പ്രിയം നിറഞ്ഞ ക്രിസ്ത്യന്‍ സുഹൃത്തിന്
പ്രിയ സുഹൃത്തേ, ഈ കഴിഞ്ഞ രാത്രിയില്‍ ഞാന്‍ നിന്നെ ഓര്‍ത്തു. എന്റെ വായനാ മുറിക്കുള്ളില്‍ അലസമായി തൂങ്ങിക്കിടക്കുന്ന 2015-ലെ പുതിയ ഗ്രിഗേറിയന്‍ കലണ്ടര്‍ കണ്ണിലുടക്കിയപ്പോള്‍... അന്നേരം നമുക്ക് രണ്ട് പേര്‍ക്കുമിടയില്‍ പൊതുവായി നിലനില്‍ക്കുന്ന ഒരു വികാരത്തിലേക്ക് എന്റെ മനസ്സ് സഞ്ചരിക്കുകയായിരുന്നു. ഒരുപക്ഷേ, ഞാന്‍ പറയാതെ തന്നെ നിനക്ക് ഊഹിക്കാന്‍ കഴിയുമായിരിക്കും. അത് മറ്റൊന്നുമല്ല; മഹാനായ നമ്മുടെ യേശു തന്നെ. നിനക്കറിയാവുന്നതാണ്; നമ്മള്‍ രണ്ടുപേരും സ്‌നേഹിക്കുന്ന യേശുവിന്റെ കാലം കഴിഞ്ഞിട്ട് 2015 വര്‍ഷമായി എന്നല്ലേ അതിനര്‍ഥം?
നീണ്ട 2015 വര്‍ഷങ്ങള്‍. എത്രയെത്ര തലമുറകള്‍, സമൂഹങ്ങള്‍ പൊഴിഞ്ഞുപോയി...! നീ ചിന്തിച്ചിട്ടുണ്ടോ? മനുഷ്യ സ്‌നേഹികള്‍, ഭരണകര്‍ത്താക്കള്‍, ശാസ്ത്രജ്ഞര്‍, സാഹിത്യകാരന്മാര്‍, ചരിത്ര ഗവേഷകര്‍, സാമ്പത്തിക വിചക്ഷണര്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ അങ്ങനെയങ്ങനെ നിരവധി പേര്‍ നിറഞ്ഞുനിന്ന ലോകം. ഒപ്പം ഏകാധിപതികള്‍, കൊള്ളക്കാര്‍, അഴിമതിക്കാര്‍, ബലാത്സംഗകര്‍, കലാപകാരികള്‍ അങ്ങനെ മറ്റൊരു കൂട്ടരും.
പ്രിയ സുഹൃത്തേ, ഈ വര്‍ഷങ്ങളിലെല്ലാം തന്നെ ഒരു പ്രത്യേക മനുഷ്യനെ കുറിച്ച ചിന്ത എന്നെ ഏറെ അലട്ടുന്നുണ്ടായിരുന്നു. ആരാണ് ആ മനുഷ്യന്‍ എന്ന് നീ അത്ഭുതം കൂറുന്നുണ്ടാകും എന്നെനിക്കറിയാം. പറയാം, നമ്മള്‍ രണ്ടു പേരും സ്‌നേഹിക്കുന്ന നമ്മുടെ യേശുവാണ് ആ പ്രത്യേക മനുഷ്യന് നേരെ വിരല്‍ചൂണ്ടി എന്നെ ജിജ്ഞാസാ നിര്‍ഭരനാക്കി മാറ്റിയത്.
എന്റെയും നിന്റെയും സ്രഷ്ടാവായ യഹോവയില്‍ നിന്ന്, അഥവാ അല്ലാഹുവില്‍ നിന്ന് വന്നവനാണ് മഹാനായ യേശു എന്നത് എനിക്കും നിനക്കും ഉറപ്പുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ, യേശുവിനെ ഞാന്‍ നെഞ്ചേറ്റുന്നു. ലോകത്ത് മറ്റെന്തിനേക്കാളുമേറെ ഞാന്‍ സ്‌നേഹിക്കുന്നു. സ്രഷ്ടാവിനോടുള്ള സ്‌നേഹം കഴിഞ്ഞാല്‍ എന്റെ ഹൃദയം തുടിക്കുന്നത് യേശുവിനോടും ദൈവത്തിന്റെ മറ്റു പ്രവാചകന്മാരോടുമുള്ള സ്‌നേഹത്താലാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ ഓരോ വാക്കും എന്റെ ജീവിതത്തിന്റെ വാക്കുകളായിട്ടാണെനിക്ക് തോന്നാറുള്ളത്.
ദുഃഖ സാന്ദ്രമായിരുന്നു ആ നിമിഷം. ഈ ലോകത്തില്‍ നിന്ന് ക്രിസ്തു പോകുന്നുവെന്ന് നമ്മോട് പറഞ്ഞുകൊണ്ടുള്ള ആ വിടപറയല്‍... പ്രിയ സുഹൃത്തേ, കണ്ണീരോടെയല്ലാതെ ബൈബിളിലുള്ള ആ രംഗം വായിച്ചുതീര്‍ക്കാന്‍ എനിക്കാവില്ല; നിനക്കും.
''എങ്കിലും, സത്യം ഞാന്‍ നിങ്ങളോട് പറയുന്നു. നിങ്ങളുടെ നന്മക്ക് വേണ്ടിയാണ് ഞാന്‍ പോകുന്നത്'' (യോഹന്നാന്‍ 16:8). വിടപറഞ്ഞ്, ഈ ലോകത്ത് നിന്ന് തിരിച്ചുപോകുമ്പോഴും അതില്‍ നമുക്ക് നന്മയുണ്ടെന്നും ആ നന്മ ആഗതമാവാന്‍ വേണ്ടിയാണ് താന്‍ പോകുന്നതെന്നും യേശു പറയുന്നു. നിറയെ നന്മകള്‍ പഠിപ്പിച്ച, ലോകം നിറയെ സ്‌നേഹം വാരിത്തന്ന, കാരുണ്യം പഠിപ്പിച്ച, അങ്ങ് എന്തിനു പോകണം എന്ന് ചോദിക്കാന്‍ എന്റെ ഹൃദയം ഇപ്പോഴും വെമ്പുന്നു. പക്ഷേ, ആ വെമ്പലിനെ സാന്ത്വനപ്പെടുത്തിക്കൊണ്ട് യേശു പറഞ്ഞു: ''ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേക്ക് വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാന്‍ അയക്കും'' (യോഹന്നാന്‍ 16:7).
യേശു പോകുന്നു എന്ന എന്റെ വിഷമത്തെ അല്‍പമെങ്കിലും മറികടക്കാന്‍ സഹായിക്കുന്ന വാക്കുകള്‍, സഹായകന്‍ വരുമെന്ന്!! ഞങ്ങളുടെ ദൈവത്തെ കുറിച്ച് ഞങ്ങള്‍ക്ക് പറഞ്ഞുതരുന്ന സുന്ദരനും സുമുഖനും ശാന്തനും സമാധാന പ്രിയനും അലിഞ്ഞ മനസ്സുള്ളവനുമായ താങ്കളെപ്പോലുള്ളൊരു സഹായകനെ ഞങ്ങള്‍ക്ക് കിട്ടുമോ? ദൈവകാരുണ്യത്തെക്കുറിച്ച് പഠിപ്പിക്കാനും പ്രതീക്ഷയറ്റുപോയ ഞങ്ങളുടെ ആര്‍ദ്ര ദുര്‍ബല ഹൃദയങ്ങളെ കുളിരണിയിപ്പിക്കാനും പോന്ന ഒരുവനെ? ഏതാനും നാളുകള്‍ കൊണ്ട് അവസാനിക്കാന്‍ സാധ്യതയുള്ള ഈ ജീവിതത്തിനപ്പുറം ജ്വലിച്ചു നില്‍ക്കുന്ന ശാശ്വത ലോകത്തെ കുറിച്ച് പ്രതീക്ഷ നല്‍കുന്ന... ഒരു തണുത്ത കാറ്റുമായി വരുന്ന സഹായകനെക്കുറിച്ചാണോ, ജീസസ്, അങ്ങ് പറയുന്നത്?
അതെ, അങ്ങനെയായിരിക്കാം. അല്ലെങ്കില്‍ ക്രിസ്തു പോകുമെന്ന് പറയില്ലല്ലോ. പ്രത്യേകിച്ചും ഇനിയും നിരവധി കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ബാക്കിവെച്ച്. ആ സുവര്‍ണ വചസ്സുകളെ ശരിവെച്ചു കൊണ്ട് നമ്മുടെയൊക്കെ നന്മക്ക് വേണ്ടി യേശു ക്രിസ്തു പോയി. രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു ആ തിരിച്ചുപോക്ക് കഴിഞ്ഞിട്ട്...പക്ഷേ, ആ കാരുണ്യവാനെവിടെ? പോയിക്കഴിഞ്ഞാല്‍ അയക്കാമെന്ന് പറഞ്ഞ ആ സഹായകന്‍!?
പ്രിയ സുഹൃത്തേ, 2014 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സഹായകന്‍ വന്നില്ലെന്നാണോ നമ്മള്‍ പറയുന്നത്? ചുറ്റും നോക്കൂ. സഹായകനെ കാണാന്‍ കഴിയുന്നില്ലേ? മനുഷ്യ സ്‌നേഹികള്‍, ഭരണകര്‍ത്താക്കള്‍, ശാസ്ത്രജ്ഞര്‍, സാഹിത്യകാരന്മാര്‍, ചരിത്ര ഗവേഷകര്‍, സാമ്പത്തിക വിചക്ഷണര്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ അങ്ങനെ നിരവധി പേര്‍ നിറഞ്ഞുനിന്ന ഈ ലോകത്ത് ആ 'സഹായകനെ' മാത്രം കാണാത്തതെന്ത്? അല്ലെങ്കില്‍ അദ്ദേഹത്തെ ആരും തെരയാത്തതെന്ത്? ഈ ഭൗതിക ലോകത്ത് മതിമറന്ന് ആര്‍ത്തുല്ലസിക്കുമ്പോള്‍, അദ്ദേഹത്തെ പതിയെ മറന്നുപോയതാണോ നാം? നമ്മുടെ തിരക്കുകള്‍ക്കിടയില്‍, അത്യാഗ്രഹങ്ങള്‍ക്കിടയില്‍, അത്യാഹ്ലാദങ്ങള്‍ക്കിടയില്‍ നമ്മള്‍ ആ സഹായകന്റെ ജീവിതത്തെ ഒളിപ്പിച്ചുവെച്ചതാണോ? പാരമ്പര്യ വിശ്വാസ സംഹിതകള്‍ക്കിടയില്‍ എവിടെയെങ്കിലും സഹായകന്‍ മറഞ്ഞു കിടക്കുന്നുണ്ടോ?
അതേയെന്ന് എന്റെ മനസ്സ് പറയുന്നു പ്രിയ സുഹൃത്തേ... കാരണം, വെറും വാക്കില്‍ ഒരു 'സഹായകന്‍' എന്ന് പറഞ്ഞ് ഒന്നും വ്യക്തമാക്കാതെ കടന്നുകളയുകയല്ല യേശു ചെയ്തത്. വരാന്‍ പോകുന്ന സഹായകന്റെ പ്രത്യേകതകള്‍ കൃത്യമായി ലോകത്തിന് മുന്നില്‍ വിവരിക്കുകയും വ്യക്തമാക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം യാത്രയാകുന്നത്.
സഹായകന്റെ പ്രത്യേകതകളെക്കുറിച്ച് അദ്ദേഹം പറയുന്നു:
1. ''അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും'' (യോഹന്നാന്‍ 16:8).
2. ''അവന്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്ക് നയിക്കും'' (യോഹന്നാന്‍ 16:13).
3. ''അവന്‍ സ്വമേധയാ ആയിരിക്കില്ല സംസാരിക്കുന്നത്; അവന്‍ കേള്‍ക്കുന്നത് മാത്രം സംസാരിക്കും'' (യോഹന്നാന്‍ 16:14).
4. ''അവന്‍ വരാനിരിക്കുന്ന കാര്യങ്ങള്‍ നിങ്ങളെ അറിയിക്കും'' (യോഹന്നാന്‍ 16:14).
5. ''അവന്‍ എനിക്കുള്ളവയില്‍ നിന്ന് സ്വീകരിച്ച് നിങ്ങളോട് പ്രഖ്യാപിക്കും'' (യോഹന്നാന്‍ 16:14).
6. ''അവന്‍ എന്നെ മഹത്വപ്പെടുത്തും'' (യോഹന്നാന്‍ 16:14).
7. ''അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം നല്‍കും'' (യോഹന്നാന്‍ 16:14).
8. ''അവന്‍ ദൈവനാമത്തില്‍ ആയിരിക്കും സംസാരിക്കുക.''
കഴിഞ്ഞുപോയ 2014 വര്‍ഷങ്ങള്‍ എടുക്കുക. ഈ പ്രത്യേകതകള്‍ ഉള്ള ഏതെങ്കിലും മനുഷ്യനെ കാണാമോ? ലോകത്തിന്റെ മുക്കിലും മൂലയിലും പരതുക. ചരിത്രങ്ങള്‍ മുഴുവന്‍ തെരയുക. കണ്ണുകള്‍ കുഴഞ്ഞുപോകുവോളം നോക്കുക. അത്തരം ഒരു വ്യക്തിത്വത്തെ കാണാന്‍ കഴിയുന്നുവോ? മേല്‍ പറഞ്ഞ പ്രത്യേകതകളില്‍ ഓരോന്നിലും യോജിക്കുന്ന വിധത്തില്‍ ലോകത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി ജീവിച്ച ഒരു മഹാന്റെശബ്ദം എവിടെ നിന്നെങ്കിലും കേള്‍ക്കാന്‍ സാധ്യമാണോ? ഒരാളുമില്ലെന്നാണോ നീ പറയുന്നത്? ഒരാളെയും കാണുന്നില്ല!!
ഓരോ മഹാനെ എടുത്ത് മേല്‍ പറഞ്ഞ പ്രത്യേകതകളുമായി തട്ടിച്ചുനോക്കുമ്പോഴും നമ്മള്‍ തോറ്റുപോകുന്നു. ആദ്യത്തെ ഗുണമായ 'യേശുവിനെ മഹത്വപ്പെടുത്തുന്നവന്‍' എന്ന പ്രത്യേകതയില്‍ ഏതെങ്കിലും മഹാന്‍ ഒത്തുവന്നാല്‍ തന്നെ രണ്ടിലും മൂന്നിലും അയാള്‍ ഒത്തുവരാതെയാവുന്നു. ഇനി വാദം കൊണ്ട് ആരെങ്കിലും രണ്ടാമത്തെയോ മൂന്നാമത്തെയോ പ്രത്യേകതയില്‍ ഒത്തുവന്നുവെന്ന് സ്ഥാപിച്ചാല്‍ തന്നെ നാലിലും അഞ്ചിലും എട്ടിലുമൊക്കെ അയാള്‍ പിന്തള്ളപ്പെടുന്നു.
അപ്പോള്‍, ആ സഹായകന്‍, ആശ്വാസ ദായകന്‍, സത്യാത്മാവ് ഇനിയും വന്നില്ലെന്നാണോ? അല്ല സഹോദരാ.. യേശുവിന്റെ വാക്കുകളെ അത്ര ചെറുതായിക്കാണാന്‍ നമുക്കാവില്ല. 2014 വര്‍ഷങ്ങള്‍ക്കിടയില്‍ ജീവിച്ച ഒരേയൊരു മനുഷ്യനില്‍ മാത്രമായി ഈ പ്രത്യേകതകള്‍ ഒത്തുവരുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഇതത്ഭുതകരമല്ലേ? തനിക്ക് ശേഷം തന്റെ ദൗത്യം ഏറ്റെടുത്ത് വരാന്‍പോകുന്ന പുതിയ സന്ദേശവാഹകനെ കുറിച്ച് യേശു എട്ട് പ്രത്യേകതകള്‍ പറയുക, ആ പ്രത്യേകതകള്‍ ഒത്തു വരുന്ന ഒരേയൊരു മനുഷ്യന്‍ മാത്രം ഈ ലോകത്തുണ്ടാവുക. താനാണ് യേശു പറഞ്ഞ ആ മനുഷ്യന്‍ എന്ന്, ആഗതനായവന്‍ ലോകത്തോട് പറയുകയും അത് തെളിയിക്കുകയും ചെയ്യുക. അങ്ങനെ പറയുന്നവനും ലോകത്തില്‍ ഒരുവന്‍ മാത്രമായിരിക്കുക. ആ ഒരുവന്‍ യേശുവിന് ശേഷം ആഗതനായ പ്രവാചകന്‍ മുഹമ്മദ് അല്ലാതെ മറ്റാരാണ്? വരാന്‍ പോകുന്ന സഹായകന്റെ പ്രത്യേകതകളായി ബൈബിളില്‍ യേശു പറഞ്ഞ മുഴുവന്‍ കാര്യങ്ങളും ലോകത്തിലെ ഒരേയൊരു മനുഷ്യനില്‍ മാത്രം ഒത്തുവരുന്നു എങ്കില്‍ അത് ഒരു നിസ്സാരമായ കാര്യമാണോ?
അതല്ല, ഇനി മറ്റൊരാളെ കാണിച്ചുതരാന്‍ നിന്റെ അറിവിലുണ്ടെങ്കില്‍ പറയൂ. സന്തോഷത്തോടെ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഞാന്‍ തയാറാണ്. പക്ഷേ, ശരീരം ക്ഷീണിച്ചവശനാകുവോളം തെരഞ്ഞു നോക്കിയാലും അങ്ങനെയൊരു വ്യക്തിത്വത്തെ പകരം കാണിച്ചുതരാന്‍ ഒരാള്‍ക്കും കഴിയില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. മാത്രമല്ല സുഹൃത്തേ, മക്കയെന്ന മരുഭൂവില്‍ പിറവിയെടുത്ത ആ പ്രവാചകനിലൂടെ അവതരിപ്പിക്കപ്പെട്ട, യഹോവയുടെതന്നെ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനില്‍ യേശു സന്തോഷവാര്‍ത്ത അറിയിച്ച ആ സഹായകന്‍ തന്നെയാണ് മുഹമ്മദ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു:
''മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞത് ഓര്‍ക്കുക: 'ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണ്. എനിക്ക് മുമ്പേ അവതീര്‍ണമായ തൗറാത്തിനെ സത്യപ്പെടുത്തുന്നവന്‍. എനിക്ക് ശേഷം ആഗതനാകുന്ന അഹ്മദ് എന്ന പേരുള്ള ദൈവദൂതനെസംബന്ധിച്ച് സുവാര്‍ത്ത അറിയിക്കുന്നവനും.' അങ്ങനെ അദ്ദേഹം തെളിഞ്ഞ തെളിവുകളുമായി അവരുടെ അടുത്ത് വന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായും ഒരു മായാജാലം തന്നെ'' (ഖുര്‍ആന്‍ 61:6). ഈ ഒത്തുവരല്‍ നിസ്സാരമായി ഗണിക്കേണ്ട ഒന്നാണോ?
മുഹമ്മദ് പ്രവാചകന്‍ ഇവിടെ വരികയും താനാണ് യേശു പറഞ്ഞ ആ സഹായകന്‍ എന്ന് ലോകത്തോട് വിളിച്ചു പറയുകയും, മേല്‍പറഞ്ഞ മുഴുവന്‍ പ്രത്യേകതകളും അതീവ സുന്ദരമായി അദ്ദേഹത്തില്‍ ഒത്തുചേരുകയും ചെയ്തിട്ടും അതിലേക്ക് നമ്മള്‍ ശ്രദ്ധ കൊടുക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്? ഏത് തെളിവിന്റെയും ഏത് യുക്തിയുടെയും അടിസ്ഥാനത്തിലാണ് ഈ യാഥാര്‍ഥ്യത്തെ നമുക്ക് തള്ളിക്കളയാനാവുക? തള്ളിക്കളയുകയാണെങ്കില്‍ ഇനിയും ആ സഹായകന്‍ വന്നിട്ടില്ല എന്ന് താങ്കള്‍ക്ക് പറയേണ്ടിവരും. അങ്ങനെ പറഞ്ഞാല്‍ ഇനിയും താങ്കള്‍ക്ക് പരിഗണിക്കേണ്ട തെളിവുകള്‍ മേല്‍പറഞ്ഞത് തന്നെയല്ലേ? അതേ തെളിവുകള്‍ പരിഗണിക്കേണ്ടിവരുമ്പോള്‍ എന്തുകൊണ്ട് ഇതേ തെളിവുകള്‍ ഒത്തുവന്ന ഒരു പ്രവാചകനെ കണ്ടിട്ടും തിരിച്ചറിയാതെ പോകുന്നു!
Comments