ന്യൂജനറേഷന്‍ മതപ്രഭാഷണങ്ങള്‍
ന്യൂജനറേഷന്‍ മതപ്രഭാഷണങ്ങള്‍
മതപ്രഭാഷണ മാഫിയയെ തുറന്നു കാട്ടിയ, ഖാലിദ് മൂസാ നദ്‌വി, റിയാസ് ടി അലി എന്നിവരുടെ ലേഖനങ്ങള്‍ (ജുവരി-23) നന്നായിരുന്നു. സംഘടനാ പക്ഷപാതിത്വവും ഖണ്ഡന മണ്ഡനങ്ങളുമായി നടന്ന പണ്ഡിതകേസരികളെ മൂലക്കിരുത്തി തെളിമലയാളത്തില്‍ പ്രഭാഷണം നടത്താന്‍ തെക്കന്‍ ഭാഗത്തുനിന്നുള്ള ചില പ്രഭാഷകര്‍ രംഗത്തുവന്നപ്പോള്‍ അല്‍പം സന്തോഷം തോന്നിയിരുന്നു. തങ്ങളല്ലാത്തവരെയൊക്കെ ചീത്തവിളിച്ചും പരിഹസിച്ചും പൊതു സമൂഹമധ്യത്തില്‍ താറടിച്ചുകാട്ടലാണ് ഇസ്‌ലാമിക പ്രബോധനമെന്നു ധരിച്ചുവശായ ഗ്രൂപ്പ് പ്രഭാഷകരുടെ ശബ്ദമലിനീകരണം ഒഴിവാക്കാനും ഇത് വഴി ഒരളവുവരെ സാധിച്ചിരുന്നു.
പക്ഷേ, ഈ 'ന്യൂജനറേഷന്‍ പ്രഭാഷക'രില്‍ ചിലര്‍ സമുദായത്തിന്റെ കീശ കൊള്ളയടിക്കുന്ന മാഫിയക്കാരായി മാറി. ഇപ്പോള്‍ വന്‍ ലാഭമുണ്ടാക്കാന്‍ പറ്റുന്ന ബിസിനസാണ് മതക്കച്ചവടമെന്ന് എല്ലാ മതക്കാര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. മുമ്പൊക്കെ മനുഷ്യരുടെ സംസ്‌കരണാര്‍ഥം മതപ്രഭാഷണ പരമ്പരകള്‍ നടന്നിരുന്നു. അത് നടത്തിക്കൊടുക്കാന്‍ വന്നിരുന്ന പണ്ഡിതന്മാര്‍ പലരും വണ്ടിക്കാശ് പോലും സ്വീകരിച്ചിരുന്നില്ല. ഇപ്പോഴും നിസ്വാര്‍ഥരായ ചിലരെങ്കിലും അങ്ങനെയുണ്ട്.
അബ്ദുല്‍ അസീസ്, പുതിയങ്ങാടി
നീതിന്യായ രംഗത്തുള്ളവര്‍
കൂടിയിരുന്നാലോചിക്കേണ്ട കാര്യങ്ങള്‍
'നിരപരാധിത്വമല്ല, തെളിയിക്കേണ്ടത് അപരാധമാണ്' എന്ന റിട്ട. ജസ്റ്റിസ് പി.കെ ഷംസുദ്ദീന്റെ അഭിമുഖം (ലക്കം 2885) നീതിപീഠത്തിന്റെ കണ്ണ് തുറപ്പിക്കുന്നതാണ്. ഏക സിവില്‍ കോഡ് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പണ്ഡിതസഭകളെല്ലാം അതിനെ എതിര്‍ക്കുന്നു. അതിനാല്‍ അത് പാസ്സാവാതെ പൊടിപിടിച്ചിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചപ്പോള്‍ അവര്‍ ഉണ്ടാക്കിയ ആംഗ്ലോ മുഹമ്മദന്‍ ലോ അഥവാ മുസ്‌ലിം പേഴ്‌സണല്‍ ലോ ഖുര്‍ആന്‍- സുന്നത്ത് തത്ത്വങ്ങള്‍ക്ക് എതിരാണെന്ന് ജസ്റ്റിസ് പറയുന്നു. എന്നാല്‍ പണ്ഡിത സഭ ആ ഭാഗം ചര്‍ച്ച ചെയ്യാനോ മാറ്റത്തിരുത്തല്‍ വരുത്താനോ ലോക്‌സഭയിലോ രാജ്യസഭയിലോ ചര്‍ച്ചക്ക് എടുപ്പിക്കാനോ ശ്രമിച്ചിട്ടില്ല. മുസ്‌ലിം ഉമ്മത്ത് ഒന്നടങ്കം ശ്രമിച്ചാല്‍ നേടാവുന്നതേയുള്ളൂ അവയെല്ലാം.
കറിയില്‍ ഉപ്പ് കുറഞ്ഞതിന്/ കൂടിയതിന് മുസ്‌ലിം സ്ത്രീയെ അവള്‍ അറിയാതെ മൂന്നും ചൊല്ലി പിരിച്ചയച്ച് പുതിയ വിവാഹം കഴിച്ച സംഭവങ്ങള്‍ കേരളക്കരയില്‍ കേട്ടതാണ്. എന്നാല്‍ ഭര്‍ത്താവ് കള്ള് കുടിച്ച്, വ്യഭിചരിച്ച്, കട്ട് മുടിച്ച്, കുട്ടികളെയും ഭാര്യയെയും ദിവസവും ഉപദ്രവിച്ചാലും ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഖുല്‍അ് (മോചനം) ചെയ്യാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുവദിക്കുന്നില്ല. യഥാര്‍ഥ ഇസ്‌ലാമിക ശരീഅത്തിന് എതിരായ ഈ നിയമത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ സ്ത്രീ സമൂഹവും മുന്നോട്ട് വന്നിട്ടില്ല.
ഏത് ചെറിയ കേസുകളും സ്റ്റേഷനിലേക്കും കോടതിയിലേക്കും എത്തുന്നതിന് മുമ്പ് മഹല്ല്, രൂപത, സമാജം എന്നിവയുടെ സമുദായ അധ്യക്ഷന്മാരോ നീതിമാന്മാരോ കാരണവരോ തീര്‍പ്പ് കല്‍പിക്കുന്ന അവസ്ഥ ഉണ്ടാവണം. നിസ്സാര കാര്യങ്ങള്‍ക്ക് കോടതിയില്‍ എത്തിയ വിഷയം തീര്‍പ്പാകാന്‍ കൊല്ലങ്ങളോളം വേണ്ടിവരുന്നു. അത് നീതിനിഷേധമല്ലേ?
അതുപോലെ ടാഡ, പോട്ട, യു.എ.പി.എ എന്നിവ ചുമത്തി പൗരന്റെ മൗലികാവകാശത്തെ ഹനിക്കുന്ന നിയമത്തെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. അതിനെ ചോദ്യം ചെയ്യുന്നവരെ പോലും തീവ്രവാദികള്‍ എന്ന് മുദ്രകുത്തി ജയിലിലടച്ച് പുറം ലോകം കാണാത്ത അവസ്ഥയും സൃഷ്ടിക്കപ്പെടുന്നു. ഇതേക്കുറിച്ചെല്ലാം നീതിന്യായരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ചര്‍ച്ച ചെയ്യണം.
മജീദ് സുല്ലമി ഉഗ്രപുരം
പ്രവാചക ദൗത്യത്തിന്റെ കാതല്‍
'പ്രവാചക ദൗത്യത്തിന്റെ കാതല്‍' (ലക്കം 2882) താല്‍പര്യപൂര്‍വം വായിച്ചു. ഈ കാലഘട്ടത്തില്‍ മുസ്‌ലിം സമുദായം അടിയന്തര ചിന്തക്ക് വിഷയമാക്കേണ്ട കാര്യങ്ങളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.
കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും പ്രവാചകന് ലോകം കല്‍പ്പിച്ചു നല്‍കുന്ന ഉദാത്തമായ സ്ഥാനം നഷ്ടപ്പെടുത്താന്‍ മുസ്‌ലിം സമുദായത്തില്‍നിന്ന് തന്നെ തലതിരിഞ്ഞ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എന്നത് സത്യമാണ്. ഇത് കണ്ടില്ലെന്ന് നടിക്കുന്നതു കൊണ്ട് കാര്യമില്ല. ഏതെങ്കിലും ഭരണകൂടത്തോടോ, സാമ്രാജ്യത്വത്തോടോ ഉള്ള വിദ്വേഷവും പകയും നിരപരാധികളെ നിഷ്‌ക്കരുണം ചുട്ടുചാമ്പലാക്കിക്കൊണ്ട് പ്രകടിപ്പിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. നീതിമാനും ധര്‍മിഷ്ഠനും ദയാലുവുമായ ഒരു പ്രവാചകന്റെ അനുയായികള്‍ മനുഷ്യകുലത്തിന് തന്നെ മാതൃകയാവേണ്ടതാണ്. ഇസ്‌ലാമിനെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഇതര മതസ്ഥരെ കൂടി വ്യാകുലപ്പെടുത്തുന്ന രീതികളാണ് തീവ്രവാദികള്‍ അനുവര്‍ത്തിക്കുന്നത്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കുകയും അതിന്നെതിരെ പ്രതികരിക്കുകയും ചെയ്യുന്ന പ്രബോധനത്തിന്റെ ദൗത്യം അഭിനന്ദിക്കപ്പെടേണ്ടതാണ്.
പട്ട്യേരി കുഞ്ഞി കൃഷ്ണന്‍
അടിയോടി, കരിയാട് സൗത്ത്
Comments