പശു ജന്മം ഭാഗ്യ ജന്മം
മഹാരാഷ്ട്രയില്‍ ഗോവധം നിരോധിച്ചുകൊണ്ടുള്ള ബില്‍ രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നു. ഇനി സംസ്ഥാനത്ത് ഗോ മാംസ ഭോജനം അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. സ്ത്രീ പീഡന കുറ്റത്തിനും ഏതാണ്ടിതേ ശിക്ഷയാണുള്ളത്. മഹാരാഷ്ട്രയില്‍ നിയമം അംഗീകരിക്കപ്പെട്ടതോടെ ഗോവധ നിരോധം നിലവിലില്ലാത്ത മറ്റു ബി.ജെ.പി ഭരണ സംസ്ഥാനങ്ങളും തത്തുല്യമായ നിയമങ്ങള്‍ നിര്‍മിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. നിരോധം നിലവിലുള്ള സംസ്ഥാനങ്ങള്‍ നിയമം കൂടുതല്‍ ശക്തിപ്പെടുത്താനും കര്‍ക്കശമായി നടപ്പിലാക്കാനും തീരുമാനിച്ചിരിക്കുന്നു. ഗോവധ നിരോധം ദേശ വ്യാപകമാക്കാനും കേരളം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ കൂടി നടപ്പിലാക്കാനുമാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രമം. ഭരണഘടന നിര്‍ദേശക തത്ത്വങ്ങളുടെ 48-ാം വകുപ്പ് ഉപയോഗിച്ച് ഗോവധ നിരോധം ദേശീയാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന നിയമനിര്‍മാണത്തിനുള്ള സാധ്യതയാരാഞ്ഞുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് നിയമമന്ത്രാലയത്തിന് കത്ത് നല്‍കിയിരിക്കുന്നു.
ഭരണഘടനയുടെ നിര്‍ദേശക തത്ത്വങ്ങള്‍, പാല്‍ തരുന്ന കാലികളുടെ സംരക്ഷണം, കര്‍ഷക താല്‍പര്യം എന്നിങ്ങനെയുള്ള കാരണങ്ങള്‍ പറഞ്ഞാണ് ഹിന്ദുത്വ ശക്തികള്‍ ഗോവധ നിരോധത്തെ ന്യായീകരിക്കുന്നത്. ഇതെല്ലാം വ്യാജ ന്യായങ്ങളാണ്. മതേതര ജനാധിപത്യമാണ് ഭരണഘടനയുടെ ആത്മാവ്. അതിന് വിരുദ്ധമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അതിലെ വകുപ്പുകള്‍ ഉപയോഗിക്കുന്നത് ഭരണഘടനയെ വഞ്ചിക്കലാണ്. ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. ഇഷ്ടമുള്ള ഭക്ഷണം ആഹരിക്കാനും വസ്ത്രം ധരിക്കാനുമുള്ള സ്വാതന്ത്ര്യവും മൗലികാവകാശമാണ്. സവര്‍ണ ഹിന്ദുക്കളുടെ ഗോമാംസ വര്‍ജനം രാജ്യത്തെ എല്ലാ ജനങ്ങളിലും അടിച്ചേല്‍പിക്കാനുള്ള വ്യഗ്രതയാണ് ഗോവധ നിരോധത്തിനു പിന്നിലുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. പാല്‍ കറക്കുന്ന മൃഗങ്ങളെ ആരും കശാപ്പ് ചെയ്യാറില്ല. കറവ വറ്റിയവയെയും മച്ചികളെയും കാളകളെയുമൊക്കെയാണ് ആളുകള്‍ അറുത്ത് ഭക്ഷിക്കുന്നത്. അതുവഴി പാല്‍ തരുന്ന മൃഗങ്ങള്‍ കൂടുതല്‍ സംരക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. കാലികള്‍ ഇന്ന് കാര്‍ഷികോപാധിയല്ലാതായിത്തീര്‍ന്നിരിക്കുന്നു. അവ ചെയ്തിരുന്ന ജോലികള്‍ കുറഞ്ഞ ചെലവിലും കൂടുതല്‍ വേഗത്തിലും യന്ത്രങ്ങളാണിന്ന് ചെയ്യുന്നത്. പാലു തരാത്ത മൃഗങ്ങള്‍ മാംസോല്‍പാദനത്തിന് ഉപയോഗിക്കപ്പെടുന്നില്ലെങ്കില്‍ അത് കര്‍ഷകര്‍ക്ക് മഹാ ദുരിതമാകും. രാജ്യത്തിനും ഭാരമാകും. തെരുവിലേക്ക് തള്ളപ്പെടുന്ന പാല്‍ തരാത്ത ഗോക്കളെയെല്ലാം ഏറ്റെടുത്ത് സംരക്ഷിക്കാന്‍ ഹിന്ദുത്വക്കാര്‍ തയാറാകുമോ? ഇല്ലെങ്കില്‍ ഇന്ത്യ ചാവാലി കാലികളാല്‍ നിറയും. ഇപ്പോള്‍ നിരോധമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഉപയോഗമില്ലാത്ത കാലികള്‍ നിരോധമില്ലാത്ത പ്രദേശങ്ങളില്‍ വില്‍ക്കപ്പെടുകയാണ്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് ബംഗ്ലാദേശിലേക്കും പാകിസ്താനിലേക്കും കടത്തുന്നുമുണ്ട്. ഇതൊക്കെ പൂര്‍ണമായി നിലച്ചാലറിയാം ഗോ സമൃദ്ധിയുടെ സുഖം! ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഏറ്റവുമധികം മാട്ടിറച്ചി കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യവും ഇന്ത്യയാണ്. മുംബൈ നഗരത്തില്‍ മാത്രം 900 മാട്ടിറച്ചി സ്റ്റാളുകളുണ്ട്. അയ്യായിരത്തോളം പേര്‍ അതില്‍ തൊഴിലെടുക്കുന്നു. ഗോവധ നിരോധം മുംബൈ കോര്‍പ്പറേഷനു മാത്രം 1.64 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണ് കണക്ക്. ആദായവിലയ്ക്ക് ലഭിക്കുന്ന ഒരു പോഷകാഹാരം നിഷേധിക്കപ്പെടുന്നതിനാല്‍ ജനങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടും കാലി വളര്‍ത്തുന്നവര്‍ നേരിടുന്ന കഷ്ടതകളും വേറെ. ഈ ദുരിതങ്ങളെയെല്ലാം തൃണവത്ഗണിച്ചുകൊണ്ട് ഗോവധം നിരോധിക്കുന്നതിലൂടെയുണ്ടാകുന്ന നേട്ടം ഹിന്ദുത്വ കക്ഷികളുടെ ശാഠ്യം പുലരുന്നുവെന്നത് മാത്രമാണ്. ഈ ശാഠ്യത്തിന്, പ്രചരിപ്പിക്കപ്പെടുന്നതു പോലെ മതപരമായ പിന്‍ബലമൊന്നുമില്ല. വേദോപനിഷത്തുകള്‍ ഗോമാംസം നിഷിദ്ധമാക്കിയിട്ടില്ല. ഹൈന്ദവ ഇതിഹാസ കൃതികള്‍ സൂചിപ്പിക്കുന്നത് പൗരാണികര്‍ ഒരു വിശിഷ്ട ഭോജ്യമെന്ന നിലയില്‍ ഗോമാംസം ഭക്ഷിച്ചിരുന്നുവെന്നാണ്. ചരകനും സുശ്രുതനുമൊക്കെ ഔഷധച്ചേരുവയായും ഗോമാംസം നിര്‍ദേശിക്കുന്നുണ്ട്. ജാതീയതയുടെയും മേധാവിത്വ ത്വരയുടെയും ഉപോല്‍പന്നമായി ബ്രാഹ്മണരില്‍ പില്‍ക്കാലത്തുണ്ടായ ബിദ്അത്ത്- അനാചാരം- ആണ് ഗോമാംസ വര്‍ജനം. തങ്ങള്‍ തിന്നാനിഷ്ടപ്പെടാത്തത് മറ്റുള്ളവരും തിന്നുകൂടാ എന്ന ഫാഷിസ്റ്റ് മനോഭാവമാണ് ഇന്നത്തെ ഗോവധ വിരുദ്ധരെ നയിക്കുന്നത്.
മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയുമാണ് സംഘ്പരിവാര്‍ ലക്ഷ്യമാക്കുന്നതെന്ന് സ്പഷ്ടമാണ്. മഹാരാഷ്ട്ര ഗോവധ നിരോധത്തോടൊപ്പം തൊഴിലിലും വിദ്യാഭ്യാസത്തിലും മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന സംവരണം റദ്ദാക്കിയതും ശ്രദ്ധേയമാണ്. എന്നാല്‍ ഗോമാംസം ഇസ്‌ലാം അനുവദിച്ച ആഹാര പദാര്‍ഥങ്ങളിലൊന്നാണെന്നല്ലാതെ അത് കഴിക്കേണ്ടത് മുസ്‌ലിംകളുടെ മതപരമായ ബാധ്യതയൊന്നുമല്ല. ഗോമാംസം നിരോധിച്ച സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ മുസ്‌ലിംകളായി ജീവിക്കുന്നുണ്ടല്ലോ. ഗോമാംസം കഴിക്കാത്തവര്‍ മുസ്‌ലിംകളിലും കഴിക്കുന്നവര്‍ ഹിന്ദുക്കളിലും ധാരാളമുണ്ട്. ഗോമാംസം കഴിക്കുന്ന ഹിന്ദുക്കള്‍ക്കുള്ള വികാരമേ, ഗോവധ നിരോധം മുസ്‌ലിംകളിലും സൃഷ്ടിക്കുന്നുള്ളൂ. എന്നാല്‍, രാജ്യത്തിന്റെ മതേതര ജനാധിപത്യ വ്യവസ്ഥയെ ഹിന്ദുത്വ ഫാഷിസം കൈയടക്കുന്നത് തീര്‍ച്ചയായും ഉത്കണ്ഠാജനകമാകുന്നു. ഇപ്പോഴത്തെ ഗതി വെച്ചു നോക്കിയാല്‍ ഗോമാംസം ഭക്ഷിക്കുന്നത് വധശിക്ഷ വരെ ലഭിക്കുന്ന കുറ്റമാകുന്ന ഭാവിയിലേക്കാണ് ഭാരതം പോകുന്നത്. നാളെ പാന്റ്‌സും പൈജാമയും നിഷിദ്ധമാവുകയും പാളത്താര്‍ നിര്‍ബന്ധമാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായേക്കാം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ലബനാനില്‍ നിന്നിറങ്ങുന്ന അശ്ശബാബ് വാരികയില്‍ കണ്ട ഒരു ഫോട്ടോ മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഒരിന്ത്യന്‍ തെരുവില്‍ മൂത്രമൊഴിക്കുന്ന പശുവിന്റെ പിന്നില്‍ നിന്ന് ഒരിന്ത്യക്കാരന്‍ ഭക്ത്യാദരവോടെ ഗോമൂത്രം കൈക്കുമ്പിളില്‍ സ്വീകരിച്ച് പാനം ചെയ്യുന്നതായിരുന്നു ആ ഫോട്ടോ. വിദേശികളുടെ മനസ്സില്‍ ആ ദൃശ്യം സൃഷ്ടിക്കുന്ന, ഇന്ത്യയുടെ പ്രതിഛായയോര്‍ത്ത് ലജ്ജ തോന്നുകയുണ്ടായി. ആ ഫോട്ടോ പ്രതിനിധാനം ചെയ്യുന്ന നിരക്ഷരനായ ഗ്രാമീണ ഭാരതീയനെ മാത്രമല്ല, രാജ്യത്തിന്റെ പരാധികാരം കൈയാളുന്ന മഹാനുഭാവന്മാരെ കൂടിയാണെന്ന് തിരിച്ചറിയുകയാണിപ്പോള്‍. മഹാരാഷ്ട്രയിലെ ഗോവധ നിരോധ നിയമത്തിന് പ്രശസ്ത എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദിയില്‍ നിന്നുണ്ടായ പ്രതികരണം തികച്ചും പ്രസക്തം തന്നെ: ''നന്ദി മഹാരാഷ്ട്ര! സ്ത്രീ, ദലിത്, മുസ്‌ലിം എന്നിവരായി സംസ്ഥാനത്ത് ജീവിക്കുന്നതിനെക്കാള്‍ ഇപ്പോള്‍ സുരക്ഷിതം പശുവായി ജനിക്കുകയാണ്.''
Comments