Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 20

ഹസ്രത്ത് ആഇശ <br>സ്ത്രീത്വത്തിന്റെ കരുത്ത്

വി.പി അഹ്മദ്കുട്ടി ടൊറണ്ടോ /ലേഖനം

         ഹസ്രത്ത് ആഇശ, വിശ്വാസികളുടെ മാതാവ്. ഇസ്‌ലാമിന്റെ ആദ്യകാല വിശുദ്ധിയിലും നൈര്‍മല്യത്തിലും വളര്‍ന്നുവന്ന മാതൃകാ വനിത. മനുഷ്യരാശിയുടെ ഏറ്റവും മികച്ച അധ്യാപകന്റെ-പ്രവാചകന്റെ-ശിക്ഷണമാണ് അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. ഏതൊരു വിശ്വാസിയും എത്തിച്ചേരാന്‍ കൊതിക്കുന്ന വ്യക്തിത്വം. ബഹുമുഖത്വമായിരുന്നു ആ ജീവിതത്തിന്റെ സവിശേഷത. പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും വീടകങ്ങളിലും വൈജ്ഞാനികാന്വേഷണങ്ങളിലും ആ വ്യക്തിത്വത്തിന്റെ തിളക്കം നാം കാണുന്നു. ആ വ്യക്തിത്വത്തെ രൂപപ്പെടുത്തിയതോ? ഉദാരത, നിസ്വാര്‍ഥത, സത്യസന്ധത, നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകാനുള്ള കരുത്ത്, നിശ്ചയദാര്‍ഢ്യം തുടങ്ങിയ ഗുണങ്ങള്‍.

അന്വേഷണ തൃഷ്ണയും നിരൂപണ ബുദ്ധിയുമുള്ള ഒരു യുവതി മികച്ച അധ്യാപികയും പണ്ഡിതയും നിയമജ്ഞയും ആയി പടര്‍ന്നുപന്തലിക്കുന്ന പരിണാമമാണ് നാം ഹസ്രത്ത് ആഇശയില്‍ കാണുന്നത്.  ധീരമായിരുന്നു അവരുടെ അഭിപ്രായ പ്രകടനങ്ങള്‍. തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, ഇസ്‌ലാമിക ചരിത്രം, അറബിഭാഷ തുടങ്ങി ഇസ്‌ലാമിക ജ്ഞാനമണ്ഡലത്തിന്റെ സുപ്രധാന ശാഖകളിലെല്ലാം അവര്‍ക്കുള്ള വ്യുല്‍പത്തി അതിശയകരമായിരുന്നു. മുസ്‌ലിം സ്ത്രീയെക്കുറിച്ച് ഇന്നും നിലനില്‍ക്കുന്ന സകല വാര്‍പ്പു മാതൃകകളെയും തച്ചുടക്കുന്നുണ്ട് ആഇശയുടെ ജീവിതം. സാമൂഹിക ജീവിതത്തില്‍ ഇടപെടാനാവാതെ മൂകസാക്ഷിയായി നില്‍ക്കാനാണല്ലോ ഇന്നും മുസ്‌ലിം സ്ത്രീയുടെ വിധി.

ആഇശ ബിന്‍ത് അബീബക്ര്‍ അസ്സ്വിദ്ദീഖ്-ഇതാണവരുടെ മുഴുവന്‍ പേര്. ഒന്നാം ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖിന്റെ മകള്‍. ആഇശ ബിന്‍ത് സ്വിദ്ദീഖ് എന്നും സ്വിദ്ദീഖ ബിന്‍ത് സ്വിദ്ദീഖ് എന്നും ('സ്വിദ്ദീഖ്' എന്നത് അബൂബക്‌റിന്റെ വിശേഷണമാണ്. സത്യസന്ധന്‍/സത്യപ്പെടുത്തുന്നവന്‍ എന്നര്‍ഥം. 'സത്യസന്ധന്റെ സത്യസന്ധയായ മകള്‍' എന്നാവും അപ്പോള്‍ അര്‍ഥം) അവര്‍ അറിയപ്പെട്ടിരുന്നു. പ്രവാചകന്‍ ഒരു ഓമനപ്പേരും വിളിച്ചിരുന്നു-ഉമ്മു അബ്ദില്ല. സഹോദരി പുത്രന്‍ അബ്ദുല്ലയോടുള്ള സ്‌നേഹവാല്‍സല്യമായിരുന്നു അതിന് കാരണം.

ശുദ്ധമായ ഇസ്‌ലാമികാന്തരീക്ഷത്തിലാണ് ആഇശ(റ) വളര്‍ന്നു വന്നത്. പ്രവാചക ദൗത്യത്തിന്റെ തുടക്കത്തില്‍ തന്നെ തന്റെ പിതാവും മാതാവും ഇസ്‌ലാം സ്വീകരിച്ചിരുന്നുവല്ലോ. അവര്‍ തന്നെ പറയട്ടെ: ''എനിക്ക് ബുദ്ധിയുറക്കുന്ന കാലം മുതല്‍ക്ക് തന്നെ മാതാപിതാക്കള്‍ ഇസ്‌ലാമനുസരിച്ച് ജീവിക്കുന്നത് കണ്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്.'' ഇസ്‌ലാമിന്റെ ആദ്യകാലാനുഭവങ്ങള്‍ അവരുടെ ചടുലമായ പ്രകൃതത്തെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് തീര്‍ച്ച. വളരെ ചെറുപ്പത്തില്‍ തന്നെ ഇസ്‌ലാമില്‍ അടിയുറച്ച വിശ്വാസം ആര്‍ജിച്ചതിനാല്‍ സത്യത്തിന് വേണ്ടി എന്തും ത്യജിക്കാന്‍ അവര്‍ തയാറായിരുന്നു. സത്യനിഷേധത്തിന്റെ അധാര്‍മിക വഴികളോട് കലഹിക്കുകയും ചെയ്തു.

വിശ്വാസികളുടെ മാതാവ്

പ്രവാചക പത്‌നിമാരില്‍ കന്യക ആഇശ മാത്രമാണ്. ആ വിവാഹം നടക്കണമെന്നത് ദൈവനിശ്ചയമായിരുന്നു. അറബികളിലും ഹീബ്രു വിഭാഗങ്ങളിലുമൊക്കെ കാണപ്പെടുന്ന ആചാരമനുസരിച്ചാണ് വിവാഹം നേരത്തേ നടന്നത് എന്ന വ്യാഖ്യാനം ശരിയാണെന്ന് തോന്നുന്നില്ല. ഇന്നത്തെ മാനദണ്ഡങ്ങള്‍ വെച്ച് ആ വിവാഹത്തെ അളക്കുന്നതും ഉചിതമായിരിക്കില്ല. പ്രവാചകന്റെ ഒരു വിവാഹത്തെയും അദ്ദേഹത്തിന്റെ ദൗത്യത്തില്‍ നിന്ന് വേര്‍പ്പെടുത്തി കാണാന്‍ പറ്റില്ല എന്നതാണ് സത്യം. രണ്ട് ലക്ഷ്യങ്ങള്‍ ആ വിവാഹങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഒന്ന്, അറബികളെ ഒരൊറ്റ ജനതയായി ഏകീകരിക്കുക. രണ്ട്, പ്രവാചകന്റെ പൈതൃകവും ചര്യയുമെല്ലാം വരും തലമുറകള്‍ക്ക് കൈമാറുക. പ്രവാചകന്മാരുടെ ഈ ദൗത്യത്തെ ഖുര്‍ആന്‍ തന്നെ പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ആഇശക്ക് ലഭിച്ച ശിക്ഷണവും അവരുടെ സവിശേഷ പ്രകൃതവും, പ്രവാചകചര്യയെയും ഇസ്‌ലാമിക പാഠങ്ങളെയും പിന്‍തലമുറക്ക് പകര്‍ന്ന് നല്‍കാന്‍ ഏറ്റവും അനുയോജ്യമായ വ്യക്തിത്വമായി അവരെ രൂപപ്പെടുത്തി. പില്‍ക്കാലക്കാരും മുന്‍കാലക്കാരുമായ സകല പണ്ഡിതന്മാരും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. ജീവിതത്തിന്റെ നിര്‍ണായക സന്ധിയിലാണല്ലോ പ്രവാചകനുമൊത്ത് കഴിയാന്‍ അവര്‍ക്ക് അവസരം കൈവന്നത്.

മറ്റു പ്രവാചക പത്‌നിമാരോട് ആഇശ കുശുമ്പ് കാണിച്ചതായി ചരിത്ര കൃതികളില്‍ കാണാം. തന്റെ സര്‍വസ്വവും പ്രവാചകന് സമര്‍പ്പിച്ച ഒരു സ്ത്രീയില്‍ നിന്ന് ഉണ്ടാവുന്ന പ്രതികരണമായേ അതിനെ കാണേണ്ടതുള്ളൂ. ആഇശയുടെ ഈ അസാധാരണ സ്‌നേഹവും വൈകാരികതയും പ്രവാചകന്‍ തിരിച്ചും നല്‍കിയിട്ടുണ്ട്. പ്രവാചക ശിഷ്യരുടെ വര്‍ത്തമാനങ്ങളില്‍ വരെ അക്കാര്യം കടന്നുവന്നിരുന്നു. അനസ്(റ) പറയുന്നു: ''ഇസ്‌ലാമിലെ ആദ്യ സ്‌നേഹ പ്രകടനം പ്രവാചകന് പത്‌നി ആഇശയോട് ഉള്ളതായിരുന്നു.''

പ്രവാചകന് ആഇശയോടുള്ള സ്‌നേഹത്തിന് പ്രധാന കാരണം ശാരീരിക ബദ്ധമല്ല എന്നാണ് മനസ്സിലാവുന്നത്; അതും ആകര്‍ഷണത്തിന് കാരണമായിട്ടുണ്ടാകാമെന്ന കാര്യം നിഷേധിക്കുന്നുമില്ല. തന്റെ പൈതൃകത്തെ പിന്തലമുറകള്‍ക്ക് കൈമാറാനായി ചുമതലപ്പെട്ട വനിത എന്ന നിലക്കാണ് മുഖ്യമായും ആ സ്‌നേഹബന്ധത്തെ കാണേണ്ടത്. പ്രവാചകന്‍ ആഇശയോടൊപ്പമായിരിക്കുമ്പോഴാണ് മലക്ക് ജിബ്‌രീല്‍ വരാറുള്ളതെന്നും, മറ്റു ഭാര്യമാര്‍ക്ക് ജിബ്‌രീലിന്റെ സാന്നിധ്യം അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചരിത്ര കൃതികളിലുണ്ട്. ആഇശക്ക് ലഭിച്ച സവിശേഷ മഹത്വവുമായിരിക്കാം അത്. 

ദൈവകാരുണ്യത്തിന് ഏറ്റവും കൂടുതല്‍ പാത്രീഭൂതമായ വനിതാ രത്‌നവുമാണല്ലോ അവര്‍. അവരുടെ നിരപരാധിത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ഈമാനിക ദാര്‍ഢ്യത്തെ പ്രശംസിച്ചുകൊണ്ടും കള്ളാരോപണങ്ങളില്‍ നിന്ന് അവരെ വിമുക്തമാക്കിക്കൊണ്ടും എത്രയധികം സൂക്തങ്ങളാണ് ഖുര്‍ആനില്‍! പ്രസ്തുത സൂക്തങ്ങള്‍ വായിക്കുന്ന പില്‍ക്കാലക്കാരെല്ലാം ആ ജീവിത മാതൃകയില്‍ നിന്ന് ആവേശവും പ്രചോദനവും നേടുന്നു. ഹസ്രത്ത് ആഇശ(റ) അഭിമുഖീകരിച്ച ഒരു പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് 'തയമ്മും' സൂക്തം അവതരിച്ചതെന്ന് നബിശിഷ്യന്മാരില്‍ ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലെ 24-ാം അധ്യായമായ അന്നൂര്‍ പാരായണം ചെയ്യുന്നവര്‍ (പ്രത്യേകിച്ച് 23,24 സൂക്തങ്ങള്‍) ആ മഹദ് ജീവിതത്തിന്റെ പരിശുദ്ധി നിരന്തരം ഓര്‍മിച്ചുകൊണ്ടിരിക്കുന്നു.

വിരക്തി, ലാളിത്യം

ആഇശ പിറന്നു വീണത് സമ്പന്ന കുടുംബത്തിലാണ്. കുലമഹിമയും ഒട്ടും കുറവായിരുന്നില്ല. പിതാവ് അബൂബക്‌റിന് ഒരുപാട് വരുമാന മാര്‍ഗങ്ങളുണ്ടായിരുന്നു. ഇങ്ങനെ സമ്പന്നതയില്‍ വളര്‍ന്ന ആഇശയാണ്, ഭൗതികവിഭവങ്ങള്‍ തന്നെ ശുഷ്‌കമായ പ്രവാചക ജീവിതത്തിലേക്ക് കടന്നുവരുന്നത്. ദാമ്പത്യജീവിതത്തിലെ ഇല്ലായ്മയുടെയും വല്ലായ്മയുടെയും പ്രയാസങ്ങളൊക്കെ അവര്‍ ക്ഷമാപൂര്‍വം സഹിച്ചു. മറ്റു ഭാര്യമാരും ജീവിതവിഭവങ്ങള്‍ കിട്ടാതെ വളരെ പ്രയാസത്തിലാണ് കഴിഞ്ഞിരുന്നത്. പ്രവാചകനുമൊത്തുള്ള ഈ ദുഷ്‌കര ജീവിതമാണോ നിങ്ങള്‍ തെരഞ്ഞെടുക്കുന്നത്, അതോ പ്രവാചകനില്‍ നിന്നുള്ള വിടുതല്‍ ആണോ നിങ്ങളുടെ ആവശ്യം എന്ന് ഖുര്‍ആന്‍ നേരിട്ട് തന്നെ അവരോട് ചോദിക്കുന്നുണ്ട്. ആഇശ(റ) ഉള്‍പ്പെടെ എല്ലാ പത്‌നിമാരും പ്രവാചകനുമൊത്തുള്ള ജീവിതം മതി എന്ന് പറയുകയായിരുന്നു.

വിരക്തിയുടെയും ലാളിത്യത്തിന്റെയും ഉത്തമ മാതൃകയായിരുന്നു ഹസ്രത്ത് ആഇശ. വളരെക്കുറച്ചേ അവര്‍ തിന്നുകയും കുടിക്കുകയും ചെയ്തുള്ളൂ. പഴകി പിന്നിയ വസ്ത്രങ്ങളാണ് ജീവിതകാലം മുഴുവന്‍ ധരിച്ചിരുന്നത്. വന്നുചേരുന്ന ധനമത്രയും ധര്‍മം ചെയ്തു. 'വലതുകൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത്' എന്ന പ്രവാചക വചനത്തിന്റെ സാക്ഷാത്കാരമായിരുന്നു ആ ജീവിതം. അവരുടെ കലവറയില്ലാത്ത ഔദാര്യത്തെക്കുറിച്ച് എത്രയോ സംഭവങ്ങള്‍ എടുത്ത് പറയാനുണ്ട്. ''തങ്ങള്‍ കടുത്ത ആവശ്യക്കാരായിരിക്കെ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവര്‍'' എന്ന് ഖുര്‍ആന്‍ (9:59) സത്യവിശ്വാസികളെക്കുറിച്ച് പറയുന്നുണ്ടല്ലോ. ഇങ്ങനെ സ്വന്തം അത്യാവശ്യങ്ങള്‍ ഒട്ടുമേ ശ്രദ്ധിക്കാതെയുള്ള ദാനശീലമായിരുന്നു ആഇശ(റ)യുടേത്. അവരുടെ ശിഷ്യരില്‍ പ്രമുഖനായ ഉര്‍വ പറയുന്നത് നോക്കൂ. ''ആഇശ ദാനമായി എഴുപതിനായിരം ദിര്‍ഹം നല്‍കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരുപാട് കഷ്ണങ്ങള്‍ തുന്നിച്ചേര്‍ത്ത വസ്ത്രമായിരുന്നു അപ്പോഴവര്‍ ധരിച്ചിരുന്നത്.''

ബുദ്ധി വൈഭവം

അപാരമായ ബുദ്ധികൂര്‍മതയായിരുന്നു അവര്‍ക്ക്. ഏറ്റവും മികച്ച അധ്യാപകനായ പ്രവാചകന്‍ പഠിപ്പിക്കുമ്പോഴും വെറുതെ കേട്ടിരിക്കുക അവരുടെ സ്വഭാവമല്ല. നിരൂപണ ബുദ്ധിയും അന്വേഷണത്വരയും ആ വ്യക്തിത്വത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. പ്രവാചകനോട് മറു ചോദ്യങ്ങള്‍ ചോദിക്കുന്ന എത്രയോ സംഭവങ്ങള്‍ കാണാന്‍ സാധിക്കും. ഒരിക്കല്‍ അര്‍ധരാത്രി പ്രവാചകന്‍, മരിച്ചുപോയ തന്റെ സഖാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ഖബ്‌റിസ്ഥാനില്‍ എത്തിയതായിരുന്നു. നബിയറിയാതെ ആഇശയും പിറകെ ചെന്നു. നബി ചോദിച്ചു: ''എന്തിനാണിപ്പോള്‍ പിന്നാലെ പോണത്! നിന്റെ പിശാച് നിന്നെ വിട്ട പോയില്ലേ?'' 'ഓരോരുത്തന് പിന്നാലെയും ഇങ്ങനെ ഒരു പിശാചുണ്ടാകുമോ' എന്ന് ആഇശ(റ) ചോദിച്ചപ്പോള്‍ 'അതെ' എന്നായിരുന്നു നബി(സ)യുടെ മറുപടി. ''അപ്പോള്‍ താങ്കള്‍ക്ക് പിന്നാലെയും ആ പിശാച് വരില്ലേ?'' എന്നായി ആഇശ(റ). ''അതെ, എന്റെ പിന്നാലെയും ആ പിശാചുണ്ട്. പക്ഷേ എന്റെ രക്ഷിതാവിന്റെ അനുഗ്രഹത്താല്‍ അവന്‍ മുസ്‌ലിമായിക്കഴിഞ്ഞിട്ടുണ്ടല്ലോ (ഇനി ഞാന്‍പറയുന്നതേ അവന്‍ കേള്‍ക്കൂ എന്ന് വ്യംഗ്യം). മുസ്‌ലിം ഉദ്ധരിച്ച ഹദീസിലാണ് ഈ സംഭവമുള്ളത്.

മറ്റൊരു ഉദാഹരണം. അല്ലാഹു മനുഷ്യനെ എങ്ങനെയാണോ സൃഷ്ടിച്ചത് അതേ പടിയായിരിക്കും അന്ത്യനാളില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുക എന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍ ആഇശ(റ) തിരിച്ച് ചോദിച്ചു: ''നഗ്നരായാണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നതെങ്കില്‍ അവര്‍ അങ്ങോട്ടുമിങ്ങോട്ടും കാണില്ലേ?'' ''പരസ്പരം നോക്കാന്‍ നേരം കിട്ടാത്തവിധം അതിനേക്കാള്‍ എത്രയോ ഗുരുതരമായ കാര്യങ്ങളിലായിരിക്കും അവരുടെ ശ്രദ്ധ'' എന്നാണ് പ്രവാചകന്‍ അതിന് മറുപടി പറഞ്ഞത്. അന്വേഷിച്ച് ചെല്ലാനുള്ള ത്വരയാണ് നാമിവിടെ കാണുന്നത്.

ഖുര്‍ആന്റെ അന്തസ്സത്തയുമായി ഒത്തുപോകാത്ത, തീര്‍ത്തും അയുക്തികമായ വ്യാഖ്യാനങ്ങളെ അവര്‍ നിശിതമായി ചോദ്യം ചെയ്തു. ഇസ്‌ലാമിക പാഠങ്ങള്‍ ഒരിക്കലും അയുക്തികമോ പരസ്പര വൈരുധ്യമുള്ളതോ ആയിക്കൂടെന്നത് ആഇശ(റ) ഉയര്‍ത്തിപ്പിടിച്ച ഒരു തത്ത്വമായിരുന്നു. 'ഇത് അല്ലാഹു അല്ലാത്ത ആരില്‍ നിന്നെങ്കിലുമാണെങ്കില്‍ ധാരാളം വൈരുധ്യങ്ങള്‍ അവരതില്‍ കണ്ടെത്തുമായിരുന്നു' എന്ന് ഖുര്‍ആന്‍ (4:82) തന്നെ പറയുന്നുണ്ടല്ലോ. 'തന്റെ മരണത്തില്‍ ദുഃഖിച്ച് കുടുംബാംഗങ്ങള്‍ കരഞ്ഞാല്‍ മരണപ്പെട്ട വ്യക്തി അതിന്റെ പേരില്‍ പരലോകത്ത് ശിക്ഷിക്കപ്പെടും' എന്ന ഇബ്‌നു ഉമര്‍ ഉദ്ധരിച്ച ഹദീസ് (തിര്‍മിദി) ആഇശ(റ) തള്ളിക്കളഞ്ഞത് ഇക്കാരണത്താലാണ്. അവരുടെ ന്യായം ഇതാണ്: ''പ്രവാചകന്‍ എങ്ങനെയാണ് ഇങ്ങനെയൊരു കാര്യം പറയുക? ''ഒരാളുടെയും പാപഭാരം മറ്റൊരാള്‍ വഹിക്കുകയില്ല' (17:5) എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളതല്ലേ?'' പ്രവാചകന്‍ അങ്ങനെ പറയാനുണ്ടായ പശ്ചാത്തലവും കൂടി നോക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. നബിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടത് എന്ന് പറയപ്പെടുന്ന, 'മൂന്ന് കാര്യങ്ങള്‍ ഒരാളുടെ നമസ്‌കാരം നിഷ്ഫലമാക്കിക്കളയും-നായ, കഴുത, സ്ത്രീ' എന്ന വാക്യവും ആഇശയുടെ നിശിത വിമര്‍ശനത്തിന് വിധേയമാവുകയുണ്ടായി. ഈ വാക്യം കേട്ടപ്പോള്‍ ആഇശ ചോദിച്ചു: ''ഞങ്ങള്‍ സ്ത്രീകളെ കഴുതകളോടും നായകളോടും ഉപമിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു? ഞങ്ങള്‍ കിടപ്പറയിലായിരിക്കുമ്പോള്‍ പ്രവാചകന്‍ ഉറക്കില്‍ നിന്നെണീറ്റ് നമസ്‌കരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ കിടക്കുന്നുണ്ടാകും. സുജൂദിലേക്ക് വരുമ്പോള്‍ അദ്ദേഹം എന്റെ കാലുകള്‍ വളരെ മൃദുവായി ഒരു ഭാഗത്തേക്ക് തള്ളി മാറ്റിയാണ് സുജൂദ് ചെയ്യുക'' (ബുഖാരി).

നിശ്ചയദാര്‍ഢ്യം

ഹസ്രത്ത് ആഇശയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും സ്ഥൈര്യത്തിന്റെയും യഥാര്‍ഥ മാറ്റ് നാം കാണുന്നത് അവര്‍ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോഴാണ്; അവര്‍ക്കെതിരെ തീര്‍ത്തും വ്യാജമായ വ്യഭിചാരാരോപണം ഉയര്‍ന്ന ഘട്ടത്തില്‍. അന്നേരം അവര്‍ അങ്ങേയറ്റം ദുഃഖിതയും വ്യാകുലയുമായി എന്നത് നേരാണ്; പക്ഷേ, തല കുനിച്ചിരിക്കാനൊന്നും അവര്‍ തയാറായില്ല. എല്ലാം ദൈവത്തിലര്‍പ്പിച്ച് ധീരതയോടെ നിലകൊണ്ടു. ഏറെ വൈകാതെ ദൈവവാക്യങ്ങള്‍ തന്നെ അവരുടെ നിരപരാധിത്വം ഉദ്‌ഘോഷിക്കുകയും ചെയ്തു. തന്റെ നിരപരാധിത്വം തെളിയുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നെങ്കിലും, അത് ദൈവവാക്യങ്ങള്‍ വഴി തന്നെ ആവാന്‍ മാത്രം മഹത്വം തനിക്കുണ്ടെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് വിശുദ്ധ ഖുര്‍ആനിലെ ഒരു മുഴുവന്‍ അധ്യായവും അവതരിച്ചതെന്ന് ഓര്‍ക്കണം. അതിലെ നിരവധി സൂക്തങ്ങളില്‍ ഹസ്രത്ത് ആഇശയുടെ ജീവിതവിശുദ്ധിയിലേക്കുള്ള സൂചനകളുണ്ട്. നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും പ്രവാചകന് നന്ദി പറയാന്‍ ആഇശ(റ) എഴുന്നേല്‍ക്കുകയുണ്ടായില്ല. അവര്‍ ഇത്രമാത്രം പറഞ്ഞു: ''ഞാന്‍ ദൈവത്തോട് മാത്രമാണ് നന്ദി പറയുന്നത്.'' അതിനെ പ്രവാചകനോടുള്ള ധിക്കാരമായി കാണേണ്ടതില്ല. തനിക്ക് ആശ്വാസവും സമാധാനവും നല്‍കിയതില്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന യാഥാര്‍ഥ്യത്തിന് അടിവരയിടുക മാത്രമായിരുന്നു അവര്‍. വിശ്വാസികളായ മുഴുവന്‍ സ്ത്രീപുരുഷന്മാരും അനുകരിക്കേണ്ട ഒരു മാതൃകയാണ് അവര്‍ വരഞ്ഞുവെക്കുന്നത്. അതായത് സൂക്ഷിക്കേണ്ടതും ഭയക്കേണ്ടതും അല്ലാഹുവിനെ മാത്രം. ഇതൊരാളുടെ ജീവിതത്തില്‍ സംഭവിച്ചുകഴിഞ്ഞാല്‍ മറ്റാരുടെയും മുമ്പില്‍ തല താഴേണ്ട കാര്യമില്ല. എതിരാളികള്‍ എത്ര വലിയ ആഗോള ശക്തികളായിരുന്നാലും ശരി. ദൈവത്തെ യഥാവിധി വഴിപ്പെടുന്ന ഒരാള്‍ക്ക് മാത്രം അനുഭവിക്കാനാവുന്ന സ്വാതന്ത്ര്യത്തിന്റെ പാരമ്യതയാണിത്.

അനീതിയും അധര്‍മവുമാണെന്ന് തനിക്ക് ബോധ്യമായ എന്തിനെയും ഹസ്രത്ത് ആഇശ ചോദ്യം ചെയ്യാന്‍ മടിച്ചിരുന്നില്ല. തന്റെ പിതാവും ഒന്നാം ഖലീഫയുമായ അബൂബക്ര്‍ സിദ്ദീഖിനെ അദ്ദേഹത്തിന്റെ മരണാനന്തരം ചിലര്‍ കുറ്റപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അവരെ ആഇശ(റ) ക്ഷണിച്ചു വരുത്തി. എന്നിട്ട് തന്റെ പിതാവ് ചെയ്ത സേവനങ്ങള്‍ ഓരോന്നായി വിവരിച്ചു. എന്നിട്ട് ചോദിച്ചു: ''ഇതില്‍ അദ്ദേഹത്തിന്റെ ഏത് പ്രവൃത്തിയെയാണ് നിങ്ങള്‍ വിമര്‍ശിക്കുന്നത്?'' വിമര്‍ശകര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. മുആവിയ ഭരണാധികാരമേറ്റപ്പോള്‍, അദ്ദേഹത്തിന്റെ നിലപാടുകളെ ആഇശ തുറന്നെതിര്‍ത്തിരുന്നു. ആ നിലപാടുകള്‍ നീതിക്ക് നിരക്കുന്നതല്ലെന്നും അനിസ്‌ലാമികമാണെന്നും തുറന്നടിച്ചു.

ഖബ്‌റിടങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ചിലര്‍ സ്ത്രീകളെ വിലക്കുന്നത് കണ്ടപ്പോഴും ഹസ്രത്ത് ആഇശ അവരെ തിരുത്താന്‍ മുന്നോട്ടുവരികയുണ്ടായി. ഒരിക്കല്‍ മക്കയില്‍ വന്നപ്പോള്‍, തന്റെ സഹോദരന്റെ ഖബ്‌റിടം സന്ദര്‍ശിക്കാനായി ഹസ്രത്ത് ആഇശ ചെന്നു. 'സ്ത്രീകള്‍ ഖബ്ര്‍ സന്ദര്‍ശിക്കുന്നത് പ്രവാചകന്‍ വിലക്കിയിട്ടുണ്ടല്ലോ' എന്നാരോ തടസ്സവാദം പറഞ്ഞു. അപ്പോള്‍ ആഇശ(റ): ''ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍ ഖബ്ര്‍ സന്ദര്‍ശിക്കുന്നതിന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നെ ആ വിലക്ക് എടുത്തു കളഞ്ഞു'' (ബൈഹഖി). സന്ദര്‍ശന വിലക്ക് സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമാണെങ്കില്‍, വിലക്ക് എടുത്ത് കളഞ്ഞതും ഇരുവര്‍ക്കും ബാധകം തന്നെ എന്ന സൂചിന്തിത ന്യായമാണ് അവര്‍ മുന്നോട്ടു വെക്കുന്നത്.

നബി പത്‌നിമാരില്‍ ഒരാളായ സ്വഫിയ്യ (അവര്‍ ഒരു ജൂത കുടുംബത്തില്‍ പെട്ടവരായിരുന്നു) മരിച്ചപ്പോള്‍, തന്റെ സ്വത്തിന്റെ മൂന്നിലൊന്ന് ജൂത സഹോദരന് വസ്വിയ്യത്തായി എഴുതിവെച്ചത് കണ്ടു. ഇത് പ്രവാചക അധ്യാപനങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞ് ഖലീഫ ഉസ്മാന്‍ വസ്വിയ്യത്ത് നടപ്പാക്കാന്‍ വിസമ്മതിച്ചപ്പോള്‍, ആഇശ(റ) ഇടപെട്ടു. ഹസ്രത്ത് സ്വഫിയ്യയുടെ അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കാന്‍ ഒടുവില്‍ ഖലീഫ തയാറായി. ആഇശ(റ)യുടെ വ്യക്തിത്വം എത്രമാത്രം വിലമതിക്കപ്പെട്ടിരുന്നു എന്ന് ഈ സംഭവം വ്യക്തമാക്കുന്നു. സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ച പൊതുധാരണകളെ തിരുത്തുന്ന പല നീക്കങ്ങളും ആ മഹതിയുടെ ജീവിതത്തില്‍ നാം കാണുന്നുണ്ട്. മയ്യിത്തിന് വേണ്ടിയുളള നമസ്‌കാരം ഇന്നും പലേടത്തും നിര്‍വഹിക്കുന്നത് പുരുഷന്മാര്‍ മാത്രമാണല്ലോ. ജനാസ നമസ്‌കാരത്തിന് സ്ത്രീകള്‍ക്കും അവസരം നല്‍കണമെന്നായിരുന്നു ഹസ്രത്ത് ആഇശയുടെ നിലപാട്. സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനായി ജനാസ പള്ളിയില്‍ കൊണ്ടുവരാന്‍ അവര്‍ പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ നിലയില്‍ അക്കാലത്ത് ജനാസ നമസ്‌കാരം നടന്നിരുന്നത് പള്ളിക്ക് പുറത്ത് വെച്ചായിരുന്നു.

സജീവ പങ്കാളിത്തം

ഇസ്‌ലാമിക ചരിത്രത്തിലെ സ്ത്രീ ആക്ടിവിസത്തിന്റെ റോള്‍ മോഡലാണ് ഹസ്രത്ത് ആഇശ. പ്രവാചകന്റെ മരണശേഷവും ജീവിതത്തിന്റെ വിവിധ തുറകളില്‍ അവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. പ്രവാചകന്‍ ജീവിച്ചിരിക്കെ യുദ്ധമുന്നണിയില്‍ സേവനം ചെയ്യാനും അവര്‍ പോവാറുണ്ടായിരുന്നു.

നാലാം ഖലീഫ അലിക്കെതിരെ ഒരു യുദ്ധവും നയിക്കേണ്ടിവന്നു അവര്‍ക്ക്. അത് തീര്‍ച്ചയായും തെറ്റായ ഒരു തീരുമാനമായിരുന്നു. മൂന്നാം ഖലീഫ ഉസ്മാന്‍(റ) ശത്രുക്കളുടെ കരങ്ങളാല്‍ വധിക്കപ്പെട്ട സന്ദര്‍ഭത്തില്‍, കൊലയാളികളെ അലി(റ) അന്യായമായി സംരക്ഷിക്കുകയാണെന്ന ധാരണയാവാം അവരെ ഈ നീക്കത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാവുക. യുദ്ധത്തിനിറങ്ങിയതില്‍ അവര്‍ പിന്നീട് ഖേദിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും, സ്ത്രീയുടെ റോള്‍ വീട്ടില്‍ ഒതുങ്ങുന്നതല്ലെന്നും സാമൂഹിക ജീവിതത്തില്‍ അവള്‍ക്ക് വേണ്ടത്ര ഇടമുണ്ടെന്നുമുള്ള വിശ്വാസം തന്നെയാണ് അവരെ ഇതിനൊക്കെയും പ്രേരിപ്പിച്ചിട്ടുണ്ടാവുക. തന്റെ ആക്ടിവിസത്തെ ചൊല്ലിയല്ല ഹസ്രത്ത് ആഇശ ഖേദപ്രകടനം നടത്തിയത്; അലി(റ)ക്കെതിരെ യുദ്ധത്തിനിറങ്ങിയതിനെ ചൊല്ലിയായിരുന്നു. ഈയൊരൊറ്റ കാരണത്താല്‍ പ്രവാചകന് ചാരെ താന്‍ മറമാടപ്പെടാന്‍ അര്‍ഹയല്ല എന്നവര്‍ സ്വയം തീരുമാനിക്കുകയായിരുന്നു. തന്റെ സഹോദരിമാരോടൊപ്പം (നബിയുടെ മറ്റു പത്‌നിമാര്‍) ജന്നത്തുല്‍ ബഖീഇല്‍ തന്നെ മറമാടിയാല്‍ മതിയെന്നായിരുന്നു അവരുടെ ആഗ്രഹം).

പാണ്ഡിത്യം

തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, ഇസ്‌ലാമിക ചരിത്രം, അറബ് ചരിത്രം, അറബിഭാഷ ഇവയിലൊക്കെ ആഇശ(റ)ക്കുള്ള അഗാധ ജ്ഞാനത്തിന്റെ എത്രയോ സാക്ഷ്യങ്ങള്‍ ചരിത്രകൃതികളില്‍ കാണാം. സാധാരണക്കാര്‍ മാത്രമല്ല, അബൂബക്ര്‍ സിദ്ദീഖ്(റ), ഉമര്‍(റ) പോലുള്ള മഹാന്മാരായ പ്രവാചകശിഷ്യന്മാരും ഇതര നബിപത്‌നിമാരും ഏതൊരു വിഷയത്തിലും അവസാന അവലംബമായി കണ്ടിരുന്നത് ഹസ്രത്ത് ആഇശയെയായിരുന്നു. മദീനയിലെ പ്രമുഖ ഏഴ് നിയമജ്ഞരില്‍ ഒരാളായ അബൂസലമ അബ്ദുര്‍റഹ്മാന്‍ പറയുന്നു: ''പ്രവാചകര്യയെക്കുറിച്ച് ഇത്രയധികം അറിവുള്ള, മുസ്‌ലിംകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഇത്ര സൂക്ഷ്മമായി ഗ്രഹിക്കുന്ന, ഏതൊക്കെ ആയത്തുകള്‍ എന്തെല്ലാം സന്ദര്‍ഭങ്ങളിലിറങ്ങിയെന്നും അനന്തരാവകാശ നിയമങ്ങള്‍ എങ്ങനെയൊക്കെയെന്നും കൃത്യമായി മനസ്സിലാക്കുന്ന ആഇശയെപ്പോലെ മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല'' (ഇബ്‌നു സഅദിന്റെ ത്വബഖാത്തില്‍ ഉദ്ധരിച്ചത്).

പ്രവാചകന്റെ വിയോഗത്തിന് ശേഷം ഗുരുക്കന്മാരുടെ ഗുരുവായിരുന്നു ഹസ്രത്ത് ആഇശ. പ്രവാചകന്റെ പള്ളിയില്‍ അധ്യാപനം നടത്തുന്നവരെ പലപ്പോഴും അവര്‍ തിരുത്താറുണ്ടായിരുന്നു. വിവിധ പ്രശ്‌നങ്ങളില്‍ പണ്ഡിതോചിത മറുപടികള്‍ പ്രതീക്ഷിച്ചെത്തുന്നവരും ധാരാളം.  മാതൃകാ യോഗ്യമായിരുന്നു അവരുടെ ഇജ്തിഹാദി(ഗവേഷണം)ന്റെ രീതിയും. ഖുര്‍ആനിലുള്ള അഗാധമായ അറിവായിരുന്നു ആ ഗവേഷണങ്ങള്‍ക്കൊക്കെയും വഴികാട്ടി. ഒരു സംഭവം പറയാം. ഒരാള്‍ വന്നു ചോദിച്ചു: ''ഒരാള്‍ക്ക് വിവാഹം കഴിക്കാതിരുന്നു കൂടേ? അതിലെന്താണ് കുഴപ്പം?'' ഹസ്രത്ത് ആഇശയുടെ മറുപടി പെട്ടെന്നായിരുന്നു: ''താങ്കള്‍ ഈ ഖുര്‍ആന്‍ വചനം വായിച്ചിട്ടില്ലേ? 'താങ്കള്‍ക്ക് മുമ്പും നാം ദൂതന്മാരെ അയച്ചിട്ടുണ്ട്. അവര്‍ക്ക് ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുമുണ്ട്' (13:38). അതിനാല്‍ സന്യാസം സ്വീകരിക്കരുത്''(ശൗകാനി ഫത്ഹുല്‍ ഖദീറില്‍ ഉദ്ധരിച്ചത്).

ഇജ്തിഹാദിന് അവര്‍ സ്വീകരിക്കുന്ന സ്വതന്ത്ര രീതി, പ്രവാചകാനുയായികളുടെയും പില്‍ക്കാല പണ്ഡിതന്മാരുടെയും അഭിപ്രായങ്ങളുമായി ചിലപ്പോള്‍ ഇടയുന്നതായും നമുക്ക് കാണാം. സ്ത്രീക്ക് യാത്ര ചെയ്യണമെങ്കില്‍ ഒരു മഹ്‌റം (അടുത്ത ബന്ധുവായ ഒരു പുരുഷന്‍) വേണമെന്ന് നിര്‍ബന്ധമുണ്ടോ എന്നൊരാള്‍ ചോദിച്ചപ്പോള്‍ തിരിച്ചൊരു ചോദ്യമായിരുന്നു ആഇശ(റ)യുടെ മറുപടി: ''എല്ലാവര്‍ക്കും ഒരു മഹ്‌റമിനെ കണ്ടെത്താന്‍ കഴിയുമോ?''

നമ്മുടെ കാലത്ത് നിന്ന് ആഇശ(റ)യുടെ ജീവിതം നോക്കിക്കാണുമ്പോഴാണ് അതിന്റെ മഹത്വം നാം തിരിച്ചറിയുക. ഇന്നത്തെ മുസ്‌ലിം സ്ത്രീകളുടെ നിലയെന്താണ്? തങ്ങളുടെ കഴിവുകള്‍ മുഴുവനായി പുറത്തെടുക്കാനും സാക്ഷാത്കരിക്കാനും അവര്‍ക്ക് അവസരം ലഭിക്കുന്നുണ്ടോ? ക്രി. ആറാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലുമായി ജീവിച്ച ആഇശ(റ) ഇസ്‌ലാമില്‍ നിലീനമായ നീതിബോധത്തിന്റെ പ്രകാശഗോപുരമായിരുന്നു. അല്ലാഹുവിനും പ്രവാചകനും വേണ്ടി സമര്‍പ്പിതമായ ഒരു ജീവിതം. ആ മഹതിയുടെ തന്നെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ: ''ആര്‍ ജനങ്ങളെ പ്രീതിപ്പെടുത്തുകയും ദൈവത്തെ അപ്രീതിപ്പെടുത്തുകയും ചെയ്യുന്നുവോ അവനെ/അവളെ ദൈവം ജനങ്ങളിലേക്ക് കൈയൊഴിയും. ആര്‍ ദൈവത്തെ പ്രതീപ്പെടുത്തുന്നുവോ അവന്/അവള്‍ക്ക് ദൈവമല്ലാതെ മറ്റൊരു തുണയും ആവശ്യമില്ല.'' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 109-112
എ.വൈ.ആര്‍