Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 20

ഭാവിയെക്കുറിച്ച് ചിന്തിക്കാം; ആശങ്കപ്പെടുന്നതെന്തിനാണ്?

മുഹമ്മദുല്‍ ഗസാലി

         ഇന്നലെകളിലെ വേദനകളുടെ ദുഃഖവും മനസ്സില്‍ പേറി നമ്മുടെ നിത്യജീവിതത്തെ പ്രയാസകരവും അസ്വസ്ഥവുമാക്കുന്നത് പലരിലും കണ്ടുവരുന്ന തെറ്റായ പ്രവണതയാണ്. സ്‌കോട്ടിഷ് തത്ത്വചിന്തകനും ചരിത്രകാരനുമായ തോമസ് കാര്‍ലൈല്‍ പറഞ്ഞതു നോക്കുക: വിദൂരത്ത് അവ്യക്തമായിരിക്കുന്നതിലേക്ക് നോക്കി സമയം പാഴാക്കലാവരുത് നമ്മുടെ ജോലി. മറിച്ച് ഉള്ളം കൈയില്‍ വ്യക്തമായിരിക്കുന്നതുമായി മുന്നോട്ട് പോവുന്നതാണ് ബുദ്ധിപരം.

കഴിഞ്ഞ ദിവസങ്ങളിലെ ദുഷിച്ച അപ്പത്തെക്കുറിച്ച് പരാതി പറയുകയോ നാളത്തെ ആഹാരത്തിന്റെ കാര്യത്തില്‍ ദുഃഖിതനാവുകയോ ചെയ്തിരുന്നില്ല ഈസാ(അ). ഇന്നത്തെ ആഹാരത്തിനുള്ള വഴി കാണിച്ചുതരണമെന്ന് മാത്രമാണ് അദ്ദേഹം അല്ലാഹുവിനോട് ചോദിച്ചത്. അദ്ദേഹം പ്രാര്‍ഥിച്ചു: ''ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ'' (മത്തായി 6:11).

ഈസാ നബിയുടെ ഈ പ്രാര്‍ഥനയെ അധികരിച്ച്, വ്യക്തിവികാസ രംഗത്ത് മികച്ച പഠന പരിപാടികള്‍ വികസിപ്പിച്ച പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനും പ്രഭാഷകനുമായ ഡെയ്ല്‍ കാര്‍നിഗെ എഴുതിയത് ഇങ്ങനെ: യഥാര്‍ഥത്തില്‍ അന്നന്നത്തേക്കുള്ള ആഹാരത്തിന്റെ കാര്യത്തില്‍ മാത്രം നാം വേവലാതി കൊണ്ടാല്‍ മതിയെന്ന് ഈ പ്രാര്‍ഥന നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല, ഇന്ന് കഴിക്കാന്‍ കഴിയുന്നത്ര ആഹാരമേ ഇന്ന് ലഭിക്കുകയുള്ളൂവെന്ന പാഠവും പ്രാര്‍ഥനയിലുണ്ട്.

അന്നന്നത്തെ ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രം നാം വേവലാതിപ്പെട്ടാല്‍ മതിയെന്ന് നബി(സ)യും വിശ്വാസികളെ ഉപദേശിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ''നിങ്ങളിലാരെങ്കിലും വീട്ടില്‍ സുരക്ഷിതനായി രാവിലെ ഉണരുകയും അന്നത്തേക്കുള്ള വിഭവങ്ങള്‍ കണ്ടെത്തുകയും ചെയ്തുവോ തീര്‍ച്ചയായും അവന്‍ ഈ ലോകം മുഴുവന്‍ സ്വന്തമാക്കിയവനെപ്പോലെയാണ്.''

അഥവാ, സുരക്ഷിതത്വം, ആരോഗ്യം, വിഭവങ്ങള്‍ എന്നിങ്ങനെയുള്ള മൂന്ന് ഘടകങ്ങള്‍ ജീവിതത്തിലുണ്ടായാല്‍ അവന് ഈ ലോകം ലഭിച്ചു. ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും മനുഷ്യന് കരുത്തും ആര്‍ജവവും നല്‍കുന്ന ഈ അനുഗൃഹീത ഘടകങ്ങളെ അതിനാല്‍ നാമൊരിക്കലും നിസ്സാരമായി കണ്ടുകൂടാ.

ഇനിയും ഉണ്ടാവാത്ത വിപത്തുകളെയോര്‍ത്ത് വേവലാതിപ്പെടല്‍ ശരിക്കും വിഡ്ഢിത്തമാണ്. ഭാവിയിലെ പ്രശ്‌നങ്ങളെക്കുറിച്ച ആശങ്കകള്‍ പലപ്പോഴും നമ്മുടെ ആത്മവിശ്വാസമില്ലായ്മയില്‍ നിന്നാണുണ്ടാവുന്നത്. ഇനി അങ്ങനെ സംഭവിച്ചാലും നമ്മുടെ ഇന്നിനെ ഭാവി-ഭൂതങ്ങളിലെ ഭയപ്പാടുകളില്‍ കൂട്ടിക്കലര്‍ത്തുന്നത് തീര്‍ച്ചയായും നല്ല ഏര്‍പ്പാടല്ല. ഓരോരുത്തരും തന്റെ ദിവസം തുടങ്ങേണ്ടത്, താന്‍ ഒരിക്കലും ബന്ധമില്ലാത്ത ഒരു ലോകത്തേക്ക് കടന്നുവരുന്ന വിധമായിരിക്കണമെന്ന് ചുരുക്കം.

ഇബ്‌റാഹീം നബി എല്ലാ ദിവസവും ഉണര്‍ന്നെണീക്കുമ്പോള്‍ ഇപ്രകാരം പറയാറുണ്ടായിരുന്നുവത്രേ; ''അല്ലാഹുവേ, ഈ ദിനം നിന്റെ ഒരു പുതിയൊരു സൃഷ്ടിപ്പാണ്. ഞാന്‍ നിനക്ക് എല്ലാ നിലക്കും വഴിപ്പെടുന്ന അവസ്ഥയില്‍ ഈ ദിവസത്തെ നീ തുടങ്ങേണമേ. നിന്റെ പ്രീതിയും രക്ഷയും ലഭിക്കുന്ന രീതിയില്‍ അതിനെ അവസാനിപ്പിക്കുകയും ചെയ്യേണമേ. നിനക്ക് സ്വീകാര്യമായതും എന്നെ ശുദ്ധീകരിക്കുന്നതുമായ ഒരു നല്ല കര്‍മം ഈ ദിനത്തില്‍ നീയെനിക്ക് ഉണ്ടാക്കുകയും അതില്‍ ഇരട്ടി പ്രതിഫലം നല്‍കുകയും ചെയ്യേണമേ. ഇനിയേതെങ്കിലും ദുഷ്‌കര്‍മമുണ്ടായാല്‍ അതെനിക്ക് നീ പൊറുത്തുതരേണമേ. തീര്‍ച്ചയായും നീയല്ലോ, പാപങ്ങള്‍ പൊറുക്കുന്നവനും ദയാപരനും കരുണാമയനുമായവന്‍!'' (ഇഹ്‌യാഉലൂമുദ്ദീന്‍, ഇമാം ഗസ്സാലി).

ജീവിതത്തെ പല ഘട്ടങ്ങളായി പകുത്ത് അവയിലോരോന്നിനെയും നിറഞ്ഞ ആവേശത്തോടെയും ഇച്ഛാശക്തിയോടെയും അഭിമുഖീകരിക്കാനാണ് നാം ശ്രമിക്കേണ്ടത്. പ്രവാചക ജീവിതത്തില്‍നിന്ന് ഇതിന് അനുഗുണമായ ശീലങ്ങള്‍ നമുക്ക് പഠിക്കാനാവും. ഉണര്‍ന്ന് എണീറ്റാല്‍ അദ്ദേഹം പറയുമായിരുന്നു: ''അല്ലാഹുവേ, ഞങ്ങളും ഈ മുഴുവന്‍ ലോകവും പുതിയൊരു ദിനത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഈ ദിനത്തിന്റെ നന്മയും വിജയവും സഹായവും വെളിച്ചവും അനുഗ്രഹങ്ങളും, പടച്ചവനേ ഞങ്ങള്‍ നിന്നോട് തേടുന്നു. ഈ ദിനത്തിന്റെ തിന്മകളില്‍ നിന്നും അതിനെത്തുടര്‍ന്നുണ്ടാവുന്ന നാശങ്ങളില്‍ നിന്നും പടച്ചവനേ, ഞങ്ങള്‍ നിന്നോട് ശരണം തേടുന്നു.'' വൈകു ന്നേരവും ഈ പ്രാര്‍ഥനകള്‍ ആവര്‍ത്തിക്കും (മുസ്‌ലിം).

പ്രവാചകന്‍ ഇങ്ങനെയും പ്രാര്‍ഥിക്കാറുണ്ടായിരുന്നു: ''അല്ലാഹുവേ, നിന്നില്‍ നിന്നുള്ള അനുഗ്രഹങ്ങളും സുരക്ഷയും ഉത്തമാരോഗ്യവുമായി വീണ്ടുമൊരു പ്രഭാതം വന്നിരിക്കുന്നു. അതിനാല്‍ ഈ ലോകത്തും പരലോകത്തും നിന്റെ അനുഗ്രഹാശിസ്സുകളും ആരോഗ്യാവസ്ഥയും സുരക്ഷയും ഇനിയും ഉണ്ടാവണേ റബ്ബേ..'' (അല്‍ബാനി).

ജീവിതത്തെ യഥാവിധം മനസ്സിലാക്കി ഭാവിയെക്കുറിച്ചോ ഭൂതത്തെക്കുറിച്ചോ ആശങ്കപ്പെടാതെ ജീവിക്കുന്ന വിശ്വാസി എല്ലായ്‌പ്പോഴും ധൈര്യവാനായിരിക്കും.

വിശ്വാസിയും ദരിദ്രനുമായിരുന്ന അബൂഹാസിം രാജാക്കന്മാരെ വെല്ലുവിളിച്ച് പറഞ്ഞതു കാണുക: ''എനിക്കും രാജാക്കന്മാര്‍ക്കുമിടയില്‍ ഒരു ദിനത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്. അവര്‍ക്ക് ഇന്നലെകളുടെ ആസ്വാദനങ്ങള്‍ ഇനി അനുഭവിക്കാനാകില്ലല്ലോ. നാളെയെക്കുറിച്ച് ഞാനും അവരും ആശങ്കാകുലരാണ്. ഇനിയാകെയുള്ളത് ഇന്ന് മാത്രമാണ്. അതിനി എന്താകാനാണ്?''

ഹസന്‍ ബസ്വരി(റ) പറയുന്നു: ''ലോകമാകെ മൂന്നു ദിനമാണ്. ഇന്നലെ, അത് അതിന്റെ എല്ലാ ശേഷിപ്പുമായി അകന്നുപോയിരിക്കുന്നു. നാളെ, അതിനെ നീ ഒരിക്കലും കാണാന്‍ പോകുന്നില്ല. എന്നാല്‍ ഇന്ന്, അത് നിനക്കുള്ളതാണ്. അതില്‍ പ്രവര്‍ത്തനനിരതനാവുക.''

മുന്‍കാല സന്തോഷങ്ങള്‍ ഇന്നലെകളില്‍ അകന്നുപോയിരിക്കുന്നു. അവ ഇനി നമുക്ക് വീണ്ടെടുക്കാനാവില്ല. നാളെ മറഞ്ഞിരിക്കുന്നുവെന്ന് മാത്രമല്ല, അതിന്റെ അവസ്ഥ ഉയര്‍ന്നാണോ താഴ്ന്നാണോയിരിക്കുന്നതെന്ന് നമുക്കറിയാനും കഴിയില്ല. എങ്കില്‍ നമുക്കിനിയുള്ളത് ഈ ജീവിതമാണ്. അതില്‍ സ്വതന്ത്ര മനസ്സോടെയും ആത്മപ്രചോദിതനായും, ഇന്നിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ദീര്‍ഘദൃഷ്ടിയോടെ മുന്നേറിയും നീങ്ങുന്നവരാണ് യഥാര്‍ഥത്തില്‍ വിജയി.

അന്നന്നത്തെ കാര്യം മാത്രം നോക്കി ജീവിക്കുകയെന്നാല്‍ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നോ അതിന് വേണ്ടി തയാറാവേണ്ടതില്ലെന്നോ അര്‍ഥമില്ല. അങ്ങനെ ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ഡെയ്ല്‍ കാര്‍നിഗെ തന്നെ പറയട്ടെ: ''എല്ലാ അര്‍ഥത്തിലും നിങ്ങള്‍ ഭാവിക്ക് വേണ്ടി തയാറാവേണ്ടതുണ്ട്. അതെ, അതിന് വേണ്ടി ശ്രദ്ധാപൂര്‍വം ആസൂത്രണം നടത്തേണ്ടതുണ്ട്. ആശങ്കകള്‍ വേണ്ടെന്ന് മാത്രമാണ് സൂചിപ്പിച്ചത്.''

നാളേക്ക് വേണ്ടിയുള്ള ചിന്തയും ആസൂത്രണവും ഉയര്‍ന്ന ദീര്‍ഘവീക്ഷണത്തിന്റെയും ബുദ്ധികൂര്‍മതയുടെയും ലക്ഷണമായാണ് നാം മനസ്സിലാക്കേണ്ടത്. നബി (സ)യും അത്തരം ചിന്തക്കും മനനത്തിനും പ്രേരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ''അഞ്ച് അവസ്ഥകള്‍ വന്നെത്തുന്നതിന് മുമ്പ് നിങ്ങള്‍ അഞ്ച് കാര്യങ്ങള്‍ പ്രയോജനപ്പെടുത്തുക. വാര്‍ധക്യത്തിന് മുമ്പുള്ള നിങ്ങളുടെ യുവത്വം, രോഗാവസ്ഥക്ക് മുമ്പുള്ള നിങ്ങളുടെ ആരോഗ്യാവസ്ഥ, ദാരിദ്ര്യത്തിന് മുമ്പുള്ള നിങ്ങളുടെ ഐശ്വര്യം, കൃത്യാന്തര വ്യാപൃതനാവുന്നതിന് മുമ്പുള്ള നിങ്ങളുടെ ഒഴിവുസമയങ്ങള്‍ (എന്നിവയാണ് ആ അഞ്ചു കാര്യങ്ങള്‍).

ഭാവിയെക്കുറിച്ച അതിരുകവിഞ്ഞ ആശങ്ക വെച്ചുപുലര്‍ത്തി അതിനുവേണ്ടി മാത്രം അധ്വാനിക്കുന്നതും, നിലവിലെ ജീവിതസാഹചര്യങ്ങളില്‍ മാത്രം അധ്വാനിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഈ ഹദീസില്‍ നിന്ന് നമുക്ക് മനസ്സിലാവും. നാളേക്ക് വേണ്ടി നാം കാത്തിരിക്കുന്നത് ജീവിതത്തെ നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്. അങ്ങനെ ദിവസങ്ങള്‍ കഴിയുംതോറും ഒന്നും നേടാനാവാതെ നാം വെറുംകൈയുമായി ഇരിക്കേണ്ടി വരികയും ചെയ്യും.

തങ്ങളുടെ കൈപ്പിടിയിലുള്ള ദിനങ്ങളെ അകറ്റിവിട്ട് വരാനിരിക്കുന്നതിലേക്ക് സമയം നിഷ്ഫലമാക്കിയവരെക്കുറിച്ച് അല്ലാഹു പറയുന്നു: ''അന്ത്യനിമിഷം വന്നെത്തുംനാളില്‍ കുറ്റവാളികള്‍ ആണയിട്ടു പറയും: 'തങ്ങള്‍ ഒരു നാഴിക നേരമല്ലാതെ ഭൂമിയില്‍ കഴിഞ്ഞിട്ടേയില്ല.' ഇവ്വിധം തന്നെയാണ് അവര്‍ നേര്‍വഴിയില്‍നിന്ന് വ്യതിചലിച്ചിരുന്നത്.'' (അര്‍റൂം:55).

വിവര്‍ത്തനം: അര്‍ഷ കരീം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 109-112
എ.വൈ.ആര്‍