Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 20

രണ്ട് സമര ഭൂമികളിലൂടെ

ജലീല്‍ മോങ്ങം /യാത്ര

         കണ്ഡമാല്‍ വര്‍ഗീയ കലാപവും പോസ്‌കോ വിരുദ്ധ ജനകീയ സമരവും സോളിഡാരിറ്റിയുടെ ഇടപെടല്‍ ഭൂമികയില്‍ സ്ഥാനം പിടിച്ചിട്ട് രണ്ട് വര്‍ഷത്തിലധികമായി. കണ്ഡമാലിലെ ആദിവാസി-ദലിത് കോളനികളില്‍  വിശ്വ ഹിന്ദു പരിഷത്തിന്റെയും വനവാസി കല്ല്യാണ്‍ ആശ്രമിന്റെയും കാര്‍മികത്വത്തില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ചര്‍ച്ചുകളും വീടുകളും നശിപ്പിക്കപ്പെടുകയും ചെയ്തു. വ്യാപകമായ ക്രിസ്ത്യന്‍വിരുദ്ധ കലാപത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു 2008 ആഗസ്റ്റില്‍ ഒഡീഷ. സ്വാമി ലക്ഷ്മാനന്ദും നാല് അനുയായികളും മാവോയിസ്റ്റ് ഗ്രൂപ്പിനാല്‍ വധിക്കപ്പെട്ടതിന്റെ ബാക്കിപത്രമെന്നോണം ക്രിസ്ത്യന്‍ വിരുദ്ധ കലാപം ആളിപ്പടരുകയായിരുന്നു.

സര്‍ക്കാറും മാധ്യമങ്ങളും അവഗണിച്ച ഈ കലാപത്തെ മുഖ്യധാരയില്‍ കൊണ്ടുവരാനും പുനരധിവാസ പദ്ധതികള്‍ക്ക് രൂപം കൊടുക്കാനുമുള്ള ദേശീയതലത്തിലുള്ള ശ്രമങ്ങളെ ധാര്‍മികമായും  സാമ്പത്തികമായും സോളിഡാരിറ്റി പിന്തുണക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി കേരളത്തില്‍ കണ്ഡമാല്‍ ദിനാചരണം വിവിധ പരിപാടികളോടെ സോളിഡാരിറ്റിയുടെ മുന്‍കൈയില്‍ നടക്കുകയുണ്ടായി. വര്‍ഗീയ കലാപങ്ങളുടെ തീക്കാറ്റില്‍ ഇരകളാക്കപ്പെട്ട ഒഡീഷയിലെ കുഗ്രാമത്തില്‍ ജീവിക്കുന്ന ദലിത്-ആദിവാസി കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റവും സന്മനസ്സും സോളിഡാരിറ്റി പകര്‍ന്നു നല്‍കി.

പോസ്‌കോ എന്ന കൊറിയന്‍ സ്റ്റീല്‍ കമ്പനിക്കെതിരെ ഒഡീഷയില്‍ നടക്കുന്ന ഐതിഹാസിക സമരവും സോളിഡാരിറ്റി നെഞ്ചേറ്റുവാങ്ങി. ജനകീയ സമരങ്ങളെ നട്ടുവളര്‍ത്തിയും അവക്ക് നേതൃത്വം നല്‍കിയും വളര്‍ന്നുവന്ന സോളിഡാരിറ്റിയുടെ അജണ്ടയില്‍ പോസ്‌കോ വിരുദ്ധ സമരവും സ്ഥാനം പിടിച്ചത് സ്വാഭാവികം.

ഈ രണ്ട് സമര ഭൂമികളും നേരിട്ട് സന്ദര്‍ശിക്കുകയെന്നത് സംഭവങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാനും പ്രസ്ഥാനം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടാനും കാരണമാകുമെന്നതിനാല്‍  ഒഡീഷയാത്ര തീരുമാനിക്കുകയായിരുന്നു. അഞ്ച് പേരടങ്ങുന്ന സംഘം ഒഡീഷയിലേക്ക് യാത്രതിരിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് വേളത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിമാരായ സാദിഖ് ഉളിയില്‍, സമദ് കുന്നക്കാവ്, സി.എം ശരീഫ് എന്നിവര്‍ക്ക് പുറമെ ഈ ലേഖകനും  യാത്രയിലുണ്ടായിരുന്നു.

നാഗര്‍കോവില്‍-ഷാലിമാര്‍ എക്‌സ്പ്രസില്‍ രണ്ട് ദിവസത്തെ യാത്രക്കു ശേഷം പുലര്‍ച്ചെ ഭൂവനേശ്വറിലെത്തിയ ഞങ്ങളെ സ്വീകരിക്കാന്‍ ചര്‍ച്ച് പി.ആറിന്റെ പ്രതിനിധിയായ ഫാദര്‍ അജയ് കുല്‍ക്കന്ദ് സ്റ്റേഷനിലെത്തിയിരുന്നു. സോളിഡാരിറ്റിയുടെ അടുത്ത സുഹൃത്തായ കെ.പി ശശി ആദ്യമേ കണ്ഡമാല്‍ സമരത്തിന് തയ്യാറെടുപ്പുമായി അവിടെയുണ്ടായിരുന്നു. പനിപിടിച്ച് കിടക്കുന്ന അദ്ദേഹം ഞങ്ങളെ ഔപചാരികതകളില്ലാതെ സ്വീകരിച്ചു. പിറ്റെ ദിവസത്തെ ഐക്യദാര്‍ഢ്യ സമ്മേളനവുമായി ബന്ധപ്പെട്ട് വിശ്രമമില്ലാതെ ഓടിനടക്കുകയായിരുന്ന ഫാദര്‍ അയജ് തിരക്കുകള്‍ക്കിടയിലും ഞങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിത്തന്നു. കണ്ഡമാല്‍ സമരത്തിന്റെ എല്ലാമെല്ലാമായ അദ്ദേഹം അര്‍പ്പിത മനസ്സോടെ ചടുലമായി പ്രവര്‍ത്തിക്കുന്നത് ആവേശം പകരുന്ന കാഴ്ചയായിരുന്നു.

ഞങ്ങളുടെ പ്രഥമയാത്ര പോസ്‌കോ സമരഭൂമിയിലേക്കായിരുന്നു.  സി.പി.ഐ അനുഭാവിയും പോസ്‌കോ സമരത്തിന്റെ റഫറന്‍സ് ഗ്രന്ഥമെന്ന് വിശേഷിപ്പിക്കാവുന്ന ദേഹവുമായ പ്രശാന്ത് പൈക്കറെ അയച്ച വാഹനം ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. പ്രാതലും കഴിഞ്ഞ് ഹോട്ടല്‍ റിസപ്ഷനിലിരിക്കുമ്പോഴാണ് ഒഡീഷയിലെ പൊതു പ്രവര്‍ത്തകനും പോസ്‌കോ വിരുദ്ധ സമരത്തിലെ സജീവ സാന്നിധ്യവുമായ സതീശന്‍ ഞങ്ങളുടെ ഗൈഡായി സ്വയം പരിചയപ്പെടുത്തുന്നത്. പ്രസ്തുത ഹോട്ടലില്‍ സി.പി.ഐ സെന്‍ട്രല്‍ കമ്മറ്റി മെമ്പറും ഡി. രാജയുടെ പത്‌നിയും മലയാളിയുമായ ആനിരാജയുമുണ്ടായിരുന്നു. യാത്രയില്‍ അവരും കൂട്ടിനുണ്ടെന്നത്  വല്ലാത്ത സന്തോഷം നല്‍കി. പ്രമുഖ ആക്ടിവിസ്റ്റും പാട്ടുകാരനുമായ ചാരുളിന്റെ സാന്നിധ്യം യാത്രക്ക് ആവേശം പകര്‍ന്നു. അഹമ്മദാബാദുകാരനായ ചാരുള്‍ സോളിഡാരിറ്റിയുടെ ഉറ്റ സുഹൃത്താണ്. മുമ്പ് കോഴിക്കോട് നടന്ന പൊതുപരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. സി.ബി.എസ്.ഇ പാഠപുസ്തകത്തിലുള്ള ആര്‍.ടി.ഐ ഗാനം രചിച്ചതും ചിട്ടപ്പെടുത്തിയതും അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യ വിനയും കൂടിയായിരുന്നു.

ആനിരാജ വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരുപ്പുറപ്പിച്ച് വളരെ ആവേശത്തോടെ നേതാക്കന്മാരുടെ പേരുകള്‍ ചോദിച്ചുകൊണ്ടിരുന്നു. പേരുകള്‍ പിന്നീട് ഓര്‍ക്കുമോയെന്ന ടി. മുഹമ്മദ് വേളത്തിന്റെ ചോദ്യത്തിന് ഓര്‍ക്കില്ലെങ്കിലും പേര് ചോദിച്ച് തുടങ്ങുന്നതല്ലേ നല്ലത് എന്ന ഹൃദയം തുറന്ന ചിരിയോടെയുള്ള മറുപടി. ഒഡീഷയെക്കുറിച്ചുള്ള സതീശന്റെ വിവരണങ്ങളും സംശയ നിവാരണങ്ങളും  ആ നാടിന്റെ ചരിത്രത്തെയും രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും കുറിച്ച് ഒരു ലഘുചിത്രം ഞങ്ങള്‍ക്ക് നല്‍കുകയുണ്ടായി. ബിജു പട്‌നായികില്‍ നിന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രിയും മകനുമായ നവീന്‍ പട്‌നായിക്കിലേക്കുള്ള സംസ്ഥാനത്തിന്റെ കൂപ്പുകുത്തല്‍ ഈര്‍ഷ്യം കലര്‍ന്ന ഭാഷയില്‍ വളരെ വൈകാരികമായാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇടത് വിപ്ലവത്തിന്റെ ശേഷിപ്പുകള്‍ കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ കനലുകളെരിയുന്നുണ്ടായിരുന്നു. ഇടത് റാഡിക്കല്‍ സംഘങ്ങള്‍ക്കും മാവോയിസ്റ്റുകള്‍ക്കും വളക്കൂറുള്ള മണ്ണാണ് ഒഡീഷയെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലായി. കട്ടക്കിലൂടെ കാര്‍ കടന്നു പോയപ്പോള്‍ അതിന്റെ ഒറിയന്‍ ഭാഷാര്‍ഥം തലസ്ഥാനമാണെന്നും ഇപ്പോഴും സര്‍ക്കാര്‍ ഓഫീസുകളും കോടതിയും മറ്റും അവിടെയാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഭൂവനേശ്വറാണ് തലസ്ഥാനമെങ്കിലും കട്ടക് അതിന്റെ ഭാഷാര്‍ഥം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടായിരുന്നു. ഭൂവിസ്തൃതിയില്‍ കേരളത്തിന്റെ എത്രയോ മടങ്ങ് വലുപ്പമുള്ള ഒഡീഷയിലെ ജനസംഖ്യ നാല് കോടിയേ വരുന്നുള്ളൂ. 21 ലോക്‌സഭാ മണ്ഡലങ്ങളുള്ള ഒഡീഷയില്‍ 30 ജില്ലകളുണ്ട് (20 ലോക്‌സഭാ മണ്ഡലങ്ങളുള്ള കേരളത്തില്‍ 14 ജില്ലകളും).

നെല്‍കൃഷിയും വെറ്റില കൃഷിയുമാണ് പോസ്‌കോ സമരഭൂമിയിലെ പ്രധാന വരുമാന സ്രോതസ്സ്. രണ്ടായിരം ഏക്കറില്‍ പരം ഭൂമി പോസ്‌കോ രേഖാമൂലം അക്വയര്‍ ചെയ്തത് വമ്പിച്ച ഇരുമ്പയിര്‍ നിക്ഷേപമുള്ള മണ്ണാണ്. ഗ്രാമത്തിലേക്കുള്ള ഞങ്ങളുടെ പ്രവേശം ലളിതമായ പരിശോധനക്ക് ശേഷമായിരുന്നു. പോസ്‌കോ വിരുദ്ധസമരപ്രവര്‍ത്തകര്‍ നല്‍കിയ വെറ്റില പാസിന്റെ ബലത്തില്‍ ഗ്രാമത്തിലേക്ക് കടന്നു.

ഭൂവനേശ്വറില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെ കിടക്കുന്ന പോസ്‌കോ ഗ്രാമത്തിന്റെ സമരനായിക മനോരമകാട്ടുവയുടെ വീട്ടിലേക്കായിരുന്നു യാത്ര. ഭൂമി കൈയേറ്റത്തിനെതിരെ നടന്ന സമരത്തിന്റെ മുന്‍പന്തിയില്‍ നിന്ന് പോരാടിയ മനോരമ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍ അധ്യാപികയായിരുന്നു. പുരുഷന്മാര്‍ കക്ഷി രാഷ്ട്രീയത്തില്‍ അഭിരമിച്ചപ്പോള്‍ സമരത്തിന്റെ മുന്‍നിരയില്‍ ഭൂമിക്ക് വേണ്ടി പോരാടിയത് സ്ത്രീകളായിരുന്നു എന്ന് അവര്‍ പറഞ്ഞു. കാരിരുമ്പിന്റെ ശരീരവും പതറാത്ത മനസ്സും കാത്തു സൂക്ഷിച്ച ഇരുപത്തിനാലുകാരിയായ മനോരമ കഴിഞ്ഞ പത്തുവര്‍ഷമായി ആ ഗ്രാമം വിട്ടു പോയിട്ടില്ല. കാരണം, പുറത്ത് പോയാല്‍ അറസ്റ്റ് ചെയ്യപ്പെടും. ഗ്രാമത്തില്‍ വന്ന് അറസ്റ്റ് ചെയ്താല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന ഭയം പോലീസിനുണ്ട്. നിലവില്‍ കൊലപാതക ശ്രമം മുതല്‍ ബലാല്‍സംഗ കുറ്റംവരെ നാല്‍പത്തിയഞ്ചില്‍ പരം ജാമ്യമില്ലാ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ത്രീയാണ് മനോരമ. സി.പി.ഐ കുടുംബത്തില്‍ പിറന്നുവീണ മനോരമകാട്ടുവ സര്‍ക്കാര്‍ജോലി രാജിവെച്ച് നീതിക്ക് വേണ്ടിയുള്ള സമരത്തിന്റെ അണയാത്ത ജ്വാലയാണ്. 

മനോരമയുടെ സന്ദര്‍ശകരെന്ന നിലയില്‍  ആഹ്ലാദത്തോടെയും ആദരവോടെയുമാണ് ഗ്രാമവാസികള്‍ ഞങ്ങളെ വരവേറ്റത്. ഇത്തരം നിരവധി മനോരമമാരെ പടച്ചട്ടയാക്കിയാണ് പോസ്‌കോ ഗുണ്ടകളുടെയും പോലീസിന്റെയും തേര്‍വാഴ്ച്ചയെ ജനം നേരിട്ടത്. അതിന്റെ കത്തുന്ന ഓര്‍മകളുമായി ആവേശം കെട്ടടങ്ങാതെ ആ ഗ്രാമം ഇപ്പോഴും ജാഗരൂകമാണ്. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനോടുള്ള വിരോധം നുരഞ്ഞു പൊങ്ങുന്നുണ്ടായിരുന്നു മനോരമയുടെ ഇടമുറിയാത്ത ഒറിയന്‍ വാക്‌ധോരണയില്‍. നിലവില്‍ വെറും ഇരുമ്പയിര് ഖനനം നടത്തിയാല്‍ തന്നെ ഏകദേശം അഞ്ച് ലക്ഷം കോടിയുടെ വാര്‍ഷിക വരുമാനം കമ്പനിക്ക് ലഭിക്കുന്ന തരത്തില്‍ വമ്പിച്ച ഖനന സാധ്യതയുള്ള മണ്ണാണ് പ്രസ്തുത സമരഭൂമിയെന്ന് ചാരുള്‍ സാന്ദര്‍ഭികമായി സൂചിപ്പിക്കുകയുണ്ടായി. ഒഡീഷയാത്രയില്‍ തിളക്കമാര്‍ന്ന ഓര്‍മ്മയായി തങ്ങി നില്‍ക്കുന്ന ഒന്നായിരുന്നു മനോരമയെന്ന ഇതിഹാസം. 

സമരഭൂമിയില്‍ നിന്ന് ഞങ്ങള്‍ മടങ്ങിയത് പ്രശാന്ത് പൈക്കറെയുടെ വീട്ടിലേക്കായിരുന്നു. സമരത്തിന്റെ മുഖ്യ ഊര്‍ജ ദായകരില്‍ ഒരാളാണ് അദ്ദേഹം. നമസ്‌കാരത്തിന് സൗകര്യമൊരുക്കുന്നതിന് പുറമെ, വീട്ടിലെ അംഗങ്ങളെ ഔപചാരികതകളില്ലാതെ പരിചയപ്പെടുത്തി തരികയും ചെയ്തു, സി.പി.ഐയുടെ ഉറച്ച മെമ്പറായ അദ്ദേഹം.

സമരഭൂമി സന്ദര്‍ശനത്തെക്കുറിച്ച് അദ്ദേഹം ഞങ്ങളോട് വിശദമായി ചോദിച്ചറിഞ്ഞു. സമരത്തെ ധാര്‍മികമായും സാമ്പത്തികമായും പിന്തുണക്കുന്ന സോളിഡാരിറ്റിയുടെ സന്മനസ്സിനെ അദ്ദേഹം ശ്ലാഘിച്ചു. പോസ്‌കോ സമരത്തെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിനും സോളിഡാരിറ്റിയുടെ നിര്‍ദേശങ്ങളും സഹായങ്ങളും പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി നടത്തിയ കരിനിയമ കേസുകളുടെ തെളിവെടുപ്പ് പരിപാടിയെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. ഇന്ത്യയിലെ വ്യത്യസ്ത സമരഭൂമികളിലെ കേസുകളെക്കുറിച്ച് സമാനമായ രീതിയില്‍ ജനകീയ തെളിവെടുപ്പ് ദല്‍ഹിയിലോ മറ്റോ നടത്തുന്നത്  നന്നായിരിക്കുമെന്ന് ഞങ്ങള്‍ അഭിപ്രായപ്പെട്ടു. അത്തരം പുതുമയാര്‍ന്ന പരിപാടികളുടെ ഒരു പ്രോജക്ട് തയാറാക്കി അവരെ അറിയിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിക്കുകയുണ്ടായി.

പോസ്‌കോ സമരത്തിന്റെ പ്രഭവ കേന്ദ്രം മേലുദ്ധരിച്ച ഗ്രാമം തന്നെയാണ്. പക്ഷേ, സമരത്തിന്റെ ഫീഡിംഗ് ഏജന്‍സികളായി ഗോദാവരി, മഹാനദി തുടങ്ങിയ രണ്ട് സംരക്ഷണ നദികളുമുണ്ട്. വ്യാവസായിക ആവശ്യത്തിനും കുടിവെള്ളത്തിനും വേണ്ടി പ്രസ്തുത നദികള്‍ ഉപയോഗപ്പെടുത്താനുള്ള കമ്പനിയുടെ ശ്രമത്തെ എന്തുവില കൊടുത്തും ചെറുത്ത് തോല്‍പ്പിക്കുവാനുള്ള കരുത്ത് നദീ സംരക്ഷണ സമിതിക്കുണ്ടെന്ന് പൈക്കറെയുടെ വിശദീകരണത്തില്‍ നിന്ന് മനസ്സിലായി. അഞ്ച് കിലോമീറ്ററോളം പരന്നു കിടക്കുന്ന ടൂറിസ്റ്റ് സ്‌പോട്ടായ ഒരു ഹൈറേഞ്ചും സമരത്തിന്റെ അവിഭാജ്യ ഘടകമാണ്. പോസ്‌കോ വിരുദ്ധ സമരത്തിനുനേരെ മീഡിയ പ്രതിലോമപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് പൈക്കറെ പറഞ്ഞു.

സമരഭൂമിയില്‍ നിന്ന് മടങ്ങിയെത്തിയ ഞങ്ങള്‍ ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം രാത്രി കണ്ഡമാലിലേക്ക് തിരിച്ചു. ഭൂവനേശ്വറില്‍ നിന്ന് ഏകദേശം 225 കി.മി ദൂരം വരുന്ന യാത്ര അവിസ്മരണീയമായ മറ്റൊരനുഭവമായിരുന്നു. ഫാദര്‍ അജയിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അഞ്ചു വാഹനങ്ങളിലായി യാത്ര പുറപ്പെട്ടു. കാടും മലയും കയറി പ്രകൃതി രമണീയമായ കാഴ്ചകള്‍ കണ്ടുള്ള പ്രഭാത യാത്രയില്‍ ചോലയില്‍ നിന്ന് വുളു എടുത്ത് പാറപ്പുറത്ത് സ്വുബ്ഹ് നമസ്‌കരിക്കുകയും ചെയ്തു. ഏകദേശം അഞ്ച് മണിക്കൂറോളം ചുരം കയറി സഞ്ചരിച്ച് രാവിലെ ഏഴ് മണിക്ക് കണ്ഡമാലിലെത്തി. വളരെ അവികസിതമായ മലയോര ജില്ലയാണ് കണ്ഡമാല്‍. നമ്മുടെ വയനാടിനെ അനുസ്മരിപ്പിക്കുന്ന ഒരു ചെറുജില്ല. 

ജില്ലാ ആസ്ഥാനത്തുള്ള പൊതുമൈതാനിയിലാണ് പരിപാടി. രാവിലെ 9.30-ന് പ്രകടനം ആരംഭിച്ചു. മേധാപട്കര്‍, സുഭാഷിണി അലി, ആനിരാജ, ഫാദര്‍ അജയ്, ചാരുള്‍, വിനയ്, റോയ് ഡേവിഡ്, ടി. മുഹമ്മദ് വേളം തുടങ്ങി പ്രമുഖര്‍ മുന്‍നിരയില്‍ അണിനിരന്നു. വര്‍ഗീയ കലാപം നടന്ന, ഏകദേശം 70 കി.മി ഉള്ളോട്ടുള്ള ഗ്രാമങ്ങളില്‍ നിന്ന് നൂറു കണക്കിന് സ്ത്രീകളും കുട്ടികളും പ്രകടനത്തിന് അണിനിരന്നിരുന്നു. അത്തരം ഗ്രാമങ്ങളില്‍ ഇപ്പോഴും മുറിവുണങ്ങിയിട്ടില്ല. അത്തരമൊരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനുള്ള ശേഷി ആ ഗ്രാമങ്ങള്‍ക്കും സംഘാടകര്‍ക്കും ഇപ്പോഴും കൈവന്നിട്ടില്ല. ഒറിയന്‍ ഭാഷയില്‍ പ്രത്യേക താളത്തിലുള്ള മുദ്രാവാക്യങ്ങള്‍ ഞങ്ങള്‍ ആവേശത്തോടെ ഏറ്റുപറഞ്ഞു. പ്ലക്കാര്‍ഡുകളും കാഹളങ്ങളുമേന്തി സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന ഒരു വമ്പിച്ച പ്രകടനം മൈതാനിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നു നടന്ന സമ്മേളനത്തിന്റെ സ്വഗതഭാഷണത്തില്‍ സോളിഡാരിറ്റിയുടെ സാന്നിധ്യം വളരെ പ്രാധാന്യപൂര്‍വം എടുത്തു പറഞ്ഞു. മതമൈത്രിയിലും സാമുദായിക സൗഹാര്‍ദത്തിലുമൂന്നിയ തുടര്‍ പ്രഭാഷണങ്ങളില്‍ മോദി വിരുദ്ധ തരംഗവും അലയടിച്ചു. ആനിരാജയും സുഭാഷിണി അലിയും മേധാപട്കറുമെല്ലാം ഹിന്ദിയില്‍ ആവേശോജ്ജ്വലമായ പ്രഭാഷണങ്ങള്‍ നടത്തി. പക്ഷേ, സദസ്സിലുള്ളവരില്‍ ഭൂരിഭാഗവും ഒറിയക്കപ്പുറം ഒന്നും അറിയാത്ത സാധാരണക്കാരായിരുന്നു. അതുകൊണ്ട് എല്ലാ പ്രഭാഷണങ്ങള്‍ക്കും സംക്ഷിപ്ത രൂപത്തിലുള്ള വിവര്‍ത്തനമുണ്ടായിരുന്നു. ടി. മുഹമ്മദ് വേളം ഇംഗ്ലീഷിലാണ് പ്രസംഗിച്ചത്.  കണ്ഡമാല്‍ ദിനാചരണം കേരളത്തില്‍ സംഘടിപ്പിച്ചതും അതിനുള്ള സോളിഡാരിറ്റിയുടെ പ്രചോദനവും അദ്ദേഹം വിവരിച്ചു.

പോലീസും അര്‍ധ സൈനിക വിഭാഗവും മൈതാനം വളഞ്ഞിരുന്നു. ഈ പോലീസ് സന്നാഹത്തിന്റെ കുറഞ്ഞൊരംശമെങ്കിലും വര്‍ഗീയ കലാപം നടന്ന സന്ദര്‍ഭത്തില്‍ വിന്യസിക്കപ്പെട്ടിരുന്നുവെങ്കില്‍ അങ്ങനെയൊരു രക്തച്ചൊരിച്ചില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് പ്രഭാഷകര്‍ പരിഹസിച്ചു. നവീന്‍ ചാരുള്‍ ദമ്പതികളുടെ ദേശഭക്തിഗാനം സദസ്സിനെ വല്ലാതെ ആകര്‍ഷിച്ചു. മക്കളെ വേണ്ടെന്ന് വെച്ച് സാമൂഹിക പ്രവര്‍ത്തനത്തില്‍ വ്യാപൃതരായ ഈ മധ്യവയസ്‌കര്‍ സമരത്തിന്റെ വേറിട്ട കാഴ്ചയായിരുന്നു.

സമ്മേളനത്തിനുശേഷം വൈകിട്ട് കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. ഫാദര്‍ അജയ് പരിക്ഷീണനായിരുന്നുവെങ്കിലും ആവേശപൂര്‍വ്വം യാത്രക്ക് നേതൃത്വം നല്‍കി. രണ്ട് വാഹനങ്ങളിലായി 70 കി.മി അകലെയുള്ള ഗ്രാമത്തിലേക്ക് ഞങ്ങള്‍ യാത്രയായി. മുംബൈ സ്വദേശിയായ ഷാഹിദ് എന്ന ഫോട്ടോ ജേര്‍ണലിസ്റ്റും കൂടെയുണ്ടായിരുന്നു. ഒഡീഷയുടെ നാഡി ഞരമ്പുകളിലൂടെ വാഹനം കുതിച്ചു പാഞ്ഞു. ആന്ധ്ര ഹൈവേയിലൂടെ ഏകദേശം നാല്‍പത് കിലോമീറ്റര്‍ കഴിഞ്ഞ് ഉള്‍ഭാഗത്തേക്ക് സഞ്ചരിച്ച്  ഗ്രാമത്തിലെത്തിയപ്പോള്‍ സന്ധ്യയായിരുന്നു. എത്തിയപാടെ അന്നത്തെ പരിപാടിയില്‍ പങ്കെടുത്ത ഒരു ഗ്രാമീണന്‍ ഭക്തിയാദരപൂര്‍വ്വം ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു. 2008ല്‍ കലാപം നടക്കുമ്പോള്‍ നാടുവിട്ട അദ്ദേഹം 2010-ലാണ് തിരിച്ചുവന്നത്. തകര്‍ന്നു വീണതും അഗ്നിക്കിരയാക്കിയതുമായ ചര്‍ച്ചുകളും സ്‌കൂളുകളും ഞങ്ങള്‍ സന്ദര്‍ശിച്ചു. ചെറുതും വലുതുമായ 295 ചര്‍ച്ചുകളും മറ്റു ആരാധനാ കേന്ദ്രങ്ങളും കലാപത്തില്‍ തകര്‍ക്കപ്പെടുകയുണ്ടായി. ധര്‍മ്മ സ്ഥാപനങ്ങളായി നടത്തിപ്പോന്ന നിരവധി സ്‌കൂളുകളും കോളേജുകളും നശിപ്പിക്കപ്പെട്ടു. 30,000ല്‍ പരം ആളുകള്‍ ഭവനങ്ങളില്‍ നിന്ന് പിഴുതെറിയപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിഞ്ഞു കൂടേണ്ടി വന്നു. ഈ കാലയളവില്‍ 2000ല്‍ പരം ആളുകള്‍ ക്രിസ്തുമതം പരിത്യജിച്ചു. പതിനായിരത്തില്‍ പരം കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടു. 

ഒരു സ്ത്രീ ചുട്ടുകൊല്ലപ്പെട്ട വീടും പരിസരവും ഞങ്ങള്‍ സന്ദര്‍ശിച്ചു. അവരുടെ രണ്ട് സഹോദരങ്ങള്‍ ഇപ്പോഴും ഗ്രാമത്തിലേക്ക് തിരിച്ചുവന്നിട്ടില്ല. ഫാദര്‍ അജയ് അന്നാട്ടുകാര്‍ക്ക് ഒരു മിശിഹയാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം അവര്‍ക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും നല്‍കുന്നതായി ഞങ്ങള്‍ക്ക് തോന്നി. വര്‍ഗീയ കലാപം നക്കിത്തുടച്ച ഒരു ഗ്രാമത്തിന്റെ മുറിവുകളെ ഉണക്കിയെടുക്കുകയെന്ന ശ്രമകരമായ ജോലിയില്‍ ഏര്‍പ്പെട്ട അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും ചടുലതയും ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഒരു ഗ്രാമീണന്റെ വീട്ടിലൊരുക്കിയ ചായകുടിച്ച് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. യാത്രയില്‍ ക്രിസ്ത്യന്‍ വെല്‍ഫെയര്‍ സെന്ററും സന്ദര്‍ശിച്ചു. വര്‍ഗീയ ലഹളയില്‍ അഗ്നിക്കിരയാക്കപ്പെട്ട വെല്‍ഫെയര്‍ സെന്ററിന്റെ വാഹനം അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഭരണകൂട കോര്‍പറേറ്റ് ലോബികള്‍ക്കെതിരെയും ഇന്ത്യന്‍ മതേതര പാരമ്പര്യത്തിന് മുറിവേല്‍പ്പിക്കുന്ന  ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കെതിരെയും ധീരമായി പോരാടുന്ന ധാരാളം മനുഷ്യര്‍ നമ്മുടെ രാജ്യത്ത് ജീവിച്ചിരിക്കുന്നുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു ഒഡീഷ യാത്ര. നീതിക്ക് വേണ്ടി വ്യത്യസ്ത തലങ്ങളില്‍ നിന്നുകൊണ്ട് പൊരുതുന്ന നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും പോരാട്ട സംഘങ്ങള്‍ക്കുമിടയില്‍ സോളിഡാരിറ്റി അതിന്റെ സ്ഥാനം അടയാളപ്പെടുത്തുകയായിരുന്നു. മതമുള്ളവനും ഇല്ലാത്തവനും മതേതരനും സാമൂഹിക നീതിയെന്ന പൊതുബിന്ദുവില്‍ ഒരുമിക്കുമ്പോള്‍ മതത്തിന്റെ വിമോചന ഉള്ളടക്കത്തെ അതിന്റെ മൂര്‍ച്ചയോടെയും വീര്യത്തോടെയും അവതരിപ്പിക്കുകയായിരുന്നു സോളിഡാരിറ്റി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 96-100
എ.വൈ.ആര്‍