എത്രയെത്ര സ്വപ്നങ്ങളുണ്ട് ഞങ്ങള്‍ക്കും
ഡോ. ജാസിമുല്‍ മുത്വവ്വ എഴുതിയ 'പെണ്‍മക്കള്‍ ഉള്ളവര്‍ ഭാഗ്യവാന്മാര്‍ സ്വര്‍ഗരാജ്യം അവര്‍ക്കുള്ളത്' എന്ന ലേഖന(ലക്കം 2889)മാണ് ഈ കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്.
ഡോ. ജാസിമുല്‍ മുത്വവ്വയെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ. എന്റെ വാപ്പിച്ചിക്ക് ഞാന്‍ അടക്കം മൂന്ന് പെണ്‍കുട്ടികള്‍ ആയിരുന്നു. ആവശ്യത്തിനുള്ള ഭൗതിക വിദ്യാഭ്യാസവും ആത്മീയ വിജ്ഞാനങ്ങളും നല്‍കി വാപ്പിച്ചി ഞങ്ങളെ നല്ലത് പോലെ വളര്‍ത്തി. സ്ത്രീധനം നല്‍കാന്‍ ഇഷ്ടമില്ലെങ്കില്‍ കൂടിയും വാപ്പിച്ചിക്ക് കഴിയാവുന്നതിലപ്പുറം നല്‍കേണ്ടിവന്നു-ഞങ്ങളെ വിവാഹം കഴിപ്പിച്ചയക്കാന്‍. എന്റെ വാപ്പിച്ചിക്ക്, മരിക്കുന്നത് വരെയും സമാധാനത്തോടെ ജീവിക്കാന്‍ സാധിച്ചിട്ടില്ല.
പെണ്‍മക്കള്‍ ഉണ്ടായതിന്റെ പേരില്‍ മനഃസമാധാനം നഷ്ടപ്പെട്ട മാതാപിതാക്കളെ എനിക്കറിയാം. അവരുടെ ഉറക്കത്തിലെ നെടുവീര്‍പ്പുകളാണ് പെണ്‍മക്കള്‍. ആണ്‍മക്കള്‍ ഇല്ലാത്തതിന്റെ പേരില്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കേണ്ടി വരുമല്ലോ എന്ന് വിചാരിച്ച് പെണ്‍മക്കള്‍ മാത്രമുള്ള വീട്ടില്‍ നിന്ന് വിവാഹം കഴിക്കാന്‍ പലരും മടിക്കുന്നു. െപണ്ണ് കാണാന്‍ വരുന്നവരുടെ മുമ്പില്‍ അണിഞ്ഞൊരുങ്ങിയും ചായ സല്‍ക്കാരങ്ങള്‍ നടത്തിയും മടുത്തു അവര്‍ക്ക്. സൗന്ദര്യവും വിദ്യാഭ്യാസവും ഉണ്ടായിട്ട് പോലും അവരെ 'മഹര്‍' കൊടുത്തു സ്വന്തമാക്കുവാന്‍ ആരും മുന്നോട്ട് വരുന്നില്ല. കാന്‍സര്‍ രോഗിയായ ഒരുമ്മയുടെ ആവലാതിയത്രയും അവരുടെ മോളെ ഓര്‍ത്താണ്. മാരകരോഗത്തിന്റെ വേദനയില്‍ കരയുമ്പോഴും ആ മനസ്സ് നീറുന്നത് കയറി കിടക്കാന്‍ ഒരു വീട് പോലുമില്ലാത്ത അവസ്ഥയില്‍ തന്റെ മോളെ എങ്ങനെ വിവാഹം കഴിച്ചയക്കും എന്നോര്‍ത്താണ്. അവരുടെ ദയനീയാവസ്ഥ കണ്ട് ഒരു ചെറുപ്പക്കാരന്‍ ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സന്നദ്ധനായപ്പോള്‍ സത്രീധനം കിട്ടാന്‍ വഴിയില്ല എന്ന കാരണത്താല്‍ അവന്റെ വീട്ടുകാര്‍ അത് മുടക്കി.
ഏത് പ്രസ്ഥാനത്തിന്റെ ആദര്‍ശത്തില്‍ വിശ്വസിക്കുന്നവരാണെങ്കിലും ഇതെല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നവരാണ് പലരും. ഇനി, വിവാഹം ചെയ്തയച്ച ചില ഹതഭാഗ്യകളുടെ ജീവിതമോ?
എത്രയെത്ര സ്വപ്നങ്ങള്‍ നെയ്തുകൊണ്ടാണ് ഓരോ യുവതിയും വിവാഹം എന്ന പുതിയൊരു ജീവിതത്തിലേക്ക് കാലൂന്നുന്നത്! കുറച്ച് ദിവസങ്ങള്‍ കഴിയുന്നതോടെ ആ സ്വപ്നങ്ങള്‍ തകര്‍ന്ന് ഉടയുന്നു. തന്റെ ഭര്‍ത്താവിനോടൊത്ത് ഒന്ന് പുറത്ത് പോകുവാന്‍ കൊതിയേറെ ഉണ്ടെങ്കിലും സാധിക്കാറില്ല. ഒന്ന് പാര്‍ക്കിലോ, ബീച്ചിലോ പോകാമെന്ന് പറഞ്ഞാല്‍ 'അവിടെയെന്താണ് കാണാനുള്ളത്' എന്നുപറഞ്ഞ് കളിയാക്കും. അവരുടെ ജീവിതാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ മനസ്സ് വെക്കാത്ത കൂട്ടര്‍! നബി(സ) പറഞ്ഞു: ''സ്ത്രീകള്‍ക്ക് പുരുഷന്മാരോട് ബാധ്യതയുള്ളതുപോലെ തന്നെ പുരുഷന്മാര്‍ക്ക് സ്ത്രീകളോടും ബാധ്യതകളുണ്ട്.''
സ്‌നേഹമുള്ള ഒരു വാക്ക്, ഒരുമിച്ചിരുന്നുള്ള സംസാരം, ഭക്ഷണം എന്നിത്യാദികള്‍ ആഗ്രഹിച്ചാലും ഫലം നിരാശ മാത്രം. പല ഭര്‍ത്താക്കന്മാര്‍ക്കും അതിനൊന്നും സമയമില്ല. മക്കളും ഭര്‍ത്താവുമൊത്തുള്ള സന്തോഷമുള്ള നല്ല നിമിഷങ്ങള്‍ ജീവിതത്തില്‍ അപൂര്‍വം. അസുഖം വന്നാല്‍ ഒരു സാന്ത്വന വാക്ക്, സ്‌നേഹത്തോടെയുള്ള തലോടല്‍ എല്ലാം സ്വപ്നം മാത്രം. മക്കളായിപ്പോയി, ഇനിയവര്‍ക്ക് വേണ്ടി ജീവിക്കാം എന്നു കരുതി അല്ലാഹു നല്‍കിയ ഈ ജീവിതം ജീവിച്ച് തീര്‍ക്കുക തന്നെ. പങ്കാളികള്‍ രണ്ടു പേരും ഒരു മനസ്സും രണ്ട് ശരീരവും ആയി ജീവിക്കേണ്ടവരാണ്. പക്ഷേ....
പ്രവാചകന്റെ ചര്യയെക്കുറിച്ച് അറിയാത്ത, അറിഞ്ഞാല്‍കൂടി അഹങ്കാരത്തോടെ, ജീവിക്കുന്ന പുരുഷനും സ്ത്രീയും ഭൂമിയിലെ സ്വര്‍ഗമാകേണ്ട ഈ കുടുംബജീവിതം തകര്‍ത്ത് കളയുന്നു. ഭാര്യയുടെ വീട്ടുകാരോട് ദേഷ്യമുണ്ടെങ്കില്‍ അവരുടെ മാതാപിതാക്കളെ പോലും കാണാന്‍ അനുവദിക്കില്ല. ഭര്‍ത്താവിന്റെ വീട്ടുകാരുമായി രമ്യതയില്‍ പോകാന്‍ ആവുന്നത്ര ശ്രമിച്ചാലും 'ഭാര്യയത്രപോരാ' എന്ന മട്ടില്‍ വര്‍ത്തിക്കുന്ന ജീവിത പങ്കാളികളാണേറെയും. ഇങ്ങനെയുള്ളവരുടെ ഹൃദയത്തെ അല്ലാഹു കാരുണ്യമുള്ളതാക്കി മാറ്റട്ടെ.
Comments