Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 20

അഴിമതിയുടെ ഈ മുഖ്യധാരാ രാഷ്ട്രീയത്തെ <br>എന്തിന് ഇനിയും നാം സഹിക്കണം?

നിരീക്ഷകന്‍ /കവര്‍സ്‌റ്റോറി

         ജനങ്ങളാണ് ജനാധിപത്യത്തില്‍ പ്രധാനം. ജനക്ഷേമവും പൗരാവകാശ സംരക്ഷണവും ഉറപ്പുവരുത്താനുള്ള ഉപാധിയാണ് ഭരണ നിര്‍വഹണത്തിന്റെ വിവിധ മേഖലകള്‍. പക്ഷേ, തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ ജനങ്ങളെ അവഗണിച്ച് പാര്‍ട്ടി, വ്യക്തി, പ്രമാണി വര്‍ഗ താല്‍പര്യങ്ങളുടെ പിറകെ പോയാലോ! അങ്ങനെ ജനങ്ങളെ മറന്ന ഭരണകൂടത്തെ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം ജനാധിപത്യ ഭരണം എന്ന് വിളിക്കാനാകുമോ? ഭരണം സര്‍വ മേഖലകളിലും അരാജകമായി മാറുമ്പോള്‍ പൗരസമൂഹത്തിന് ജനാധിപത്യത്തിലുള്ള വിശ്വാസം തന്നെ നഷ്ടമായിത്തീരും. ഇത് ഒരുപക്ഷേ, അരാഷ്ട്രീയവാദത്തിലേക്കും ചിലപ്പോള്‍ ജനാധിപത്യ വിരുദ്ധമായ പ്രതികരണങ്ങളിലേക്കും ജനത്തെ നയിക്കും. അല്ലെങ്കില്‍ അഭൂതപൂര്‍വമായൊരു ജനകീയ മുന്നേറ്റം 'രാഷ്ട്രീയ ജന്മിത്വ'ത്തെ കടപുഴക്കി എറിയും. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ജീര്‍ണതകളെ തൂത്തുമാറ്റുന്ന ബദല്‍ രാഷ്ട്രീയത്തിന്റെ രംഗപ്രവേശത്തിന് ഇത് വഴിതുറക്കും. കോണ്‍ഗ്രസ്സിനെയും മോദിയെയും വെറുത്തവര്‍ ദല്‍ഹിയില്‍ കാഴ്ചവെച്ചത് ഉദാഹരണം.

എന്നാല്‍, കേരളത്തിലോ? പൗരസമൂഹത്തിന് രാഷ്ട്രീയ- ഉദ്യോഗ വൃത്തങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുന്ന വിതാനത്തിലേക്ക് ഭരണം ദുഷിച്ചുപോയിരിക്കുന്നു. ഭരണം ഇത്രമേല്‍ ജീര്‍ണമായിട്ടും ക്രിയാത്മകമായി പ്രതികരിക്കാനാകാത്ത പ്രതിപക്ഷം രാഷ്ട്രീയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെയായിട്ടും ജനം നിസ്സംഗഭാവത്തില്‍ നില്‍ക്കുകയാണ്. ജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെടുന്നു എന്നത് ജനാധിപത്യത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും. 'സോഷ്യല്‍ ഡിപ്രഷന്‍' എന്ന് വിളിക്കാവുന്ന 'സാമൂഹിക നിരാശ' പടരുന്നതിനെ ആശങ്കയോടെ കാണണം. ഭരണം ഇത്രമേല്‍ ദുഷിച്ചുകഴിഞ്ഞിട്ടും കേരളത്തില്‍ കാര്യമായൊന്നും സംഭവിക്കാത്തതിന്റെ കാരണം ഈ നിരാശയും നിസ്സംഗതയുമാണോ? അതോ, സ്വയം ജീര്‍ണിച്ച പൗരസഞ്ചയം തങ്ങള്‍ക്ക് ചേര്‍ന്ന ഭരണാധികാരികളെ ലഭിച്ചതില്‍ തൃപ്തിയടഞ്ഞുകഴിയുകയാണോ?

രാഷ്ട്ര ശരീരത്തെ അര്‍ബുദം കണക്കെ കാര്‍ന്നുതിന്നുന്ന അഴിമതി, കേവല ഭരണകൂട തിന്മക്കപ്പുറമുള്ള സാമൂഹിക ദുരന്തമാണ്. അത് ജനക്ഷേമത്തെയും രാജ്യ പുരോഗതിയെയും തകര്‍ത്തുകളയുകയും ഭരണനിര്‍വഹണത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. അഴിമതിയില്‍ ഇന്ത്യ, ലോക രാഷ്ട്രങ്ങളില്‍ 85-ാം സ്ഥാനത്തും ഏഷ്യന്‍ രാജ്യങ്ങളില്‍ ആറാമതുമാണെന്ന് 2014-ലെ കറപ്ഷന്‍ പെര്‍സെപ്ഷന്‍ ഇന്‍ഡക്‌സ് സൂചിപ്പിക്കുന്നു. രാജ്യനിവാസികളില്‍ 40-60 ശതമാനം പേര്‍ നിത്യജീവിതത്തില്‍ അഴിമതിയുടെ ദുരിതങ്ങള്‍ പേറുന്നവരാണ്. ഒരു പഠനമനുസരിച്ച് ഇന്ത്യയില്‍ പ്രതിവര്‍ഷം നടക്കുന്നത് 6,30,000 കോടി രൂപയുടെ അഴിമതിയാണത്രെ! അപ്പോള്‍ കേരളത്തില്‍ ഒരു വര്‍ഷം 30,000 കോടിയുടെ അഴിമതിയെങ്കിലും നടക്കുന്നുണ്ടാകും. ഇതുപക്ഷേ, ഇപ്പോള്‍ പുറത്തുവരുന്ന ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റിന്റെ അഴിമതിക്കഥകള്‍ക്ക് മുമ്പുള്ള കണക്കാണ്.

അധികാരത്തിന്റെ ഇടനാഴികളില്‍ മാഫിയകള്‍ ഇടനിലക്കാരാകുന്നതിന്റെ ദുരന്തമാണ് നാം കാണുന്നത്. മുഖ്യഭരണാധിപന്റെ ഓഫീസില്‍ പോലും ഇത്തരം ഇടനിലക്കാര്‍ വിലസുന്നു. ഭരണത്തിന്റെ സൗകര്യവും സംവിധാനവും ഉപയോഗിച്ച് അവര്‍ രാജ്യത്തെ കൊള്ള ചെയ്യുന്നു. ജനങ്ങളെ പച്ചക്ക് പറ്റിച്ച് കീശയും മേശയും വീര്‍പ്പിക്കുന്നു. ഇത്തരം ചില വന്‍ തട്ടിപ്പ് പുറത്തുവരുമ്പോള്‍ 'ഖജനാവിന് നഷ്ടമുണ്ടായില്ലല്ലോ' എന്ന ലളിത ചോദ്യം കൊണ്ടാണ് പ്രതിസന്ധികള്‍ മറികടക്കാന്‍ ഭരണമുഖ്യര്‍ ശ്രമിക്കുന്നത്. ഖജനാവിന്റെ നഷ്ടം പോലെ ഗൗരവമുള്ളതാണ് ജനങ്ങളുടെ നഷ്ടം. ജനാധിപത്യത്തില്‍ ജനങ്ങള്‍ തന്നെയാണ് രാജ്യത്തിന്റെ ഖജനാവ്. അഴിമതിക്കഥകള്‍ ഭരണമുന്നണിയില്‍ പെട്ടവര്‍ തന്നെ വിളിച്ചുപറയുമ്പോള്‍ 'മുന്നണി മര്യാദകള്‍' പാലിക്കണമെന്ന് അവരെ താക്കീത് ചെയ്യുന്നു. എന്നാല്‍, അഴിമതി നടത്തുകവഴി തങ്ങള്‍ സ്വയം 'ജനാധിപത്യ മര്യാദകള്‍' ചവിട്ടിമെതിച്ചതിനെക്കുറിച്ച് അവര്‍ മൗനികളാകുന്നു. പരാജയപ്പെട്ട കലാ പ്രകടനങ്ങള്‍ക്ക് നല്‍കിയ പണം തിരിച്ചുകൊടുത്തും വാങ്ങിയും അഭ്യാസങ്ങള്‍ കാണിക്കുന്നത് ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണ്. അതിനപ്പുറം ദേശീയ ഗെയിംസിനെ മൊത്തം വിഴുങ്ങുന്ന അഴിമതിയെക്കുറിച്ചാണ് ചര്‍ച്ചയും അന്വേഷണവും നടക്കേണ്ടത്. സാമൂഹിക വിരുദ്ധതയുടെയും ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നതിന്റെയും നേര്‍ ചിത്രങ്ങളാണ് ഓരോ അഴിമതിയും വരച്ചുവെക്കുന്നത്. അതെല്ലാം പക്ഷേ, എത്ര ലാഘവ ബുദ്ധിയോടെയാണ് വിവാദമാക്കി അവസാനിപ്പിക്കുന്നത്. അവയെക്കുറിച്ച് ക്രിയാത്മക സംവാദങ്ങളും സമരങ്ങളും അന്വേഷണങ്ങളും എന്തുകൊണ്ട് ഉയരുന്നില്ല.

മതമേലധ്യക്ഷന്മാരും സമുദായ പ്രമാണിമാരും തിരുസഭകളും അഴിമതി ദുര്‍ഭരണത്തിന് സംരക്ഷണക്കുട പിടിക്കുന്നത് കാണുമ്പോള്‍ യൂറോപ്പില്‍ മുമ്പ് മര്‍ദകരായ ഫ്യൂഡല്‍ പ്രഭുക്കളോട് കൈകോര്‍ത്ത് ജനചൂഷണത്തിന് ഓശാന പാടിയ പൗരോഹിത്യ പാരമ്പര്യമാണ് ഓര്‍മവരുന്നത്. ഇത്തരം സാമുദായിക സംരക്ഷണ കവചങ്ങളില്‍ ജീര്‍ണ രാഷ്ട്രീയം സുരക്ഷിതമാകുമ്പോള്‍, ആദര്‍ശവും ജനാധിപത്യ മൂല്യങ്ങളുമെല്ലാം അഗണ്യ കോടിയില്‍ തള്ളപ്പെടും. അവ തിരിച്ചുപിടിക്കാനുള്ള ചരിത്ര നിയോഗത്തെ നിറവേറ്റുകയാണ് പൗരസഞ്ചയത്തിന്റെ ദൗത്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 96-100
എ.വൈ.ആര്‍