Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 20

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രതിസന്ധി

എ.ആര്‍ /ലേഖനം

         കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(സി.പി.ഐ)യുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്)യുടെയും സംസ്ഥാന സമ്മേളനങ്ങളും തുടര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സുകളും നടക്കാനിരിക്കുകയാണ്. അതിന് മുമ്പായി ഇരു പാര്‍ട്ടികളുടെയും ബ്രാഞ്ച് കമ്മിറ്റികള്‍ മുതല്‍ കേന്ദ്ര കമ്മിറ്റികള്‍ വരെയുള്ള തെരഞ്ഞെടുപ്പുകള്‍ വ്യവസ്ഥാപിതമായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ആ പ്രക്രിയയും ഏറെ പിന്നിട്ടു കഴിഞ്ഞു. പക്ഷേ, ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും പ്രത്യേകമായും ഇടതുപക്ഷത്തിന് പൊതുവായും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയെക്കുറിച്ച വിശകലനങ്ങളോ, കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുള്ള ഗൗരവപൂര്‍വമായ ആലോചനകളോ, രാജ്യത്താകെ മതേതര പാര്‍ട്ടികള്‍ക്ക് സംഭവിച്ച അഭൂതപൂര്‍വമായ പരാജയത്തില്‍ കലാശിച്ച സാഹചര്യങ്ങളെപ്പറ്റി സൂക്ഷ്മമായി അവലോകനം ചെയ്യാനുള്ള വ്യഗ്രതയോ ഒന്നുമല്ല കാണാനാവുന്നത്. ഇടക്കാലത്ത് സ്വീകരിച്ച അടുവനയങ്ങള്‍ പരാജയമായിരുന്നുവെന്നും അല്ല നയങ്ങള്‍ നടപ്പാക്കുന്നതിലെ പരാജയമാണ് തിരിച്ചടിക്ക് കാരണമെന്നുമുള്ള സംവാദം സി.പി.എം നേതൃത്വത്തില്‍ നടക്കുന്നുണ്ടെങ്കിലും  ഒരേ മുന്നണിയില്‍ പങ്കാളികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലെ വിഴുപ്പലക്കലും ആരോപണ പ്രത്യാരോപണങ്ങളും ഓരോ പാര്‍ട്ടിയിലും സെക്രട്ടറിമാരായി ആരെ തെരഞ്ഞെടുക്കണം എന്നതിനെ ചുറ്റിപ്പറ്റിയുള്ള കരുനീക്കങ്ങളുമാണ് മുഖ്യമായും നടക്കുന്നത്.

മാര്‍ക്‌സിസം-ലെനിനിസത്തിന്റെ ശക്തമായ അടിത്തറകളില്‍ ഘടനാപരമായി ഡെമോക്രാറ്റിക് സെന്‍ട്രലിസം അംഗീകരിച്ച കാഡര്‍ പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്ത് സോവിയറ്റ് യൂനിയനിലെ താഷ്‌കണ്ഡില്‍ രൂപീകൃതമായ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സന്ദേശം എം.എന്‍ റോയിയിലൂടെയാണ് ആദ്യമായി ഇന്ത്യയില്‍ എത്തിയതെന്നതാണ് ചരിത്രം. എന്നാല്‍ പിന്നീട് ഹ്യൂമനിസ്റ്റായി മാറിയ റോയിക്ക് പകരം മുസഫര്‍ അഹ്മദിനെ പോലുള്ള വിപ്ലവകാരികളാണ് തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ നായകരായി വന്നത്. 1925-ലാണ് സി.പി.ഐ ഔപചാരികമായി നിലവില്‍ വന്നതെന്ന് രേഖകളില്‍ കാണുന്നു. മുഖ്യമായും തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് വളര്‍ന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം അധികാരികളുടെ അടിച്ചമര്‍ത്തല്‍ നടപടികളെയും കല്‍തുറുങ്കുകളെയും നിരോധത്തെയും അതിജീവിച്ചു. 1952-ല്‍ സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ തെരഞ്ഞെടുപ്പ് ആവുമ്പോഴേക്ക് സായുധ വിപ്ലവത്തിന്റെ സാമ്പ്രദായിക മാര്‍ഗം ഉപേക്ഷിച്ചു പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പാതയിലേക്ക് മാറിക്കഴിഞ്ഞിരുന്നു. അതിപ്രധാനവും അടിസ്ഥാനപരവുമായ ഈ മാറ്റം ഉള്‍ക്കൊള്ളാനാവാത്തവര്‍ അന്നും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നെങ്കിലും വേറിട്ടൊരു പാര്‍ട്ടിയായി മാറാന്‍ അവര്‍ക്കായില്ല. പ്രഥമ തെരഞ്ഞെടുപ്പില്‍ ബംഗാള്‍, ബിഹാര്‍, മദ്രാസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേട്ടങ്ങളുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുകയും ചെയ്തു. ട്രേഡ് യൂനിയനിസവും നിരന്തര തൊഴില്‍ സമരങ്ങളും ജനകീയ പ്രക്ഷോഭങ്ങളുമാണ് അടിസ്ഥാന വര്‍ഗത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കിക്കൊടുത്തത്. എസ്.എ ഡാങ്കെ, അജയ് ഘോഷ്, സി. രാജേശ്വര റാവു, എ.കെ ഗോപാലന്‍, ബി.ടി രണദിവെ, ഭൂപേശ് ഗുപ്ത, പി. സുന്ദരയ്യ, ജി. അധികാരി, ഇന്ദ്രജിത്ത് ഗുപ്ത, ഇ.എം.എസ് നമ്പൂതിരിപ്പാട്, ബസവ പുന്നയ്യ, ജ്യോതിബസു തുടങ്ങിയ പ്രഗത്ഭരായ നേതാക്കളാല്‍ നയിക്കപ്പെട്ട പാര്‍ട്ടിക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് 1964-ലെ പിളര്‍പ്പോടെയാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സോവിയറ്റ് അനുകൂല വിദേശനയവും ജനാധിപത്യ സോഷ്യലിസത്തിനനുസൃതമായ സാമ്പത്തിക നയവും സ്വീകരിച്ചപ്പോള്‍ അതിനോട് സമരസപ്പെടുന്നതായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍, രാഷ്ട്രാന്തരീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം സോവിയറ്റ് ലൈനും ചൈനീസ് ലൈനുമായി കുറുകെ പിളരുകയും ഇന്ത്യയിലും അത് അനുരണനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഒപ്പം നെഹ്‌റു സര്‍ക്കാറിന്റെ ബൂര്‍ഷ്വാ സമീപനങ്ങളോട് ഇന്ത്യന്‍ കമ്യൂണിസ്റ്റുകളില്‍ ഒരു വിഭാഗത്തിന് കഠിനമായ എതിര്‍പ്പും ഉണ്ടായി. അതിനിടെയാണ് 1962-ല്‍ അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന് ചൈന ഇന്ത്യയെ കടന്നാക്രമിക്കുന്നതും നെഹ്‌റു സര്‍ക്കാറിന് ആയുധ സഹായത്തിന് നാറ്റോവിനെ അവലംബിക്കേണ്ടിവന്നതും. ചൈനീസ് ലൈനിനോട് ആഭിമുഖ്യം പുലര്‍ത്തിയ കമ്യൂണിസ്റ്റുകളുടെ കൂറ് സംശയിച്ച സര്‍ക്കാര്‍ അത്തരക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങി. യുദ്ധാനന്തരം ജയില്‍ മോചിതരായ നേതാക്കള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലൈനില്‍ നിന്ന് മാറിച്ചിന്തിച്ചപ്പോള്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് അനിവാര്യമായി. അങ്ങനെയാണ് കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇ.എം.എസ്, എ.കെ ഗോപാലന്‍, വി.എസ് അച്യുതാനന്ദന്‍, പി. സുന്ദരയ്യ, ബസവ പുന്നയ്യ, രണദിവെ തുടങ്ങി 39 പേര്‍ പുറത്ത് പോയി സി.പി.ഐ(എം) പാര്‍ട്ടിക്ക് രൂപം നല്‍കിയതും അരിവാള്‍ ചുറ്റികയോടൊപ്പം നക്ഷത്രം കൂടി ആലേഖനം ചെയ്ത ചെങ്കൊടി പിടിച്ച് ഇടത്തോട്ട് തിരിഞ്ഞതും. തുടക്കത്തില്‍ ഭീകരമായിരുന്നു രണ്ടു പാര്‍ട്ടികളും തമ്മിലെ പോരാട്ടം. വലതര്‍, ഡാങ്കോയിസ്റ്റുകള്‍ എന്നീ പേരുകളില്‍ സി.പി.ഐക്കാരെ സി.പി.എമ്മുകാര്‍ അധിക്ഷേപിച്ചപ്പോള്‍ ഇടതര്‍, ചൈനാ ചാരന്മാര്‍ എന്നൊക്കെയാണ് തിരിച്ചടിയുണ്ടായത്. നേതാക്കളില്‍ ഭൂരിഭാഗവും സി.പി.ഐയില്‍ നിലയുറപ്പിച്ചപ്പോള്‍ കമ്യൂണിസ്റ്റ് ശക്തി കേന്ദ്രമായ ബംഗാളിലും കേരളത്തിലും സി.പി.എമ്മാണ് വ്യക്തമായ മേല്‍ക്കൈ നേടിയത്. 1965-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പി.ടി ചാക്കോയുടെ അനുയായികള്‍ രൂപവത്കരിച്ച കേരള കോണ്‍ഗ്രസ്സും പിളര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളും മുസ്‌ലിം ലീഗുമെല്ലാം ഒറ്റക്കൊറ്റക്ക് ജനവിധി തേടിയപ്പോള്‍ സി.പി.എം 40 സീറ്റുകള്‍ നേടി, സി.പി.ഐക്ക് മൂന്നേ മൂന്ന് സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. പക്ഷേ, ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ നിയമസഭ പിരിച്ചുവിടപ്പെടുകയാണുണ്ടായത്. എന്തായിരുന്നാലും കമ്യൂണിസ്റ്റുകാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ബംഗാളിലും കേരളത്തിലും ത്രിപുരയിലും അന്നു മുതല്‍ ഇന്നുവരെ സി.പി.ഐക്ക് സി.പി.എമ്മിന്റെ കൂടെ ചേര്‍ന്നുകൊണ്ടല്ലാതെ അസ്തിത്വം തെളിയിക്കാനായിട്ടില്ല. അതേയവസരത്തില്‍ യു.പി. ബിഹാര്‍, ആന്ധ്ര മുതലായ സംസ്ഥാനങ്ങളില്‍ നേതാക്കളും ബുദ്ധിജീവികളും സാഹിത്യകാരന്മാരും പൊതുവെ സി.പി.ഐയോടൊപ്പമായിരുന്നു താനും. സോവിയറ്റ് യൂനിയന്‍ നിലവിലുണ്ടായിരുന്ന കാലത്ത് ആ വന്‍ശക്തിയുടെ രക്ഷാകര്‍തൃത്വം പാര്‍ട്ടിക്ക് പിടിവള്ളിയായതും അനുസ്മരിക്കണം. എന്നാല്‍, സോവിയറ്റ് യൂനിയന്റെ തിരോധാനത്തോടെ മൊത്തം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിലയില്ലാ കയത്തിലേക്ക് എടുത്തെറിയപ്പെട്ടതോടൊപ്പം സി.പി.ഐ തീര്‍ത്തും അനാഥാവസ്ഥയിലായി. 1964-ല്‍ കനുസന്യാലും ചാരുമജൂംദാറും കൂട്ടുകാരും പാര്‍ലമെന്ററി ജനാധിപത്യത്തെ പാടെ തിരസ്‌കരിച്ച് സി.പി.ഐ (എം.എല്‍) രൂപവത്കരിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ തിരിച്ചടിയായി. മാവോ സെ തൂങ്ങിന്റെ ചൈനീസ് പാത തെരഞ്ഞെടുത്ത തീവ്ര കമ്യൂണിസ്റ്റുകള്‍ പലതായി പിളര്‍ന്നതോടെ തികച്ചും ശിഥിലമായെങ്കിലും വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണിയായിരിക്കുന്നത് മാവോയിസ്റ്റുകളാണ്. സി.പി.ഐ(എം.എല്‍)ല്‍ അവശേഷിക്കുന്നവര്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ടെങ്കിലും ആദിവാസികളിലും ഗിരിവര്‍ഗക്കാരിലും മറ്റു പ്രാന്തവത്കൃത വിഭാഗങ്ങളിലും മാവോയിസ്റ്റുകള്‍ക്കാണ് സ്വാധീനം. ഇന്ത്യയിലെ മൊത്തം 225 ജില്ലകള്‍ നക്‌സല്‍ ബാധിത പ്രദേശങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്രകാരം ശിഥിലമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പുനരേകീകരണം അതീവ ദുഷ്‌കരമാണെന്നാണ് സമീപകാലത്തെ സൂചനകള്‍. എന്നാല്‍, ഐക്യപ്പെടാനുള്ള നീക്കങ്ങള്‍ നടക്കുന്നു. അതിനിടയിലാണ് പാര്‍ട്ടി തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന സി.പി.ഐ-സി.പി.എം കലഹം. കോണ്‍ഗ്രസ്സുമായി ഗതകാലത്ത് കൂട്ടുചേര്‍ന്നതിനെയും കോണ്‍ഗ്രസ്സ് മുന്നണി സര്‍ക്കാറുകളില്‍ പങ്കുവഹിച്ചതിനെയും കുറിച്ചാണ് വാക് ശരങ്ങളെങ്കിലും ഇരു പാര്‍ട്ടികളും കോണ്‍ഗ്രസ്സുമായി പല സംസ്ഥാനങ്ങളിലും ഘട്ടങ്ങളിലും ധാരണയിലേര്‍പ്പെട്ടിരുന്നുവെന്ന ചരിത്ര സത്യം നിഷേധിക്കാനാവില്ല. സി.പി.ഐ അടിയന്തരാവസ്ഥകാലത്ത് കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ഭരിക്കുകയായിരുന്നു കേരളത്തില്‍. അന്ന് പ്രതിപക്ഷത്തായിരുന്ന സി.പി.എം അടിയന്തരാവസ്ഥയെത്തുടര്‍ന്നുള്ള കുറച്ചുകാലം കോണ്‍ഗ്രസ് ആന്റണി ഗ്രൂപ്പുമായി സഖ്യം ചേര്‍ന്നിരുന്നു. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ചേര്‍ന്ന ഇടതുമുന്നണി യു.പി.എയെ ഒന്നാം ഊഴത്തില്‍ പിന്തുണച്ചതും അനിഷേധ്യം. ബി.ജെ.പി മുഖ്യശത്രുവായി വന്നേടത്തൊക്കെ ഇടതുമുന്നണി സ്ഥാനാര്‍ഥികളില്ലെങ്കില്‍ കോണ്‍ഗ്രസ്സിനെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിന്തുണച്ചത്. മതേതരത്വവും ഫാഷിസവും ഏറ്റുമുട്ടുമ്പോള്‍ മറ്റൊരു നിലപാട് സ്വീകരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കാവില്ല. ഇതേ ചൊല്ലിയൊക്കെ ഈ പ്രളയകാലത്ത് അന്യോന്യം കൊമ്പു കോര്‍ക്കുന്നതിനെക്കുറിച്ച് 'വിനാശകാലേ വിപരീത ബുദ്ധി' എന്നേ പറയാനാവൂ. തെരഞ്ഞെടുപ്പുകളില്‍ ഫാഷിസ്റ്റുകള്‍ക്കെതിരെ മതേതര പാര്‍ട്ടി സ്ഥാനാര്‍ഥികളെ പിന്താങ്ങുകയെന്ന സുദൃഢ നിലപാടിന്റെ ഭാഗമായി ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി നല്‍കിയ പിന്തുണ കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥികള്‍ സ്വീകരിച്ചതും ഇതിനിടയില്‍ പരാമര്‍ശിക്കപ്പെട്ടു. പക്ഷേ, രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ തേടുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നതാണ് പരമാര്‍ഥം. സി.പി.ഐയുടെ സമുന്നത നേതാവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ എ.ബി ബര്‍ദ്വാന്‍ ഓക്‌ലയിലെ ജമാഅത്ത് കേന്ദ്രത്തില്‍ നേരിട്ട് ചെന്ന് മണിക്കൂറകളോളം സംസാരിച്ചതും പിന്തുണ തേടിയതും എങ്ങനെ നിഷേധിക്കാനാവും? അതുപോലെ ജമാഅത്തിന്റെ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസനും മജ്‌ലിസ് ശൂറാംഗമായ മുജ്തബാ ഫാറൂഖും ദല്‍ഹിയിലെ എ.കെ.ജി ഭവനില്‍ സി.പി.എം നേതാക്കളുമായി ഇലക്ഷന്‍ ചര്‍ച്ചകള്‍ നടത്തിയതും സംഭവമാണ്. ഇതൊന്നും തള്ളിപ്പറഞ്ഞ് ഇരു പാര്‍ട്ടികള്‍ക്കും മുന്നോട്ട് നീങ്ങാനാവില്ലെന്ന് മാത്രമല്ല, ദുര്‍ബലമായിക്കഴിഞ്ഞ ജനകീയാടിത്തറ ഒരളവോളമെങ്കിലും വീണ്ടെടുക്കണമെങ്കില്‍ ന്യൂനപക്ഷ സംഘടനകളുമായി തുറന്ന ചര്‍ച്ചകള്‍ക്കും വിശാല ധാരണകള്‍ക്കും തയാറാവേണ്ടിയും വരും. എന്നാല്‍, വര്‍ഗീയ ധ്രുവീകരണത്തിലൂടെ രംഗം കൈയടക്കിയ സംഘ്പരിവാര്‍, ന്യൂനപക്ഷ പ്രീണനാരോപണത്തിലൂടെ നേട്ടം കൊയ്യുമെന്ന ഭീതി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ട്. അതുകൊണ്ട് കൂടിയാണ് ഐ.എന്‍.എല്‍ പോലുള്ള സാമുദായിക രാഷ്ട്രീയ പാര്‍ട്ടികളെ ഇടതു മുന്നണിയിലെടുക്കാന്‍ ഇപ്പോഴും അവര്‍ അറച്ചുനില്‍ക്കുന്നത്. അതേയവസരത്തില്‍ പരോക്ഷമായി വോട്ട് പതിച്ചു നല്‍കുന്നതുകൊണ്ട് തൃപ്തിപ്പെടാന്‍ എത്ര ചെറിയ കക്ഷികളും തയാറുമല്ല. ഇതടക്കമുള്ള ധര്‍മസങ്കടക്കടലിന്റെ നടുവിലാണിപ്പോള്‍ ഇടതുപക്ഷം. ജനതാ ദള്‍ പരിവാറിന്റെ പുനരേകീകരണ നീക്കം സഫലമായാല്‍ അവരുമായി കൂട്ടുചേരാന്‍ ഇടതുപക്ഷം ശ്രമിക്കാനാണിട. പക്ഷേ ഇടതുപക്ഷത്തിനു സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ജനതാ ദള്‍ ഗ്രൂപ്പുകളോ, ജനതാ ദള്‍ ശക്തി തെളിയിച്ചേടത്ത് ഇടതുപാര്‍ട്ടികളോ പ്രബലമല്ലെന്നതാണ് ഇത്തരം കൂട്ടായ്മകളുടെ ദൗര്‍ബല്യം.

ചുരുക്കത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ കഴിയുന്നതോടെ പാളിച്ചകള്‍ തിരുത്താനും പ്രത്യയശാസ്ത്രപരമായ പുനരായുധീകരണത്തിന് തയാറാവാനും പുതിയ അടവ് നയങ്ങള്‍ ആവിഷ്‌കരിക്കാനുമുള്ള വഴി തുറന്നാല്‍ പോലും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കടന്നുപോവുന്നത്. കോണ്‍ഗ്രസ്സടക്കമുള്ള മതേതര പാര്‍ട്ടികളുടെ വിശാല മുന്നണി രൂപപ്പെടുകയും ഇടതുപക്ഷം അതിന്റെ ഭാഗമാവുകയും ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു ഫാഷിസവും മോദിയിസവും ഉയര്‍ത്തുന്ന കനത്ത വെല്ലുവിളികളെ അതിജീവിക്കാനുള്ള ശേഷി എന്നേ ഈ ഘട്ടത്തില്‍ പറയാനാവൂ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 96-100
എ.വൈ.ആര്‍