്‍ത്താവ് സ്ഥിരബുദ്ധിയില്ലാത്തവനാകുക. ഭര്‍ത്താവ് ഗുരുതരമായ ലൈംഗിക രോഗിയോ കുഷ്ഠരോഗിയോ ആവുക.

7. (എ) ഭാര്യയോട് സ്ഥിരമായി ക്രൂരത കാട്ടുക. (ബി) ഭര്‍ത്താവ് ദുര്‍മാര്‍ഗികളായ സ്ത്രീകളുമായി സഹവസിക്കുകയും അധാര്‍മിക ജീവിതം നയിക്കുകയും ചെയ്യുക. (സി) ഭാര്യയെ അധാര്‍മിക ജീവിതത്തിന് പ്രേരിപ്പിക്കുക. (ഡി) ഭാര്യയുടെ സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തുകയോ, സ്വത്തുക്കളിന്മേലുള്ള അവരുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്യുകയോ, ഇത്തരം വസ്തുക്കളിലുള്ള അവരുടെ കൈകാര്യ കര്‍തൃത്വത്തെ തടയുകയോ ചെയ്യുക. (ഇ) വിശ്വാസപരവും മതപരവുമായ ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നതില്‍നിന്ന് ഭാര്യയെ തടയുക. (എഫ്) ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ള ഭര്‍ത്താക്കന്മാര്‍ എല്ലാ ഭാര്യമാരോടും തുല്യമായി പെരുമാറാതിരിക്കുക (കൂടുതല്‍ വിശദീകരണത്തിന് മുസ്‌ലിം മാരേജ് ആക്ട് നോക്കുക).

ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആഗ്രഹിക്കുന്ന സ്ത്രീക്ക് ബന്ധപ്പെട്ട സിവില്‍ കോടതിയില്‍ വിവാഹ മോചന ഹരജി ഫയല്‍ ചെയ്യാം. തദടിസ്ഥാനത്തില്‍ എതിര്‍കക്ഷിയായ ഭര്‍ത്താവിന് കോടതി നോട്ടീസ് അയച്ച് അദ്ദേഹത്തിന്റെ അഭിപ്രായം കൂടി കേട്ട് തെളിവെടുക്കുകയും വിവാഹ മോചനം അനുവദിച്ച് വിധിയാവുകയും ചെയ്യുക എന്നതാണ് നടപ്പ്. 

ഇങ്ങനെ കോടതികളിലൂടെയല്ലാതെ മാധ്യമങ്ങളിലൂടെയോ മറ്റോ ഫസ്ഖ് പരസ്യം നടത്തി വിവാഹമോചനം നേടുന്നത് നിയമവിരുദ്ധമാണ്. അങ്ങനെ ചെയ്ത് പുനര്‍വിവാഹിതയാവുന്ന പക്ഷം അവളും രണ്ടാം ഭര്‍ത്താവും അതിന് കാര്‍മികത്വം വഹിച്ചവരും കോടതി കയറേണ്ടിവരും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 109-112
എ.വൈ.ആര്‍