Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 20

ബഹുസ്വരതയെ അംഗീകരിക്കേണ്ടിവരും

പ്രഫ. ഖുര്‍ശിദ് അഹ്മദ് /പഠനം

ആഗോള മുതലാളിത്തം ഇസ്‌ലാമിക വായന-3

          സ്വാഭാവികവും പ്രകൃതിപരവുമായ തത്ത്വങ്ങളില്‍ പ്രവര്‍ത്തനക്ഷമമാവുന്ന ഒരു ആഗോള ഘടനയാണ് മുതലാളിത്തം എന്നാണ് അവകാശപ്പെടാറുള്ളത്. അതിന്റെ ആഗോള വ്യാപനവും ആര്‍ക്കും നിഷേധിക്കാനാവുകയില്ല. പക്ഷേ ഈ ഘടന എല്ലാവരെയും ഉള്‍ക്കൊള്ളുന്നുണ്ടോ, സാമൂഹികമായി അത് അഭികാമ്യമാണോ എന്ന ചോദ്യം തീര്‍ച്ചയായും ഉയര്‍ന്നുവരും. മുതലാളിത്തത്തിന്റെ സവിശേഷമായ രാഷ്ട്രീയ-സാംസ്‌കാരിക പശ്ചാത്തലം അതിന്റെ സാമ്പത്തിക നിലപാടിനെയും സ്വാധീനിക്കുന്നില്ലേ എന്ന വശവും ചര്‍ച്ച ചെയ്യേണ്ടതാണ്. ചിലതെല്ലാം ആഗോള പ്രസക്തമായതും മറ്റുള്ളവര്‍ക്ക് സ്വീകരിക്കാവുന്നതും, വേറെ ചിലത് യൂറോ-അമേരിക്കന്‍ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ളതും അല്ലേ? വ്യക്തി താല്‍പര്യം എന്ന യൂറോ-അമേരിക്കന്‍ സാംസ്‌കാരിക മുദ്രയെ, കാപിറ്റലിസ്റ്റ് പൊതുതത്ത്വങ്ങളില്‍നിന്ന് എങ്ങനെയാണ് അറുത്ത് മാറ്റാനാവുക? വ്യക്തിതാല്‍പര്യം എന്നത് വലിയൊരു ക്രയശേഷിയുടെ പ്രചോദനവുമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. പക്ഷേ എല്ലായിടത്തും അത് മാത്രം പ്രൊമോട്ട് ചെയ്യപ്പെടുമ്പോള്‍, സാമൂഹിക താല്‍പര്യങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെടുക തന്നെ ചെയ്യും. തല്‍ഫലമായി ശ്രദ്ധ സമൂഹത്തില്‍നിന്ന് സമ്പദ്ഘടനയിലേക്കും, സമ്പദ്ഘടനയില്‍നിന്ന് മാര്‍ക്കറ്റിലേക്കും മാത്രമായി ചുരുങ്ങുന്നു.

വേണ്ടതും വേണ്ടാത്തതുമൊക്കെ തീരുമാനിക്കുന്നത് കമ്പോള താല്‍പര്യങ്ങളാണ് എന്നുവരുമ്പോള്‍ അത് സ്വയം തന്നെ ഒരു മൂല്യസങ്കല്‍പ്പമായി സ്ഥിര പ്രതിഷ്ഠ നേടുന്നു. നൈതിക മൂല്യങ്ങളും നീതിയുമൊക്കെ വഴിയില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. ചുരുക്കത്തില്‍, ജീവിതത്തിന്റെ സാമൂഹികവും ധാര്‍മികവുമായ തലങ്ങള്‍ക്ക് മീതെ അപകടകരമാംവിധം തേരോട്ടം നടത്തുന്ന മുതലാളിത്തത്തെ ആശങ്കയോടെ കാണുന്നവരെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ത്തും സ്വാഭാവികവും പ്രകൃതിദത്തവുമായ സമ്പദ്ഘടനയാണ് എന്ന വാദം അംഗീകരിച്ച് തരാനാവില്ല. മുതലാളിത്ത പരീക്ഷണത്തിന്റെ ഇരകളായി ഒട്ടേറെ രാജ്യങ്ങളെ നാം കണ്‍മുമ്പില്‍ കാണ്‍കെ, സര്‍വര്‍ക്കും പ്രസക്തമായ സാമ്പത്തിക മാതൃക ഇതാണ് എന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്? പല തരത്തിലുള്ള സാംസ്‌കാരിക വിഭാവനകളും പ്രതീക്ഷകളും വെച്ചുപുലര്‍ത്തുന്ന ജനവിഭാഗങ്ങളെ ഒരേ ചരടില്‍ കോര്‍ക്കാന്‍ ഇത്തരമൊരു സമ്പദ്ഘടനക്ക് എങ്ങനെയാണ് സാധിക്കുക? മൊത്തം ലോകസമൂഹത്തെയെന്ന പോലെ ആഗോള സമ്പദ്ഘടനയെയും ഒറ്റ മൂശയില്‍ ഉടച്ച് വാര്‍ക്കാനാവില്ല. യഥാര്‍ഥമായും ബഹുസ്വരവും തുറന്നതും നീതിയിലധിഷ്ഠിതവുമായ ഒരു ഘടനയിലേ ലോകസമൂഹങ്ങളെ കണ്ണിചേര്‍ക്കാനാവൂ. പരസ്പര സഹകരണത്തിലും ആരോഗ്യകരമായ മത്സരത്തിലും അധിഷ്ഠിതമായിരിക്കുമത്. എല്ലാ വിഭാഗങ്ങള്‍ക്കും നേട്ടം ലഭിക്കുന്ന സംവിധാനവുമായിരിക്കണമത്.

മൂന്നാം ലോകത്തോ മുസ്‌ലിം ലോകത്തോ ഉള്ള ചിന്തകന്മാര്‍ മാത്രം പങ്കുവെക്കുന്ന ഒരു ആശയമല്ല ഇത്. പാശ്ചാത്യ ലോകത്തെ നിരവധി ഉദ്ബുദ്ധ ചിന്തകരും ഇതിന്റെ വക്താക്കളാണ്. മസ്വാചറ്റസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ലെസ്റ്റര്‍ തുറോവിന്റെ അഭിപ്രായം കാണുക: ''കമ്യൂണിസം തകര്‍ന്നത് പോലെ മുതലാളിത്തവും തകരും എന്നതല്ല അപകടം. മുതലാളിത്ത രീതികളില്‍ നിരാശരായിക്കഴിഞ്ഞ ജനവിഭാഗങ്ങള്‍ക്ക് ഓടിച്ചെല്ലാന്‍ ബദല്‍ വ്യവസ്ഥകളൊന്നും നിലവിലില്ലാത്തതിനാല്‍ മുതലാളിത്തത്തിന്റെ പെട്ടെന്നുള്ള തകര്‍ച്ച പ്രതീക്ഷിക്കപ്പെടുന്നുമില്ല. ചരിത്രത്തില്‍ ഫറോവന്‍, റോമന്‍, മന്താരിന്‍ അതുപോലെ മധ്യകാല സമ്പദ്ഘടനകള്‍ക്കൊന്നും എതിരാളികളോ പകരക്കാരോ ഉണ്ടായിരുന്നില്ല. അതിനാല്‍ നാല് നൂറ്റാണ്ടോളം ആ സമ്പദ്ഘടനകള്‍ വളര്‍ച്ച മുരടിച്ച് നിലനിന്നു; പിന്നെയാണ് അപ്രത്യക്ഷമായത്. തകര്‍ച്ചയല്ല, മുരടിപ്പാണ് അപകടം.'' മുതലാളിത്തത്തിന്റെ ആന്തരിക ദൗര്‍ബല്യങ്ങള്‍ ഏറ്റവും പ്രകടമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭവും കൂടിയാണിത്. അസ്ഥിരത, ഭീമമായ അസമത്വങ്ങള്‍, വഴിയാധാരമാക്കപ്പെടുന്ന തൊഴിലാളി വിഭാഗങ്ങള്‍ തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഹാരം കാത്ത് കഴിയുന്നു. മനുഷ്യ വിഭവങ്ങളെയും മനുഷ്യനിര്‍മിത മസ്തിഷ്‌ക ശേഷി (Man-made brain power)യെയും മുതലാളിത്തം കൂടുതലായി ആശ്രയിക്കുന്നതിലൂടെ ഉടലെടുക്കുന്ന ഒട്ടുവളരെ പ്രശ്‌നങ്ങളുണ്ട്. മനുഷ്യ നിര്‍മിത മസ്തിഷ്‌ക ശേഷിയുടെ ഈ യുഗത്തില്‍ വിജയികളാകുന്നവര്‍ പുതിയ കളികള്‍ ആവിഷ്‌കരിക്കുകയും അതിന് പുതിയ സ്ട്രാറ്റജികള്‍ കണ്ടെത്തുകയും ചെയ്യുന്നു. നാളത്തെ വിജയികള്‍ മറ്റൊരു കൂട്ടരായിരിക്കും. ഇന്നത്തെ വിജയികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തരായിരിക്കും അവര്‍ (Thurow 1996, 325-326).

ഇതിന് പുറമെ ഒരു കൂട്ടം ധാര്‍മിക, സാംസ്‌കാരിക, സാമൂഹിക, ആത്മീയ പ്രശ്‌നങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ഊന്നല്‍ യന്ത്രത്തില്‍ നിന്ന് മനുഷ്യ മനസ്സിലേക്ക് മാറിയത് ആഗോള തലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നു. മുമ്പത്തെ അളവുകോലുകള്‍ വെച്ച് സാമ്പത്തിക സുഭിക്ഷത, വികസനം, കാര്യക്ഷമത തുടങ്ങിയവയായിരുന്നു മുഖ്യമെങ്കില്‍ ഇപ്പോള്‍ നീതി എന്നത് സുപ്രധാന വിഷയമായി ഉയര്‍ന്നുവന്നിരിക്കുന്നു. The Fourth Great Awakening and the Future of Egalitarianism (നാലാം മഹാപ്രബുദ്ധതയും സമത്വവാദത്തിന്റെ ഭാവിയും) എന്ന കൃതിയില്‍ 1993 ലെ സാമ്പത്തിക ശാസ്ത്ര നോബല്‍ ജേതാവായ റോബര്‍ട്ട് ഫോഗല്‍ എഴുതി:

''ബിസിനസ് വൃത്തങ്ങളെ നിലനിര്‍ത്താന്‍ നമുക്ക് സാധിക്കുമോ, തൃപ്തികരമായ നിലയില്‍ സമ്പദ്ഘടന വളരുമോ എന്നതൊന്നമല്ല പുതിയ നൂറ്റാണ്ടിലെ നിര്‍ണായക ചോദ്യങ്ങള്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ സമത്വഭാവനകളെ ബലികഴിച്ചുകൊണ്ട് നമുക്ക് വളരാന്‍ പറ്റുമോ എന്ന ചോദ്യവും കൂടി അത്ര പ്രധാനമല്ല. ഭൂതകാലത്തെ സമത്വ വിഭാവനകളുടെ നേട്ടങ്ങള്‍  നിലനിര്‍ത്തുമ്പോള്‍ തന്നെ, അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാവിയിലെ സമത്വ വിഭാവനകളില്‍ വരേണ്ട പരിഷ്‌കരണങ്ങള്‍ വളരെ പ്രധാനമാണ്; സാമ്പത്തിക വളര്‍ച്ച പോലെതന്നെ പ്രധാനം. ഇത് രണ്ടിനെയും സംയോജിപ്പിക്കുന്ന ഒന്ന്. തീര്‍ച്ചയായും അത് നമ്മുടെ കാലത്ത് ഏറെ ആവശ്യമായിട്ടുള്ള ആത്മീയ ആവശ്യങ്ങളെ നിവര്‍ത്തിച്ചുകൊണ്ടേ സാധ്യമാവൂ. ആത്മീയ ആവശ്യങ്ങള്‍ എന്നുപറയുമ്പോള്‍ അതിന്റെ മതകീയവും മതേതരവുമായ തലങ്ങള്‍ ഉദ്ദേശിക്കപ്പെടുന്നുണ്ട്. ഭൗതികതയിലുള്ള അന്യായം പോലെ ഗുരുതരമാണ് ആത്മീയതയിലെ അന്യായവും. രണ്ടാമത്തേതാണ് കൂടുതല്‍ ഗുരുതരം എന്നുപോലും പറയാം'' (Fogel, 2000).

'ഭൗതികേതരമായ ആസ്തികള്‍ ധനത്തിന്റെയും നീതിയുടേയും സമത്വത്തിന്റെയും പുതിയ രൂപങ്ങള്‍' ആയിത്തീരുമെന്ന് പ്രവചിക്കുന്ന ഫോഗല്‍ ഒരു മുന്നറിയിപ്പ് തരാനും മടിക്കുന്നില്ല: ''ഒരുപക്ഷേ നമ്മുടെ പൗത്രന്മാര്‍ അനന്തരമെടുക്കുന്ന ലോകം ഭൗതികാര്‍ഥത്തില്‍ കൂടുതല്‍ സമ്പന്നമായിരിക്കാം. പരിസ്ഥിതി പ്രശ്‌നങ്ങളും ഒരു പക്ഷേ അന്ന് കുറവായിരിക്കാം. പക്ഷേ നമ്മുടെ തലമുറ ജീവിച്ചതിനേക്കാള്‍ സങ്കീര്‍ണവും പിരിമുറുക്കവുമുള്ള ഒരു ലോകത്തായിരിക്കും അവരുടെ ജീവിതം. ബൗദ്ധിക മണ്ഡലങ്ങളിലെ മുഖ്യ ചര്‍ച്ചാവിഷയം അന്ന് നൈതിക/ധാര്‍മിക പ്രശ്‌നങ്ങളായിരിക്കും. അത്തരം പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടത് ഇന്നത്തേക്കാള്‍ പ്രധാനമായിത്തീരുകയും ചെയ്യും. ബൗദ്ധിക ജീവിതത്തിന്റെ ജനാധിപത്യവല്‍ക്കരണം സംവാദങ്ങളെ വിപുലമാക്കുകയും രാഷ്ട്രീയ ജീവിതത്തിലേക്ക് ആത്മീയ പ്രശ്‌നങ്ങള്‍ കൂടുതലായി സന്നിവേശിപ്പിക്കപ്പെടുകയും ചെയ്യും.''

മുതലാളിത്തത്തിന് രാഷ്ട്രീയ തലത്തില്‍ പരിഷ്‌കരണം വേണ്ടിവരുമെന്നാണ് ബ്രിട്ടീഷ് നിരീക്ഷകനായ ജോണ്‍ ഗ്രേ എഴുതുന്നത്: ''ലോക സമ്പദ്ഘടനയില്‍ സംസ്‌കാരങ്ങളുടെയും ഭരണകൂടങ്ങളുടെയും കമ്പോള സമ്പദ്ഘടനകളുടെയും വൈവിധ്യം അംഗീകരിക്കുന്ന ഒരു പരിഷ്‌കരണം ആവശ്യമായിരിക്കുന്നു. ആഗോള സ്വതന്ത്ര കമ്പോളം എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതില്‍ പാശ്ചാത്യ അധീശത്വം വളരെ പ്രകടമാണല്ലോ. അത് ഒരു ബഹുസ്വര ലോകത്തെ അംഗീകരിക്കുന്നില്ല.... പാശ്ചാത്യ സ്ഥാപനങ്ങളും മൂല്യങ്ങളും ആഗോള വ്യാപകമായി ആധികാരികമല്ലാതായിക്കഴിഞ്ഞിട്ടുകൂടി, അതിനനുസരിച്ച മാറ്റത്തെ അംഗീകരിക്കാന്‍ പടിഞ്ഞാറ് കൂട്ടാക്കുന്നില്ല. തങ്ങളുടെ ചരിത്രത്തോടും സാഹചര്യങ്ങളോടും സവിശേഷ ആവശ്യങ്ങളോടും ഇണങ്ങുന്ന തരത്തിലുള്ള ആധുനീകരണം കൊണ്ടുവരാന്‍ ഇതര സംസ്‌കാരങ്ങളെ പാശ്ചാത്യര്‍ അനുവദിക്കുന്നില്ല''(Gray: 1998).

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 109-112
എ.വൈ.ആര്‍