Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 20

വേവു പാകം

സുഫീറ.കെ, എരമംഗലം

വേവു പാകം

മനസ്സില്‍ കവിത പെയ്യുന്നത്
മീന്‍ കറിയില്‍ മുക്കുമ്പോഴായിരിക്കും
കറിയുടെ പാകം കാത്ത്
കവിതാ പുസ്തകത്തിന് മുന്നിലിരുന്നപ്പോള്‍
പെയ്യുന്നത് കവിതയല്ല,
കരിഞ്ഞുണങ്ങിയ പ്രതീക്ഷകള്‍...
വേവു പാകത്തില്‍ വിളമ്പാതിരുന്ന
മീന്‍കറി പോലെ...
എന്റെ കവിതയും.
കവിതക്കായി
കാത്തിരിക്കുമ്പോള്‍
വേവാത്ത മീന്‍ പോലെ
പാകമാവാത്ത അക്ഷരക്കൂട്ടുകള്‍. 


ആത്മം

യന്ത്രയുഗത്തിലിരുന്ന്
നീയെന്നെ
കൊഞ്ഞനം കുത്തുന്നു.
എന്റെ മന്ത്രണങ്ങളില്‍-
നീയിന്ന്
അനഭിലഷണീയം കാണുന്നു.
എന്നിട്ടും
അടുക്കളപ്പുറത്ത് ഞാന്‍
ഇപ്പോഴും
ജീവിതത്തെ വായിക്കുന്നു.
തെളിഞ്ഞ മനക്കടലാസില്‍
അക്ഷരക്കുഞ്ഞുങ്ങളെ
പ്രസവിക്കുന്നു.
ആമാശയങ്ങളെ
ഊട്ടുവാന്‍ വെമ്പുമ്പോള്‍
ആശയങ്ങളുടെ ഊട്ടുപുരയില്‍
സ്വയം വേവുന്നു.

പാത്ര
പ്രവര്‍ത്തനം

പാത്രങ്ങള്‍ കഴുകിക്കഴുകി
ഗര്‍ഭപാത്രമോ വലിഞ്ഞുമുറുകി
എന്നിട്ടും
കൈയൊന്നമര്‍ത്തിത്തുടച്ച്
പത്രത്തിന്‍ മുന്നിലിരുന്നപ്പോള്‍
കേട്ടു വീണ്ടും
പാത്രങ്ങള്‍ തട്ടുന്ന-
മുട്ടുന്ന ശബ്ദം.
അടുക്കുവാനുള്ളവ
കാലിയായവ
നിറക്കുവാനുള്ളവ..
താക്കീതായ്, പിന്‍വിളിയായ്...
പാത്രങ്ങളേ
നിങ്ങടെ സ്വാസ്ഥ്യം കെടുത്തല്‍
നിര്‍ത്തുകില്ലേ..
ജീവിത പത്രങ്ങളിങ്ങനെ
പൊഴിഞ്ഞു തീരുമ്പോള്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 96-100
എ.വൈ.ആര്‍