Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 20

ധൂര്‍ത്തിന്റെ ചില മധ്യകേരള മുഖങ്ങള്‍

ബിന്‍ ബക്കര്‍, ദോഹ

ധൂര്‍ത്തിന്റെ ചില മധ്യകേരള മുഖങ്ങള്‍

ധൂര്‍ത്തിനെക്കുറിച്ച് ഈയിടെ ചര്‍ച്ച ചെയ്യപ്പെട്ടത് മലബാറിനെയും അത്യുത്തര കേരളത്തെയും കേന്ദ്രീകരിച്ചാണെങ്കിലും മധ്യ കേരളവും തിരുവിതാംകൂറും ആര്‍ഭാട വിഷയത്തില്‍ ഒട്ടും മോശമല്ല. മലബാറിന്റെ അത്ര തന്നെ ഇല്ലെങ്കിലും മോശമായ അനുകരണങ്ങള്‍ തെക്കന്‍ കേരളത്തിലും അരങ്ങേറുന്നുണ്ട്. വരുംകാലങ്ങളില്‍ കൂടുതല്‍ അപകടങ്ങളിലേക്ക് വഴിമാറാവുന്ന അത്യാചാരങ്ങള്‍ ഇവിടെയുമുണ്ട്. ചില വ്യവസായികളും പ്രവാസികളും, ആയിരങ്ങളെ ക്ഷണിക്കുകയും കല്യാണം നടത്തിപ്പ് ഇവന്റ്മാനേജ്‌മെന്റിനെ ഏല്‍പിച്ചുകൊണ്ട് കാര്യങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ പ്രയോഗവത്കരിക്കുകയും ചെയ്യുമ്പോള്‍, ഒരു പ്രഫഷണലിസവും പളപളപ്പും കൈവരുന്നു. അതിഥികള്‍ക്ക് നിക്കാഹ് നടക്കുന്ന വേദി മുഴുവനും ദൃശ്യമാവുന്ന രീതിയില്‍ സി.സി ടി.വി കാമറ, സിനിമാ സ്റ്റൈല്‍ വീഡിയോ പകര്‍ത്തല്‍, കാമറാമാന്റെ നിര്‍ദേശപ്രകാരം വധൂവരന്മാര്‍ക്കൊപ്പം ബന്ധുക്കളെയും നൃത്തം ചെയ്യിക്കല്‍ തുടങ്ങിയ അനഭിലഷണീയമായ കാര്യങ്ങളും അരങ്ങേറുന്നു. ഇത്തരത്തില്‍ ധൂര്‍ത്തടിക്കുന്നവരില്‍ ചിലരെങ്കിലും അനാഥ-അഗതികളുടെ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവരോട് നല്ല പെരുമാറ്റം പോലും നല്‍കാത്തവരുമാണ്.

അനിയന്ത്രിത വരുമാനമുള്ളവരും ചില പ്രവാസികളും കാട്ടിക്കൂട്ടുന്ന ഇത്തരം പേക്കൂത്തുകള്‍ നിശ്ചിത വരുമാനം മാത്രമുള്ളവര്‍ അനുകരിക്കുമ്പോള്‍ ദുരന്തമായി മാറുന്ന അനുഭവങ്ങളും ഇവിടെയുണ്ട്. ഒരനുഭവം ഇങ്ങനെ:  ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായ പ്രവാസി രണ്ടു പെണ്‍മക്കളുള്ള കുടുംബത്തിന് താമസിക്കാനായി രണ്ട് നിലയില്‍ ആര്‍ഭാട പൂര്‍ണമായ വീട് പണിതു. വീടിനായി ഒരു വലിയ തുകതന്നെ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. ഇതിനിടയിലാണ് മൂത്ത മകള്‍ക്ക് നല്ലൊരു വിവാഹാലോചന വന്നത്. നേരത്തെ താമസിച്ചിരുന്ന പഴയ വീട് വിറ്റും വായ്പയുടെ മേല്‍ മറ്റൊരു വായ്പ കൂടി തരപ്പെടുത്തിയും മകളുടെ വിവാഹം ഒന്നിലധികം ദിവസം 'ആഢ്യത്വം' ഒട്ടും കുറയാതെ തന്നെ നടത്തി. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കും ഭക്ഷണം കഴിച്ചവര്‍ക്കും പൂര്‍ണ സംതൃപ്തി. കാര്യങ്ങളെല്ലാം ഭംഗിയാക്കി ഗള്‍ഫിലേക്ക് തിരിച്ചുപോയ പ്രവാസി ഏതാനും മാസങ്ങള്‍ക്ക് ശേഷം ജോലി നഷ്ടപ്പെട്ട നിലയില്‍ തിരിച്ചെത്തി. വായ്പ തിരിച്ചടക്കാന്‍ നിവൃത്തിയില്ലാതെ കുഴങ്ങിയ പ്രവാസി വീട് വിറ്റ് ബാങ്ക് വായ്പ തിരിച്ചടച്ചു. ഇതിനിടയില്‍ രണ്ടാമത്തെ മകളുടെ വിവാഹവും ഉറപ്പിച്ചു. ന്യൂജനറേഷന്‍ സ്റ്റൈലില്‍ പ്രതിശ്രുത വധൂവരന്മാര്‍ക്ക് മൊബൈല്‍ ബന്ധം സ്ഥാപിച്ചു കൊടുക്കുകയും ചെയ്തു. ലഭിച്ച ആദ്യ അവസരം തന്നെ ഉപയോഗപ്പെടുത്തി പെണ്‍കുട്ടി തന്റെ മറ്റൊരു പ്രണയകഥ പയ്യനോട് പറയുന്നു. ഇതോടെ ആലോചന അലസിപ്പിരിഞ്ഞു. വിവാഹക്ഷണം വരെ നടത്തിക്കഴിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഇത് കനത്ത പ്രഹരമായി. മാനം നഷ്ടപ്പെട്ടെന്നു തോന്നിയ ഇവര്‍ കിട്ടിയ വിലക്ക് വീട് വിറ്റ് മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. വീട് വിറ്റു കിട്ടിയ പണം ബാങ്കില്‍ അടച്ച് ചെറിയ ഒരു കച്ചവട സ്ഥാപനവും തുടങ്ങി. ഇന്ന് അവര്‍ അന്യനാട്ടില്‍ വാടകയ്ക്ക് താമസിക്കുന്നു. ധൂര്‍ത്തും പൊങ്ങച്ചവും വരുത്തിവെച്ച വിന!

ബിന്‍ ബക്കര്‍, ദോഹ

ലാളിത്യത്തിന്റെ ഉദാത്ത മാതൃകകള്‍

സാദിഖ് മൗലവിയെക്കുറിച്ച് അബൂദര്‍റ് എടയൂര്‍ എഴുതിയ 'വീടിന്റെ വെളിച്ചമായിരുന്നു ഉപ്പ' എന്ന അനുസ്മരണക്കുറിപ്പ് വായിച്ചപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞു. ഈ കുറിപ്പുകാരന്‍ എടയൂര്‍ ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നപ്പോള്‍ മൗലവിയുടെ ചില മക്കള്‍ അവിടെ വിദ്യാര്‍ഥികളായിരുന്നു. മൂത്ത മകന്‍ അബൂദര്‍റ് പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കിയത് ആ ബാച്ചിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയായിരുന്നു. അന്ന് സ്‌കൂളിലെത്തിയ സാദിഖ് മൗലവിയോട് ഞങ്ങള്‍ അധ്യാപകരില്‍ ചിലര്‍ പറഞ്ഞു: ''അബൂദര്‍റിനു പരീക്ഷയില്‍ നല്ല മാര്‍ക്കുണ്ട്. അവനെ പ്ലസ് വണ്ണിനു  സയന്‍സ് ഗ്രൂപ്പില്‍ തന്നെ ചേര്‍ക്കണം.'' ഇത് കേട്ട് പുഞ്ചിരി പൊഴിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും ഓര്‍മയിലുണ്ട്. ''നമ്മുടെ സമര്‍ഥരായ മക്കളെയാണ് ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ കാത്തിരിക്കുന്നത്. ഞാന്‍ മക്കളെ അവിടെയാണ് ചേര്‍ക്കുന്നത്.'' അദ്ദേഹത്തിന്റെ ഇംഗിതപ്രകാരം മക്കള്‍ ശാന്തപുരത്ത് തന്നെ പഠിച്ചു. അതുകൊണ്ട് തന്നെയാണല്ലോ ഇസ്‌ലാമിനും പ്രസ്ഥാനത്തിനും ധിഷണയും തൂലികയും ഉപയോഗപ്പെടുത്തി ഓരോ അടിയും മുന്നോട്ടുപോകാന്‍ മക്കള്‍ക്ക് സാധിക്കുന്നത്.

എടയൂര്‍ മസ്ജിദില്‍ ദീര്‍ഘകാലം സാദിഖ് മൗലവി ഖുത്വ്ബ നടത്തിയിരുന്നു. പഠനാര്‍ഹമായ ആ ഖുത്വ്ബകള്‍ ജീവിതത്തില്‍ പലപ്പോഴും വഴികാട്ടിയായി മാറിയിട്ടുണ്ട്. മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ, പ്രാസമൊപ്പിച്ചുള്ള അദ്ദേഹത്തിന്റെ പദപ്രയോഗങ്ങള്‍ പലതും ഇന്നും ഓര്‍മയിലുണ്ട്. എടയൂര്‍ ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ ഹൈസ്‌കൂളിലെ അധ്യാപക സേവനത്തിന്റെ മാധുര്യം ഇപ്പോള്‍ ഗള്‍ഫില്‍ അധ്യാപകനായി ജോലി ചെയ്യുമ്പോള്‍ ഗൃഹാതുരത്വം നിറഞ്ഞ സ്മൃതികള്‍ അയവിറക്കാറുണ്ട്.  ഈ കലാലയത്തിന്റെ മുമ്പില്‍ നടന്ന മര്‍ഹൂം അബ്ദുല്‍ അഹദ് തങ്ങളെയും മര്‍ഹൂം സാദിഖ് മൗലവിയെയും ആര്‍ക്ക് മറക്കാന്‍ കഴിയും? തേജസ്വികളായ ഇത്തരം മഹദ് വ്യക്തികള്‍ അടയാളപ്പെടുത്തിയ വഴിത്താരകളില്‍ നിന്ന് ലാളിത്യത്തിന്റെ ഉദാത്ത മാതൃകകള്‍ നമുക്ക് തിരിച്ചുപിടിക്കാന്‍ കഴിയേണ്ടതുണ്ട്.

അനീസുദ്ദീന്‍ ചെറുകുളമ്പ്

സമത്വമാണ് എന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്

ഹുദൈവങ്ങളെ ആരാധിക്കാന്‍ പാടില്ലെന്നും ആരാധനക്കര്‍ഹന്‍ സര്‍വശക്തനായ സാക്ഷാല്‍ ദൈവം മാത്രമാണെന്നും മനസ്സിലാക്കി സന്മാര്‍ഗത്തിലേക്ക് സ്വമനസ്സാല്‍ കടന്നുവന്ന വ്യക്തിയാണ് ഞാന്‍. 

ഇസ്‌ലാമിലേക്ക് എന്നെ ആകര്‍ഷിച്ചത് ഒരു മുസ്‌ലിം സഹോദരന്റെ വീട്ടിലെ ഭക്ഷണ സല്‍ക്കാരമാണ്. അവരുടെ കൂടെ ഇരുന്നുള്ള ആ ഭക്ഷണ രീതിയെന്ന പോലെ അവരുടെ സ്വഭാവ പെരുമാറ്റവും എന്നെ അങ്ങേയറ്റം ആകര്‍ഷിച്ചു. അവരോടൊപ്പം ഇരിക്കാനുള്ള എന്റെ മടി കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: 'നിങ്ങള്‍ ഭക്ഷണം കഴിക്കൂ. ഞങ്ങള്‍ക്ക് അയിത്തമില്ല, അന്ധവിശ്വാസങ്ങളില്ല. എല്ലാവരും ഒരുപോലെയാണ്. കാരണം, ഇസ്‌ലാം ദൈവത്തിന്റെ മതമാണ്. ആരാധനയും ഏക ദൈവത്തോട് മാത്രമാണ്.' ഇത് കേട്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമാണുണ്ടായത്. കാരണം ഇതിന് മുമ്പ് മുഹമ്മദ് നബിയെ കുറിച്ച് ഭവിഷ്യല്‍ പുരാണത്തിലും ബൈബിളിലും ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നു. എനിക്ക് ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്നായി. തുടര്‍ന്ന് ഞാന്‍ ധാരാളം പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്തു. അവസാനം സത്യത്തിന്റെ മാര്‍ഗം ഇസ്‌ലാം തന്നെയാണെന്ന് എനിക്ക് ബോധ്യപ്പെടുകയും സ്വമേധയാ ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്തു. ഒന്നിച്ച് ഭക്ഷണം കഴിച്ചതിന്റെ പേരില്‍ ഈയിടെ ഒരു ദലിതന്‍ ആക്രമിക്കപ്പെടുകയുണ്ടായല്ലോ.

സാക്ഷാല്‍ ദൈവത്തെ തിരിച്ചറിയണമെന്നും ആ ദൈവത്തെ ആരാധിക്കണമെന്നും അവനിലേക്കാണ് നമ്മള്‍ അവസാനം എത്തിപ്പെടുന്നത് എന്നും ഇതര വേദങ്ങളില്‍ പറയുന്നുണ്ടെങ്കിലും അത് തിരിച്ചറിയുകയും അതനുസരിച്ച് ആരാധനകള്‍ നടത്തുകയും ചെയ്യുന്ന രീതി അവയുടെ അനുയായികള്‍ക്ക് ഇല്ല. ഹൈന്ദവ ഗ്രന്ഥങ്ങളില്‍ നിന്നുതന്നെയാണ് ഞാന്‍ മുഹമ്മദ് നബിയെ കണ്ടെത്തിയത്.

വരാനിരിക്കുന്ന അവസാനത്തെ പ്രവാചകനെക്കുറിച്ച് ബൈബിളില്‍ എത്ര മനോഹരമായിട്ടാണ് പ്രസ്താവിച്ചിട്ടുള്ളത്.  ''എങ്കിലും സത്യം ഞാന്‍ നിങ്ങളോട് പറയുന്നു. ഞാന്‍ പോകുന്നത് നിങ്ങളുടെ നന്മക്കാണ്. ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കല്‍ വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാന്‍ അയക്കും. അവന്‍ വരുമ്പോള്‍ പാപത്തെയും നീതിയെയും ന്യായവിധിയെയും പറ്റി ലോകത്തെ ബോധ്യപ്പെടുത്തും'' (യോഹന്നാന്‍, അധ്യായം 16:7,8).

ഇസ്‌ലാം എന്നാല്‍ സമര്‍പ്പണവും സമാധാനവുമാണ്. സര്‍വലോക സ്രഷ്ടാവിന് സ്വന്തം ജീവിതം സമര്‍പ്പിക്കുന്നത് വഴി ലഭിക്കുന്ന സമാധാനമാണ് ഇസ്‌ലാം. ആ സമാധാനമാണ് ഇപ്പോള്‍ ഞാന്‍ അനുഭവിച്ചറിയുന്നത്.

പി.കെ മുഹമ്മദ് ഇസ്മാഈല്‍, എടവണ്ണപ്പാറ, മലപ്പുറം

സാദിഖ് മൗലവി

പ്രവര്‍ത്തകരുടെ ഉള്ളും പുറവും നോവും നൊമ്പരവും അടുത്തറിഞ്ഞ മനുഷ്യ സ്‌നേഹിയായിരുന്നു സാദിഖ് മൗലവി. 

അദ്ദേഹം തിരുവനന്തപുരം പാളയത്ത് വന്നാല്‍ കൂടുതല്‍ ദിവസവും ഇസ്‌ലാമിക പ്രവര്‍ത്തകരെ കാണാന്‍ നേമത്ത് വരും. കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളില്‍ തഖ്‌വയിലധിഷ്ഠിതമായ വലിയ വലിയ ഉപദേശ നിര്‍ദേശങ്ങള്‍ തരും. ജീവിതത്തെയും മരണത്തെയും കുറിച്ച് അടിക്കടി ഓര്‍മിപ്പിക്കും. തട്ടിയും തലോടിയും ഞങ്ങളോടൊപ്പം സ്‌നേഹപുഞ്ചിരിയുടെ വര്‍ത്തമാനങ്ങളുമായി നടക്കാറുണ്ടായിരുന്ന സാദിഖ് മൗലവിയെ എങ്ങനെ മറക്കാന്‍ കഴിയും.

നേമം താജുദ്ദീന്‍

വിഡ്ഢികളുടെ അങ്ങാടിയിലെ കച്ചവടക്കാര്‍

മുദായത്തില്‍ അനാരോഗ്യകരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന മതപ്രഭാഷണ മാഫിയയെ അനാവരണം ചെയ്യുന്ന ലേഖനം ചിന്തോദ്ദീപകവും സന്ദര്‍ഭോചിതവുമായി. ചലിച്ചിത്ര താരങ്ങളെ ഓര്‍മിപ്പിക്കും വിധം ഈ പ്രഭാഷകന്‍ 'താരപരിവേഷം' നേടി പ്രയാണം തുടരുകയാണ്. ഇവര്‍ പിരിച്ചെടുക്കുന്ന പണത്തെക്കുറിച്ചോ ചെലവഴിക്കുന്ന മാര്‍ഗത്തെക്കുറിച്ചോ അന്വേഷിക്കാനോ ചോദ്യം ചെയ്യാനോ ആരും മുന്നോട്ടുവരാത്തത് ഇത്തരക്കാര്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്. 'വിഡ്ഢികളുടെ അങ്ങാടിയില്‍ ബുദ്ധി കൊണ്ട് വ്യാപാരം നടത്തുന്ന' ഇവരെ തിരിച്ചറിയാന്‍ മുസ്‌ലിം ജനസാമാന്യത്തിന് - വിശേഷിച്ച് സ്ത്രീ സമൂഹത്തിന്- സാധ്യമാകാതെ പോകുന്നത് സഹതാപാര്‍ഹമാണ്. നിസ്വാര്‍ഥരായ പണ്ഡിതന്മാര്‍ക്ക് വേണ്ടത്ര അവസരം ലഭിക്കാത്തിടങ്ങളില്‍ കേവല പ്രഭാഷകര്‍ വിജയിക്കുന്നതാണ് സമകാലിക സംഭവങ്ങള്‍ നല്‍കുന്ന പാഠം.

എം.എസ് സിയാദ് കലൂര്‍

എല്ലാവര്‍ക്കും ഇടമുള്ള ഭൂപടം

നിഷാദ് തളിക്കുളത്തിന്റെ കവിത 'എല്ലാവര്‍ക്കും ഇടമുള്ള ഭൂപടം' (ലക്കം ) നന്നായി. ആത്മീയ ചലനങ്ങള്‍ വിശുദ്ധ ഭാവത്തോടെ ജീവിതത്തോടും സമൂഹത്തോടും സംവദിക്കുമ്പോള്‍ മുത്തു മണികളായി ഉതിര്‍ന്നു വീഴുന്നതാണ് യഥാര്‍ഥ കവിതകളുടെ മര്‍മം. സമകാലിക സംഭവങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. അത് കവിതയോ കഥയോ ആയിക്കൊള്ളട്ടെ. ജനകീയ പ്രശ്‌നങ്ങളുടെ സംക്ഷിപ്ത രൂപ ഭാവഭേദങ്ങള്‍ തന്റെ അനുഭവ പ്രപഞ്ചത്തിലൂടെ നിഷാദ് തളിക്കുളം ദീര്‍ഘമായ വരികളിലൂടെ കോറിയിട്ടത് ഒരു വായനാനുഭവം തന്നെയായി. 

ആചാരി തിരുവത്ര, ചാവക്കാട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 109-112
എ.വൈ.ആര്‍