Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 20

ശര്‍മാജിയും ഞാനും

നസീം ഗാസി ഫലാഹി /അനുഭവം

         ദല്‍ഹിയില്‍ നിന്ന് എനിക്ക് യു.പിയിലെ മൊറാദ് നഗറില്‍ പോകണമായിരുന്നു. ബസ്സിലാണ് യാത്ര. ഒരാള്‍ എനിക്ക് സീറ്റ് തന്നു. ഞാന്‍ നന്ദി പറഞ്ഞ് അദ്ദേഹത്തിന്റെ അടുക്കല്‍ ഇരിപ്പുറപ്പിച്ചു. ബസ് ചലിച്ചുതുടങ്ങി. അപ്പോള്‍ തൊട്ടടുത്തിരുന്ന വ്യക്തി: ''മിയാന്‍ സാബ്! നിങ്ങളുടെ എല്ലാ കാര്യങ്ങളും നല്ലതുതന്നെ. എന്നാല്‍ ജീവികളെ കൊന്ന് തിന്നുന്ന ഏര്‍പ്പാട് വളരെ മോശമായി എനിക്ക് തോന്നുന്നു.''

യാത്രയില്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത് എനിക്ക് താല്‍പര്യമില്ലാത്തതിനാല്‍ ഞാന്‍ ചോദ്യത്തോട് പ്രതികരിച്ചില്ല. എന്നാല്‍, ബസ് കുറച്ചുകൂടി നീങ്ങിയപ്പോള്‍ അദ്ദേഹം വീണ്ടും തന്റെ സംശയം ഉന്നയിച്ചു: ''സാബ്, നിങ്ങള്‍ ജീവികളെ കൊന്ന് അവയുടെ മാംസം തിന്നുന്നു. ഇത് മോശമല്ലേ?'' അദ്ദേഹം എനിക്ക് സീറ്റ് തരാന്‍ ഔത്സുക്യം കാണിച്ചതിന്റെ അകംപൊരുള്‍ ഇപ്പോഴാണ് എനിക്ക് പിടികിട്ടിയത്. ഏതായാലും ആ മനുഷ്യനെ നിശ്ശബ്ദനാക്കാനായി ഞാന്‍ പറഞ്ഞു: ''ഭായീ, ജീവികളെ അറുക്കലും ഭക്ഷിക്കലുമെല്ലാം ഇവിടെ നേരത്തേയുള്ളതല്ലേ? നമ്മുടെ പൂര്‍വികരില്‍ നിന്നും മഹര്‍ഷിമാരില്‍ നിന്നും നമുക്ക് കിട്ടിയ പാരമ്പര്യമാണത്. ദശരഥ രാജാവ് നായാട്ടിന് പോയപ്പോള്‍ മാന്‍പേടയാണെന്ന് കരുതി അമ്പെയ്തത് മുനികുമാരന് കൊണ്ടില്ലേ. രാമന്‍, സീതയുടെ ആഗ്രഹപ്രകാരം മാനിനെ വേട്ടയാടാന്‍ പോയത് അറിയില്ലേ? രാമന്റെ അഭാവത്തില്‍ രാവണന്‍ സീതയെ തട്ടിക്കൊണ്ട് പോയത് അപ്പോഴാണല്ലോ. മതപരമായ ആഘോഷങ്ങള്‍ക്ക് മൃഗങ്ങളെ ബലിയറുക്കുന്നത് ആചാരമാണല്ലോ.''. ഇത്രയും കേട്ടിട്ട് അദ്ദേഹം നിശ്ശബ്ദനായപ്പോള്‍ അദ്ദേഹത്തിന് തൃപ്തികരമായ ഉത്തരം ലഭിച്ചെന്ന് ഞാന്‍ ധരിച്ചു. കുറച്ചു കഴിഞ്ഞ്: 'ഞങ്ങളുടെ മതത്തെക്കുറിച്ച് നല്ല അറിവാണല്ലോ താങ്കള്‍ക്ക്' എന്നായി അദ്ദേഹം.

ഞാന്‍ പറഞ്ഞു: ''നമുക്ക് മറ്റുള്ളവരെക്കുറിച്ച് അറിവുണ്ടാവണം. അപ്പോള്‍ മാത്രമേ വിലയിരുത്തലിന് വിലയുള്ളൂ. എന്റെ വല്ല വാക്കിലും തെറ്റുണ്ടെങ്കില്‍ പറയണം. തിരുത്താം.''

അപ്പോള്‍ അദ്ദേഹം വീണ്ടും: ''മിയാന്‍ സാബ്! നിങ്ങള്‍ ജീവികളെ കഴുത്തില്‍ കത്തിവെച്ച് അറുക്കുന്നു. എന്നിട്ടവയെ തിന്നുന്നു. ഒന്നാലോചിച്ചു നോക്കൂ. ഈ സ്ഥാനത്ത് താങ്കളാണെങ്കിലോ?''

ഞാന്‍ ഈ ചര്‍ച്ചയില്‍ നിന്ന് എത്ര  വിട്ടുനില്‍ക്കാന്‍ ശ്രമിക്കുന്നുവോ അത്രതന്നെ അതിലേക്ക് എന്നെ വലിച്ചിഴക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. അപ്പോള്‍ ഞാന്‍ വിചാരിച്ചു. ശരി, ഈ വിഷയമങ്ങ് ചര്‍ച്ച ചെയ്‌തേക്കാം. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ''താങ്കളെ ഒന്ന് പരിചയപ്പെടുത്താമോ? പേര്, താമസം, ജോലി തുടങ്ങിയവ.'' അരോഗ ദൃഢഗാത്രനായ സഹയാത്രികന്‍ തൊപ്പി ധരിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: ''ഞാന്‍ ശര്‍മ. കൃഷിയാണ് തൊഴില്‍. മൊറാദ് നഗറിനടുത്ത് ഒരു ഗ്രാമത്തിലാണ് താമസം.''

''ശര്‍മാജീ, കര്‍ഷകനെങ്കില്‍ താങ്കള്‍ക്ക് ട്രാക്ടര്‍ കാണുമല്ലോ?''

''ഇല്ല സാബ്! ഞാന്‍ ഒരു സാധരണ കര്‍ഷകന്‍. ഒരു ജോഡി കാളകളുണ്ട്. അവയെ കൊണ്ട് കൃഷിപ്പണി ചെയ്ത് ജീവിച്ചുപോകുന്നു.''

ഞാന്‍ പെട്ടെന്ന് അത്ഭുതത്തോടെ: ''ശര്‍മാജി, താങ്കള്‍ കൃഷിപ്പണിക്ക് കാളകളുണ്ടെന്നല്ലേ പറഞ്ഞത്. നിലം ഉഴുതുമറിക്കാന്‍ ഈ കാളകളുടെ കഴുത്തില്‍ നുകം വെക്കാറുണ്ടോ? അങ്ങനെയെങ്കില്‍ താങ്കള്‍ വലിയ അക്രമമാണല്ലോ ചെയ്യുന്നത്. മിണ്ടാ പ്രാണികളോട് ചെയ്യുന്ന അങ്ങേയറ്റത്തെ ക്രൂരത?''

അര്‍ഥം വെച്ചുള്ള ഈ സംസാരം ശര്‍മയെ തെല്ലൊന്ന് മൗനിയാക്കി. ഒരു ചോദ്യം ഉന്നയിച്ചുകൊണ്ട് ആ നിശ്ശബ്ദതയെ ഞാന്‍ തന്നെ ഭേദിച്ചു: ''ശര്‍മാജി, താങ്കളുടെ കൈയിലെ ഈ കുപ്പിയില്‍ എന്താണ്?''

കുപ്പിയില്‍ കീടനാശിനിയാണെന്ന് എനിക്ക് നേരത്തേ തോന്നിയിരുന്നു. ശര്‍മ പറഞ്ഞു: ''സാബ്! ഇക്കാലത്ത് കൃഷിയൊക്കെ വലിയ പാടാ. എല്ലാം കീടങ്ങള്‍ കേറി നശിപ്പിക്കുന്നു. അവറ്റയെ കൊല്ലാനുള്ള കീടനാശിനിയാണ് ഈ കുപ്പിയില്‍. കീടനാശിനി തളിക്കാതെ ഒന്നും ഉണ്ടാകില്ല.''

ഉടന്‍ ഞാന്‍: ''അരുത് ശര്‍മാജി. ഒരിക്കലുമരുത്. ഇത് വലിയ ദ്രോഹമാണ്. കീടങ്ങളെ കൊല്ലുകയോ? അവക്കും ജീവനില്ലേ? ഒന്നാലോചിച്ചു നോക്കൂ. ഈ കീടനാശിനി നാം കഴിച്ചാല്‍ എന്തായിരിക്കും സ്ഥിതി?''

നിങ്ങള്‍ എന്നതിന് പകരം നാം, നമ്മള്‍ എന്നൊക്കെയാണ് ഞാന്‍ സംസാരത്തിലുടനീളം പ്രയോഗിച്ചത്. ഇത്തരം അവസരങ്ങളില്‍ ശ്രദ്ധയോടെ വാക്കുകള്‍ പ്രയോഗിക്കേണ്ടതുണ്ടല്ലോ. 

എന്തായാലും എന്റെ മേല്‍ പ്രസ്താവന കേട്ട് ശര്‍മാജി സംസാരം നിര്‍ത്തി. അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു എന്ന് ഞാന്‍ കരുതി.

സന്ദര്‍ഭത്തിന്റെ തേട്ടമെന്നോണം ഞാന്‍ പറഞ്ഞു: ''സഹോദരാ! എന്റെ ഏതെങ്കിലും വാക്ക് തെറ്റായി താങ്കള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ ഞാന്‍ തിരുത്താന്‍ തയാറുമാണ്. താങ്കള്‍ക്ക് മനസ്സിലാകുന്നതും താങ്കള്‍ കൂടി അംഗീകരിക്കുന്നതുമായ ഉദാഹരണങ്ങള്‍ ഞാന്‍ പറഞ്ഞെന്നേയുള്ളൂ.''

ബസ് മൊറാദ് നഗറിനോടടുക്കുകയാണ്. ശര്‍മാജി ചിന്തിക്കാന്‍ തുടങ്ങിയെന്ന് എനിക്ക് തോന്നി. ''കാര്യം താങ്കള്‍ പറഞ്ഞത് തന്നെയാണ് ശരി''- അദ്ദേഹം സമ്മതിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ''നാം കുറെ കാര്യങ്ങള്‍ പറയും. വീണ്ടും വീണ്ടും അതാവര്‍ത്തിക്കും. എന്താണ് പറയുന്നതെന്ന് നാം ചിന്തിക്കില്ല. മനസ്സിലാക്കാതെ ചിലതങ്ങ് പറയും. അത്തരം ചില കാര്യങ്ങള്‍ പ്രവൃത്തിപഥത്തിലും കൊണ്ടുവരും. യഥാര്‍ഥത്തില്‍ മനുഷ്യ ജീവിതത്തിനും മനുഷ്യ നന്മക്കുമായി ലോകത്തുള്ള സകല വസ്തുക്കളും ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ. ജന്തു വര്‍ഗത്തെയും മനുഷ്യ സേവനത്തിനായി ദൈവം സൃഷ്ടിച്ചതാണ്. ഓരോന്നും അതിന്റെ അളവിലും അനുപാതത്തിലും കൈകാര്യം ചെയ്യണമെന്ന് മാത്രം. ജീവികളുടെ തോല്, രോമം, എല്ല്, സര്‍വോപരി അവയുടെ പാലും മാംസവും നാം മനുഷ്യര്‍ ഉപയോഗിക്കാറുണ്ടല്ലോ.''

യാത്ര അവസാനിക്കുമ്പോള്‍ ഞാനും ശര്‍മാജിയും സുഹൃത്തുക്കളായി മാറിയിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വിലാസം കുറിച്ച് വാങ്ങി. പുസ്തകങ്ങള്‍ വായിക്കാനും ശര്‍മാജി താല്‍പര്യം പ്രകടിപ്പിച്ചു. അവ എത്തിച്ചു കൊടുക്കാമെന്ന് ഞാന്‍ ഏറ്റു.

ഒരു സുഹൃത്ത് മുഖേന ചില ഇസ്‌ലാമിക സാഹിത്യങ്ങള്‍ ഞാന്‍ പിന്നീട് ശര്‍മാജിക്ക് കൊടുത്തയക്കുകയും ചെയ്തു. 1997-ലായിരുന്നു ഈ സംഭവം.

(ദഅ്‌വത്തീ തജ്‌റൂബാത്ത് -രണ്ടാം ഭാഗം)

വിവ: സഈദ് മുത്തനൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 109-112
എ.വൈ.ആര്‍