മുതലാളിത്ത ലോകത്ത് മൂല്യങ്ങളുടെ കാവലാളാവുക
പരിസ്ഥിതി സംരക്ഷണം, മദ്യനിരോധനം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളില്‍ സജീവയായ സാമൂഹിക പ്രവര്‍ത്തകയാണ് ഖദീജ നര്‍ഗീസ്. മലപ്പുറം ജില്ലയിലെ രണ്ടത്താണിക്കടുത്ത് തോഴന്നൂര്‍ ഈസ്റ്റ് എല്‍.പി സ്‌കൂള്‍ അധ്യാപികയും ഹെഡ്മിസ്ട്രസും(1980-2009), കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും (1996-1999) ആയി അവര്‍ സേവനമനുഷ്ഠിച്ചു. പരിസ്ഥിതി സംഘടനയായ 'വണ്‍ എര്‍ത്ത് വണ്‍ ലൈഫി'ന്റെ സംസ്ഥാന സമിതിയംഗമായിരുന്നു. മദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, ഒരേ ഭൂമി ഒരേ ജീവികള്‍ മാസികയുടെ മാനേജിംഗ് എഡിറ്റര്‍, ജൈവ കര്‍ഷക സമിതി സംസ്ഥാന പ്രസിഡന്റ്, പരിസ്ഥിതി കൂട്ടായ്മയായ പച്ചിലത്തണല്‍ മലപ്പുറം ജില്ലാ പ്രസിഡന്റ്, ഡി.സി.സി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഖദീജ നര്‍ഗീസ് അറിയപ്പെടുന്ന പ്രഭാഷകയാണ്.
മുജാഹിദ് വനിതാ വിഭാഗമായ എം.ജി.എമ്മിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും നേതൃപരമായ പങ്കുവഹിച്ചു. ഐ.എസ്.എം വനിതാ വിംഗിലൂടെ സംഘടനാ രംഗത്തെത്തിയ അവര്‍, എം.ജി.എം ഓര്‍ഗനൈസിംഗ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു. നിലവില്‍ എം.ജി.എം സംസ്ഥാന പ്രസിഡന്റാണ്. ഭര്‍ത്താവ് ബീരാന്‍ നെടുവാഞ്ചേരി. മക്കള്‍: റിയാസ്, ഫയാസ്. മരുമക്കള്‍: തന്‍സീം, റുബാ ഹന്ന. കോട്ടക്കലിനടുത്ത രണ്ടത്താണിയില്‍ താമസിക്കുന്നു.
ടീച്ചറെക്കുറിച്ച് പറഞ്ഞുകൊണ്ട് ഈ സംസാരം തുടങ്ങാമെന്ന് തോന്നുന്നു?
പാലക്കാട് ജില്ലയിലെ കുമ്പിടി ഹിന്ദു-മുസ്‌ലിം സഹോദരങ്ങള്‍ സ്‌നേഹത്തിലും സൗഹൃദത്തിലും കഴിയുന്ന നാടാണ്. വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നാക്കാവസ്ഥ കുമ്പിടിയുടെയും പ്രത്യേകതയായിരുന്നു. മുസ്‌ലിം സമൂഹത്തിലാകട്ടെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഏറെ കൂടുതലായിരുന്നു. ഖുര്‍ആനെക്കാള്‍ മൗലിദ് പാരായണവും റാത്തീബും മറ്റുമായിരുന്നു പ്രധാനം. മൊല്ലാക്ക വീട്ടില്‍ വന്ന് നടത്തുന്ന 'കുടിയോത്തി'ല്‍ പരിമിതമായിരുന്നു ഖുര്‍ആനുമായുള്ള ബന്ധം. മാസത്തിലൊരിക്കല്‍ മൗലിദും ഖുത്ബിയത്തും നടക്കും. നേര്‍ച്ചകളിലും വേലകളിലും മത സമുദായങ്ങള്‍ പരസ്പരം പങ്കാളികളാകുമായിരുന്നു. ഇത്തരമൊരു അന്തരീക്ഷത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്.
'ബാവുജി' എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന എന്റെ ഉപ്പ ആര്‍മിയില്‍ ഹവില്‍ദാറായിരുന്നു. വിഭജനത്തെത്തുടര്‍ന്ന് പാകിസ്താനിലേക്ക് പോയ അദ്ദേഹം തിരിച്ചുവന്ന് എന്റെ ഉമ്മയെ അങ്ങോട്ടു കൊണ്ടുപോകാന്‍ നോക്കി. ഉമ്മ വിസമ്മതിച്ചപ്പോള്‍ ബാവുജി പാകിസ്താന്‍ യാത്ര നിര്‍ത്തിവെച്ചു. പിന്നെ ഞാന്‍ ജനിച്ചതോടെ പാകിസ്താന്‍ പോക്ക് തീര്‍ത്തും ഉപേക്ഷിച്ചു. ഞങ്ങള്‍ ഏഴു മക്കളാണ്.
പെണ്‍കുട്ടികളെ അടിച്ചമര്‍ത്തി വളര്‍ത്തുന്ന കാലമായിരുന്നു അത്. പക്ഷേ, ബാവുജി അതിനെതിരായിരുന്നു. ആവശ്യത്തിന് സ്വാതന്ത്ര്യവും വിദ്യാഭ്യാസവും തന്നാണ് ഞങ്ങളെ വളര്‍ത്തിയത്. ഉമ്മയും അഞ്ചാം ക്ലാസ് വരെ പഠിച്ചിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ നിന്നു മാത്രമേ പെണ്‍കുട്ടികള്‍ പഠിക്കാന്‍ പോയിരുന്നുള്ളൂ. ഞങ്ങള്‍ പഠനം തുടര്‍ന്നപ്പോള്‍ നാട്ടില്‍ മുറുമുറുപ്പ് ഉയര്‍ന്നു. പെണ്‍കുട്ടികളെ പഠിക്കാന്‍ അയക്കുന്നതിലായിരുന്നു പലരുടെയും അതൃപ്തി. ഞാന്‍ അഞ്ചാം ക്ലാസ്സില്‍ എത്തിയപ്പോഴേ എന്നെ കല്യാണം കഴിപ്പിച്ചയക്കാന്‍ പള്ളിയിലെ മുസ്‌ലിയാര്‍ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ബാവുജി വഴങ്ങിയില്ല. 10-12 വയസ്സില്‍ പെണ്‍കുട്ടികളെ കല്യാണം കഴിച്ചയക്കുന്ന അന്നത്തെ പതിവിന് വിപരീതമായി 21-ാം വയസ്സിലാണ് എന്റെ വിവാഹം കഴിഞ്ഞത്.
നവോത്ഥാനരംഗത്ത് പ്രവര്‍ത്തിക്കാവുന്ന വ്യക്തിത്വവും വൈജ്ഞാനികാടിത്തറയും രൂപപ്പെട്ടത് വിവാഹാനന്തരമാണോ?
പ്രീഡിഗ്രി കഴിഞ്ഞ് ഒന്നര വര്‍ഷത്തോളം പള്ളിപ്പുറത്ത് എളാപ്പ ഒ. മുഹമ്മദിന്റെ വീട്ടില്‍ താമസിച്ചിരുന്നു. കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കലും മറ്റുമായിരുന്നു ഉദ്ദേശ്യം. എളാപ്പ പഞ്ചായത്ത് ഇന്‍സ്‌പെക്ടറായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യാ വീട്ടുകാര്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരായിരുന്നു. എളാപ്പയുടെ വീട്ടിലെ ജീവിതമാണ് ഇസ്‌ലാമിക വിഷയങ്ങളെ സംബന്ധിച്ച വായനക്കും പഠനത്തിനും എനിക്ക് ആദ്യമായി അവസരമൊരുക്കിത്തന്നത്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനും പ്രബോധനം വാരികയും ജമാഅത്തിന്റെ മിക്ക പുസ്തകങ്ങളും അവിടെ വെച്ച് ഞാന്‍ വായിച്ചു. എന്റെ ജീവിതത്തിലെ മാറ്റത്തിന്റെ തുടക്കമായിരുന്നു അത്. ഇസ്‌ലാമിനെ സംബന്ധിച്ച് പുതിയ അറിവുകള്‍ ലഭിച്ചു. ശബാബ് വാരികയും വായിക്കുമായിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ടത്താണിയിലെത്തിയതോടെ തുടര്‍ പഠനത്തിനും ഇസ്‌ലാമിക പ്രവര്‍ത്തനത്തിനും മറ്റും അവസരങ്ങള്‍ തുറന്നുകിട്ടി. നെടുവഞ്ചേരി തറവാട്ടിലെ ഭര്‍ത്താവിന്റെ വാപ്പ മൊയ്തീന്‍ ഹാജിയും കുടുംബവും മുജാഹിദ് ആഭിമുഖ്യമുള്ളവരായിരുന്നു. അത് മുജാഹിദ് പ്രവര്‍ത്തന രംഗത്തേക്ക് വഴിതുറന്നു. വിദ്യാഭ്യാസത്തില്‍ തല്‍പരനായിരുന്ന മൊയ്തീന്‍ ഹാജി, എന്റെ പഠനം ഇടക്ക് മുടങ്ങിയതില്‍ പ്രയാസപ്പെട്ടു. എന്നെ ടി.ടി.സിക്ക് അയച്ചത് അദ്ദേഹം താല്‍പര്യമെടുത്താണ്. പിന്നീട്, സ്‌കൂളില്‍ ജോലി വാങ്ങിത്തന്നതും അദ്ദേഹം തന്നെ. സാമൂഹിക പ്രവര്‍ത്തനരംഗത്ത് ഇറങ്ങാനുള്ള ധൈര്യവും അദ്ദേഹം തന്നു.
മുജാഹിദ് വനിതാ വിഭാഗത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലക്ക് സംഘടനയുടെ ചരിത്രവും അനുഭവങ്ങളും?
നവോത്ഥാനം വലിയൊരു പോരാട്ടമായിരുന്നു കേരളത്തില്‍. ആദ്യകാല നവോത്ഥാന പ്രവര്‍ത്തകര്‍ ഒരുക്കിത്തന്ന മണ്ണിലാണ് ഞങ്ങളൊക്കെ പ്രവര്‍ത്തിച്ചത്. ഇന്ന് ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്തുള്ള പെണ്‍കുട്ടികള്‍, കഴിഞ്ഞ തലമുറ ഏറെ പ്രയാസപ്പെട്ട് ഉണ്ടാക്കിയെടുത്ത നേട്ടങ്ങള്‍ മറക്കാന്‍ പാടില്ല. 1984-'85 കാലത്തുതന്നെ ഐ.എസ്.എം ലേഡീസ് വിംഗ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 1987-ല്‍ എം.ജി.എം നിലവില്‍ വന്നു. സ്ത്രീ വിദ്യാഭ്യാസം, കുടുംബ സംസ്‌കരണം, സാമൂഹിക ജീവിതത്തിലെ സ്ത്രീ ഇടപെടല്‍ എന്നിവയിലായിരുന്നു എം.ജി.എമ്മിന്റെ ഊന്നല്‍. ഖുര്‍ആന്‍ ക്ലാസ്സുകള്‍, കുടുംബയോഗങ്ങള്‍ തുടങ്ങിയവ വ്യാപകമായി സംഘടിപ്പിച്ചു. വലിയ എതിര്‍പ്പുകള്‍ തന്നെയാണ് ആദ്യഘട്ടത്തില്‍ നേരിടേണ്ടിവന്നത്. സുഭദ്ര കുടുംബം ധാര്‍മിക കുടുംബം, സ്ത്രീധന വിരുദ്ധ ബോധവത്കരണങ്ങള്‍, അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രചാരണം, സ്ത്രീശാക്തീകരണം, സാമൂഹിക സുരക്ഷക്ക് സ്ത്രീശക്തി തുടങ്ങിയ കാമ്പയിനുകളും മറ്റും എം.ജി.എമ്മിന്റെ ശ്രദ്ധേയമായ പരിപാടികളായിരുന്നു. സാക്ഷരതാ പ്രവര്‍ത്തനങ്ങളിലും എം.ജി.എം കാര്യമായ പങ്കുവഹിച്ചു.
എടവണ്ണ എ. ജമീല ടീച്ചര്‍, പി.കെ സുബൈദ ടീച്ചര്‍, ആഇശ ടീച്ചര്‍ എടവണ്ണ, ആമിന അന്‍വാരിയ്യ, ആഇശ ടീച്ചര്‍ പാലക്കാട്, എന്‍.വി സുആദ ടീച്ചര്‍, മറിയക്കുട്ടി സുല്ലമിയ്യ കോഴിക്കോട്, ബുഷ്‌റ നജാത്തിയ്യ, നൂറുന്നീസ, സുഹ്‌റ നജാത്തിയ്യ, ഹബീബ ടീച്ചര്‍, സനിയ്യ ടീച്ചര്‍, സക്കീന നിലമ്പൂര്‍, ജുവൈരിയ ടീച്ചര്‍, സുബൈദ സുല്ലമിയ്യ, ശഹാദത്ത് ബീവി, ശംസാദ്, ശരീഫ ടീച്ചര്‍ ആലപ്പുഴ, കുഞ്ഞുബീവി ടീച്ചര്‍, സല്‍മ തൃശൂര്‍, മൈമൂന അരീക്കോട്, ഫസിയ പാലത്ത്, സഫിയ നല്ലളം, സല്‍മ മടവൂര്‍, മര്‍യം കണ്ണൂര്‍, നുസൈബ, ഖൈറുന്നീസ തുടങ്ങിയവരൊക്കെയാണ് എം.ജി.എമ്മിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ച ആദ്യകാല സംസ്ഥാന - ജില്ലാ നേതാക്കള്‍. വഖ്ഫ് ബോര്‍ഡ് മെമ്പര്‍ കൂടിയായ ശമീമ ഇസ്‌ലാഹിയ്യയാണ് ഇപ്പോള്‍ എം.ജി.എമ്മിന്റെ ജനറല്‍ സെക്രട്ടറി.
പ്രവര്‍ത്തന രംഗത്ത് എത്രത്തോളം സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. സ്ത്രീപുരുഷ സംഘര്‍ഷത്തിന്റെ സാഹചര്യമാണല്ലോ ഇന്നുള്ളത്?
എനിക്ക് പ്രവര്‍ത്തന രംഗത്ത് ഇസ്‌ലാമികമായ എല്ലാ സ്വാതന്ത്ര്യവും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും ലഭിക്കുന്നുണ്ട്. സ്ത്രീയും പുരുഷനും സംഘര്‍ഷപ്പെടുകയല്ല, സമന്വയിക്കുകയും സഹകരിക്കുകയുമാണ് വേണ്ടത്. സ്ത്രീ വിമോചനം എന്നാല്‍ പുരുഷ വിരോധമല്ല. 'സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും പരസ്പരം സംരക്ഷകരും സഹായികളുമാണ്' എന്നാണ് ഖുര്‍ആന്‍ പറയുന്നത്. സ്ത്രീ സ്വന്തമായും സ്വതന്ത്രമായും മുന്നേറുക എന്നല്ല, രണ്ടുപേരും ഒരുമിച്ച് സാമൂഹിക മുന്നേറ്റത്തിന് വേണ്ടി പരിശ്രമിക്കുകയാണ് വേണ്ടത്. സ്ത്രീ പുരുഷന്റെ അടിമയല്ല, പുരുഷന്‍ സ്ത്രീയുടെ ശത്രുവുമല്ല. സ്ത്രീയെ ജീവിതത്തിന്റെ വലിയൊരു ഭാഗത്തുനിന്ന് മാറ്റിനിര്‍ത്തുന്നത് ശരിയല്ല. ഖലീഫ ഉമറിനെപ്പോലൊരു ധീരനെ ചോദ്യം ചെയ്ത ഖൗലയുടെ ആര്‍ജവം സ്ത്രീകള്‍ക്കുണ്ടാകണം. എന്നുവെച്ച് എല്ലാ അതിരുകളും പരിധികളും ലംഘിച്ച് മുന്നോട്ടു പോകണമെന്ന ഫെമിനിസ്റ്റ് നിലപാടല്ല മുസ്‌ലിം സ്ത്രീകള്‍ക്ക് ഉണ്ടാകേണ്ടത്. എല്ലാ വിമോചന ചിന്തകളെയും വാദങ്ങളെയും ഇസ്‌ലാമിക അധ്യാപനങ്ങളോടു ചേര്‍ത്തുവെച്ചും പരിശോധിച്ചും മാത്രമേ നാം സ്വീകരിക്കാന്‍ പാടുള്ളൂ. സ്ത്രീ വിമോചനമെന്നാല്‍, സ്ത്രീ പുരുഷനെപ്പോലെ ആകലല്ല. സ്ത്രീ അവളുടെ വ്യക്തിത്വവും ധര്‍മവും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കലാണ്. സൈനബുല്‍ ഗസാലിയെയും തവക്കുല്‍ കര്‍മാനെയും നോക്കൂ. അവര്‍ യഥാര്‍ഥ ഇസ്‌ലാമിക സ്ത്രീ വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ടാണ് സാമൂഹിക പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്നത്. അവരൊന്നും ഫെമിനിസ്റ്റ് വിമോചന വഴിയല്ല സ്വീകരിച്ചത്. വിമോചനമെന്നാല്‍ വില്‍പ്പനച്ചരക്കാകലല്ല. സ്വന്തം അസ്തിത്വം സംരക്ഷിക്കുക. സ്ത്രീക്ക് തന്റെ പ്രകൃതത്തിലും അസ്തിത്വത്തിലും അപകര്‍ഷത തോന്നേണ്ടതില്ല. പുരുഷന്‍ തെങ്ങില്‍ കയറുന്നു, അതുകൊണ്ട് സ്ത്രീയും തെങ്ങില്‍ കയറണം, സ്ത്രീക്കെന്താ തെങ്ങില്‍ കയറിയാല്‍-ഈ സ്വഭാവത്തിലുള്ള വിമോചന ചിന്തകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. രാത്രി പന്ത്രണ്ടു മണിക്ക് പുരുഷന്‍ ഒറ്റക്ക് റോട്ടിലിറങ്ങി നടക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്നുണ്ടല്ലോ! അതുകൊണ്ട് തനിക്കും എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ എന്ന് ചില പെണ്‍കുട്ടികള്‍ ചോദിക്കുന്നു. സമൂഹത്തില്‍ എല്ലാവരും ഒരു പോലെയല്ല എന്നും, സാഹചര്യങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടെന്നും തിരിച്ചറിയേണ്ടതുണ്ട്. സമൂഹത്തിലുള്ള തിന്മകള്‍, ദുഷ്ടശക്തികള്‍ തന്നെ ബാധിക്കാതെ വ്യക്തിത്വം സംരക്ഷിക്കാന്‍ സ്ത്രീ ശ്രദ്ധിക്കണം. പണവും മറ്റും സൂക്ഷിക്കുന്ന അലമാരകളും വീടും നാമെന്തിനാണ് അടച്ചിടുന്നത്? എല്ലാം തുറന്നുവെച്ചുകൂടേ! അതിനുള്ള സ്വാതന്ത്ര്യമില്ലേ? സാമൂഹിക ദ്രോഹികളില്‍ നിന്ന് രക്ഷപ്പെടാനാണ് നാമത് ചെയ്യുന്നത്. അതുപോലെ സ്ത്രീകളും സംരക്ഷണത്തിന്റെ സംവിധാനങ്ങള്‍ സ്വീകരിക്കണം.
സാരിയാണല്ലോ ടീച്ചറുടെ വേഷം, എന്താണ് പര്‍ദ ധരിക്കാത്തത്?
വര്‍ഷങ്ങളായി സാരിയും ബ്ലൗസും മഫ്തയുമാണ് ഞാന്‍ ധരിക്കുന്നത്. ഇസ്‌ലാം പഠിപ്പിച്ച വസ്ത്ര സംസ്‌കാരം പൂര്‍ണമായും പാലിക്കാന്‍ ഈ വസ്ത്ര രൂപത്തില്‍ എനിക്ക് കഴിയുന്നുണ്ട്. ഇന്ന് നാം കാണുന്ന പര്‍ദ അറേബ്യന്‍ സ്ത്രീകളുടെ വസ്ത്രമാണ്. അതിന് ഇസ്‌ലാമുമായി പ്രത്യേകിച്ച് ആദര്‍ശ ബന്ധമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കറുപ്പ് നിറത്തിലുള്ളത് ധരിക്കണമെന്ന് ഖുര്‍ആനോ, നബിചര്യയെ പഠിപ്പിച്ചിട്ടില്ല. ഗള്‍ഫ് പ്രവാസവും മറ്റുമാണ് ഇത്തരം വസ്ത്ര രൂപങ്ങള്‍ ഇവിടെ വ്യാപകമാക്കിയത്, പിന്നെ കച്ചവടക്കമ്പനികളും. പര്‍ദ ധരിക്കുന്നതില്‍ എളുപ്പവും സൗകര്യവുമുണ്ടെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഈ കറുത്ത പര്‍ദ മറ്റുള്ളവരില്‍നിന്ന് നമ്മെ അകറ്റുന്നുണ്ടോ എന്ന് നാം ആലോചിക്കണം. വിഭാഗീയതയും വേര്‍തിരിവും സംഭവിച്ചുപോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. ഇസ്‌ലാം നിര്‍ബന്ധിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്യാത്ത 'പര്‍ദ' എന്ന പ്രത്യേക വസ്ത്രം തന്നെ അണിയണം എന്ന് ചിലര്‍ വാശിപിടിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇസ്‌ലാം പഠിപ്പിച്ച പ്രകാരം മറയ്‌ക്കേണ്ട ശരീര ഭാഗങ്ങള്‍ മറയ്ക്കുന്ന ഏതു വസ്ത്രവും ധരിക്കാം. അതില്‍ പ്രാദേശിക വ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ഇവിടെ മുമ്പുമുതലേ സാരിയും ബ്ലൗസുമാണ് ധാരാളം സ്ത്രീകള്‍ ധരിച്ചുവരുന്നത്. ബ്ലൗസിന്റെ ഇറക്കവും, കൈയിന്റെ നീളവും കൂട്ടിയും സാരി തുമ്പ് ഊര്‍ന്ന് വീഴുവിധം തലയിലിടുന്നതിന് പകരം മഫ്ത ധരിച്ചും ചുമലിലൂടെ സാരി തുമ്പ് കൊണ്ട് പുതച്ചുമൊക്കെ അതിനെ ഇസ്‌ലാമികമാക്കി മാറ്റുകയാണ് ഞങ്ങള്‍ ചെയ്തത്.
പരിസ്ഥിതി പ്രവര്‍ത്തന രംഗത്ത് സജീവമാണല്ലോ ടീച്ചര്‍, എന്താണതിന്റെ പ്രചോദനം, എന്തൊക്കെയാണ് അനുഭവങ്ങള്‍?
പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് പ്രചോദനം നല്‍കുന്നത് വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. എന്തുമാത്രം പരിസ്ഥിതി പാഠങ്ങളാണ് ഖുര്‍ആനിലുള്ളത്! വിശ്വാസപരവും ആരാധനാപരവുമായ അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതുപോലെ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഖുര്‍ആനിക നിര്‍ദേശങ്ങളും നാം നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. പര്‍വതങ്ങളെ ആണികളായാണ് സൃഷ്ടിച്ചതെന്ന് ഖുര്‍ആന്‍ പറയുന്നു. അത് വായിച്ച ശേഷം കുന്നും മലകളും ഇടിച്ചുനിരത്തുന്നത് കാണുമ്പോള്‍ മനസ്സില്‍ ഒരുതരം ആധിയാണ്. മലയും മരങ്ങളും പുല്ലും കാടും സമുദ്രവുമൊക്കെ നിലനില്‍ക്കേണ്ടത് മനുഷ്യജീവിതം ആരോഗ്യകരമായി മുന്നോട്ടുപോകാന്‍ അനിവാര്യമാണ്. അതെല്ലാം സംരക്ഷിക്കാന്‍ അല്ലാഹുവിന്റെ ആജ്ഞാ നിര്‍ദേശങ്ങളുണ്ടല്ലോ. പക്ഷേ, മുസ്‌ലിംകളേക്കാള്‍ പരിസ്ഥിതി സംരക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്നത് മറ്റുള്ളവരാണ്.
മറ്റു മത സമുദായങ്ങളുമായി ഇടപഴകാനുള്ള അവസരം കൂടി പരിസ്ഥിതി സംരക്ഷണം, മദ്യ വിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവ വഴി ലഭിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ പരിസ്ഥിതി പാഠങ്ങള്‍ ഇതര മത സമുദായങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുക വഴി ഒരു നിശ്ശബ്ദ പ്രബോധനം കൂടിയാണ് നിര്‍വഹിക്കാന്‍ സാധിക്കുന്നത്. മഴയെക്കുറിച്ച് കോഴിക്കോട്ട് ഡോ. ജേക്കബ് വടക്കുംചേരിയുടെ നേതൃത്വത്തില്‍ ഒരു പരിപാടി നടക്കുകയുണ്ടായി. മഴയെ സംബന്ധിച്ച ഖുര്‍ആനിക അധ്യാപനങ്ങളായിരുന്നു എന്റെ പ്രഭാഷണ വിഷയം. ''മഴയും വെയിലും വായുവും തുടങ്ങി പ്രകൃതി വിഭവങ്ങള്‍ എല്ലാവര്‍ക്കും കിട്ടുന്നു. അമേരിക്കന്‍ പ്രസിഡന്റോ സുഊദി രാജാവോ വിചാരിച്ചാല്‍ അത് തടയാന്‍ കഴിയില്ല. അവര്‍ തീരുമാനിച്ചാല്‍ അതൊന്നും ഉണ്ടാക്കാനും കഴിയില്ല. അതിനു പിന്നില്‍ ദൈവത്തിന്റെ ശക്തിയാണുള്ളത്. അതുകൊണ്ടാണത് എല്ലാവര്‍ക്കും ലഭിക്കുന്നത്. പര്‍വതങ്ങളുടെ പ്രയോജനങ്ങള്‍ വളരെ വലുതാണ്. നാം പക്ഷേ, അത് ഇടിച്ചുനിരത്തുന്നു. നമുക്ക് അങ്ങനെയൊന്ന് ഉണ്ടാക്കാന്‍ കഴിയില്ല. അത് അതിന്റെ അധിപനു മാത്രമേ സാധിക്കൂ. മനുഷ്യരുടെ അതിക്രമങ്ങളുടെ ഫലമായാണ് പല നാശങ്ങളും പൊട്ടിപ്പുറപ്പെടുന്നതെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്''- ഇതായിരുന്നു എന്റെ പ്രസംഗത്തിന്റെ പൊരുള്‍. 'എല്ലാവരും മഴയുടെ, പരിസ്ഥിതിയുടെ ഭൗതിക ശാസ്ത്രം പറഞ്ഞപ്പോള്‍ ടീച്ചറുടേത് പരിസ്ഥിതിയെ സംബന്ധിച്ച ഒരു ആത്മീയ പ്രഭാഷണമായിരുന്നു'വെന്നാണ് ആളുകള്‍ പ്രതികരിച്ചത്. ഹൈന്ദവ- ക്രൈസ്തവ സുഹൃത്തുക്കള്‍ക്ക് ഇത്തരം അവതരണങ്ങള്‍ വല്ലാതെ ഇഷ്ടപ്പെടുന്നതായാണ് എന്റെ അനുഭവം. ഖുര്‍ആനോ ഹദീസോ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുന്നു എന്നതല്ല, നാം ഏത് ഭാഷയും ശൈലിയും അതിന് വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം.
രാത്രികാല വിശ്രമത്തെക്കുറിച്ച ഖുര്‍ആന്‍ പാഠങ്ങള്‍ വിശദീകരിച്ചപ്പോള്‍ തിരൂരിലെ ഓര്‍ത്തോപതി ഡോക്ടര്‍ രാധാകൃഷ്ണന്‍ സാറിനും മറ്റും ഏറെ ഇഷ്ടപ്പെടുകയുണ്ടായി. രാത്രി വിശ്രമവേളയാണെന്ന് ഖുര്‍ആന്‍ പറയുന്നു. നേരത്തെ ഉറങ്ങണമെന്ന് നബി പഠിപ്പിക്കുന്നു. മറ്റു ജീവജാലങ്ങളെ നോക്കുക. സൂര്യാസ്തമയത്തോടെ അവയെല്ലാം വിശ്രമം തുടങ്ങുന്നു. പ്രപഞ്ചം നിശ്ശബ്ദമായിത്തീരുന്നു. പക്ഷേ നമ്മളോ, പാതിരാത്രിയോളം ലൈറ്റും കത്തിച്ച് ടി.വിയും സോഷ്യല്‍ മീഡിയയും തുറന്നുവെച്ച് ബഹളം കൂട്ടുന്നു. ഇതിനു വേണ്ടി ചെലവാകുന്ന കറന്റിനെക്കുറിച്ച് മാത്രം ചിന്തിച്ചുനോക്കൂ! എത്ര വെള്ളം വേണം ആ കറന്റ് ഉല്‍പാദിപ്പിക്കാന്‍? അത് പരിസ്ഥിതിക്കുണ്ടാക്കുന്ന നാശം എത്രയാണ്? ഉറക്കമിളച്ച് ഇരുന്നാല്‍ മനുഷ്യര്‍ക്കുണ്ടാകുന്ന ശാരീരിക പ്രയാസങ്ങള്‍ എത്രയാണ്? മത ചടങ്ങുകളും പ്രഭാഷണങ്ങളും പോലുള്ളവ പാതിരാത്രി വരെ നീളുന്നതിന്റെ ഇസ്‌ലാമിക മാനം എന്ത് എന്ന് നാം ആലോചിക്കണം. യഥാര്‍ഥത്തില്‍ മനുഷ്യന്റെ ആര്‍ത്തിയും സുഖലോലുപതയുമാണ് പരിസ്ഥിതി നശീകരണത്തിന്റെ പ്രധാന കാരണം.
പരിസ്ഥിതി നശീകരണത്തിന്റെ അപകടം മനുഷ്യന്‍ തിരിച്ചറിയാത്തതെന്താണ്?
ശരിയായ ജനാധിപത്യമല്ല, കോര്‍പറേറ്റുകളാണ് ഇന്ന് ലോകം അടക്കിഭരിക്കുന്നത്. സാമ്പത്തിക താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുകയും ജനങ്ങളെ പ്രലോഭിപ്പിച്ച് മയക്കി അടിമകളാക്കുകയുമാണ് കോര്‍പറേറ്റുകള്‍ ചെയ്യുന്നത്. മാധ്യമങ്ങളിലൂടെയുള്ള ത്രസിപ്പിക്കുന്ന പരസ്യങ്ങള്‍ അതിന്റെ ഉപകരണങ്ങളാണ്. സത്യവിശ്വാസികളായ ഇസ്‌ലാമിക സമൂഹം പോലും അവയുടെ അഡിക്റ്റുകളായി ഭൗതിക പ്രമത്തരായിത്തീരുകയാണ്. ലാളിത്യം എന്താണെന്ന് ലോകത്തെ പഠിപ്പിച്ചത് ഇസ്‌ലാമാണ്. പക്ഷേ, ഇന്നത്തെ മുസ്‌ലിംകളുടെ അവസ്ഥയെന്താണ്! നമുക്കിടയില്‍ രോഗങ്ങള്‍ ഇത്രയേറെ പെരുകാനുള്ള കാരണമെന്ത്? മനുഷ്യരെ രോഗികളാക്കി മരുന്ന് വിപണനം കൊഴുപ്പിക്കുന്ന കമ്പനികളുണ്ട്. മരുന്ന് മാഫിയ ലോകമാകെ പിടിമുറുക്കുന്നു. അല്ലാഹു തന്ന ആരോഗ്യം-പ്രകൃതിയില്‍ അല്ലാഹു നിശ്ചയിച്ച പ്രതിരോധശേഷി- മനുഷ്യന്റെ കൃത്രിമത്വങ്ങള്‍ കൊണ്ടാണ് തകരുന്നത്. രാസവളങ്ങളുടെ ഉപയോഗം, മലിനീകരണങ്ങള്‍ തുടങ്ങിയവ കൊണ്ട് നമ്മുടെ ഭക്ഷണവും വായുവും വിഷമയമായിരിക്കുന്നു. ജൈവകൃഷിയെ തകര്‍ക്കുന്നത് രാസവള കമ്പനികള്‍ കൂടിയാണ്. ധൂര്‍ത്തന്‍ ജീവിതശൈലിയെ തൃപ്തിപ്പെടുത്താന്‍ അധിക വിഭവങ്ങള്‍ വേണ്ടിവരും. ഇത് അമിതോല്‍പാദനം സൃഷ്ടിക്കുന്ന രാസവളങ്ങളും മാരക കീടനാശിനികളും അനിവാര്യമാക്കുന്നു. എന്നാല്‍, ഇസ്‌ലാം പഠിപ്പിച്ചപോലെ മിതവ്യയവും ലളിത ജീവിതവും ശീലമാക്കിയാലോ, സാമ്പത്തിക ലാഭം മാത്രമല്ല ഉണ്ടാകുന്നത്. പ്രകൃതിയുടെ താളം തെറ്റാതെ നോക്കാം, ആരോഗ്യം നിലനിര്‍ത്താം. ആവാസ വ്യവസ്ഥ തകര്‍ക്കുന്ന മുതലാളിത്ത സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും ജീവിത ശീലങ്ങള്‍ക്കുമെതിരെ നാം പ്രവര്‍ത്തിക്കണം. പ്രവാചകന്‍ തന്നെയാണ് നമുക്കതില്‍ മാതൃക. മരങ്ങള്‍ നട്ടുവളര്‍ത്താനുള്ള നബിയുടെ നിര്‍ദേശം, കുടിവെള്ളം ലഭ്യമാക്കുന്നതിലെ പുണ്യത്തെ കുറിച്ച ഹദീസ്, അതീവ ലളിതമായ പ്രവാചക ജീവിതം, പൊതു മുതല്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാതെ സംരക്ഷിച്ച നബിശിഷ്യരുടെ നടപടികള്‍, പാതിരാത്രി വഴിയാത്രക്കാരുടെ ടെന്റില്‍ പ്രസവമെടുക്കാന്‍ ഭാര്യയെയും കൊണ്ടുപോയ ഖലീഫാ ഉമറിന്റെ മാതൃക തുടങ്ങി എത്രയെത്ര കാര്യങ്ങളുണ്ട് ഇസ്‌ലാമിക ചരിത്രത്തില്‍! ഇതൊക്കെ, പ്രകൃതി സംരക്ഷണത്തിനും ജനസേവനത്തിനും പ്രോത്സാഹനം നല്‍കുന്നതാണ്. ദീനിന്റെ ഭാഗമാണ് ഇതെല്ലാമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഈ വിഷയത്തിലെല്ലാം മാറിചിന്തിക്കാന്‍ നാം തയാറാകേണ്ടതുണ്ട്.
Comments