Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 20

നഷ്ടമായ കാഴ്ചയുടെ വില

ഹസനുല്‍ ബന്ന /ഓര്‍മ

അന്ധതയെ മറികടന്ന് വിദേശകാര്യവിദഗ്ധനായി വളര്‍ന്ന ദല്‍ഹി സര്‍വകലാശാല അസിസ്റ്റന്റ് പ്രാഫസറായിരുന്നു നവാസ് നിസാര്‍ (31). വടകര താഴെ അങ്ങാടി കൊയിലാണ്ടി വളപ്പിലെ പെരിങ്ങാടി പുതിയപുരയില്‍ കുടുംബാംഗമാണ്. ജന്മനാ അന്ധനായിട്ടും തന്റെ ഇഛാശക്തി കൊണ്ട് വിദ്യാഭ്യാസരംഗത്തും അന്താരാഷ്ട്ര വിഷയങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചു അദ്ദേഹം. 

         അറിവും വിവേകവും ആദരവിന്റെ മാനദണ്ഡമെങ്കില്‍ ഇളംതലമുറയിലെ തലമുതിര്‍ന്ന ‘കാരണവരെയാണ് നവാസ് നിസാറിന്റെ മരണത്തോടെ സമുദായത്തിന് നഷ്ടമായിരിക്കുന്നത്. 

മാധ്യമത്തിലെ ജോലിതീര്‍ത്ത് ഒരു രാത്രി ന്യൂദല്‍ഹി ജാമിഅ നഗറിലെ അബുല്‍ഫസല്‍ എന്‍ക്ലേവില്‍ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ വീട്ടിലേക്ക് നവാസിനെ കൈപിടിപ്പിച്ച് കൊണ്ടുപോയതോര്‍ക്കുന്നു. അസമയത്ത് പരിചയപ്പെടാന്‍ വന്ന അപരിചിതനെന്ന ഭാവമില്ലാതെ സിദ്ദീഖ് ഹസന്‍ സാഹിബ് നവാസിനെ ഹൃദ്യമായി സ്വീകരിച്ചു. ആദ്യമുണ്ടായ ജിജ്ഞാസ ചുരുങ്ങിയ സമയം കൊണ്ട് ചില അന്വേഷണങ്ങളിലൂടെ സമുദായ നവോത്ഥാനത്തിന്റെ ചര്‍ച്ചകളിലേക്കെത്തി. ദല്‍ഹിയിലേക്ക് മലയാളി വിദ്യാര്‍ഥികളെ ഉപരിപഠനത്തിനായി കൊണ്ടുവരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ സമുദായ സംഘടനകള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന ആലോചനയിലാണ് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷനുമായുള്ള നവാസിന്റെ ആദ്യ കൂടിക്കാഴ്ച അവസാനിച്ചത്. ആദ്യ കൂടിക്കാഴ്ചയില്‍ സൗഹൃദമുണ്ടാക്കുകയും രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ അത് ആത്മസൗഹൃദമാക്കി മാറ്റുകയും ചെയ്യുന്ന പതിവ് സിദ്ദീഖ് ഹസന്‍ സാഹിബിന്റെ കാര്യത്തിലും നവാസ് തെറ്റിച്ചില്ല. ഈ സഹൃദയത്വമാണ് പിന്നീട് ദല്‍ഹി മലയാളി ഹല്‍ഖയുടെ പൊതുപരിപാടികളില്‍ നവാസിനെ അതിഥിയായെത്തിച്ചത്. നവാസിനെ ജമാഅത്താക്കുമോ എന്ന് ചോദിച്ചവരോട് അവരൊക്കെ സുന്നിയാകുന്നത് കണ്ടോ എന്ന് സരസമായി മറുപടി നല്‍കുകയും ചെയ്തു. സംഘടനയുടെയും പ്രത്യയശാസ്ത്രത്തിന്റെയും അതിരുകള്‍ കടന്ന സൗഹൃദലോകം സൃഷ്ടിച്ചെടുക്കാന്‍ കുറഞ്ഞ കാലം കൊണ്ടാണ് ഈ സഹൃദയന് കഴിഞ്ഞത്. ലാഭനഷ്ടങ്ങള്‍ മാത്രം നോക്കി സൗഹൃദം കാത്തുസൂക്ഷിക്കുന്ന കാലത്ത് കലര്‍പ്പില്ലാതെ സൗഹൃദം ചൊരിയേണ്ടത് എങ്ങനെയെന്ന് നവാസ് കാണിച്ചുതന്നു. കേരളീയ മുസ്‌ലിം സംഘടനക്കും സമുദായത്തിനും പുറത്തുള്ള മനുഷ്യരുമായി ഹൃദയബന്ധം പുലര്‍ത്താതിരിക്കുന്നതിലായിരുന്നു ഈ  മനുഷ്യന്റെ ആകുലത.

അതേസമയം, ജീവിക്കാനുള്ള വ്യഗ്രതയില്‍ സഹജീവികളെ മറന്നുപോകുന്ന ഉന്നത വിദ്യാഭ്യാസം നേടിയ ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ ജീവകാരുണ്യത്തിന് എന്തും ത്യജിക്കുന്ന കേരളത്തിലെ മുസ്‌ലിംകളുടെ ദീനാനുകമ്പ കണ്ടുപഠിക്കണമെന്ന് നവാസ് എപ്പോഴും പറയാറുണ്ടായിരുന്നു. സമുദായത്തിന്റെ സ്വത്വപ്രതിസന്ധി സ്വന്തം അസ്തിത്വം സ്ഥാപിച്ചെടുക്കാനുള്ള സ്വാര്‍ഥത്തിനായി ഉപയോഗിക്കുന്നതിന്റെ ഉത്തരേന്ത്യന്‍ ഉദാഹരണങ്ങളില്‍ നിന്നാണ് നവാസ് ഈ നിലപാടിലെത്തിയിരുന്നത്. ദേശീയ, അന്തര്‍ദേശീയ വിഷയങ്ങള്‍ പിന്തുടരുന്നതിലുള്ള ജാഗ്രത കേരളത്തില്‍ സംഘടനയുടെയും സ്ഥാപനങ്ങളുടെയും മുന്നോട്ടുള്ള പ്രയാണത്തിലും കാണിച്ച് സ്വന്തം സംഘടനക്കകത്തും നീതിപൂര്‍വം ഈ പ്രതിഭ വര്‍ത്തിച്ചു. പരമ്പരാഗതവഴി തുടരുന്ന തലമുതിര്‍ന്ന നേതാക്കള്‍ക്കും പുതുവഴിയില്‍ ചിന്തിക്കുന്ന പുതുതലമുറക്കാരായ യുവാക്കള്‍ക്കുമിടയില്‍ ആശയവിനിമയത്തിന്റെ പാലമായിരുന്നു സംഘടനക്കകത്തെ നവാസ്. നിരാശയുടെയും നിഷേധാത്മകതയുടെയും മോഹഭംഗങ്ങളില്‍ നിന്ന് പുതുതലമുറക്കാരായ സംഘടനാ പ്രവര്‍ത്തകരെ ആശയുടെയും ക്രിയാത്മകതയുടെയും പ്രതീക്ഷകളിലേക്ക് ഇതിലൂടെ  നയിച്ചു. കാഴ്ചപ്പാടുകളുടെ കാര്യത്തില്‍ വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്നത് സംഘടനാബന്ധങ്ങളെ ത്യജിക്കാനുള്ള ന്യായമാകരുതെന്ന് ജെ.എന്‍.യുവിലും ദല്‍ഹി സര്‍വകലാശാലയിലുമെത്തി സഹപ്രവര്‍ത്തകരെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു ഈ സമുദായസ്‌നേഹി. ആത്മസംഘര്‍ഷത്തിന്റെയും അസ്തിത്വ പ്രതിസന്ധിയുടെയും വര്‍ത്തമാന ഇന്ത്യയില്‍ ഒരു കേരളീയ മുസ്‌ലിമിന്റെ പ്രതിനിധാനം എന്തായിരിക്കണമെന്ന് പ്രായോഗികമായി കാണിച്ചുതരികയാണ് നവാസ് ചെയ്തത്. മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ് സംഘടനാ പ്രവര്‍ത്തനമെന്ന് അദ്ദേഹം ജീവിച്ചു കാണിച്ചു. അതുകൊണ്ടാണ് നവാസിന്റെ സാര്‍ഥകമായ ജീവിതം 'സമസ്ത'ക്കും എസ്.കെ.എസ്.എസ്.എഫിനും മാത്രമല്ല, ഭൂമിമലയാളത്തിലെ സമസ്ത സംഘടനകള്‍ക്കും മാര്‍ഗദര്‍ശകമാകുന്നത്. ആ കൈകള്‍ പിടിച്ച ഓരോരുത്തരും അദ്ദേഹത്തെ വഴിനടത്തുകയായിരുന്നില്ല, അവരോരുത്തരെയും അദ്ദേഹം വഴിനടത്തുകയായിരുന്നു. ഒടുവില്‍ കൂടെ നടന്നവരുടെ കാഴ്ചകളിലേക്ക് ഇരുട്ടുപടര്‍ത്തിയാണ് ആ വെളിച്ചം തിരോഭവിച്ചത്. നഷ്ടപ്പെട്ടപ്പോഴാണ് ഈ കാഴ്ചയുടെ വിലയെന്തെന്ന് നാം അറിയുന്നതും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 109-112
എ.വൈ.ആര്‍