Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 20

ഫലത്തില്‍ പ്രസിഡന്റ് ഇദ്ദേഹം തന്നെ- <br> മുഹമ്മദ് അലി ഹൂഥി

അബൂസ്വാലിഹ

ഫലത്തില്‍ പ്രസിഡന്റ് ഇദ്ദേഹം തന്നെ-
മുഹമ്മദ് അലി ഹൂഥി

മനിലെ ഭരണമാറ്റം ഒട്ടും അപ്രതീക്ഷിതമല്ല. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ തന്നെ തലസ്ഥാന നഗരിയായ സ്വന്‍ആയിലെ എല്ലാ ഭരണസ്ഥാപനങ്ങളും ഇറാന്‍ അനുകൂല വിമത ഗ്രൂപ്പായ അന്‍സ്വാറുല്ല എന്ന ഹൂഥി (ശിഈ) മിലീഷ്യയുടെ കൈവശമായിക്കഴിഞ്ഞിരുന്നു. അക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല എന്നേയുള്ളൂ. ഇപ്പോഴവര്‍ പാര്‍ലമെന്റ് പിരിച്ച് വിട്ടിരിക്കുന്നു. അടുത്ത രണ്ട് വര്‍ഷം യമന്‍ ഭരിക്കുക അവര്‍ രൂപം കൊടുക്കുന്ന സുരക്ഷാ കൗണ്‍സില്‍ ആയിരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 551 അംഗ ദേശീയ കൗണ്‍സിലും രൂപീകരിക്കും. പ്രസിഡന്റ് അബ്ദുര്‍റബ്ബ് ഹാദിയെ പുറത്താക്കി തലസ്ഥാന നഗരി പിടിച്ചടക്കിയതിനെ രാജ്യത്തെ പ്രധാന കക്ഷികളെല്ലാം 'ഭരണഘടനാ അട്ടിമറി'യായാണ് കാണുന്നത്. 'യമന്‍ അല്‍ഖാഇദയുടെ കൈകളിലേക്ക് വീണുപോകാതിരിക്കാനാണ് തങ്ങള്‍ അധികാരം കൈയേറ്റത്' എന്ന ഹൂഥി നേതാവ് അബ്ദുല്‍ മലികിന്റെ വിശദീകരണമൊന്നും ആര്‍ക്കും ദഹിച്ചിട്ടില്ല. വിദേശ രാജ്യങ്ങളെ 'അല്‍ഖാഇദ' പറഞ്ഞ് പേടിപ്പിച്ച് അവരുടെ സഹായം കൈക്കലാക്കാന്‍ ഇറക്കിയ കാര്‍ഡായി മാത്രമേ ഈ വിശദീകരണത്തെ മറ്റു കക്ഷികള്‍ കാണുന്നുള്ളൂ.

ഹൂഥികള്‍ ഭരണം പിടിച്ചതില്‍ പ്രതിഷേധിച്ച് രാജ്യമൊട്ടാകെ വന്‍ പ്രതിഷേധ റാലികള്‍ നടന്നുവരുന്നതായാണ് വാര്‍ത്തകള്‍. മുന്‍ ഏകാധിപതി അബ്ദുല്ല സാലിഹിനെ താഴെയിറക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച വിദ്യാര്‍ഥി കൂട്ടായ്മകളും സമരരംഗത്ത് കൂടുതല്‍ സജീവമാവുകയാണ്. ഉത്തര യമനില്‍ മാത്രം സ്വാധീനമുള്ള ഹൂഥികള്‍ക്ക് മുക്കാല്‍ ഭാഗത്തോളം വരുന്ന സുന്നി ഭൂരിപക്ഷ മേഖലയായ ദക്ഷിണ യമനില്‍ അധികാരമുറപ്പിക്കുക ഏറെ ദുഷ്‌കരമായിരിക്കും. അരാജകത്വം അല്‍ഖാഇദക്കാര്‍ മുതലെടുക്കുമെന്നും ഉറപ്പ്. ഈ അതിസങ്കീര്‍ണ സാഹചര്യത്തെ ഹൂഥികള്‍ എങ്ങനെ മറികടക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ആരായിരിക്കും യമന്‍ ഭരിക്കുന്ന ഹൂഥി നേതാവ്? ഇപ്പോള്‍ തെളിഞ്ഞ് വരുന്ന ചിത്രം മുഹമ്മദ് അലി ഹൂഥി എന്നൊരാളുടേതാണ്. ഹൂഥി മിലീഷ്യ കമാന്റര്‍മാരിലൊരാള്‍. ഇയാള്‍ നേരത്തേ ചിത്രത്തിലെങ്ങും ഉണ്ടായിരുന്നില്ല. മനഃപൂര്‍വം അയാളെ ഉയര്‍ത്തിക്കാണിക്കാതിരുന്നതുമാവാം. അബ്ദുല്‍ മലിക് അല്‍ ഹൂഥി മാത്രമാണ് നേരത്തേ ഉയര്‍ത്തിക്കാണിക്കപ്പെട്ടിരുന്ന നേതാവ്. ഇവര്‍ സഹോദരന്മാരാണെന്നും സംസാരമുണ്ട്.

മുഹമ്മദ് അലി ഹൂഥി ഇറാനില്‍ പോയി അവിടത്തെ വിപ്ലവ ഗാര്‍ഡില്‍ സൈനിക പരിശീലനം കഴിഞ്ഞ് തിരിച്ച് വന്നയാളാണ്. ഇത് സംബന്ധമായ വിശദാംശങ്ങളെല്ലാം തന്ത്രപരമായ കാരണങ്ങളാല്‍ ഇപ്പോഴും രഹസ്യമാക്കി വെച്ചിരിക്കുകയാണ്. നിലവിലെ പ്രസിഡന്റിനെ പുറത്താക്കിയ ശേഷം പ്രഖ്യാപിക്കപ്പെട്ട വിപ്ലവ കൗണ്‍സിലിന്റെ തലവനാണ് ഇപ്പോള്‍ അദ്ദേഹം. ശേഷം അദ്ദേഹം 'യമന്‍ ഭരണഘടനാ പ്രഖ്യാപന'വും നടത്തി. ഫലത്തില്‍ പ്രസിഡന്റ് തന്നെ! പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഇദ്ദേഹവും പരിവാരങ്ങളുമാണ് ഇപ്പോള്‍ താമസിക്കുന്നത്. 

ഇസബെല്ല മാറ്റിക്

ഫ്രഞ്ച് സിനിമ നിര്‍മാതാവും സംവിധായകയുമായ ഇസബെല്ല മാറ്റികിന്റെ തീരുമാനം തീര്‍ത്തും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ഷാര്‍ലി എബ്‌ദോ ഭീകരാക്രമണം നടന്നിട്ട് അപ്പോഴേക്കും ഏതാനും ദിവസങ്ങളെ കഴിഞ്ഞിട്ടുള്ളൂ. അവര്‍ തന്റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ കുറിച്ചു: ''ഇസ്‌ലാമിന്റെ പ്രഥമ സ്തംഭത്തിലൂടെ ഞാന്‍ ഇന്ന് കടന്നുപോയി. അല്ലാഹുവല്ലാതെ ദൈവമില്ല, മുഹമ്മദ് അവന്റെ പ്രവാചകനാകുന്നു.'' ഷാര്‍ലി എബ്‌ദോ ആക്രമണത്തിന് ശേഷമുള്ള സംഭവങ്ങളാണ് തന്നെ ഇസ്‌ലാമില്‍ എത്തിച്ചതെന്ന് ഇസബെല്ല പറയുന്നു. മൊറോക്കന്‍ അഭിനേതാവ് ഹിഷാം ബഹ്‌ലൂലിന്റെ മാര്‍ഗനിര്‍ദേശങ്ങളും തനിക്ക് തുണയായി.

പ്രവാചകനെ അപഹസിക്കുന്ന കാര്‍ട്ടൂണുകളെക്കുറിച്ച് ഒരു പള്ളിയിലെ ഇമാം അയച്ച എസ്.എം.എസ് ആണ് ഇസബെല്ലയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ''അവര്‍ മുഹമ്മദിനെ കളിയാക്കുന്നു; പക്ഷേ അദ്ദേഹത്തിന് ഒരു പോറലേല്‍പ്പിക്കാന്‍ പോലും അവര്‍ക്ക് കഴിയില്ല. അവര്‍ ഭാവനയില്‍ ഒരാളെ സങ്കല്‍പ്പിച്ച് മുഹമ്മദ് എന്ന പേര് കൊടുക്കുകയാണ്. അത് നമ്മുടെ പ്രവാചകനേയല്ല.'' താനും ഇതേ നിലയിലാണ് ആ സംഭവത്തെ കണ്ടിരുന്നതെന്ന് ഇസബെല്ല ഓര്‍ക്കുന്നു. അതിനാല്‍ പ്രകോപിതരാവേണ്ട യാതൊരു കാര്യവുമില്ല. മക്കയിലെ ശത്രുക്കള്‍ പ്രവാചകനെ 'മുദമ്മമ്' (നിന്ദ്യന്‍) എന്ന് വിളിച്ച് ആക്ഷേപിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടുന്ന് പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്: ''അവര്‍ മുദമ്മമിനെ കളിയാക്കുകയാണ്; എന്നെയല്ല.'' പ്രവാചകന്റെ ഈ ഉദാത്ത നിലപാടാണ് മുസ്‌ലിം സമൂഹം സ്വീകരിക്കേണ്ടതെന്നും ഇസബെല്ല മാറ്റിക് ഓര്‍മപ്പെടുത്തുന്നു. 

'പെഗിഡ'ക്ക് അകാല ചരമം?

യിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച നഗരമാണ് ഡ്രസ്ഡണ്‍. ജര്‍മന്‍ സംസ്ഥാനമായ സാക്‌സണിയുടെ തലസ്ഥാനം. രണ്ടാം ലോകയുദ്ധ കാലത്ത് സഖ്യകക്ഷികള്‍ ഈ നഗരം ബോംബിട്ട് തരിപ്പണമാക്കിയിരുന്നു. 1989-ല്‍ കിഴക്കന്‍ ജര്‍മനിയും കമ്യൂണിസ്റ്റ് ഭരണവും തിരോഭവിച്ചതോടെ ഇവിടെ കാര്യമായും വേരുറപ്പിച്ചത് നവനാസികളായിരുന്നു. തീവ്ര വലത്പക്ഷ കക്ഷിയായ നാഷ്ണല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ ഇവിടെ നിന്ന് സ്ഥിരമായി സാക്‌സണീ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടാറുണ്ട്. ഇവിടത്തെ നവനാസികള്‍ ഇപ്പോള്‍ കുടിയേറ്റത്തിന് നേരെ തിരിഞ്ഞിരിക്കുന്നു. വെറും കുടിയേറ്റമല്ല, മുസ്‌ലിം കുടിയേറ്റം!

യഥാര്‍ഥത്തില്‍ ഡ്രസ്ഡണിലെ നവനാസികള്‍ക്ക് കുടിയേറ്റം ഒരു പ്രശ്‌നമാകേണ്ടതല്ല. താരതമ്യേന കുടിയേറ്റം വളരെക്കുറഞ്ഞ നഗരങ്ങളിലൊന്നാണ് ഡ്രസ്ഡണ്‍. ഇവിടത്തെ നാല് മില്യന്‍ നിവാസികളില്‍ ഒരു ലക്ഷം മാത്രമാണ് മൊത്തം കുടിയേറ്റക്കാര്‍. കഷ്ടിച്ച് രണ്ടര ശതമാനം. അതില്‍ മുസ്‌ലിംകള്‍ 0.1 ശതമാനമോ മറ്റോ. ബര്‍ലിന്‍, ഹാംബര്‍ഗ് പോലുള്ള നഗരങ്ങളില്‍ 14% വരെ കുടിയേറ്റ ജനവിഭാഗങ്ങളാണ്. കണക്കുകള്‍ ഇങ്ങനെ സംസാരിക്കുമ്പോഴും 'പടിഞ്ഞാറിനെ ഇസ്‌ലാമികവല്‍ക്കരിക്കുന്നതിനെതിരെ ദേശസ്‌നേഹികളായ യൂറോപ്യന്മാര്‍' ആവിര്‍ഭവിച്ചത് ഡ്രസ്ഡന്‍ നഗരത്തിലാണ്. ഇതൊരു മുസ്‌ലിം കുടിയേറ്റ വിരുദ്ധകൂട്ടായ്മയാണ്. ജര്‍മന്‍ ഭാഷയില്‍ 'പെഗിഡ' (PEGIDA) എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. തുടക്കത്തില്‍ അവര്‍ നടത്തിയ റാലികളില്‍ ആയിരം പേര്‍ തികഞ്ഞിരുന്നില്ല. പക്ഷേ പില്‍ക്കാല സംഭവവികാസങ്ങള്‍ 'പെഗിഡ'ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു. സോഷ്യല്‍ മീഡിയയില്‍ അവര്‍ക്ക് ലഭിക്കുന്ന ലൈക്കുകള്‍ ലക്ഷം കവിഞ്ഞു. ഇരുപതിനായിരത്തോളം പേരെ അണിനിരത്തിയ ഒരു റാലിയും അവര്‍ സംഘടിപ്പിച്ചു. പക്ഷേ 'പെഗിഡ'ക്ക് ഇത്രവേഗം കഷ്ടകാലം വരുമെന്ന് ആരും കരുതിയില്ല. അതിന്റെ സ്ഥാപക നേതാവായ ലുത്‌സ് ബാഖ്മാന്‍ (41) പ്രചുരപ്രചാരമുള്ള 'ബില്‍ഡ്' എന്ന ജര്‍മന്‍ പത്രത്തിന്റെ മുഖപ്പേജില്‍ ഹിറ്റ്‌ലറിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അധോഗതി തുടങ്ങിയത്. പ്രതിഷേധം ശക്തമായതോടെ ലുത്‌സ് ബാഖ്മാന് പാര്‍ട്ടിയുടെ നേതൃസ്ഥാനം രാജിവെക്കേണ്ടിവന്നു. ഇതിനെക്കുറിച്ച് സോഷ്യല്‍ ഡമോക്രാറ്റ് നേതാവും ജര്‍മന്‍ ഡെപ്യൂട്ടി വൈസ്ചാന്‍സലറുമായ സിഗ്മര്‍ ഗബ്രിയേല്‍ ഉശിരുള്ള രണ്ട് വര്‍ത്തമാനം പറഞ്ഞു: ''കണ്ടില്ലേ, ഇതാണ് 'പെഗിഡ'യുടെ യഥാര്‍ഥ മുഖം. ഹിറ്റ്‌ലറുടെ കോലം കെട്ടുന്നവന്‍ ഒന്നുകില്‍ വിഡ്ഢിയാണ്; അല്ലെങ്കില്‍ നാസിയാണ്.'' സംഭവം വിവാദമായതോടെ 'പെഗിഡ' നേതാവ് വീട് കവര്‍ച്ചാ കേസില്‍ പിടിക്കപ്പെട്ടയാളാണെന്ന സത്യവും പുറത്ത് വന്നു.

'പെഗിഡ'യുടെ ഔദ്യോഗിക വക്താവ് കാതറിന്‍ ഓര്‍ട്ടെല്‍ ഉള്‍പ്പെടെ അഞ്ച് ഭാരവാഹികള്‍ കൂടി ഈയിടെ രാജിവെച്ചതോടെ ഈ ഇസ്‌ലാം-മുസ്‌ലിം വിരുദ്ധ കൂട്ടായ്മയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്. അവര്‍ നടത്തുമെന്ന് പ്രഖ്യാപിച്ച റാലിയും മാറ്റിവെക്കേണ്ടിവന്നു. ഷാര്‍ലി എബ്‌ദോ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലുടനീളം-ചുരുങ്ങിയത് ജര്‍മനിയിലെങ്കിലും-പച്ചപിടിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ഒരു വംശവെറിയന്‍ കൂട്ടായ്മ അകാലത്തില്‍ തകര്‍ന്നടിയുന്ന ചിത്രമാണ് ഇപ്പോള്‍ കാണാനുള്ളത്. 

ഡോ. ഔസാഫ് അഹ്മദ് (1945-2015)

പ്രമുഖ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. ഔസാഫ് അഹ്മദ് അന്തരിച്ചു. ഇസ്‌ലാമിക സമ്പദ് ശാസ്ത്രത്തിന് വലിയ സംഭാവനകള്‍ നല്‍കിയ അദ്ദേഹം ജിദ്ദയിലെ ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്കു(ഐ.ഡി.ബി)മായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. 2005-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം ഇസ്‌ലാമിക് ഫിനാന്‍സിന്റെ വികാസത്തിന് തുടര്‍ന്നും തന്റെ സംഭാവനകള്‍ നല്‍കിക്കൊണ്ടിരുന്നു.

1945-ല്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നോവിലാണ് ജനനം. ലഖ്‌നോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ശേഷം ജെ.എന്‍.യുവില്‍ നിന്ന് എം.ഫിലും വടക്കന്‍ ഇലിനോയ്‌സ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും സമ്പാദിച്ചു. അലിഗറിലും ജാമിഅ മില്ലിയ്യയിലും കുറച്ച് കാലം അധ്യാപകനായിരുന്നിട്ടുണ്ട്. പത്തിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പബ്ലിക് ഫിനാന്‍സ്, ഇസ്‌ലാമിക് ബാങ്കിംഗ്, വികസന സമ്പദ്ശാസ്ത്രം, ധനകാര്യനയം തുടങ്ങിയ മേഖലകളിലാണ് സവിശേഷ പഠനങ്ങള്‍ നടത്തിയിട്ടുള്ളത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 96-100
എ.വൈ.ആര്‍