Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 20

ആരോഗ്യസംരക്ഷണം ജീവിത വിജയത്തിന്

അനീസുദ്ദീന്‍ ചെറുകുളമ്പ് /ലേഖനം

         'ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്സ്' എന്ന ആപ്തവാക്യം വളരെ ശ്രദ്ധേയവും പ്രസിദ്ധവുമാണ്. ആരോഗ്യത്തിനും മനുഷ്യനന്മക്കും പ്രചോദനമാകേണ്ട ഇത്തരം കാര്യങ്ങളെ കുറിച്ച് ഗൗരവത്തോടെ ചിന്തിക്കണം.  ആരോഗ്യ സംരക്ഷണത്തിനും മനുഷ്യനന്മക്കും വേണ്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ നാം എന്തുമാത്രം ശ്രദ്ധയുള്ളവരാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്. അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങളില്‍ ഏറ്റവും വലിയ ഒന്നാണ് ആരോഗ്യം എന്ന് നാം അറിയുക. ഈ അമൂല്യമായ അനുഗ്രഹം നഷ്ടപ്പെടുമ്പോഴാണ് പലപ്പോഴും മനുഷ്യന്‍ അതിന്റെ വില അറിയുന്നത്. ആരോഗ്യം സംരക്ഷിക്കുക എന്നത് മനുഷ്യന്റെ പ്രകൃതിയുടെയും ബുദ്ധിയുടെയും അനിവാര്യതയാണ്. അതുകൊണ്ടാണല്ലോ ആരോഗ്യക്ഷയം സംഭവിക്കുമ്പോള്‍ അത് വീണ്ടെടുക്കാന്‍ മനുഷ്യന്‍ പെടാപാട് പെടുന്നത്. ഇസ്‌ലാം ആരോഗ്യസംരക്ഷണത്തിന് വളരെ പ്രാധാന്യം നല്‍കുന്നു. നന്മ സംസ്ഥാപിക്കുക, തിന്മ നിര്‍മാര്‍ജനം ചെയ്യുക എന്ന ഉദാത്തമായ ദൗത്യം നിര്‍വഹിക്കാന്‍ ഇസ്‌ലാമിക പ്രബോധകന് ആരോഗ്യമുണ്ടാവേണ്ടതുണ്ട്. നമ്മുടെ ശരീരം നമ്മുടേതല്ല, സ്രഷ്ടാവ് നല്‍കിയ സൂക്ഷിപ്പ് സ്വത്ത് (അമാനത്ത്) ആണ്. അതിനാല്‍ അത് സൂക്ഷ്മതയോടെ മാത്രമേ കൈകാര്യം ചെയ്യാവൂ. ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ വിധികളും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ നിര്‍മാര്‍ജനവും വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും നമുക്ക് ധാരാളമായി കാണാം. മനുഷ്യന്റെ ജഡികാവശ്യങ്ങള്‍ അംഗീകരിക്കുകയും എന്നാല്‍ ആരോഗ്യക്ഷയത്തിന് വഴിവെക്കുന്ന കാര്യങ്ങള്‍ വിലക്കുകയും ചെയ്യുകവഴി ഇസ്‌ലാം ആരോഗ്യ സംരക്ഷണത്തിന് പ്രചോദനം നല്‍കുകയാണ് ചെയ്തിട്ടുള്ളത്. മദ്യപാനം, അന്നപാനീയങ്ങളിലെ ധൂര്‍ത്ത് മുതലായ കാര്യങ്ങള്‍ നിരോധിച്ചതും ആരോഗ്യസംരക്ഷക്ക് വേണ്ടി തന്നെ. അല്ലാഹുവിന്റെ സ്‌നേഹവും പ്രീതിയും നേടിയെടുക്കാന്‍ ശരീരശക്തിയും ഉര്‍ജസ്വലതയും ആവശ്യമാണ്. 'ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ശക്തനായ വിശ്വാസിയാണ് അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടവനും  നല്ലവനും' എന്ന നബിവചനം ഈ സന്ദേശമാണ് നമ്മെ  പഠിപ്പിക്കുന്നത്.

ശക്തിക്ക് നിദാനമായ ആരോഗ്യസംരക്ഷണ കാര്യത്തില്‍ നബി(സ) പ്രത്യേകം ശ്രദ്ധപുലര്‍ത്തിയതായും ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിച്ചിരുന്നതായും കാണാം. കായിക പരിശീലനങ്ങള്‍ നബി വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നതായി ചരിത്രത്തില്‍ വായിക്കാം. ആരോഗ്യശേഷി വര്‍ധിപ്പിക്കാന്‍ ഓരോ സത്യവിശ്വാസിയും എപ്പോഴും ജാഗ്രത കാണിക്കണം. ആത്മീയ പരിശീലനത്തോടൊപ്പം ആരോഗ്യപരമായ പരിശീലനവും ആര്‍ജിക്കണം. രണ്ട് കാര്യത്തിലും സന്തുലിതവും ആസൂത്രിതവുമായ സമീപനം സ്വീകരിക്കാന്‍ കഴിയുന്നവര്‍ക്കാണ് ജീവിതത്തില്‍ വിജയം  വരിക്കാനാവുക. കുറച്ച് കാലം ജീവിച്ച് കഴിയുന്ന വിധത്തില്‍ ഇസ്‌ലാമിന് സേവനം ചെയ്യുക എന്നല്ല നാം  ചിന്തിക്കേണ്ടത്. മറിച്ച് കുറെകാലം ആരോഗ്യത്തോടെ ജീവിതം നയിച്ച് ഇസ്‌ലാമിക മാര്‍ഗത്തില്‍ മഹിതമായ സേവനം അര്‍പ്പിക്കുക എന്നതായിരിക്കണം നമ്മുടെ ആഗ്രഹവും പ്രാര്‍ഥനയും.

മതം മനുഷ്യന്റെ ധാര്‍മികവും ആത്മീയവുമായ സംസ്‌കരണത്തിനും പുരോഗതിക്കും മാത്രമാണ് എന്ന ധാരണ തെറ്റാണ്. മനുഷ്യന്റെ ഭൗതിക പ്രശ്‌നങ്ങളിലും ജഡികാവശ്യങ്ങളിലും രോഗം, ആരോഗ്യം, ദൗര്‍ബല്യം, ശക്തി എന്നിവയിലൊന്നും മതത്തിന് പ്രത്യേക നിര്‍ദേശങ്ങള്‍ ഇല്ലെന്ന ധാരണ വെച്ചുപുലര്‍ത്തുന്നവരുണ്ട്. ഇസ്‌ലാം മനുഷ്യന്റെ ധാര്‍മിക സംസ്‌കരണത്തോടൊപ്പം അവന്റെ ആരോഗ്യത്തിനും ശക്തിക്കും വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. മുസ്‌ലിം ദുര്‍ബലനും നിര്‍ജീവനുമായല്ല, ആരോഗ്യവാനും ശക്തനും ഊര്‍ജസ്വലനുമായി ജീവിക്കണമെന്നാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്. കാരണം അശക്തനായ ഒരു വ്യക്തിയേക്കാള്‍ ആരോഗ്യവും ശക്തിയുമുള്ള ഒരു വ്യക്തിക്ക് തന്റെ ദീനീപരവും ധാര്‍മികവുമായ ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ കഴിയും. ഏറ്റവും വലിയ ദൈവഭക്തരായ പ്രവാചകന്മാരുടെ ദൗര്‍ബല്യമോ  ബലഹീനതയോ ഖുര്‍ആന്‍ എവിടെയും പരാമര്‍ശിക്കുന്നതായി നമുക്ക് കാണാന്‍ കഴിയില്ല. എന്നാല്‍ ആരാധനയിലെ  അവരുടെ നിഷ്ഠയും പ്രബോധന പ്രവര്‍ത്തനങ്ങളിലെ അവരുടെ അവിശ്രാന്ത പരിശ്രമങ്ങളും അധ്വാനങ്ങളും ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ശത്രുക്കളോട് അവര്‍ നടത്തിയിരുന്ന സമരങ്ങളും  ത്യാഗങ്ങളുമാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. മൂസാനബിയെ പരാമര്‍ശിക്കുന്നിടത്ത് അദ്ദേഹത്തിന്റെ ശാരീരിക ശേഷിയും ബുദ്ധിപരമായ പക്വതയും ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്.  ഇതുപോലെ യൂസുഫ് നബിയുടെ ശാരീരികദൃഢതയും ശക്തിയും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ദാവൂദ്  നബി ലോഹ  നിര്‍മിതമായ ആയുധങ്ങളുണ്ടാക്കാന്‍ സമര്‍ഥനായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശാരീരിക യോഗ്യതകളാണ് വ്യക്തമാകുന്നത്. സുലൈമാന്‍ നബിക്ക് ചെമ്പ് അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുണ്ടായിരുന്നു. ലോഹങ്ങള്‍ കൈകാര്യം ചെയ്യാന്‍  കഴിവും ശാരീരിക മികവുമെല്ലാമുള്ള പ്രവാചകന്മാര്‍ ആരോഗ്യവാന്മാരായിരുന്നു  എന്ന്  മനസ്സിലാക്കാം.

കായികശക്തി ആര്‍ജിക്കുവാന്‍  സഹായകമായ  നടത്തം,  ഓട്ടം,  കുതിരസവാരി, ഗുസ്തി, ആയുധപരിശീലനം, നീന്തല്‍ എന്നിവയില്‍ നബി തിരുമേനി  പ്രത്യേകം താല്‍പര്യം എടുക്കുകയും തന്റെ, സഖാക്കളെ  ബോധവത്കരിക്കുകയും ചെയ്തിരുന്നു. കുതിരയോട്ടമത്സരവും ഗുസ്തിമത്സരവും നബി നടത്തിയിരുന്നതായി തിരുവചനങ്ങളില്‍ കാണാം. ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന പരിശീലനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നാം തയാറാകണം. കുട്ടികള്‍ക്ക് നീന്തല്‍  പരിശീലനം നടത്താന്‍  നബി പ്രത്യേകം ആഹ്വാനം ചെയ്തിട്ടുണ്ട്. വ്യക്തിപരമായി നേടുന്ന കഴിവും ആരോഗ്യവുമൊക്കെ മനുഷ്യന്റെ വലിയ സമ്പാദ്യം തന്നെയാണ്. അതിനാല്‍ അവ പ്രയത്‌നത്തിലൂടെ   നേടാനും ഫലപ്രദമായി ഉപയോഗപ്പെടുത്താനും നാം മുന്നോട്ടുവരണം. ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം അവ വേണ്ടതുപോലെ പ്രയോജനപ്പെടുത്താത്തവര്‍ ഖേദിക്കേണ്ടിവരുമെന്ന് ഓര്‍ക്കുക.  അതുകൊണ്ടാണല്ലോ നബി തിരുമേനി ഇങ്ങനെ അരുളിയത്. ''രണ്ട് അനുഗ്രഹങ്ങള്‍. അവയില്‍ പലര്‍ക്കും ചതി പറ്റിയിരിക്കുന്നു: ആരോഗ്യവും ഒഴിവ് സമയവുമാണത്.'' രോഗം വരുന്നതിന് മുമ്പ് ആരോഗ്യം ഉപയോഗപ്പെടുത്താന്‍ നബി(സ) പ്രത്യേകം ഉപദേശിച്ചതായി ഹദീസുകളില്‍ കാണാം.

അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നതിലാണ് സമൂഹത്തിന്റെ വിജയം. ആരോഗ്യ സംരക്ഷണത്തിനും വ്യക്തിപരമായ നേട്ടങ്ങള്‍ക്കും അതുവഴി സമൂഹനന്മക്കും  എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നാണ് നാം പഠനവിധേയമാക്കേണ്ടത്. ഭക്ഷണത്തിലും വ്യായാമത്തിലും   ആവശ്യമായ ചിട്ടവട്ടങ്ങള്‍ നാം ആവിഷ്‌കരിക്കുക. ആവശ്യമായ കഴിവുകള്‍ സ്വായത്തമാക്കാനും മറ്റുള്ളവരെ ബോധവത്കരിക്കാനും   നാം ജാഗ്രത്താവുക. ആരോഗ്യ വിഷയത്തില്‍ വ്യക്തമായ കാഴ്ചപ്പാടും ദിശാബോധവും നമുക്കുണ്ടാവേണ്ടത് അനിവാര്യമാണ്. വളര്‍ന്നുവരുന്ന പുതിയ തലമുറക്ക്  ഇതെല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു. ഇസ്‌ലാമിലെ ആരോഗ്യസംരക്ഷണ നിര്‍ദേശങ്ങളെ കുറിച്ചുള്ള അവബോധം അവര്‍ക്ക് നല്‍കേണ്ടത് വളരെ അനിവാര്യമായിരിക്കുന്നു. ഇല്ലെങ്കില്‍ മദ്യവും മയക്കുമരുന്നും  ഉപയോഗിച്ച് സമനില തെറ്റുന്ന ഒരു യുവ തലമുറയുടെ അപഥസഞ്ചാരം സൃഷ്ടിച്ചേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കായിരിക്കും നാം സാക്ഷികളാവുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 96-100
എ.വൈ.ആര്‍