Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 20

ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മനഃശാസ്ത്രം

അഡ്വ. ഒ. ഹാരിസ് കായംകുളം /ലേഖനം

         ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ധാരാളം ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. ലൈംഗികാതിക്രമങ്ങളെ ഒരു സാമൂഹിക പ്രശ്‌നമായി പല രാജ്യങ്ങളും ഇന്ന് കണക്കാക്കുന്നുണ്ട്. ഇന്ത്യയില്‍ സുപ്രീം കോടതി ഇത്തരം കേസുകളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പിക്കുന്നതിനായി സാമൂഹിക നീതി ബഞ്ച് സ്ഥാപിച്ചു.  ലൈംഗിക കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍ക്ക് ഏറെ നാളത്തെ പഴക്കമുണ്ടെങ്കിലും ശരിയായ നിര്‍വചനങ്ങളോ, വകഭേദങ്ങളെ സൂചിപ്പിക്കുന്ന വാക്കുകളോ കൃത്യമായി ഉപയോഗിക്കുന്നില്ല. കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുക, കുറ്റവാളികളുടെ സ്വഭാവവിശേഷങ്ങള്‍ അപഗ്രഥിക്കുക, ഇരകളെ സംരക്ഷിക്കുക, പുനരധിവസിപ്പിക്കുക, സാധാരണ ജീവിതത്തിലേക്ക് തിരിച്ചു നടത്തുക, കുറ്റവാളികളെ ആവശ്യമെങ്കില്‍ ചികിത്സിക്കുക, നിയമനടപടി സ്വീകരിച്ച് ശിക്ഷ നല്‍കുക, ലൈംഗികാതിക്രമങ്ങളെ വേര്‍തിരിച്ച് പഠിക്കുക, കുറ്റകൃത്യങ്ങളുടെ സാമൂഹിക പരിസരം മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വ്യക്ത്യാധിഷ്ഠിതവും സംഘടിതവുമായ ധാരാളം പഠനങ്ങളും അക്കാദമിക ഗവേഷണങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍, ഗവേഷണ ഫലങ്ങള്‍ പലപ്പോഴും സാമാന്യ ധാരണകളുമായോ പ്രായോഗിക മാര്‍ഗങ്ങളുമായോ യോജിച്ച് പോകാത്തവയാണ്. ഒന്നുകില്‍ ഗവേഷണഫലങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ നടപ്പാക്കാന്‍ കഴിയാതെയോ സമൂഹത്തെ ബോധവത്കരിക്കാന്‍ ആവാതെയോ വരുമ്പോഴാണ് പരിഹാരങ്ങള്‍ അപ്രസക്തമാകുന്നത്. ലൈംഗികാതിക്രമങ്ങള്‍ എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് വ്യക്തിയും സമൂഹവും മനസ്സിലാക്കേണ്ടതുണ്ട്.

എന്തുകൊണ്ടാണ് ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത്? പുരുഷന്റെ ലൈംഗികതൃഷ്ണയെയും പൂര്‍ത്തീകരണത്തെയും കുറിച്ചുള്ള സമൂഹത്തിന്റെ പൊതുവായ കാഴ്ചപ്പാട് പീഡനങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണക്കാക്കപ്പെടുന്നു. ആക്രമണത്തിന് മുതിരുന്ന പുരുഷന്മാര്‍ അസാമാന്യ ആസക്തി പുലര്‍ത്തുന്നവരാണ് എന്നൊരു ധാരണ നിലവിലുണ്ട്. സ്ത്രീയേക്കാള്‍ പുരുഷന് ശാരീരിക ശക്തിയുണ്ടെന്നും പുരുഷന് ഭോഗിക്കാനുള്ളതാണ് സ്ത്രീയെന്നുമുള്ള ധാരണയും ചിലര്‍ വെച്ചുപുലര്‍ത്തുന്നു.

ലൈംഗികമായി മറ്റൊരാളെ പീഡിപ്പിക്കുന്നതില്‍ ആനന്ദവും സംതൃപ്തിയും കണ്ടെത്തുന്നയാളുകളില്‍ പ്രത്യേകതരം മനോവ്യാപാരങ്ങളും ചിന്താഗതികളും ഉള്ളതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സ്വന്തം കഴിവിലുള്ള വിശ്വാസക്കുറവും അപകര്‍ഷബോധവും ചിലപ്പോള്‍ ഇത്തരം പ്രവൃത്തിയിലേക്ക് നയിക്കുന്നു. പ്രതികാര ചിന്തയാല്‍ സ്ത്രീകളെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുണ്ട്. വ്യക്തിത്വത്തിലെ വൈകല്യമാണ്  മറ്റൊരു കാരണം. പിടിക്കപ്പെടുകയില്ല എന്നുറപ്പുള്ള പക്ഷം എന്തു അക്രമവും കാണിക്കാന്‍ തയാറുള്ള ക്രിമിനലുകളുണ്ട്.

പീഡിപ്പിക്കുന്നയാളുകള്‍ക്ക് പലതരം മനോവൈകല്യങ്ങളും വ്യക്തിത്വ അപാകതകളും കണ്ടുവരാറുണ്ട്. മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ ആനന്ദം കണ്ടെത്തല്‍, സമൂഹത്തിനെതിരെയുള്ള കാര്യങ്ങള്‍ കണ്ടെത്താനുള്ള പ്രവണതകള്‍, മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനോ സഹാനുഭൂതി പ്രകടിപ്പിക്കാനോ കഴിയാതിരിക്കല്‍ തുടങ്ങിയവ ഇവരുടെ പ്രത്യേകതകളാണ്. മറ്റുള്ളവരുടെ വേദനയില്‍ ആനന്ദം കണ്ടെത്തുന്നവര്‍ ബലാല്‍ക്കാരം ചെയ്യുന്നത് പലപ്പോഴും കാര്യമായ പ്ലാനോടുകൂടിയായിരിക്കും. ഇരയെ കൊല്ലാനുള്ള സാധ്യതയും അധികമായിരിക്കും.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്താല്‍ സ്വബോധം നഷ്ടപ്പെട്ട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുണ്ട്. മനോവൈകല്യമുള്ളവര്‍ ലഹരിക്കടിപ്പെടുമ്പോള്‍ അവരില്‍ അക്രമവാസനയും മറ്റുള്ളവരുടെ മേല്‍ സ്വാധീനം നേടാനുള്ള താല്‍പര്യവും വര്‍ധിക്കുന്നു. സാഹചര്യങ്ങള്‍ അനുകൂലമാകുന്നതോടെ ഇവര്‍ ലൈംഗികാതിക്രമത്തിന് മുതിരുന്നു. പീഡനം നടത്തുമ്പോള്‍ അമ്പതു മുതല്‍ അറുപത് ശതമാനം പീഡകരും മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

സാങ്കേതിക വിദ്യയുടെ സ്വാധീനം ഇന്ന് സമൂഹത്തില്‍ അതിക്രമങ്ങള്‍ വര്‍ധിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ടെലിവിഷനിലൂടെയും ചലച്ചിത്രങ്ങളിലൂടെയും നീലച്ചിത്രങ്ങളിലൂടെയും രൂപപ്പെടുന്ന മാനസികാവസ്ഥകള്‍ നമ്മുടെ സാംസ്‌കാരിക പരിസരം മലിനമാക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. വിദേശ ചാനലുകള്‍ അശ്ലീല പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത് സംബന്ധിച്ച വിഷയം പരിഗണിക്കവെ സുപ്രീംകോടതി ഉന്നയിച്ച ഒരു ചോദ്യം വളരെ പ്രസക്തമാണ്. വര്‍ഷത്തില്‍ 364 ദിവസങ്ങളില്‍ കുടുംബാംഗങ്ങളോടൊപ്പമിരുന്ന് ടി.വി കാണാന്‍ പറ്റിയ ഒരു ദിവസമുണ്ടെന്ന് പറയാന്‍ താങ്കള്‍ക്ക് സാധിക്കുമോയെന്നാണ്  കോടതി അഡീഷണല്‍ സോളിസിറ്ററോട് ചോദിച്ചത്.

ഇന്റര്‍നെറ്റും മൊബൈല്‍ക്യാമറയും വ്യാപകമായതോടെ അശ്ലീല ദൃശ്യങ്ങള്‍ കാണാനുള്ള സൗകര്യങ്ങള്‍ ഏറെ വര്‍ധിച്ചു.  ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 42 ശതമാനം പേരും അശ്ലീല വെബ് സൈറ്റുകള്‍ കാണുന്നവരാണ്. ആദ്യമായി ഇത്തരം വെബ്‌സൈറ്റ് കാണുന്നവരുടെ ശരാശരി പ്രായം 11 ആണ്.  സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ മൊബൈലിലും ഇന്‍ര്‍നെറ്റിലും സിഡികളിലും ലൈംഗിക ദൃശ്യങ്ങള്‍ കാണുന്ന കുട്ടികളുടെ മനസ്സില്‍ ലൈംഗികാസക്തി വളരുകയും അത് തെറ്റായ വഴികളില്‍ അവരെ എത്തിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കാനുളള ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ലൈംഗികാതിക്രമങ്ങളെ ചൊല്ലിയുള്ള ആശങ്കക്ക് വിരാമമാകൂ.

ലൈംഗിക കുറ്റകൃത്യങ്ങളില്‍ ബലിയാടാകുന്നവരില്‍ ഭൂരിഭാഗവും പില്‍ക്കാലത്ത് ഗുരുതര മാനസികപ്രശ്‌നങ്ങള്‍  അനുഭവിക്കുന്നുണ്ട്. ഭയവും അപകര്‍ഷതയും ആത്മനിന്ദയും വിഷാദവും ഉറക്കമില്ലായ്മയും ഭക്ഷണത്തോട് വെറുപ്പും ഇവരെ  ഗ്രസിക്കുന്നു. ചിലപ്പോള്‍ മനോനില തന്നെ തകരാറിലാക്കുകയും ചെയ്യും. ആത്മഹത്യാ പ്രവണതയിലേക്ക് നയിക്കപ്പെടാം. സംഭവിച്ചത് വിശ്വസിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാത്ത അവസ്ഥയിലായിരിക്കും മിക്കവരും. തുടര്‍ച്ചയായി കരയുക, തന്നോടും മറ്റുള്ളവരോടും ദേഷ്യം പ്രകടിപ്പിക്കുക, അമിതമായ ഭയവും ഉത്കണ്ഠയും ഉണ്ടാവുക തുടങ്ങിയവ ഇവരുടെ സ്വഭാവമായിരിക്കും. ചിലര്‍ യാതൊന്നും സംഭവിച്ചിട്ടില്ല എന്ന രീതിയില്‍ പെരുമാറും. ചിലര്‍ എതിര്‍ലിംഗക്കാരോട് പകയും വാശിയും ശത്രുതയും കാണിക്കും. ഉത്സാഹക്കുറവ്, ഭയം, സംശയം തുടങ്ങിയവ ഇവരില്‍ കൂടുതലായിരിക്കും. സെക്‌സിനോടുള്ള  സമീപനത്തിലും  മാറ്റം സംഭവിക്കുന്നു. അപമാനഭാരവും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളും മാത്രമല്ല സമൂഹത്തില്‍നിന്ന് ഉണ്ടാകുന്ന അവജ്ഞയും ഒറ്റപ്പെടുത്തലുകളും അവരെ തകര്‍ക്കുന്നു. പൊതുവേ ഇരയെ  കുറ്റപ്പെടുത്താനുള്ള പ്രവണതയാണ് ബലാത്സംഗ കേസുകളില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. അതായത് ഇരയാണ് മാനഭംഗത്തിന് കാരണമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. അതുകൊണ്ടാണ്, സൂര്യനെല്ലി കേസിലെ 2005-ലെ വിധിയില്‍, രക്ഷപ്പെടാനുള്ള മാര്‍ഗമുണ്ടായിട്ടും രക്ഷപ്പെടാതിരുന്നതാണ് പെണ്‍കുട്ടിക്ക് വിനയായതെന്ന് കോടതി അഭിപ്രായപ്പെട്ടത്. ദല്‍ഹി ബലാത്സംഗ കേസിലെ പ്രതിയുടെ വര്‍ത്തമാനവും ഇങ്ങനെ തന്നെ.

ലൈംഗിക അതിക്രമങ്ങള്‍ കൂടുതല്‍ നേരിടുന്നത് സ്ത്രീകളാണ് എന്നതിനാലും സമൂഹത്തില്‍ അവരുടെ സ്ഥാനം അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ കൂടെയാണെന്നതിനാലും സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടുതല്‍ ശ്രദ്ധയും പഠനവും അര്‍ഹിക്കുന്നു. എന്തൊക്കെ പ്രതിവിധികള്‍ പാലിച്ചാലും നിയമങ്ങള്‍ നടപ്പിലാക്കിയാലും  സംരക്ഷണ കമ്മിറ്റികള്‍ രൂപീകരിച്ചാലും സ്വയം സംരക്ഷണവും ജാഗ്രതയും സാഹചര്യങ്ങളെ അനുകൂലമാക്കാനുളള അവബോധവും ലൈംഗികാതിക്രമങ്ങളെ തടയുന്നതില്‍ പ്രധാനമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 109-112
എ.വൈ.ആര്‍