Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 20

ചൂലുകൊണ്ടൊരാള്‍ ജനാധിപത്യത്തെ വൃത്തിയാക്കിയ വിധം

പ്രത്യേക ലേഖകന്‍ /കവര്‍സ്‌റ്റോറി

         നരേന്ദ്ര മോദിയും അമിത്ഷായും ആവിഷ്‌കരിക്കുന്ന അല്‍ഭുതകരമായ തന്ത്രങ്ങള്‍ ദല്‍ഹി തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ അധികാര സോപാനം കയറ്റുമെന്ന് ദേശീയ മാധ്യമങ്ങള്‍ സാക്ഷ്യം പറയുന്നതിനിടെയാണ് കെജ്‌രിവാളും കൂട്ടരും അങ്കത്തിനിറങ്ങിയത്. കിരണ്‍ ബേദിയെ മുന്നില്‍ നിര്‍ത്താനുള്ള അമിത് ഷായുടെ തീരുമാനം പ്രഖ്യാപിക്കപ്പെട്ടതോടെ കണ്ടു നിന്നവരുടെ നെഞ്ചിടിപ്പ് കൂടി. ഈ ബേദിക്കു പോലും മുന്നില്‍ നിന്ന് നയിക്കാവുന്നതേ ഉള്ളൂ ദല്‍ഹി എന്ന അമിത്ഷായുടെ അഹങ്കാരം പേടിപ്പെടുത്തുന്നതായിരുന്നു. ഓരോ ദിവസവും ബി.ജെ.പി കെജ്‌രിവാളിനോടു ചോദിക്കാന്‍ തുടങ്ങിയ ചോദ്യങ്ങള്‍ അതിലേറെ ആശങ്കപ്പെടുത്തി. ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് എന്തുകൊണ്ട് സ്ത്രീകള്‍ ഓടിരക്ഷപ്പെടുന്നു എന്നു പോലും ചോദ്യമുയര്‍ന്നു. ഇത്രക്ക് അസംബന്ധജടിലമായ രീതിയില്‍ വിഡ്ഢീകരിക്കാനാവുന്ന വോട്ടര്‍മാരാണോ ദല്‍ഹിയിലുണ്ടായിരുന്നത്? അതോ തോല്‍ക്കുമെന്ന് നേരത്തേ ഉറപ്പുള്ള ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ബേദിയെ ബലി കൊടുക്കുകയായിരുന്നോ? ബി.ജെ.പിക്ക് ദല്‍ഹിയില്‍ ജയിക്കണമെന്ന് മോഹമുണ്ടായിരുന്നില്ലെന്ന് ചിലര്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ടെങ്കിലും സത്യം അതായിരുന്നില്ല. വര്‍ഗീയ ധ്രുവീകരണം മുതല്‍ കൂറുമാറ്റം വരെ ജയിക്കാന്‍ സ്വന്തമായ കാരണങ്ങളുള്ള മണ്ഡലങ്ങളില്‍ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അടുത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് പോയത്. ദല്‍ഹിയാകട്ടെ ആഭ്യന്തര മന്ത്രിയുടെ മൂക്കിന് താഴെ ആയിരക്കണക്കിന് ചാരപ്പോലീസുകാര്‍ പണിയെടുക്കുന്ന നഗരം. അപ്പോള്‍ പിന്നെ പ്രധാനമന്ത്രി ദല്‍ഹിയില്‍ നേരിട്ട് വോട്ടു ചോദിക്കണമെങ്കില്‍ എന്തെങ്കിലും സാധ്യത ഉണ്ടാവണമല്ലോ. എന്നു മാത്രമല്ല നരേന്ദ്ര മോദിയുടെ ഫോണ്‍ സന്ദേശം നേരിട്ടു ശ്രവിക്കാത്ത ഒറ്റ മൊബൈല്‍ ഉപഭോക്താവ് പോലും ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ല. ഏതാണ്ടെല്ലാ റേഡിയോ നിലയങ്ങളും ഇടതടവില്ലാതെ കേള്‍പ്പിച്ച ശബ്ദമായിരുന്നു 'ഭായിയോ ബഹനോ' എന്നു തുടങ്ങുന്ന മോദിയുടെ പ്രചാരണ പരസ്യം. മോദി നേരിട്ടു നയിച്ച ഈ തെരഞ്ഞെടുപ്പില്‍ ആം ആദ്മി ജയിക്കുമെന്നു കരുതിയവര്‍ പോലും 20 സീറ്റുകളെങ്കിലും ബി.ജെ.പിക്കും വകവെച്ചു കൊടുത്തിരുന്നു. അവിടെയാണ് ബി.ജെ.പി എന്ന ഊതിവീര്‍പ്പിച്ച ബലൂണ്‍ വെറും മൂന്ന് തുണ്ടുകളായി ദല്‍ഹിയില്‍ പൊട്ടിയമര്‍ന്നത്.

ബി.ജെ.പിയുടെ അഹങ്കാരം പോലെ അവിശ്വസനീയമായിരുന്നു കോണ്‍ഗ്രസിന്റെ പരാജയവും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം അസംബ്ലി മണ്ഡലങ്ങളില്‍ മാത്രം മുന്നിട്ടുനിന്ന പാര്‍ട്ടി ഇത്തവണ ഒറ്റ സീറ്റില്‍ പോലും ജയിക്കാനാവാതെയാണ് തകര്‍ന്നടിഞ്ഞത്. കോണ്‍ഗ്രസിന്റെ 64 സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി മാക്കന്‍ മൂന്നാം സ്ഥാനത്തേക്ക് മൂക്കുകുത്തി വീണു. മുംബൈയിലെയോ ചെന്നൈയിലെയോ ബംഗളുരുവിലെയോ കൊല്‍ക്കത്തയിലെയോ പോലെ സവിശേഷമായ ഒരു സമൂഹമല്ലാത്ത, മലയാളിയും മറാത്തിയും ബംഗാളിയും പഞ്ചാബിയും ബിഹാരിയും ഹിന്ദി ഭാഷയുടെ ചരടില്‍ കോര്‍ത്തും വേറിട്ടും സൃഷ്ടിക്കുന്ന ഈ മഹാനഗരത്തില്‍ അവനവന്റെ നേട്ടം മാത്രമായിരുന്നു ഏതൊരു വോട്ടറുടെയും രാഷ്ട്രീയം. ആ രാഷ്ട്രീയമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷീലാ ദീക്ഷിതിനെ പോലൊരു മുഖ്യമന്ത്രിയെ പുറംകാലു കൊണ്ടു തൊഴിച്ചത്. കഴിഞ്ഞ പത്തു വര്‍ഷ കാലയളവില്‍ ദല്‍ഹിക്ക് 800 കിലോമീറ്റര്‍ ദൂരം പുതിയ റോഡുകളും 100ലേറെ മേല്‍പ്പാലങ്ങളും നഗരത്തിലുടനീളം മെട്രോ റെയിലും സമ്മാനിച്ച മുഖ്യമന്ത്രിയായിരുന്നു അവരെന്നോര്‍ക്കുക. 49 ദിവസം കൊണ്ട് ചെയ്യാനാവുമെന്ന് കെജ്‌രിവാള്‍ തെളിയിച്ച കാര്യം 8 മാസം കഴിഞ്ഞിട്ടും ചെയ്യാനാവാത്ത മോദിയുടെ കാപട്യത്തിന്, ഷീലാ ദീക്ഷിതിനോട് പ്രതികരിച്ചതിനേക്കാള്‍ ശക്തമായാണ് ജനം തിരിച്ചടിച്ചത്. പ്രതിദിനം 172 എം.ജി.ഡി ജലദൗര്‍ലഭ്യമുള്ള, 12 ഫുട്‌ബോള്‍ കോര്‍ട്ടുകളില്‍ പാര്‍ക്കു ചെയ്യാവുന്ന അത്രയും വാഹനങ്ങള്‍ നിത്യേന പുതുതായി നിരത്തിലിറങ്ങുന്ന, 24 മണിക്കൂര്‍ വൈദ്യുതിക്ക് കോണോട്ട് പ്‌ളേസില്‍ പോലും ഗ്യാരണ്ടിയില്ലാത്ത, 10 ലക്ഷത്തില്‍ പരം രജിസ്റ്റര്‍ ചെയ്യപ്പെട്ട തൊഴില്‍രഹിതരില്‍ 11,000 പേര്‍ക്കു മാത്രം ജോലി ലഭിച്ച, 10,000 രോഗികളെ വീതം കണക്കിലെടുത്താല്‍ 2.6 പേര്‍ക്കു മാത്രം ആശുപത്രിയില്‍ കിടക്കാനാവുന്ന, 50 ലക്ഷം പേര്‍ അനധികൃത കോളനികളില്‍ താമസിക്കുന്ന ഈ മഹാനഗരത്തില്‍ വികസനമെന്നത് കോര്‍പറേറ്റുകളുടെ ജി.ഡി.പിയാണെന്ന ബി.ജെ.പിയുടെ സിദ്ധാന്തം അങ്ങ് ഗുജറാത്തില്‍ ചെലവാക്കിയാല്‍ മതിയായിരുന്നു.

കഴിഞ്ഞ ഏതാനും അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ തിരിച്ചറിവും ഇത്തവണത്തെ ദല്‍ഹി തെരഞ്ഞെടുപ്പിന്റെ അടിയൊഴുക്കുകള്‍ നിര്‍ണയിച്ചു. ആം ആദ്മി പാര്‍ട്ടി ജയിക്കുന്നെങ്കില്‍ ആവട്ടെയെന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്റെ മിക്ക മുതിര്‍ന്ന നേതാക്കള്‍ക്കും. ബി.ജെ.പിയുടെ തേരോട്ടം ഒരിക്കല്‍ നിലച്ചാല്‍ മറ്റുള്ള പാര്‍ട്ടികള്‍ക്ക് പുതുജീവന്‍ ലഭിക്കുമെന്നും ആസന്നമായ ബിഹാര്‍, ബംഗാള്‍, യു.പി തെരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടിയല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നുമുള്ള തിരിച്ചറിവ് കോണ്‍ഗ്രസില്‍ ചിലരെങ്കിലും പങ്കുവെക്കുന്നുണ്ടായിരുന്നു. എന്നാല്‍ 'ഐപ്പാഡ്' കക്ഷത്തിലിടുക്കി രാഹുല്‍ ഗാന്ധിയോടൊപ്പം നടക്കുന്ന 'ബ്രിഗേഡ്' അപ്പോഴും ആം ആദ്മിയെ കടിച്ചു കീറാന്‍ തുടലു പറിച്ചു നിന്നു. കോണ്‍ഗ്രസ് രാഷ്ട്രീയം പക്ഷേ തലമൂത്ത നേതാക്കളുടെ അനുഭവസാക്ഷ്യത്തിന്റെ വഴിയെ പോയെന്നാണ് സൂക്ഷ്മ നിരീക്ഷണത്തില്‍ വ്യക്തമായത്. രാഹുലും സോണിയയും ചടങ്ങിനു മാത്രമാണ് ദല്‍ഹിയില്‍ പ്രചാരണം നടത്തിയത്. അതുതന്നെയും ആം ആദ്മിയേക്കാളേറെ ബി.ജെ.പിക്കെതിരെ ആയിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ ആഞ്ഞടിച്ചത്. സി.പി.എം, ജെ.ഡി.യു, ആര്‍.ജെ.ഡി, സമാജ്‌വാദി പാര്‍ട്ടികള്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് മല്‍സര രംഗത്തു നിന്ന് പിന്‍വാങ്ങി. മഹാരാഷ്ട്രയിലെ അപ്രതീക്ഷിത വിജയത്തിനു ശേഷം ദല്‍ഹിയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി നിന്ന അസദുദ്ദീന്‍ ഉവൈസിയുടെ മുസ്‌ലിം മജ്‌ലിസെ മുശാവറ മത്സരിക്കാനുള്ള മോഹം ഉപേക്ഷിച്ചു. 68 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ ഇറക്കി തുടക്കത്തില്‍ സജീവമാക്കാന്‍ രംഗത്തെത്തിയ മായാവതിയുടെ ബി.എസ്.പിയും അവസാന ഘട്ടത്തില്‍ പ്രചാരണം തണുപ്പിച്ചു. കഴിഞ്ഞ ദല്‍ഹി തെരഞ്ഞെടുപ്പില്‍ നഗരം പിടിച്ചു കുലുക്കിയ മായാവതി ഇക്കുറി വന്നതും പോയതും ആരുമറിഞ്ഞില്ല. നവാഗതരായ വെല്‍ഫെയര്‍ പാര്‍ട്ടിയും എ.എ.പിയെയാണ് പിന്തുണച്ചത്.

ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും നല്ല വശങ്ങളിലൊന്ന് മുസ്‌ലിം വോട്ടുബാങ്ക് എന്ന കോണ്‍ഗ്രസ്-ബി.ജെ.പി ആശയത്തെ ആം ആദ്മി തരിമ്പും വകവെച്ചില്ല എന്നതാണ്. മുസ്‌ലിം വോട്ടുബാങ്കിന് ദല്‍ഹിയിലെ ജയപരാജയങ്ങളില്‍ നിര്‍ണായക പങ്കുണ്ടായിട്ടും മുസ്‌ലിംകള്‍ക്കു വേണ്ടി പ്രത്യേകിച്ച് ഒരു വാഗ്ദാനവും നല്‍കാതെയാണ് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയത്. എല്ലാ വോട്ടര്‍മാരോടും പറയുന്ന കാര്യങ്ങളും എല്ലാവര്‍ക്കും നല്‍കുന്ന പരിഗണനയും ഒരു വ്യത്യാസവുമില്ലാതെ മുസ്‌ലിംകള്‍ക്കും നല്‍കുമെന്നും അവരോടു മാത്രമായി ഒരു അനീതിയും കാണിക്കില്ലെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. അധികാരമേറ്റ് പാര്‍ട്ടി ആദ്യം ഉത്തരവിട്ട അന്വേഷണങ്ങളിലൊന്ന് ബട്‌ലാ ഹൗസ് ഏറ്റുമുട്ടലിനെ കുറിച്ചാണ് എന്നതില്‍ നിന്ന് ഇതൊരു വീണ്‍വാക്കല്ലെന്നും പാര്‍ട്ടി തെളിയിച്ചു. ദല്‍ഹി ഇമാം അഹ്മദ് ബുഖാരി പിന്തുണയുമായി വന്നപ്പോള്‍ ആവശ്യമില്ലെന്ന് മുഖത്തു നോക്കിപ്പറഞ്ഞു. ഇന്ദിരാഗാന്ധി പടച്ചുണ്ടാക്കിയ ഇമാമുമാരുടെ കപട രാഷ്ട്രീയ അച്ചാരത്തെ പരസ്യമായി തള്ളിപ്പറഞ്ഞ കെജ്‌രിവാള്‍ ജുമാ മസ്ജിദിന്റെ മിഹ്‌റാബിനു താഴെയുള്ള മടിയാമഹലില്‍ ശുഐബ് ഇഖ്ബാലിനെയും ബല്ലി മാറനില്‍ ഹാറൂണ്‍ റശീദിനെയും സദര്‍ ബസാറില്‍ അജയ് മാക്കനെയും തോല്‍പ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം മണ്ഡലങ്ങളില്‍ മേല്‍ക്കൈ നേടിയ കോണ്‍ഗ്രസില്‍ ഇടംതേടിയ മടിയാമഹലിന്റെ സ്വന്തം സ്ഥാനാര്‍ഥി ശുഐബ് ഇഖ്ബാലിന്റെ പരാജയം ഞെട്ടിക്കുന്നതായി മാറി. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സൃഷ്ടിച്ച ആശയക്കുഴപ്പം ദല്‍ഹിയുടെ ചിത്രം മറ്റൊന്നാക്കുമായിരുന്നുവെങ്കിലും ആം ആദ്മിയോടൊപ്പം പോയ മുസ്‌ലിംകള്‍ കോണ്‍ഗ്രസിനെ എല്ലായിടത്തും കൈവെടിഞ്ഞു. മുസ്തഫാബാദ് എന്ന ഒറ്റ മണ്ഡലത്തില്‍ മാത്രമാണ് ഈ ആശയക്കുഴപ്പം ബി.ജെ.പിക്കു മുതലെടുക്കാനായത്. ആം ആദ്മിയും കോണ്‍ഗ്രസും ചേര്‍ന്ന് ഈ മണ്ഡലത്തില്‍ നേടിയ വോട്ടുകള്‍, ജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭിച്ചതിന്റെ  ഇരട്ടിയോളമുണ്ടായിരുന്നു. അബുല്‍ ഫസലിലെ റിയല്‍ എസ്‌റ്റേറ്റ് മാഫിയ പണം വാരിയെറിഞ്ഞിട്ടും ഓഖ്‌ല മണ്ഡലത്തില്‍ ആസിഫ് മുഹമ്മദ് ഖാന്‍ തോറ്റു. ഷീലാ ദീക്ഷിത് ഗവണ്‍മെന്റിലെ ഏക മുസ്‌ലിം മന്ത്രിയായിരുന്ന ഹാറൂണ്‍ യൂസുഫ് ആറ് തവണ ജയിച്ച ബല്ലിമറാനില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കു കൂപ്പുകുത്തി.

ബി.ജെ.പി തന്നെയാണ് പരാജയപ്പെട്ടതെന്ന് ആദ്യം കുറ്റപ്പെടുത്തിയത് മറ്റാരുമല്ല കിരണ്‍ ബേദി തന്നെയാണ്. എന്‍.ഡി.എക്കകത്ത് പലരും മുറുമുറപ്പ് തുടങ്ങിക്കഴിഞ്ഞു. ദേരാ സച്ചാ സൗദയുടെ പിന്തുണ തേടാന്‍ ബി.ജെ.പി തീരുമാനിച്ചതോടെ സിഖു വോട്ടുകളും ബി.ജെ.പിയെ കൈയൊഴിഞ്ഞു. ക്രിസ്ത്യാനികളും മുസ്‌ലിംകളും കൂട്ടത്തോടെ ആം ആദ്മിയില്‍ ചേക്കേറി. ഇവരെയെല്ലാം ഇന്ത്യക്കാരെന്ന നിലയില്‍ സംരക്ഷിക്കേണ്ടിയിരുന്ന പ്രധാനമന്ത്രി ത്രിലോക്പുരിയിലും ശാഹ്ദരയിലും ജ്യോതി നിരഞ്ജന സംഭവത്തിലും ഗോഡ്‌സെ വിവാദത്തിലുമൊക്കെ ഒട്ടകപ്പക്ഷി നയം സ്വീകരിക്കുക കൂടി ചെയ്തതോടെ ദല്‍ഹിക്കാര്‍ക്ക് നരേന്ദ്ര മോദിയുടെ യഥാര്‍ഥ മുഖം എളുപ്പത്തില്‍ തിരിച്ചറിയാമെന്നായി. ഉത്തരവാദിത്ത ബോധം മാത്രമല്ല സാമാന്യബോധവും ഈ പ്രധാനമന്ത്രിക്ക് ഇല്ലെന്ന് റിപ്പബ്ലിക് ദിന പരേഡിലെ സല്യൂട്ടും പേരുതുന്നിയ കുപ്പായവുമൊക്കെ വിളിച്ചു പറയുകയും ചെയ്തു. റാംലീല മൈതാനിയിലെ മോദിയുടെ പ്രചാരണ റാലി അദ്ദേഹം സമീപകാലത്ത് അഭിസംബോധന ചെയ്തതില്‍ ഏറ്റവും ദയനീയമായ ആള്‍ക്കൂട്ടങ്ങളിലൊന്നായിരുന്നു.

ഓരോ രാഷ്ട്രീയ സീസണിലെയും സാധ്യതകള്‍ക്കനുസരിച്ച് കൂറുമാറ്റത്തെ രാഷ്ട്രീയ കലയാക്കി വികസിപ്പിച്ചെടുത്ത നേതാക്കളെ ജനം ആട്ടിയോടിച്ചത് ദല്‍ഹി തെരഞ്ഞെടുപ്പ് നല്‍കിയ ഏറ്റവും നല്ല മാതൃകകളിലൊന്നായി. മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തീരഥിനും ആം ആദ്മി പാര്‍ട്ടി നേതാക്കളായ വിനോദ് കുമാര്‍ ബെന്നിക്കും ഷാസിയാ ഇല്‍മിക്കും, വേണ്ടി വന്നാല്‍ കോണ്‍ഗ്രസിന്റെ വക്താവായിരുന്ന ജയന്തി നടരാജനു പോലും കയറിവരാനുള്ള ചന്തയാക്കി ബി.ജെ.പിയെ തുറന്നിട്ട അമിത് ഷായുടെ 'തന്ത്ര'ങ്ങളെ ജനം ചവിട്ടിയരച്ചു. പാര്‍ട്ടികള്‍ ഏതായാലും കച്ചവടമാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന സിദ്ധാന്തത്തെ ഊട്ടിയുറപ്പിക്കാനായിരുന്നു ബി.ജെ.പി ശ്രമിച്ചത്. എന്നാല്‍ വ്യക്തിയല്ല ആശയങ്ങളാണ് പ്രധാനമെന്ന് വോട്ടര്‍മാര്‍ വിധിയെഴുതി. മറുഭാഗത്ത് ചൂല്‍ അടയാളത്തില്‍ മാത്രമല്ല ആം ആദ്മി പാര്‍ട്ടി രംഗത്തിറക്കിയാല്‍ കുറ്റിച്ചൂലിനു പോലും ജനം വോട്ടു ചെയ്യുമെന്ന തോന്നലായിരുന്നു ദല്‍ഹിയിലുടനീളം. ബി.ജെ.പിയെ വര്‍ഗീയ വിഷയങ്ങളുന്നയിച്ച് എതിരിടുക എന്ന ആത്മഹത്യാപരമായ നീക്കത്തിന് മുതിരാതിരുന്ന കെജ്‌രിവാള്‍ ഇന്ത്യക്ക് മറ്റൊരു മാതൃക കൂടി കാഴ്ച വെച്ചു. വികസന വിഷയങ്ങളില്‍ എങ്ങനെയാണ് ബി.ജെ.പി പൊതുജനത്തെ വഞ്ചിക്കുന്നത് എന്നു മാത്രമാണ് അദ്ദേഹം റാലികളില്‍ തുറന്നു കാട്ടിയത്. പ്രധാനമന്ത്രി ആറ് റാലികളില്‍ അഭിസംബോധന ചെയ്തിട്ടും കേന്ദ്രമന്ത്രിമാരും എം.പിമാരും മണ്ഡലങ്ങളെ ചുമലിലേറ്റിയിട്ടും മൂന്ന് സീറ്റില്‍ ഒതുങ്ങി എന്നതു മാത്രമായിരുന്നില്ല ബി.ജെ.പിയുടെ പരാജയം. രണ്ട് ഡസനോളം മണ്ഡലങ്ങളില്‍ 20,000ത്തിന്റെ ഭൂരിപക്ഷത്തിനായിരുന്നു ആപ് സ്ഥാനാര്‍ഥികള്‍ ജയിച്ചു കയറിയത്.

മറ്റുള്ളവരുടെ പിളര്‍പ്പിനെ ആശ്രയിച്ച് മുന്നോട്ടു പോകുന്ന ബി.ജെ.പിക്ക് ദല്‍ഹി തെരഞ്ഞെടുപ്പ് അവരുടെ വാട്ടര്‍ലൂ ആകുന്ന ചിത്രമാണ് ബാക്കിയാവുന്നത്. തെരഞ്ഞെടുപ്പ് ആസന്നമായ ബംഗാളിലും ബിഹാറിലും യു.പിയിലുമൊക്കെ നരേന്ദ്ര മോദി എന്ന 'പ്രതിഭാസ'ത്തെ വിറ്റഴിക്കാന്‍ ബി.ജെ.പി ഇനി വിയര്‍ക്കേണ്ടി വരും. ജമ്മു കശ്മീരില്‍ പി.ഡി.പി പറയുന്ന വ്യവസ്ഥകള്‍ അംഗീകരിച്ച് സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പി നിര്‍ബന്ധിതരാകും. ബംഗാളില്‍ തൃണമൂലിനെതിരെയുള്ള ജനവികാരം ബി.ജെ.പിയിലേക്കായിരുന്നു ഉറ്റുനോക്കിയത്. ഇനിയത് സി.പി.എമ്മിന് പ്രതീക്ഷ നല്‍കും, ആപ് തുണക്കുകയും വിശാല ഇടതുപക്ഷ നീക്കങ്ങള്‍ ശക്തമാകുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ബിഹാറില്‍ രത്തന്‍ സിംഗ് മാഞ്ചിയെ പിന്നില്‍ നിന്നു തുണച്ച് നിധീഷിനെതിരെ മെനഞ്ഞ തന്ത്രം ഇനി ഗുണം ചെയ്യണമെന്നില്ല. ബി.ജെ.പിക്ക് അവരുടെ എല്ലാ വിജയമന്ത്രങ്ങളുമാണ് ഒറ്റയടിക്ക് നഷ്ടമാവുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 96-100
എ.വൈ.ആര്‍