ജനോപകാര പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം
ഗവണ്‍മെന്റ് സംരംഭങ്ങളെയും സ്വകാര്യ സംരംഭങ്ങളെയും രണ്ട് കണ്ണ് കൊണ്ട് നോക്കിക്കാണാറുണ്ട് ചിലര്‍. അങ്ങനെയൊരു വിവേചനം അസ്ഥാനത്താണ്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനും, ചൂഷണവും അടിച്ചമര്‍ത്തലും നിയന്ത്രിക്കുന്നതിനും, പോഷകാഹാരക്കമ്മി പരിഹരിക്കുന്നതിനും, നിരക്ഷരത വിപാടനം ചെയ്യുന്നതിനും മറ്റും ഭരണകൂടങ്ങള്‍ പല പദ്ധതികളും പ്രഖ്യാപിക്കാറുണ്ട്. ഇവയെല്ലാം ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ തന്നെയാണ്. ഭരിക്കുന്ന ഗവണ്‍മെന്റിന്റെ പ്രകൃതവും തത്ത്വശാസ്ത്രവും എന്ത് തന്നെ ആയിക്കൊള്ളട്ടെ, അവര്‍ നടത്തുന്ന ഇത്തരം ജനോപകാര പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലരായി പങ്കാളികളാവേണ്ടതുണ്ട് മുസ്‌ലിം സമുദായം. മനുഷ്യദുരിതങ്ങള്‍ നാം ഉടനടി അഡ്രസ് ചെയ്യേണ്ട അടിയന്തര പ്രശ്‌നമാണ്. പ്രത്യയശാസ്ത്ര ഭിന്നതകള്‍ തീര്‍ന്നിട്ടാവാം അത്തരം കാര്യങ്ങളില്‍ സഹകരണം എന്ന് ചിന്തിച്ച് അത് നീട്ടിവെക്കാന്‍ പാടുള്ളതല്ല. കാള്‍മാര്‍ക്‌സിന്റെ ക്ലാസിക്കല്‍ തിയറിയനുസരിച്ച്, ദാരിദ്ര്യവും ചൂഷണവും സമൂഹത്തില്‍ വര്‍ധിക്കുന്നത് ചുവന്ന വിപ്ലവം വരുന്നതിന്റെ ശുഭസൂചനയാണെങ്കില്‍, മര്‍ദിതര്‍ക്കും അവശര്‍ക്കും അവകാശം കവര്‍ന്നെടുക്കപ്പെട്ടവര്‍ക്കും താങ്ങായി നിന്നുകൊണ്ട് വേണം ദൈവമാര്‍ഗത്തിലുള്ള ത്യാഗപരിശ്രമങ്ങളുമായി മുന്നോട്ട് പോകാന്‍ എന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ട് ഇസ്‌ലാം.
നേരത്തേ ഉദ്ധരിച്ച ഒട്ടേറെ നബിവചനങ്ങളില്‍ ഈ സേവന പ്രവര്‍ത്തനങ്ങളിലേക്കുള്ള സൂചനകളുണ്ട്. പ്രമുഖ പണ്ഡിതന്മാരും ഇക്കാര്യം ഊന്നിപ്പറയുകയുണ്ടായി. ഇമാം ഇബ്‌നുതൈമിയ്യ പറയുന്നത്, മനുഷ്യന്റെ ഇത്തരം മൗലിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ചിലപ്പോള്‍ ഏകാധിപത്യ ഭരണകൂടങ്ങളുമായി വരെ സഹകരണമാവാം എന്നാണ്. നമ്മുടെ നാട്ടില്‍ ജനാധിപത്യ സംവിധാനമാണ് നിലനില്‍ക്കുന്നത്. ദുരിതമനുഭവിക്കുന്നവര്‍ക്ക് സേവനം ചെയ്യുക എന്ന ദൈവനിശ്ചിതമായ ബാധ്യത നിര്‍വഹിക്കാന്‍ എന്തുകൊണ്ടും വളരെക്കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിത്തരിക ജനാധിപത്യ സംവിധാനമായിരിക്കുമല്ലോ.
ഈ സഹകരണം മേല്‍പറഞ്ഞത് പോലുള്ള സാമൂഹികവും ജനക്ഷേമപരവുമായ ലക്ഷ്യങ്ങളില്‍ ആയിരിക്കണം. ക്ഷേമരാഷ്ട്ര സങ്കല്‍പ്പം അതില്‍പെട്ട ഒന്നാണ്. അത്തരം നീക്കങ്ങളില്‍ മുസ്‌ലിംകള്‍ പൂര്‍ണ സഹകരണം നല്‍കേണ്ടതുണ്ട്; പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍. അതിന് പല കാരണങ്ങളുണ്ട്.
ഒന്ന്: ഉയര്‍ന്ന നിരക്കിലുള്ള സാമ്പത്തിക വികസനം സാധ്യമാക്കാന്‍ നമ്മുടെ നാട്ടില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. നല്ല റോഡുകള്‍ നിര്‍മിക്കാനും വാര്‍ത്താവിനിമയം, ഹോസ്പിറ്റലുകള്‍ പോലുള്ള മേഖലകളില്‍ മികച്ച സേവനം ലഭ്യമാക്കാനുമുള്ള യത്‌നങ്ങളും ഊര്‍ജിതമായി നടക്കുന്നു. ഇതിന്റെ പ്രയോജനങ്ങള്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് ഉള്ളതല്ല. ഏറിയോ കുറഞ്ഞോ അളവില്‍ മുസ്‌ലിം സമൂഹത്തിനും ഈ പുരോഗതിയുടെ ഒരു പങ്ക് ലഭിക്കുന്നുണ്ട്.
രണ്ട്: വിശപ്പും ദാരിദ്ര്യവും രോഗവും നിര്‍മാര്‍ജനം ചെയ്യാന്‍ വരുമാനം വര്‍ധിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
മൂന്ന്: സാമ്പത്തിക നില മെച്ചപ്പെടുത്താനും ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കാനും മറ്റും വ്യക്തിതലത്തിലെ പ്രവര്‍ത്തനങ്ങള്‍ മതിയാവുകയില്ല. വ്യക്തിപരമായി നിര്‍വഹിക്കാന്‍ കഴിയാത്തത്ര വിപുലവും ഭാരിച്ചതുമാണ് അത്തരം ദൗത്യങ്ങള്‍.
നാല്: ഇന്ത്യന്‍ മുസ്‌ലിംകള്‍ വലിയൊരു ജനവിഭാഗമാണ്. അവര്‍ക്ക് പുരോഗതി ഉണ്ടാകുന്നില്ലെങ്കില്‍, അത് ഇന്ത്യയിലെ മൊത്തം വികസനത്തെ തന്നെ പ്രതികൂലമായി ബാധിക്കും.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാരണവും കൂടിയുണ്ട്. മറ്റു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ വളരെ ദരിദ്രരും ശേഷി കുറഞ്ഞവരുമാണ്. ഈ പിന്നാക്കാവസ്ഥയെ കാര്യക്ഷമമായി അഭിമുഖീകരിക്കാന്‍ ഗവണ്‍മെന്റിന്റെ സജീവ പങ്കാളിത്തത്തോടെയല്ലാതെ സാധ്യമാവില്ലെന്ന് ഉറപ്പാണല്ലോ. അടുത്ത കാലത്ത് ന്യൂനപക്ഷ ക്ഷേമത്തിനായി ഗവണ്‍മെന്റ് ഒരുപാട് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ബ്യൂറോക്രസിയുടെ താല്‍പര്യക്കുറവും നിസ്സംഗതയും കാരണം ഈ സ്‌കീമുകളിലധികവും പരാജയപ്പെടുകയാണുണ്ടായത്. ഗവണ്‍മെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ധതികളോട് മുസ്‌ലിംകള്‍ ക്രിയാത്മകമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സ്ഥിതിവിശേഷം.
മൂല്യാധിഷ്ഠിത സഹകരണം
വ്യക്തി-സാമൂഹിക തലങ്ങളിലുള്ള ഈ സഹകരണവും പങ്കാളിത്തവും എത്രത്തോളമാകാം? ധാര്‍മിക പരിധികള്‍ ലംഘിക്കപ്പെടാതിരിക്കുവോളം എന്ന് ഉത്തരം. ജീവിതത്തിന്റെ ധാര്‍മികതയെക്കുറിച്ചുള്ള ഇസ്‌ലാമിക കാഴ്ചപ്പാടാണ് ഈ പരിധികളെ നിര്‍ണയിക്കുന്നത്. പലിശയുടെ അതിപ്രസരമാണ് പദ്ധതി നടത്തിപ്പുകളില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വലിയൊരു പ്രശ്‌നം. പലിശയിടപാടുകള്‍ ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ്. പദ്ധതികളില്‍ മിക്കതും പലിശാധിഷ്ഠിതം തന്നെയാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്ന കടത്തിന് പോലും ഭാരിച്ച പലിശയാണ്. സ്റ്റേറ്റ് ഫണ്ടിന്റെ വിനിയോഗം ചിലപ്പോള്‍ ചൂതാട്ടത്തിന്റെയും കബളിപ്പിക്കലിന്റെയും തലം വരെ താഴാറുണ്ട്. ഗവണ്‍മെന്റേതര ഏജന്‍സികളുടെ (എന്‍.ജി.ഒ) ഫണ്ട് ശേഖരണവും വിനിയോഗവും പലിശമുക്തമല്ലെന്നും നമുക്കറിയാം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ രണ്ട് രീതിയില്‍ മുന്നോട്ട് പോകാവുന്നതാണ്. ഒന്ന്: ഗവണ്‍മെന്റ് പ്രഖ്യാപിക്കുന്ന പദ്ധതികളെ സൂക്ഷ്മമായി പഠിച്ചശേഷം ഇസ്‌ലാമിക മൂല്യസംഹിത മുമ്പില്‍ വെച്ച് ഒരു മുന്‍ഗണനാ പട്ടിക തയാറാക്കുക. രണ്ട്: ദാരിദ്ര്യ നിര്‍മാര്‍ജനവും അവശവിഭാഗങ്ങളുടെ ശാക്തീകരണവും ലക്ഷ്യം വെച്ചുള്ള പദ്ധതികളില്‍ നിന്നെങ്കിലും പലിശയെ ഒഴിവാക്കാന്‍ വേണ്ടി പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിക്കുക. പലിശ ഉള്‍ച്ചേരുന്നതോടെ സ്‌കീമുകളുടെ പ്രയോജനം അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് പൂര്‍ണമായി ലഭിക്കുന്നില്ലെന്ന വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തുക. കൃഷി, കുടില്‍ വ്യവസായം, ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയവക്കെല്ലാം ഗവണ്‍മെന്റ് സഹായമനുവദിക്കുന്നത് പലിശാധിഷ്ഠിതമായാണ് എന്ന കാര്യം മറന്നുകൊണ്ടല്ല ഇത് പറയുന്നത്. ബദലുകള്‍ (Alternatives) അന്വേഷിക്കുകയേ അപ്പോള്‍ മുസ്‌ലിംകള്‍ക്ക് മുമ്പില്‍ മാര്‍ഗമുണ്ടാവുകയുള്ളൂ. അതേസമയം, ചില അടിസ്ഥാന മേഖലകളിലെങ്കിലും പലിശ കഴിയുന്നത്ര കുറച്ചുകൊണ്ടു വരാന്‍ സാവധാനമാണെങ്കിലും ശ്രമം നടക്കുന്നുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. ഇവ ഇസ്‌ലാമികം എന്ന് പറഞ്ഞുകൂടെങ്കിലും അതിനോട് അടുത്ത് നില്‍ക്കുന്നവയാണ്.
പലിശ മുക്ത മുസ്‌ലിം സ്വകാര്യ സംരംഭങ്ങള്‍ ഈ മേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. തീര്‍ത്തും പ്രതികൂലമായ സാഹചര്യങ്ങളെ നേരിട്ടുകൊണ്ടാണ് ഇവ വളര്‍ന്നുവന്നിട്ടുള്ളത്. ഇത്തരം സംരംഭങ്ങള്‍ നടത്തുന്നത് പോലെ തന്നെ പ്രധാനമാണ്, തങ്ങളുടെ ധാര്‍മിക നിലപാടുകള്‍ക്കൊത്തവിധം പലിശമുക്തമായ ഒരു സാമ്പത്തിക സംവിധാനം കൊണ്ടുവരാന്‍ മുസ്‌ലിം സമൂഹം പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി രംഗത്തിറങ്ങണമെന്നതും. ലോക സമ്പദ്ഘടന വലിയ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരം ബദലന്വേഷണങ്ങള്‍ക്ക് പൊതുസ്വീകാര്യത ലഭിക്കും. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സാമ്പത്തിക അസമത്വങ്ങള്‍ ദൂരീകരിക്കാനുമുള്ള ശ്രമങ്ങളില്‍ മുസ്‌ലിം പങ്കാളിത്തം പൂര്‍ണമായി ഉറപ്പുവരുത്താന്‍ അത് വഴിവെക്കും.
മറ്റു വിഭാഗങ്ങളെ പിശാചുവല്‍ക്കരിക്കാതിരിക്കുക
വിവിധ മതവിശ്വാസികളോടുള്ള മുസ്‌ലിംകളുടെ നിലപാടിനെ നിര്‍ണയിക്കേണ്ടത് തീര്‍ച്ചയായും മനുഷ്യരെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ പൊതുസമീപനം തന്നെയായിരിക്കണം. ഏത് മതവിശ്വാസിയായിരുന്നാലും അയാളുടെ മതവികാരങ്ങളെ മാനിക്കണമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മറ്റുള്ളവര്‍ ആരാധിക്കുന്ന ദൈവങ്ങളെ ആക്ഷേപിക്കാനോ ഇകഴ്ത്താനോ പാടില്ല.
''അല്ലാഹുവിനെയല്ലാതെ അവര്‍ ആരാധിക്കുന്ന ഒന്നിനെയും നിങ്ങള്‍ അധിക്ഷേപിക്കരുത്. അങ്ങനെ വന്നാല്‍ വിവരമില്ലായ്മയാലും വിദ്വേഷത്താലും അവര്‍ അല്ലാഹുവിനെയും തിരിച്ചാക്ഷേപിക്കും.'' (6:108)
ഈ ഇസ്‌ലാമിക പാഠത്തിന്റെ മറുവശം നാം അത്ര ഊന്നിപ്പറയാറില്ല. ഏതൊരു മനുഷ്യനും അടിസ്ഥാനപരമായി നന്മയോട് ആഭിമുഖ്യമുള്ളവനാണ് എന്നതാണത്. മനുഷ്യപ്രകൃതത്തിന്റെ ഈ മൗലിക സ്വഭാവം മുസ്‌ലിംകളിലേക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ പറ്റുകയില്ല. മറ്റു വിശ്വാസക്കാര്‍, പ്രത്യേകിച്ച് വേദഗ്രന്ഥങ്ങള്‍ നല്‍കപ്പെട്ട ജനവിഭാഗങ്ങള്‍, തിന്മയില്‍ അഭിരമിക്കുന്നവരാണെന്നും ദൈവകല്‍പ്പനകള്‍ ധിക്കരിക്കുന്ന നീചരാണെന്നും മനുഷ്യകുലത്തോട് ക്രൂരത കാട്ടുന്നവരാണെന്നും ധരിക്കുന്നത് ഇസ്‌ലാമിന്റെ മൗലികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ്.
ഒരു വിഭാഗം ക്രൈസ്തവ വിശ്വാസികളുടെ വൈജ്ഞാനിക പാരമ്പര്യത്തെയും വിനയത്തെയും പ്രശംസിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നത് കാണുക: ''ഞങ്ങള്‍ ക്രിസ്ത്യാനികളാണ്' എന്ന് പറയുന്ന ഒരു വിഭാഗത്തിനാണ് വിശ്വാസികളോട് ഏറ്റവും അടുപ്പമുള്ളത് എന്ന് താങ്കള്‍ക്ക് കാണാം. അതിന് കാരണം അവരില്‍ പണ്ഡിതന്മാരും സന്യാസിമാരും ഉണ്ട് എന്നതും അവര്‍ അഹങ്കരിക്കുന്നില്ല എന്നതുമാകുന്നു'' (5:82).
യേശുക്രിസ്തുവിനെ പരാമര്‍ശിക്കവെ അദ്ദേഹത്തിന്റെ അനുയായികളുടെ ഹൃദയാലുത്വത്തെ ഖുര്‍ആന്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്: ''അദ്ദേഹത്തെ (യേശുവിനെ) പിന്‍പറ്റുന്നവരുടെ ഹൃദയത്തില്‍ നാം കാര്യണ്യവും കൃപയും ചൊരിഞ്ഞു'' (57:27). നാം ആദ്യം പരാമര്‍ശിച്ച സൂക്തത്തി (5:82)ന്റെ തുടക്കത്തില്‍ 'ജൂതന്മാരുടെയും ബഹുദൈവാരാധകരുടെയും' തുറന്ന ശത്രുതയെക്കുറിച്ച് പറയുന്നുണ്ട് എന്നത് നേരാണ്. അന്നത്തെ ഒരു പ്രത്യേക ചരിത്ര പശ്ചാത്തലത്തില്‍ വേണം അതിനെ മനസ്സിലാക്കാന്‍. ജൂതന്മാര്‍ മൊത്തം അങ്ങനെയാണ് എന്ന സാമാന്യവല്‍ക്കരണമല്ല അവിടെ ഉദ്ദേശിച്ചത്. അങ്ങനെ പറയാന്‍ കാരണം മുഴുവന്‍ മനുഷ്യരുടെയും നന്മയോടുള്ള ആഭിമുഖത്തെ ഖുര്‍ആന്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട് എന്നതാണ്. ആ പൊതുപ്രസ്താവത്തില്‍ നിന്ന് ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കി നിര്‍ത്താന്‍ പറ്റില്ലല്ലോ. ഖുര്‍ആന്‍ പറയുന്നു: ''നാം മനുഷ്യനെ ഏറ്റവും മികച്ച രീതിയില്‍ സൃഷ്ടിച്ചിരിക്കുന്നു'' (95:4). ആദമിന്റെ മുഴുവന്‍ സന്തതികളെയും താന്‍ ആദരിച്ചിരിക്കുന്നതായും അവന്‍ അറിയിക്കുന്നു:
''തീര്‍ച്ചയായും നാം ആദം സന്തതികളെ ആദരിച്ചിരിക്കുന്നു. നാമവരെ കരയിലും കടലിലും വഹിച്ചുകൊണ്ട് പോവുകയും അവര്‍ക്ക് നല്ല ഭക്ഷണം നല്‍കുകയും നമ്മുടെ മിക്ക സൃഷ്ടികളേക്കാളും അവരെ ഉല്‍കൃഷ്ടരാക്കുകയും ചെയ്തു.'' (17:70)
എന്നാല്‍ ശുദ്ധവും ഉല്‍കൃഷ്ടവുമായ ഈ മനുഷ്യപ്രകൃതം വളരെ പെട്ടെന്ന് ഭൗതിക പ്രലോഭനങ്ങള്‍ക്ക് വിധേയപ്പെട്ട് പോകുമെന്നും ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്. ''നിന്റെ നാഥന്‍ അത്യുദാരന്‍. അവന്‍ പേന കൊണ്ട് പഠിപ്പിച്ചവനാണ്. മനുഷ്യനെ അവനറിയാത്തത് പഠിപ്പിച്ചു. എന്ത് ചെയ്യാം! താന്‍ എല്ലാറ്റിനും പോന്നവനാണെന്ന് കരുതി മനുഷ്യന്‍ ധിക്കാരം കാണിക്കുന്നു.'' (96:3-7)
ഈ സൂക്തങ്ങളിലെ പരാമര്‍ശങ്ങളൊക്കെയും എല്ലാ മനുഷ്യര്‍ക്കും ബാധകമായതാണ്. മനുഷ്യോല്‍പത്തി വളരെ വിശിഷ്ടവും പവിത്രവുമാണെങ്കിലും, സ്വഭാവ വൈകല്യങ്ങള്‍ ഏതൊരാള്‍ക്കും വന്നുപെടാം. കാരണം മനുഷ്യന്‍ വിദൂര ഭാവിയെക്കാള്‍ നിലവിലുള്ള അവസ്ഥയെയും, അദൃശ്യ ലോകത്തേക്കാള്‍ ദൃശ്യലോകത്തെയും, ആത്മീയതയേക്കാള്‍ ഭൗതികതയെയും ഇഷ്ടപ്പെടുന്നവനാണ്. ജ്ഞാനമെന്ന സിദ്ധിയാല്‍ ഓരോ മനുഷ്യനും അനുഗൃഹീതനാണെങ്കിലും അവനെപ്പോഴും അജ്ഞതയുടെ പാതാളത്തിലേക്ക് വീണുപോകാനുള്ള സാധ്യത നിലനില്‍ക്കുന്നു. നന്മതിന്മകള്‍ വേര്‍തിരിച്ചറിയാനുള്ള വിവേചനബുദ്ധി അവന് ജന്മസിദ്ധമാണെന്നത് പോലെ, അതിനെ നിര്‍വീര്യമാക്കിക്കളയുന്ന പ്രലോഭനങ്ങള്‍ക്ക് വശംവദമാവുക എന്ന ദൗര്‍ബല്യവും അവന്റെ കൂടപ്പിറപ്പാണ്.
മനുഷ്യ പ്രകൃതത്തിന്റെ ഈ ദൗര്‍ബല്യത്തെക്കുറിച്ച് ഖുര്‍ആനിലും സുന്നത്തിലും ധാരാളം പരാമര്‍ശങ്ങള്‍ കാണാം. ആദമിന്റെ കഥ തന്നെ ഉദാഹരണം. കുറച്ച് സമയത്തേക്കെങ്കിലും സാത്താന്റെ പ്രലോഭനങ്ങള്‍ക്ക് അടിപ്പെട്ട് പോകുന്ന ആദം, ഭൂമിയിലെ ഏതൊരു മനുഷ്യനും പിണയാവുന്ന തോല്‍വിയുടെ പ്രതീകമായി നിലകൊള്ളുകയാണ്. എത്ര വിവരമുള്ളവനും ബുദ്ധിമാനുമാണെങ്കിലും ഈ പരാജയങ്ങളില്‍ നിന്നും ദൗര്‍ബല്യങ്ങളില്‍ നിന്നും സുരക്ഷിതനല്ല. അത്രവേഗം തട്ടിമാറ്റാന്‍ കഴിയുന്നതല്ല ഭൗതിക പ്രലോഭനങ്ങളുടെ മായാവലയം എന്നര്‍ഥം. അതിനാല്‍ മുസ്‌ലിംകള്‍, തങ്ങള്‍ ജന്മനാ തന്നെ സദ്‌വൃത്തരും ദൈവഭക്തരും സ്‌നേഹസമ്പന്നരും ആണെന്നും, മറ്റുള്ളവരൊക്കെ പ്രകൃത്യാ തന്നെ മോശക്കാരും കഠിന ഹൃദയരും ആണെന്നും ധരിക്കുന്നത് അബദ്ധമാണ്. ഒരാള്‍ സ്വമേധയാ നടത്തുന്ന തെരഞ്ഞെടുപ്പാണ് അയാളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാക്കുന്നത്. പാരമ്പര്യം കൊണ്ടോ ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചത് കൊണ്ടോ അതില്‍ മാറ്റമൊന്നും ഉണ്ടാവുകയില്ല.
ഒരു വിഭാഗത്തെ മൊത്തം പിശാച്‌വല്‍ക്കരിക്കുക (അവരെ മുഴുവന്‍ മോശക്കാരും ക്രൂരന്മാരുമായി കാണുക) എന്നത് ജൂതലോബിയുടെ സഹായത്തോടെ പാശ്ചാത്യ സാമ്രാജ്യത്വം സ്വീകരിച്ച ഒരു രീതിയാണ്. അത് ഇസ്‌ലാമിക ധാര്‍മികതക്ക് നിരക്കുന്നതല്ല; അത്തരമൊരു നിലപാട് ഇസ്‌ലാമിക മൂല്യങ്ങളുടെ നിഷേധവുമാണ്. പാശ്ചാത്യര്‍ ഭീകരതയെ വിശേഷിപ്പിക്കുന്നത് കാണാറില്ലേ, 'ഇസ്‌ലാമിക്' എന്ന്! ബോംബ് പോലും 'ഇസ്‌ലാമിക് ബോംബ്' ആണ്!! ഇതൊന്നും അത്ര നിഷ്‌കളങ്ക പ്രയോഗങ്ങളല്ല. മൊത്തം മുസ്‌ലിം സമുദായത്തെയും പിശാച്‌വല്‍ക്കരിക്കാനുള്ള ഗൂഢതന്ത്രമാണിത്. മുസ്‌ലിംകള്‍ ചരിത്രത്തിലൊരിക്കലും അവരുടെ ധാര്‍മികത നിമിഷ നേരത്തേക്കെങ്കിലും കൈവിട്ട് 'ക്രിസ്ത്യന്‍ വാള്‍' എന്നോ 'ഹിന്ദു വാള്‍' എന്നോ വിശേഷിപ്പിച്ചിട്ടില്ല. കടല്‍ക്കൊള്ളകളെ 'ജൂത/ക്രിസ്ത്യന്‍' കടല്‍ക്കൊള്ള എന്നും പറഞ്ഞിട്ടില്ല. 'ഇസ്‌ലാമിക് ഫണ്ടമെന്റലിസം' പോലുള്ള ഭൂതങ്ങളെ ഇറക്കിക്കൊണ്ട് വരുന്നത് സത്യത്തെയും ന്യായത്തെയും കുഴിച്ചുമൂടി മുസ്‌ലിം സമൂഹത്തെ, പ്രത്യേകിച്ച് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ തികഞ്ഞ മതഭ്രാന്തരും ജനാധിപത്യവിരുദ്ധരും കണ്ണില്‍ ചോരയില്ലാത്ത ക്രൂരന്മാരുമായി ചിത്രീകരിക്കാന്‍ വേണ്ടിയാണ്. ഇതേ മാതൃകയിലാണ് ഇന്ത്യയിലെ സംഘ്പരിവാര്‍ മുസ്‌ലിംകള്‍ക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിയുന്നത് എന്ന് കാണാം.
എന്നാല്‍ മുസ്‌ലിംകള്‍, അവരുടെ വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും പിന്‍ബലത്തില്‍, ഒരു ജനവിഭാഗത്തെയും ഒന്നിനും കൊള്ളാത്തവരായോ വിശ്വാസത്തിലെടുക്കാന്‍ പറ്റാത്തവരായോ അക്രമോത്സുകരായോ തൊട്ടുകൂടാത്തവരായോ ഒന്നും കണ്ടിട്ടില്ല. അബദ്ധമാണെന്നറിഞ്ഞിട്ടും ഒരു ജനവിഭാഗത്തിന്റെയും ആരാധനാ മൂര്‍ത്തികളെ അവര്‍ അപഹസിച്ചിട്ടില്ല. മുസ്‌ലിം ചരിത്രം അതിന് ഏറ്റവും മികച്ച സാക്ഷ്യമാണ്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അതൊരിക്കലും ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്കും പ്രവാചകന്റെ ചര്യക്കും നിരക്കുന്നതല്ലെന്നും മനസ്സിലാക്കുക.
മുസ്‌ലിമേതര വിഭാഗങ്ങളെ പിശാച്‌വല്‍ക്കരിക്കുന്നത് ദഅ്‌വ പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തും. യഥാര്‍ഥ ദൈവ മാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുക എന്നതാണല്ലോ ദഅ്‌വ. ആ ജനങ്ങളെ പിശാചുക്കളും ക്രൂരന്മാരുമായി ചിത്രീകരിച്ചാല്‍ പിന്നെ എങ്ങനെയാണ് ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുക! ഒരാളെയും അകറ്റിനിര്‍ത്തരുത് എന്നാണ് ഇസ്‌ലാമിന്റെ നിര്‍ദേശം. അകറ്റിനിര്‍ത്തപ്പെട്ടവരുമായി സ്‌നേഹ സംവാദങ്ങള്‍ അസാധ്യമാണ്.
ഓരോ മനുഷ്യനും ജന്മനാ ശുദ്ധനും സ്‌നേഹ സമ്പന്നനും പരക്ഷേമതല്‍പരനും ആണെന്ന വിശ്വാസമാണ് ശരി. അതാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതും. സത്യാന്വേഷണ ത്വര ഓരോ മനുഷ്യ പ്രകൃതിയിലും നിലീനമാണ്. അതിനിടക്ക് പലപ്പോഴും അയാള്‍ ദൗര്‍ബല്യങ്ങള്‍ക്ക് അടിപ്പെട്ട് വഴിതെറ്റിപ്പോകും. ഏതൊരു സമൂഹത്തിലും നല്ലവരുമുണ്ട്, ചീത്തയാളുകളുമുണ്ട്. ഇതില്‍ ഓരോ സമൂഹത്തിലെയും സുകൃതങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത്.
ഈ ഉദാത്ത വീക്ഷണകോണിനോട് ഇന്ത്യന്‍ മുസ്‌ലിംകള്‍ എക്കാലവും നീതിപുലര്‍ത്തി എന്നൊന്നും പറയാനാവുകയില്ല. ഇടക്കിടെയുണ്ടാവുന്ന വര്‍ഗീയ കലാപങ്ങളും രാഷ്ട്രീയ-സാമൂഹിക വിവേചനങ്ങളും കാരണമായി ചിലരെങ്കിലും ഭൂരിപക്ഷ സമുദായത്തെ സംശയദൃഷ്ടിയോടെ നോക്കിക്കാണാന്‍ ഇടവന്നിട്ടുണ്ട്. അവരെ വിശ്വസിക്കാന്‍ കൊള്ളാത്തവരും ശത്രുക്കളുമായി സങ്കല്‍പ്പിക്കുകയും ചെയ്യുന്നു. ഈ നിലപാട് ന്യൂനപക്ഷമെന്ന നിലയില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ജീവിതം ദുഷ്‌കരമാക്കും. എന്നുമാത്രമല്ല തനി വര്‍ഗീയമാണ് ഈ കാഴ്ചപ്പാട്. സകല മനുഷ്യര്‍ക്ക് മുമ്പിലും സത്യവചനത്തിന്റെ സാക്ഷികളായി നിലകൊള്ളേണ്ടവരാണ് മുസ്‌ലിംകള്‍ എന്ന ഖുര്‍ആനിക തത്ത്വത്തെ അത് നിര്‍വീര്യമാക്കുകയും ചെയ്യുന്നുണ്ട്.
സംഘ്പരിവാറും അനുബന്ധ കൂട്ടായ്മകളും മുസ്‌ലിംകളെ പിശാച്‌വല്‍ക്കരിക്കാന്‍ അമിതോത്സാഹം കാണിക്കുന്നുണ്ടെന്നത് നേരാണ്. അതില്‍ പ്രകോപിതരായി ഉരുളക്ക് ഉപ്പേരി മറുപടി കൊടുക്കാന്‍ മുസ്‌ലിംകളും അതേ നിലപാട് ഒരിക്കലും സ്വീകരിച്ച് കൂടാത്തതാണ്. ലോകത്തെങ്ങുമുള്ള മനുഷ്യരെപ്പോലെ ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും നന്മകളോടൊപ്പം കുറെയേറെ പോരായ്മകളും ഉള്ളവരാണ്. ആ നന്മകളില്‍ കേന്ദ്രീകരിക്കുക എന്നതാണ് ഇസ്‌ലാമിക അജണ്ട. നന്മകളില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം അവരിലുള്ള തിന്മകളെ ക്രമത്തില്‍ ഇല്ലാതാക്കാനുള്ള അവസരമൊരുക്കിത്തരും. ഈയൊരു വശം ഇസ്‌ലാമിക പ്രബോധകര്‍ ഒരിക്കലും അവഗണിച്ചുകൂടാത്തതാണ്.
ഇവിടെ പ്രവാചകന്റെ മാതൃകയാവണം നാം അനുധാവനം ചെയ്യേണ്ടത്. എത്ര സ്‌നേഹമസൃണമായാണ് അവിടുന്ന് തന്റെ ജനതയെ അഭിസംബോധന ചെയ്തത്! 'എന്റെ സമൂഹമേ,' 'എന്റെ സഹോദരന്മാരേ' എന്നൊക്കെയായിരുന്നു അദ്ദേഹം വിളിച്ചത്. താങ്കള്‍ക്ക് ഇത്ര പെട്ടെന്ന് നര വന്നത് എങ്ങനെ എന്ന ചോദ്യത്തിന് തിരുമേനി മറുപടി പറഞ്ഞത്, കഴിഞ്ഞുപോയ സമൂഹങ്ങളുടെ ദുര്‍വിധികള്‍ പ്രതിപാദിക്കുന്ന ഹൂദ് പോലുള്ള ഖുര്‍ആനികാധ്യായങ്ങളാണ് അതിന് കാരണം എന്നായിരുന്നു. ആ സമൂഹങ്ങള്‍ നേരിട്ട ദുരന്തം തന്റെ സ്വന്തം ജനതയെയും ബാധിക്കുമോ എന്ന ഭയവും ഉത്കണ്ഠയുമാണ് ഈ മറുപടിയില്‍ നിഴലിക്കുന്നത്. അവിശ്വാസികളെങ്കിലും എന്തുമാത്രം സ്‌നേഹമാണ് പ്രവാചകന് തന്റെ സമൂഹത്തോട്! എല്ലാ പ്രവാചകന്‍മാരും ഇങ്ങനെയായിരുന്നു. തങ്ങള്‍ ഭീകരമായി മര്‍ദിക്കപ്പെടുമ്പോഴും ആക്ഷേപിക്കപ്പെടുമ്പോഴും, അടിസ്ഥാന മനുഷ്യ നന്മയിലുള്ള വിശ്വാസം അവര്‍ ഒരിക്കലും കൈയൊഴിച്ചിരുന്നില്ല. വഴിതെറ്റിയവര്‍ തിരിച്ച് വരുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയായിരുന്നു അവരെപ്പോഴും. സമൂഹത്തെ ഒന്നടങ്കം പിശാച്‌വല്‍ക്കരിക്കുക അവരുടെ രീതിയേ ആയിരുന്നില്ല.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)
Comments