Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 20

ചരിത്രത്തെ നിശ്ചലതയില്‍ നിന്ന് മോചിപ്പിച്ച സ്ത്രീരത്‌നങ്ങള്‍

സൈനബ് ആലിയ /ലേഖനം

         സ്ത്രീത്വത്തിന്റെ ശ്രേഷ്ഠതക്കും സ്ത്രീ അവകാശങ്ങള്‍ക്കും തുടക്കത്തില്‍ തന്നെ ഇസ്‌ലാം അംഗീകാരം നല്‍കുകയുണ്ടായി. എന്നാല്‍ ദുര്‍വ്യാഖ്യാനങ്ങളുടെയും യാഥാസ്ഥിതിക ചിന്തകളുടെയും ഫലമായി ഇസ്‌ലാം സ്ത്രീയുടെ ഇടങ്ങള്‍ പരിമിതപ്പെടുത്തിയെന്ന ആരോപണങ്ങള്‍ നിര്‍ബാധം തുടര്‍ന്നുകൊേണ്ടയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ചരിത്രത്തില്‍ മുസ്‌ലിം സ്ത്രീകള്‍ ആഴത്തില്‍ പതിപ്പിച്ച മൗലിക മുദ്രകളിലേക്കുള്ള ഹ്രസ്വമായ ഒരന്വേഷണത്തിന് ശ്രമിക്കുകയാണ് ഈ കുറിപ്പിലൂടെ.

ജനിച്ചത് പെണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ അപമാന ഭാരത്താല്‍ മുഖം ഇരുണ്ട് സമൂഹത്തില്‍ നിന്ന് ഉള്‍വലിഞ്ഞ് പെണ്‍ ശിശുവിനെ പച്ചക്ക് കുഴിച്ചുമൂടുന്ന കാടത്തം വാണിരുന്ന ദുരാചാരസന്ധിയിലായിരുന്നു മുഹമ്മദ് നബിയുടെ പിറവി. സ്ത്രീവിരുദ്ധമായ ഇത്തരം ആചാരങ്ങള്‍ക്കെല്ലാം പ്രവാചകന്‍ അറുതി വരുത്തി. സ്ത്രീകളുടെ പദവി ഉയര്‍ത്തുന്ന ധീരശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. സമൂഹത്തില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നാന്ദി കുറിച്ചു. സ്ത്രീകള്‍ കേവല ഗൃഹോപകരണങ്ങള്‍ മാത്രമല്ലെന്ന് അദ്ദേഹം ജനങ്ങളെ ബോധവല്‍ക്കരിച്ചു. 'സ്ത്രീ അവകാശങ്ങള്‍' എന്ന പരികല്‍പന അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു.

ഭാര്യമാരോടും പെണ്‍മക്കളോടുമുള്ള പ്രവാചകന്റെ സ്‌നേഹനിര്‍ഭരമായ  പെരുമാറ്റം കണ്ട് അറബികള്‍ വിസ്മയഭരിതരായി. സ്ത്രീകള്‍ അത്ര സ്‌നേഹാദരങ്ങള്‍ അര്‍ഹിക്കുന്നില്ലെന്ന ധാരണയിലും മുന്‍വിധിയിലുമായിരുന്നു അവര്‍. വിശ്വാസികള്‍ക്ക് ലിംഗഭേദാടിസ്ഥാനത്തില്‍ പ്രത്യേക മേന്മകള്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം സ്വര്‍ഗം മാതാവിന്റെ കാല്‍പാദങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. നന്മകള്‍ പ്രചരിപ്പിക്കുന്നതിലും തിന്മകളുടെ വ്യാപനം തടയുന്നതിലും സ്ത്രീ-പുരുഷന്മാര്‍ തുല്യചുമതല വഹിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അങ്ങനെ പ്രവാചകന്റെ കര്‍മരീതികളില്‍ നിന്നും പ്രചോദക വാചകങ്ങളില്‍ നിന്നും പ്രേരണകള്‍ കൈക്കൊണ്ട മുസ്‌ലിം സ്ത്രീകള്‍ പിന്നിട്ട ചരിത്ര ഘട്ടത്തിലോരോന്നിനെയും പുഷ്‌കലമാക്കി. അനുപമ സംഭാവനകള്‍ അര്‍പ്പിച്ചുകൊണ്ട് ഇസ്‌ലാമിക പൈതൃകത്തെ സമ്പന്നവും ദീപ്തവുമാക്കി. നിയമ വിശാരദര്‍, പണ്ഡിതര്‍, ഭരണാധികാരികള്‍, പോരാളികള്‍, വ്യാപാരികള്‍, രാഷ്ട്രീയോപദേഷ്ടാക്കള്‍ തുടങ്ങിയ വ്യത്യസ്ത നിലകളില്‍ സ്ത്രീകള്‍ ശ്ലാഘനീയമായ കര്‍മാധ്യായങ്ങള്‍ രചിച്ചു. പ്രവാചക പത്‌നിമാര്‍ അനുചരന്മാരുടെ മാര്‍ഗദര്‍ശകരും ഉത്തമ മാതൃകകളുമായി വര്‍ത്തിച്ചു. വ്യാപാര രംഗത്ത് നേട്ടങ്ങള്‍ കൊയ്ത പ്രഥമ പ്രവാചക പത്‌നി ഖദീജ(റ) പ്രവാചകനെ സാമ്പത്തികമായും സഹായിച്ചുപോന്നു. ആഇശ(റ) വിജ്ഞാനത്തിന്റെ പ്രകാശ ഗോപുരമായി നിലകൊണ്ടു. ബുദ്ധിമതിയായ ഉമ്മുസല്‍മയില്‍ നിന്ന് പ്രവാചകന്‍ ഉപദേശങ്ങള്‍ സ്വീകരിച്ചു. പ്രവാചക വിയോഗത്തെ തുടര്‍ന്ന് ഖുര്‍ആന്‍ എഴുതി സൂക്ഷിക്കാനുള്ള ആദ്യ ചുമതല ഹഫ്‌സക്ക് നല്‍കുക വഴി ഖലീഫ ഉമര്‍ സ്ത്രീത്വത്തിന് അംഗീകാരം നല്‍കുകയായിരുന്നു.

പ്രവാചക മൊഴികളും പ്രവാചക കര്‍മങ്ങളും ഹദീസ് ഗ്രന്ഥങ്ങളായി ക്രോഡീകരിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ അര്‍പ്പിച്ച സംഭാവനകള്‍ നിര്‍ണായകമായിരുന്നു. നിരവധി ഹദീസുകള്‍ തെറ്റാതെ (റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരകള്‍ സഹിതം) പണ്ഡിതര്‍ക്ക് കൈമാറിയത് പഠന നിഷ്ഠ പുലര്‍ത്തിയ മഹിളകള്‍ തന്നെയായിരുന്നു. വിഖ്യാത പണ്ഡിതനായ ഇബ്‌നു ഹജര്‍ 53 സ്ത്രീകളില്‍ നിന്ന് ഹദീസ് വിജ്ഞാനം നേടി. അസ്സുയൂത്വി 33 സ്ത്രീകളില്‍ നിന്നായി ഹദീസുകള്‍ സ്വീകരിച്ചു. 'സുനന്‍' രചിച്ച അബൂദാവൂദിന്റെ പൗത്രി ഫാത്വിമ ബിന്‍ത് അബ്ദുര്‍റഹ്മാന്‍ ഹദീസ്-ഖുര്‍ആന്‍ വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടിയ അസാധാരണ പ്രതിഭയായിരുന്നു. അപാരമായ ദൈവ സ്‌നേഹത്താല്‍ അവര്‍ 'സൂഫിയ്യ' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടു. ഏഴാം നൂറ്റാണ്ടില്‍ ദമസ്‌കസില്‍ ജീവിച്ച ഉമ്മുദര്‍ദാഅ് ആണ് മറ്റൊരു സ്ത്രീരത്‌നം. ഈ പണ്ഡിതക്കു കീഴില്‍ പഠിക്കാനെത്തിയവരില്‍ അന്നത്തെ ഖലീഫയായിരുന്ന അബ്ദുല്‍ മലിക് ഇബ്‌നു മര്‍വാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉണ്ടായിരുന്നു. ദമസ്‌കസിലെ മസ്ജിദില്‍ അവര്‍ ഹദീസും ഇസ്‌ലാമിക കര്‍മശാസ്ത്രവും പഠിപ്പിച്ചു.

ആഇശ ബിന്‍ത് അബീ വഖ്ഖാസ് നിയമവിശാരദ, പണ്ഡിത എന്നീ നിലകളില്‍ യശസ്സാര്‍ജിച്ചു. ഹനഫി ചിന്താധാരയുടെ പിതാവ് ഇമാം അബൂഹനീഫ ഇവരുടെ ശിഷ്യനായിരുന്നു. നബിയുടെ പ്രപൗത്രിയും ഹസന്‍ ബിന്‍ അലി ബിന്‍ അബീത്വാലിബിന്റെ പുത്രിയുമായ നഫീസയും വിഖ്യാത വിദൂഷി ആയിരുന്നു. അവരുടെ ശിഷ്യത്വം തേടി വിദൂര ദിക്കുകളില്‍ നിന്നുപോലും ജനങ്ങള്‍ എത്തിച്ചേര്‍ന്നു. ഇമാം ശാഫിഈക്കു പഠന സൗകര്യങ്ങളും ധനസഹായവും നല്‍കിയത് ഈ അധ്യാപികയായിരുന്നു. കച്ചവട രംഗത്തെ തട്ടിപ്പുകള്‍ പരിശോധിക്കാന്‍ ഖലീഫ ഉമര്‍ നിയോഗിച്ച ആഇശ ബിന്‍ത് അബ്ദുല്ല മാനേജ്‌മെന്റ് രംഗത്തും കാര്യക്ഷമത പ്രകടിപ്പിച്ചു.

ഒമ്പതാം നൂറ്റാണ്ടില്‍ മൊറോക്കോയില്‍ അല്‍ഖറാവിയ്യീന്‍ മസ്ജിദ് സ്ഥാപിച്ച ഫാത്വിമ അല്‍ഫിഹ്‌റിയ്യ പള്ളിയെ സര്‍വകലാശാലയായും പ്രവര്‍ത്തിപ്പിച്ചു. ലോകത്തെ തന്നെ ആദ്യ സര്‍വകലാശാലയായും ഇത് വിശേഷിപ്പിക്കപ്പെടുന്നു. അറബ് അക്കങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇന്നത്തെ ഇംഗ്ലീഷ് നമ്പറുകള്‍ ഈ സര്‍വകലാശാലയില്‍ നിന്നാണ് യൂറോപ്പില്‍ പ്രചാരം നേടിയത്.

പത്താം നൂറ്റാണ്ടില്‍ കൊര്‍ദോവയിലെ കിടയറ്റ ലൈബ്രേറിയന്‍ ആയിരുന്നു ഫാത്വിമ. പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന 70 പൊതു ഗ്രന്ഥാലയങ്ങളുടെ ഏകോപനം ഇവര്‍ ഏറ്റെടുത്ത് നിര്‍വഹിക്കുകയുണ്ടായി.

ആബിദ അല്‍മദനിയ്യ എന്ന അടിമസ്ത്രീയുടെ പാണ്ഡിത്യത്തിന്റെ കഥ വിസ്മയാവഹമായിരുന്നു. നിരവധി പേരെ നിത്യേന വിദ്യ അഭ്യസിപ്പിച്ചിരുന്ന അവരുടെ പാണ്ഡിത്യത്തിന്റെ മികവ് മനസ്സിലാക്കി സ്‌പെയിനിലെ പ്രമുഖ ഹദീസ് പണ്ഡിതന്‍ ഹബീബ് ദഹുന്‍ അവരെ മോചിപ്പിക്കുകയായിരുന്നു.

സൈനബ് ബിന്‍ത് സുലൈമാന്‍ രാജകുമാരി പാണ്ഡിത്യത്തില്‍ പുരുഷന്മാരെ പോലും കടത്തിവെട്ടി. അബ്ബാസിയ കാലഘട്ടത്തില്‍ അവര്‍ ബസറ, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ഗവര്‍ണറായി സേവനം ചെയ്തു. ആണ്‍പെണ്‍ ഭേദമില്ലാതെ നിരവധി പേര്‍ അവരുടെ ശിഷ്യത്വം സ്വീകരിച്ചു.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബഗ്ദാദില്‍ ജനിച്ച ശുഹദ ബിന്‍ത് അഹ്മദും പിന്നീട് സൈനബ് ബിന്‍ത് സുലൈമാന്‍ രാജകുമാരിയും പ്രഗത്ഭ അധ്യാപികമാര്‍, ഹദീസ് പണ്ഡിതകള്‍ എന്നീ നിലകളില്‍ സ്ത്രീകളുടെ അഭിമാന സ്രോതസ്സുകളായി. പത്തൊമ്പതാം നൂറ്റാണ്ടില്‍ നൈജീരിയയില്‍ ജീവിച്ച നാന അസ്മാഅ് കവയിത്രി, വിദൂഷി, അധ്യാപിക എന്നീ നിലകളില്‍ മാത്രമല്ല, പിതാവിന്റെ രാഷ്ട്രീയ ഉപദേശക എന്ന നിലയിലും നൈപുണ്യം പ്രകടിപ്പിച്ചു.

പതിനൊന്നാം നൂറ്റാണ്ടില്‍ യമനില്‍ 71 വര്‍ഷം ഭരണം നടത്തിയ അര്‍റവ സുലൈഹി, പതിമൂന്നാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ ഭരണം നടത്തിയ സുല്‍ത്താന ശജറ തുടങ്ങിയവര്‍ ഭരണ മികവിന്റെ ഗാഥകളാണ് രചിച്ചത്.

ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ഖലീഫ ഹാറൂന്‍ റഷീദിന്റെ ഭാര്യ സുബൈദ ഭരണനിര്‍വഹണ രംഗത്ത്  അകമഴിഞ്ഞ സഹായങ്ങള്‍ നല്‍കി. ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവര്‍ നിരവധി ജലസ്രോതസ്സുകള്‍ ഒരുക്കി. മതഭേദമന്യെ അവര്‍ കവികള്‍ക്കും എഴുത്തുകാര്‍ക്കും പുരസ്‌കാരങ്ങളും പാരിതോഷികങ്ങളും നല്‍കി പ്രോത്സാഹിപ്പിച്ചു.

ഇന്ത്യന്‍ തലസ്ഥാനമായ ദല്‍ഹിയില്‍ നാലു വര്‍ഷം അധികാരം വാണ റസിയ സുല്‍ത്താന ഭരണപാടവത്തിലൂടെ വിശ്വപ്രശസ്തി കൈവരിക്കുകയുണ്ടായി. സ്ത്രീ ആയിരുന്നെങ്കിലും പുരുഷന്മാരെ വെല്ലുന്ന ധിഷണയായിരുന്നു ആ ശിരസ്സ് നിറയെ എന്ന് ചരിത്രകാരന്മാര്‍ അവരെ വാഴ്ത്തി. 1819-1924-ല്‍ ഭോപ്പാലില്‍ ഭരണം നടത്തിയ ബീഗം കൈസര്‍സാവു ജഹാന്‍ കുടുംബം റെയില്‍വേ, ഗതാഗതം, തപാല്‍ വകുപ്പ് തുടങ്ങിയ മേഖലകളില്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കിയായിരുന്നു ജനഹൃദയങ്ങളില്‍ ഇടം നേടിയത്.

നൈജീരിയയിലെ സസ്സുവ മേഖലയിലെ ഭരണാധികാരി അമീന രാജ്ഞി ജനസേവനത്തിലും രാജ്യത്തെ പ്രതിരോധ സംവിധാനങ്ങള്‍ ഭദ്രമാക്കുന്നതിലും നിര്‍ണായക സംഭാവനകള്‍ അര്‍പ്പിച്ചു. അവരുടെ ഭരണകാലത്ത് പണിതീര്‍ക്കപ്പെട്ട മതിലുകള്‍ 'അമീന ഭിത്തികള്‍' എന്ന പേരില്‍ നൈജീരിയയില്‍ കാലത്തെ അതിജീവിച്ച് ഇപ്പോഴും നിലനില്‍ക്കുന്നു.

ധൈഷണിക, അക്കാദമിക, സര്‍ഗാത്മക മണ്ഡലങ്ങളിലും വന്‍തോതില്‍ പ്രഭാവം ചെലുത്താന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് സാധിച്ചു. മഹമമില എന്ന ഗണിത ശാസ്ത്രജ്ഞ അറബി സാഹിത്യം, ഹദീസ്, കര്‍മശാസ്ത്രം എന്നീ രംഗങ്ങളില്‍ പ്രാഗത്ഭ്യം പ്രകടിപ്പിച്ചു. ഈ ബഗ്ദാദുകാരിയുടെ ആല്‍ജിബ്ര സമവാക്യങ്ങളെ അല്‍ജൗസി, അല്‍ഖാതിബ് തുടങ്ങിയ ചരിത്രകാരന്മാര്‍ വാനോളം പുകഴ്ത്തുകയുണ്ടായി.

മറ്റൊരു പ്രശസ്ത ഗണിത ശാസ്ത്രജ്ഞയായിരുന്നു കൊര്‍ദോവയിലെ ലബാന. ജ്യാമിതീയ ഗണിത പ്രശ്‌നങ്ങള്‍ നിര്‍ധാരണം ചെയ്യുന്നതില്‍ അവര്‍ പ്രകടിപ്പിച്ച പ്രാഗത്ഭ്യം അമ്പരപ്പിക്കുന്നതായിരുന്നു. പത്താം നൂറ്റാണ്ടില്‍ മുസ്‌ലിം ഭരണം നിലനിന്ന സ്‌പെയിനില്‍ അല്‍ഹകം രണ്ടാമന്‍ അവരെ തന്റെ സെക്രട്ടറിയായി നിയമിച്ചത് ഈ ധൈഷണിക പാടവം പരിഗണിച്ചുകൊണ്ടായിരുന്നു. അഹ്മദ് രാജകുമാരന്റെ മകളായിരുന്ന ആഇശ പ്രഭാഷണകലയിലും കവിതാ രചനയിലും വിഖ്യാതയായി. സ്‌പെയിനിലെ വല്ലദ രാജകുമാരിയും കവിതാ, പ്രഭാഷണ മത്സരങ്ങളില്‍ മികവില്‍ പുരുഷന്മാരെ പോലും പിന്നിലാക്കുകയുണ്ടായി. പതിനൊന്നാം നൂറ്റാണ്ടില്‍ സെവില്ലെയില്‍ ജീവിച്ച അല്‍ ഗസനിയ, സഫിയ എന്നീ കവയിത്രികള്‍ കാലിഗ്രഫിയിലും പ്രാഗത്ഭ്യം തെളിയിച്ചു. ഖലീഫ മന്‍സൂറിന്റെ കാലഘട്ടക്കാരിയായ സന കാലിഗ്രഫിയില്‍ അത്ഭുതങ്ങള്‍ വിരിയിച്ചു. ഖലീഫ മന്‍സൂര്‍ സ്വന്തം കുട്ടികളെ കാലിഗ്രഫി പഠനത്തിനായി ഈ അടിമസ്ത്രീയുടെ സേവനത്തെയാണ് ആശ്രയിച്ചിരുന്നത്.

ഉമ്മുല്‍ ശാദ് ഉള്‍പ്പെടെ നിരവധി പേര്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും അറബി വ്യാകരണങ്ങളിലും അഗാധമായ അവഗാഹം നേടി. വ്യാകരണ ശാഖയില്‍ പുസ്തകങ്ങള്‍ രചിച്ച സ്ത്രീകള്‍ അക്കാലത്ത് പുരുഷന്മാരെ പിന്നിലാക്കി ധൈഷണിക വൈഭവത്തിന്റെ ദൃഷ്ടാന്തങ്ങളായി മാറി. മാരിയത്തുല്‍ കിബ്ത്തിയ്യ ഏഴാം നൂറ്റാണ്ടില്‍ തന്നെ ആല്‍ക്കമിയില്‍ അവഗാഹം നേടുകയും തന്റെ ജ്ഞാന സംഹിത അന്യര്‍ക്കു വേണ്ടി എഴുതി സൂക്ഷിക്കുകയും ചെയ്തു.

സമൂഹത്തിന്റെ സര്‍വ മേഖലകളെ സംബന്ധിച്ചും ബോധവാന്മാരാകണമെന്ന ഇസ്‌ലാമിക നിര്‍ദേശം മുറുകെ പിടിച്ചുകൊണ്ടായിരുന്നു മുസ്‌ലിം സ്ത്രീ മുന്നേറ്റങ്ങള്‍.

ബദര്‍ യുദ്ധത്തില്‍ പരിക്കേറ്റവരെ പരിചരിച്ച് പ്രഥമ നഴ്‌സ് ആയി പേരെടുത്ത ദുഫൈദ ബിന്‍ത് സഅദും ഉഹുദില്‍ ശുശ്രൂഷകള്‍ നടത്തി ധീരതയും സമര്‍പ്പണബോധവും പ്രകടിപ്പിച്ച നുസൈബ ബിന്‍ത് കഅ്ബും വൈദ്യശാസ്ത്രത്തിലെ പ്രാഗത്ഭ്യം നിമിത്തം അശ്ശിഫാ (ശമനം) എന്ന ഓമനപ്പേര് ലഭിച്ച ലൈല ബിന്‍ത് അബ്ദുല്ലയും സ്ത്രീ വീറിന്റെയും ധൈഷണികതയുടെയും ഗാഥകളാണ് ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ സുധീരമായ വിപ്ലവ പ്രവര്‍ത്തനങ്ങളിലൂടെ ആഗോള പ്രശസ്തി പിടിച്ചുപറ്റിയ സൈനബുല്‍ ഗസാലി ഐതിഹാസിക സംഭാവനകളര്‍പ്പിച്ച അതുല്യ പ്രതിഭയായിരുന്നു. പ്രവാചകനോടൊപ്പം ഉഹുദ് രണാങ്കണത്തില്‍ സധൈര്യം ഉറച്ചുനിന്ന നുസൈബയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് സേവന രംഗങ്ങളിലിറങ്ങാന്‍ പിതാവ് സൈനബുല്‍ ഗസാലിയെ പ്രേരിപ്പിക്കുകയായിരുന്നു. പത്തൊമ്പതാം വയസ്സില്‍ ജമാഅ അസ്സയിദാത്ത് എന്ന വനിതാ സംഘടനക്ക് രൂപം നല്‍കിയ സൈനബ് പിന്നീട് ഹസനുല്‍ ബന്നയുടെ മുസ്‌ലിം ബ്രദര്‍ ഹുഡിന്റെ മുന്‍നിര നേതാവായി.

അവരുടെ പ്രതിവാര പ്രഭാഷണം ശ്രവിക്കാനായി അയ്യായിരത്തിലേറെ പേര്‍ തടിച്ചുകൂടുമായിരുന്നു. നിര്‍ധനര്‍ക്ക് തന്റെ സംഘടന വഴി സഹായമെത്തിച്ച സൈനബ് അനാഥശാലകള്‍ നടത്തി. സ്വന്തമായി വനിതാ മാസിക പ്രസിദ്ധപ്പെടുത്തി. എന്നല്ല, 1964-ല്‍ ഈജിപ്ഷ്യന്‍ ഭരണകൂടം അവരുടെ വനിതാ സംഘടനക്ക് നിരോധമേര്‍പ്പെടുത്തി. ബ്രദര്‍ഹുഡ് നിരോധനത്തെത്തുടര്‍ന്ന് നിരവധി വര്‍ഷം സൈനബ് ജയിലില്‍ കടുത്ത പീഡനങ്ങള്‍ക്കിരയായി.

സര്‍ഗാത്മകത, അവകാശ പ്രക്ഷോഭങ്ങള്‍, ശാസ്ത്രം, ഭരണം, അധ്യാപനം തുടങ്ങിയ വ്യത്യസ്ത മണ്ഡലങ്ങളില്‍ മുസ്‌ലിം വനിതകളര്‍പ്പിച്ച സംഭാവനകള്‍ ദൗര്‍ഭാഗ്യവശാല്‍ വിസ്മരിക്കപ്പെട്ടിരിക്കുന്നു. മുസ്‌ലിം സ്ത്രീ രത്‌നങ്ങളെ സംബന്ധിച്ച് അല്‍ മുഹദ്ദിഥാത് എന്ന 40 വാള്യങ്ങള്‍ വരുന്ന ഗ്രന്ഥസഞ്ചയം തയാറാക്കിയ ഡോ. അക്‌റം നദ്‌വിയുടെ നിരീക്ഷണം ഉദ്ധരിക്കട്ടെ: ''മുസ്‌ലിംകള്‍ സ്ത്രീകളെ കീഴാളരായി കാണുന്നു എന്ന വിമര്‍ശനത്തിനിടയാക്കിക്കൊണ്ടാണ്  പോയ കാല ചരിത്രത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍ വിസ്മരിക്കപ്പെട്ടത്. വാസ്തവത്തില്‍ സജീവ പങ്കാളിത്തം വഹിക്കുക മാത്രമല്ല, സാമൂഹിക പരിവര്‍ത്തന രംഗങ്ങളുടെ മുഖ്യ സ്ഥാനങ്ങളില്‍ നിലയുറപ്പിക്കാനും മുസ്‌ലിം വനിതകള്‍ക്ക് സാധിച്ച സുവര്‍ണകാലഘട്ടങ്ങള്‍ക്ക് തിരശ്ശീല വീണിരിക്കുന്നു.''  

(യംഗ് മുസ്‌ലിം ഡൈജസ്റ്റ് ഫെബ്രുവരി ലക്കത്തില്‍ സൈനബ് ആലിയ എഴുതിയ ലേഖനത്തിന്റെ സംഗ്രഹ വിവര്‍ത്തനം) വിവ: വി.പി.എ അസീസ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 109-112
എ.വൈ.ആര്‍