Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 20

പ്രാര്‍ഥന വിശ്വാസത്തെ ആവിഷ്‌കരിക്കുന്നു

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി /ലേഖനം

ഒരു ഹിന്ദു സന്യാസി വിശുദ്ധ ഖുര്‍ആന്‍ വായിക്കുന്നു-8

         പ്രാര്‍ഥിക്കുന്നവര്‍ക്കു മാത്രമേ അല്ലാഹുവിന്റെ ദയാവായ്പിന് പാത്രീഭൂതരാകാന്‍ പറ്റൂ എന്നാണ് പറഞ്ഞുവന്നത്. അപ്പോഴാണ് എല്ലാ മതത്തിലും പ്രാര്‍ഥിക്കുന്നവരും സത്കര്‍മകാരികളുമായ വിശ്വാസികള്‍ ഉണ്ടെന്നും അവര്‍ക്കെല്ലാം പ്രതിഫലത്തിന് അര്‍ഹതയുണ്ടെന്നും ഖുര്‍ആന്‍ തന്നെ പറയുന്ന കാര്യം സൂചിപ്പിക്കേണ്ടിവന്നത്. ഇനി പ്രാര്‍ഥനയെപ്പറ്റി ഖുര്‍ആനില്‍ അത് എങ്ങനെ വ്യക്തമാക്കപ്പെട്ടിരിക്കുന്നൂവെന്നതിനെപ്പറ്റിയും ചിന്തിക്കാം.

ശരീരത്തിലൂടെയല്ലാതെ ബോധത്തിന് ആവിഷ്‌കാരം ഉണ്ടാവുകയില്ല. ഇതുപോലെ പ്രാര്‍ഥനയിലൂടെയല്ലാതെ വിശ്വാസത്തിനും ആവിഷ്‌കാരം സാധ്യമാവുകയില്ല. എവിടെ വിശ്വാസമുണ്ടോ അവിടെ പ്രാര്‍ഥന സംഭവിക്കും; എവിടെ പ്രാര്‍ഥനയുണ്ടോ അവിടെ വിശ്വാസവും ഉണ്ടായിരിക്കും. ഇതാണ് നിയമം. അതിനാല്‍ ഒരു മനുഷ്യന്‍ വിശ്വാസിയാണെന്നതിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷണം അയാളിലെ പ്രാര്‍ഥനാപരതയാണ്. സര്‍വേശ്വര നാമ സങ്കീര്‍ത്തനത്തിലൂടെ ജീവിതത്തില്‍ ഈശ്വര സ്മരണ നിലനിര്‍ത്തുക- ഇതാണ് പ്രാര്‍ഥനാപരതയുടെ അടിസ്ഥാന ഭാവം. ഇപ്പറഞ്ഞ പ്രാര്‍ഥനാപരതയെക്കുറിച്ച് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പ്രതിപാദിക്കുന്നുണ്ട്. അതിലൊന്ന് ഇവിടെ പകര്‍ത്താം:

''ഓരോ സമുദായത്തിനും നാം ഓരോ ആരാധനാ ക്രമം നിശ്ചയിച്ചുകൊടുത്തിട്ടുണ്ട്. അവര്‍ അതാണ് അനുഷ്ഠിച്ചുവരുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ അവര്‍ നിന്നോട് വഴക്കിടാതിരിക്കട്ടെ'' (ഖുര്‍ആന്‍ 22:67). ഭാഷാ വൈവിധ്യം പോലെ തന്നെ ആരാധനാക്രമങ്ങളിലുള്ള വൈവിധ്യവും അല്ലാഹുതന്നെ നിശ്ചയിച്ചുകൊടുത്തതാണെന്ന പ്രഖ്യാപനം, ദൈവാരാധനാ വേളയില്‍ കൈകള്‍ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്നതാണോ അരക്കെട്ടോട് ചേര്‍ത്തു പിടിക്കുന്നതാണോ ശരി എന്നൊക്കെ തര്‍ക്കിച്ച് കലപില കൂട്ടുന്നവര്‍, ദിവസവും ഉരുക്കഴിക്കേണ്ടതാണ്. ആരാധനാക്രമത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളേതും ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ആരാധനാ വേളയിലെ ശാരീരിക ചേഷ്ടകള്‍ പല സമുദായങ്ങള്‍ക്ക് പല വിധത്തില്‍ ആയിരിക്കുന്നതിനെ ഖുര്‍ആന്‍ പാടെ നിഷേധിക്കുന്നുമില്ല. അതിനാല്‍ ആരാധനാ ക്രമത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ അസാധുവാണ്. വിവിധ സമുദായങ്ങള്‍ക്ക് വിവിധ ആരാധനാ ക്രമങ്ങള്‍ നിശ്ചയിച്ചുകൊടുത്തിരിക്കുന്നത് സൂര്യനും ചന്ദ്രനും വിവിധ കര്‍മപഥങ്ങള്‍ നിശ്ചയിച്ചുകൊടുത്ത വിശ്വ വിധായകനായ അല്ലാഹു തന്നെയാണെന്ന് ഖുര്‍ആന്‍ തന്നെ പറഞ്ഞിരിക്കുന്നതിനാലാണ് ആരാധനാ ക്രമങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അസാധുവാകുന്നത്. പ്രാര്‍ഥനയില്‍ പ്രസക്തി ശരീരം എവ്വിധത്തില്‍ ചേഷ്ടിക്കുന്നു എന്നതിനല്ല. മറിച്ച്, മനസ്സ് എവ്വിധത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനാണ്. മനസ്സ് പുരയിലെ പെണ്ണിലും ശരീരം കഅ്ബയിലും ആയിരിക്കുന്ന ഒരാള്‍ പ്രാര്‍ഥനയില്‍ ആയിരിക്കുന്നില്ലെന്ന് ചുരുക്കം. ശരീരം എവിടെ ആയിരുന്നാലും സര്‍വശക്തനും സമസ്ത പ്രപഞ്ച സ്രഷ്ടാവും പരിപാലകനുമായ സര്‍വേശ്വരനോടുള്ള വിനീതവും സങ്കീര്‍ത്തനപരവുമായ മനോഭാവമുള്ളയാള്‍ പ്രാര്‍ഥനയിലാണെന്ന് പറയാം. ഇവ്വിധം പ്രാര്‍ഥനയില്‍ ആയിരിക്കുന്നവര്‍ക്ക് മാത്രമേ അല്ലാഹുവിന്റെ ദയാപാത്രമാകാനുള്ള അര്‍ഹതയുണ്ടാവൂ.

പ്രാര്‍ഥനയില്‍ നാമ സങ്കീര്‍ത്തനത്തിന് വലിയ പ്രാധാന്യമുണ്ട്. എല്ലാ മതങ്ങളും ഇക്കാര്യം പൊതുവെ ശരിവെക്കുന്നു. വൈദികയാജ്ഞിക ബ്രാഹ്മണ മതത്തിന്റെ വക്താവെന്ന നിലയില്‍ പലരും അധിക്ഷേപിച്ചിട്ടുള്ള മനു പോലും യജ്ഞത്തേക്കാള്‍ പ്രാധാന്യം ജപത്തിനു കല്‍പിച്ചിട്ടുണ്ട്. ഭഗവദ്ഗീതയില്‍ യജ്ഞങ്ങളില്‍ ഞാന്‍ ജപയജ്ഞമാണ് (യജ്ഞാനാം ജപയജ്ഞ്യോസ്മി) എന്നത്രേ ഭഗവാന്‍ തന്നെ പറഞ്ഞിട്ടുള്ളത്. വിശുദ്ധ ഖുര്‍ആനും ജപത്തിന് (ദിക്ര്‍) വലിയ പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്.  ''(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹു എന്നു വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്നു വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവനുള്ളതാകുന്നു ഏറ്റവും ഉത്കൃഷ്ടമായ നാമങ്ങള്‍. നിന്റെ പ്രാര്‍ഥന നീ ഉച്ചത്തിലാക്കരുത്. അത് പതുക്കെയും ആക്കരുത്. അതിനിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക'' (17:110). ഇവിടെ പ്രാര്‍ഥന എന്നത് ദൈവത്തിന്റെ നാമങ്ങള്‍ ആവര്‍ത്തിച്ച് ജപിക്കുക അഥവാ നാമ സങ്കീര്‍ത്തനം ചെയ്യുക എന്നതുതന്നെയാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ദിക്‌റ് അഥവാ ജപം എങ്ങനെ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുംവിധം നാമ ജപം പെരുമ്പറയടി പോലെ ഉച്ചത്തിലാവരുത്. മനോവിചാരങ്ങളെ പോലെ തീര്‍ത്തും ശബ്ദരഹിതവും ആകരുത്. എന്നുവെച്ചാല്‍ ഈശ്വരനാമങ്ങള്‍ നിമന്ത്രണം ചെയ്യണം. ചുണ്ടുകളുടെ ചലനവും സ്വരവും ഒക്കെ അനുഭവിക്കാവുന്ന വിധം വേണം അല്ലാഹുവിന്റെ നാമം പ്രകീര്‍ത്തനം നടത്താന്‍. ഇതിനെ 'ഉപാംശു ജപം' എന്നാണ് ഋഷിമാര്‍ വേദഗ്രന്ഥങ്ങളില്‍ പറയുന്നത്. ദിക്ര്‍ എന്ന അറബി വാക്കിന് നല്‍കാവുന്ന നല്ല പരിഭാഷ ഉപാംശുജപം എന്നതാണ്.

നാമജപം കൊണ്ട് എന്താണ് മെച്ചം എന്നതുകൂടി പറയേണ്ടതുണ്ട്. 'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന് എന്തിനു വേണ്ടി ആവര്‍ത്തിച്ചു ചൊല്ലുന്നു എന്നു ചോദിച്ചാല്‍ അത് തങ്ങളെ ആവേശഭരിതരാക്കുന്നു എന്നായിരിക്കും ഇന്‍ക്വിലാബ് വിളിക്കുന്നവര്‍ പറയുക. നാമജപം നടത്തുന്നത് വഴി ആശ്വാസവും ആനന്ദവും ആണ് ഭക്തജനങ്ങള്‍ക്ക് ഉണ്ടാവുന്നത്. ആശ്വാസവും ആനന്ദവും അനുഭവിക്കുന്ന ഭക്തരില്‍ നിന്ന് ലോകത്തിനും ആശ്വാസവും ആനന്ദവും തന്നെ ലഭിക്കും. വാല്‍മീകിയിലൂടെ, യേശുക്രിസ്തുവിലൂടെ, മുഹമ്മദ് നബിയിലൂടെ, പൂന്താനത്തിലൂടെ, ശ്രീരാമകൃഷ്ണ പരമഹംസനിലൂടെ ഇങ്ങേയറ്റത്ത് മദര്‍ തെരേസയിലൂടെ ഒക്കെ ലോകത്തിന് ലഭിച്ചിട്ടുള്ളത് ആനന്ദവും ആശ്വാസവുമാണ്. ഇവരൊക്കെ അതിന് പ്രാപ്തരായത് സര്‍വേശ്വര നാമ സങ്കീര്‍ത്തനത്തിലൂടെയുമാണ്. അതിനാല്‍ 'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന് ആവര്‍ത്തിച്ചു വിളിക്കുന്നതുകൊണ്ട് കമ്യൂണിസ്റ്റുകള്‍ക്ക് ആവേശം കിട്ടുന്നതുപോലെ അല്ലാഹുവിന്റെ നാമ സ്മരണ കൊണ്ടും  ജപം കൊണ്ടും ഭക്തജനങ്ങള്‍ക്ക് ആശ്വാസവും ആനന്ദവും ലഭിക്കുന്നുണ്ട്. എന്താണ് നാമജപം കൊണ്ടുള്ള ഗുണം എന്ന ചോദ്യത്തിന് ഏറ്റവും ചുരുക്കത്തില്‍ ഇത്തരമൊരു മറുപടി പറഞ്ഞു നിര്‍ത്തട്ടെ. അതുകൊണ്ട് പ്രാര്‍ഥിക്കുക, ജപയജ്ഞം നടത്തുക, ഭാഷയേതോ മതമേതോ ആകട്ടെ അല്ലാഹുവിന്റെ ഉത്കൃഷ്ട നാമങ്ങള്‍ ഉരുക്കഴിക്കുക; നിങ്ങള്‍ അല്ലാഹുവിന്റെ ദയാപാത്രമായി തീരാന്‍ ഇതൊന്നേ വഴിയുളളൂ. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 109-112
എ.വൈ.ആര്‍