ജനാധിപത്യ ഇന്ത്യയിലെ പെണ്ണനുഭവങ്ങള്‍
ഒരിടവേളക്ക് ശേഷം ഇന്ത്യന്‍ സ്ത്രീകളുടെ അസ്തിത്വത്തെക്കുറിച്ച ചര്‍ച്ച വീണ്ടും ചൂടുപിടിച്ചിരിക്കുന്നു. 2012 ഡിസംബര്‍ 16-ന് ദല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗ ദുരന്തത്തെ ആസ്പദമാക്കി പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തക ലെസ്‌ലി ഉദ്‌വിന്‍ സംവിധാനം ചെയ്ത 'ഇന്ത്യയുടെ മകള്‍' എന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിലാണ് പുതിയ ചര്‍ച്ച. ഇന്ത്യയുടെ മുഖം ലോകത്തിന് മുന്നില്‍ വികൃതമാക്കുന്നു എന്നു പറഞ്ഞ് കേന്ദ്ര ഗവണ്‍മെന്റ് ഡോക്യുമെന്ററി സംപ്രേഷണം നിരോധിച്ചു. ദല്‍ഹി കൂട്ട ബലാത്സംഗത്തിന്റെ വിവരണങ്ങള്‍ക്കപ്പുറം, വേട്ടക്കാരുടെ മനോഭാവവും, ഇന്ത്യന്‍ സമൂഹത്തിന്റെ സ്ത്രീവിരുദ്ധ മനസ്സും തുറന്ന് കാട്ടുന്നതാണ് 'ഇന്ത്യയുടെ മകള്‍.' ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയുടെ അടിസ്ഥാന വൈകല്യത്തിന് നേരെയുള്ള കണ്ണാടിയാണിത്. എന്നാല്‍, മുഖം വികൃതമായതിന് കണ്ണാടി തച്ചുടക്കുക എന്ന നിലപാടാണ് ഭരണകൂടം സ്വീകരിച്ചത്.
പ്രതിയുമായുള്ള അഭിമുഖം മാത്രമല്ല, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലെ ഇരകളുടെ രക്ഷിതാക്കളെ പ്രതിനിധീകരിക്കുന്ന ജ്യോതി വര്‍മയുടെ രക്ഷിതാക്കളുടെ അഭിമുഖം- മകള്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ച് അവര്‍ക്ക് സമൂഹത്തോട് പറയാനുള്ളതു- കൂടി ഉള്‍പ്പെടുത്തിയതാണ് ചിത്രം. ആണുങ്ങള്‍ ബലാത്സംഗം ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ സംയമനം പാലിക്കണമെന്നും, അങ്ങനെ 'സംയമനം' പാലിച്ചിരുന്നെങ്കില്‍ അവളെ കൊല്ലാതെ വിടുമായിരുന്നെന്നും, കുലീന യുവതികള്‍ രാത്രി ഒമ്പതിനുശേഷം പുറത്തിറങ്ങി നടക്കില്ലെന്നും, മോശം വസ്ത്രങ്ങള്‍ ധരിച്ച് രാത്രി ഡിസ്‌കോ പാര്‍ലറിലും ബാറുകളിലും പെണ്‍കുട്ടികള്‍ കറങ്ങി നടക്കരുതെന്നുമൊക്കെയുള്ള പ്രതിയുടെ തുറന്ന് പറച്ചില്‍ വേട്ടക്കാരുടെ ഉള്ളിലിരിപ്പിന്റെ നേര്‍ചിത്രമാണ്. ചേരിയിലെ ജീവിതസാഹചര്യത്തില്‍ വളര്‍ന്ന പ്രതി മാത്രമല്ല, 'ഇന്ത്യക്ക് ഒരു നല്ല സംസ്‌കാരമുണ്ട്, ആ സംസ്‌കാരത്തില്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ല'“എന്നു പറഞ്ഞ പ്രതിഭാഗം വക്കീലും പൊതുബോധത്തിന്റെ പ്രതീകമാണ്.
സ്ത്രീസ്വാതന്ത്ര്യത്തെയും ശാക്തീകരണത്തെയും കുറിച്ച് ജനങ്ങളെ ഉണര്‍ത്തേണ്ട വനിതാ ദിനത്തില്‍ 'ഇന്ത്യയുടെ മകള്‍' എന്ന തന്റെ ഡോക്യുമെന്ററി എല്ലാ സ്ത്രീകള്‍ക്കുമായാണ് സംവിധായിക ലെസ്‌ലി ഉദ്‌വിന്‍ സമര്‍പ്പിച്ചത്. 'ഇന്ത്യയില്‍ പുരുഷന്‍ സ്ത്രീയെ ബഹുമാനിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ല' എന്നാണ് ഉദ്‌വിന്‍ അഭിപ്രായപ്പെടുന്നത്. സ്ത്രീകള്‍ക്കെതിരെ ഇന്ത്യയില്‍ എന്തുകൊണ്ട് ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുന്നു, ഇത് ഇല്ലാതാക്കാന്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് ഡോക്യുമെന്ററി പകര്‍ന്നുതരുന്നത്. പ്രതിയെ ന്യായീകരിക്കുകയല്ല, അയാളെപ്പോലുള്ളവരുടെ സ്ത്രീവിരുദ്ധ മനസ്സിനെ തുറന്നു കാണിക്കുകയാണ് ഇതിലൂടെ താന്‍ ചെയ്യുന്നതെന്നാണ് അവര്‍ പറയുന്നത്.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ബലാത്സംഗ സംസ്‌കാരത്തെയും അതിന്റെ പിന്നിലെ രാഷ്ട്രീയത്തെയും കുറിച്ച് ആഗോള മീഡിയ തുടക്കം മുതലേ ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ചാനല്‍ ഫോര്‍ നടത്തിയ ചര്‍ച്ചക്കിടയില്‍ അരുന്ധതി റോയ് പറഞ്ഞത്, 'നമ്മുടെ വ്യവസ്ഥിതിയുടെ യഥാര്‍ഥ മുഖം അനാവരണം ചെയ്യാന്‍ മാത്രമല്ല, ഉപരി വര്‍ഗത്തിന്റെ കപട മുഖംമൂടി പിച്ചിച്ചീന്താനും ഡോക്യുമെന്ററി സഹായിച്ചു' എന്നാണ്. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്ത അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ 'ഇന്ത്യ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണം' എന്ന് തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത് ഇന്ത്യന്‍ സംസ്‌കാരം പുരുഷ മേധാവിത്വത്തിന്റേതാണെന്ന് അറിയാതെയോ ദല്‍ഹിയില്‍ നടക്കുന്ന പീഡന വാര്‍ത്തകള്‍ ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെയോ അല്ലല്ലോ.
ഇന്ത്യയില്‍ നടക്കുന്ന സ്ത്രീവേട്ടയുടെ കണക്കുകള്‍ സ്ത്രീകളോടുള്ള നമ്മുടെ സമീപനത്തിന്റെ സൂചകങ്ങളാണ്. തോംസണ്‍ റോയിറ്റേഴ്‌സിന്റെ (Thomson Reuters) ആഗോള സര്‍വേ പ്രകാരം സ്ത്രീകള്‍ക്ക് ഏറ്റവും അപകടകാരിയായ (Most dangerous) ലോകത്തിലെ തന്നെ നാലാമത്തെ രാജ്യമാണ് ഇന്ത്യ. ദല്‍ഹി നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനം മാത്രമല്ല, ഹിംസയുടെ ആസ്ഥാനം കൂടിയാണ്. പിടിച്ചുപറിയും കൊലയും മാനഭംഗവും ദല്‍ഹിക്കാര്‍ക്ക് പുതുമയുള്ള വാര്‍ത്തയേ അല്ല. 2012-ല്‍ ദല്‍ഹിയില്‍ 590 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2013-ല്‍ അത് 1013 ആയി ഉയര്‍ന്നു. ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് പ്രക്ഷോഭങ്ങളും പുതിയ നിയമങ്ങളും വന്നതിന് ശേഷമാണിതെന്ന് ഓര്‍ക്കണം. ദല്‍ഹിയിലെ 75 ശതമാനം സ്ത്രീകളും ഏതെങ്കിലുമൊരു തരത്തില്‍ പീഡനത്തിനു വിധേയരായിട്ടുണ്ട് എന്ന ഹിന്ദുസ്ഥാന്‍ ടൈംസ് സര്‍വേ ഞെട്ടലോടെയേ കേള്‍ക്കാനാവൂ. ഇതില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 700-ല്‍ താഴെ മാത്രം! അനധികൃതമായി സ്ത്രീകളെ കടത്തുന്നതിന്റെ പ്രധാന ആഗോള കേന്ദ്രമായി ഇന്ത്യ മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും കടത്തുന്നതിന്റെ പ്രധാന ഇടത്താവളമാണത്രേ ഇന്ത്യ. ലോകത്തെ ഏറ്റവും ആകര്‍ഷകമായ അനധികൃത വ്യാപാരങ്ങളില്‍ മൂന്നാം സ്ഥാനമാണ് 'സ്ത്രീ കടത്തി'നുള്ളത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം ആയുധക്കച്ചവടത്തിനും മയക്കുമരുന്ന് കടത്തിനുമാണ്.
2010-ല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ 7.1 ശതമാനം വര്‍ധിച്ചതായി ദേശീയ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരെ ഓരോ മൂന്ന് മിനിറ്റിലും കുറ്റകൃത്യം നടക്കുന്നു. ഓരോ ഇരുപത്തൊമ്പത് മിനിറ്റിലും ഇന്ത്യയില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്നു. 2011-ല്‍ 24,206 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2010-ലേക്കാള്‍ 9 ശതമാനം കൂടുതലാണിത്. ഇരകളില്‍ പകുതിയിലധികം പേരും 18-നും 30-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. ബലാത്സംഗം ചെയ്യപ്പട്ട 10.6 ശതമാനം ഇരകള്‍ പതിനാലു വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളാണ്. 19 ശതമാനം ഇരകള്‍ 14-നും 18-നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരികള്‍. കുറ്റം ചെയ്തവരില്‍ 94.2 ശതമാനവും ഇരയുടെ കുടുംബമോ ബന്ധുക്കളോ അയല്‍വാസികളോ ആയിരുന്നു. ഇന്ത്യയിലെ 70 ശതമാനം സ്ത്രീകളും ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാവുന്നുണ്ടെന്ന് രേണുക ചൗധരി (Former Union Minister for Women and Child Development) പറയുന്നു. രാജ്യത്തെ കുഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. നഗരങ്ങളില്‍ തന്നെ പൊതുനിരത്തുകളിലും ബസ്സുകളിലും സിനിമാ തിയറ്ററുകളിലും സ്ത്രീകളെ ഉപദ്രവിക്കുന്നതും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെ പോകുന്നു. കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന് കരുതി മിക്ക കേസുകളും പിന്‍വലിക്കപ്പെടുന്നു. പരാതിയുമായി വരുന്നവരെ പോലീസ് നിരുത്സാഹപ്പെടുത്തുകയും പരാതി അവഗണിക്കുകയും ചെയ്യുന്നു. ദല്‍ഹി കൂട്ടബലാത്സംഗത്തിനു ശേഷം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനാവാതെ പുറത്തു വന്നുകൊണ്ടിരിക്കുന്നു എന്നത് ശുഭസൂചനയാണ്.
ഇന്ത്യയിലെ സ്ത്രീ പീഡനങ്ങള്‍ പലപ്പോഴും വെറും പീഡനമല്ല, പൈശാചികതയാണ്. കാമമടക്കിയ ശേഷം പെണ്‍കുട്ടിയുടെ വേദനയും കണ്ണീരും നിറഞ്ഞ നിലവിളികള്‍ക്ക് ചെവി കൊടുക്കാതെ കൈയില്‍ കിട്ടിയ ഇരുമ്പ് വടി അവളുടെ ഉള്ളിലേക്ക് കുത്തിക്കയറ്റി വന്‍കുടല്‍ വരെ പുറത്തെടുത്ത് റോഡില്‍ വലിച്ചെറിഞ്ഞ ദല്‍ഹി സംഭവം ഉദാഹരണം. ഗര്‍ഭിണിയുടെ വയര്‍ വെട്ടിക്കീറി എട്ടുമാസം പ്രായമായ കുഞ്ഞിനെ ത്രിശൂലത്തില്‍ കുത്തി ചുട്ടുകൊന്നതും ഇതേ ഇന്ത്യയില്‍. സോണി സോറി എന്ന ആദിവാസി സ്ത്രീയുടെ ഗുഹ്യ ഭാഗങ്ങളില്‍ വലിപ്പമുള്ള കല്ലുകള്‍ ഇടിച്ചു കയറ്റിയതും ഇവിടെത്തന്നെ. ഇന്ത്യയില്‍ തന്നെ ആദിവാസികളും ദലിതരുമായ സ്ത്രീകളും പെണ്‍കുട്ടികളും നിത്യേന അതിക്രൂരമായ പീഡനങ്ങള്‍ക്കാണ് വിധേയനാകുന്നത്. ദല്‍ഹി പെണ്‍കുട്ടിയുടെ വിഷയത്തില്‍ പ്രതികള്‍ ദല്‍ഹിയിലെ ചേരികളിലെ അന്തേവാസികളാണെങ്കില്‍ മണിപ്പൂര്‍, കശ്മീര്‍ തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ സൈനികര്‍ നടത്തുന്ന ആക്രമണങ്ങള്‍ സ്ത്രീപീഡന പട്ടികയില്‍ കണക്ക് വെക്കപ്പെടുന്നില്ല, അത് ഭരണകൂടത്തിന്റെ നിയമ നടത്തിപ്പിനുള്ള 'ആയുധങ്ങളാണല്ലോ!' മണിപ്പൂരില്‍ സൈന്യം ഗ്രാമത്തിലെ സ്ത്രീകളെ പിച്ചിച്ചീന്തിയപ്പോള്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ പ്രതിഷേധം ലോകത്തെ അറിയിക്കാന്‍ വിവസ്ത്രരായി തെരുവിലിറങ്ങേണ്ടി വന്നു. ബലാത്സംഗം ഭരണകൂട ഭീകരതയുടെ ആയുധമാവുകയും അതിന്റെ പരിരക്ഷക്ക് നിയമങ്ങള്‍ തട്ടിക്കൂട്ടുകയും ചെയ്തതിനെതിരെ മണിപ്പൂരിലെ ഇറോം ഷര്‍മിള 14 വര്‍ഷത്തിനു ശേഷവും നിഷ്ഫലമായി നിരാഹാരം തുടരുകയാണ്. ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ പോലീസും വര്‍ഗീയവാദികളും ചേര്‍ന്ന് എത്രയെത്ര കൗസര്‍ ബാനുമാരെയാണ് ബലാത്സംഗം ചെയ്ത് കൊല്ലുകയോ ചവച്ചു തുപ്പുകയോ ചെയ്തത്! 1973-ല്‍ മുംബൈ കിംഗ് എഡ്വാര്‍ട് ഹോസ്പിറ്റലില്‍ ജൂനിയര്‍ നഴ്‌സായിരിക്കെ തൂപ്പുകാരന്റെ കാമവെറിക്കിരയായ അരുണ ശാന്‍ബാഗ് എന്ന കര്‍ണാടകക്കാരി മൂന്നു പതിറ്റാണ്ടായി ദുരിതക്കിടക്കയില്‍ ചലനമറ്റ് കിടക്കുകയാണ്. സുഹൃത്തും മാധ്യമ പ്രവര്‍ത്തകയും കൂടിയായ പിങ്കി വിറാനി അരുണയുടെ ദയാവധത്തിനായി കോടതിയെ സമീപിക്കുകയുണ്ടായി. ജീവിതക്കിടക്കയില്‍ മരണം കൊതിച്ച് പതിറ്റാണ്ടുകളായി ജീവഛവമായിക്കിടക്കുന്ന അവര്‍ സ്ത്രീകളോടുള്ള ഇന്ത്യന്‍ നിലപാടിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. ഇതൊക്കെയാണ് ജനാധിപത്യ ഇന്ത്യയിലെ പെണ്ണനുഭവങ്ങള്‍.
ഇന്ത്യന്‍ സാമൂഹിക പശ്ചാത്തലത്തില്‍ ബലാത്സംഗത്തിനും ഒരു രാഷ്ട്രീയമുണ്ട്. സൈന്യത്തിന്റെയും പോലീസിന്റെയും കാര്‍മികത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എണ്ണമറ്റ സ്ത്രീകള്‍ നിത്യേനയെന്നോണം ബലാത്സംഗം ചെയ്യപ്പെടുന്നത് അതുകൊണ്ടാണ്. 2002 ഗുജറാത്തില്‍ 300 സ്ത്രീകളുടെ ബലാത്സംഗത്തിനു അവസരമൊരുക്കിക്കൊടുത്ത മുഖ്യനെ തന്നെ ജനാധിപത്യ ഇന്ത്യ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതും അതേ രാഷ്ട്രീയം തന്നെ.
ആത്മീയ വ്യാപാരത്തിന്റെ ഏറ്റവും വലിയ ചന്തയാണ് ഇന്ത്യ. ഈ ചന്തയിലും ഏറ്റവും പീഡനമനുഭവിക്കുന്നത് സ്ത്രീകള്‍ തന്നെ. ആള്‍ ദൈവത്തിന്റെ ശിങ്കിടികള്‍ ആള്‍ ദൈവത്തിന്റെ കണ്‍മുന്നില്‍ വെച്ച്, തന്നെ പല തവണ ക്രൂരമായി ബലാത്സംഗം ചെയ്തു എന്ന് ഗെയില്‍ ട്രേഡ് വെല്‍ (Gail Treadwell) ഹോളി ഹെല്‍ എന്ന തന്റെ പുസ്തകത്തിലൂടെ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി. എഴുപത്തിമൂന്നുകാരനായ ആള്‍ദൈവം ആശാറാം ബാപ്പു പിടിയിലായത് ആശ്രമ അന്തേവാസിയുടെ പതിനാറുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരിലാണ്. ആള്‍ദൈവാശ്രമങ്ങളിലെ പിന്നാമ്പുറങ്ങളില്‍ നിന്ന് ദിനേന കേട്ട് വരുന്നത് സ്ത്രീ പീഡനങ്ങളുടെ കഥകളാണ്. ആത്മീയതയുടെ മറവിലുള്ള അധോലോകങ്ങളെ പോറ്റിവളര്‍ത്തുന്നത് അധികാര കേന്ദ്രങ്ങളാവുമ്പോള്‍ എന്തു മാറ്റമാണ് ഇന്ത്യയില്‍ സംഭവിക്കുക!
ഇതങ്ങ് ദല്‍ഹിയിലും മധ്യപ്രദേശിലും മാത്രമല്ല, ഇന്ത്യയിലെ ഒട്ടൊക്കെ സംസ്ഥാനങ്ങളുടെ കഥ ഇതു തന്നെയാണ്. കേരളത്തില്‍ തെളിഞ്ഞിട്ടും തെളിയിക്കപ്പെട്ടിട്ടില്ലാത്ത എത്രയെത്ര പീഡന പരമ്പരകള്‍! സൂര്യനെല്ലിയും കവിയൂരും കിളിരൂരും വിതുരയും കൊട്ടിയവും എണ്ണം കൂടുന്നതല്ലതെ കുറയുന്നേയില്ല. തന്റെ മകള്‍ക്കു നീതി ലഭിക്കുന്നതു വരെ താന്‍ താടി വടിക്കില്ല എന്നു ശപഥം ചെയ്തു സമരം ചെയ്യുന്ന, ശാരിയുടെ അഛനെപ്പോലെ എത്രയെത്ര അഛനമ്മമാരുണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടില്‍! കേരളത്തിലെ പെണ്‍കുട്ടികള്‍ നേരിടുന്ന അരക്ഷിതാവസ്ഥയുടെ ഏറ്റവും തീക്ഷ്ണമായ ഉദാഹരണമായിരുന്നു സൗമ്യ വധം. നമ്മുടെ സംസ്ഥാനം സ്ത്രീ സുരക്ഷയില്‍ ഇന്ത്യയില്‍ മൂന്നാമത് എന്ന് പറയുമ്പോള്‍ ബാക്കി സംസ്ഥാനങ്ങളുടെ സ്ഥിതി എന്തായിരിക്കും?
പ്രശ്‌നം നമ്മുടെ രാഷ്ട്രീയവും സാമൂഹികവുമായ നിലപാടുകളും അതിന്റെ അടിസ്ഥാനത്തില്‍ കെട്ടിയുയര്‍ത്തിയ വ്യവസ്ഥയും തന്നെ. 'ഇന്ത്യയുടെ മകള്‍' ഈ വ്യവസ്ഥക്ക് നേരെ തിരിച്ചു പിടിച്ച കണ്ണാടിയാണ്.
ബലാത്സംഗത്തില്‍ കുറ്റക്കാരി പെണ്‍കുട്ടി തന്നെയാണെന്നും ഒരു കൈ മാത്രം ഉപയോഗിച്ചു മുട്ടിയാല്‍ ഒച്ചയുണ്ടാവില്ലെന്നും എല്ലാ പീഡനങ്ങള്‍ക്കും കാരണം സ്ത്രീകള്‍ രാത്രി പുറത്തു പോകുന്നതും അവരുടെ വസ്ത്രധാരണ രീതിയുമാണെന്നും കേസിലെ പ്രതിയുടെ സദാചാര പ്രസംഗം! കുറ്റക്കാരി ഇരതന്നെ! പ്രതിയെയും ഇരയെയും സൃഷ്ടിക്കുന്ന സാമൂഹിക വ്യവസ്ഥയല്ല! പണമുള്ളവര്‍ അവരുടെ പണം ഉപയോഗിച്ച് ചെയ്യുന്നത് ഞങ്ങള്‍ ഞങ്ങളുടെ ധൈര്യം ഉപയോഗിച്ച് ചെയ്യുന്നു”എന്നാണ് പ്രതികളുടെ മനോഭാവം. ഇത്തരം കാട്ടാളന്മാര്‍ക്ക് വേണ്ടി പണം പറ്റി കോടതിയില്‍ വാദിക്കുന്നു എന്നതിനപ്പുറം, അതിനെ താത്ത്വികമായി ന്യായീകരിക്കുന്ന വക്കീലന്മാരും നമ്മുടെ സാമൂഹിക സാഹചര്യങ്ങളുടെ സൃഷ്ടികള്‍ തന്നെ. 'ഇന്ത്യക്ക് മഹത്തായ ഒരു സംസ്‌കാരവും പാരമ്പര്യവുമുണ്ട്. അതില്‍ സ്ത്രീകള്‍ക്ക് ഒരു വിലയുമില്ല' എന്ന പ്രതിഭാഗം വക്കീല്‍ എം.എല്‍ ശര്‍മയുടെ വാക്കുകള്‍ ഏതു സംസ്‌കാരത്തെയാണാവോ പ്രതിനിധീകരിക്കുന്നത്! കിരണ്‍ ബേദി പറഞ്ഞതു പോലെ, പൊതു ഇടം സ്ത്രീകള്‍ക്കുള്ളതല്ല, അവള്‍ നിരുപദ്രവകാരിയായ വളര്‍ത്തു മൃഗമാണ് (Women is a harmless domestic animal) എന്നാണ് ഇന്ത്യന്‍ സമൂഹം മനസ്സിലാക്കുന്നത്. 'അവളൊരു പെണ്‍കുട്ടിയല്ലേ, എന്തിനാണ് അവളെ പഠിപ്പിക്കാന്‍ സ്വത്ത് വില്‍ക്കുന്നത്' എന്ന താന്‍ അഭിമുഖീകരിച്ച ചോദ്യം ജ്യോതിയുടെ അഛന്‍ തുറന്ന് പറയുന്നുണ്ട്. ആണ്‍കുട്ടിക്ക് ഒരു മുഴു ഗ്ലാസ് പാല് കൊടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ അര്‍ഹിക്കുന്നത് അതിന്റെ പാതി മാത്രം; ആണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ മാത്രം മധുരം വിതരണം ചെയ്യും, പെണ്‍കുട്ടികളാണെങ്കില്‍ മ്ലാനമായ മുഖത്തോടെ അതിനെ അഭിമുഖീകരിക്കും-”ഇന്ത്യന്‍ നിലപാടുകളെ ലെസ്‌ലി ഉദ്‌വിന്‍ ചൂണ്ടിക്കാണിക്കുന്നു.
മധ്യപ്രദേശിലെ വിദൂരമായ മഹാന്‍ എന്ന വനപ്രദേശത്ത് ആദിവാസികളുടെ സമരഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി പരിസ്ഥിതി പ്രവര്‍ത്തക പ്രിയാപിള്ള തന്റെ സ്ത്രീ ശാക്തീകരണ പ്രോജക്ടുകളിലെ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. ''ഒരു കുടുംബത്തില്‍ പെണ്‍കുട്ടിയായി ജനിക്കുന്നവരെയെല്ലാം ലൈംഗിക തൊഴിലിന് വിടുന്ന ജാതി വിഭാഗങ്ങളുണ്ട്. അച്ഛനും സഹോദരന്മാരുമാണ് ഇവിടെ കൂട്ടിക്കൊടുപ്പുകാര്‍. ഈ വ്യവസ്ഥിതിയെ മറികടക്കാന്‍ അവിടത്തെ ജാതി വ്യവസ്ഥ ഒരിക്കലും സമ്മതിക്കില്ല.''’
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ പീഡനങ്ങള്‍ നടക്കുന്ന സംസ്ഥാനം മധ്യപ്രദേശാണ്. ഇവിടത്തെ പല ജില്ലകളിലെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരില്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നത് സ്ത്രീകളാണ്. കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ഗുജറാത്ത് വംശഹത്യയുടെ ഇരകളുടെ അവകാശത്തിനായി പൊരുതുന്ന ടീസ്റ്റ സെറ്റില്‍വാദിനെ ഭരണകൂടം കള്ളക്കേസില്‍ കുടുക്കി, ഉടന്‍ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു. രാജ്യത്തിന്റെ അധികാര വര്‍ഗത്തെയും ദുഷിച്ച വ്യവസ്ഥകളെയും ചോദ്യം ചെയ്താല്‍ എന്തു സംഭവിക്കും എന്നതിന്റെ ഉദാഹരണമാണ് പ്രിയയും ടീസ്റ്റയും.
സ്വാതന്ത്ര്യം നേടി ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്ത്യയിലെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വ്യവസ്ഥയിലെ അരക്ഷിതാവസ്ഥകളെ വരച്ചു കാണിക്കുന്നുണ്ട് ഡോക്യുമെന്ററി. പുഴുക്കളെപ്പോലെ തെരുവുകളിലും ചേരികളിലും ജീവിക്കുന്ന മനുഷ്യക്കോലങ്ങള്‍. ആഭ്യന്തര ഉല്‍പാദന വളര്‍ച്ച(ജി.ഡി.പി)യുടെ അടിസ്ഥാനത്തിലുള്ള ആളോഹരി വരുമാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ഏതാണ്ട് അഞ്ച് മടങ്ങ് വര്‍ധിച്ചെന്ന് കണക്കുകള്‍ പറയുമ്പോഴും, ഇന്നും ഇന്ത്യയിലെ ഭൂരിഭാഗവും ജീവിക്കുന്നത് ദാരിദ്ര്യത്തിന്റെ ചേരികളിലും തെരുവുകളിലുമാണ്. അത്യധികം ദയനീയമായ സ്ഥിതിയില്‍ ചേരികളില്‍ താമസിക്കുന്ന, ദിനേന ചുവന്ന തെരുവുകള്‍ കണ്ട് വളര്‍ന്ന് വന്ന പ്രതികളുടെ ചുറ്റുപാടുകളെ ഡോക്യുമെന്ററി ചിത്രീകരിക്കുന്നുണ്ട്. കണക്കുകളുടെ വിക്രിയകളില്‍ 'തിളങ്ങുന്ന ഇന്ത്യ'യുടെ ദാരിദ്ര്യത്തിന്റെ ഭീകര മുഖം പുറം ലോകമറിയാന്‍ ഇന്ത്യയെ ഈ പരുവത്തിലാക്കിയ ഭരണ കൂടം സമ്മതിക്കാത്തതില്‍ അത്ഭുതമൊട്ടുമില്ലതന്നെ.
സീരിയലുകള്‍ക്കും സിനിമകള്‍ക്കും നമ്മുടെ സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതിലുള്ള പങ്ക് നിസ്സാരമല്ല. ടിവി സ്‌ക്രീനിലും, ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും സ്‌ക്രീനുകളിലും തെളിയുന്ന ദൃശ്യങ്ങള്‍ പുറത്തൊന്നു പരീക്ഷിക്കാന്‍ ആറാം ക്ലാസ്സുകാരനും അറുപതുകാരനും ശ്രമിക്കുന്നതില്‍ എന്താണത്ഭുതം? പരസ്യ കലയിലും ഏറ്റവും അപമാനിക്കപ്പെടുന്നത് സ്ത്രീ തന്നെ. ജ്യോതി വധത്തെ തുടര്‍ന്ന് പ്രതിഷേധ രംഗത്തിറങ്ങിയ ബോളിവുഡ് താരങ്ങളോടും സംവിധായകരോടും ഉമ്ര ഖുറൈഷി ഉന്നയിച്ച ചോദ്യം ശ്രദ്ധേയമാണ്: വെള്ളിത്തിരയില്‍ നടന്‍ നായികയുടെ ഉടുതുണി ഉരിയുന്നതും ബലാത്സംഗം ചെയ്യുന്നതും നിര്‍ലജ്ജം സംവിധാനിക്കുന്നവര്‍ക്ക് സ്ത്രീയെ അവഹേളിക്കുന്നതിനെക്കുറിച്ച് വിലപിക്കാന്‍ ധാര്‍മികമായ യാതൊരു അവകാശവുമില്ല. സ്ത്രീത്വത്തെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതില്‍ തങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഒരാത്മ പരിശോധനക്ക് അവര്‍ തയാറാകണം.”
ഈ നിലപാടിലൂടെ മുന്നോട്ട് പോവുകയാണെങ്കില്‍ ഇന്ത്യയുടെ പെണ്‍ജീവിതങ്ങള്‍ക്ക് വലിയ പ്രതീക്ഷകളില്ല എന്ന് വര്‍ത്തമാന ഇന്ത്യ പറഞ്ഞുതരുന്നു; ഭരണവര്‍ഗം വേട്ടക്കാരോ അവരുടെ കൂട്ടാളികളോ ആവുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
സ്ത്രീകളെ ബഹുമാനിക്കാനും സംരക്ഷിക്കാനും അവര്‍ക്ക് സുരക്ഷിതത്വം നല്‍കാനും സാധിക്കാത്ത ഒരു സമൂഹത്തിന് അതിന്റെ ധാര്‍മിക അടിത്തറയും മുന്നോട്ടുള്ള പ്രയാണത്തിനുള്ള ശക്തിയും നഷ്ടപ്പെടും. ദാരിദ്യ നിര്‍മാര്‍ജനത്തിലൂടെയും മൂല്യത്തിന്റെ അടിത്തറകളിലുള്ള വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെയും മാത്രമേ ഇന്ത്യയിലെ ഈ മാനസികാവസ്ഥക്ക് മാറ്റം വരുത്താന്‍ സാധിക്കൂ. നമ്മുടെ നിലപാടുകളും മനോഭാവവുമാണ് മാറേണ്ടത്. സാമൂഹിക ക്രമത്തില്‍ പുരുഷനും സ്ത്രീക്കുമുള്ള സ്ഥാനത്തെയും പ്രാധാന്യത്തെയും കുറിച്ച് ശരിയായ വിദ്യാഭ്യാസം നല്‍കണം. രാജ്യത്താകമാനം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. വീടകങ്ങളില്‍ തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ പരിഗണന നല്‍കണം. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇവിടെ പലതും ചെയ്യാന്‍ കഴിയും. അതിന് പ്രാപ്തരായ അധ്യാപകരെയും വളര്‍ത്തിയെടുക്കണം. പുതിയ കാലത്തെയും ലോകത്തെയും ഔചിത്യപൂര്‍വം അഭിമുഖീകരിക്കാനും, സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ നിശ്ചയദാര്‍ഢ്യത്തോടെ അതൊക്കെ നേരിടാനുമുള്ള കരുത്ത് പുതിയ തലമുറക്ക് പകര്‍ന്നു കൊടുത്തില്ലെങ്കില്‍ ഇന്ത്യയുടെ പുത്രിമാരില്‍ ഇനിയും ഒരുപാട് ജ്യോതിമാര്‍ ആവര്‍ത്തിക്കപ്പെടും.
Comments