Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 20

മലാലയെ വായിക്കേണ്ട മറ്റൊരു വിധം

ഡോ. ജമീല്‍ അഹ്മദ് /പുസ്തകം

         ഇസ്‌ലാമിനെ ശുദ്ധീകരിക്കാതെ രക്ഷയില്ല എന്ന തോന്നല്‍ ആദ്യം സാധുവാകുന്നത് മുസ്‌ലിം സ്ത്രീയുടെ വിമോചന ആശയങ്ങളെ ഉണര്‍ത്തിക്കൊണ്ടുവന്നാണ്. ആഗോളതലം തൊട്ട് കേരളത്തിന്റെ ഇത്തിരിവട്ടം വരെയുള്ള, മുസ്‌ലിംസ്ത്രീ വിഷയാസക്തരായ ബുദ്ധിജീവികള്‍ ഇത്തരം വിമോചന സിദ്ധാന്തങ്ങളിലും ഉപജീവനം നടത്തുന്നവരാണ്. 

ഈയൊരു ലോകസാഹചര്യത്തില്‍ ചൂടോടെ വിളമ്പിവെച്ച അപ്പമായിരുന്നു മലാല. മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസാവകാശം, ഇസ്‌ലാമിക തീവ്രവാദവിരുദ്ധ നിലപാട്, പുരുഷ ഇസ്‌ലാമിലെ അടിച്ചമര്‍ത്തലുകളില്‍ നിന്നുള്ള സ്ത്രീവിമോചനം തുടങ്ങിയ എല്ലാ പാശ്ചാത്യ പ്രമേയങ്ങളും ഒറ്റ കാര്യപരിപാടിയില്‍ തന്നെ ഉള്‍ക്കൊള്ളിക്കാമെന്ന സുഖവും മലാലാനന്തര സാംസ്‌കാരിക - രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്ക് കിട്ടി.  ഈ അജണ്ട തിരിച്ചറിയുംവിധം മലാലയെ വായിക്കാനുള്ള ശ്രമങ്ങളാകട്ടെ വളരെ കുറച്ചേ നടന്നുള്ളൂ. അവയെ ക്രോഡീകരിക്കാനുള്ള ധീരതയാണ് മലാല 'പ്രതി'വായനകള്‍ എന്ന പുസ്തകം പങ്കുവെക്കുന്നത്. താലിബാന്‍ വെടിവെപ്പുമുതല്‍ നൊബേല്‍ സമ്മാനം വരെ നീളുന്ന ഈ തിരക്കഥയുടെ പിന്നാമ്പുറം വായിക്കാനുള്ള ഈ ശ്രമം ചെറിയൊരു കാര്യമല്ല. 

'പ്രതി'വായന എന്ന സമസ്തപദം പലരീതിയില്‍ വിഗ്രഹിക്കാം. പ്രതികളാക്കപ്പെട്ടവരുടെ വായന എന്നാണ് അതിലാദ്യം. ലോകത്തെവിടെ ഭീകരാക്രമണമുണ്ടാകുമ്പോഴും മുസ്‌ലിംകളുടെ പ്രതിപ്പട്ടികയാണ് പ്രസിദ്ധീകരിക്കപ്പെടുക. ഗവണ്‍മെന്റിനെ വെല്ലുവിളിച്ചോ അതിന്റെ ഭാഗമായോ ആക്രമണം നടത്തിയവര്‍ ആരായാലും ശിക്ഷിക്കപ്പെടേണ്ടതുതന്നെ. എന്നാല്‍ ലോകത്ത് സംഭവിക്കുന്ന ഭീകരാക്രമണങ്ങളില്‍ പ്രതിയാക്കപ്പെടുക അതില്‍ പങ്കാളികളായവര്‍ മാത്രമല്ല മുസ്‌ലിം ലോകം മുഴുവനുമാണ്. ഓരോ മുസ്‌ലിമും പ്രസ്തുത സംഭവത്തില്‍ പ്രതികരണവും മറുപടിയും ക്ഷമാപണവും ഉറക്കെപ്പറഞ്ഞേ തീരൂ എന്ന തീര്‍പ്പില്‍ മാധ്യമങ്ങളും മുസ്‌ലിം ലോകവും ഉത്സാഹിക്കുന്നതു കാണാം. 

മുസ്‌ലിം പേരുള്ള ആരും എവിടെയും പൊട്ടിക്കുന്ന ഓരോ പടക്കത്തിനും മുസ്‌ലിംലോകം മുഴുവന്‍ ഉത്തരവാദികളാണെന്ന പൊതുബോധത്തെ ശരിക്കും അവതരിപ്പിച്ചു 'മലാല.' മലാല സംഭവം (Malala Event) ആഗോള മുസ്‌ലിം സ്ത്രീയുടെ അതിജീവനത്തിന്റെ ചരിത്രമായപ്പോള്‍ മലാലയുടെ തലച്ചോര്‍ തുളച്ചുകയറിയ താലിബാന്‍ വെടിയുണ്ടക്ക് ലോകത്തെ എല്ലാ മുസ്‌ലിമും പരോക്ഷമായി പ്രതിയാക്കപ്പെടുന്ന അവസ്ഥയുണ്ടായി. വിദ്യാഭ്യാസത്തിനും സ്വാതന്ത്ര്യത്തിനും ദാഹിക്കുന്ന ലോകത്തെ ഓരോ മുസ്‌ലിം പെണ്ണിന്റെയും പ്രാതിനിധ്യം മലാലയില്‍ ചാര്‍ത്തപ്പെട്ടതിന്റെ മറുവശമായിരുന്നു ഇത്. മാത്രമല്ല, പുസ്തകത്തിന്റെ അവതാരികയില്‍ ജെനി റൊവീന ചൂണ്ടിക്കാണിക്കുന്നതുപോലെ, മലാല സംഭവത്തിന്റെ മറുവശം അന്വേഷിക്കുന്നവരൊക്കെ താലിബാന്‍ മെമ്പര്‍മാരായിപ്പോകും എന്ന ഭയത്തെയും നേരിടേണ്ടിവരുന്നു. ഒന്നുകില്‍ താലിബാനിസം അല്ലെങ്കില്‍ പാശ്ചാത്യ നിര്‍മിത മുസ്‌ലിം ജീവിതം എന്ന ഇരട്ട നിലപാടല്ലാതെ മറ്റൊരു വായന ഇക്കാര്യത്തില്‍ സാധ്യമാണെന്ന് തെളിയിക്കുകയാണ് ഈ ചെറിയ പുസ്തകം.  

പുസ്തകത്തില്‍ നിരത്തുന്ന ഓരോ ചോദ്യവും പ്രസക്തമാണ്. മലാലയോടൊപ്പം വെടിയേറ്റുവീണ ശാസിയാ റഹ്മാന്‍, കൈനാത്ത് റിയാസ് എന്നീ പെണ്‍കുട്ടികള്‍ എന്തുകൊണ്ട് മലാലയോടൊപ്പം പ്രശസ്തരായില്ല? (അസദ് ബേഗ്), അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കുടുംബം തകര്‍ന്നുപോയ നബീല റഹ്മാന്‍ എന്ന പെണ്‍കുട്ടി അമേരിക്കയുടെ അകത്തളത്തില്‍ പോയി ഉറക്കെ നിലവിളിച്ചിട്ടും എന്തേ ആരും കേട്ട ഭാവം നടിച്ചില്ല? (മുര്‍തസാ ഹുസൈന്‍), പാശ്ചാത്യര്‍ ഉല്‍പാദിപ്പിക്കുന്ന മുസ്‌ലിം സ്ത്രീവിമോചനവാദങ്ങള്‍ മുസ്‌ലിംകളെ രക്ഷിച്ചെടുക്കുന്നത് എന്തിലേക്കാണ്? (സനാ സഈദ്), ലോകത്തിലെ അതിജയിക്കുന്ന മുഴുവന്‍ മുസ്‌ലിം പെണ്‍കുട്ടികളുടെയും നേതൃസ്ഥാനത്തേക്ക് മലാലയെ പ്രതിഷ്ഠിക്കുമ്പോള്‍ അതിജയിക്കുന്ന മുസ്‌ലിം പെണ്ണിനെക്കുറിച്ചുള്ള പാശ്ചാത്യ ധാരണകളെ എന്തുകൊണ്ട് മുസ്‌ലിം ലോകംപോലും മനസ്സിലാക്കുന്നില്ല? (ഷെനില ഖ്വാജാ മുല്‍ജി), മലാലയിലൂടെ പാശ്ചാത്യര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന പൊതുവിദ്യാഭ്യാസത്തിന്റെ ഉള്ളുകള്ളികളെന്തെല്ലാമാണ്? (ശിവ് വിശ്വനാഥന്‍) എന്നിവ അക്കൂട്ടത്തിലെ അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങളാണ്. ഇവരെക്കൂടാതെ കിം ട്രാന്‍, കരോള്‍ ആന്‍ ഗ്രൈസണ്‍, എ.എസ് അജിത്കുമാര്‍, സാദിയ തൂര്‍, സോഫിയ അഹ്മദ്, ഒസ്സോബ്, ടി.ടി ശ്രീകുമാര്‍, ഉമ്മുല്‍ ഫായിസ എന്നിവരുടെയും ലേഖനങ്ങള്‍ ഈ സമാഹാരത്തിലുണ്ട്.

സാമുദായികവും വിശ്വാസപരവുമായ സ്വന്തം മുദ്രകളില്‍ അപകര്‍ഷതയില്ലാത്ത, എഴുതാനും സംസാരിക്കാനും ധീരതയുള്ള പുതുതലമുറയിലെ വിദ്യാര്‍ഥിനികളാണ് ഈ സമാഹാരത്തില്‍ പ്രത്യക്ഷപ്പെടുന്നവരില്‍ പലരും എന്ന മഹത്വവും ഇതിനുണ്ട്. മുഫീദ കെ.ടി, ഫാസില എ.കെ എന്നിവരാണ് പുസ്തകം എഡിറ്റുചെയ്തത്. 'പ്രതീക്ഷ' കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പുസ്തകങ്ങളില്‍ അവസാനമിറങ്ങിയ ഈ പൂസ്തകമായിരിക്കും അതിന്റെ രാഷ്ട്രീയമായ നിലപാടുകള്‍കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുക.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 96-100
എ.വൈ.ആര്‍