Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 20

ദല്‍ഹി തെരഞ്ഞെടുപ്പ് <br> ഫലത്തിന്റെ സന്ദേശങ്ങള്‍

         മതേതര ജനാധിപത്യവാദികളെ ആഹ്ലാദിപ്പിക്കുന്ന ശുഭവൃത്താന്തമാണ് ഫെബ്രുവരി 10-ന് പുറത്തുവന്ന ദല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പ് ഫലം. രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളെയും എക്‌സിറ്റ് പോള്‍ ഫലങ്ങളെയുമെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് എ.എ.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷവും മറികടന്ന് 67 മണ്ഡലങ്ങളില്‍ വിജയിച്ച് 95 ശതമാനം സീറ്റുകളും സ്വന്തമാക്കിയിരിക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി മൂന്ന് സീറ്റിലൊതുങ്ങിയപ്പോള്‍ 15 വര്‍ഷം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് 'സംപൂജ്യരായി' വിരാജിക്കുകയാണ്! കുത്തക മുതലാളിമാര്‍ക്ക് മാത്രം ഗുണം ചെയ്യുന്ന സാമ്പത്തിക നയങ്ങളിലൂടെയും അഴിമതിയുടെ നഗ്ന താണ്ഡവത്തിലൂടെയും ജനജീവിതം ദുസ്സഹമാവുകയും മൃദുഹിന്ദുത്വത്തിലൂടെ വര്‍ഗീയശക്തികള്‍ക്ക് വളരാന്‍ അവസരമൊരുക്കുകയും ചെയ്തപ്പോഴാണ് യു.പി.എക്ക് ബദല്‍ എന്ന നിലയില്‍ എന്‍.ഡി.എ അധികാരത്തിലെത്തിയത്. നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികനാള്‍ പിന്നിടുന്നതിന് മുമ്പുതന്നെ രാജ്യത്ത് പുലരാന്‍ പോകുന്നത് ദുര്‍ദിനങ്ങളാണെന്ന ജനാധിപത്യ വിശ്വാസികളുടെ ആശങ്ക അസ്ഥാനത്തല്ലെന്നു തെളിഞ്ഞു തുടങ്ങി. ഇന്ത്യയില്‍ ഹിന്ദുരാജ് പുലര്‍ന്നുകഴിഞ്ഞു എന്ന ഭാവത്തിലായി സംഘ്പരിവാറിന്റെ നീക്കങ്ങള്‍.

നാട്ടിലുടനീളം ഘര്‍വാപസി എന്ന പേരില്‍ ഹിന്ദുത്വത്തിലേക്ക് കൂട്ട മതപരിവര്‍ത്തന മേളകള്‍ സംഘടിപ്പിക്കപ്പെടുന്നു. ബി.ജെ.പി എം.പിമാരുള്‍പ്പെടെയുള്ള ഹിന്ദുത്വ നേതാക്കള്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന പ്രസ്താവനകള്‍ നിരന്തരം പുറപ്പെടുവിക്കുന്നു. കഴിഞ്ഞ എട്ടു മാസങ്ങള്‍ക്കിടെ 18-ഓളം ന്യൂനപക്ഷ ദേവാലയങ്ങള്‍ ദല്‍ഹിയില്‍ മാത്രം ആക്രമിക്കപ്പെട്ടിരിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം ഉടനെ നിര്‍മിക്കണമെന്ന് ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവരില്‍ നിന്നുവരെ ആക്രോശമുയരുന്നു. സര്‍ക്കാര്‍ മെഷിനറികളും വിദ്യാഭ്യാസവും ശാസ്ത്ര ഗവേഷണവും വരെ കാവിവത്കരിക്കുന്ന നടപടികള്‍ മുറക്ക് മുന്നേറുന്നു. ഇതേച്ചൊല്ലി പാര്‍ലമെന്റ് ദിവസങ്ങളോളം ബഹളമയമായെങ്കിലും പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടാന്‍ കൂട്ടാക്കിയില്ല. ആ മൗനം ഒരര്‍ഥത്തില്‍ ഹിന്ദുത്വ താണ്ഡവങ്ങള്‍ക്കുള്ള അനുവാദമാണ്. ഇതിനൊക്കെത്തന്നെയാണ് തങ്ങള്‍ അധികാരം പിടിച്ചതെന്ന ബി.ജെ.പിയുടെ അഹന്തയും ധിക്കാരവുമാണ് അതിന്റെ മറ്റൊരര്‍ഥം. വാഗ്ദാനം ചെയ്യപ്പെട്ട നല്ല ദിനങ്ങള്‍ ഹിന്ദുത്വ ശക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും മാത്രമാണ് ലഭിച്ചത്. സാമാന്യ ജനം വിലക്കയറ്റത്തിന്റെയും ദാരിദ്ര്യത്തിന്റെയും അരക്ഷിതത്വത്തിന്റെയും ഇരകളായി തുടരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ നഖശിഖാന്തം എതിര്‍ത്ത കാര്യങ്ങളെല്ലാം അധികാരത്തിലെത്തിയപ്പോള്‍ യു.പി.എയെക്കാള്‍ ആവേശത്തോടെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് എന്‍.ഡി.എ. ആധാര്‍ മുതല്‍ ആണവ കരാര്‍ വരെയുള്ള എല്ലാ നീക്കങ്ങളിലും അതാണ് കാണാനാകുന്നത്. എങ്കിലും നരേന്ദ്രമോദി എന്ന 'അതിമാനുഷന്‍' താമസിയാതെ നല്ല ദിനങ്ങള്‍ കൊണ്ടുവരുമെന്ന വ്യാമോഹം ജനങ്ങളില്‍ നിലനിര്‍ത്താന്‍ കുറച്ചുകാലം ബി.ജെ.പിക്ക് കഴിഞ്ഞു. അതുകൊണ്ട് നേരത്തേ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ വിജയം ആവര്‍ത്തിക്കുകയായിരുന്നു. സംഘ്പരിവാര്‍ സൃഷ്ടിച്ച ഒരു വിഗ്രഹം മാത്രമാണ് മോദിയെന്നും തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹത്തില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ലെന്നും ജനം തിരിച്ചറിഞ്ഞു തുടങ്ങിയതിന്റെ ആദ്യ ലക്ഷണമാണ് ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം. ബി.ജെ.പിയുടെ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും നെഞ്ചത്ത് ഊക്കില്‍ ചവിട്ടി മലര്‍ത്തിയിരിക്കുകയാണ് ദില്ലി വോട്ടര്‍മാര്‍. ദില്ലിയില്‍, തന്നെ അനുസരിക്കുന്ന മുഖ്യമന്ത്രി വേണമെന്നായിരുന്നു നരേന്ദ്രമോദിയുടെ ഇലക്ഷന്‍ പ്രചാരണം. മോദിയെ അനുസരിക്കുന്ന മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും മാനിക്കുന്ന മുഖ്യമന്ത്രിയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് അവര്‍ മുഖത്തടിച്ച പോലെ മറുപടി നല്‍കിയിരിക്കുന്നു.

തീര്‍ച്ചയായും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും കാര്യക്ഷമതയും വിളിച്ചോതുന്ന ചരിത്ര സംഭവമാണിത്. വന്‍കിട മുതലാളിമാരും കോര്‍പ്പറേറ്റുകളുമല്ല; റിക്ഷക്കാരും ചേരിവാസികളുമാണ് ഈ ചരിതം കുറിച്ചത്. നേരത്തേ ബി.ജെ.പിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന വീണ്ടുവിചാരവും, എന്നാല്‍ കോണ്‍ഗ്രസ് ബി.ജെ.പിക്ക് ബദലാകുന്നില്ല എന്ന ഉറച്ച നിലപാടും ഈ തെരഞ്ഞെടുപ്പില്‍ പ്രകടമായി. കോണ്‍ഗ്രസ്സില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും ചോര്‍ന്നുപോയതാണ് എ.എ.പിക്ക് ലഭിച്ച വോട്ടിന്റെ നല്ലൊരു ശതമാനം. എസ്.പി, ബി.എസ്.പി കക്ഷികളുടെയും ഇടതുപക്ഷ കക്ഷികളുടെയും വോട്ടും ലഭിച്ചിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിനതീതമായ ഒരു വോട്ടിംഗ് പാറ്റേണ്‍ ഉടലെടുക്കുന്നതിന്റെ സൂചനയായും ഇതിനെ കാണാം. ജനങ്ങളോടൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുമെന്നും അഴിമതി മുക്തമായ ഭരണം കാഴ്ചവെക്കുമെന്നും ഉറപ്പുനല്‍കുന്നവരെ കക്ഷി ഭേദം മറന്ന് പിന്തുണക്കാന്‍ ജനങ്ങള്‍ തയാറാകുന്നു. ഈ വര്‍ഷം ബിഹാറിലും അടുത്ത വര്‍ഷം പഞ്ചാബിലും നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിലേക്കുള്ള ഒരു ചൂണ്ടുപലക കൂടിയാണിത്. എല്ലാ പാരമ്പര്യ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ദല്‍ഹി തെരഞ്ഞെടുപ്പില്‍ നിന്ന് പാഠങ്ങള്‍ പലതും പഠിക്കാനുണ്ട്. ദില്ലി പരാജയത്തെത്തുടര്‍ന്ന് സോണിയാ ഗാന്ധിയുടെ പടിവാതില്‍ക്കല്‍ തടിച്ചുകൂടി, പാര്‍ട്ടി നേതൃത്വം രാഹുല്‍ ഗാന്ധിയില്‍ നിന്ന് പ്രിയങ്കാ ഗാന്ധിയിലേക്ക് മാറ്റണമെന്ന് മുറവിളി കൂട്ടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി സൂചിപ്പിക്കുന്നത് തോല്‍വിയുടെ യഥാര്‍ഥ കാരണമായ സാമ്പത്തിക, രാഷ്ട്രീയ നയനിലപാടുകള്‍ പുനഃപരിശോധിക്കാന്‍ ആ പാര്‍ട്ടി ഇനിയും സന്നദ്ധമായിട്ടില്ലെന്നാണ്.

ജനങ്ങളോടൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന നീതിയുക്തവും അഴിമതിമുക്തവുമായ ഭരണം കാഴ്ചവെക്കുമെന്ന വിശ്വാസം ജനങ്ങളിലുളവാക്കാന്‍ അരവിന്ദ് കെജ്‌രിവാളിനു കഴിഞ്ഞു. അദ്ദേഹം ആഗ്രഹിച്ചതില്‍ കവിഞ്ഞ വിജയം എ.എ.പിക്ക് സമ്മാനിച്ചുകൊണ്ട് അവരാ വിശ്വാസം പ്രകാശിപ്പിച്ചിരിക്കുകയാണ്. ഇനി ജനവിശ്വാസം നിലനിര്‍ത്തുകയും അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം കെജ്‌രിവാളിനും പാര്‍ട്ടിക്കുമാണ്. തികഞ്ഞ വിനയത്തോടും വിവേകത്തോടും കൂടിയാണ് കെജ്‌രിവാള്‍ എ.എ.പിയുടെ വിജയത്തോട് പ്രതികരിച്ചത്. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരിക്കുന്നു. അത് പൂര്‍ത്തീകരിക്കുക അത്ര എളുപ്പമാവില്ല. അദ്ദേഹത്തിന്റെ മാത്രം നിയന്ത്രണത്തിലല്ല വാഗ്ദത്തം ചെയ്യപ്പെട്ട പല കാര്യങ്ങളും. ഉദാഹരണം ദല്‍ഹിയെ പ്രത്യേക സംസ്ഥാനമാക്കുന്ന കാര്യം. അയല്‍ സംസ്ഥാനങ്ങളും കേന്ദ്രവും കൂടി മനസ്സ് വെച്ചാലേ അത് നടക്കൂ. വിലക്കയറ്റം ദേശീയ പ്രതിഭാസമാണ്. ദല്‍ഹി പോലൊരു കൊച്ചു സംസ്ഥാനത്തിന് അതിനെ തടയിടാന്‍ പരിമിതികളുണ്ട്. എങ്കിലും പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കിയാല്‍ താഴെ തട്ടിലുള്ളവര്‍ക്ക് ഒരളവോളം ആശ്വാസമാകും. ജനപ്രതിനിധികള്‍ നിശ്ചയദാര്‍ഢ്യത്തോടെ നിലകൊള്ളുകയും ജനങ്ങളുടെയും ഉദ്യോഗസ്ഥ വിഭാഗത്തിന്റെയും സഹകരണം ലഭിക്കുകയും ചെയ്താല്‍ അഴിമതി നിര്‍മാര്‍ജനം ഏറക്കുറെ സാധ്യമാകും. ആ ലക്ഷ്യം പകുതിയെങ്കിലും നേടാന്‍ കഴിഞ്ഞാല്‍ തന്നെ എ.എ.പി ഭരണം ഇതര സംസ്ഥാനങ്ങള്‍ക്ക് വിശിഷ്ട മാതൃകയാകും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 96-100
എ.വൈ.ആര്‍